അധ്യായം 15
അനേകർ പരിണാമത്തെ അംഗീകരിക്കുന്നത് എന്തുകൊണ്ട്?
1, 2. അനേകമാളുകൾ പരിണാമത്തിൽ വിശ്വസിക്കുന്നതിനുള്ള ഒരു കാരണമെന്താണ്?
നാം കണ്ടുകഴിഞ്ഞതുപോലെ സൃഷ്ടിക്കുള്ള തെളിവുകൾ നിരവധിയാണ്. പിന്നെ എന്തുകൊണ്ടാണ് അനേകം ആളുകളും സൃഷ്ടിയെ നിരാകരിക്കുകയും പരിണാമത്തെ അംഗീകരിക്കുകയും ചെയ്യുന്നത്? അവരെ സ്കൂളിൽ അതു പഠിപ്പിച്ചിരിക്കുന്നു എന്നതാണ് ഒരു കാരണം. ശാസ്ത്ര പാഠപുസ്തകങ്ങൾ എല്ലായ്പോഴുംതന്നെ പരിണാമ വീക്ഷണഗതിയെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാർഥിയുടെ മുമ്പിൽ എതിർ വാദഗതികൾ അവതരിപ്പിക്കാറില്ല, ഇനി അവതരിപ്പിച്ചാൽതന്നെ വളരെ വിരളമായി മാത്രം. വാസ്തവത്തിൽ, പരിണാമത്തിന് എതിരെയുള്ള വാദഗതികൾ സ്കൂൾ പാഠപുസ്തകങ്ങളിൽ പ്രത്യക്ഷപ്പെടാൻ സാധാരണഗതിയിൽ അനുവദിക്കുന്നില്ല.
2 അമേരിക്കൻ ലബോറട്ടറി എന്ന മാഗസിനിൽ ഒരു ജൈവരസതന്ത്രജ്ഞൻ തന്റെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചു പിൻവരുന്നത് എഴുതി: “കുട്ടിയുടെ മുന്നിൽ പരിണാമത്തെ ഒരു സിദ്ധാന്തമായിട്ടല്ല അവതരിപ്പിക്കുന്നത്. രണ്ടാം ക്ലാസ്സിലെ പോലും ശാസ്ത്ര പാഠപുസ്തകങ്ങളിൽ തന്ത്രപരമായ പ്രസ്താവനകൾ നടത്തിയിരിക്കുന്നു. (എന്റെ കുട്ടികളുടെ പാഠപുസ്തകങ്ങൾ വായിച്ചതിന്റെ അടിസ്ഥാനത്തിൽ). പരിണാമത്തെ വസ്തുതയെന്ന നിലയിലാണ് അവതരിപ്പിക്കുന്നത്, അല്ലാതെ ചോദ്യംചെയ്യാൻ കഴിയുന്ന ഒരു ആശയമായിട്ടല്ല. വിദ്യാഭ്യാസപദ്ധതിയുടെ അധികാരം നിമിത്തം വിദ്യാർഥികൾ അതു വിശ്വസിക്കാൻ നിർബന്ധിതരാകുന്നു.” ഉയർന്ന ക്ലാസ്സുകളിൽ പരിണാമം പഠിപ്പിക്കുന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു: “വ്യക്തിപരമായ വിശ്വാസങ്ങൾ വെച്ചുപുലർത്താനോ അവ പ്രസ്താവിക്കാനോ ഒരു വിദ്യാർഥിക്ക് അനുവാദമില്ല: അങ്ങനെ ചെയ്യുന്നപക്ഷം ഒരു വിദ്യാർഥിയോ വിദ്യാർഥിനിയോ അധ്യാപകന്റെ പരിഹാസത്തിനും വിമർശനത്തിനും പാത്രമാകുന്നു. തന്റെ വീക്ഷണങ്ങൾ ‘ശരി’യല്ലാത്തതുകൊണ്ട് ഒരു വിദ്യാർഥിക്കോ വിദ്യാർഥിനിക്കോ പലപ്പോഴും വിദ്യാഭ്യാസ രംഗത്ത് നഷ്ടം നേരിടുകയും താണ റാങ്കു ലഭിക്കുകയും ചെയ്യുന്നു.”1
3. പരിണാമത്തെ അംഗീകരിക്കാൻ ചിലർ പരുവപ്പെടുത്തപ്പെടുന്നത് എങ്ങനെ?
3 പരിണാമസംബന്ധമായ വീക്ഷണങ്ങൾ സ്കൂളുകളിൽ മാത്രമല്ല, ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ചരിത്രം, തത്ത്വചിന്ത തുടങ്ങിയ മറ്റു മണ്ഡലങ്ങളിലും വ്യാപിച്ചിരിക്കുന്നു. പുസ്തകങ്ങളും മാസികാ ലേഖനങ്ങളും ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും അതിനെ സ്ഥിരീകരിക്കപ്പെട്ട ഒരു വസ്തുത എന്ന നിലയിൽ കൈകാര്യം ചെയ്യുന്നു. ‘താണ ജന്തുക്കളിൽനിന്നു മനുഷ്യൻ പരിണമിച്ചുവന്നപ്പോൾ,’ ‘ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പ് സമുദ്രങ്ങളിൽ ജീവൻ പരിണമിച്ചുണ്ടായപ്പോൾ’ എന്നിങ്ങനെയുള്ള ശൈലികൾ നാം പലപ്പോഴും കേൾക്കുകയോ വായിക്കുകയോ ചെയ്യാറുണ്ട്. അങ്ങനെ പരിണാമത്തെ ഒരു വസ്തുതയായി അംഗീകരിക്കാൻ ആളുകൾ പരുവപ്പെടുത്തപ്പെടുന്നു. അതിന് എതിരെയുള്ള തെളിവുകൾ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു.
പ്രമുഖരുടെ അഭിപ്രായത്തിന്റെ പിൻബലം
4. പ്രമുഖരുടെ അഭിപ്രായങ്ങൾ ചില ആളുകൾ പരിണാമം സ്വീകരിക്കുന്നതിലേക്കു നയിക്കുന്നത് എങ്ങനെ?
4 പ്രമുഖരായ വിദ്യാഭ്യാസ പ്രവർത്തകരും ശാസ്ത്രജ്ഞന്മാരും പരിണാമം ഒരു വസ്തുതയാണെന്ന് ഉറപ്പിച്ചു പറയുകയും അജ്ഞർ മാത്രമേ അതു വിശ്വസിക്കാൻ വിസമ്മതിക്കുകയുള്ളൂവെന്നു സൂചിപ്പിക്കുകയും ചെയ്യുമ്പോൾ സാധാരണക്കാരായ എത്രപേർ അവരെ നിഷേധിക്കാൻ തയ്യാറാകും? പ്രമുഖരുടെ ഇത്തരം അഭിപ്രായങ്ങളാണ് ഒട്ടനവധി ആളുകൾ പരിണാമം സ്വീകരിക്കുന്നതിലേക്കു നയിച്ചിരിക്കുന്ന മറ്റൊരു മുഖ്യ കാരണം.
5. (എ) ശാസ്ത്രജ്ഞന്മാർ പലപ്പോഴും തങ്ങളുടെ പ്രാമുഖ്യത ഉപയോഗിക്കുന്ന വിധം ദൃഷ്ടാന്തീകരിക്കുന്ന ഒരു പ്രസ്താവന ഏത്? (ബി) അത്തരം ദൃഢപ്രസ്താവനകൾ തെറ്റായിരിക്കുന്നത് എന്തുകൊണ്ട്?
5 സാമാന്യ ജനങ്ങളെ പലപ്പോഴും ഭയപ്പെടുത്തുന്ന വീക്ഷണങ്ങളുടെ ഒരു സാധാരണ ഉദാഹരണമാണ് റിച്ചർഡ് ഡോക്കിൻസിന്റെ ഈ ദൃഢപ്രസ്താവന: “ലഭ്യമായ എല്ലാ പ്രസക്ത തെളിവുകളും ഇപ്പോൾ ഡാർവിന്റെ സിദ്ധാന്തത്തെ പിന്താങ്ങുന്നുണ്ട്. കാര്യഗൗരവമുള്ള ഒരു ആധുനിക ജീവശാസ്ത്രജ്ഞനും അതിന്റെ സത്യതയെ സംശയിക്കുന്നില്ല.”2 എന്നാൽ ഇതാണോ വാസ്തവം? ഒരിക്കലുമല്ല. ‘കാര്യഗൗരവമുള്ള ആധുനിക ജീവശാസ്ത്രജ്ഞന്മാര’ടക്കം അനേകം ശാസ്ത്രജ്ഞന്മാരും പരിണാമത്തെ സംശയിക്കുന്നുവെന്നു മാത്രമല്ല, അവർ അതിൽ വിശ്വസിക്കുന്നുമില്ലെന്ന് അൽപ്പം ഗവേഷണം നടത്തിയാൽ മനസ്സിലാകും.3 സൃഷ്ടിയുടെ തെളിവുകൾ അതിനെക്കാൾ വളരെയേറെ ശക്തമാണെന്ന് അവർ വിശ്വസിക്കുന്നു. അതുകൊണ്ട് ഡോക്കിൻസിന്റേതുപോലുള്ള തൂത്തടച്ചുള്ള പ്രസ്താവനകൾ തെറ്റാണ്. വാചകക്കസർത്തിലൂടെ തടസ്സവാദത്തെ മൂടിക്കളയാൻ നടത്തുന്ന ശ്രമങ്ങൾക്കുള്ള ഉദാഹരണങ്ങളാണ് അവ. ഇതു മനസ്സിലാക്കിക്കൊണ്ട് ഒരു നിരീക്ഷകൻ ന്യൂ സയന്റിസ്റ്റിൽ ഇങ്ങനെ എഴുതി: “തന്റെ വിശ്വാസങ്ങളെ എതിർക്കുന്നവരുടെ വായടയ്ക്കാൻ തൂത്തടച്ചുള്ള സാമാന്യപ്രസ്താവനകൾ നടത്തേണ്ടിവരത്തക്കവിധം പരിണാമത്തിനുള്ള തെളിവിൽ റിച്ചർഡ് ഡോക്കിൻസിന് അത്ര കുറച്ചു വിശ്വാസമേ ഉള്ളോ?”4
6. പരിണാമത്തെ സംബന്ധിച്ച പിടിവാശി അംഗീകൃത ശാസ്ത്രീയ രീതിക്ക് എതിരായിരിക്കുന്നത് എങ്ങനെ?
6 ലുറിയ, ഗൂൾഡ്, സിംഗർ എന്നീ പരിണാമവാദികൾ എഴുതിയ ജീവനെ സംബന്ധിച്ച ഒരു വീക്ഷണം എന്ന പുസ്തകം സമാനമായ വിധത്തിൽ, “പരിണാമം ഒരു വസ്തുതയാണെ”ന്ന് പ്രസ്താവിക്കുന്നു. അത് ഇങ്ങനെ ഉറപ്പിച്ചു പറയുന്നു: “ഭൂമി സൂര്യനെ ചുറ്റുന്നതിനെക്കുറിച്ചോ ഹൈഡ്രജനും ഓക്സിജനും സംയോജിച്ച് ജലം ആകുന്നതിനെക്കുറിച്ചോ നാം അതുപോലെതന്നെ സംശയിച്ചേക്കാം.”5 ഗുരുത്വം സ്ഥിതിചെയ്യുന്നുവെന്നതുപോലെ തന്നെയുള്ള ഒരു വസ്തുതയാണ് പരിണാമമെന്നും അതു പ്രഖ്യാപിക്കുന്നു. എന്നാൽ ഭൂമി സൂര്യനെ ചുറ്റുന്നുവെന്നും ഹൈഡ്രജനും ഓക്സിജനും സംയോജിച്ച് ജലം ആകുന്നുവെന്നും ഗുരുത്വം സ്ഥിതിചെയ്യുന്നുവെന്നും പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ കഴിയും. പരിണാമത്തെ പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ കഴിയുകയില്ല. വാസ്തവത്തിൽ, “പരിണാമം സംബന്ധിച്ച സിദ്ധാന്തങ്ങളെക്കുറിച്ച് ഉഗ്ര വാദപ്രതിവാദങ്ങൾ നടക്കുന്നു”വെന്ന് ഇതേ ശാസ്ത്രജ്ഞന്മാർതന്നെ സമ്മതിച്ചു പറയുന്നു.6 എന്നാൽ ഭൂമി സൂര്യനെ ചുറ്റുന്നതിനെക്കുറിച്ചും ഹൈഡ്രജനും ഓക്സിജനും സംയോജിച്ച് ജലം ആകുന്നതിനെക്കുറിച്ചും ഗുരുത്വത്തിന്റെ അസ്തിത്വത്തെക്കുറിച്ചും ഇപ്പോഴും ഉഗ്ര വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ടോ? ഇല്ല. അപ്പോൾപ്പിന്നെ, പരിണാമം ഈ സംഗതികൾപോലെ തന്നെയുള്ള ഒരു വസ്തുതയാണെന്നു പറയുന്നത് എത്രത്തോളം ന്യായയുക്തമാണ്?
7. ശാസ്ത്രജ്ഞന്മാർ തങ്ങളുടെ നിഗമനങ്ങളെ എല്ലായ്പോഴും വസ്തുതകളിൽ അടിസ്ഥാനപ്പെടുത്താത്തത് എന്തുകൊണ്ട്?
7 ശാസ്ത്രജ്ഞന്മാർ തങ്ങളുടെ നിഗമനങ്ങളെ എല്ലായ്പോഴും വസ്തുതകളിൽ അടിസ്ഥാനപ്പെടുത്തുന്നില്ലെന്ന് വിട്ടുപോയ കണ്ണികൾ എന്ന ജോൺ റീഡറിന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഡേവിഡ് പിൽബീം ചൂണ്ടിക്കാണിക്കുന്നു. ഒരു കാരണം, തങ്ങളുടെ നിഗമനങ്ങളെ എല്ലായ്പോഴും വസ്തുതകളിൽ അടിസ്ഥാനപ്പെടുത്തിയാൽ “പ്രശസ്തിയുടെ വെള്ളിവെളിച്ചം ഇല്ലാതാകും എന്ന” ശാസ്ത്രജ്ഞന്മാരുടെ ഭയമാണ്. അവരും “മനുഷ്യരാണ്,” പിൽബീം പറയുന്നു. പരിണാമം “വ്യക്തിപരമായ അഭിലാഷങ്ങളാൽ പ്രേരിതവും മുൻവിധിയോടുകൂടിയ വിശ്വാസങ്ങൾക്ക് അങ്ങേയറ്റം വശംവദവുമായ ഒരു ശാസ്ത്രമാ”ണെന്ന് ആ പുസ്തകം സമ്മതിച്ചു പറയുന്നു. അത് ഒരു ഉദാഹരണം നൽകുന്നു: “പിൽറ്റ്ഡൗൺ മനുഷ്യന്റെ കാര്യത്തിൽ ചെയ്തതുപോലെ, മുൻധാരണയെ . . . വളരെ ഉത്സാഹത്തോടെ സ്വാഗതംചെയ്യുകയും ദീർഘനാൾ വെച്ചുപുലർത്തുകയും ചെയ്യുമ്പോൾ സൂക്ഷ്മാന്വേഷണം നടത്താതെതന്നെ വിശ്വസിക്കുന്നതിനുള്ള അസഹ്യപ്പെടുത്തുന്ന ഒരു പ്രവണതയാണ് ശാസ്ത്രം വെളിപ്പെടുത്തുന്നത്.” ഗ്രന്ഥകാരൻ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “തങ്ങളുടെ മുൻവിധികളെ പിന്താങ്ങുന്ന തെറ്റായ വിവരങ്ങളിൽ കടിച്ചുതൂങ്ങുന്നതിൽ ആധുനിക [പരിണാമവാദികൾ], . . . തങ്ങൾ വിശ്വസിക്കാൻ ആഗ്രഹിച്ച ആശയങ്ങളോടുള്ള മമത നിമിത്തം വസ്തുനിഷ്ഠമായ വിലയിരുത്തൽ വിട്ടുകളഞ്ഞ മുൻ അന്വേഷകരെക്കാൾ ഒട്ടും മെച്ചമല്ല.”7 അങ്ങനെ പരിണാമത്തിനുവേണ്ടി തങ്ങളെത്തന്നെ അർപ്പിച്ചിരിക്കുന്നതുകൊണ്ടും തങ്ങളുടെ തൊഴിൽ പുരോഗമിപ്പിക്കുന്നതിനുള്ള ആഗ്രഹംകൊണ്ടും ചില ശാസ്ത്രജ്ഞന്മാർ തെറ്റിനുള്ള സാധ്യതയെ അംഗീകരിക്കുകയില്ല. പകരം അവർ മുൻവിധിയോടുകൂടിയ ആശയങ്ങളെ നീതീകരിക്കാൻ ശ്രമിക്കുന്നു. ഹാനികരമായിരിക്കാൻ സാധ്യതയുള്ള വസ്തുതകളെ അംഗീകരിക്കാതിരുന്നുകൊണ്ടുതന്നെ.
8. ഡബ്ലിയു. ആർ. തോംസൺ പരിണാമ വിശ്വാസത്തിലേക്കുള്ള സമ്പൂർണമായ പരിവർത്തനത്തെ അപലപിച്ചത് എന്തുകൊണ്ട്?
8 ഡാർവിന്റെ വർഗോത്പത്തിയുടെ ശതാബ്ദി പതിപ്പിന്റെ ആമുഖത്തിൽ ഡബ്ലിയു. ആർ. തോംസൺ ഈ അശാസ്ത്രീയ മനോഭാവത്തെക്കുറിച്ചു സൂചിപ്പിക്കുകയും അതിനെ അപലപിക്കുകയും ചെയ്തു. തോംസൺ ഇപ്രകാരം പ്രസ്താവിച്ചു: “അപഗ്രഥനത്തെ ചെറുത്തുനിൽക്കാൻ വാദഗതികൾ പരാജയപ്പെടുന്നപക്ഷം അവയെ അംഗീകരിക്കാൻ പാടില്ല, യുക്തിസഹമല്ലാത്ത വാദഗതി ഹേതുവായുള്ള സമ്പൂർണമായ പരിവർത്തനത്തെ അപലപനീയമായി കണക്കാക്കണം.” അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഡാർവിൻ അടിസ്ഥാനപ്പെടുത്തിയ വസ്തുതകളും വ്യാഖ്യാനങ്ങളും ഇപ്പോൾ ബോധ്യംവരുത്താത്തവ ആയിത്തീർന്നിരിക്കുന്നു. പാരമ്പര്യത്തെയും വ്യതിയാനത്തെയും കുറിച്ച് ദീർഘനാളായി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങൾ ഡാർവിനിയൻ നിലപാടിനു തുരങ്കംവെച്ചിരിക്കുന്നു.”8
9. ശാസ്ത്രജ്ഞന്മാർ പരിണാമത്തിന് എതിരായുള്ള വിമർശനത്തെ അടിച്ചമർത്തുന്നതിനെക്കുറിച്ച് തോംസൺ എന്തു പറഞ്ഞു?
9 തോംസൺ ഇങ്ങനെയും അഭിപ്രായപ്പെട്ടു: “വർഗോത്പത്തിയുടെ വിജയത്തിന്റെ നീണ്ടുനിൽക്കുന്നതും ഖേദകരവുമായ ഒരു ഫലം, സമർഥിക്കാൻ കഴിയാത്ത ഊഹാപോഹത്തോടുള്ള ജീവശാസ്ത്രജ്ഞന്മാരുടെ ആസക്തിയായിരുന്നു. . . . ഡാർവിനിസത്തിന്റെ വിജയത്തോടൊപ്പം ശാസ്ത്രീയ വിശ്വസ്തതയ്ക്ക് കോട്ടവും സംഭവിച്ചു.” അദ്ദേഹം ഇങ്ങനെ നിഗമനം ചെയ്തു: “തങ്ങൾക്കു ശാസ്ത്രീയമായി നിർവചിക്കാൻ കഴിയാത്തതും ശാസ്ത്രീയ കാർക്കശ്യത്തോടെ ഒരുവിധത്തിലും തെളിയിക്കാനാവാത്തതുമായ ഒരു സിദ്ധാന്തത്തെ പിന്തുണയ്ക്കാനായി ശാസ്ത്രീയ ചിന്താഗതിക്കാർ, വിമർശനത്തെ അടിച്ചമർത്തിയും വിഷമതകളെ നീക്കിക്കളഞ്ഞും പൊതുജനങ്ങളുടെ അംഗീകാരം നിലനിർത്താനുള്ള ശ്രമത്തിൽ കൈകോർക്കുന്ന ഈ സ്ഥിതിവിശേഷം ശാസ്ത്രത്തിൽ അസാധാരണവും അനഭിലഷണീയവുമാണ്.”9
10. അനേകം ശാസ്ത്രജ്ഞന്മാർ പരിണാമത്തെ “വസ്തുത”യായി അംഗീകരിക്കുന്നത് എന്തുകൊണ്ട്?
10 സമാനമായി, ഒരു നരവംശശാസ്ത്ര പ്രൊഫസറായ ആന്തണി ഓസ്ട്രിക് മനുഷ്യൻ ആൾക്കുരങ്ങിനെപ്പോലുള്ള ജീവികളുടെ സന്തതിയാണെന്നതിനെ “ഒരു വസ്തുതയായി” പ്രഖ്യാപിച്ചതിന് തന്റെ സഹ ശാസ്ത്രപ്രവർത്തകരെ വിമർശിക്കുകയുണ്ടായി. “കൂടിവന്നാൽ അതൊരു അനുമാനം മാത്രമാണ്, അതും നല്ല പിൻബലമില്ലാത്ത ഒന്നുതന്നെ” എന്ന് അദ്ദേഹം പറഞ്ഞു. “മനുഷ്യന്റെ പ്രത്യക്ഷപ്പെടലിനെ കുറിച്ചുള്ള ആദ്യ തെളിവിനുശേഷം അവന് അടിസ്ഥാനപരമായി എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ട് എന്നതിനു യാതൊരു സൂചനയുമില്ല” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “കാര്യഗൗരവമുള്ള പണ്ഡിതന്മാരായി പ്രഖ്യാപിക്കപ്പെടാതിരിക്കുമെന്നോ ഗൗരവബോധമുള്ള കലാലയ ലോകത്തുനിന്നു പുറന്തള്ളപ്പെടുമെന്നോ ഉള്ള ഭയം നിമിത്തം” വിദഗ്ധരുടെ വലിയൊരു ഗണം പരിണാമത്തെ പിന്താങ്ങുന്നവരുടെ പുറകെ പോയിരിക്കുന്നു എന്ന് ആ നരവംശശാസ്ത്രജ്ഞൻ പറഞ്ഞു.10 ഇതിനെക്കുറിച്ച് ഹോയ്ലും വിക്രമസിംഹെയും അഭിപ്രായപ്പെടുന്നു: “ധാരണകൾ വിശ്വസിക്കാത്തപക്ഷം നിങ്ങളെ തീർച്ചയായും ഒരു പ്രതികൂലിയായി മുദ്രകുത്തും.”11 ഇതിന്റെ ഫലമായി, അനേകം ശാസ്ത്രജ്ഞന്മാർ സൃഷ്ടി വീക്ഷണഗതിയെ മുൻവിധികൂടാതെ വിശകലനം നടത്താൻ വിസമ്മതിക്കുന്നു. ഹോസ്പിറ്റൽ പ്രാക്ടീസിന്റെ പത്രാധിപനുള്ള ഒരു കത്തിൽ ഇപ്രകാരം എഴുതിയിരുന്നു: “ശാസ്ത്രം എല്ലായ്പോഴും അതിന്റെ വസ്തുനിഷ്ഠതയെക്കുറിച്ച് അഭിമാനം കൊണ്ടിട്ടുണ്ട്, എന്നാൽ ദീർഘനാളായി നമ്മൾ വെറുത്തിരുന്ന മുൻവിധിയോടുകൂടിയതും ഇടുങ്ങിയതുമായ ചിന്താഗതിക്ക് ശാസ്ത്രജ്ഞരായ നാം പെട്ടെന്നു വശംവദരാകുകയാണോ എന്നു ഞാൻ ശങ്കിക്കുന്നു.”12
മതത്തിന്റെ പരാജയം
11. മതത്തിന്റെ പരാജയം പരിണാമം അംഗീകരിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നത് എങ്ങനെ?
11 പരിണാമത്തെ അംഗീകരിക്കുന്നതിനുള്ള കൂടുതലായ ഒരു കാരണം പഠിപ്പിക്കലിലും പ്രവർത്തനത്തിലും ബൈബിളിലെ സൃഷ്ടിവിവരണത്തെ ഉചിതമായി ചിത്രീകരിക്കുന്നതിലും ഉള്ള പരമ്പരാഗത മതത്തിന്റെ പരാജയമാണ്. കാപട്യത്തിന്റെയും മർദനത്തിന്റെയും മതവിചാരണകളുടെയും മത ചരിത്രത്തെ കുറിച്ച് അഭിജ്ഞരായ ആളുകൾക്ക് നല്ലവണ്ണം അറിയാം. കൊലപാതകികളായ സ്വേച്ഛാധിപതികളെ വൈദികർ പിന്താങ്ങുന്നത് അവർ കണ്ടിട്ടുണ്ട്. ഇരുപക്ഷങ്ങളിലും വൈദിക പിന്തുണയോടുകൂടി ഒരേ മതത്തിൽപ്പെട്ട ദശലക്ഷക്കണക്കിന് ആളുകൾ യുദ്ധത്തിൽ അന്യോന്യം കൊന്നൊടുക്കിയിരിക്കുന്ന കാര്യം അവർക്കറിയാം. അതുകൊണ്ട് ആ മതങ്ങൾ പ്രതിനിധീകരിക്കുന്നുവെന്നു പറയുന്ന ദൈവത്തെക്കുറിച്ചു പരിചിന്തിക്കുന്നതിനുള്ള യാതൊരു കാരണവും അവർ കാണുന്നില്ല. കൂടാതെ, യുക്തിരഹിതവും ബൈബിൾവിരുദ്ധവുമായ പഠിപ്പിക്കലുകൾ ഈ വിരക്തി വർധിപ്പിക്കുന്നു. നിത്യദണ്ഡനംപോലുള്ള ആശയങ്ങൾ—ദൈവം ആളുകളെ ഒരു അക്ഷരീയ തീനരകത്തിലിട്ട് എന്നേക്കും പൊരിക്കുമെന്നുള്ള ആശയം—യുക്തിപൂർവം ചിന്തിക്കുന്ന ആളുകൾക്ക് അരോചകമാണ്.
12. ഈ ലോകത്തിലെ മതങ്ങളുടെ പരാജയം യഥാർഥത്തിൽ എന്താണു പ്രകടമാക്കുന്നത്?
12 എന്നാൽ അത്തരം മത പഠിപ്പിക്കലുകളും പ്രവർത്തനങ്ങളും യുക്തിപൂർവം ചിന്തിക്കുന്ന വ്യക്തികൾക്കു മാത്രമല്ല, ദൈവത്തിനും വെറുപ്പുളവാക്കുന്നവയാണെന്ന് ബൈബിൾ തെളിവു പ്രകടമാക്കുന്നു. വാസ്തവത്തിൽ ബൈബിൾ ചില മതനേതാക്കൻമാരുടെ കാപട്യത്തെ തുറന്നുകാട്ടുന്നു. ഉദാഹരണത്തിന്, അത് അവരെക്കുറിച്ച് ഇങ്ങനെ പറയുന്നു: “അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ.” (മത്തായി 23:28) അവരുടെ വൈദികർ ദൈവത്തിൽനിന്നു വരുന്നതു പഠിപ്പിക്കാതെ അതിനു വിപരീതമായി “മാനുഷകല്പനകളായ ഉപദേശങ്ങളെ” പഠിപ്പിക്കുന്ന “കുരുടന്മാരായ വഴികാട്ടികൾ” ആണെന്ന് യേശു സാധാരണ ജനങ്ങളോടു പറഞ്ഞു. (മത്തായി 15:9, 14) സമാനമായി, “ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്ന” മതവിശ്വാസികളെയും ബൈബിൾ കുറ്റംവിധിക്കുന്നു. (തീത്തൊസ് 1:16) അതുകൊണ്ട് കാപട്യത്തെയും രക്തച്ചൊരിച്ചിലിനെയും പ്രോത്സാഹിപ്പിക്കുകയും അവയ്ക്കെതിരെ കണ്ണടയ്ക്കുകയും ചെയ്തിരിക്കുന്ന മതങ്ങൾ ദൈവത്തിൽനിന്ന് ഉള്ളവയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർഥത്തിൽ അങ്ങനെയല്ല. അവ അവനെ പ്രതിനിധീകരിക്കുകയും ചെയ്യുന്നില്ല. നേരെമറിച്ച്, അവയെ ‘കള്ളപ്രവാചകന്മാർ’ എന്നു വിളിക്കുകയും “ആകാത്ത ഫലം” കായ്ക്കുന്ന വൃക്ഷങ്ങളോടു താരതമ്യപ്പെടുത്തുകയും ചെയ്യുന്നു.—മത്തായി 7:15-20; യോഹന്നാൻ 8:44; 13:35; 1 യോഹന്നാൻ 3:10-12.
13. മതത്തിൽ മാർഗനിർദേശത്തിന്റെ എന്ത് അഭാവമാണു പ്രകടമാകുന്നത്?
13 കൂടാതെ, അനേകം മതങ്ങളും പരിണാമത്തിന്റെ കാര്യത്തിൽ ആയുധംവെച്ചു കീഴടങ്ങിയിരിക്കുന്നു, അങ്ങനെ ആ മതങ്ങളിലെ ആളുകൾക്ക് അതു വിശ്വസിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. ഉദാഹരണത്തിന്, ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ ഇപ്രകാരം പ്രസ്താവിക്കുന്നു: “ഉത്പത്തികളെ സംബന്ധിച്ച ഏറ്റവും സാധ്യതയുള്ള ശാസ്ത്രീയ വിവരണം മനുഷ്യ ശരീരത്തിന്റെപോലും പൊതുവായ പരിണാമം ആണെന്നു തോന്നുന്നു.”13 കത്തോലിക്കാ സഭയുടെ ഏറ്റവും ഉയർന്ന ശാസ്ത്ര സംഘത്തെ പ്രതിനിധീകരിക്കുന്ന 12 പണ്ഡിതന്മാർ ഒരു വത്തിക്കാൻ യോഗത്തിൽവെച്ച് പിൻവരുന്ന നിഗമനത്തോടു യോജിപ്പു പ്രകടമാക്കി: “മനുഷ്യനും മറ്റു പ്രൈമേറ്റുകളും പരിണമിച്ചുണ്ടായി എന്നതിനെ തെളിവിന്റെ വൻ ശേഖരം വിവാദത്തിന് അതീതമാക്കുന്നുവെന്നു ഞങ്ങൾക്കു ബോധ്യമുണ്ട്.”14 മതം അങ്ങനെ അംഗീകാരം പ്രകടമാക്കുമ്പോൾപ്പിന്നെ, “വൻതോതിലുള്ള തെളിവിന്റെ സമാഹാരം” പരിണാമത്തിനു പകരം യഥാർഥത്തിൽ സൃഷ്ടിയെയാണു പിന്താങ്ങുന്നതെങ്കിൽപ്പോലും വേണ്ടത്ര അറിവില്ലാത്ത സഭാംഗങ്ങൾ അതിനെ എതിർക്കാൻ സാധ്യതയുണ്ടോ?
14. വ്യാജമതം ഉണ്ടാക്കുന്ന ശൂന്യത പലപ്പോഴും നികത്തപ്പെടുന്നത് എങ്ങനെയാണ്?
14 ഇതുണ്ടാക്കുന്ന ശൂന്യത പലപ്പോഴും നികത്തപ്പെടുന്നത് അജ്ഞേയവാദത്താലും നിരീശ്വരവാദത്താലുമാണ്. ദൈവത്തിലുള്ള വിശ്വാസം ഉപേക്ഷിച്ച് ആളുകൾ പരിണാമത്തെ അംഗീകരിക്കുന്നു. ഇന്ന് അനേകം നാടുകളിൽ പരിണാമത്തെ അടിസ്ഥാനമാക്കിയുള്ള നിരീശ്വരവാദം ഔദ്യോഗിക രാഷ്ട്രീയ നയം പോലുമാണ്. ഈ അവിശ്വാസത്തിന്റെ അധികപങ്കിനും കാരണക്കാർ ലോകമതങ്ങളാണ്.
15. മറ്റ് ഏത് തെറ്റായ മത ആശയങ്ങൾ ദൈവത്തിലും ബൈബിളിലുമുള്ള വിശ്വാസത്തെ നിരുത്സാഹപ്പെടുത്തുന്നു?
15 കൂടാതെ, ചില മത പഠിപ്പിക്കലുകൾ, ശാസ്ത്രീയ വസ്തുതയ്ക്കു വിപരീതമായ കാര്യങ്ങളാണു ബൈബിൾ പഠിപ്പിക്കുന്നതെന്ന് ആളുകൾ വിശ്വസിക്കുന്നതിന് ഇടയാക്കുന്നു. അതുകൊണ്ട് അവർ ബൈബിളിലെ ദൈവത്തെ നിരസിക്കുന്നു. ഉദാഹരണത്തിന്, മുമ്പ് ഒരു അധ്യായത്തിൽ സൂചിപ്പിച്ചതുപോലെ, ഭൂമി 24 മണിക്കൂർ അടങ്ങുന്ന അക്ഷരീയമായ ആറു ദിവസംകൊണ്ടാണ് സൃഷ്ടിക്കപ്പെട്ടതെന്നും അതിന് 6,000 വർഷത്തെ പഴക്കമേ ഉള്ളൂവെന്നും ബൈബിൾ പഠിപ്പിക്കുന്നുവെന്ന് ചിലർ തെറ്റായി അവകാശവാദം ചെയ്യുന്നു. എന്നാൽ ബൈബിൾ ഈ സംഗതികൾ പഠിപ്പിക്കുന്നില്ല.
‘കണ്ടാലേ വിശ്വസിക്കൂ’
16. ചിലയാളുകൾ ഒരു സ്രഷ്ടാവ് ഉണ്ടെന്നുള്ള ആശയത്തെ തള്ളിക്കളയുന്നത് എന്തുകൊണ്ട്?
16 ചിലയാളുകൾ ഒരു സ്രഷ്ടാവ് ഉണ്ടെന്നുള്ള ആശയത്തെ ആത്മാർഥമായി തള്ളിക്കളയുന്നു, ‘കണ്ടാലേ വിശ്വസിക്കൂ’ എന്നാണ് അവർ പറയുന്നത്. ഒരു സംഗതിയെ ഏതെങ്കിലും വിധത്തിൽ കാണാനോ അളക്കാനോ കഴിയുന്നില്ലെങ്കിൽ അത് സ്ഥിതിചെയ്യുന്നില്ലെന്ന് അവർ വിചാരിച്ചേക്കാം. എന്നാൽ വൈദ്യുതി, കാന്തശക്തി, റേഡിയോ ടെലിവിഷൻ തരംഗങ്ങൾ, ഗുരുത്വം എന്നിങ്ങനെ കാണാൻ കഴിയാത്ത പല കാര്യങ്ങളുടെയും അസ്തിത്വം അവർ അനുദിന ജീവിതത്തിൽ അംഗീകരിക്കുന്നുണ്ട് എന്നതാണു വാസ്തവം. എങ്കിലും ഇത് അവരുടെ വീക്ഷണത്തിനു മാറ്റംവരുത്തുന്നില്ല, കാരണം ഈ സംഗതികളെയെല്ലാം മറ്റേതെങ്കിലും ഭൗതിക മാർഗങ്ങളിലൂടെ അളക്കാനോ മനസ്സിലാക്കാനോ കഴിയും. എന്നാൽ ഒരു സ്രഷ്ടാവിനെ അല്ലെങ്കിൽ ദൈവത്തെ കാണാനോ അളക്കാനോ കഴിയുന്ന ഒരു ഭൗതിക മാർഗവും ഇല്ല.
17, 18. (എ) നമുക്കു കാണാൻ കഴിയുന്ന എന്തു തെളിവ് ഒരു അദൃശ്യ സ്രഷ്ടാവിന്റെ അസ്തിത്വത്തെ സമർഥിക്കുന്നു? (ബി) നാം ദൈവത്തെ കാണാൻ പ്രതീക്ഷിക്കരുതാത്തത് എന്തുകൊണ്ട്?
17 എന്നിരുന്നാലും, നാം മുൻ അധ്യായങ്ങളിൽ കണ്ടതുപോലെ ഒരു അദൃശ്യ സ്രഷ്ടാവ് സ്ഥിതിചെയ്യുന്നുണ്ട് എന്നു വിശ്വസിക്കുന്നതിന് ഈടുറ്റ കാരണങ്ങളുണ്ട്. എന്തുകൊണ്ടെന്നാൽ തെളിവ്, അതായത്, സ്രഷ്ടാവിന്റെ കരവേലയുടെ ഭൗതിക ഫലങ്ങൾ നമുക്കു നിരീക്ഷിക്കാൻ കഴിയും. അണു ഘടനയുടെ സാങ്കേതിക പരിപൂർണത, സങ്കീർണത എന്നിവയിലും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ട പ്രപഞ്ചത്തിലും അതുല്യ ഗ്രഹമായ ഭൂമിയിലും ജീവികളുടെ വിസ്മയാവഹമായ രൂപകൽപ്പനകളിലും മനുഷ്യന്റെ അത്ഭുതകരമായ മസ്തിഷ്കത്തിലും നാം അതു ദർശിക്കുന്നു. അതിശയകരമായ ഈ കാര്യങ്ങളുടെ അസ്തിത്വത്തിനു പിന്നിൽ ഒരു കാരണം ഉണ്ടായിരുന്നേ തീരൂ. ഭൗതികവാദികൾ പോലും മറ്റെല്ലാ കാര്യങ്ങളിലും ഈ കാര്യകാരണ നിയമത്തെ അംഗീകരിക്കുന്നു. ഭൗതിക പ്രപഞ്ചത്തിന്റെ കാര്യത്തിലും ഇത് എന്തുകൊണ്ട് ആയിക്കൂടാ?
18 ബൈബിളിന്റെ പിൻവരുന്ന ലളിതമായ വാദഗതി ഈ സംഗതിയെ ഏറ്റവും നന്നായി വർണിക്കുന്നു: “[സ്രഷ്ടാവിന്റെ] അദൃശ്യഗുണങ്ങൾ, അതായത് അവന്റെ നിത്യശക്തിയും ദിവ്യത്വവും ലോകാരംഭംമുതൽ അവൻ ഉണ്ടാക്കിയിരിക്കുന്ന വസ്തുക്കളിൽ യുക്തിയുടെ കണ്ണിനു ദൃശ്യമായിരിക്കുന്നു.” (റോമർ 1:20, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ബൈബിൾ കാര്യത്തിൽനിന്നു കാരണത്തിലേക്കാണു ന്യായവാദം ചെയ്യുന്നത്. അതായത് ദൃശ്യസൃഷ്ടി—“അവൻ ഉണ്ടാക്കിയിരിക്കുന്ന” ഭയഗംഭീരമായ “വസ്തുക്ക”ൾ—എന്ന കാര്യത്തിന് തീർച്ചയായും ബുദ്ധിപൂർവകമായ ഒരു കാരണം ഉണ്ടായിരിക്കണം എന്ന് അതു പറയുന്നു. ആ അദൃശ്യ കാരണം ദൈവമാണ്. മുഴു പ്രപഞ്ചത്തിന്റെയും നിർമാതാവെന്ന നിലയിൽ സ്രഷ്ടാവിന് അത്യധികമായ ശക്തിയുണ്ട് എന്നുള്ളതിനു സംശയമില്ല, അതുകൊണ്ടു തന്നെ മാംസരക്തങ്ങളുള്ള മനുഷ്യർക്ക് ദൈവത്തെ കണ്ടിട്ട് ജീവിച്ചിരിക്കാൻ ആവില്ല. ബൈബിൾ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഒരു മനുഷ്യനും [ദൈവത്തെ] കണ്ടു ജീവനോടെ ഇരിക്കയില്ല.”—പുറപ്പാടു 33:20.
അവിശ്വാസത്തിനുള്ള മറ്റൊരു പ്രമുഖ കാരണം
19. അനേകരും പരിണാമത്തെ അംഗീകരിക്കുന്നതിനുള്ള മറ്റൊരു പ്രമുഖ കാരണമെന്ത്?
19 അനേകമാളുകളും ദൈവത്തിലുള്ള വിശ്വാസം ഉപേക്ഷിച്ച് പരിണാമത്തെ അംഗീകരിക്കുന്നതിനുള്ള മറ്റൊരു പ്രമുഖ കാരണം കഷ്ടപ്പാടു നിലനിൽക്കുന്നു എന്നതാണ്. അനീതിയും പീഡനവും കുറ്റകൃത്യവും യുദ്ധവും രോഗവും മരണവും നൂറ്റാണ്ടുകളായി നടമാടുന്നു. ഈ കഷ്ടതകളെല്ലാം മനുഷ്യ കുടുംബത്തിൻമേൽ വന്നുപെട്ടിരിക്കുന്നത് എന്തുകൊണ്ടെന്ന് അനേകമാളുകൾക്കും മനസ്സിലാകുന്നില്ല. ഒരു സർവശക്തനായ ദൈവം അത്തരം സംഗതികൾ അനുവദിക്കുകയില്ലായിരുന്നു എന്ന് അവർ വിചാരിക്കുന്നു. ഈ അവസ്ഥകൾ സ്ഥിതിചെയ്യുന്നതുകൊണ്ട് ദൈവം സ്ഥിതിചെയ്യുന്നില്ല എന്ന് അവർക്കു തോന്നുന്നു. അങ്ങനെ ഒരു ദൈവത്തിൽ വിശ്വസിക്കാൻ കഴിയാതെ അവർ പരിണാമം അംഗീകരിച്ചുപോകുന്നു, മിക്കപ്പോഴും സൂക്ഷ്മാന്വേഷണമൊന്നും കൂടാതെതന്നെ.
20. ഏതു ചോദ്യങ്ങൾക്ക് ഉത്തരം ആവശ്യമാണ്?
20 അങ്ങനെയെങ്കിൽ സർവശക്തനായ ഒരു സ്രഷ്ടാവ് എന്തുകൊണ്ടായിരിക്കും വളരെയധികം കഷ്ടപ്പാട് അനുവദിക്കുന്നത്? അത് എന്നെന്നും ഇങ്ങനെ തുടരുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം മനസ്സിലാക്കുന്നത് പരിണാമസിദ്ധാന്തം നമ്മുടെ കാലത്തു വളരെ വ്യാപകമായിത്തീരുന്നതിന്റെ ആഴമേറിയതും അടിസ്ഥാനപരവുമായ കാരണം മനസ്സിലാക്കാൻ ഒരുവനെ പ്രാപ്തനാക്കും.
[179-ാം പേജിലെ ആകർഷകവാക്യം]
വിദ്യാർഥിയുടെ മുമ്പിൽ എതിർ വാദഗതികൾ വിരളമായേ അവതരിപ്പിക്കാറുള്ളൂ
[180-ാം പേജിലെ ആകർഷകവാക്യം]
പരിണാമത്തെ കുറിച്ചുള്ള പഠിപ്പിക്കൽ ശാസ്ത്രത്തിലും മറ്റു മേഖലകളിലും വ്യാപിച്ചിരിക്കുന്നു
[180-ാം പേജിലെ ആകർഷകവാക്യം]
അജ്ഞർ മാത്രമേ പരിണാമത്തെ അവിശ്വസിക്കുകയുള്ളൂവെന്ന് അനേകം വിദ്യാഭ്യാസപ്രവർത്തകരും ശാസ്ത്രജ്ഞന്മാരും പറയുകയോ സൂചിപ്പിക്കുകയോ ചെയ്യുന്നു
[182-ാം പേജിലെ ആകർഷകവാക്യം]
“സൂക്ഷ്മാന്വേഷണം നടത്താതെതന്നെ വിശ്വസിക്കുന്നതിനുള്ള അസഹ്യപ്പെടുത്തുന്ന ഒരു പ്രവണതയാണ് [പരിണാമ] ശാസ്ത്രം വെളിപ്പെടുത്തുന്നത്”
[182-ാം പേജിലെ ആകർഷകവാക്യം]
“ഡാർവിൻ അടിസ്ഥാനപ്പെടുത്തിയ വസ്തുതകളും വ്യാഖ്യാനങ്ങളും ഇപ്പോൾ ബോധ്യംവരുത്താത്തവ ആയിത്തീർന്നിരിക്കുന്നു”
[183-ാം പേജിലെ ആകർഷകവാക്യം]
‘വിമർശനത്തെ അടിച്ചമർത്തുന്നത് ശാസ്ത്രത്തിൽ അസാധാരണവും അനഭിലഷണീയവുമാണ്’
[185-ാം പേജിലെ ആകർഷകവാക്യം]
മതത്തിന്റെ തെറ്റായ ആശയങ്ങളും ചെയ്തികളും ഉളവാക്കുന്ന ശൂന്യത പലപ്പോഴും പരിണാമത്തെ അംഗീകരിക്കുന്നതിലേക്കു നയിക്കുന്നു
[187-ാം പേജിലെ ആകർഷകവാക്യം]
കഷ്ടപ്പാട് സ്ഥിതിചെയ്യുന്നുവെന്ന കാരണത്താൽ അനേകരും ദൈവത്തിലുള്ള വിശ്വാസം ഉപേക്ഷിച്ച് പരിണാമത്തെ അംഗീകരിക്കുന്നു
[181-ാം പേജിലെ ചിത്രങ്ങൾ]
സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണത്തെക്കുറിച്ചും ഹൈഡ്രജനും ഓക്സിജനും സംയോജിച്ച് ജലം ആകുന്നതിനെക്കുറിച്ചും ഗുരുത്വത്തിന്റെ അസ്തിത്വത്തെക്കുറിച്ചും ഇപ്പോഴും ഉഗ്ര വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ടോ?
ഭ്രമണപഥം
ജലം
ഗുരുത്വം
[184-ാം പേജിലെ ചിത്രം]
വൈദികർ യുദ്ധത്തിൽ ഇരുപക്ഷങ്ങൾക്കും നൽകുന്ന പിന്തുണയും അവരുടെ അസഹിഷ്ണുതയും നരകാഗ്നി പോലെയുള്ള വ്യാജ പഠിപ്പിക്കലുകളും പലരെയും വ്യതിചലിപ്പിക്കുന്നു
[186-ാം പേജിലെ ചിത്രങ്ങൾ]
ഒരു സ്രഷ്ടാവിന്റെ അസ്തിത്വം “നിർമിതവസ്തുക്കളാ”ൽ പ്രകടമാകുന്നു