ഭാഗം 4
ശാസ്ത്രം—സത്യത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ തുടരുന്ന അന്വേഷണം
ശാസ്ത്രത്തിന്റെ നവീകരണം വിപ്ലവത്താൽ
പതിനെട്ടാം നൂററാണ്ടിന്റെ ഉത്തരാർധത്തിൽ ആദ്യം അമേരിക്കയിലും പിന്നെ ഫ്രാൻസിലുമായി വിപ്ലവങ്ങൾ രാഷ്ട്രീയ ഭൂപ്രദേശത്തിന്റെ രൂപം മാററിയതോടെ ലോകം പ്രക്ഷുബ്ധമായി. അതേസമയം, ഇംഗ്ലണ്ടിൽ മറെറാരുതരം വിപ്ലവം ആരംഭിച്ചു, വ്യവസായ വിപ്ലവം. ഇതു വേറൊരു തരം വിപ്ലവത്തിനു വളരെ സംഭാവനചെയ്യുകയുണ്ടായി, ശാസ്ത്രീയമായ ഒന്നിന്.
പോളിഷ് ബഹിരാകാശ ശാസ്ത്രജ്ഞനായ നിക്കോളോസ് കോപ്പർനിക്കസും ബെൽജിയൻ ശരീര ശാസ്ത്രജ്ഞനായ ആൻഡ്രീസ് വെസാലിയസും ശാസ്ത്രചിന്തയെ ആഴമായി സ്വാധീനിച്ച ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച 1540-കൾമുതൽ, ചിലർ ശാസ്ത്രത്തിന്റെ പുനർജനനത്തിനു തീയതി കുറിക്കുന്നു. മററുചിലർ ആ മാററം ഉണ്ടായത് അതിലും നേരത്തെയാണെന്ന്, അതായത് ലിയനാദോ ദ വിഞ്ചി ജനിച്ച 1452-ൽ ആണെന്നു സ്ഥാപിക്കുന്നു, ശാസ്ത്രത്തിന് എണ്ണമററ സംഭാവനകൾ നൽകിയിട്ടുള്ള ഒരു ഗവേഷണപടുവായ ലിയനാദോ വളർത്തിയെടുത്ത ചില ആശയങ്ങൾ, വിമാനവും സൈനിക ടാങ്കും പാരച്യൂട്ടും പോലെ നൂററാണ്ടുകൾക്കുശേഷം മുളച്ചുവന്ന കണ്ടുപിടിത്തങ്ങളുടെ വിത്തുകളായിരുന്നു.
എന്നാൽ നാമിപ്പോൾ മനസ്സിലാക്കുന്ന ശാസ്ത്രം, “പതിനേഴും പതിനെട്ടും നൂററാണ്ടുകൾവരെ പാശ്ചാത്യസമൂഹത്തിൽ ഒരു നിലനിൽക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ വേരുറച്ചിരുന്നില്ല” എന്നു കൊളംബിയ യൂണിവേഴ്സിററിയിലെ റിട്ട. പ്രൊഫസറായ എർനസ്ററ് നെയ്ഗൾ പ്രസ്താവിക്കുന്നു. ഒരിക്കൽ അത് അങ്ങനെയൊന്ന് ആയിത്തീർന്നപ്പോൾ, മനുഷ്യചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവ് എത്തിക്കഴിഞ്ഞിരുന്നു. ദ സൈൻറിസ്ററ് എന്ന പുസ്തകം ഇപ്രകാരം സൂചിപ്പിക്കുന്നു: ഏതാണ്ട് 1590-നും 1690-നും മധ്യേ ബുദ്ധിജീവികളുടെ ഒരു സമൂഹം . . . മറേറതൊരു 100 വർഷകാലഘട്ടത്തിലും സംഭവിക്കാത്തവിധം ഗവേഷണത്തെ പൂത്തുലയുമാറാക്കി.”
വില്ലൻമാർ വഴിത്താരയെ അന്ധകാരമാക്കുന്നു
വികട ശാസ്ത്രങ്ങളും തഴച്ചുവളർന്നു, അവയുടെ അബദ്ധ സിദ്ധാന്തങ്ങൾ വില്ലൻമാരുടെ കാര്യത്തിലെന്നപോലെ യഥാർഥ ശാസ്ത്രത്തിന്റെ വളർച്ചക്കു വിഘാതമായി ഭവിച്ചു. സാങ്കല്പിക അഗ്നിതത്ത്വം (phlogiston theory) ഇവയിലൊന്നാണ്. “ഫ്ളോജിസ്ററൺ” എന്ന ഗ്രീക്കുപദത്തിന്റെ അർഥം “അഗ്നിക്കിരയായത്” എന്നാണ്. കത്തുപിടിക്കുന്ന പദാർഥങ്ങൾ കത്തുമ്പോൾ ഫ്ളോജിസ്ററൺ പുറത്തുവിടുന്നു എന്നു വിശ്വസിച്ച ജോർജ് എർനസ്ററ് സ്റേറാളാണ് 1702-ൽ ഈ സിദ്ധാന്തം അവതരിപ്പിച്ചത്. അദ്ദേഹം ഫ്ളോജിസ്ററണിനെ ഒരു യഥാർഥ പദാർഥമായി കാണുന്നതിനുപകരം ഒരു തത്ത്വമായി സങ്കല്പിച്ചു. എന്നാൽ അതൊരു യഥാർഥ പദാർഥം ആയിരുന്നുവെന്ന വിശ്വാസം വർഷങ്ങളായി വളർന്നുവന്നിരിക്കുന്നു. ആയിരത്തെഴുന്നൂറെറഴുപതിനും 1790-നും ഇടക്ക് ആൻറ്വോൺ ലോറാൻ ലവോസിയർ ഈ സിദ്ധാന്തത്തിന്റെ വിലയിടിച്ചു കാണിക്കുന്നതുവരെ ധാരണ നിലനിന്നു.
ദ ബുക്ക് ഓഫ് പോപ്പുലർ സയൻസ് ഇപ്രകാരം സമ്മതിച്ചു പറയുന്നു: ഫ്ളോജിസ്ററൺ സിദ്ധാന്തം “നിശ്ശേഷം തെററായിരുന്നപ്പോഴും, അത് ഒരു കാലംവരെ പല പ്രാകൃതിക പ്രതിഭാസങ്ങളെയും വ്യക്തമായി വിശദീകരിച്ച പ്രാവർത്തികമായൊരു സിദ്ധാന്തത്തിന്റെ ഗുണം ചെയ്തു. അതു വർഷങ്ങളിലൂടെ തൂക്കിനോക്കി കുറവുള്ളതായി കാണപ്പെട്ട അനവധി ശാസ്ത്ര സങ്കല്പങ്ങളിൽ ഒന്നുമാത്രമാണ്.”
രസവാദവിദ്യ (Alchemy) ആണു മറെറാരു വില്ലൻ. ഹറാപ്പ്സ് ഇല്ലസ്ട്രേററഡ് ഡിക്ഷണറി ഓഫ് സയൻസ് അതിനെ “മൂലലോഹങ്ങളെ സ്വർണമാക്കി മാററാനും ആയുസ്സു ദീർഘിപ്പിക്കാനും അമർത്ത്യതയുടെ രഹസ്യം കണ്ടുപിടിക്കാനും ലക്ഷ്യമിട്ടു നാനാപ്രകാരത്തിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന, ക്രിസ്താബ്ദത്തിനുമുമ്പ് ഉത്ഭവംകൊണ്ട തത്ത്വശാസ്ത്രത്തിന്റെയും ഗൂഢവിദ്യയുടെയും രാസ സാങ്കേതികവിദ്യയുടെയും ഒരു മിശ്രണം” എന്നു നിർവചിക്കുന്നു. തിരസ്കരിക്കപ്പെടുന്നതിനു മുമ്പ് ആൽക്കമി ആധുനിക രസതന്ത്രത്തിന് അടിത്തറപാകുന്നതിൽ സഹായിച്ചു, അതു 17-ാം നൂററാണ്ടിന്റെ അവസാനത്തോടെ പരിണാമദശ പൂർത്തിയായ ഒരു പാഠ്യരൂപമായിത്തീർന്നു.
വില്ലൻമാരെങ്കിലും, ഫ്ളോജിസ്ററൺ സിദ്ധാന്തത്തിനും ആൽക്കമിക്കും ചില മൂല്യവത്തായ സവിശേഷതകൾ ഉണ്ടായിരുന്നു. മതപ്രേരണ നിമിത്തം ശാസ്ത്രവിരുദ്ധ മനോഭാവങ്ങളെ ഊട്ടിവളർത്തിയ മനുഷ്യവില്ലൻമാർ പക്ഷേ, അങ്ങനെ ആയിരുന്നില്ല. പ്രാപഞ്ചിക കാര്യങ്ങളുടെമേൽ പൂർണ അധികാരം അവകാശപ്പെടുന്ന പ്രകൃതിശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള കിടമത്സരം, പലപ്പോഴും നഗ്നമായ ഏററുമുട്ടലിലേക്കു നയിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്, പൊ.യു. രണ്ടാം നൂററാണ്ടിൽ, പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനായ ടോളമി, ജിയോസെൻട്രിക് സിദ്ധാന്തം കണ്ടുപിടിച്ചു, അതായത്, ഗ്രഹങ്ങൾ വൃത്താകൃതിയിൽ ഭ്രമണം ചെയ്യുമ്പോൾ, എപ്പിസൈക്കിൾ എന്നു വിളിക്കപ്പെടുന്ന വൃത്തകേന്ദ്രവും മറെറാരു വൃത്തത്തിന്റെ പരിധിയിലൂടെ ഗതി ചെയ്യുന്നു. ഇതു ഗണിതശാസ്ത്ര പാടവത്തിന്റെ പരമോദാഹരണമായിരുന്നു, 16-ാം നൂററാണ്ടായതോടെ വ്യാപകമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞ സൂര്യന്റെയും ചന്ദ്രന്റെയും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ആകാശത്തിലുള്ള പ്രകടമായ ചലനത്തിന് ഇതു വിശദീകരണവുമായിരുന്നു.
കോപ്പർനിക്കസ് (1473-1543) ഒരു ബദൽ സിദ്ധാന്തം വികസിപ്പിച്ചു. ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങൾ സൂര്യനു ചുററും കറങ്ങുമ്പോൾ സൂര്യൻ നിശ്ചലമാണെന്ന് അദ്ദേഹം വിശ്വസിച്ചു. മേലാൽ പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലാത്ത ഒരു ചലിക്കുന്ന ഭൂമിയുടെ ഈ ആശയം സത്യമാണെങ്കിൽ, അതിനു ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടായിരിക്കും. ഇതിനുശേഷം നൂറു വർഷം ആകുന്നതിനുമുമ്പ്, ഇററാലിയൻ ബഹിരാകാശ ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലി ദൂരദർശിനികളിലൂടെ നടത്തിയ നിരീക്ഷണങ്ങൾ ഭൂമി സൂര്യനു ചുററും കറങ്ങുന്നുവെന്നുള്ള കോപ്പർനിക്കസിന്റെ സിദ്ധാന്തം തീർച്ചയായും ശരിയാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. പക്ഷേ കത്തോലിക്കാ സഭ ഗലീലിയോയുടെ വീക്ഷണങ്ങളെ മതവിരുദ്ധമെന്ന നിലയിൽ തിരസ്കരിക്കുകയും അവ പിൻവലിക്കുവാൻ നിർബന്ധിക്കുകയും ചെയ്തു.
മതപരമായ പിശകുകൾ സഭാപണ്ഡിതൻമാർ ശാസ്ത്ര സത്യങ്ങൾ നിഷേധിക്കാനിടയാക്കി. ഏതാണ്ടു 360-ഓളം വർഷം കഴിഞ്ഞാണു ഗലീലിയോയെ മതവിരോധിയെന്നനിലയിലുള്ള കുററങ്ങളിൽനിന്നു സഭ വിമുക്തനാക്കിയത്. എൽ ഒസ്സർവറേറാർ റൊമാനൊ, 1992, നവംബർ 4-ലെ അതിന്റെ ആഴ്ചപ്പതിപ്പിൽ ഗലീലിയോയ്ക്കെതിരെയുള്ള കേസിൽ പററിയ “നിഗമനങ്ങളിലെ അബദ്ധം” സമ്മതിച്ചു പറഞ്ഞു.
വില്ലൻമാർ ഇന്നുമുണ്ട്
ഇതുപോലെ, ഈ 20-ാം നൂററാണ്ടിൽ ക്രൈസ്തവലോകത്തിലെ മതങ്ങൾ സത്യത്തോട് ഒരു സമാനമായ അനാദരവു പ്രകടമാക്കുന്നു. ശാസ്ത്രീയവും മതപരവുമായ സത്യത്തിന്റെ മുൻപിൽവച്ച്, തെളിയിക്കപ്പെടാത്ത ശാസ്ത്രീയ സിദ്ധാന്തങ്ങൾക്കു മുൻതൂക്കം കൊടുത്തുകൊണ്ടാണ് അവർ ഇതു ചെയ്യുന്നത്. തെളിയിക്കാനാവാത്ത പരിണാമസിദ്ധാന്തമാണ് ഏററവും നല്ല ഉദാഹരണം. അടിസ്ഥാനപരമായി പറഞ്ഞാൽ, അതു സാരമായ പാകപ്പിഴ പററിയ ശാസ്ത്ര“പരിജ്ഞാന”ത്തിന്റെയും വ്യാജമായ മതപഠിപ്പിക്കലുകളുടെയുംa ജാരസന്തതിയാണ്.
ചാൾസ് ഡാർവിൻ, 1859, നവംബർ 24-ന് ഓൺ ദി ഒറിജിൻ ഓഫ് സ്പീഷിസ് ബൈ മീൻസ് ഓഫ് നാച്ചുറൽ സെലക്ഷൻ എന്ന തന്റെ ഗ്രന്ഥം പ്രസാധനം ചെയ്തു. എന്നാൽ പരിണാമം എന്ന ആശയം ക്രിസ്തുവിന്റെ കാലഘട്ടത്തിനു മുമ്പേ ജൻമമെടുത്തതാണ്. ദൃഷ്ടാന്തത്തിന്, ഗ്രീക്കു തത്ത്വചിന്തകനായ അരിസ്റേറാട്ടിൽ, മനുഷ്യനെ താണതരം ജന്തുജീവികളിൽനിന്നു പരിണമിച്ചുവരുന്ന ശ്രേണിയിൽ മുകളിലായി ചിത്രീകരിച്ചു. ആദ്യമൊക്കെ വൈദികർ ഡാർവിന്റെ സിദ്ധാന്തത്തെ തിരസ്കരിച്ചു, എന്നാൽ ദ ബുക്ക് ഓഫ് പോപ്പുലർ സയൻസ് ഇപ്രകാരം എഴുതുന്നു: “പരിണാമം ഒരു ശാസ്ത്രീയ സിദ്ധാന്തത്തെക്കാൾ ഉപരിയായ എന്തോ ആയിത്തീർന്നു . . . അത് ഒരു പോർവിളിയും ഒരു തത്ത്വശാസ്ത്രവും പോലും ആയിത്തീർന്നിരിക്കുന്നു.” ഏററവും അനുയോജ്യമായവയുടെ അതിജീവനം എന്ന ആശയം, ജീവിതത്തിൽ ഏററവും ഉയർന്ന സ്ഥാനത്തെത്താൻ ഉദ്യമിക്കുന്ന ആളുകൾക്ക് ആകർഷകമായി.
വൈദികവിരോധം പെട്ടെന്നുതന്നെ അപ്രത്യക്ഷമായി. “ഡാർവിന്റെ പരിണാമ സിദ്ധാന്തം കേവലം അംഗീകാരം മാത്രമല്ല മാറെറാലികൊള്ളുന്ന പ്രശംസയും കൈവരിച്ചിട്ടുണ്ട്. കൂടാതെ 1883-ലെ അദ്ദേഹത്തിന്റെ മരണത്തോടെ ഭാവനാസമ്പന്നരും വാഗ്മികളുമായ വൈദികരിൽ ഏറിയപങ്കും പരിണാമം തിരുവെഴുത്തിന്റെ വ്യക്തമായ ഗ്രാഹ്യത്തോടു പൂർണമായും പൊരുത്തത്തിലായിരുന്നു എന്ന നിഗമനത്തിലെത്തിച്ചേർന്നു” എന്ന് ദി എൻസൈക്ലോപീഡിയ ഓഫ് റിലിജെൻ പറയുന്നു.
അവർ അപ്രകാരം ചെയ്തത്, ദ ബുക്ക് ഓഫ് പോപ്പുലർ സയൻസ്-ന്റെ പിൻവരുന്ന ഏററുപറച്ചിൽപ്പോലും അവഗണിച്ചിട്ടാണ്: “ജൈവപരിണാമ സിദ്ധാന്തത്തിന്റെ ഏററവും അടിയുറച്ച പിന്തുണക്കാർക്കുപോലും ഡാർവിന്റെ മൂല സിദ്ധാന്തത്തിൽ സുവ്യക്തമായ പിശകുകളും വിള്ളലുകളും ഉണ്ടായിരുന്നെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു.” “ഡാർവിന്റെ മൂല സിദ്ധാന്തത്തിന്റെ അധികഭാഗവും മാററംവരുത്തിയിട്ടുള്ളതാണ് അല്ലെങ്കിൽ തള്ളിക്കളഞ്ഞിട്ടുള്ളതാണ്” എന്നു പറയുന്നുവെങ്കിലും, ആ പുസ്തകം “മനുഷ്യപ്രവർത്തനത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലുമുള്ള” പരിണാമത്തിന്റെ “സ്വാധീനം വളരെ വലുതായിരുന്നിട്ടുണ്ട് എന്നും ചരിത്രവും പുരാവസ്തുശാസ്ത്രവും മാനവവംശശാസ്ത്രവും ഈ സിദ്ധാന്തം നിമിത്തം വിപുലമായ മാററങ്ങൾക്കു വിധേയമായിട്ടുണ്ട്” എന്നും പറയുന്നു.
ഇന്ന്, ചിന്തകരായ അനേകം ശാസ്ത്രജ്ഞൻമാർ പരിണാമ സിദ്ധാന്തത്തെ ഗൗരവമായി ചോദ്യം ചെയ്യുന്നു. കേംബ്രിഡ്ജ് ഇൻസ്ററിററ്യൂട്ട് ഓഫ് തിയെറെററിക്കൽ അസ്ട്രോണമിയുടെ സ്ഥാപകനും അമേരിക്കൻ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ അംഗവും ആയ സർ ഫ്രെഡ് ഹോയിൽ ഏതാണ്ട് 10 വർഷം മുമ്പ് ഇങ്ങനെ എഴുതി: “അപ്രായോഗികമായി കാണപ്പെട്ട ഒരു സിദ്ധാന്തം ഇത്ര വ്യാപകമായി വിശ്വസിക്കപ്പെടാൻ ഇടവന്നതു ദുരൂഹമായിരിക്കുന്നതായി ഭാവിയിലെ ശാസ്ത്ര ചരിത്രകാരൻമാർ കണ്ടെത്തും എന്നതു സംബന്ധിച്ച് എനിക്കു വ്യക്തിപരമായി തെല്ലും സംശയമില്ല.”
മമനുഷ്യന്റെ നിലനിൽപ്പിന്റെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ടു പരിണാമം സ്രഷ്ടാവിന് അർഹതപ്പെട്ടതെല്ലാം അപഹരിക്കുന്നു. അതു ശാസ്ത്രീയമാണ് എന്നു വ്യാജമായി അവകാശവാദം ചെയ്തുകൊണ്ടു ശാസ്ത്രീയ സത്യത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ തുടരുന്ന അന്വേഷണത്തിന്റെ വിലകെടുത്തുന്നു. കമ്മ്യൂണിസത്തിന്റെ ഉയർച്ചക്കു പിൻബലം നൽകാൻ പരിണാമത്തെയും ‘ഏററവും അനുയോജ്യമായവയുടെ അതിജീവനത്തെയും’ (survival of the fittest) കാൾ മാർക്സ് സസന്തോഷം ആശ്ലേഷിച്ചു. എന്നാൽ പരിണാമം ഏററവും നിന്ദ്യമായ തരത്തിലുള്ള ഒരു വില്ലനാണ്.
ഇരകൾ ആരെല്ലാം?
വികടശാസ്ത്ര സിദ്ധാന്തങ്ങൾ വിശ്വസിക്കുന്നതിലേക്കു വഴിതെററിക്കപ്പെട്ടിരിക്കുന്ന ആരുംതന്നെ ഒരു ഇരയായിത്തീരുകയാണ്. എന്നാൽ ശാസ്ത്രീയ സത്യങ്ങൾ വിശ്വസിക്കുന്നതിൽപ്പോലും ആപത്തു സ്ഥിതിചെയ്യുന്നു. ശാസ്ത്രീയ വിപ്ലവത്തിന്റെ ഫലങ്ങളായ ഗംഭീരമായ ശാസ്ത്രീയ പുരോഗതികൾ പ്രാപ്യമല്ലാത്തതായി ഇക്കാലത്ത് ഒന്നും ഇല്ലെന്നു വിശ്വസിപ്പിച്ചുകൊണ്ട് അനേകരെ വഴിതെററിച്ചിരിക്കുന്നു.
ശാസ്ത്രീയ പുരോഗതി വ്യാജമതം ഒരു കാലത്തു പുലർത്തിപ്പോന്ന ശാസ്ത്രവിരുദ്ധ മനോഭാവങ്ങൾക്കു തുരങ്കം വയ്ക്കുന്നതിൽ തുടർന്നപ്പോൾ ഈ വിശ്വാസം ബലപ്പെട്ടു. വ്യാപാരലോകവും രാഷ്ട്രീയലോകവും തങ്ങളുടെ ലക്ഷ്യങ്ങൾ, അവ പണപരമായ നേട്ടമായാലും ശരി, രാഷ്ട്രീയ ശക്തിയുടെ സമാഹരണമായാലും ശരി അവ നേടിയെടുക്കാൻ പ്രയോഗിക്കേണ്ട ഒരു ശക്തമായ ആയുധമായി ശാസ്ത്രത്തെ തിരിച്ചറിയുവാൻ തുടങ്ങി.
കൃത്യമായി പറഞ്ഞാൽ, ശാസ്ത്രീയത്വത്തിനു ജൻമം കൊടുത്തുകൊണ്ട് ശാസ്ത്രം സാവധാനം ഒരു ദൈവമായിത്തീരുകയായിരുന്നു. വെബ്സ്റേറഴ്സ് നയന്ത് ന്യൂ കൊളിജിയേററ് ഡിക്ഷണറി ഇതിനെ “ഗവേഷണത്തിന്റെ എല്ലാ മേഖലകളിലും പ്രയോഗിച്ചിട്ടുള്ള ശാസ്ത്രമാർഗങ്ങളുടെ ക്ഷമതയിലുള്ള അതിരുകവിഞ്ഞ വിശ്വാസം” എന്നു നിർവചിക്കുന്നു.
പത്തൊൻപതാം നൂററാണ്ട് അവസാനത്തോടടുത്തപ്പോൾ, 20-ാം നൂററാണ്ട് എന്തു കൈവരുത്തും എന്ന് ആളുകൾ അത്ഭുതംകൂറി. ശാസ്ത്രത്തിന് ഉളവാക്കാൻ കഴിയുമെന്ന് അനേകർ കരുതിയിരുന്ന “ഭൂമിയിലെ സാക്ഷാത് സ്വർഗം” അത് സ്ഥാപിക്കുമോ? അതോ അതിന്റെ വില്ലൻമാർ വിപ്ലവത്തിന്റെ രണഭൂമിയിൽ കൂടുതലായ ഇരകളുടെ താറുമാറായ ശരീരങ്ങൾ ചിതറുന്നതിൽ തുടരുമോ? ഞങ്ങളുടെ അടുത്ത പതിപ്പിൽ പ്രത്യക്ഷപ്പെടുന്ന “ഇരുപതാം നൂററാണ്ടിലെ ‘മായാജാലം’ പ്രവർത്തനത്തിൽ” എന്ന ലേഖനം ഉത്തരം നൽകും. (g93 5⁄22)
[24-ാം പേജിലെ ചിത്രം]
പ്ലഗ് ഊരുമ്പോൾ
പത്തൊൻപതാം നൂററാണ്ടിന്റെ പ്രാരംഭകാലമായ ഈ അടുത്തകാലത്ത്, വിദ്യുച്ഛക്തി ഒരു രസകരമായ എന്നാൽ കുറഞ്ഞ പ്രായോഗികതയുള്ള പ്രതിഭാസമായി കരുതപ്പെട്ടിരുന്നു. എന്നിരുന്നാലും, എച്ച്. സി. ഓർസ്ററഡും (1777-1851), എം. ഫാരഡെയും (1791-1867), എ. ആംബെയറും (1775-1836), ബി. ഫ്രാങ്ക്ളിനും (1706-90) ഉൾപ്പെടെ വ്യത്യസ്ത നൂററാണ്ടുകളിൽനിന്നും വിവിധ പശ്ചാത്തലങ്ങളിൽനിന്നും ഉള്ള മനുഷ്യർ നടത്തിയ സുപ്രധാന കണ്ടുപിടിത്തങ്ങൾ മറിച്ചു തെളിയിക്കുകയും അതുവഴി ഇന്നത്തെ വിദ്യുച്ഛക്തി നയിക്കുന്ന ലോകത്തിന്—പ്ലഗ് ഊരുമ്പോൾ നിശ്ചലമാകുന്ന ലോകത്തിന്—അടിത്തറ പാകുകയും ചെയ്തു.
[അടിക്കുറിപ്പുകൾ]
a ഉത്പത്തിയിൽ പ്രതിപാദിച്ചിരിക്കുന്ന സൃഷ്ടിയുടെ “ആഴ്ച” അക്ഷരീയമായ 24-മണിക്കൂർ ദിവസങ്ങളുടെ ഒരു പരമ്പരയാണെന്നുള്ള യാഥാസ്ഥിതികാശയമാണ് അങ്ങനെയുള്ള ഒരു പഠിപ്പിക്കൽ. അവ യഥാർഥത്തിൽ അനേകായിരം വർഷങ്ങൾ വരുന്ന കാലയളവുകളായിരുന്നുവെന്നു ബൈബിൾ സൂചിപ്പിക്കുന്നു.
[15-ാം പേജിലെ ചിത്രങ്ങൾ]
നിക്കോളോസ് കോപ്പർനിക്കസ്
ഗലീലിയോ ഗലീലി
[കടപ്പാട്]
Photos taken from Giordano Bruno and Galilei (German edition)