പാഠം 21
വിജ്ഞാനപരമായ വിവരങ്ങൾ, വ്യക്തമായി അവതരിപ്പിക്കുന്നു
1-3. ഒരുവന്റെ പ്രസംഗത്തെ വിജ്ഞാനപരമാക്കുന്നതിനു കൃത്യമായ വിവരങ്ങൾ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
1 മൂല്യവത്തായ പ്രസംഗങ്ങൾ ഉത്സുകമായ തയ്യാറാകലോടെ ആരംഭിക്കുന്നു. അതിനു സമയവും ശ്രമവും ആവശ്യമാണ്. എന്നാൽ അത് എത്ര പ്രതിഫലദായകമാണ്! നിങ്ങൾ നിങ്ങളുടെ സൂക്ഷ്മപരിജ്ഞാനത്തിന്റെ നിക്ഷേപം വർധിപ്പിക്കുന്നു, നിങ്ങളുടെ സദസ്സിനു പങ്കുവെക്കാൻ നിങ്ങൾക്കു യഥാർഥത്തിൽ പ്രയോജനകരമായ ചിലതുണ്ട്. സാമാന്യവിവരങ്ങൾ പറയുന്നതിനു പകരം നിങ്ങൾക്ക് പ്രകാശം പരത്തുന്ന വിശദാംശങ്ങൾ സമർപ്പിക്കാനുണ്ട്, നിങ്ങൾ പറയുന്നതു ശരിയാണെന്നു നിങ്ങൾക്കറിയാം. ഇതു ദൈവവചനത്തോടുളള സദസ്സിന്റെ വിലമതിപ്പു വർധിപ്പിക്കുന്നു, അങ്ങനെ യഹോവയെ ബഹുമാനിക്കുന്നു. വിജ്ഞാനപരമായ വിവരങ്ങൾ സംബന്ധിച്ച നമ്മുടെ പരിചിന്തനത്തിൽ വിശേഷാൽ നിങ്ങളുടെ പ്രസംഗത്തിൽ നിങ്ങൾ എന്തു പറയുന്നു എന്നത് ഉൾപ്പെട്ടിരിക്കുന്നു. ഈ സംഗതിയുടെ വിവിധ വശങ്ങൾ ചുരുക്കമായി പരിചിന്തിക്കുക. അതു പ്രസംഗ ഗുണദോഷച്ചീട്ടിലെ ഒന്നാമത്തെ പോയിൻറ് ആണ്.
2 കൃത്യമായ വിവരങ്ങൾ. സാമാന്യവിവരങ്ങൾ കൈകാര്യംചെയ്യുന്ന ഒരു പ്രസംഗത്തിനു ഘനവും ആധികാരികതയും ഇല്ല. അത് അവ്യക്തമാണ്. അതു സദസ്യരെ അനിശ്ചിതരായി വിടുന്നു. ആശയങ്ങൾ ഓർത്തിരിക്കണമെങ്കിൽ അവ കൃത്യമായിരിക്കണം, യഥാതഥമായിരിക്കണം. ഇതു ഗവേഷണത്തിന്റെയും വിഷയംസംബന്ധിച്ചുളള ഗ്രാഹ്യത്തിന്റെയും തെളിവു നൽകുന്നു.
3 തയ്യാറാകുന്ന സമയത്ത് എന്തുകൊണ്ട്, എപ്പോൾ, എവിടെ, മുതലായ ചോദ്യങ്ങൾ ചോദിക്കുന്നതിനാൽ ഈ ഗുണം ആർജിക്കാൻ കഴിയും. സാധാരണയായി, എന്തെങ്കിലും സംഭവിച്ചുവെന്നു പറഞ്ഞാൽപോരാ. സ്ഥലനാമങ്ങളും തീയതികളും ഒരുപക്ഷേ കാരണങ്ങളും നൽകുക. ചില സത്യങ്ങൾ പ്രസ്താവിക്കുന്നതു മതിയാകയില്ല. അവ സത്യമായിരിക്കുന്നത് എന്തുകൊണ്ട് എന്നു കാണിച്ചുകൊടുക്കുക; അത് അറിയുന്നതു മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ടെന്നു പ്രകടമാക്കുക. നിർദേശം കൊടുക്കുകയാണെങ്കിൽ ഒരു കാര്യം എങ്ങനെ ചെയ്യണമെന്നു വിശദീകരിക്കുക. ഇത്തരത്തിലുളള എത്രത്തോളം വികസിപ്പിക്കൽ അത്യാവശ്യമാണെന്നു നിർണയിക്കുന്നത് ഒരു സദസ്സിന് ഇപ്പോൾത്തന്നെ എത്രത്തോളം അറിയാമെന്നുളളതാണ്. അതുകൊണ്ട് ഏതു വിശദാംശങ്ങൾ ആവശ്യമായിരിക്കാമെന്നു തിട്ടപ്പെടുത്തുന്നതിനു സദസ്സിനെ പരിഗണിക്കുക.
4-6. നിങ്ങളുടെ പ്രസംഗം നിങ്ങളുടെ പ്രത്യേക സദസ്സിനു വിജ്ഞാനപരമായിരിക്കുന്നതിനു നിങ്ങൾ ഏതു ഘടകങ്ങൾ മനസ്സിൽ പിടിച്ചുകൊളളണം?
4 നിങ്ങളുടെ സദസ്സിനു വിജ്ഞാനപരം. ഒരു സദസ്സിനു വിജ്ഞാനപരമായിരിക്കാവുന്നതു മറെറാരു കൂട്ടത്തിന്റെ അറിവിനോടു യാതൊന്നും കൂട്ടാതിരുന്നേക്കാം, അല്ലെങ്കിൽ അത് അവരെ തികച്ചും ഇരുട്ടിലാക്കിയേക്കാം. പ്രസ്പഷ്ടമായി, അപ്പോൾ, വിവരങ്ങൾ ഒരു പ്രത്യേക സദസ്സിനു യോജിച്ചതായിരിക്കണം. ഉദാഹരണത്തിന്, നമ്മുടെ വേല നടത്തപ്പെടുന്ന വിധംസംബന്ധിച്ച ഒരു പ്രസംഗത്തിൽ, യഹോവക്കു സ്വയം സമർപ്പിക്കാൻ ഒരുങ്ങുന്ന ഒരാളോടു സംസാരിക്കുന്നതിൽനിന്നോ ഒരു ലൗകിക കൂട്ടത്തോടു പ്രസംഗിക്കുന്നതിൽനിന്നോ തികച്ചും വ്യത്യസ്തമായിട്ടായിരിക്കും ഒരു സേവനയോഗത്തിൽ വിവരം കൈകാര്യംചെയ്യുന്നത്.
5 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ വിവിധ നിയമനങ്ങളിലും ഈ ഘടകങ്ങൾ കണക്കിലെടുക്കേണ്ടതാണ്. ഏതു നിയമിതപ്രസംഗത്തിലും അവതരിപ്പിക്കുന്ന വിവരങ്ങൾ സദസ്സിനോടും രംഗവിധാനത്തോടും പ്രസംഗത്തിന്റെ ഉദ്ദേശ്യത്തോടുമുളള ബന്ധത്തിൽ പരിചിന്തിക്കണം. ഈ ഘടകങ്ങൾ പ്രസംഗത്തിന്റെ തരത്താലും പ്രസംഗകൻ ക്രമീകരിച്ചിരിക്കുന്ന രംഗവിധാനത്താലും നിർണയിക്കപ്പെടും. തീർച്ചയായും പ്രബോധനപ്രസംഗം സഭയോടുളള ഒരു പ്രസംഗമായിരിക്കും. മററു പ്രസംഗങ്ങൾ വ്യത്യസ്തമാകാം, സദസ്സും ഉദ്ദേശ്യവും രംഗവിധാനത്താൽ തിരിച്ചറിയിക്കപ്പെടുന്നു. എല്ലാ കേസുകളിലും വിദ്യാർഥിക്കും ഉപദേശകനും തങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കാവുന്നതാണ്, വിവരങ്ങൾ അവതരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രത്യേകസദസ്സിന് അനുയോജ്യമാക്കുന്നുണ്ടോ? സദസ്സിന് അതിനാൽ വിജ്ഞാനം വർധിക്കുകയും പ്രബോധനം ലഭിക്കുകയും ചെയ്യുമോ?
6 തയ്യാറാകലിൽ നിങ്ങളോടുതന്നെ ചോദിക്കുക, ഈ പ്രസംഗത്തിൽ എന്തു സാധിക്കാൻ ഞാൻ ആഗ്രഹിക്കുന്നു? ഞാൻ പറയാനാഗ്രഹിക്കുന്നതിൽ എത്രത്തോളം ഈ ആളിന് അല്ലെങ്കിൽ കൂട്ടത്തിന് ഇപ്പോൾത്തന്നെ അറിയാം? ഈ ആശയങ്ങൾ വ്യക്തമാക്കാൻ കഴിയുന്നതിനുമുമ്പു ഞാൻ ഏത് അടിസ്ഥാനമിടണം? ഞാൻ തികച്ചും വ്യത്യസ്തമായ ഒരു കൂട്ടത്തോട് ഇതു വ്യത്യസ്തമായി എങ്ങനെ പറയും? താരതമ്യങ്ങൾ മിക്കപ്പോഴും നമ്മുടെ വീക്ഷണഗതികളെ വ്യക്തമാക്കുന്നു. സദസ്സിനെ പരിഗണിക്കുന്നതിന്റെയും നിങ്ങൾ പ്രസംഗിക്കാൻ പോകുന്ന പ്രത്യേകസദസ്സിനു വിവരങ്ങൾ വിജ്ഞാനപരമാക്കുന്നതിന്റെയും വ്യത്യാസത്തിലെ അനുഭൂതി ലഭിക്കുന്നതിനു മാത്രം നിങ്ങളുടെ തയ്യാറാകലിൽ വ്യത്യസ്തകൂട്ടങ്ങളോടുളള വ്യത്യസ്ത സമീപനങ്ങൾ പരീക്ഷിക്കുക.
7, 8. നമുക്കു നമ്മുടെ പ്രസംഗങ്ങളെ എങ്ങനെ പ്രായോഗികമാക്കാം?
7 പ്രായോഗികമൂല്യമുളള വിവരങ്ങൾ. പഠിക്കാൻ ഒട്ടേറെയുണ്ട്, എന്നാൽ അതിൽ എല്ലാം പ്രായോഗികമല്ല. നമ്മേസംബന്ധിച്ച്, വിജ്ഞാനപരമായ വിവരങ്ങൾ ക്രിസ്തീയ ജീവിതത്തിന്, നമ്മുടെ ശുശ്രൂഷക്ക്, നാം അറിയേണ്ട കാര്യങ്ങളാണ്. നാം ആർജിച്ചിരിക്കുന്ന ഈ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നറിയാൻ നാം ആഗ്രഹിക്കുന്നു.
8 തയ്യാറാകുമ്പോൾ വിദ്യാർഥിക്കും ഗുണദോഷം കൊടുക്കുമ്പോൾ സ്കൂൾ മേൽവിചാരകനും പിൻവരുന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഈ പോയിൻറു പരിചിന്തിക്കാവുന്നതാണ്: പ്രസംഗത്തിൽ ഏതു മാർഗനിർദേശകതത്ത്വങ്ങളാണു കാണാനുളളത്? വിവരങ്ങൾ തീരുമാനങ്ങൾ എടുക്കുന്നതിന് ഉപയോഗിക്കാൻ കഴിയുമോ? അവതരിപ്പിക്കപ്പെടുന്ന വിവരങ്ങൾ വയൽശുശ്രൂഷക്ക് അനുയോജ്യമാക്കാൻ കഴിയുമോ? അതു ദൈവത്തിന്റെ വചനത്തെ മഹിമപ്പെടുത്തുകയും അവിടുത്തെ ഉദ്ദേശ്യത്തിലേക്കു വിരൽചൂണ്ടുകയും ചെയ്യുന്നുണ്ടോ? ഈ വിവരങ്ങളെല്ലാം പ്രദാനംചെയ്യാൻ അധികം പ്രസംഗങ്ങൾക്കു കഴിയുകയില്ല, എന്നാൽ പ്രായോഗികമായിരിക്കുന്നതിന്, അവതരിപ്പിക്കപ്പെടുന്ന വിവരങ്ങൾ സദസ്സിന് ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കാവുന്നവയായിരിക്കണം.
9-11. പ്രസ്താവനാകൃത്യത വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
9 പ്രസ്താവനാകൃത്യത. യഹോവയുടെ സാക്ഷികൾ സത്യത്തിന്റെ ഒരു സ്ഥാപനമാണ്. നാം സത്യം സംസാരിക്കാനും എല്ലാ സമയങ്ങളിലും എല്ലാ വിശദാംശങ്ങളിലും തികച്ചും കൃത്യതയുളളവരായിരിക്കാനും ആഗ്രഹിക്കണം. ഉപദേശംസംബന്ധിച്ചു മാത്രമല്ല, നമ്മുടെ ഉദ്ധരണികളിലും മററുളളവരെസംബന്ധിച്ചു നാം പറയുന്നതിലും അല്ലെങ്കിൽ നാം അവയെ അവതരിപ്പിക്കുന്ന രീതിയിലും ശാസ്ത്രവിവരങ്ങളോ വാർത്താസംഭവങ്ങളോ ഉൾപ്പെടുന്ന കാര്യങ്ങളിലും ഇങ്ങനെയായിരിക്കണം.
10 ഒരു സദസ്സിൽ ചെയ്യുന്ന തെററായ പ്രസ്താവനകൾ ആവർത്തിക്കപ്പെടുകയും തെററു വലുതാക്കപ്പെടുകയും ചെയ്തേക്കാം. ഒരു സദസ്സു തിരിച്ചറിയുന്ന തെററുകൾ മററു പോയിൻറുകൾ സംബന്ധിച്ച പ്രസംഗകന്റെ ആധികാരികതസംബന്ധിച്ചു സംശയങ്ങൾ ഉദിപ്പിക്കുന്നു, ഒരുപക്ഷേ സന്ദേശത്തിന്റെ സത്യത ചോദ്യംചെയ്തുകൊണ്ടുതന്നെ. അങ്ങനെയുളള പ്രസ്താവനകൾ കേൾക്കുന്ന പുതിയ താത്പര്യക്കാരൻ മറെറാരു സന്ദർഭത്തിൽ ഒരു വ്യത്യസ്തവീക്ഷണം പ്രസ്താവിച്ചുകേൾക്കുമ്പോൾ, യഹോവയുടെ സാക്ഷികളുടെ ഇടയിൽ ആശയപരമായ അനൈക്യമുണ്ടെന്നു നിഗമനത്തിലെത്തുകയും തന്റെ കാരണം വെളിപ്പെടുത്താതെപോലും സഹവാസം നിർത്തുകയും ചെയ്തേക്കാം.
11 വിദ്യാർഥി, വിശേഷാൽ സത്യത്തിൽ പഴക്കമില്ലാത്ത, തന്നിമിത്തം ദൈവവചനത്തിലെ ആഴമേറിയ കാര്യങ്ങളിൽ പൂർണമായും ഉറച്ചിട്ടില്ലാത്ത, ആൾ ചെയ്യുന്ന ഓരോ പ്രസ്താവനയെയും ഉപദേശകൻ പരുഷമായി വിമർശിക്കരുത്. മറിച്ച്, അദ്ദേഹം വിദ്യാർഥിയുടെ ചിന്തയെ നയപൂർവം കരുപ്പിടിപ്പിക്കാൻ സഹായിക്കുകയും മുന്നമേയുളള ശ്രദ്ധാപൂർവകമായ തയ്യാറാകലിനാൽ തന്റെ കൃത്യതയെ എങ്ങനെ മെച്ചപ്പെടുത്താമെന്നു കാണിച്ചുകൊടുക്കുകയും ചെയ്യും.
12, 13. വ്യക്തമാക്കുന്ന കൂടുതലായ വിവരങ്ങളുടെ മൂല്യം എന്താണ്?
12 വ്യക്തമാക്കുന്ന കൂടുതലായ വിവരങ്ങൾ. ധ്യാനത്തിന്റെ ഫലമായി അവതരിപ്പിക്കപ്പെടുന്നതോ ഒരു വിഷയംസംബന്ധിച്ചുളള കൂടുതലായ ഗവേഷണത്തിൽനിന്ന് എടുത്തേക്കാവുന്നതോ ആയ ആശയങ്ങൾക്ക് ഒരു പ്രസംഗത്തിനു വളരെയധികം സംഭാവനചെയ്യാൻ കഴിയും, ചിലപ്പോൾ സദസ്സിന് അപ്പോൾത്തന്നെ പരിചിതമായ വിവരങ്ങളുടെ പ്രബോധനാത്മകമല്ലാത്ത ആവർത്തനം ഒഴിവാക്കാനും കഴിയും. അത് അവതരണത്തിനു പുതുമ വർധിപ്പിക്കുകയും സദസ്സിന്റെ താത്പര്യത്തെ സജീവമാക്കുകയും ചെയ്യുന്നു, ചിലപ്പോൾ സുപരിചിതമായ ഒരു വിഷയത്തെ യഥാർഥത്തിൽ ആഹ്ലാദകരമാക്കാനും കഴിയും. കൂടാതെ, അതു പ്രസംഗകന് ആത്മധൈര്യം കൊടുക്കുന്നു. തനിക്ക് അവതരിപ്പിക്കാൻ അല്പം വ്യത്യസ്തമായ ചിലതുണ്ടെന്നുളള അറിവിൽനിന്നു സംജാതമായ ഒരു ഉത്സാഹത്തോടെ അയാൾ തന്റെ പ്രസംഗത്തെ സമീപിക്കുന്നു.
13 ഒഴിവാക്കേണ്ട ഒരു അപകടം സ്വന്തമായ അഭ്യൂഹമാണ്. സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുകയും അവയിൽ ആശ്രയിക്കുകയും ചെയ്യണം. സൊസൈററിയുടെ ഇൻഡെക്സുകളും തിരുവെഴുത്തുകൾസംബന്ധിച്ച അടിക്കുറിപ്പുകളും പരിശോധിക്കുക. നിങ്ങൾ പറയുന്നതു തെററിദ്ധരിപ്പിക്കുന്നതല്ല, പിന്നെയോ വ്യക്തത നൽകുന്നതാണെന്ന് ഉറപ്പുവരുത്തുക.
**********
14-16. കാര്യങ്ങൾ ലളിതമായി പ്രസ്താവിക്കത്തക്കവണ്ണം ഒരു പ്രസംഗം തയ്യാറാകുമ്പോൾ എന്തു ചെയ്യണം?
14 നിങ്ങളുടെ വിവരങ്ങൾ തയ്യാറാകുമ്പോൾ നിങ്ങൾക്കു പറയാനുളളത് എങ്ങനെ പറയാൻപോകുന്നുവെന്നതിന് അവധാനപൂർവകമായ ശ്രദ്ധ കൊടുക്കുന്നതും മൂല്യവത്താണ്. പ്രസംഗ ഗുണദോഷച്ചീട്ട് “വ്യക്തം, സുഗ്രാഹ്യം” എന്നു പരാമർശിക്കുന്നത് ഇതിനെയാണ്. ഇതിനു മതിയായ ശ്രദ്ധ കൊടുക്കുന്നതിലുളള പരാജയത്തിനു നിങ്ങളുടെ സദസ്സിന് ഒരു ധാരണ ഉളവാക്കുന്നതിൽനിന്നു നിങ്ങളെ തടയാൻ കഴിയും. അല്ലെങ്കിൽ അത് അവർ കേൾക്കുന്നത് ഓർത്തിരിക്കുന്നതിൽനിന്ന് അവരെ തടഞ്ഞേക്കാം. ഈ സംഗതിയിൽ പരിചിന്തിക്കേണ്ട മൂന്നു മുഖ്യവശങ്ങളുണ്ട്.
15 ലളിതമായി പ്രസ്താവിക്കപ്പെടുന്നു. പദപ്രയോഗങ്ങൾ നേരത്തെ ചിന്തിച്ചുവെക്കേണ്ടതുണ്ടെന്ന് ഇതിനർഥമില്ല. എന്നാൽ അവതരിപ്പിക്കപ്പെടേണ്ട ആശയങ്ങൾ അപഗ്രഥിക്കുകയും ചില സുനിശ്ചിതഘടകങ്ങൾ കണക്കിലെടുക്കുകയും വേണം. ഇതു പൊതുവേ ഒതുക്കമുളളതും ലളിതമായ ആശയാവിഷ്കരണത്തോടുകൂടിയതും വ്യക്തമായ ഭാഷയിൽ പറയുന്നതുമായ ഒരു പ്രസംഗത്തിൽ കലാശിക്കും. പ്രസംഗകന്റെ മനസ്സിൽ കുഴച്ചിലുളള ഒരു പ്രസംഗം അവതരണത്തിൽ കുഴഞ്ഞതായിരിക്കും.
16 അവസാനനിമിഷത്തിലെ തയ്യാറാകൽ ഒഴിവാക്കണം. പ്രസംഗത്തിലെ ഓരോ പോയിൻറും പ്രസംഗകനു ലളിതവും വ്യക്തവുമാകുന്നതുവരെ ഉടനീളം സുചിന്തിതമായിരിക്കണം. അവതരണത്തിനായി തയ്യാറാകുമ്പോഴത്തെ ഈ പോയിൻറുകളുടെ പുനരവലോകനം, ആവശ്യമായിരിക്കുമ്പോൾ അനായാസം പുറത്തുവരത്തക്കവണ്ണം അവയെ അയാളുടെ മനസ്സിൽ മൂർച്ചയുളളതാക്കുകയും സദസ്സിനും അതുപോലെതന്നെ പ്രസംഗകനും അവ സുവ്യക്തമായിരിക്കുകയും ചെയ്യും.
17, 18. പരിചിതമല്ലാത്ത പദങ്ങൾ വിശദീകരിക്കേണ്ടതെന്തുകൊണ്ട്?
17 പരിചിതമല്ലാത്ത പദങ്ങൾ വിശദീകരിക്കുന്നു. തിരുവെഴുത്തുകൾസംബന്ധിച്ച നമ്മുടെ പഠനവും വാച്ച് ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളും നമ്മുടെ വേല പരിചയമില്ലാത്തവർക്കു തികച്ചും അപരിചിതമായ വാക്കുകളുടെ ഒരു പദസമ്പത്തു നമുക്കു നൽകിയിരിക്കുന്നു. ഇതുപോലെയുളള പദങ്ങൾ ഉപയോഗിച്ചു നാം ചില സദസ്സുകൾക്കു ബൈബിളിലെ സത്യങ്ങൾ വിശദീകരിക്കുകയാണെങ്കിൽ, ഒന്നുകിൽ നാം പറയുന്നതിലധികവും നഷ്ടമാകും, അല്ലെങ്കിൽ നമ്മുടെ പ്രസംഗം തികച്ചും അഗ്രാഹ്യമായിരിക്കും.
18 നിങ്ങളുടെ സദസ്സിനെ പരിഗണിക്കുക. അവരുടെ ഗ്രാഹ്യത്തിന്റെ അളവെന്താണ്? നമ്മുടെ വേലയെക്കുറിച്ച് അവർക്ക് എന്തുമാത്രം അറിയാം? ഈ പദപ്രയോഗങ്ങളിൽ എത്രത്തോളം പ്രസംഗകനെന്നപോലെ അവർക്കും അനായാസം മനസ്സിലാകും? “ദിവ്യാധിപത്യം,” “ശേഷിപ്പ്,” “വേറെ ആടുകൾ” എന്നിവപോലുളള പദങ്ങളും “അർമഗെദ്ദോൻ,” “രാജ്യം” എന്നിവപോലും കേൾവിക്കാരുടെ മനസ്സിൽ ഒന്നുകിൽ വ്യത്യസ്തമായ ഒരു ആശയം കൊടുത്തേക്കാം, അല്ലെങ്കിൽ യാതൊരാശയവും കൊടുക്കാതിരുന്നേക്കാം. കേൾവിക്കാരനു നമ്മുടെ വേല പരിചിതമല്ലെങ്കിൽ “ദേഹി,” “നരകം,” “അമർത്ത്യത” എന്നിങ്ങനെയുളള പദങ്ങൾപോലും വ്യക്തമാക്കേണ്ടതുണ്ട്. എന്നാൽ സഭയോടാണു പ്രസംഗിക്കുന്നതെങ്കിൽ ഇങ്ങനെയുളള പദങ്ങൾ വിശദീകരിക്കേണ്ടതില്ല. അതുകൊണ്ട് രംഗവിധാനം കണക്കിലെടുക്കണം.
19, 20. നമുക്ക് എങ്ങനെ ആവശ്യത്തിലധികം വിവരങ്ങൾ ഉൾപ്പെടുത്തുന്നത് ഒഴിവാക്കാൻ കഴിയും?
19 ആവശ്യത്തിലധികം വിവരങ്ങൾ ഇല്ല. വിവരങ്ങളുടെ ബാഹുല്യം സദസ്സിനെ മുക്കി ഗ്രാഹ്യം മന്ദീഭവിപ്പിക്കുകയോ പൂർണമായും നഷ്ടപ്പെടുത്തുകയോ ചെയ്യത്തക്കവണ്ണം വളരെയധികം വിവരങ്ങൾ ഒരു പ്രസംഗത്തിലുണ്ടായിരുന്നേക്കാം. ഒരു പ്രസംഗത്തിന്റെ ഉദ്ദേശ്യം സാധിക്കുന്നതിന്, അനുവദിച്ചിരിക്കുന്ന സമയത്തു വ്യക്തമായി വികസിപ്പിക്കാവുന്നതിലധികം വിവരങ്ങൾ അവതരിപ്പിക്കരുത്. സദസ്സിനു ന്യായമായി ഉൾക്കൊളളാൻ കഴിയുന്നതിലധികം പ്രസ്താവിക്കരുത്. കൂടാതെ, ഒരു അപരിചിതനോ പുതിയ താത്പര്യക്കാരനോ വേണ്ടി അവതരിപ്പിക്കുന്ന വിവരങ്ങൾ ഒരു സഭക്ക് അവതരിപ്പിക്കുന്ന അതേവിഷയംസംബന്ധിച്ച വിവരങ്ങളോടുളള താരതമ്യത്തിൽ ഗണ്യമായി ലളിതമാക്കേണ്ടതുണ്ടായിരിക്കും. ഇവിടെയും പ്രസംഗകൻ അഭിസംബോധന ചെയ്യുന്ന സദസ്സിനെ ഉപദേശകൻ കണക്കിലെടുക്കണം.
20 ഒരു പ്രസംഗത്തിൽ എത്രത്തോളം വിവരങ്ങൾ ഉൾക്കൊളളിക്കണമെന്നു വിദ്യാർഥി എങ്ങനെയാണ് അറിയുക? താരതമ്യം തയ്യാറാകലിൽ ഒരു പ്രയോജനമായിരിക്കും. നിങ്ങൾക്ക് അവതരിപ്പിക്കാനുളളത് അപഗ്രഥിക്കുക. ഈ പോയിൻറുകളിൽ എത്രയെണ്ണം സദസ്സിന് ഇപ്പോൾത്തന്നെ ഭാഗികമായിട്ടെങ്കിലും അറിയാമായിരിക്കും? എത്രയെണ്ണം തികച്ചും പുതിയതായിരിക്കും? ഇപ്പോൾത്തന്നെയുളള അറിവിന്റെ അടിസ്ഥാനം എത്രയേറെ വിശാലമാണോ അത്രയേറെ അതിൻമേൽ ഒരു നിശ്ചിതസമയംകൊണ്ടു പടുത്തുയർത്താൻ കഴിയും. എന്നാൽ ചർച്ചചെയ്യാനുളള വിഷയംസംബന്ധിച്ചു പ്രായോഗികമായി ഒന്നും അറിയാൻപാടില്ലെങ്കിൽ, എത്രത്തോളമാണു പറയാൻപോകുന്നത് എന്നതും ഈ പോയിൻറുകൾ സദസ്സിനു ഗ്രഹിക്കാവുന്ന വിധം വിശദീകരിക്കുന്നതിന് എത്ര സമയം എടുക്കുമെന്നതും സംബന്ധിച്ച് വലിയ ശ്രദ്ധ പാലിക്കണം.