രോഗവിമുക്തമായ ഒരു ലോകം
“ഏതെങ്കിലും ഒരു രാജ്യത്തെ ജനതയുടെ ആരോഗ്യരംഗത്തെ നേട്ടം മറ്റെല്ലാ രാജ്യങ്ങളെയും നേരിട്ടു ബാധിക്കുന്നതും അവയ്ക്കു പ്രയോജനകരവും ആയതിനാൽ, എല്ലാ രാജ്യങ്ങളും മുഴു ജനതയ്ക്കും വേണ്ടിയുള്ള അടിസ്ഥാന ആരോഗ്യ പരിപാലനം ഉറപ്പാക്കുന്നതിൽ സേവനത്തിന്റെയും സഹകരണത്തിന്റെയും ആത്മാവിൽ ഒറ്റക്കെട്ടായിരിക്കണം.” —അൽമാ-അറ്റാ പ്രഖ്യാപനം, 1978 സെപ്റ്റംബർ 12.
ഇരുപത്തിയഞ്ച് വർഷം മുമ്പ്, ഭൂമുഖത്തുള്ള സകലർക്കും പ്രാഥമിക ആരോഗ്യ പരിപാലനം ലഭ്യമാക്കുക എന്നത് കൈവരിക്കാനാകുന്ന ഒരു ലക്ഷ്യമായി ചിലർക്കു തോന്നിയിരുന്നു. പ്രാഥമിക ആരോഗ്യ പരിപാലനത്തെ കുറിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കുന്നതിന് പ്രതിനിധികൾ ഇന്നത്തെ കസാഖ്സ്ഥാനിൽ സ്ഥിതിചെയ്യുന്ന അൽമാ-അറ്റായിൽ കൂടിവന്നു. അവിടെവെച്ച്, 2000-മാണ്ടോടെ മുഴു മാനവരാശിയെയും പ്രമുഖ സാംക്രമിക രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി ആർജിച്ചവരാക്കിത്തീർക്കാനുള്ള തീരുമാനം അവർ കൈക്കൊണ്ടു. രണ്ടായിരാമാണ്ടിൽത്തന്നെ ഭൂമുഖത്ത് വസിക്കുന്ന ഓരോരുത്തർക്കും അടിസ്ഥാന മാലിന്യനിർമാർജന സൗകര്യവും കുടിവെള്ളവും ലഭ്യമാക്കാൻ കഴിയുമെന്നും അവർ പ്രത്യാശിച്ചു. ലോകാരോഗ്യ സംഘടനയിലെ ഓരോ അംഗരാഷ്ട്രവും ഈ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു.
ലക്ഷ്യം തികച്ചും ശ്ലാഘനീയമായിരുന്നു. എന്നാൽ അതേത്തുടർന്നുള്ള സംഭവവികാസങ്ങൾ നിരാശാജനകമെന്നു തെളിഞ്ഞു. പ്രാഥമിക ആരോഗ്യ പരിപാലനം ഇന്നു സകലർക്കും ലഭ്യമാണെന്ന് ഒരു തരത്തിലും പറയാനാകില്ല. അതുപോലെ, സാംക്രമിക രോഗങ്ങൾ ഭൂമുഖത്തെ ജനകോടികളുടെ ആരോഗ്യത്തിനു ഭീഷണിയായി തുടരുന്നു. ഈ കൊലയാളി രോഗങ്ങൾ കുട്ടികളെയും മുതിർന്നവരെയും പലപ്പോഴും അവരുടെ ജീവിതത്തിന്റെ വസന്തത്തിൽത്തന്നെ മരണത്തിലേക്കു മാടിവിളിക്കുന്നു.
എയ്ഡ്സ്, ക്ഷയരോഗം, മലമ്പനി എന്നീ മൂവർസംഘത്തിന്റെ ഭീഷണിപോലും ‘സഹകരണത്തിന്റെ ആത്മാവിൽ ഒറ്റക്കെട്ടായിരിക്കാൻ’ രാജ്യങ്ങളെ പ്രേരിപ്പിച്ചിട്ടില്ല. എയ്ഡ്സ്, ക്ഷയരോഗം, മലമ്പനി എന്നിവയോടു പടവെട്ടാൻ അടുത്തകാലത്തു രൂപീകരിച്ച ആഗോള നിധി, ഈ പകർച്ചവ്യാധികൾക്കു കടിഞ്ഞാണിടാനുള്ള പിൻബലത്തിനായി 61,000 കോടി രൂപയാണ് ഗവൺമെന്റുകളോട് ആവശ്യപ്പെട്ടത്. പക്ഷേ, 2002 വേനൽക്കാലം ആയപ്പോഴേക്കും വെറും 9,400 കോടി രൂപയാണ് സമാഹരിക്കപ്പെട്ടത്. എന്നാൽ ആ വർഷം സൈനിക ആവശ്യങ്ങൾക്കു ചെലവഴിച്ചതോ, 32,90,000 കോടി രൂപയും! ഖേദകരമെന്നു പറയട്ടെ, ഇന്നത്തെ വിഭജിത ലോകത്തിൽ മിക്ക ഭീഷണികളും പൊതുജന നന്മയ്ക്കായി പ്രവർത്തിക്കാൻ സകല രാഷ്ട്രങ്ങളെയും ഒരുമിപ്പിക്കുന്നില്ല.
ഏറ്റവും നല്ല ഉദ്ദേശ്യങ്ങളോടെ പ്രവർത്തിക്കുന്ന ആരോഗ്യ പരിപാലന അധികൃതർപോലും സാംക്രമിക രോഗങ്ങളുമായുള്ള പോരാട്ടത്തിൽ തങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ അങ്ങേയറ്റം പരിമിതപ്പെട്ടിരിക്കുന്നതായി കണ്ടെത്തുന്നു. ഗവൺമെന്റുകൾ വേണ്ടത്ര പണം ചിലപ്പോൾ നൽകാതിരുന്നേക്കാം. അതുപോലെ, മിക്ക മരുന്നുകളോടും പ്രതിരോധശേഷി ആർജിച്ചെടുത്ത സൂക്ഷ്മാണുക്കളും പെട്ടെന്നു രോഗബാധിതരായിത്തീരാൻ ഇടയാക്കുന്നതരം ജീവിതം നയിക്കാൻ പ്രിയപ്പെട്ടേക്കാവുന്ന ജനങ്ങളും വെല്ലുവിളി ഉയർത്തുന്നു. മാത്രമല്ല, ചില പ്രദേശങ്ങളിൽ രൂക്ഷമായിരിക്കുന്ന ദാരിദ്ര്യം, യുദ്ധം, ക്ഷാമം എന്നിവ കോടിക്കണക്കിനു മനുഷ്യരെ നിഷ്പ്രയാസം രോഗബാധിതരാക്കാൻ രോഗാണുക്കൾക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു.
നമ്മുടെ ആരോഗ്യത്തിൽ ദൈവത്തിനുള്ള താത്പര്യം
രോഗത്തിന് ഒരു പരിഹാരമുണ്ട്. യഹോവയാം ദൈവം മനുഷ്യന്റെ ആരോഗ്യത്തിൽ അതീവ തത്പരനാണ് എന്നതിനു നമുക്കു വ്യക്തമായ തെളിവുകളുണ്ട്. ഈ കരുതലിന്റെ ഒരു ശ്രദ്ധേയ സാക്ഷ്യമാണ് നമ്മുടെ പ്രതിരോധവ്യവസ്ഥ. യഹോവ പുരാതന ഇസ്രായേൽ ജനതയ്ക്ക് നൽകിയ ഒട്ടനവധി നിയമങ്ങൾ അവരെ സാംക്രമിക രോഗബാധയിൽനിന്നു സംരക്ഷിക്കാനുള്ള അവന്റെ അദമ്യമായ ആഗ്രഹത്തിന്റെ പ്രതിഫലനമായിരുന്നു.a
തന്റെ സ്വർഗീയ പിതാവിന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന യേശുക്രിസ്തുവിനും രോഗികളോടു സഹാനുഭൂതി തോന്നുന്നു. കുഷ്ഠരോഗിയായിരുന്ന ഒരു മനുഷ്യനെ അവൻ കാണാനിടയായതിനെ കുറിച്ച് മർക്കൊസിന്റെ സുവിശേഷം വിവരിക്കുന്നുണ്ട്. “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്ന് കുഷ്ഠരോഗി പറഞ്ഞു. ഇതുകേട്ട് മനസ്സലിഞ്ഞ യേശു ആ മനുഷ്യൻ സഹിക്കുന്ന കഷ്ടപ്പാടും വേദനയും തിരിച്ചറിഞ്ഞ് ഇങ്ങനെ പറഞ്ഞു: ‘മനസ്സുണ്ട്, ശുദ്ധമാകുക.’—മർക്കൊസ് 1:40-42.
യേശുവിന്റെ അത്ഭുത രോഗശാന്തി ഏതാനും വ്യക്തികളിൽ മാത്രം ഒതുങ്ങിനിന്നില്ല. സുവിശേഷ എഴുത്തുകാരനായ മത്തായി പറയുന്ന പ്രകാരം യേശു “ഗലീലയിൽ ഒക്കെയും ചുററി സഞ്ചരിച്ചുകൊണ്ടു . . . ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (മത്തായി 4:23) അവന്റെ സൗഖ്യമാക്കലുകൾ യഹൂദ്യയിലും ഗലീലയിലും ഉള്ള രോഗികൾക്ക് ആശ്വാസം നൽകുക മാത്രമല്ല ചെയ്തത്. യേശു പ്രസംഗിച്ച ദൈവരാജ്യം മനുഷ്യവർഗത്തിന്മേൽ എതിരാളികളില്ലാതെ ഭരണം നടത്തുമ്പോൾ എല്ലാത്തരം രോഗങ്ങളും ഒടുവിൽ ഉന്മൂലനം ചെയ്യപ്പെടും എന്നുള്ളതിന്റെ ഒരു പൂർവവീക്ഷണം അവ നമുക്കു നൽകുന്നു.
ആഗോള ആരോഗ്യം ഒരു പാഴ്കിനാവല്ല
എല്ലാവർക്കും ആരോഗ്യം എന്നത് ഒരു പാഴ്കിനാവല്ലെന്ന് ബൈബിൾ നമുക്ക് ഉറപ്പുതരുന്നു. ‘മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം’ ഉള്ള കാലത്തെ കുറിച്ച് അപ്പൊസ്തലനായ യോഹന്നാൻ ദർശനം കാണുകയുണ്ടായി. ദൈവത്തിന്റെ ഭാഗത്തുനിന്നുള്ള ഈ നടപടിയുടെ ഫലമായി, “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” വെറുമൊരു സുന്ദര സ്വപ്നമാണോ ഇത്? തുടർന്നുവരുന്ന വാക്യത്തിൽ ദൈവംതന്നെ ഇപ്രകാരം പ്രഖ്യാപിക്കുന്നു: “ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു.”—വെളിപ്പാടു 21:3-5.
രോഗത്തെ ഉന്മൂലനം ചെയ്യണമെങ്കിൽ ദാരിദ്ര്യം, ക്ഷാമം, യുദ്ധം എന്നിവയ്ക്കും അറുതി വരുത്തേണ്ടത് അനിവാര്യമാണ്. കാരണം, ഈ ദുരന്തങ്ങൾ മിക്കപ്പോഴും സാംക്രമികരോഗം പരത്തുന്ന സൂക്ഷ്മജീവികളോട് തോളോടുതോൾചേർന്നു പ്രവർത്തിക്കുന്നു. അതുകൊണ്ട്, ഈ ബൃഹത്തായ ദൗത്യം നിർവഹിക്കാൻ യഹോവ നിയമിച്ചിരിക്കുന്നത് ക്രിസ്തുവിന്റെ കൈകളിലെ സ്വർഗീയ ഗവൺമെന്റായ ദൈവരാജ്യത്തെയാണ്. ലക്ഷോപലക്ഷങ്ങളുടെ ഉള്ളുരുകിയുള്ള പ്രാർഥനയ്ക്ക് ഉത്തരമായി ഈ രാജ്യം വരികയും ദൈവേഷ്ടം ഭൂമിയിൽ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.—മത്തായി 6:9, 10.
ദൈവരാജ്യം എപ്പോൾ വരുമെന്ന് നമുക്കു പ്രതീക്ഷിക്കാൻ കഴിയും? ആ ചോദ്യത്തിന് ഉത്തരം നൽകവേ, രാജ്യം പെട്ടെന്നുതന്നെ നടപടിയെടുക്കും എന്നതിനെ സൂചിപ്പിക്കുന്ന സുപ്രധാന സംഭവവികാസങ്ങളുടെ ഒരു പരമ്പരതന്നെ ഉൾപ്പെടുന്ന ഒരു അടയാളം ലോകത്തിനു ദൃശ്യമാകും എന്ന് യേശു മുൻകൂട്ടി പറഞ്ഞു. ‘മഹാവ്യാധികൾ അവിടവിടെ’ പൊട്ടിപ്പുറപ്പെടുന്നത് യേശു പറഞ്ഞ ഈ സവിശേഷ സംഭവങ്ങളിൽ ഒന്നാണ്. (ലൂക്കൊസ് 21:10, 11; മത്തായി 24:3, 7) “മഹാവ്യാധികൾ” എന്നു പരിഭാഷ ചെയ്തിരിക്കുന്നതിന്റെ ഗ്രീക്ക് പദം “മരണകരമായ ഏതു സാംക്രമിക രോഗ”ത്തെയും കുറിക്കുന്നു. വൈദ്യശാസ്ത്രത്തിന്റെ വിജയഗാഥകൾക്കിടയിലും 20-ാം നൂറ്റാണ്ട് അത്തരം ഭീതിദമായ പകർച്ചവ്യാധികളുടെ പടപ്പുറപ്പാടിനു സാക്ഷ്യം വഹിച്ചിരിക്കുന്നു.—“പകർച്ചവ്യാധികളാലുള്ള മരണം, 1914 മുതൽ” എന്ന ചതുരം കാണുക.
സുവിശേഷ വിവരണങ്ങളിലെ യേശുവിന്റെ വാക്കുകളോടു സമാനത പുലർത്തുന്ന ഒരു പ്രവചനം വെളിപ്പാടു പുസ്തകത്തിലുണ്ട്. സ്വർഗത്തിൽ രാജ്യാധികാരം ഏറ്റെടുക്കുന്ന യേശുക്രിസ്തുവിനെ അനുഗമിക്കുന്ന പല കുതിരക്കാരെ കുറിച്ച് അതു വിവരിക്കുന്നു. അതിൽ നാലാമത്തെ കുതിരക്കാരൻ “മഞ്ഞനിറമുള്ളോരു” കുതിരപ്പുറത്താണ് സഞ്ചരിക്കുന്നത്. അവൻ തന്റെ മാർഗമധ്യേ ‘മഹാവ്യാധികൾ’ വിതയ്ക്കുന്നു. (വെളിപ്പാടു 6:2, 4, 5, 8) 1914 മുതൽ, ചില പ്രമുഖ സാംക്രമിക രോഗങ്ങൾ കൊന്നൊടുക്കിയവരുടെ എണ്ണം പരിശോധിക്കുമ്പോൾ ഈ ആലങ്കാരിക കുതിരക്കാരൻ സവാരി നടത്തിക്കൊണ്ടിരിക്കുകയാണ് എന്നുള്ളതിന് ഉറപ്പു ലഭിക്കുന്നു. ലോകമൊട്ടാകെയുള്ള, “മഹാവ്യാധി”കളുടെ തേർവാഴ്ച ദൈവരാജ്യം ആസന്നമായിരിക്കുന്നു എന്നതിന്റെ കൂടുതലായ തെളിവ് പ്രദാനം ചെയ്യുന്നു.b—മർക്കൊസ് 13:29.
ഏതാനും ദശകങ്ങളിലേക്ക് സാംക്രമിക രോഗത്തിന്റെ വേലിയേറ്റത്തെ വരുതിയിൽ നിറുത്താൻ വൈദ്യശാസ്ത്രത്തിനു കഴിഞ്ഞെന്നുവരികിലും നമുക്കെതിരെ വീണ്ടും അതു പോർവിളി തുടങ്ങിയിരിക്കുന്നു. അതേ, ഈ പ്രശ്നങ്ങളെ എന്നെന്നേക്കുമായി കുഴിച്ചുമൂടാൻ മനുഷ്യാതീതമായ ഒരു പരിഹാരമാർഗം നമുക്ക് ആവശ്യമാണ്. അതുതന്നെയാണ് നമ്മുടെ സ്രഷ്ടാവ് വാഗ്ദാനം ചെയ്തിരിക്കുന്നതും. ദൈവരാജ്യത്തിൻ കീഴിൽ, “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല” എന്ന് പ്രവാചകനായ യെശയ്യാവ് ഉറപ്പുനൽകുന്നു. മാത്രമല്ല, “അവൻ [ദൈവം] മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും” ചെയ്യും. (യെശയ്യാവു 25:8; 33:22, 24) ആ പൊൻപുലരി വിടരുമ്പോൾ രോഗം എന്നെന്നേക്കുമായി അടിയറവു പറഞ്ഞിരിക്കും. (g04 5/22)
[അടിക്കുറിപ്പുകൾ]
a മോശൈക ന്യായപ്രമാണത്തിൽ മാലിന്യ നിർമാർജനം, ശുചീകരണ നടപടികൾ, ശുചിത്വം, മാറ്റിപ്പാർപ്പിക്കൽ എന്നിവയെ കുറിച്ചുള്ള നിർദേശങ്ങൾ അടങ്ങിയിരുന്നു. “ലൈംഗിക ബന്ധങ്ങളും പുനരുത്പാദനവും, രോഗനിർണയം, ചികിത്സ, പ്രതിരോധ നടപടികൾ, എന്നിവ സംബന്ധിച്ചു ബൈബിളിൽ നൽകിയിരിക്കുന്ന വസ്തുതകൾ ഹിപ്പോക്രാറ്റസിന്റെ സിദ്ധാന്തങ്ങളെക്കാൾ വളരെ പുരോഗമിച്ചതും ആശ്രയയോഗ്യവുമാണ്” എന്ന് ഡോ. എച്ച്. ഒ. ഫിലിപ്സ് നിരീക്ഷിക്കുന്നു.
b ദൈവരാജ്യം ആസന്നമാണ് എന്നുള്ളതിന്റെ കൂടുതലായ തെളിവുകൾ പരിചിന്തിക്കുന്നതിന് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിലെ 11-ാം അധ്യായം കാണുക.
[12-ാം പേജിലെ ചതുരം]
പകർച്ചവ്യാധികളാലുള്ള മരണം, 1914 മുതൽ
ഇത് ഏകദേശ സ്ഥിതിവിവരക്കണക്കാണ്. എന്നിരുന്നാലും, 1914 മുതൽ പകർച്ചവ്യാധികൾ മനുഷ്യകുലത്തെ എത്രത്തോളം വേട്ടയാടിയിരിക്കുന്നുവെന്ന് ഈ കണക്കുകൾ കാണിക്കുന്നു.
■ വസൂരി (30 കോടിക്കും 50 കോടിക്കും ഇടയ്ക്ക്) വസൂരിക്ക് ഫലപ്രദമായ ചികിത്സ കണ്ടുപിടിക്കപ്പെട്ടില്ല. ഒരു ബൃഹത്തായ അന്താരാഷ്ട്ര വാക്സിനേഷൻ പരിപാടിയിലൂടെ ഒടുവിൽ 1980-ഓടെ ഈ രോഗത്തെ ഉന്മൂലനം ചെയ്യുന്നതിൽ വിജയിച്ചു.
■ ക്ഷയം (10 കോടിക്കും 15 കോടിക്കും ഇടയ്ക്ക്) ക്ഷയരോഗം വർഷംതോറും ഏകദേശം 20 ലക്ഷം ആളുകളെ കൊന്നൊടുക്കുന്നു. ഭൂമുഖത്തെ ഓരോ മൂന്നുപേരിലും ഏതാണ്ട് ഒരാൾ വീതം ക്ഷയരോഗത്തിനു കാരണമായ ബാക്ടീരിയത്തിന്റെ വാഹകനാണ്.
■ മലമ്പനി (8 കോടിക്കും 12 കോടിക്കും ഇടയ്ക്ക്) 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മലമ്പനിയുടെ മരണനൃത്തം വർഷംതോറും ഏകദേശം 20 ലക്ഷം ജീവൻ അപഹരിച്ചുകൊണ്ടിരുന്നു. ഇന്ന് മലമ്പനി നിമിത്തമുള്ള ഏറ്റവുമധികം മരണങ്ങൾ നടക്കുന്നത് സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ നാടുകളിലാണ്. അവിടെ ഇപ്പോഴും ഈ മഹാവ്യാധി വർഷംതോറും പത്തുലക്ഷത്തിലധികംപേരെ മരണത്തിലേക്കു തള്ളിവിടുന്നു.
■ സ്പാനീഷ് ഇൻഫ്ളുവൻസ (2 കോടിക്കും 3 കോടിക്കും ഇടയ്ക്ക്) മരണസംഖ്യ അതിലും വളരെ ഉയർന്നതായിരുന്നെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ ചുവടുപിടിച്ചെത്തിയ ഈ മാരകവ്യാധി 1918, 1919 കാലയളവിൽ ലോകമെമ്പാടും ആഞ്ഞടിച്ചു. “ബ്യൂബോണിക് പ്ലേഗ് പോലും ഇത്രയധികം പേരെ ഇത്രവേഗം വകവരുത്തിയില്ല” എന്ന് മനുഷ്യരും സൂക്ഷ്മാണുക്കളും എന്ന പുസ്തകം പറയുന്നു.
■ ടൈഫസ് (ഏകദേശം രണ്ടു കോടി) പലപ്പോഴും യുദ്ധത്തിന്റെ കൂടപ്പിറപ്പായി എത്തിയിട്ടുള്ള പകർച്ചവ്യാധിയാണ് ടൈഫസ്. ഒന്നാം ലോകമഹായുദ്ധം ആളിക്കത്തിച്ച ഒരു ടൈഫസ് പ്ലേഗ് പൂർവ യൂറോപ്പിലുള്ള രാജ്യങ്ങളിൽ വിനാശം വിതച്ചു.
■ എയ്ഡ്സ് (രണ്ടുകോടിയിലധികം) ആധുനിക ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഈ വിപത്ത് ഇപ്പോൾ വർഷംതോറും വകവരുത്തുന്നത് 30 ലക്ഷം പേരെയാണ്. ഐക്യരാഷ്ട്രങ്ങളുടെ എയ്ഡ്സ് പരിപാടിയുടെ ഇപ്പോഴത്തെ കണക്കനുസരിച്ച്, “പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള വളരെ വ്യാപകമായ ശ്രമങ്ങളുടെ അഭാവത്തിൽ 2000-നും 2020-നും ഇടയിൽ . . . 6.8 കോടി ആളുകൾക്ക് ജീവഹാനി സംഭവിക്കും.”
[11-ാം പേജിലെ ചിത്രങ്ങൾ]
ദൈവരാജ്യത്തിൻ കീഴിൽ ഇത്തരം രോഗങ്ങളൊന്നും മേലാൽ ഭീഷണി ഉയർത്തുകയില്ല
എയ്ഡ്സ്
മലമ്പനി
ക്ഷയം
[കടപ്പാട്]
എയ്ഡ്സ്: CDC; മലമ്പനി: CDC/Dr. Melvin; ക്ഷയം: © 2003 Dennis Kunkel Microscopy, Inc.
[13-ാം പേജിലെ ചിത്രം]
യേശു സകലവിധ രോഗവും വൈകല്യങ്ങളും സൗഖ്യമാക്കി