മെച്ചപ്പെട്ട ആരോഗ്യത്തിനായുള്ള യുഗപുരാതന പോരാട്ടം
ജോവാൻ താമസിച്ചിരുന്നത് ന്യൂയോർക്കിലായിരുന്നു. അവൾക്ക് ക്ഷയരോഗം ഉണ്ടായിരുന്നു. എന്നാൽ അവളുടേത് സാധാരണ ക്ഷയരോഗം ആയിരുന്നില്ല. എല്ലാത്തരം ഔഷധങ്ങളെയുംതന്നെ ചെറുത്തുനിൽക്കുകയും രോഗികളിൽ പകുതിപ്പേരുടെയും ജീവൻ അപഹരിക്കുകയും ചെയ്യുന്ന, ജനിതക വ്യതിയാനം സംഭവിച്ച ക്ഷയരോഗാണു ആയിരുന്നു രോഗഹേതു. എന്നിരുന്നാലും, ജോവാൻ ക്രമമായ ചികിത്സ തേടിയില്ല, രോഗം മറ്റു പലരിലേക്കും പകരുന്നതിന് ഒരു തവണയെങ്കിലും കാരണമാകുകയും ചെയ്തു. ‘ഇവളെ പിടിച്ച് പൂട്ടിയിടണം,’ അവളുടെ ഡോക്ടർ നിരാശയോടെ പറഞ്ഞു.
പണ്ടുമുതൽക്കേയുള്ള ഒരു കൊലയാളിയാണ് ക്ഷയരോഗം. കോടിക്കണക്കിനാളുകൾ ക്ഷയരോഗത്താൽ കഷ്ടപ്പെടുകയും മരണത്തിന്റെ പിടിയിലമരുകയും ചെയ്തിരിക്കുന്നു. പുരാതന ഈജിപ്തിലെയും പെറുവിലെയും മമ്മികളിൽ ക്ഷയരോഗത്തിന്റെ തെളിവു കണ്ടെത്താനായിട്ടുണ്ട്. ഇന്ന്, തിരിച്ചെത്തിയിരിക്കുന്ന ക്ഷയരോഗാണു ഇനങ്ങൾ വർഷംതോറും ഏകദേശം 20 ലക്ഷം പേരുടെ ജീവൻ അപഹരിക്കുന്നു.
ആഫ്രിക്കയിലെ ഒരു കുടിലിലുള്ള ചെറിയ ഒരു കട്ടിലിൽ കാർലീറ്റോസ് കിടക്കുന്നു. അവന്റെ നെറ്റിത്തടത്തിൽ വിയർപ്പു കണങ്ങൾ കാണാം. മലമ്പനി ബാധിച്ച അവൻ ഒന്നു കരയാൻപോലും ത്രാണിയില്ലാത്ത അവസ്ഥയിലാണ്. അവന്റെ മാതാപിതാക്കൾ മരുന്നുവാങ്ങാൻ പണമില്ലാതെ ആകെ വിഷമത്തിലാണ്. കുട്ടിക്കു വൈദ്യസഹായം ലഭ്യമാക്കാമെന്നു വെച്ചാൽ, അവിടെയെങ്ങും ഒരു ക്ലിനിക്കുപോലുമില്ല. പനി ഒട്ടും കുറഞ്ഞില്ല, 48 മണിക്കൂറിനുള്ളിൽ അവൻ അന്ത്യശ്വാസം വലിച്ചു.
കാർലീറ്റോസിനെ പോലെ വർഷംതോറും ഏകദേശം പത്തു ലക്ഷം കുട്ടികളെയാണ് മലമ്പനി വകവരുത്തുന്നത്. പൂർവാഫ്രിക്കൻ ഗ്രാമങ്ങളിലെ കുട്ടികൾക്ക് സാധാരണഗതിയിൽ മാസത്തിൽ 50 മുതൽ 80 വരെ തവണ മലമ്പനി വാഹകരായ കൊതുകുകളുടെ കുത്തേൽക്കുന്നു. ഈ കൊതുകുകൾ പുതിയ പ്രദേശങ്ങളിലേക്കു വ്യാപിക്കുകയാണ്. മലമ്പനിക്കെതിരെ പ്രയോഗിക്കുന്ന മരുന്നുകളുടെ ഫലപ്രദത്വമാകട്ടെ കുറഞ്ഞു വരികയും ചെയ്യുന്നു. ഓരോ വർഷവും 30 കോടി ആളുകൾക്ക് ഗുരുതരമായ മലമ്പനി പിടിപെടുന്നതായി കണക്കുകൾ കാണിക്കുന്നു.
കാലിഫോർണിയയിലെ, സാൻ ഫ്രാൻസിസ്കോയിൽ താമസിച്ചിരുന്ന 30-കാരനായിരുന്ന കെന്നത്ത് തന്റെ ഡോക്ടറെ കാണാൻ പോയി, 1980-ലായിരുന്നു ഇത്. തനിക്കു വയറിളക്കവും വല്ലാത്ത ക്ഷീണവും ഉണ്ടെന്ന് അദ്ദേഹം ഡോക്ടറോടു പറഞ്ഞു. വിദഗ്ധ വൈദ്യസഹായം ലഭിച്ചെങ്കിലും ഒരു വർഷത്തിനു ശേഷം അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ ശരീരം വല്ലാതെ ശോഷിച്ചിരുന്നു, ന്യൂമോണിയ ബാധിച്ചതിനെ തുടർന്നായിരുന്നു മരണം.
രണ്ടു വർഷത്തിനു ശേഷം, സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 16,000 കിലോമീറ്റർ അകലെ ഉത്തര ടാൻസാനിയയിലുള്ള ഒരു യുവതിക്ക് ഇതേ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഏതാനും ആഴ്ചയ്ക്കുള്ളിൽ അവൾക്കു നടക്കാൻ പോലും ശേഷി ഇല്ലാതാകുകയും താമസിയാതെ അവൾ മരണമടയുകയും ചെയ്തു. ഈ വിചിത്ര രോഗത്തെ ഗ്രാമവാസികൾ ജൂലിയാനാ രോഗം എന്നു വിളിച്ചു. കാരണം ജൂലിയാനാ എന്ന പേരു പ്രിന്റു ചെയ്ത തുണികൾ വിൽക്കുന്ന ഒരാളാണ് ഇവൾക്കും അവിടെയുള്ള മറ്റു സ്ത്രീകൾക്കും രോഗം പരത്തിയത് എന്ന് അവർ വിശ്വസിച്ചിരുന്നു.
കെന്നത്തിനും ടാൻസാനിയക്കാരിക്കും ഒരേ രോഗമായിരുന്നു: എയ്ഡ്സ്. 1980-കളുടെ തുടക്കത്തിൽ, ഏറ്റവും അപകടകാരികളായ സൂക്ഷ്മാണുക്കളെ വൈദ്യശാസ്ത്രം വരുതിയിൽ കൊണ്ടുവന്നു എന്നു തോന്നിയ സമയത്താണ് ഈ പുതിയ സാംക്രമിക രോഗം മാനവരാശിയുടെ ഉറക്കം കെടുത്താൻ തുടങ്ങിയത്. രണ്ടു ദശകങ്ങൾക്കുള്ളിൽ എയ്ഡ്സിന്റെ മരണക്കൊയ്ത്ത്, 14-ാം നൂറ്റാണ്ടിൽ യൂറേഷ്യയിലാകമാനം തേർവാഴ്ച നടത്തിയ, യൂറോപ്യൻ ജനതയുടെ മനസ്സിൽ ഇപ്പോഴും ഒരു കറുത്ത അധ്യായമായി അവശേഷിക്കുന്ന, പ്ലേഗിന്റെ സംഹാരതാണ്ഡവത്തെ വെല്ലുവിളിക്കുന്നതായിരുന്നു.
കറുത്ത മരണം
കറുത്ത മരണം എന്നു വിളിക്കുന്ന പ്ലേഗിന്റെ പടപ്പുറപ്പാട് 1347-ൽ ആയിരുന്നു. ക്രിമിയയിൽ നിന്നുള്ള ഒരു കപ്പൽ സിസിലി ദ്വീപിലെ മെസ്സിനയിൽ നങ്കൂരമിട്ടതോടെ ആയിരുന്നു ഇതിന്റെ തുടക്കം. കപ്പലിലെ പതിവു ചരക്കുകൾക്കു പുറമേ മറ്റൊന്നുകൂടി ഉണ്ടായിരുന്നു, പ്ലേഗ്.a പെട്ടെന്നുതന്നെ കറുത്ത മരണം ഇറ്റലിയിൽ ആകമാനം പടർന്നുപിടിച്ചു.
പ്ലേഗ് തന്റെ പട്ടണത്തിൽ സൃഷ്ടിച്ച ഭീകര അന്തരീക്ഷത്തെ കുറിച്ച് അതിനടുത്ത വർഷം ഇറ്റലിയിലെ സിയെനയിൽനിന്നുള്ള ആന്യോളോ ഡി ടൂറാ ഇങ്ങനെ പറഞ്ഞു: ‘സിയെനയിൽ മരണ പരമ്പരയ്ക്ക് തുടക്കം കുറിക്കപ്പെട്ടത് മേയ് മാസത്തിലാണ്. അത് അതിക്രൂരവും ഭീകരവും ആയിരുന്നു. ഇരകൾ പെട്ടെന്നുതന്നെ മരിച്ചുവീണു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നൂറുകണക്കിനു പേരുടെ ജീവൻ കൊഴിഞ്ഞു.’ അദ്ദേഹം തുടരുന്നു: ‘എന്റെ ഈ കൈകൾകൊണ്ട് ഞാൻ എന്റെ അഞ്ചു മക്കളെ കുഴിച്ചുമൂടി, മറ്റനേകരും ഇതുതന്നെ ചെയ്തു. തങ്ങൾക്കു നേരിട്ട നഷ്ടം എത്ര ഭീമമായിരുന്നെങ്കിലും ആരും കരഞ്ഞില്ല. കാരണം ഏതാണ്ട് എല്ലാവരുംതന്നെ മരണം പ്രതീക്ഷിച്ചിരുന്നു. ഒരുപാടുപേരുടെ ജീവൻ അപഹരിക്കപ്പെട്ടതിനാൽ ഇതു ലോകാവസാനമാണെന്ന് എല്ലാവരും വിശ്വസിച്ചു.’
ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, നാലു വർഷംകൊണ്ട് പ്ലേഗ് യൂറോപ്പിൽ ആകമാനം പടർന്നുകയറുകയും ജനസംഖ്യയുടെ മൂന്നിലൊന്നിനെ—സാധ്യതയനുസരിച്ച് രണ്ടുകോടിക്കും മൂന്നുകോടിക്കും ഇടയ്ക്ക്—ഭൂമുഖത്തുനിന്നു തുടച്ചുനീക്കുകയും ചെയ്തു. വിദൂര ദേശമായ ഐസ്ലൻഡിൽ പോലും ഇതു സംഹാരതാണ്ഡവമാടി. വിദൂര പൂർവ ദേശമായ ചൈനയിൽ 13-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ 12.3 കോടി ആയിരുന്ന ജനസംഖ്യ 14-ാം നൂറ്റാണ്ടിൽ 6.5 കോടിയായി കുത്തനെ കുറഞ്ഞത് പ്ലേഗും അകമ്പടി സേവിച്ചെത്തിയ ക്ഷാമവും നിമിത്തം ആയിരിക്കാമെന്നു പറയപ്പെടുന്നു.
മുമ്പൊക്കെ ഉണ്ടായിട്ടുള്ള പകർച്ചവ്യാധി, യുദ്ധം, ക്ഷാമം എന്നിവയൊന്നും ഒരിക്കലും ഇത്ര വ്യാപകമായി ദുരിതം വിതച്ചിരുന്നില്ല. “ഇത് മാനവ ചരിത്രത്തിലെ ഒറ്റയാനായ ഘോരവിപത്താണ്” എന്ന് മനുഷ്യനും സൂക്ഷ്മാണുക്കളും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “യൂറോപ്പ്, ഉത്തരാഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ ഏതാണ്ട് നാലിലൊന്നിനും പകുതിക്കും ഇടയിൽ ആളുകൾ ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെട്ടു.”
അമേരിക്കകൾ, ഇതരലോകത്തിൽനിന്ന് ഒറ്റപ്പെട്ടു നിന്നിരുന്നതിനാൽ കറുത്ത മരണത്തിന്റെ കരാളഹസ്തത്തിൽനിന്നു രക്ഷപ്പെട്ടു. എന്നാൽ കപ്പലുകൾ സമുദ്രം കുറുകെ കടക്കാൻ തുടങ്ങിയതോടെ ആ ഒറ്റപ്പെടലിനു വിരാമമായി. 16-ാം നൂറ്റാണ്ടിൽ പ്ലേഗിനെക്കാൾ മാരകമായ പകർച്ചവ്യാധികളുടെ ഒരു വൻതരംഗം ‘നവലോകത്തെ’ വിഴുങ്ങി.
വസൂരി അമേരിക്കകളെ കീഴടക്കുന്നു
1492-ൽ വെസ്റ്റ് ഇൻഡീസിൽ എത്തിയ കൊളംബസ് അവിടത്തെ നാട്ടുകാരെ വർണിച്ചത് ‘അംഗഭംഗിയും സാമാന്യം ഉയരവും ദൃഢപേശികളുമുള്ള ആളുകൾ’ എന്നാണ്. എന്നാൽ, കാഴ്ചയ്ക്ക് നല്ല ആരോഗ്യം ഉള്ളവർ ആയിരുന്നെങ്കിലും ‘പഴയ ലോകത്തിൽ’ നിന്നെത്തിയ രോഗങ്ങളെ ചെറുക്കാനുള്ള ശക്തി അവർക്ക് ഇല്ലായിരുന്നു.
1518-ൽ ഹിസ്പാനിയോള ദ്വീപിൽ വസൂരിയുടെ തേർവാഴ്ചയ്ക്കു തുടക്കമായി. മുമ്പൊരിക്കലും വസൂരി ബാധിച്ചിട്ടില്ലാത്ത നാട്ടുകാരായ അമേരിക്കക്കാരെ അത് അതിദാരുണമായി കീഴടക്കി. ദ്വീപുവാസികളിൽ വെറും ആയിരംപേർ മാത്രമേ അതിജീവിച്ചുള്ളുവെന്ന് ഒരു സ്പാനീഷ് ദൃക്സാക്ഷി കണക്കാക്കുകയുണ്ടായി. ഈ പകർച്ചവ്യാധി അതിന്റെ ദാരുണ പരിണതഫലങ്ങളുമായി മെക്സിക്കോ, പെറു എന്നിവിടങ്ങളിലേക്ക് അതിവേഗം പടർന്നു.
തുടർന്നുവന്ന നൂറ്റാണ്ടിൽ വടക്കേ അമേരിക്കയുടെ മസാച്ചുസെറ്റ്സ് പ്രദേശത്ത് തീർഥാടകർ എന്ന് അറിയപ്പെട്ട കുടിയേറ്റക്കാർ എത്തിയപ്പോൾ, വസൂരി ആ നാട്ടിലെ ഏതാണ്ട് മുഴുവൻ നിവാസികളെയും ഉന്മൂലനം ചെയ്തതായി അവർ കണ്ടെത്തി. “വസൂരി നാട്ടുകാരെ ഏതാണ്ട് ആകമാനം ഭൂമുഖത്തുനിന്നു തുടച്ചുമാറ്റിയിരിക്കുന്നു” എന്ന് തീർഥാടകരുടെ തലവനായ ജോൺ വിൻത്റോപ് എഴുതി.
വസൂരിക്കു ശേഷവും പകർച്ചവ്യാധികൾ വന്നുകൊണ്ടിരുന്നു. കൊളംബസിന്റെ വരവിനുശേഷം ഏകദേശം ഒരു നൂറ്റാണ്ട് ആയപ്പോഴേക്കും വിദേശികൾ ഇറക്കുമതി ചെയ്ത രോഗങ്ങൾ നവലോകത്തിലെ ജനസംഖ്യയുടെ 90 ശതമാനത്തെയും തുടച്ചുനീക്കി എന്ന് ഒരു ഉറവിടം പറയുന്നു. മെക്സിക്കോയുടെ ജനസംഖ്യ 3 കോടിയിൽനിന്ന് 30 ലക്ഷമായി കുറഞ്ഞു. 80 ലക്ഷം ജനസംഖ്യയുണ്ടായിരുന്ന പെറുവിലേത് 10 ലക്ഷമായി ചുരുങ്ങി. തദ്ദേശീയരായ അമേരിക്കക്കാർ മാത്രമായിരുന്നില്ല വസൂരിയുടെ നിസ്സഹായ ഇരകൾ. “മാനവചരിത്രത്തിൽ ഉടനീളം വസൂരി കോടിക്കണക്കിനു ജീവൻ അപഹരിച്ചിട്ടുണ്ട്. പ്ലേഗിനെക്കാൾ ഏറെ, . . . ഇരുപതാം നൂറ്റാണ്ടിനെ മുറിപ്പെടുത്തിയ യുദ്ധങ്ങളിലെല്ലാം കൂടി മരിച്ചതിനെക്കാൾ ഏറെ” എന്ന് വിപത്ത്—വസൂരിയുടെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഭീഷണികൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
യുദ്ധത്തിൽ ഇനിയും വിജയിച്ചിട്ടില്ല
ഇന്ന്, ഭീതിദമായ പ്ലേഗ്, വസൂരി എന്നീ പകർച്ചവ്യാധികൾ വിദൂര ഭൂതകാലത്ത് ചരിത്രത്തിന്റെ താളുകളിൽ അടക്കം ചെയ്യപ്പെട്ട മഹാവിപത്തുകളാണെന്നു തോന്നിയേക്കാം. 20-ാം നൂറ്റാണ്ടിൽ, വിശേഷിച്ച് വ്യവസായവത്കൃത രാജ്യങ്ങളിൽ മനുഷ്യരാശി സാംക്രമിക രോഗങ്ങൾക്കെതിരെ പടവെട്ടി പല വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. മിക്ക രോഗങ്ങളുടെയും കാരണം ഡോക്ടർമാർ കണ്ടുപിടിച്ചു, അതുപോലെ പ്രതിവിധിയും. (6-ാം പേജിൽ കൊടുത്തിരിക്കുന്ന ചതുരം കാണുക.) പുതിയ വാക്സിനുകളും ആന്റിബയോട്ടിക്കുകളും മാന്ത്രിക ശക്തിയുള്ള സർവരോഗസംഹാരികളെ പോലെ, രോഗങ്ങളുടെ കൂട്ടത്തിലെ ഏതു കൊലകൊമ്പനെയും മുട്ടുകുത്തിക്കാൻ ശേഷിയുള്ള ഔഷധങ്ങളെ പോലെ, കാണപ്പെട്ടു.
എന്നിരുന്നാലും, ‘അലർജിക്കും സാംക്രമിക രോഗത്തിനുമുള്ള യു.എസ്. ദേശീയ ഇൻസ്റ്റിറ്റ്യൂട്ടി’ന്റെ മുൻ ഡയറക്ടറായ ഡോ. റിച്ചാർഡ് ക്രൗസെ ഇപ്രകാരം ചൂണ്ടിക്കാണിക്കുന്നു. “ലോകത്തിൽ മരണവും നികുതികളുമൊഴികെ ഒന്നും സുനിശ്ചിതമല്ല എന്നല്ലേ ചൊല്ല്, എന്നാൽ പ്ലേഗിനെയും ആ പട്ടികയിൽ പെടുത്താം.” ക്ഷയരോഗവും മലമ്പനിയും ഇവിടെത്തന്നെയുണ്ട്. അടുത്തകാലത്ത്, എയ്ഡ്സ് എന്ന സമസ്തവ്യാപക പകർച്ചവ്യാധി ഭൂഗോളം പകർച്ചവ്യാധികളുടെ പിടിയിൽനിന്നു മുക്തമായിട്ടില്ല എന്നതിന്റെ ഭയാനക ഓർമിപ്പിക്കലായി നിലകൊണ്ടിരിക്കുന്നു. “ലോകത്തിലെ മരണത്തിന്റെ ഏറ്റവും വലിയ കാരണം ഇപ്പോഴും സാംക്രമിക രോഗങ്ങൾതന്നെയാണ്. അത് ഏറെക്കാലം ആ സ്ഥാനത്തുതന്നെ തുടരുകയും ചെയ്യും,” മനുഷ്യനും സൂക്ഷ്മാണുക്കളും എന്ന പുസ്തകം പറയുന്നു.
രോഗത്തോടു പടവെട്ടുന്നതിൽ ശ്രദ്ധേയമായ അഭിവൃദ്ധി കൈവരിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വർഷത്തെ നേട്ടങ്ങൾ താത്കാലികം മാത്രമായിരിക്കാം എന്ന് ചില ഡോക്ടർമാർ ഭയക്കുന്നു. “സാംക്രമിക രോഗങ്ങൾ ഉയർത്തുന്ന ആപത്ഭീഷണി നീങ്ങിപ്പോയിട്ടില്ല—അത് കൂടുതൽ മാരകമായിക്കൊണ്ടിരിക്കുകയാണ്” എന്ന് സാംക്രമികരോഗ ശാസ്ത്രജ്ഞനായ റോബർട്ട് ഷോപ് മുന്നറിയിപ്പു നൽകുന്നു. അത് എന്തുകൊണ്ടാണെന്ന് പിൻവരുന്ന ലേഖനം വിശദീകരിക്കുന്നതായിരിക്കും. (g04 5/22)
[അടിക്കുറിപ്പ്]
a പ്ലേഗ് വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ബ്യൂബോണിക് പ്ലേഗ്, ന്യൂമോണിക് പ്ലേഗ് എന്നിവ അതിൽ ഉൾപ്പെടുന്നു. മുഖ്യമായും എലികളുടെ ശരീരത്തിലുള്ള ചെള്ളുകൾ ബ്യൂബോണിക് പ്ലേഗിനും രോഗവാഹകരായവർ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തെറിക്കുന്ന ദ്രവങ്ങൾ ന്യൂമോണിക് പ്ലേഗിനും കാരണമായി.
[5-ാം പേജിലെ ആകർഷക വാക്യം]
രണ്ടു ദശകത്തിനുള്ളിൽ എയ്ഡ്സിന്റെ മരണക്കൊയ്ത്ത്, 14-ാം നൂറ്റാണ്ടിൽ യൂറേഷ്യയെ ഒന്നടങ്കം തൂത്തുവാരിയ പ്ലേഗിനോടു കിടപിടിക്കുന്നതായി മാറിയിരിക്കുന്നു
[6-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
അന്ധവിശ്വാസങ്ങളിൽനിന്ന് അറിവിലേക്ക്
14-ാം നൂറ്റാണ്ടിൽ കറുത്ത മരണം അവിന്യോണിലെ പാപ്പായുടെ വസതിയിലും താണ്ഡവമാടിയപ്പോൾ അദ്ദേഹത്തിന്റെ ഭിഷഗ്വരൻ പറഞ്ഞത് സൂര്യനോടൊപ്പം ശനി, വ്യാഴം, ചൊവ്വ എന്നീ മൂന്നു ഗ്രഹങ്ങൾ കുംഭരാശിയിലെത്തിയതാണ് ഈ മഹാമാരിയുടെ മുഖ്യ കാരണമെന്നാണ്.
ഏതാണ്ട് നാലു നൂറ്റാണ്ടുകൾക്കു ശേഷം, ഒരിക്കൽ ജോർജ് വാഷിങ്ടണിന് തൊണ്ടവേദന പിടിപെട്ടു. പ്രശസ്തരായ മൂന്നു ഡോക്ടർമാർ അദ്ദേഹത്തിന്റെ ഞരമ്പുകളിൽനിന്ന് ഏകദേശം രണ്ടു ലിറ്റർ രക്തം ഒഴുക്കിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ ചികിത്സിച്ചത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ രോഗി അന്ത്യശ്വാസം വലിച്ചു. രക്തം ഒഴുക്കിക്കളയൽ 2,500 വർഷത്തോളം വൈദ്യന്മാരുടെ ഒരു ചികിത്സാരീതിയായിരുന്നു—ഹിപ്പോക്രാറ്റസിന്റെ സമയം മുതൽ 19-ാം നൂറ്റാണ്ടിന്റെ മധ്യംവരെ.
അന്ധവിശ്വാസങ്ങളും പാരമ്പര്യങ്ങളും ചികിത്സാരംഗത്തെ പുരോഗതിക്കു വിലങ്ങുതടിയായിരുന്നെങ്കിലും അർപ്പിതരായ ഡോക്ടർമാരുടെ അശ്രാന്ത പരിശ്രമത്താൽ സാംക്രമിക രോഗങ്ങളുടെ കാരണവും അവയ്ക്കുള്ള പ്രതിവിധികളും കണ്ടുപിടിക്കാൻ കഴിഞ്ഞു. നാഴികക്കല്ലുകളായി മാറിയ അവരുടെ ചില കണ്ടുപിടിത്തങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
■ വസൂരി. 1798-ൽ എഡ്വേർഡ് ജെന്നർ വസൂരിക്ക് വിജയപ്രദമായ ഒരു വാക്സിൻ വികസിപ്പിച്ചെടുത്തു. 20-ാം നൂറ്റാണ്ടിൽ പോളിയോ, മഞ്ഞപ്പനി, അഞ്ചാംപനി, അതിന്റെ ഒരു വകഭേദമായ ജർമൻ മീസിൽസ് തുടങ്ങിയ രോഗങ്ങൾക്കും വാക്സിനുകൾ ഫലപ്രദമായ പ്രതിരോധമാണെന്നു തെളിഞ്ഞു.
■ ക്ഷയം. 1882-ൽ റോബർട്ട് കോക്ക് ക്ഷയരോഗകാരിയായ ബാക്ടീരിയയെ തിരിച്ചറിയുകയും രോഗം കണ്ടുപിടിക്കാനുള്ള ഒരു പരിശോധന ആവിഷ്കരിക്കുകയും ചെയ്തു. ഏകദേശം 60 വർഷത്തിനു ശേഷം ക്ഷയരോഗത്തെ ചികിത്സിക്കാനുള്ള ഫലപ്രദമായ ഒരു ആന്റിബയോട്ടിക്കായ സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിച്ചു. ഈ മരുന്ന് ബ്യൂബോണിക് പ്ലേഗിനെ ചികിത്സിക്കാനും പ്രയോജനപ്രദമെന്നു തെളിഞ്ഞു.
■ മലമ്പനി. 17-ാം നൂറ്റാണ്ട് മുതൽ, കൊയിനാ മരത്തിന്റെ പട്ടയിൽനിന്നു കിട്ടുന്ന കൊയിന, മലമ്പനി ബാധിച്ച കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുകയുണ്ടായി. മലമ്പനി പരത്തുന്നത് അനോഫിലസ് കൊതുകുകളാണെന്ന് 1897-ൽ റൊണാൾഡ് റോസ്സ് തിരിച്ചറിഞ്ഞു. കൊതുകു നിയന്ത്രണ മാർഗങ്ങൾ അവലംബിച്ചുകൊണ്ട് ഉഷ്ണമേഖലാ രാജ്യങ്ങളിൽ മരണനിരക്ക് കുറയ്ക്കാൻ പിന്നീടു കഴിഞ്ഞു.
[ചിത്രങ്ങൾ]
രാശിചക്രവും (മുകളിൽ) രക്തം ഒഴുക്കിക്കളയലും
[കടപ്പാട്]
രണ്ടും: Biblioteca Histórica “Marqués de Valdecilla”
[3-ാം പേജിലെ ചിത്രങ്ങൾ]
ഇന്ന്, തിരിച്ചെത്തിയിരിക്കുന്ന ക്ഷയരോഗാണു ഇനങ്ങൾ വർഷംതോറും ഏകദേശം 20 ലക്ഷം പേരുടെ ജീവൻ അപഹരിക്കുന്നു
[കടപ്പാട്]
എക്സ് റേ: New Jersey Medical School–National Tuberculosis Center; മനുഷ്യൻ: ഫോട്ടോ: WHO/Thierry Falise
[4-ാം പേജിലെ ചിത്രം]
കറുത്ത മരണത്തിൽനിന്നുള്ള സംരക്ഷണാർഥം മാസ്ക് ധരിച്ചിരിക്കുന്ന ഒരു വൈദ്യനെ ചിത്രീകരിച്ചിരിക്കുന്ന, ഏകദേശം 1500-നോട് അടുത്ത കാലത്തെ ഒരു ജർമൻ കൊത്തുപണി. കൊക്കുപോലുള്ള ഭാഗത്ത് സുഗന്ധതൈലം വെച്ചിരുന്നു
[കടപ്പാട്]
Godo-Foto
[4-ാം പേജിലെ ചിത്രം]
ബ്യൂബോണിക് പ്ലേഗിനു കാരണമായ ബാക്ടീരിയ
[കടപ്പാട്]
© Gary Gaugler/Visuals Unlimited