സ്നേഹിതരെ വിനോദിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
സന്ധ്യയാകാൻ തുടങ്ങിയതേയുണ്ടായിരുന്നുള്ളു, ഒരു സാമൂഹിക കൂടിവരവു നടക്കുകയായിരുന്നു. ഹാജരായിരുന്ന എല്ലാവരും അതാസ്വദിച്ചുകൊണ്ടിരുന്നപ്പോൾ ചെറുപ്പക്കാരായ രണ്ടുപേർ സംഗീതവും ഒരു ഹ്രസ്വഹാസ്യനാടകവും ഉൾപ്പെടെ അൽപ്പം വിനോദപരിപാടി അവതരിപ്പിക്കാൻ പോകുകയാണെന്ന് അറിയിച്ചു.
ഈ രണ്ടുപേരും പലതവണ വിജയകരമായി പരിപാടികൾ അവതരിപ്പിച്ചിരുന്നു, അതുകൊണ്ട് ആവേശോജ്ജ്വലമായ ഒരു പ്രതികരണം അവർ പ്രതീക്ഷിച്ചു. എന്നാൽ അവരെ വിഷമിപ്പിച്ചുകൊണ്ട്, തുറിച്ച നോട്ടവും മൂകതയും ഒടുവിൽ വളരെക്കുറച്ചു കരഘോഷവും മാത്രമായിരുന്നു അവതരണത്തിനു ലഭിച്ച പ്രതികരണം. അവരുടെ പ്രകടനം പരാജയപ്പെട്ടു! എന്തായിരുന്നു കുഴപ്പം?
നിങ്ങൾക്കുള്ള ഒരു കഴിവു നിങ്ങളുടെ സ്നേഹിതരുമായി പങ്കുവയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, സമാനമായ ഒരനുഭവം ഉണ്ടായേക്കാമെന്നുള്ള ഭയം നിമിത്തം നിങ്ങൾ മടിച്ചുനിൽക്കുന്നുവോ? യഥാർഥത്തിൽ ആളുകൾക്കു വിനോദം അനുഭവപ്പെട്ടതായി തോന്നിക്കുന്നതിന്റെ രഹസ്യം എന്താണ്? അല്ലെങ്കിൽ നിങ്ങൾത്തന്നെ പരിപാടി അവതരിപ്പിക്കുന്നതു സംബന്ധിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലായിരിക്കാം, എന്നാൽ നിങ്ങളുടെ വീട്ടിലെ കൂടിവരവുകളിൽ മററുള്ളവർ അങ്ങനെ ചെയ്യാൻ നിങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടായിരിക്കാം. വാസ്തവം ഇതാണെങ്കിൽ, അവതരിപ്പിക്കുന്ന പരിപാടി നിങ്ങളുടെ അതിഥികൾ ആസ്വദിക്കുമെന്നു നിങ്ങൾക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
പിൻവരുന്ന നിർദേശങ്ങൾ ഭവനത്തിലെ സംഗീതവിരുന്നിന്റെ നിലപാടിൽ വികസിപ്പിച്ചിട്ടുള്ളതാണ്. എന്നിരുന്നാലും, ലഘുഹാസ്യനാടകങ്ങൾ, സൈഡ്ള് പ്രദർശനങ്ങൾ, കഥകൾ, അനുഭവങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നതുപോലുള്ള മററു വിനോദരൂപങ്ങൾക്കും ഈ തത്ത്വങ്ങളിലധികവും ബാധകമാണെന്നു നിങ്ങൾ കണ്ടെത്തും.
സാഹചര്യം സൃഷ്ടിക്കൽ
ഒരു സംഗീതാവതരണം ഉൾപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ട്, നിങ്ങൾ ഒരു കൂടിവരവ് ആസൂത്രണം ചെയ്യുന്നുവെന്നു സങ്കല്പിക്കുക. വിനോദത്തിന്റെ ഒരു ഉറവായിരിക്കുന്നതിനു വളരെയധികം സംഗീതവൈദഗ്ദ്ധ്യം നിങ്ങൾക്ക് (അഥവാ അവതരിപ്പിക്കുന്നവർക്ക്) ആവശ്യമില്ല. വാസ്തവത്തിൽ ചില വിദഗ്ദ്ധ സംഗീതജ്ഞർ വിനോദാഭിരുചി കുറഞ്ഞവരാണ്. ഇത് ആസ്വദിക്കാൻ ആളുകളെ എങ്ങനെ സഹായിക്കാം എന്ന് അറിഞ്ഞിരിക്കുന്നതു വിനോദിപ്പിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നതുകൊണ്ടാണ്. ആസ്വാദനത്തിനു സഹായകമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നതോടെ ഇതു തുടങ്ങുന്നു. ദൃഷ്ടാന്തത്തിന്, എത്ര അതിഥികളെ നിങ്ങൾ ക്ഷണിക്കും?
ഒരു വലിയ ആൾക്കൂട്ടം ഉണ്ടായിരിക്കുന്നതിനെക്കാൾ, ഒരു ചെറിയ കൂട്ടം ഉള്ളപ്പോൾ നിങ്ങൾ വിജയിക്കാൻ കൂടുതൽ സാദ്ധ്യതയുണ്ട്. ഒരു ചെറിയ കൂട്ടം മററുള്ളവരോടു സംസാരിക്കാനും അവരുടെ സഹവാസം ആസ്വദിക്കാനുമുള്ള അവസരം ഓരോ വ്യക്തിക്കും പ്രദാനം ചെയ്യുന്നു. അതുപോലെ, ആസ്വാദനത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നതിന്, ലഘുഭക്ഷണങ്ങളോ, ഒരു ഊണോ, കേവലം ചെറുകടിയോ ക്രമീകരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക. ചെറുകടി മാത്രമേ നിങ്ങൾ നൽകുന്നുള്ളുവെങ്കിൽ, കൂടുതൽ പ്രതീക്ഷിച്ചു വരാതിരിക്കാൻ അതിനെക്കുറിച്ചു നിങ്ങളുടെ അതിഥികളെ അറിയിക്കുക.
നിങ്ങളുടെ സംഗീതാവതരണം എപ്പോൾ നടത്തണമെന്നു അറിഞ്ഞിരിക്കുന്നതു പ്രധാനമാണ്. പലരും സ്വതഃപ്രേരിതമായ ഒരു സംഗതി ഇഷ്ടപ്പെടുന്നു, മാർഗനിർദേശം കൂടാതെതന്നെ അവർ സ്വയം തീററിയിലും സംഭാഷണത്തിലും ഏർപ്പെടുന്നു. നിങ്ങളുടെ അതിഥികളെ സംബന്ധിച്ച് ഇതു സത്യമാണെങ്കിൽ, ആസൂത്രണം ചെയ്ത ഒരു പരിപാടി പെട്ടെന്ന് അവതരിപ്പിക്കുന്നതിനുമുമ്പ് അവർക്കു സമയം കൊടുക്കുക. തുടക്കത്തിൽ പരാമർശിച്ച രണ്ടു ചെറുപ്പക്കാർ ചെയ്യാൻ കൂട്ടാക്കാഞ്ഞത് ഇതായിരുന്നു. മററു പ്രവർത്തനങ്ങൾ നിലയ്ക്കാൻ തുടങ്ങുന്നതുവരെ അവർ കാത്തിരുന്നെങ്കിൽ, തങ്ങളുടെ സദസ്സ് കൂടുതൽ സ്വീകാര്യക്ഷമതയുള്ളതാണെന്ന് ഒരുപക്ഷേ അവർ കണ്ടെത്തുമായിരുന്നു.
നിങ്ങൾ ഒരു സംഗീതവിരുന്ന് ആസൂത്രണം ചെയ്യുന്നെങ്കിൽ, ഒരു തീയ്ക്കു ചുററും എന്നപോലെ എല്ലാവരെയും ഒന്നിച്ചുകൂട്ടുന്നതോ തറയിൽ ഇരിക്കുന്നതോ പ്രയോജനകരമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. നല്ല മാനസികാവസ്ഥയും ചുററുപാടുകളും ഉണ്ടായിരിക്കുമ്പോൾ, ആളുകൾ ഏറെ നന്നായി പാടുന്നു. ശരിയായ അന്തരീക്ഷം സൃഷ്ടിക്കുന്നത് അതിഥികൾ നിങ്ങളുടെ അവതരണം ആസ്വദിക്കുമെന്ന് ഉറപ്പു വരുത്താൻ വളരെ സഹായകമാകും. നിങ്ങളുടെ സംഗീതവിരുന്നിനോടു സ്വീകാര്യക്ഷമതയുള്ളവരായിരിക്കാൻ ഇത് അവരെ നല്ല മാനസികാവസ്ഥയിൽ ആക്കിവെക്കും.
നിങ്ങളുടെ അതിഥികൾക്കുവേണ്ടി സംഗീതമാലപിക്കാനുള്ള സമയം ഇപ്പോൾ വന്നിരിക്കുന്നു. സദസ്സിനെ നിങ്ങൾക്ക് എങ്ങനെ വിജയകരമായി വിനോദിപ്പിക്കാൻ കഴിയും?
ഒരു സദസ്സിനെ മോഹിപ്പിക്കൽ
ഒരു നല്ല അവതരണം നിരീക്ഷിക്കുന്നതു മിക്കയാളുകളും ആസ്വദിക്കുന്നു. എന്തിന്, അടുത്തകാലത്ത് ഒരാണ്ടിൽത്തന്നെ ന്യൂയോർക്കിൽ ബ്രോഡ്വേയിലുള്ള തീയേറററുകളിൽ 81,42,000 ടിക്കററുകൾ വിററഴിഞ്ഞു, 25 കോടി 34 ലക്ഷം ഡോളർ പിരിച്ചെടുത്തുകൊണ്ടുതന്നെ! എന്നാൽ നിങ്ങളുടെ പ്രകടനം പണം ലഭിക്കാത്ത ഒരു ഹോബിയാണെങ്കിൽ, അവശ്യം നിങ്ങൾ പ്രദാനം ചെയ്യുന്ന വിനോദം തേടാത്ത ഒരു സദസ്സിന്റെ താത്പര്യത്തെ പിടിച്ചുനിർത്തുകയെന്ന വെല്ലുവിളി നിങ്ങൾ അഭിമുഖീകരിക്കുന്നു. പരിഹാരമെന്താണ്? വേണ്ടത്ര മികവിനെ നിങ്ങളുടെ സദസ്സുമായുള്ള അടുത്ത ബന്ധവുമായി സമജ്ഞസമാക്കുക. ഇതാ ചില നിർദേശങ്ങൾ:
നന്നായി അഭ്യസിച്ച ഇനം ഉപയോഗിക്കുക. ഗിത്താർ അധ്യാപകനായ ഫ്രെഡറിക് നോഡ് ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “മറെറന്തിനെയെങ്കിലും കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങൾക്കു മിക്കവാറും അവതരിപ്പിക്കാൻ കഴിയുന്ന, നന്നായി ഹൃദിസ്ഥമാക്കിയ ഒരു സംഗീതരചന ഉണ്ടായിരിക്കുന്നത് ആവശ്യമാണ്.” അതുകൊണ്ടു പുതുതായി പഠിച്ച ഇനങ്ങൾ ഭാവിയിലേക്കു സൂക്ഷിച്ചുവയ്ക്കുന്നതു ബുദ്ധിയാണ്. മി. നോഡ് ഇങ്ങനെ പറയുന്നു: “കൂടുതൽ മതിപ്പുളവാക്കുന്ന ഒരിനം മോശമായി അവതരിപ്പിക്കുന്നതിനെക്കാൾ ലളിതമായ ഒരിനം നന്നായി അവതരിപ്പിക്കുന്നതു കൂടുതൽ നല്ലതാണ്.”
നിങ്ങളുടെ സദസ്സിനെ ഉൾപ്പെടുത്തുക. പാട്ടുകൾ എഴുതിയ ഷീററുകൾ സദസ്സിനു വിതരണം ചെയ്തുകൊണ്ടു തന്നോടൊപ്പം പാടാൻ താൻ അവരെ ആഹ്വാനം ചെയ്യുമായിരുന്നു എന്നു പ്രസ്താവിച്ചുകൊണ്ട്, വർഷങ്ങളിലെ തൊഴിൽ പരിചയം നേടിയ ഒരു സംഗീതജ്ഞൻ സദസ്യപങ്കുപററലിന്റെ മൂല്യം ഊന്നിപ്പറഞ്ഞു. സദസ്സിനെ നിങ്ങളുടെ അവതരണത്തിന്റെ ഒരു ഭാഗമാക്കിത്തീർക്കുന്നത് അവരുടെ ആവേശോജ്ജ്വലമായ പിന്തുണ നിലനിർത്താൻ സഹായിച്ചേക്കും.
വൈവിദ്ധ്യത്തിനു ലക്ഷ്യം വയ്ക്കുക. സകലതും വളരെ പേടിച്ചും മൃദുവായും പാടുന്നതു ചിലരുടെ ഒരു പൊതു സ്വഭാവമാണ്. എന്നിരുന്നാലും, ഫ്രെഡറിക് നോഡ് ഇപ്രകാരം ശുപാർശ ചെയ്യുന്നു: “ഓരോ ഇനത്തിലും ഉച്ചത്തിലുള്ളതും മൃദുവായതുമായ എന്തെങ്കിലും വൈവിദ്ധ്യം ഉളവാക്കാൻ സദാ ശ്രമിക്കുക; ദൃഷ്ടാന്തത്തിന്, ഒരു ഭാഗം ആവർത്തിക്കുമ്പോൾ, ഏതാണ്ട് ഒരു പ്രതിധ്വനിയുടെ തോന്നൽ ഉളവാക്കിക്കൊണ്ട് ആദ്യ പ്രസ്താവം ഉച്ചത്തിൽ പാടുന്നതും പിന്നീട് ആവർത്തിക്കുന്ന ഭാഗം മൃദുവായി പാടുന്നതും മിക്കപ്പോഴും ഫലപ്രദമാണ്. . . . കേവലം സ്വരങ്ങളിൽനിന്നു വ്യത്യസ്തമാക്കിനിർത്തുന്ന ഇത്തരം വ്യത്യസ്തതകളിൽ സംഗീതാലാപനത്തിന്റെ പകുതി സംതൃപ്തിയും കണ്ടെത്താൻ കഴിയും.”
സ്വയം ആസ്വദിക്കുക. മുഷിപ്പനോ സഭാകമ്പമുള്ളവനോ സ്വാത്മബോധമുള്ളവനോ ആയി നിങ്ങൾ കാണപ്പെടുന്നെങ്കിൽ, നിങ്ങളുടെ അതിഥികൾ സ്വാസ്ഥ്യം അനുഭവിക്കുകയില്ല; ഏതെങ്കിലും പ്രസിദ്ധ കലാകാരനെ നിങ്ങൾ ബോധപൂർവം അനുകരിക്കുകയാണെങ്കിലും അവർക്കു വിനോദം അനുഭവപ്പെടുകയില്ല. സകല ദൃഷ്ടികളും നിങ്ങളുടെ മേലായിരിക്കുമ്പോൾ സ്വസ്ഥത തോന്നുക പ്രയാസമാണ്, എന്നാൽ ആയാസരാഹിത്യം തോന്നാനും നാട്യം ഒഴിവാക്കാനും ഉത്സാഹഭരിതനായിരിക്കാനും നിങ്ങൾ ചെയ്യുന്നത് ആസ്വദിക്കാനും നിങ്ങൾ പഠിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ നിങ്ങളുടെ സദസ്സു സ്വാസ്ഥ്യം അനുഭവിക്കുകയും നിങ്ങളുടെ വിനോദം ആസ്വദിക്കുകയും ചെയ്യുകയുള്ളു.
അതു ഹ്രസ്വമാക്കി നിർത്തുക! യഥാർഥ വിനോദക്കാരൻ സദസ്സ്യർ ആഗ്രഹിക്കുന്ന പാട്ടുകളുടെ എണ്ണത്തിൽ ഒന്നു കുറവു മാത്രമേ ആലപിക്കുകയുള്ളു, അവർ ആഗ്രഹിക്കുന്നതിനെക്കാൾ ഒരു പാട്ടുപോലും കൂടുതൽ പാടുകയില്ല. ഒരു സാധാരണ മുറിയിൽ, 20-ഓ 30-ഓ മിനിററുകൾക്കുശേഷം ആളുകൾ അസ്വസ്ഥരാകാൻ തുടങ്ങിയേക്കാം. നിങ്ങളുടെ അവതരണം അവസാനിക്കുമ്പോൾ, നിങ്ങളുടെ അതിഥികൾ സ്വതഃപ്രേരിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുവദിക്കുക. പരിപാടി കഴിഞ്ഞും അവർ പ്രീതിയോടെ അതു തുടർന്ന് ഓർക്കും, എന്തെന്നാൽ അവർ കൂടുതൽ ആഗ്രഹിക്കുന്ന ഒരവസ്ഥയിൽ നിങ്ങൾ അവരെ വിട്ടു.
സഭാകമ്പം കൈകാര്യം ചെയ്യൽ
വിദഗ്ദ്ധർപോലും സഭാകമ്പത്തോടു മല്ലിടുന്നു. എന്നിരുന്നാലും, അതു നിയന്ത്രിക്കാൻ അവർ പഠിക്കുകയും ചുരുങ്ങിയപക്ഷം സ്വസ്ഥതയുടെ ഒരു തോന്നൽ ഉളവാക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് അതുതന്നെ എങ്ങനെ ചെയ്യാൻ കഴിയും?
ഒരു സംഗതി, തയ്യാറാവുക! ഓരോ വർഷവും ആയിരക്കണക്കിനു പ്രസംഗങ്ങൾ വിലയിരുത്തിയ ഡേയ്ൽ കാർണകി ഇപ്രകാരം തറപ്പിച്ചു പറഞ്ഞു: “തയ്യാറായ ഒരു പ്രസംഗകനു മാത്രമേ ആത്മവിശ്വാസമുള്ളവനായിരിക്കാൻ കഴിയുകയുള്ളു.” വിനോദക്കാരെ സംബന്ധിച്ചും ഇതു തീർച്ചയായും സത്യമാണ്. മുന്നമേയുള്ള പരിശീലനത്തിനും പ്രകടനസമയത്തിനുമുമ്പുള്ള തയ്യാറെടുപ്പിനും വ്യത്യാസം ഉളവാക്കാൻ കഴിയും. പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ പരിപാടിയിൽ മുഴുകിയിരിക്കുക. നിങ്ങൾ അവതരിപ്പിക്കുന്ന സകലത്തെയും കുറിച്ചു ചിന്തിക്കുകയും അത് അനുഭവവേദ്യമാക്കുകയും ചെയ്യുക. ന്യൂ ഇംഗ്ലണ്ട് കൺസർവേറററി ഓഫ് മ്യൂസിക്കിലെ ഫ്രാങ്ക് ബാററ്സ്ററി ഇപ്രകാരം നിർദേശിക്കുന്നു: “വ്യക്തി ചെയ്യേണ്ട ഒരു കാര്യം തന്റെ മുഴുശ്രദ്ധയും താൻ ചെയ്യുന്നതിൽ കേന്ദ്രീകരിക്കുകയാണ്, അല്ലാതെ അതു സംബന്ധിച്ചു മററാരെങ്കിലും ചിന്തിക്കുന്നതിനെക്കുറിച്ച് ഉത്ക്കണ്ഠപ്പെടുകയല്ല. നിങ്ങൾക്ക് അത്തരം ശ്രദ്ധാകേന്ദ്രീകരണത്തിലേക്കു നിങ്ങളെ കൊണ്ടുവരാൻ കഴിയുന്നെങ്കിൽ, നിങ്ങൾക്കു യഥാർഥത്തിൽ പേടിച്ചിരിക്കാൻ കഴിയില്ല.”
നിങ്ങൾക്കൊരു പിശകു പററുന്നെങ്കിൽ വെപ്രാളം കാട്ടി അതു നിങ്ങളുടെ ശ്രോതാക്കളെ അറിയിക്കരുത്. തെററ് അധികം പേർ ശ്രദ്ധിച്ചിരിക്കുകയില്ല, ബാക്കിയുള്ളവർ മിക്കവാറും അതു കാര്യമാക്കുകയില്ല. സൂചനക്കായി അവർ നിങ്ങളിലേക്കു നോക്കും—പിശകു നിസ്സാരമാണെന്ന മട്ടിൽ നിങ്ങൾ അവതരണം തുടരുന്നെങ്കിൽ, അവർ അതിനെ അങ്ങനെതന്നെ വീക്ഷിക്കും.
സ്രഷ്ടാവിനെ ബഹുമാനിക്കുന്ന കഴിവ്
നിങ്ങളുടെ സ്നേഹിതർ വല്ലപ്പോഴും അവർക്കുവേണ്ടി പാടാൻ ആവശ്യപ്പെടുന്നെങ്കിൽ, നിങ്ങൾക്ക് അതിനുള്ള യോഗ്യത ഇല്ല എന്നു വിചാരിച്ചുകൊണ്ടു നിരസിക്കാൻ തിടുക്കം കാട്ടരുത്. അവർ പൂർണത ആഗ്രഹിച്ചിരുന്നെങ്കിൽ പകരം റെക്കോഡു ചെയ്ത സംഗീതം അവർ തിരഞ്ഞെടുക്കുമായിരുന്നില്ലേ? തന്റെ ചെറിയ ആസ്വാദ്യമായ ഭവനകൂടിവരവുകൾക്കു സ്നേഹിതരുടെ ഇടയിൽ അറിയപ്പെട്ടിരുന്ന അവിവാഹിതയായ ഒരു സ്ത്രീ ഇപ്രകാരം പറഞ്ഞു: “ഒരു അതിഥി സംഗീതാഭിരുചിയുള്ളയാളും വിനോദം നൽകാനും എല്ലാവരെയും അവതരണത്തിൽ ഉൾപ്പെടുത്താനും ഒരുങ്ങിയും വരുമ്പോൾ അത് എത്ര വിസ്മയകരമാണ്!”
അതേ, ഭവനത്തിലെ ഉജ്ജ്വലമായ വിനോദത്തിനു മാത്രമുള്ള ആവേശവും രസവും അനേകരും ആസ്വദിക്കുന്നു. വിദഗ്ദ്ധലോകത്തു കണ്ടെത്താൻ പ്രയാസമേറിവരുന്ന ആരോഗ്യാവഹമായ വിനോദമായിരിക്കാം നിങ്ങളുടെ സ്നേഹിതർ തേടുന്നത് എന്നും ഓർമിക്കുക. അതുകൊണ്ടു മററുള്ളവരെ വിനോദിപ്പിക്കാനുള്ള പ്രാപ്തിയുടെ വരം നിങ്ങൾക്കുണ്ടെങ്കിൽ, “എല്ലാ നല്ല ദാന”ത്തിന്റെയും “തികഞ്ഞ വര”ത്തിന്റെയും ദാതാവായ നമ്മുടെ മഹത്സ്രഷ്ടാവിന്റെ ബഹുമതിക്കായി അത് ഉപയോഗിക്കുക.—യാക്കോബ് 1:17. (g93 4/22)
[15-ാം പേജിലെ ചതുരം]
കൂടുതലായ വിജ്ഞാന നുറുങ്ങുകൾ
വൈവിദ്ധ്യമുള്ളവനായിരിക്കുക. വൈവിദ്ധ്യമാർന്ന ഇനങ്ങൾ നിങ്ങൾക്ക് അവതരിപ്പിക്കാൻ കഴിവുണ്ടെങ്കിൽ, ഓരോ വിഭാഗത്തിലും കുറച്ച് ഇനങ്ങൾ മാത്രമാണെങ്കിൽപ്പോലും, സദസ്സിന്റെ അഭിരുചികളെയും അഭ്യർഥനകളെയും തൃപ്തിപ്പെടുത്താൻ പ്രാപ്തനായിരിക്കുന്നതിന്റെ ആനുകൂല്യം നിങ്ങൾക്കുണ്ട്.
ആകർഷകമായ ഒരു ക്രമത്തിൽ നിങ്ങളുടെ വിഷയം ക്രമപ്പെടുത്തുക. ഹ്രസ്വവും തിരിച്ചറിയാവുന്നതുമായ ഇനങ്ങൾക്കൊണ്ടു തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്നതു സാധാരണമായി അത്യന്തം ഫലപ്രദമാണ്. വളരെ നീണ്ടതും സങ്കീർണവുമായ ഇനങ്ങൾ ഏതെങ്കിലും അവതരിപ്പിക്കുന്നെങ്കിൽ, അതു പരിപാടിയുടെ മദ്ധ്യഭാഗത്ത് അവതരിപ്പിക്കുന്നതാണ് ഏററവും നല്ലത്.
നിങ്ങളുടെ സദസ്സിനെ അംഗീകരിക്കുക. തുറിച്ചുനോട്ടം സദസ്സ്യരെ അസ്വസ്ഥരാക്കിയേക്കാമെന്നിരിക്കെ, പാട്ടുകളുടെ ഇടയ്ക്കു നിങ്ങളുടെ സദസ്സിനെ നോക്കി സംസാരിക്കാൻ നിങ്ങൾക്കു നിശ്ചയമായും കഴിയും.
പ്രകടനത്തെ മുമ്പോട്ടു കൊണ്ടുപോവുക. ഇടക്കിടക്കുള്ള ആമുഖ പ്രസ്താവനകൾ സ്വാസ്ഥ്യം അനുഭവിക്കാൻ (നിങ്ങൾ ഉൾപ്പെടെ) എല്ലാവരെയും സഹായിച്ചേക്കാമെങ്കിലും ഇത് അധികം ആകരുത്. കൂടാതെ അമിതമായ പുനർശ്രുതി മീട്ടലിനാൽ ഉളവാകുന്ന ദീർഘമായ ഇടവേളകൾ ഒഴിവാക്കുക. ദീർഘമായ വിളംബങ്ങളാൽ അസ്വസ്ഥരാകുന്നിടത്തോളം ആലാപനത്തിലെ ചെറിയ പ്രശ്നം നിങ്ങളുടെ ശ്രോതാക്കൾ ശ്രദ്ധിക്കാനിടയില്ല.