പരിണാമം വിചാരണയിൽ
അർപ്പിത പരിണാമവാദികൾ ഇപ്പോൾ ജീവികളുടെ ഉത്ഭവം സംബന്ധിച്ചുള്ള ഒരു മുഴു പുനഃപരിശോധനക്കുവേണ്ടി മുറവിളികൂട്ടുന്നു
നിങ്ങൾ ഒരു കുററവിചാരണയിലെ നിയമജ്ഞനാണെന്നു സങ്കൽപ്പിക്കുക. പ്രതി തന്റെ നിരപരാധിത്വം ആണയിട്ടു പറയുന്നു. തെളിവുകൊടുക്കുന്നതിന് അയാളുടെ പക്ഷത്തുനിന്നു സാക്ഷികൾ മുന്നോട്ടുവരുന്നു. എന്നിരുന്നാലും, ഓരോരുത്തരും പരസ്പരവിരുദ്ധമായി സാക്ഷ്യം നൽകുന്നതായി നിങ്ങൾ ശ്രദ്ധിക്കുന്നു. പ്രതിയുടെ സാക്ഷികളോട് ഇരിപ്പിടത്തിലേക്കു പോകാൻ ആവശ്യപ്പെടുന്നു, അതോടെ അവരുടെ വിവരണത്തിനും മാററം ഭവിക്കുന്നു. ഒരു നിയമജ്ഞനെന്ന നിലയിൽ നിങ്ങൾ അവരുടെ സാക്ഷ്യത്തിനു വില കൽപ്പിക്കുമോ? പ്രതിയെ വെറുതെ വിട്ടയക്കാൻ നിങ്ങൾ പ്രേരിതനാകുമോ? അതിനു സാധ്യതയില്ല. കാരണം പ്രതിക്ക് അനുകൂലമായി നൽകിയ സാക്ഷ്യത്തിലുള്ള ഏതൊരു പൊരുത്തമില്ലായ്മയും പ്രതിയുടെമേലുള്ള വിശ്വാസ്യതക്കു മങ്ങലേൽപ്പിക്കുന്നു.
പരിണാമസിദ്ധാന്തത്തിന്റെ സ്ഥിതിയും അതുതന്നെയാണ്. പരിണാമസിദ്ധാന്തത്തിനുവേണ്ടി പ്രതിവാദം ചെയ്തുകൊണ്ട്, ജീവന്റെ ഉത്ഭവങ്ങൾ സംബന്ധിച്ച് വ്യത്യസ്ത വിശദീകരണങ്ങൾ നൽകുന്നതിനു സാക്ഷികളുടെ ഒരു വ്യൂഹംതന്നെ മുന്നോട്ടുവന്നിട്ടുണ്ട്. എന്നാൽ അവരുടെ സാക്ഷ്യം കോടതിയിൽ വിലപ്പോകുമോ? ഈ സിദ്ധാന്തത്തെ ഉയർത്തിപ്പിടിക്കുന്നവർ അഭിപ്രായ യോജിപ്പുള്ളവരാണോ?
പരസ്പരവിരുദ്ധമായ സാക്ഷ്യം
ജീവൻ എങ്ങനെ ഉത്ഭവിച്ചു? ഇത്രമാത്രം അഭ്യൂഹമുണർത്തുകയും വാദപ്രതിവാദത്തിനു തിരികൊളുത്തുകയും ചെയ്ത വേറൊരു ചോദ്യവും ഒരുപക്ഷേ ഉയർന്നുവന്നിട്ടുണ്ടാവില്ല. എന്നുവരികിലും, സംവാദം നിലകൊള്ളുന്നതു പരിണാമവും സൃഷ്ടിപ്പും തമ്മിൽ അല്ല; പരിണാമവാദികളുടെ ഇടയിലാണു പോരാട്ടങ്ങളിൽ അധികവും സംഭവിക്കുന്നത്. പരിണാമ സംബന്ധമായ ഏതാണ്ടു സകല വിശദാംശങ്ങളും—അത് എങ്ങനെ സംഭവിച്ചു, എവിടെ തുടങ്ങി, ആര് അല്ലെങ്കിൽ എന്ത് അതിനു തുടക്കം കുറിച്ചു, ഈ പ്രക്രിയക്ക് എത്രകാലമെടുത്തു എന്നിവ—ചൂടുപിടിച്ച തർക്കത്തിനു വിധേയമായിരിക്കുന്നു.
ജൈവ “സൂപ്പ്” നിറഞ്ഞ മിതോഷ്ണ ജലമുള്ള ഒരു ചെറുകുളത്തിൽ ജീവൻ ഉരുത്തിരിഞ്ഞുവെന്ന് പരിണാമവാദികൾ വർഷങ്ങളോളം അവകാശപ്പെട്ടു. എന്നാൽ ഇപ്പോൾ ചിലർ വിശ്വസിക്കുന്നത് സമുദ്രത്തിലെ നുര ജീവൻ ഉത്പാദിപ്പിച്ചിരിക്കാമെന്നാണ്. സമുദ്രാന്തർഭാഗത്തുള്ള ഉഷ്ണജലസ്രോതസാണ് ജീവന്റെ ഉറവിടമായി നിർദേശിച്ചിരിക്കുന്ന വേറൊരിടം. ഭൂമിയിൽ വന്നുവീണ ഉൽക്കകളിലൂടെ ജീവജന്തുക്കൾ എത്തിച്ചേർന്നതായി ചിലർ അവകാശപ്പെടുന്നു. ഇനിയും വേറെ ചിലർ പറയുന്നത് ഉപഗ്രഹങ്ങൾ ഭൂമിയിൽ പതിച്ച് അന്തരീക്ഷത്തിൽ വ്യതിയാനം സംഭവിപ്പിക്കുകയും ജീവൻ ഉരുത്തിരിയാൻ ഇടയാക്കുകയും ചെയ്തുവെന്നാണ്. “ഒരു വലിയ കനത്ത ഉപഗ്രഹം ഭൂമിയിൽ വന്നുപതിയുന്നുവെന്നിരിക്കട്ടെ, അപ്പോൾ രസകരമായ സംഭവങ്ങൾ നടക്കുമെന്നതു തീർച്ചയാണ്” എന്ന് ഒരു ഗവേഷകൻ പറയുന്നു.
ജീവൻ എപ്രകാരം ഉരുത്തിരിഞ്ഞുവെന്നതു സംബന്ധിച്ചും പുനർവിചിന്തനം നടന്നുകൊണ്ടിരിക്കയാണ്. “ചിലർ ഒരിക്കൽ വിചാരിച്ചപോലെ ശാന്തമായ, അനുകൂലമായ ചുററുപാടുകളിലല്ല ജീവൻ ആവിർഭവിച്ചത്. മറിച്ച്, അഗ്നിപർവതസ്ഫോടനങ്ങളും ഉൽക്കകളുടെയും ഉപഗ്രഹങ്ങളുടെയും വിപത്തും നിമിത്തം ഒരു ഗ്രഹത്തിന്റെ അന്തരീക്ഷം ഞെരുങ്ങി അഗ്നി സമാനമായപ്പോഴാണ്” എന്ന് ടൈം മാഗസിൻ നിർദേശിക്കുന്നു. അത്തരം അവ്യവസ്ഥിതാവസ്ഥയിൽ ജീവൻ പരിണമിച്ചുണ്ടാകുന്നതിന് മുഴു പ്രക്രിയയും മുമ്പു വിചാരിച്ചിരുന്നതിലും കുറഞ്ഞ സമയത്തിനുള്ളിൽ നടന്നിരിക്കേണ്ടതാണെന്ന് ചില ശാസ്ത്രജ്ഞൻമാർ ഇപ്പോൾ പറയുന്നു.
ഇതിനെല്ലാമിടയിൽ ദൈവത്തിന്റെ സ്ഥാനം—“അവൻ അസ്തിത്വത്തിലുണ്ടെങ്കിൽ”—എവിടെയാണെന്നതു സംബന്ധിച്ചും ശാസ്ത്രജ്ഞൻമാർ വ്യത്യസ്ത വീക്ഷണഗതികൾ വച്ചുപുലർത്തുന്നു. ചിലർ പറയുന്നത് ഒരു സ്രഷ്ടാവിന്റെ ഇടപെടലൊന്നും കൂടാതെ ജീവൻ പരിണമിച്ചുവെന്നാണ്. അതേസമയം മററുചിലർ നിർദേശിക്കുന്നത് ദൈവം ഈ പ്രതിഭാസത്തിനു തുടക്കമിടുകയും പരിണാമത്തിലൂടെ വികാസം പ്രാപിക്കാൻ അനുവദിക്കുകയും ചെയ്തുവെന്നാണ്.
ജീവൻ ഉരുത്തിരിഞ്ഞശേഷം പരിണാമം എങ്ങനെ സംഭവിച്ചു? ഇക്കാര്യത്തിലും വിവരണം പരസ്പരവിരുദ്ധമാണ്. ദി ഒറിജിൻ ഓഫ് സ്പീഷീസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ച് ഒരു നൂററാണ്ടു കഴിഞ്ഞ് 1958-ൽ പരിണാമവാദിയായ സർ ജൂലിയൻ ഹക്സ്ലി പ്രസ്താവിച്ചു: “ഡാർവിന്റെ മഹത്തായ കണ്ടുപിടിത്തമായ പ്രകൃതി നിർധാരണം എന്ന വിശ്വതത്ത്വം പ്രമുഖ പരിണാമ വ്യതിയാനത്തിന്റെ ഏക അടിസ്ഥാനമായി സ്ഥിരമായും ആത്യന്തികമായും സംസ്ഥാപിച്ചിരിക്കുന്നു.” എന്നാൽ, “ഡാർവിന്റെ തത്ത്വങ്ങളിൽ അടിസ്ഥാനപ്പെട്ടിട്ടുള്ള ഏതു പരിണാമ സിദ്ധാന്തവും—വിശേഷിച്ച് പരിണാമ വ്യതിയാനത്തിന്റെ താക്കോൽ പ്രകൃതി നിർധാരണമാണെന്നു കാണിക്കുന്ന ഏതു സിദ്ധാന്തവും—വഴിപിഴപ്പിക്കുംവിധം അപൂർണമാണെന്നു ജീവശാസ്ത്രജ്ഞൻമാരിൽ കൂടുതൽ കൂടുതൽ പേർ . . . വാദിക്കുന്നു” എന്ന് ഇരുപത്തിനാലു വർഷത്തിനുശേഷം പരിണാമവാദിയായ മൈക്കൾ റൂസ് എഴുതി.
പരിണാമസിദ്ധാന്തത്തെ പിന്തുണക്കുന്ന “ശക്തമായ അനേകം കാരണങ്ങൾ” ഉണ്ടെന്നു പറയുമ്പോഴും “അനേകം ന്യൂനതകൾ ഉള്ള, ഇല്ലാത്ത വിവരങ്ങൾ കുത്തിനിറക്കുന്നതിന് പരസ്പരവിരുദ്ധമായ അനേകം സിദ്ധാന്തങ്ങളടങ്ങിയ” സങ്കീർണമായ ഒരു വിവരണമാണു പരിണാമം എന്നു ടൈം മാഗസിൻ പറയുന്നു. വാദവിഷയത്തിനു തീർപ്പുകൽപ്പിച്ചുവെന്നു പറയുന്നതിനു പകരം തികച്ചും അർപ്പിതരായ മിക്ക പരിണാമവാദികളും ഇപ്പോൾ ജീവികളുടെ ഉത്ഭവം സംബന്ധിച്ചുള്ള ഒരു മുഴു പുനഃപരിശോധനക്കുവേണ്ടി മുറവിളികൂട്ടുകയാണ്.
അങ്ങനെ, പരിണാമത്തെക്കുറിച്ചുള്ള വാദം—പ്രത്യേകിച്ചും പരിണാമപ്രകാരമുള്ള ജീവന്റെ ഉത്ഭവം—പൊരുത്തമുള്ള സാക്ഷ്യത്തിൽ അടിസ്ഥാനപ്പെട്ടിട്ടുള്ളതല്ല. പരിണാമത്തെ പ്രകീർത്തിക്കുന്നവർ “വർഷങ്ങളായി പല അബദ്ധ സിദ്ധാന്തങ്ങൾ വികസിപ്പിച്ചെടുക്കുകയും ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നതിനാൽ ഏതെങ്കിലും ഒരു സിദ്ധാന്തവുമായി പൊരുത്തപ്പെടുന്നതിനു ശാസ്ത്രജ്ഞൻമാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല” എന്ന് ശാസ്ത്രജ്ഞനായ ററി. എച്ച്. ജനാബി നിരീക്ഷിക്കുന്നു.
രസകരമെന്നു പറയട്ടെ, അത്തരം അഭിപ്രായവ്യത്യാസം ചാൾസ് ഡാർവിൻ പ്രതീക്ഷിച്ചിരുന്നു. ദി ഒറിജിൻ ഓഫ് സ്പീഷീസ് എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം എഴുതി: “വസ്തുതകൾ എടുത്തുകാട്ടാൻ കഴിയുന്ന ഒരൊററ ആശയംപോലും ഈ പുസ്തകത്തിൽ ചർച്ചചെയ്തിട്ടില്ലെന്ന് എനിക്കു നല്ല ബോധ്യമുണ്ട്. മിക്കപ്പോഴും ഞാൻ എത്തിച്ചേർന്നിരിക്കുന്നതിനു നേരേ വിപരീതമായ നിഗമനങ്ങളിലേക്കാണ് അതു വ്യക്തമായും നയിക്കുന്നത്.”
തീർച്ചയായും, അത്തരം പരസ്പരവിരുദ്ധമായ സാക്ഷ്യം പരിണാമസിദ്ധാന്തത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.
പരിണാമം ബുദ്ധിജീവികളുടെ തിരഞ്ഞെടുപ്പാണോ?
ചരിത്രത്തിന്റെ നാഴികക്കല്ലുകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം അതിന്റെ പ്രാരംഭം മുതൽ, പരിണാമ സിദ്ധാന്തം “സൃഷ്ടികളുമായി ബന്ധപ്പെട്ട സിദ്ധാന്തത്തെക്കാൾ കൂടുതൽ ശാസ്ത്രീയമായി തോന്നിച്ചതിനാൽ അനേകം ആളുകളെയും ആകർഷിച്ചു” എന്നു സൂചിപ്പിക്കുന്നു.
കൂടാതെ, ചില പരിണാമവാദികളുടെ അധികാരപൂർവകമായ പ്രസ്താവനകൾ നിർബന്ധപൂർവം വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നവ ആയിരുന്നേക്കാം. ദൃഷ്ടാന്തത്തിന്, സൃഷ്ടിയെക്കുറിച്ചുള്ള ധാരണ “ഗൗരവതരമായ പരിഗണന അർഹിക്കാത്തവിധം അത്ര വിഡ്ഢിത്തമുള്ളതാണ്” എന്ന് ശാസ്ത്രജ്ഞനായ എച്ച്. എസ്. ഷെൽട്ടൻ ഉറപ്പിച്ചുപറയുന്നു. “പരിണാമത്തിൽ വിശ്വസിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന ആരെങ്കിലുമുണ്ടെങ്കിൽ അയാൾ തീർത്തും അജ്ഞനോ വിവേകശൂന്യനോ ബുദ്ധിഭ്രമമുള്ളവനോ ആണ്” എന്ന് ജീവശാസ്ത്രജ്ഞനായ റിച്ചർഡ് ഡോക്കൻസ് തുറന്നടിച്ചു പ്രസ്താവിക്കുന്നു. സമാനമായി, പ്രൊഫസറായ റനേ ഡ്യൂബോ ഇപ്രകാരം പറയുന്നു: “ലോകത്തിലുള്ള സകലവും—ആകാശത്തിലെ വസ്തുക്കൾ മുതൽ മനുഷ്യവർഗം വരെ—പരിണാമ പ്രക്രിയകളാൽ വികസിച്ചിരിക്കുന്നുവെന്നും വികസിച്ചുകൊണ്ടിരിക്കുന്നുവെന്നുമുള്ള വസ്തുത പ്രബുദ്ധരായ മിക്ക ആളുകളും ഇപ്പോൾ സമ്മതിക്കുന്നു.”
അല്പമെങ്കിലും ബുദ്ധിയുള്ള ഏതൊരുവനും പരിണാമം എളുപ്പം അംഗീകരിക്കുമെന്ന് ഈ പ്രസ്താവനകളിൽനിന്നു തോന്നിയേക്കും. എന്തിന്, അപ്രകാരം ചെയ്യുന്നതിന്റെ അർഥം അയാൾ “വിവേകശൂന്യൻ” ആയിരിക്കുന്നതിനുപകരം “പ്രബുദ്ധൻ” ആയിരിക്കുന്നുവെന്നാണല്ലോ. എങ്കിലും, പരിണാമസിദ്ധാന്തത്തെ ഉയർത്തിപ്പിടിക്കാത്ത, ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ള അനേകം സ്ത്രീപുരുഷൻമാർ ഉണ്ട്. “വ്യക്തിപരമായി സംശയങ്ങളുള്ള അനേകം ശാസ്ത്രജ്ഞൻമാരെ ഞാൻ കണ്ടിട്ടുണ്ട്. തന്നെയുമല്ല, ഡാർവിന്റെ പരിണാമസിദ്ധാന്തം തീർത്തും ശാസ്ത്രീയ സിദ്ധാന്തമായിരിക്കുന്നില്ല എന്നുവരെ പറഞ്ഞിരിക്കുന്ന ഏതാനും ചിലരെ എനിക്ക് അറിയാം” എന്ന് ദ നെക്ക് ഓഫ് ദ ജിറാഫ് എന്ന പുസ്തകത്തിൽ ഫ്രാൻസിസ് ഹിച്ചിങ് എഴുതുന്നു.
സമാനമായ ഒരു നിലപാടാണ് വളരെ പ്രശംസപിടിച്ചുപററിയിട്ടുള്ള ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ചന്ദ്ര വിക്രമസിംഹെയും കൈക്കൊണ്ടിരിക്കുന്നത്. “ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന്റെ ഏതെങ്കിലും അടിസ്ഥാന വാദത്തിന് യാതൊരു തെളിവുമില്ല” എന്ന് അദ്ദേഹം പറയുന്നു. “1860-ൽ ലോകത്തെ മറിച്ചിട്ട ഒരു സാമൂഹിക ശക്തിയായിരുന്നു അത്. അന്നുമുതൽ അത് ശാസ്ത്രത്തിന് ഒരു ദുരന്തമായിരിക്കുന്നുവെന്നാണു ഞാൻ കരുതുന്നത്.”
പരിണാമവാദികൾ നിരത്തിയ വാദഗതികൾ ററി. എച്ച്. ജനാബി പരിശോധിക്കുകയുണ്ടായി. “വിശ്വസിക്കാൻ ഞങ്ങളെ ഇടയാക്കിയതിൽനിന്നും തികച്ചും വ്യത്യസ്തമാണു കാര്യങ്ങളുടെ കിടപ്പ് എന്നു ഞാൻ കണ്ടെത്തി” എന്ന് അദ്ദേഹം പറഞ്ഞു. “ജീവന്റെ ഉത്ഭവം പോലുള്ള സങ്കീർണമായ സിദ്ധാന്തത്തെ പിന്താങ്ങാൻ തികച്ചും മതിയാവാത്തവിധം അത്രകണ്ടു ദുർലഭവും നുറുങ്ങുപോലുള്ളതുമാണു തെളിവ്.”
അതുകൊണ്ട്, പരിണാമസിദ്ധാന്തത്തെ എതിർക്കുന്നവരെ വെറും “അജ്ഞരും, വിവേകശൂന്യരും ബുദ്ധിഭ്രമം സംഭവിച്ചവരും” എന്നുപറഞ്ഞ് നിസ്സാരമായി തള്ളിക്കളയരുത്. പരിണാമത്തെ വെല്ലുവിളിക്കുന്ന അഭിപ്രായങ്ങൾ സംബന്ധിച്ച് ഉറച്ച പരിണാമവാദിയായ ജോർജ് ഗേലോർഡ സിംസനു പോലും ഇപ്രകാരം സമ്മതിക്കേണ്ടി വന്നു: “ഈ വീക്ഷണഗതികൾ വെറുതെ തള്ളിക്കളയുകയോ അവരെ പരിഹസിക്കുകയോ ചെയ്യുന്നത് തീർച്ചയായും അബദ്ധമായിരിക്കും. അവരുടെ വക്താക്കൾ അവഗാഹമുള്ളവരും ബുദ്ധിയുള്ള പഠിതാക്കളും ആയിരുന്നിട്ടുണ്ട് (ആയിരിക്കുന്നുതാനും).”
വിശ്വസിക്കുന്ന പോലിരിക്കും
പരിണാമത്തിലുള്ള വിശ്വാസം വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്, എന്നാൽ സൃഷ്ടിയിലുള്ള വിശ്വാസം വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്നാണ് ചിലരുടെ ധാരണ. ആരും ദൈവത്തെ കണ്ടിട്ടില്ല എന്നതു ശരിതന്നെ. (യോഹന്നാൻ 1:18; താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 5:7.) എങ്കിലും പരിണാമസിദ്ധാന്തം ഈ വശത്തു മികച്ചു നിൽക്കുന്നില്ല. കാരണം ആരെങ്കിലും ഒരിക്കലെങ്കിലും കാണുകയോ ആവർത്തിക്കുകയോ ചെയ്തിട്ടില്ലാത്ത സംഭവങ്ങളിലാണ് അത് അടിസ്ഥാനപ്പെട്ടിരിക്കുന്നത്.
ഉദാഹരണത്തിന്, പുതിയ ജീവൻ ഉത്പാദിപ്പിക്കുന്ന ജീവന്റെ ഉത്പരിവർത്തനങ്ങൾ ശാസ്ത്രജ്ഞൻമാരാരും നിരീക്ഷിച്ചിട്ടില്ല—പ്രയോജനപ്രദമായ ഉത്പരിവർത്തനംപോലും! എന്നുവരികിലും, സൂക്ഷ്മമായും ഇങ്ങനെതന്നെയാണു പുതിയ ജന്തുഗണങ്ങൾ ഉണ്ടാകുന്നത് എന്നത് അവർക്കു തീർച്ചയാണ്. അജൈവ പദാർഥത്തിൽനിന്നു ജൈവവസ്തുവിന്റെ ഉത്പാദനം അവർ നേരിട്ടു കണ്ടിട്ടില്ല; എങ്കിലും ഇങ്ങനെയാണു ജീവൻ ഉരുത്തിരിഞ്ഞതെന്ന് അവർ നിർബന്ധം പിടിക്കുന്നു.
തെളിവിന്റെ അത്തരം അഭാവമാണ് പരിണാമ സിദ്ധാന്തത്തെ “വെറും ഒരു ‘വിശ്വാസം’” എന്നു വിളിക്കാൻ ററി. എച്ച്. ജനാബിയെ പ്രേരിപ്പിച്ചത്. ഭൗതികശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയ്ൽ അതിനെ “ഡാർവിന്റെ സുവിശേഷം” എന്നു വിളിക്കുന്നു. ഡോ. ഇവാൻ ഷൂട്ട് ഒരു പടികൂടെ മുന്നോട്ടു പോകുന്നു. “അർപ്പിത പരിണാമവാദികളെക്കാൾ കുറച്ചു മർമമേ സൃഷ്ടിവാദികൾക്കു വിശദീകരിക്കാനുള്ളൂവെന്നാണ് എനിക്കു തോന്നുന്നത്” എന്ന് അദ്ദേഹം പറഞ്ഞു.
മററു വിദഗ്ധർ സമ്മതിക്കുന്നു. “എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യ സ്വഭാവത്തെക്കുറിച്ചു പരിചിന്തിക്കുമ്പോൾ, രാസവസ്തുക്കൾ ലയിച്ചുചേർന്ന മിതോഷ്ണ ജലമുള്ള ഒരു ചെറുകുളത്തിൽനിന്നുള്ള മമനുഷ്യന്റെ ഉരുത്തിരിയൽ അവന്റെ ഉത്ഭവം സംബന്ധിച്ചുള്ള ബൈബിൾ വൃത്താന്തംപോലെതന്നെ അത്ഭുതമായി തോന്നുന്നു” എന്ന് ജ്യോതിശ്ശാസ്ത്രജ്ഞനായ റോബർട്ട് ജെസ്ത്രോ പറയുന്നു.
എങ്കിൽപ്പിന്നെ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതാണ് എന്ന ആശയം അനേകരും നിരാകരിക്കുന്നതിനു കാരണമെന്താണ്?
[3-ാം പേജിലെ ചിത്രം]
ചിലരുടെ അധികാരപൂർവകമായ പ്രസ്താവനകൾ നിർബന്ധപൂർവം വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നവ ആയിരുന്നേക്കാം