ആസ്ട്രേലിയയുടെ മധ്യഭാഗത്തേക്കൊരു ബസ് യാത്ര
ആസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ചീങ്കണ്ണികൾ ധാരാളമുള്ള ഒരു നദിയിലൂടെ നിങ്ങൾ എന്നെങ്കിലും ഒരു ജലയാത്ര നടത്തിയിട്ടുണ്ടോ? ഒരു നാഗരികതയിൽനിന്നു നൂറുകണക്കിനു കിലോമീററർ ദൂരത്തിൽ നിലാവെളിച്ചമുള്ള ഒരു രാത്രിയിൽ നിങ്ങൾ എന്നെങ്കിലും ഒരു സഞ്ചാര സംഗീതവിരുന്ന് ആസ്വദിച്ചിട്ടുണ്ടോ? മണിക്കൂറിൽ 100 കിലോമീററർ വേഗത്തിൽ ഒരു ഹൈവേയിലൂടെ യാത്രചെയ്യുമ്പോൾ എപ്പോഴെങ്കിലും നിങ്ങൾ ക്രിസ്തീയ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ? അത്തരം അനുഭവങ്ങൾ ആസ്ട്രേലിയയുടെ മദ്ധ്യഭാഗത്തു വെയിലേററു പൊരിയുന്ന ആലീസ് സ്പ്രിംങ്സിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു ഡിസ്ട്രിക്ട് കൺവെൻഷനിലേക്കു വിവിധ സ്ഥലങ്ങളിൽനിന്നു ബസ്സിൽ യാത്ര ചെയ്ത നൂറുകണക്കിനു പ്രതിനിധികൾ ആസ്വദിച്ചവയുടെ ഒരു മാതൃക മാത്രമാണ്.
ഒരു പ്രതിനിധി ഇപ്രകാരം പറഞ്ഞു: “‘സഫാരി’ എന്ന പദം ഉചിതമായിരുന്നു, എന്തെന്നാൽ വെളിയിൽ രണ്ടുപേർക്കു കഴിയാവുന്ന കൂടാരങ്ങളിൽ ഞങ്ങൾ ഉറങ്ങി. ആലീസ് സ്പ്രിങ്സിൽ എത്തിയപ്പോഴേക്കും മൂന്നു മിനിററിൽ കുറഞ്ഞ സമയംകൊണ്ടു ഞങ്ങൾക്കു ഞങ്ങളുടെ കൂടാരങ്ങൾ അടിക്കാൻ കഴിഞ്ഞു! അതിവേഗം മുന്നോട്ടു ചലിക്കുന്ന ഒരു വീഡിയോ കാണുന്നതുപോലിരുന്നു അത്: ബസ്സുകൾ നിൽക്കും, ആളൊഴിഞ്ഞ ഒരു പാർക്കിൽ ഡസ്സൻ കണക്കിനു ചെറിയ കൂടാരങ്ങൾ പെട്ടെന്നു മുളച്ചുവരും.”
“ആലീസി”ലേക്കു സ്വാഗതം
ആലീസ് സ്പ്രിങ്സ് (തദ്ദേശീയർ “ആലീസ്” എന്നു വിളിക്കുന്നു) ചുവന്ന ഒരു മരുഭൂമിയാൽ ചുററപ്പെട്ട തഴച്ചുവളരുന്ന ഒരു മരുപ്പച്ചയാണ്. അവിടത്തെ ജനസംഖ്യ 23,000 ആണ്, അത് ആസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരമായ കേന്ദ്രത്തിന്റെ തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്നു. ഇപ്പോൾ ഇത് ആസ്ട്രേലിയയിലെ തദ്ദേശ ആദിവാസികളെയും അവരുടെ അനുപമമായ കലയെയും ഒരു പ്രമുഖ വിഷയമായി ഉപയോഗിക്കുന്ന ഒരു ടൂറിസ്ററ് കേന്ദ്രമാണ്.
എന്നിരുന്നാലും, സാക്ഷികളെ സംബന്ധിച്ചിടത്തോളം ഈ യാത്രയുടെ സവിശേഷത മൂന്നു ദിവസത്തെ കൺവെൻഷൻ തന്നെയായിരുന്നു. അവരിൽ ചിലർക്ക്, ഇതു സന്തോഷഭരിതമായ പുനഃസമാഗമത്തിന്റെ ഒരു അവസരമാണെന്നു തെളിഞ്ഞു. ആസ്ട്രേലിയയിൽ ആവി പറക്കുന്ന ഒരു കപ്പു ചൂടുചായ നാട്ടിൻപുറത്തെ ആതിഥ്യത്തിന്റെ പ്രതീകങ്ങളിൽ ഒന്നാണ്, കൺവെൻഷൻ അതിന്റെ അനുപമമായ ബില്ലി ചായയും ഡാംബർ ലഘുഭക്ഷണവുമുള്ള കൂടാരമൊരുക്കി ഈ ആചാരം നിലനിർത്തി. ബില്ലി എന്നറിയപ്പെടുന്ന പുകപിടിച്ചു കറുത്ത ഒരു തകരപ്പാത്രത്തിൽ തുറന്ന അടുപ്പിൽവച്ചു ഉണ്ടാക്കുന്ന ലളിതമായ ഒരുതരം ചായയാണ് ബില്ലി ചായ. ബില്ലിയിലേക്കു തേയില ഇടുമ്പോൾ ചിലപ്പോൾ തിളയ്ക്കുന്ന വെള്ളത്തിൽ യൂക്കാലിപ്ററസ് അഥവാ പശമരക്കൊമ്പുകൊണ്ട് ഇളക്കുന്നു. ബില്ലിയുടെ മീതെ കുറുകെ വച്ചിരിക്കുന്ന ഒരു യൂക്കാലിപ്ററസ് കൊമ്പ് ചായയിലേക്കു പുക കടക്കാതെ തടയുന്നു.
ഡാംബർ ഒരുതരം ലളിതമായ ബ്രഡ്ഡാണ്. താനേ പൊങ്ങുന്ന മാവും വെള്ളവും ഉപ്പും മാത്രമാണ് ആവശ്യമായ ചേരുവകൾ. അതു ചൂടോടെ മുറിച്ചു കനത്ത കഷണങ്ങളാക്കി ധാരാളം വെണ്ണയും പാനിയും തേക്കുന്നു. ബില്ലിച്ചായയും ഡാംബറും കിട്ടുന്ന കൂടാരം കൺവെൻഷൻ സ്ഥലത്തെ ഏററവും തിരക്കേറിയ സംഗമസ്ഥാനങ്ങളിൽ ഒന്നാണെന്നു തെളിഞ്ഞു.
ഒററപ്പെട്ട സ്ഥലത്തു വിശ്വസ്തമായി സേവിക്കുന്നു
ആലീസ് സ്പ്രിങ്സ് സഭയിൽ 72 സാക്ഷികളുണ്ട്, അത് 2,00,000 ചതുരശ്ര കിലോമീററർ പ്രദേശത്തിന്റെ ചുമതല വഹിക്കുന്നു. ഡാർവിൻ വടക്കുമാറി ഏകദേശം 1,800 കിലോമീററർ അകലെയാണ്, അഡെലെയ്ഡ് 1,600 കിലോമീററർ തെക്കുമാറിയും. വലിയ ദൂരവും സ്ഥായിയായ ചൂടും പൊടിയും ഒററപ്പെട്ട അവസ്ഥയും പരിഗണിക്കുമ്പോൾ ഈ നാട്ടിൻപുറത്തു ജീവിക്കുന്നത് എന്തൊരു വെല്ലുവിളി കൈവരുത്തുന്നു എന്നു നേരിട്ടു കണ്ടതിൽ സന്ദർശനം നടത്തിയ പ്രതിനിധികൾ വിസ്മയാധീനരായി.
ഒരു ശ്രദ്ധേയമായ ഉദാഹരണം യൂറേനിയം ഖനനം ചെയ്യുന്ന ജാബിരു പട്ടണമാണ്. ഇവിടെ ഒരു സാക്ഷി മാത്രമേ താമസിക്കുന്നുള്ളു, അവർ ഏററവും അടുത്ത സഭയിൽനിന്ന് 260 കിലോമീററർ അകലെയാണ്. എന്നിരുന്നാലും, ഒററപ്പെട്ട അവസ്ഥ അവരുടെ ആത്മീയതയെ ക്ഷയിപ്പിച്ചിട്ടില്ല. കൺവെൻഷനിലെ അവളുടെ സാന്നിദ്ധ്യം മററുപലർക്കും ഒരു പ്രോത്സാഹനമാണെന്നു തെളിഞ്ഞു. വടക്കൻ പ്രദേശത്തുള്ള ആൺഹെംലാണ്ടിന്റെ അരുകിലുള്ള ജീൽക്മിംഗാൻ ആദിവാസി സമൂഹത്തിൽനിന്നു നാലു ബൈബിൾ വിദ്യാർഥികൾ ഈ കൺവെൻഷനിൽ സ്നാപനമേററ 26 പേരിൽ ഉൾപ്പെടാൻ യാത്ര ചെയ്തു.
പ്രതിനിധികൾ തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുന്നു
കൺവെൻഷൻ കഴിഞ്ഞു, ബസ്സുകളെല്ലാം വടക്കോട്ട് ആസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ മേലററത്തേക്കു നീങ്ങി. യാത്രയുടെ ഈ പാദത്തിന്റെ ഒരു സവിശേഷത സുപ്രസിദ്ധമായ കക്കാഡു ദേശീയ പാർക്കിലേക്കുള്ള വഴിയിൽ കാതറിൻ ഗോർജിലെ സ്വച്ഛവും തെളിഞ്ഞതുമായ വെള്ളത്തിലെ ജലയാത്രയായിരുന്നു. ഇതു സഞ്ചാരികൾക്കു വനത്തിലെ ചീങ്കണ്ണികളുടെ പ്രഥമ വീക്ഷണം പ്രദാനം ചെയ്തു. മനോജ്ഞവും എന്നാൽ അൽപ്പം പേടിപ്പെടുത്തുന്നതും! വടക്കൻ പ്രദേശത്തെ തലസ്ഥാനനഗരിയായ ഡാർവിനിലെ ഉല്ലാസപ്രദമായ ഒരു രാത്രിക്കുശേഷം, പനകൾ ചുററിനിൽക്കുന്ന സ്ഫടികം പോലെ തെളിഞ്ഞ ചൂടുറവകൾക്കും ജലാശയങ്ങൾക്കും പേരുകേട്ട മട്ടാരങ്ക സ്റേറഷനായിരുന്നു സഫാരിയുടെ അടുത്ത സ്റേറാപ്പ്.
എന്നിരുന്നാലും, കാഴ്ചകാണൽ ആത്മീയ പ്രവർത്തനങ്ങളെ ഞെരുക്കിക്കളഞ്ഞില്ല. ബസ്സുകൾ സഞ്ചരിക്കുന്ന രാജ്യഹാളുകളായി മാറി. ഓരോ ദിവസവും ഒരു തിരുവെഴുത്തുവാക്യവും അച്ചടിച്ച അഭിപ്രായങ്ങളും ചർച്ച ചെയ്തു, വഴിമദ്ധ്യേ വാരത്തിലെ സാധാരണ സഭായോഗങ്ങൾ നടത്തി. സാക്ഷിയല്ലാത്ത ഒരു ഡ്രൈവറിനു വളരെ മതിപ്പു തോന്നുകയാൽ ഈ ചർച്ചയുടെ സമയത്ത് അഭിപ്രായം പറയുന്നവരെ കൂടുതൽ വ്യക്തമായി കേൾക്കാൻ കഴിയുന്നതിനു ബസ്സിനുള്ളിലെ സ്പീക്കറുമായി ഘടിപ്പിക്കാൻ ഒരു എക്സ്ററൻഷൻ കോർഡും മൈക്രോഫോണും പ്ലഗ്ഗും അദ്ദേഹം തന്നെ മുൻകയ്യെടുത്തു വാങ്ങി.
യാത്രക്കിടയിൽ, ഉടനടി ആശുപത്രിയിൽ എത്തിക്കേണ്ടിവരത്തക്കവണ്ണം പ്രായമേറിയ ഒരു യാത്രക്കാരിക്ക് അസുഖം കൂടുതലായി. ഒരു സ്നേഹിത അവരോടൊപ്പം തങ്ങി, എന്നാൽ ബസ്സുകൾക്കു യാത്ര തുടരേണ്ടിവന്നു. രണ്ടു ദിവസം കഴിഞ്ഞ് സുഖമായശേഷം അവരും അവരുടെ സഹകാരിയും യാത്രയുടെ ശിഷ്ടഭാഗം നഷ്ടമായതിൽ ദുഃഖിതരും നിരാശരുമായിരുന്നു. എന്നാൽ ക്രിസ്തീയ സ്നേഹം അവരുടെ ദുഃഖത്തെ കുറച്ചു.
പൈലററുമാരായ രണ്ടു പ്രാദേശിക സാക്ഷികൾ ഈ സാഹചര്യത്തെക്കുറിച്ച് അറിഞ്ഞു. അപ്പോൾ കാര്യങ്ങൾ പെട്ടെന്നുതന്നെ സംഭവിച്ചു. ഉടൻതന്നെ നാലുപേരും ബസുകളോടൊപ്പം എത്താൻ ഒരു ചെറിയ വിമാനത്തിൽ പോർട്ട് അഗസ്ററ എന്ന പട്ടണത്തിലേക്കു യാത്രയായി. ഒരു യാത്രക്കാരി വികാരാധീനയായി ഇപ്രകാരം ഉദ്ഘോഷിച്ചു: “നാം ഉൾപ്പെട്ടിരിക്കുന്ന അത്ഭുതകരമായ സഹോദരവർഗത്തോടുള്ള സ്നേഹവും വിലമതിപ്പുംകൊണ്ടു ഞങ്ങൾ നിറഞ്ഞിരിക്കുന്നു!” എന്നാൽ ഇതു മാത്രമായിരുന്നില്ല. വിമാനം എത്തിയ ഉടനെ പത്തിലധികം സഹപ്രതിനിധികൾ പൈലററുമാരുടെ ചെലവുകൾ വഹിക്കാൻ സാമ്പത്തികമായി സംഭാവന ചെയ്യാൻ സന്നദ്ധരായി! ബസ്സ് ഡ്രൈവർ സഹോദരപ്രീതിയുടെ ഈ പ്രകടനത്തിങ്കൽ പ്രത്യക്ഷത്തിൽ വികാരാധീനനാകുകയും താൻ മുമ്പൊരിക്കലും ഇതുപോലുള്ള ഒന്നു കണ്ടിട്ടില്ലെന്നു പറയുകയും ചെയ്തു.
യാത്രക്കാരിൽ ഒരുവൻ ഇങ്ങനെ പറഞ്ഞു: “ആലീസ് സ്പ്രിംങ്സ് യാത്രയിൽ ചെലവഴിച്ച മൂന്ന് ആഴ്ചകളെക്കുറിച്ചു ചിന്തിക്കുമ്പോൾ, അത് എനിക്കുണ്ടായിരുന്നിട്ടുള്ളതിലേക്കും ഏററവും പ്രോത്സാഹജനകവും വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതുമായിരുന്നു എന്നു ഞാൻ കണ്ടെത്തി. എല്ലാററിനുമുപരിയായി മുന്തിനിൽക്കുന്നത് ഞങ്ങളെല്ലാം അസ്വദിച്ച ഒത്തൊരുമയുടെ ആത്മാവാണ്. ഭൂമിശാസ്ത്രപരമായി ഞങ്ങൾ എവിടെപ്പോയി എന്നുള്ളതു ഗണ്യമായിരിക്കുമായിരുന്നില്ല—യഥാർഥ നിക്ഷേപം ഞങ്ങളുടെ മനസ്സിന്റെയും ആത്മാവിന്റെയും ഐക്യമായിരുന്നു!” (g93 6/8)
[22-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ആലീസ് സ്പ്രിംങ്സ് കൺവെൻഷനിലേക്കും തിരിച്ചുമുള്ള സഫാരി യാത്രയുടെ വഴികൾ
പശ്ചിമ ആസ്ട്രേലിയ
വടക്കൻ പ്രദേശം
ക്വീൻസ്ലാൻഡ്
ന്യൂ സൗത്ത് വെയ്ൽസ്
തെക്കേ ആസ്ട്രേലിയ
വിക്ടോറിയ
ടാസ്മാനിയ
ഡാർവിൻ
പെർത്ത്
ആലീസ് സ്പ്രിംങ്സ്
ബ്രിസ്ബേൻ
സിഡ്നി
അഡെലെയ്ഡ്
മെൽബൺ
ഹോബർട്ട്
യൂലുരു (ആയേഴ്സ് പാറ)
പോർട്ട് അഗസ്ററ
കക്കാഡു ദേശീയ പാർക്ക്
20,21[- പേജുകളിലെ ചിത്രം]
ആലീസ് സ്പ്രിംങ്സ് ഡിസ്ട്രിക്ട് കൺവെൻഷനിൽ സ്നാപനം പ്രതീക്ഷിച്ചു കഴിഞ്ഞവരിൽ ആദിവാസികളും ഉണ്ടായിരുന്നു
[21-ാം പേജിലെ ചിത്രം]
ബില്ലി ചായയോടും ഡാംബറിനോടുമൊപ്പം ക്യാമ്പിലെ തീയും
[21[-ാം പേജിലെ ചിത്രം]
കക്കാഡു ദേശീയ പാർക്കിൽ ചീങ്കണ്ണികൾ വെയിൽ കായുന്നു
[22-ാം പേജിലെ ചിത്രം]
▲ആലീസ് സ്പ്രിംങ്സിനു 470 കിലോമീററർ തെക്കു പടിഞ്ഞാറുള്ള യൂലുരു (ഏയേഴ്സ് പാറ)
വടക്കൻ പ്രദേശത്തെ കക്കാഡു ▶ ദേശീയ പാർക്കിലെ ഒരു സാധാരണ ദൃശ്യം