ഭാഗം 3
ശാസ്ത്രം—സത്യത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ തുടരുന്ന അന്വേഷണം
മതവും ശാസ്ത്രവും മോശമായ ഒരു മിശ്രണം
ശാസ്ത്ര സത്യത്തിനുവേണ്ടിയുള്ള ആയിരക്കണക്കിനു വർഷങ്ങളിലെ അന്വേഷണം തുടർന്നുള്ള ഗവേഷണത്തിന് ഒരു ഉറപ്പുള്ള അടിസ്ഥാനം ഇട്ടതായി തോന്നി. നിശ്ചയമായും യാതൊന്നിനും കൂടുതലായ പുരോഗതിക്കു വിഘ്നം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. പക്ഷേ, “ക്രിസ്താബ്ദം മൂന്നും നാലും അഞ്ചും നൂററാണ്ടുകളിൽ തീർച്ചയായും ശാസ്ത്രം മോശമായ നേട്ടമാണ് ഉണ്ടാക്കിയത്” എന്ന് ദ ബുക്ക് ഓഫ് പോപ്പുലർ സയൻസ് പറയുന്നു.
മുഖ്യമായി രണ്ടു സംഭവങ്ങൾ ഈ സാഹചര്യം ഉളവാകാൻ ഗണ്യമായ പങ്കു വഹിച്ചു. ഒന്നാം നൂററാണ്ടിൽ യേശുക്രിസ്തുവിനോടുകൂടി മതപരമായ ഒരു പുതിയ കാലഘട്ടം ആനയിക്കപ്പെട്ടിരുന്നു. അതിന് പല ദശകങ്ങൾക്കുമുമ്പ്, പൊ.യു.മു. [പൊതുയുഗത്തിനു മുമ്പ്] 31-ൽ റോമാ സാമ്രാജ്യത്തിന്റെ സ്ഥാപനത്തോടെ ഒരു പുതിയ രാഷ്ട്രീയ യുഗം ജൻമമെടുത്തിരുന്നു.
തങ്ങൾക്കു മുമ്പുണ്ടായിരുന്ന ഗ്രീക്കു തത്ത്വചിന്തകരിൽനിന്നു വ്യത്യസ്തമായി, “അമൂർത്ത സത്യത്തിനുവേണ്ടിയുള്ള അന്വേഷണത്തെക്കാൾ ജീവിതത്തിലെ ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലായിരുന്നു” റോമാക്കാർക്ക് “ഏറെ താത്പര്യമുണ്ടായിരുന്നത്” എന്നു മേൽപ്പറഞ്ഞ പരാമർശഗ്രന്ഥം പറയുന്നു. അതുകൊണ്ട്, യുക്ത്യാനുസൃതം “യഥാർഥ ശാസ്ത്രത്തിനുള്ള അവരുടെ സംഭാവനകൾ വളരെ തുച്ഛമായിരുന്നു.”
എന്നിരുന്നാലും, അക്കാലംവരെ കുന്നുകൂടിയിരുന്ന ശാസ്ത്ര വിജ്ഞാനം കൈമാറുന്നതിൽ റോമാക്കാർ ഒരു ഉപകരണമായി വർത്തിച്ചു. ഉദാഹരണത്തിന്, സ്വാഭാവിക ചരിത്രം (Natural History) എന്നു വിളിക്കപ്പെട്ട ഒരു ശാസ്ത്ര സമാഹാരം എൽഡർ പ്ലിനി ഒന്നാം നൂററാണ്ടിൽ രചിച്ചു. തെററുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള തലമുറകൾക്കു നഷ്ടമാകുമായിരുന്ന നാനാവിധ ശാസ്ത്ര വിവരങ്ങൾ അതു പരിരക്ഷിക്കുകതന്നെ ചെയ്തു.
മതത്തെ സംബന്ധിച്ചാണെങ്കിൽ, സത്വരം വികസിച്ചുകൊണ്ടിരുന്ന ക്രിസ്തീയ സഭ അക്കാലത്തെ ശാസ്ത്ര സംബന്ധമായ അന്വേഷണത്തിൽ ഉൾപ്പെട്ടില്ല. ക്രിസ്ത്യാനികൾ ശാസ്ത്ര സംബന്ധമായ അന്വേഷണത്തോട് അതിൽത്തന്നെ എതിരായിരുന്നു എന്നല്ല, പിന്നെയോ, ക്രിസ്തുതന്നെ വച്ചപ്രകാരം ക്രിസ്തീയ മുൻഗണന വ്യക്തമായി മതപരമായ സത്യം ഗ്രഹിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും ആയിരുന്നു.—മത്തായി 6:33; 28:19, 20.
ഒന്നാം നൂററാണ്ടിന്റെ അവസാനത്തിനുമുമ്പുതന്നെ പ്രചരിപ്പിക്കാൻ തങ്ങളെ ചുമതലപ്പെടുത്തിയിരുന്ന മതപരമായ സത്യത്തോടു വിശ്വാസത്യാഗികളായ ക്രിസ്ത്യാനികൾ മായം ചേർക്കാൻ തുടങ്ങിയിരുന്നു. പിന്നീട്, മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, വിശ്വാസത്യാഗം സംഭവിച്ച ക്രിസ്ത്യാനിത്വത്തിന്റെ ഒരു രൂപം സ്ഥാപിക്കുന്നതിലേക്ക് ഇതു നയിച്ചു. (പ്രവൃത്തികൾ 20:30; 2 തെസ്സലൊനീക്യർ 2:3; 1 തിമൊഥെയൊസ് 4:1) അവരുടെ മതപരമായ സത്യത്തിന്റെ നിരസനത്തോടൊപ്പം ശാസ്ത്ര സത്യത്തിന്റെ നേർക്ക് ഉദാസീനതയുടെ ഒരു മനോഭാവം—ചിലപ്പോൾ ശത്രുതയുടെ ഒരു മനോഭാവം പോലും—ഉണ്ടായി എന്നു തുടർന്നുണ്ടായ സംഭവവികാസങ്ങൾ പ്രകടമാക്കി.
“ക്രിസ്തീയ” യൂറോപ്പിനു നായകത്വം നഷ്ടമാകുന്നു
മധ്യയുഗങ്ങളിൽ (5മുതൽ 15വരെയുള്ള നൂററാണ്ടുകൾ), “യൂറോപ്പിൽ പണ്ഡിതൻമാർ പ്രകൃതിയെക്കുറിച്ചുള്ള പഠനത്തെക്കാൾ ദൈവശാസ്ത്രത്തിൽ അഥവാ മതത്തെക്കുറിച്ചുള്ള പഠനത്തിൽ കൂടുതൽ തത്പരരായിരുന്നു” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ വിശദീകരിക്കുന്നു. “പ്രകൃതിയെക്കുറിച്ചുള്ള പര്യവേക്ഷണത്തിനുപകരം, രക്ഷയ്ക്കു കൊടുത്ത ഈ ഊന്നൽ ശാസ്ത്രത്തിന് ഒരു പ്രചോദനം ആയിരിക്കുന്നതിനെക്കാൾ ഏറെയും ഒരു തടസ്സമായിരുന്നു” എന്ന് കോളിയേഴ്സ് എൻസൈക്ലോപീഡിയ ചൂണ്ടിക്കാണിക്കുന്നു.
ക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ അത്തരം ഒരു തടസ്സമായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നില്ല. എന്നുവരികിലും, സങ്കല്പിത അമർത്ത്യദേഹിയുടെ രക്ഷയ്ക്കു നൽകുന്ന അമിതമായ ഊന്നൽ ഉൾപ്പെടെ, ക്രൈസ്തവലോകത്തിന്റെ വ്യാജമത സങ്കല്പനങ്ങളുടെ നൂലാമാല ഈ വികാസത്തെ പ്രോത്സാഹിപ്പിച്ചു. പഠനത്തിലധികവും സഭയുടെ നിയന്ത്രണത്തിൻ കീഴിലായിരുന്നു, മുഖ്യമായും ഇതു മഠങ്ങളിൽ നടത്തിയിരുന്നു. മതപരമായ ഈ മനോഭാവം ശാസ്ത്ര സത്യത്തിനായുള്ള അന്വേഷണത്തെ മന്ദീഭവിപ്പിച്ചു.
പൊതുയുഗത്തിന്റെ ആരംഭംമുതൽത്തന്നെ ദൈവശാസ്ത്രത്തെ അപേക്ഷിച്ചു ശാസ്ത്ര കാര്യങ്ങൾക്കു രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളു. പ്രസ്താവയോഗ്യമായ ഒരേയൊരു പ്രായോഗിക ശാസ്ത്ര മുന്നേററം ചികിത്സാരംഗത്തായിരുന്നു. ദൃഷ്ടാന്തത്തിന്, “റോമാക്കാരുടെ ഹിപ്പക്രററിസ്” എന്നു വിളിക്കപ്പെട്ട, പൊ.യു. [പൊതുയുഗം] ഒന്നാം നൂററാണ്ടിലെ വൈദ്യശാസ്ത്ര ലേഖകനായ ഔലുസ് കെൽസസ് ഇപ്പോൾ വൈദ്യശാസ്ത്രത്തിലെ ഒരു വിശ്വോത്തര കൃതി എന്നു ഗണിക്കപ്പെടുന്ന പുസ്തകം രചിച്ചു. നീറോയുടെ റോമൻ സൈന്യത്തോടൊപ്പം ഉണ്ടായിരുന്ന ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായ പെഡനിയുസ് ഡയസ്കോറിഡീസ് എന്ന ഗ്രീക്ക് ഔഷധശാസ്ത്രജ്ഞൻ നൂററാണ്ടുകളോളം വ്യാപകമായി ഉപയോഗിച്ചിരുന്ന മരുന്നുകളെ സംബന്ധിച്ച ശ്രദ്ധേയമായ ഒരു പാഠപുസ്തകം പൂർത്തിയാക്കി. രണ്ടാം നൂററാണ്ടിലെ ഒരു ഗ്രീക്കുകാരനായ ഗാലൻ പരീക്ഷണപരമായ ശരീരശാസ്ത്രം സ്ഥാപിക്കുകവഴി തന്റെ കാലംമുതൽ മധ്യയുഗങ്ങളിലുടനീളം വൈദ്യശാസ്ത്രസിദ്ധാന്തത്തെയും പരിശീലനത്തെയും സ്വാധീനിച്ചു.
പതിനഞ്ചാം നൂററാണ്ടിനുശേഷംപോലും ശാസ്ത്ര സ്തംഭനാവസ്ഥയുടെ കാലഘട്ടം തുടർന്നു. ഈ കാലത്തു യൂറോപ്യൻ ശാസ്ത്രജ്ഞർ കണ്ടുപിടിത്തങ്ങൾ നടത്തിയെന്നതു സത്യംതന്നെ, എന്നാൽ അവയിലധികവും സ്വന്തമായി കണ്ടുപിടിച്ചതല്ലായിരുന്നു. ടൈം മാസിക ഇപ്രകാരം കുറിക്കൊള്ളുന്നു: “ലോകത്തിലെ ആദ്യത്തെ ശാസ്ത്ര നായകൻമാർ ചൈനാക്കാരായിരുന്നു. യൂറോപ്യൻമാരെക്കാൾ ദീർഘകാലംമുമ്പുതന്നെ വടക്കുനോക്കിയന്ത്രം ഉപയോഗിക്കാനും കടലാസ്സും കരിമരുന്നും ഉണ്ടാക്കാനും എടുത്തു മാററാവുന്ന അക്ഷരം കൊണ്ട് അച്ചടിക്കാനും അവർക്ക് അറിയാമായിരുന്നു.”
അങ്ങനെ “ക്രിസ്തീയ” യൂറോപ്പിലെ ശാസ്ത്ര ചിന്തയുടെ പൊതുവായ അഭാവം നിമിത്തം, ക്രിസ്ത്യേതര സംസ്കാരങ്ങൾ മുന്നണിയിലായി.
ശാസ്ത്ര പുരോഗതി
ഒൻപതാം നൂററാണ്ടായതോടെ, അറബി ശാസ്ത്രജ്ഞർ ശാസ്ത്ര കാര്യങ്ങളിൽ അതിവേഗം നായകൻമാരായിത്തീരുകയായിരുന്നു. വിശേഷിച്ച് 10-ഉം 11-ഉം നൂററാണ്ടുകളിൽ—ഫലപ്രദമല്ലാത്ത വിധത്തിൽ ക്രൈസ്തവലോകം പ്രവർത്തിച്ചപ്പോൾ—അവർ നേട്ടത്തിന്റെ ഒരു സുവർണയുഗം ആസ്വദിച്ചു. അവർ വൈദ്യശാസ്ത്രത്തിനും, രസതന്ത്രത്തിനും, സസ്യശാസ്ത്രത്തിനും, ഭൗതികശാസ്ത്രത്തിനും, ജ്യോതിശാസ്ത്രത്തിനും, സർവോപരി ഗണിതശാസ്ത്രത്തിനും വിലപ്പെട്ട സംഭാവനകൾ നൽകി. (18-ാം പേജിലെ ചതുരം കാണുക.) “ആധുനിക ത്രികോണമിതിയും അതുപോലെതന്നെ ബീജഗണിതവും ക്ഷേത്രഗണിതവും ഗണ്യമായ അളവിൽ അറബികളുടെ സൃഷ്ടിയാണ്” എന്ന് കൊളംബിയ യൂണിവേഴ്സിററിയിലെ അറബിഭാഷയുടെ സഹപ്രൊഫസ്സറായ മാൻ ഇസ്സഡ്. മാഡിന പറയുന്നു.
ഈ ശാസ്ത്ര വിജ്ഞാനത്തിലധികവും സാക്ഷാത്തായി കണ്ടുപിടിച്ചതായിരുന്നു. എന്നാൽ ഇവയിൽ ചിലതു ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെ വിശാലമായ അസ്ഥിവാരത്തിൻമേൽ അടിസ്ഥാനപ്പെട്ടിരുന്നതും വിചിത്രമായി മതപരമായ ഉൾപ്പെടലിലൂടെ കൈവരുത്തപ്പെട്ടതുമായിരുന്നു.
പൊതുയുഗത്തിൽ താരതമ്യേന ആരംഭത്തിൽ ക്രൈസ്തവലോകം പേർഷ്യയിലേക്കും അതിനുശേഷം അറേബ്യയിലേക്കും ഇൻഡ്യയിലേക്കും വ്യാപിച്ചു. അഞ്ചാം നൂററാണ്ടിൽ കോൺസ്ററാൻറിനോപ്പിളിലെ പാത്രിയാർക്കീസായ നെസ്റേറാറിയസ് പൗരസ്ത്യസഭയ്ക്കുള്ളിൽ പിളർപ്പിനിടയാക്കിയ ഒരു വിവാദത്തിൽ കുടുങ്ങി. ഇതു നെസ്റേറാറിയൻമാർ എന്ന ഒരു വിഘടിത കൂട്ടത്തിന്റെ രൂപവത്ക്കരണത്തിലേക്കു നയിച്ചു.
ഏഴാം നൂററാണ്ടിൽ പുതുമതമായ ഇസ്ലാം ലോകരംഗത്തേക്ക് ഇരച്ചുകയറുകയും വ്യാപനത്തിനുള്ള അതിന്റെ യജ്ഞം ആരംഭിക്കുകയും ചെയ്തപ്പോൾ, നെസ്റേറാറിയൻമാർ പെട്ടെന്നുതന്നെ തങ്ങളുടെ അറിവ് അറേബ്യൻ ജേതാക്കൾക്കു കൈമാറി. ദി എൻസൈക്ലോപീഡിയ ഓഫ് റിലിജെൻ പറയുന്നതനുസരിച്ച്, “ഗ്രീക്ക് പാഠങ്ങൾ സുറിയാനിയിലേക്കും പിന്നീട് അറബിയിലേക്കും പരിഭാഷപ്പെടുത്തിക്കൊണ്ടു ഗ്രീക്കുശാസ്ത്രത്തെയും തത്ത്വചിന്തയെയും ആദ്യം പ്രോത്സാഹിപ്പിച്ചവർ നെസ്റേറാറിയൻമാരായിരുന്നു.” “ബാഗ്ദാദിൽ ഗ്രീക്ക് ചികിത്സാരീതി ആദ്യമായി കൊണ്ടുവന്നതും” അവരായിരുന്നു. അറേബ്യൻ ശാസ്ത്രജ്ഞർ നെസ്റേറാറിയൻമാരിൽനിന്നു പഠിച്ച കാര്യങ്ങളുടെമേൽ പടുത്തുയർത്താൻ തുടങ്ങി. അറേബ്യൻ സാമ്രാജ്യത്തിൽ ശാസ്ത്രഭാഷയെന്നനിലയിൽ അറബിഭാഷ സുറിയാനിഭാഷയെ മാററിസ്ഥാപിച്ചു, അതു ശാസ്ത്ര സംബന്ധമായ എഴുത്തിനു വളരെ യോജിച്ചതാണെന്നു തെളിയുകയും ചെയ്തു.
അറബികൾ അറിവു ആർജിക്കുക മാത്രമല്ല, അതു വ്യാപിപ്പിക്കുകയും ചെയ്തു. സങ്കരനീഗ്രോവർഗക്കാർ സ്പെയിനിലൂടെ യൂറോപ്പിലേക്കു നീങ്ങിയപ്പോൾ—700 വർഷത്തിലധികം അവിടെ പാർക്കാൻ—ഉദ്ബുദ്ധമായ ഒരു മുസ്ലീം സംസ്കാരം അവർ കൂടെ കൊണ്ടുപോന്നു. ആയിരത്തിതൊണ്ണൂററിയാറിനും 1272-നും ഇടയ്ക്കുണ്ടായ കുരിശുയുദ്ധങ്ങൾ എന്നു വിളിക്കപ്പെടുന്ന എട്ടു പോരാട്ടങ്ങളുടെ സമയത്ത്, തങ്ങളുമായി സമ്പർക്കത്തിൽ വന്ന ഉദ്ബുദ്ധ ഇസ്ലാമിക സംസ്കാരത്തിൽ പാശ്ചാത്യ കുരിശുയോദ്ധാക്കൾക്കു മതിപ്പുണ്ടായി. ഒരു ഗ്രന്ഥകാരൻ പറഞ്ഞതുപോലെ “ഒരു കൂട്ടം പുതിയ ധാരണകളോടെ” അവർ തിരികെപ്പോയി.
അറബികളുടെ ഗണിതശാസ്ത്രലഘൂകരണം
യൂറോപ്പിന് അറബികൾ നൽകിയ ഏററവും ശ്രദ്ധേയമായ ഒരു സംഭാവന അക്ഷരങ്ങളുടെ റോമൻ ഉപയോഗത്തെ മാററിസ്ഥാപിക്കുന്നതിന് അറേബ്യൻ അക്കങ്ങൾ അവതരിപ്പിച്ചതായിരുന്നു. യഥാർഥത്തിൽ, “അറബി അക്കങ്ങൾ” എന്നുള്ളതു തെററായ ഒരു പേരാണ്. ഒരുപക്ഷേ കൂടുതൽ കൃത്യമായ പദം “ഹൈന്ദവ-അറബി അക്കങ്ങൾ” ആണ്. അറബി ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ അൽക്വാർസ്മി ഈ സമ്പ്രദായത്തെക്കുറിച്ച് എഴുതുകയുണ്ടായി, എന്നാൽ അതിന് ഒരായിരം വർഷം മുമ്പ് അതായത്, പൊ.യു.മു. മൂന്നാം നൂററാണ്ടിൽ ഇത് ആവിഷ്കരിച്ച ഭാരതത്തിലെ ഹൈന്ദവ ഗണിതശാസ്ത്രജ്ഞരിൽനിന്നാണ് അദ്ദേഹം ഇതു സ്വീകരിച്ചത്.
പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ ലിയാനാർഡോ ഫിബോണാഷ (പിസ്സയിലെ ലിയണാർഷാ എന്നും അറിയപ്പെടുന്നു) 1202-ൽ ലിബെർ അബാക്കിയിൽ (ഗണനയന്ത്ര ഗ്രന്ഥം) ഈ സമ്പ്രദായം അവതരിപ്പിക്കുന്നതിനുമുമ്പ്, യൂറോപ്പിൽ ഇതു തീരെ അറിയപ്പെട്ടിരുന്നില്ല. ഈ സമ്പ്രദായത്തിന്റെ പ്രയോജനം പ്രകടമാക്കിക്കൊണ്ട് അദ്ദേഹം ഇപ്രകാരം വിശദീകരിച്ചു: “ഒൻപത് ഭാരതീയ അക്കങ്ങൾ 9 8 7 6 5 4 3 2 1 എന്നിവയാണ്. ഈ ഒൻപത് അക്കങ്ങളും 0 എന്ന സംജ്ഞയും ഉപയോഗിച്ച് . . . ഏതു സംഖ്യവേണമെങ്കിലും എഴുതാം.” ആദ്യം യൂറോപ്യൻമാർ പ്രതികരിക്കാൻ മടിച്ചുനിന്നു. എന്നാൽ മധ്യയുഗത്തിന്റെ അവസാനമായപ്പോഴേക്കും ഈ പുതിയ സംഖ്യാ സമ്പ്രദായം അവർ സ്വീകരിച്ചുകഴിഞ്ഞിരുന്നു, അതിന്റെ ലാളിത്യം ശാസ്ത്ര പുരോഗതിയെ പ്രോത്സാഹിപ്പിച്ചു.
നേരത്തെ ഉപയോഗിച്ചിരുന്ന റോമൻ അക്കങ്ങളുടെ ഒരു ലഘൂകരണമാണു ഹൈന്ദവ-അറബി അക്കങ്ങളെന്ന് ഇതിനെ നിങ്ങൾ സംശയിക്കുന്നെങ്കിൽ, MCMXCIII-ൽനിന്ന് LXXIX കുറയ്ക്കാൻ ശ്രമിച്ചുനോക്കുക. ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? 1,993-ൽനിന്ന് 79 കുറയ്ക്കാൻ ഒരുപക്ഷേ കുറേക്കൂടി എളുപ്പമായിരിക്കും.
യൂറോപ്പിൽ താത്പര്യം പുനർജ്വലിപ്പിക്കുന്നു
പന്ത്രണ്ടാം നൂററാണ്ടിൽ തുടങ്ങി, മുസ്ലീം ലോകത്തു ഉജ്ജ്വലമായി കത്തിജ്ജ്വലിച്ചുനിന്ന പാണ്ഡിത്യത്തിലുള്ള താത്പര്യം മങ്ങാൻ തുടങ്ങി. എന്നിരുന്നാലും, യൂറോപ്പിൽ പണ്ഡിതസംഘങ്ങൾ ആധുനിക സർവകലാശാലകളുടെ മുൻരൂപങ്ങൾ രൂപവത്ക്കരിക്കാൻ തുടങ്ങിയപ്പോൾ അതു പുനർജ്വലിക്കപ്പെട്ടു. പന്ത്രണ്ടാം നൂററാണ്ടിന്റെ മധ്യത്തിൽ, പാരീസിലെയും ഓക്സ്ഫോർഡിലെയും സർവകലാശാലകൾ രൂപംകൊണ്ടു. തുടർന്നു പതിമൂന്നാം നൂററാണ്ടിന്റെ ആരംഭത്തിൽ കേംബ്രിഡ്ജ് സർവകാലാശാല ഉടലെടുത്തു, പ്രേഗിലെയും ഹെയ്ഡൽബർഗിലെയും സർവകലാശാലകൾ 14-ാം നൂററാണ്ടിലും. പത്തൊൻപതാം നൂററാണ്ടായപ്പോഴേക്കും സർവകലാശാലകൾ ശാസ്ത്ര ഗവേഷണത്തിന്റെ സിരാകേന്ദ്രങ്ങളായി മാറി.
ആരംഭത്തിൽ ഈ വിദ്യാലയങ്ങൾ മതത്താൽ ശക്തമായി സ്വാധീനിക്കപ്പെട്ടിരുന്നു, പഠനങ്ങളിലധികവും ദൈവശാസ്ത്രത്തിൽ കേന്ദ്രീകരിച്ചതോ അതിനോടു ചായ്വു പുലർത്തിയതോ ആയിരുന്നു. എന്നാൽ അതേസമയം ഈ വിദ്യാലയങ്ങൾ ഗ്രീക്ക് തത്ത്വശാസ്ത്രം സ്വീകരിച്ചു, വിശേഷിച്ച് അരിസ്റേറാട്ടിലിന്റെ എഴുത്തുകൾ. ദി എൻസൈക്ലോപീഡിയ ഓഫ് റിലിജെൻ പറയുന്നതനുസരിച്ച്, “മധ്യയുഗത്തിലുടനീളമുണ്ടായിരുന്ന . . . പണ്ഡിതരീതി . . . പാഠവ്യാഖ്യാനത്തിന്റെയും വിഷമപ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെയും കാര്യത്തിൽ നിർവചിക്കലിന്റെയും വിഭാഗിക്കലിന്റെയും ന്യായവാദത്തിന്റെയും അരിസ്റേറാട്ടിലിയൻ യുക്തിവാദപ്രകാരമുള്ള ഘടനയിലായിരുന്നു.”
അരിസ്റേറാട്ടിലിയൻ പഠിപ്പിക്കലിനെ ക്രിസ്തീയ ദൈവശാസ്ത്രത്തോടു സംയോജിപ്പിക്കാൻ തുനിഞ്ഞ 13-ാം നൂററാണ്ടിലെ ഒരു പണ്ഡിതൻ തോമസ് അക്വിനാസ് ആയിരുന്നു, പിന്നീട് അദ്ദേഹം “ക്രിസ്തീയ അരിസ്റേറാട്ടിൽ” എന്നു വിളിക്കപ്പെട്ടു. എന്നാൽ ചില ആശയങ്ങൾ സംബന്ധിച്ച് അദ്ദേഹം അരിസ്റേറാട്ടിലിനോടു വിയോജിച്ചു. ദൃഷ്ടാന്തത്തിന്, ലോകം സൃഷ്ടിക്കപ്പെട്ടതാണെന്നുള്ളതിൽ തിരുവെഴുത്തുകളോടു യോജിച്ചുകൊണ്ട്, അത് എല്ലായ്പോഴും സ്ഥിതിചെയ്തിരുന്നു എന്ന സിദ്ധാന്തത്തെ അക്വിനാസ് തള്ളിക്കളഞ്ഞു. “യുക്തിയുടെ വെളിച്ചത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ചിട്ടപ്പെടുത്തിയ പ്രപഞ്ചമാണു നമ്മുടേത് എന്ന വിശ്വാസത്തോടു ദൃഢമായി” പററിനിന്നുകൊണ്ട് അദ്ദേഹം “ആധുനിക ശാസ്ത്രത്തിന്റെ വികാസത്തിന് വിലപ്പെട്ട സംഭാവന നൽകി” എന്ന് ദ ബുക്ക് ഓഫ് പോപ്പുലർ സയൻസ് പറയുന്നു.
എന്നിരുന്നാലും പൊതുവെ, അരിസ്റേറാട്ടിലിന്റെയും ടോളമിയുടെയും ഗാലന്റെയും പഠിപ്പിക്കലുകൾ പിഴവുപററാത്ത സത്യമായി സഭപോലും സ്വീകരിക്കുകയുണ്ടായി. നേരത്തെ സൂചിപ്പിച്ച പരാമർശകൃതി ഇപ്രകാരം വിശദീകരിക്കുന്നു: “ശാസ്ത്രീയ പരീക്ഷണത്തിലും നേരിട്ടുള്ള നിരീക്ഷണത്തിലും ഉള്ള താത്പര്യം ഏററവും താഴ്ന്ന നിലയിലായിരുന്ന മധ്യയുഗങ്ങളിൽ, അരിസ്റേറാട്ടിലിന്റെ വാക്കു നിയമമായിരുന്നു. അനേകം ‘ശാസ്ത്ര’ നിരീക്ഷണങ്ങൾ തെളിയിക്കാൻ മധ്യയുഗങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തകർ ഉപയോഗിച്ചിരുന്ന വാദം ഇപ്സെ ഡിക്സിററ് (‘അദ്ദേഹം തന്നെയാണതു പറഞ്ഞത്’) എന്നതായിരുന്നു. ഈ സാഹചര്യങ്ങളിൽ, വിശേഷിച്ചു ഭൗതികശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ഉള്ള അരിസ്റേറാട്ടിലിന്റെ തെററുകൾ നൂററാണ്ടുകളോളം ശാസ്ത്ര പുരോഗതിയെ വിഘ്നപ്പെടുത്തി.”
മുൻകാല വീക്ഷണങ്ങളോടുള്ള ഈ അന്ധമായ പററിനിൽപ്പിനെ വെല്ലുവിളിച്ച ഒരാൾ 13-ാം നൂററാണ്ടിലെ ഓക്സ്ഫോർഡ് സന്യാസിയായ റോജർ ബേക്കൺ ആയിരുന്നു. “മധ്യകാല ശാസ്ത്രത്തിലെ ഏററവും മഹാനായ വ്യക്തി” എന്നു വിളിക്കപ്പെട്ട ബേക്കൺ ശാസ്ത്ര സത്യങ്ങൾ പഠിക്കുന്നതിനുള്ള ഒരു മാർഗം പരീക്ഷണമാണെന്നു വാദിക്കുന്നതിൽ മിക്കവാറും ഒററക്കായിരുന്നു. ആയിരത്തിയിരുനൂററിയറുപത്തൊമ്പത് എന്ന വർഷത്തോളംമുമ്പുതന്നെ, വ്യക്തമായും മററുള്ളവർ ഈ വസ്തുതകൾ മനസ്സിലാക്കുന്നതിനു നൂററാണ്ടുകൾ മുമ്പ്, അദ്ദേഹം ഓട്ടോമൊബൈൽ വാഹനങ്ങളെയും വിമാനങ്ങളെയും മോട്ടോർ കപ്പലുകളെയും കുറിച്ചു മുൻകൂട്ടിപ്പറഞ്ഞതായി പറയപ്പെടുന്നു.
എങ്കിൽപ്പോലും, ദീർഘവീക്ഷണവും അതിശയനീയ ബുദ്ധിപാടവവും ഉണ്ടായിരുന്നിട്ടും ബേക്കൺ വസ്തുതകൾ സംബന്ധിച്ച തന്റെ പരിജ്ഞാനത്തിൽ പരിമിതിയുള്ളവനായിരുന്നു. അദ്ദേഹം ജ്യോതിഷത്തിലും മന്ത്രവാദത്തിലും രസവിദ്യയിലും (alchemy) ശക്തമായി വിശ്വസിച്ചിരുന്നു. എല്ലായ്പോഴും മാററത്തിനു വിധേയമായ, സത്യത്തിനുവേണ്ടിയുള്ള തുടരുന്ന അന്വേഷണമാണ് ശാസ്ത്രം എന്ന് ഇതു തെളിയിക്കുന്നു.
പതിനാലാം നൂററാണ്ടിൽ ശാസ്ത്രാന്വേഷണം മരവിച്ചുപോയതായി തോന്നിയെങ്കിലും, പതിനഞ്ചാം നൂററാണ്ട് അതിന്റെ അവസാനത്തോടടുത്തപ്പോൾ, ശാസ്ത്ര സത്യത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം അശേഷം അവസാനിച്ചിരുന്നില്ല. വാസ്തവത്തിൽ, അടുത്ത 500 വർഷം അവയ്ക്കു മുമ്പുണ്ടായിരുന്നവയെ വളരെയധികം നിഷ്പ്രഭമാക്കുമായിരുന്നു. ലോകം ശാസ്ത്ര വിപ്ലവത്തിന്റെ കവാടത്തിങ്കൽ നിലകൊണ്ടു. ഏതു വിപ്ലവത്തെയും സംബന്ധിച്ചു സത്യമായിരിക്കുന്നതുപോലെ ഇതിനും അതിന്റെ വീരപുരുഷൻമാരും വില്ലൻമാരും, സർവോപരി അതിന്റെ ഇരകളും ഉണ്ടായിരിക്കുമായിരുന്നു. ഞങ്ങളുടെ അടുത്ത ലക്കത്തിലെ “ശാസ്ത്രം—സത്യത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ തുടരുന്ന അന്വേഷണ”ത്തിന്റെ നാലാം ഭാഗത്തു കൂടുതൽ പഠിക്കുക. (g93 5/8)
[18-ാം പേജിലെ ചതുരം]
അറേബ്യൻ ശാസ്ത്രത്തിന്റെ സുവർണയുഗം
അൽക്വാറിസ്മി (എട്ട്-ഒൻപതു നൂററാണ്ട്) ഇറാക്കി ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു; ആൾജിബെർ എന്നതിൽനിന്ന് “ആൾജിബ്ര” (ബീജഗണിതം) എന്ന പദം നിർമിച്ചതിനു പ്രശസ്തൻ. അറബിയിൽ അതിന്റെ അർഥം “പൊട്ടിപ്പോയ ഭാഗങ്ങളുടെ സംയോജനം” എന്നാണ്.
അബൂ മൂസാ യാബിർ ഇബൻഹിയാൻ (എട്ട്-ഒൻപതു നൂററാണ്ട്) രസവിദ്യാവിദഗ്ദ്ധൻ ആയിരുന്നു; അറേബ്യൻ രസതന്ത്രത്തിന്റെ പിതാവ് എന്നു വിളിക്കപ്പെടുന്നു.
അൽ-ബട്ടാനി (ഒൻപത്-പത്തു നൂററാണ്ട്) ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു; ബഹിരാകാശത്തെ സംബന്ധിച്ച ടോളമിയുടെ കണക്കുകൂട്ടലുകളെ പരിഷ്കരിച്ചു, അങ്ങനെ സംവത്സരത്തിന്റെയും ഋതുക്കളുടെയും ദൈർഘ്യം കൂടുതൽ കൃത്യതയോടെ തിട്ടപ്പെടുത്തി.
അറാസി (റെയ്സസ്) (ഒൻപത്-പത്തു നൂററാണ്ട്) പേർഷ്യയിൽ ജനിച്ച സുപ്രസിദ്ധ ഡോക്ടർമാരിൽ ഒരുവനായിരുന്നു; ഇദ്ദേഹം ആദ്യമായി വസൂരിയും അഞ്ചാംപനിയും തമ്മിൽ വേർതിരിച്ചറിയുകയും വസ്തുക്കളെ പ്രാണിജം, സസ്യജം, അല്ലെങ്കിൽ ധാതവം എന്നിങ്ങനെ തരംതിരിക്കുകയും ചെയ്തു.
ബസ്രയിലെ അബു അലി അൽ-ഹസ്സൻ ഇബിൻ-അൽ-ഹിതം (അൽഹസ്സൻ) (പത്ത്-പതിനൊന്നു നൂററാണ്ട്) ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായിരുന്നു; അപഭംഗവും (refraction) പ്രതിഫലനവും ബൈനോക്കുലർ ദൃശ്യവും വായുമണ്ഡലത്തിലെ അപഭംഗവും ഉൾപ്പെടെ പ്രകാശശാസ്ത്ര സിദ്ധാന്തത്തിനു ശ്രദ്ധേയമായ സംഭാവനകൾ നൽകി; ഒരു വസ്തുവിൽനിന്നു കണ്ണുകളിലേക്കു വരുന്ന പ്രകാശത്തിന്റെ ഫലമാണ് കാഴ്ച എന്നു ശരിയായിത്തന്നെ ആദ്യം വിവരിച്ചത് അദ്ദേഹമായിരുന്നു.
ഒമർ ഖയാം (പതിനൊന്ന്-പന്ത്രണ്ടു നൂററാണ്ട്) പേരുകേട്ട പേർഷ്യൻ ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും ഭിഷഗ്വരനും തത്ത്വചിന്തകനും ആയിരുന്നു; തന്റെ കവിതയ്ക്കു പാശ്ചാത്യലോകത്ത് അത്യന്തം പ്രസിദ്ധൻ.
[16-ാം പേജിലെ ചിത്രങ്ങൾ]
അരിസ്റേറാട്ടിലും (മുകളിൽ) പ്ലേറേറായും (താഴെ) നൂററാണ്ടുകളിലുടനീളം ശാസ്ത്ര ചിന്തയെ ശക്തമായി സ്വാധീനിച്ചു
[കടപ്പാട്]
National Archaeological Museum of Athens
Musei Capitolini, Roma