മമനുഷ്യന്റെ യുദ്ധങ്ങളിലെ മതത്തിന്റെ പങ്ക്
“ഏതെങ്കിലും തരത്തിലുള്ള മതം ഇല്ലാതിരുന്ന ഒരു ജനതയും ഉണ്ടായിരുന്നിട്ടില്ല” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു (1970-ലെ പതിപ്പ്). എന്നിരുന്നാലും, ചരിത്രഗവേഷകരായ വിൽ ഡൂറണ്ടും ഏറിയൽ ഡൂറണ്ടും ഇപ്രകാരം എഴുതി: “യുദ്ധം ചരിത്രത്തിന്റെ സ്ഥിരഘടകങ്ങളിൽ ഒന്നാണ്.” ഈ രണ്ടു സ്ഥിരഘടകങ്ങൾ, അതായത് യുദ്ധവും മതവും, ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നവയാണോ?
തീർച്ചയായും, ചരിത്രത്തിലുടനീളം യുദ്ധവും മതവും അവിഭാജ്യമായിരുന്നു. ചരിത്രത്തിലെ ആദ്യ ലോകശക്തികളിലൊന്നായ ഈജിപ്ററിനെക്കുറിച്ചു പുരാതന ഈജിപ്ററ് [Ancient Egypt] എന്ന ഗ്രന്ഥത്തിൽ ലയണൽ കസൻ ഇപ്രകാരം വിശദീകരിച്ചു: “ഓരോ സൈനിക വിജയത്തെയും പ്രതി ദൈവങ്ങൾക്കു കപ്പം കൊടുത്തിരുന്നു; പിന്നെയും ഏറെ ധനത്തിനു കൊതിപൂണ്ട പുരോഹിതൻമാർ ഫറവോൻമാരെപ്പോലെതന്നെ കൂടുതൽ വിദേശാക്രമണങ്ങൾക്കായി മേൽക്കുമേൽ വെമ്പൽ കൊണ്ടിരുന്നു.”
സമാനമായി, മറെറാരു പ്രാരംഭ ലോകശക്തിയായ അസീറിയയെക്കുറിച്ചു പുരോഹിതനായ ഡബ്ലിയു. ബി. റെററ് ഇങ്ങനെ പറഞ്ഞു: “രാഷ്ട്രത്തിന്റെ കുലത്തൊഴിൽ പോരാട്ടമായിരുന്നു, പുരോഹിതൻമാർ യുദ്ധത്തെ അനവരതം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. യുദ്ധത്തിൽനിന്നുള്ള കൊള്ളയിൽനിന്നാണ് അവർ ഏറെയും പുലർന്നു പോന്നത്.”
“പ്രാകൃത യൂറോപ്പ്” എന്നു താൻ നാമകരണം ചെയ്ത യൂറോപ്പിനെ സംബന്ധിച്ചു ജെറൾഡ് സൈമൺസ് ഇങ്ങനെ എഴുതി: “യുദ്ധം ചെയ്യുക എന്ന ഒരേയൊരു കർമത്തിനു മാത്രം സ്പഷ്ടമായി സംഘടിതരായിരുന്ന അവരുടെ സമുദായം ലളിതമായ ഒന്നായിരുന്നു.” അവിടെയും മതം ഉൾപ്പെട്ടിരുന്നു. “വാളുകളിൽ ഭൂതങ്ങൾ അധിവസിച്ചിരുന്നതായോ അവ ദൈവങ്ങളുടെ പ്രതിനിധികളായി പ്രവർത്തിച്ചിരുന്നതായോ ധാരാളം ഐതിഹ്യങ്ങൾ പറയുന്നു” എന്ന് സൈമൺസ് കുറിക്കൊണ്ടു.
പക്ഷേ, വളരെ സംസ്കാരസമ്പന്നമെന്നു കരുതിപ്പോന്നിരുന്ന റോമാ സാമ്രാജ്യത്തിലെ അവസ്ഥയും സമാനമായിരുന്നു. “റോമാക്കാർ യുദ്ധത്തിനായി വളർത്തപ്പെട്ടവരാണ്” എന്ന് റോമാ സാമ്രാജ്യം [Imperial Rome] എന്ന പുസ്തകത്തിൽ മോസസ് ഹാർഡസ് വിശദീകരിച്ചു. റോമൻ യോദ്ധാക്കൾ യുദ്ധത്തിനു പോയപ്പോൾ തങ്ങളുടെ ദൈവങ്ങളുടെ ചിഹ്നങ്ങൾ പതിച്ച കൊടികൾ കൂടെക്കൊണ്ടുപോയി. ഒരു വിശ്വവിജ്ഞാനകോശം ഇപ്രകാരം വിശദീകരിച്ചു: “ശത്രു നിരകളിലേക്ക് ഒരു കൊടി വലിച്ചെറിയാൻ ജനറൽ ഉത്തരവിടുന്നതു സാധാരണമായിരുന്നു, ഭൂമിയിലെ ഏററവും പരിപാവനം എന്ന് ഒരുപക്ഷേ അവർ വിലമതിച്ചിരുന്നതു വീണ്ടെടുക്കാൻ അവരെ ഉത്തേജിപ്പിച്ചുകൊണ്ടു തന്റെ സൈനികരുടെ കടന്നാക്രമണത്തിന് ഉത്സാഹം വർധിപ്പിക്കുന്നതിനുതന്നെ.”
യുദ്ധവും ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരും
ലോകരംഗത്തെ ക്രൈസ്തവലോകത്തിന്റെ ആവിർഭാവം സംഗതികൾക്കു മാററം വരുത്തിയില്ല. വിശ്വാസത്തിന്റെ യുഗം [Age of Faith] എന്ന പുസ്തകത്തിൽ ആൻ ഫ്രെമാൻറിൽ ഇങ്ങനെ എഴുതി: “മനുഷ്യർ അഴിച്ചുവിട്ട സർവ യുദ്ധങ്ങളിലും വച്ച് ഒരെണ്ണംപോലും വിശ്വാസത്തിന്റെപേരിൽ നടത്തിയിട്ടുള്ളവയെക്കാൾ തീക്ഷ്ണമായിരുന്നിട്ടില്ല. കൂടാതെ, ഈ ‘വിശുദ്ധ യുദ്ധങ്ങ’ളിൽ വച്ച് മധ്യയുഗങ്ങളിലെ ക്രിസ്തീയ കുരിശുയുദ്ധങ്ങളെക്കാൾ കൂടുതൽ രക്തരൂക്ഷിതവും ഏറെ നീണ്ടുനിന്നതുമായ ഒരു യുദ്ധവും ഉണ്ടായിരുന്നിട്ടില്ല.”
വിസ്മയകരമാംവിധം ഇന്നും ഏറെ മാററം വന്നിട്ടില്ല. “മതപരമായ കൊടിക്കൂറകൾക്കു കീഴിലെ പോരാട്ടവും മരണവും അക്രമാസക്തമായ ഒരു വാശിയോടെ തുടരുന്നു” എന്ന് ടൈം മാസിക റിപ്പോർട്ടു ചെയ്തു. “വിഫലതയുടെ ഒരുതരം നിലയ്ക്കാത്ത പോക്കിൽ അൾസ്റെററിൽ പ്രൊട്ടസ്ററൻറുകാരും റോമൻ കത്തോലിക്കരും അന്യോന്യം കൊന്നു കൊന്നു കഴിയുന്നു. പ്രദേശപരവും സാംസ്കാരികവും മതപരവുമായ തർക്കത്തിന്റെ വക്കത്തു പിരിമുറുക്കത്തോടെ അറബികളും ഇസ്രയേലികളും നിലകൊള്ളുന്നു.” കൂടുതലായി, യുഗോസ്ലാവിയയിലെ മുൻ റിപ്പബ്ലിക്കുകളിലും അതുപോലെതന്നെ ഏഷ്യൻ രാജ്യങ്ങളിലും വംശീയവും മതപരവുമായ ഭിന്നതകൾ ഭയങ്കരമായ കൂട്ടക്കൊലകൾക്കു കാരണമായിരിക്കുന്നു.
അവിശ്വസനീയമാംവിധം, ക്രിസ്ത്യാനികൾ എന്നു അവകാശപ്പെടുന്നവർ തങ്ങളുടെ സ്വന്തം വിശ്വാസത്തിൽപ്പെട്ട അംഗങ്ങൾക്കെതിരെ പോരാടാൻ പുറപ്പെടുന്നു. ഇപ്രകാരം രണഭൂമിയിൽ കത്തോലിക്കർ കത്തോലിക്കരെ കൊല്ലുന്നു. കത്തോലിക്കാ ചരിത്രകാരനായ ഈ. ഐ. വാട്ട്കൺ ഇപ്രകാരം സമ്മതിച്ചു: “സമ്മതിക്കുന്നതു വേദനാകരമാണെങ്കിലും, വ്യാജമായ ഉദ്ബോധനത്തിന്റെയും കപടമായ കൂറിന്റെയും താത്പര്യത്തിൽ ബിഷപ്പുമാർ സ്വന്തം രാജ്യത്തെ ഗവൺമെൻറ് നടത്തിയ എല്ലാ യുദ്ധങ്ങളെയും സ്ഥായിയായി പിന്തുണച്ചിട്ടുണ്ടെന്ന ചരിത്രവസ്തുതയെ നിരാകരിക്കാനോ അവഗണിക്കാനോ നമുക്കു കഴിയുകയില്ല. ഏതെങ്കിലും ഒരു യുദ്ധത്തെ അനീതിപൂർവകമെന്നു ദേശീയ മതമേധാവികൾ കുററംവിധിച്ച ഒരൊററ ഉദാഹരണംപോലും വാസ്തവത്തിൽ എനിക്കറിയില്ല . . . ഔദ്യോഗിക സിദ്ധാന്തം എന്തുതന്നെയായിരുന്നാലും പ്രയോഗത്തിൽ ‘എന്റെ രാജ്യം എല്ലായ്പോഴും ശരി’യാണ് എന്നതാണു യുദ്ധകാലത്തു കത്തോലിക്കാ ബിഷപ്പുമാർ പിന്തുടർന്നുപോന്ന പ്രമാണം.”
എന്നാൽ, അതു കത്തോലിക്കരുടെ മാത്രം പ്രമാണമല്ല. കാനഡയിലെ വാൻകൂവറിലെ സൺ എന്ന പത്രത്തിന്റെ ഒരു മുഖപ്രസംഗം ഇപ്രകാരം കുറിക്കൊണ്ടു: “പ്രൊട്ടസ്ററൻറു മതത്തിനു ദേശീയമായ വിഭാഗിയതയുടെ ഈ പ്രേരകശക്തികളിൽനിന്ന് ഒഴിഞ്ഞിരിക്കാൻ കഴിയുമെന്ന് ഒരുപ്രകാരത്തിലും അവകാശപ്പെടാൻ സാധ്യമല്ല. സഭ പതാകയെ പിന്തുടരുക എന്നത് ഒരുപക്ഷേ സകല സംഘടിത മതത്തിന്റെയും ഒരു ബലഹീനതയാണ് . . . ദൈവം ഓരോ പക്ഷത്തും ഉണ്ടെന്ന് അവകാശപ്പെടാത്ത ഏതു യുദ്ധമാണു നടന്നിട്ടുള്ളത്?”
കണ്ടിടത്തോളം ഒന്നു പോലുമില്ല! പ്രൊട്ടസ്ററൻറു പുരോഹിതനായ ഹാരി എമേഴ്സൺ ഫോസ്ഡിക് ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “നമ്മുടെ പള്ളികളിൽപോലും നാം യുദ്ധപതാകകൾ ഉയർത്തി . . . നമ്മുടെ വായുടെ ഒരു കോണുകൊണ്ടു നാം സമാധാനപ്രഭുവിനെ സ്തുതിച്ചിരിക്കുന്നു, മറേറ കോണുകൊണ്ടു നാം യുദ്ധത്തെ പ്രകീർത്തിച്ചിരിക്കുന്നു.” “മററു ക്രിസ്ത്യാനികൾക്കുനേരെ പോരാടുന്നതു സംബന്ധിച്ചു” ക്രിസ്ത്യാനികൾ ഒരിക്കലും “മടിച്ചുനിന്നിട്ടില്ല” എന്നു കോളമെഴുത്തുകാരനായ മൈക്ക് റോയ്ക്കോ പറഞ്ഞു. അദ്ദേഹം ഇപ്രകാരം വിശദീകരിച്ചു: “അവർ മടിച്ചുനിന്നിരുന്നെങ്കിൽ യൂറോപ്പിലെ സമഗ്രയുദ്ധങ്ങളിൽ മിക്കതും ഒരിക്കലും ഉണ്ടാകുമായിരുന്നില്ല.” ഇവയിൽ ശ്രദ്ധേയമായിരുന്നതു പ്രൊട്ടസ്ററൻറുകാരും കത്തോലിക്കരും തമ്മിൽ ജർമനിയിൽ ഉണ്ടായ മുപ്പതു വർഷത്തെ യുദ്ധമായിരുന്നു.
തീർച്ചയായും വസ്തുതകളെല്ലാം പകൽപോലെ വ്യക്തമാണ്. മതം യുദ്ധങ്ങളുടെ ഒരു പിന്തുണക്കാരിയും, ചിലപ്പോൾ അതിന്റെ ഒരു കാരണക്കാരിപോലും ആയിരുന്നിട്ടുണ്ട്. അതുകൊണ്ട് അനേകർ ഈ ചോദ്യങ്ങൾ പരിചിന്തിച്ചിരിക്കുന്നു: യുദ്ധസമയത്ത് ഒരു രാഷ്ട്രത്തെ മറെറാന്നിനെക്കാൾ ദൈവം അനുകൂലിക്കുന്നുവോ? രാഷ്ട്രങ്ങൾ ഏററുമുട്ടുമ്പോൾ അവിടുന്നു പക്ഷം പിടിക്കുന്നുണ്ടോ? മേലാൽ യുദ്ധമില്ലാത്ത ഒരു കാലം ഉണ്ടാകുമോ?
[3-ാം പേജിലെ ആകർഷകവാക്യം]
ശുത്രുനിരകളിലേക്ക്, റോമൻ യോദ്ധാക്കൾ തങ്ങളുടെ ദൈവങ്ങളുടെ ചിഹ്നങ്ങൾ പതിച്ച പതാകകൾ വലിച്ചെറിഞ്ഞു