ഭാഗം 5
ശാസ്ത്രം—സത്യത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ തുടരുന്ന അന്വേഷണം
ഇരുപതാം നൂററാണ്ടിലെ “മായാജാലം” പ്രവർത്തനത്തിൽ
പത്തൊൻപതാം നൂററാണ്ടിൽ അസാധ്യമായി കരുതിയിരുന്ന “മായാജാലം” ഇരുപതാം നൂററാണ്ടിൽ യാഥാർഥ്യം ആയിത്തീർന്നിരിക്കുന്നു. ഒററ തലമുറക്കുള്ളിൽ, സ്വന്തം മോഡൽ ററി ഫോർഡ് ഓടിക്കുന്നതുമുതൽ ചന്ദ്രനിൽ നടക്കുന്ന മനുഷ്യനെ വർണ ടെലിവിഷനിൽ നിരീക്ഷിക്കുന്നതിന്റെ പുളകാസ്വാദനംവരെ മനുഷ്യൻ മുന്നേറി. അസാധാരണങ്ങളായി വീക്ഷിക്കപ്പെടുന്നതിനു പകരം ശാസ്ത്ര-ഉത്പാദിത “അത്ഭുതങ്ങൾ” ഇന്നു വളരെ സാധാരണങ്ങളായി വീക്ഷിക്കപ്പെടുന്നു.
“ഇരുപതാം നൂററാണ്ടിന്റെ പ്രാരംഭ കാലത്തെ ശാസ്ത്രീയ നേട്ടങ്ങൾ പട്ടികപ്പെടുത്താൻപോലും പററാത്തവിധം ബഹുലമാണ്” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക സൂചിപ്പിക്കുന്നു. എന്നിരുന്നാലും, “ഓരോ സുപ്രധാന മേഖലയിലും, പുരോഗതി 19-ാം നൂററാണ്ടിലെ വിജയകരമായ വിപുല പ്രവർത്തനത്തിൽ അടിസ്ഥാനപ്പെട്ടിരുന്നു” എന്നു പറഞ്ഞുകൊണ്ട് അതു “പുരോഗതിയുടെ ഒരു സാധാരണ മാതൃക”യെ പരാമർശിക്കുന്നു. ശാസ്ത്രം സത്യത്തിനുവേണ്ടിയുള്ള ഒരു തുടരുന്ന അന്വേഷണമാണെന്നുള്ള പരമാർഥത്തിന് ഇത് അടിവരയിടുന്നു.
സമൂഹങ്ങളാൽ മാററി സ്ഥാപിക്കപ്പെടുന്നു
ആശയങ്ങളും വിവരങ്ങളും കൈമാറാനായി കൂടിവന്ന ശാസ്ത്രകാരൻമാരുടെ സമൂഹങ്ങളായ ശാസ്ത്രീയ സംഘങ്ങൾ 17-ാം നൂററാണ്ടിൽത്തന്നെ രൂപംകൊണ്ടിരുന്നു. ഏററവും പുതിയ കണ്ടുപിടിത്തങ്ങൾ പരസ്യമാക്കാനായി ഈ സംഘങ്ങൾ അവയുടെ സ്വന്തം സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കാൻപോലും തുടങ്ങി. ഇതു കൂടുതൽ ശാസ്ത്രീയ പുരോഗതിക്കിടയാക്കുമായിരുന്ന അടിത്തറ ബലിഷ്ഠമാക്കുന്നതിനു സഹായിച്ച വിവരങ്ങളുടെ ഒരു വിപുലമായ കൈമാററത്തിലേക്കു നയിച്ചു.
പത്തൊൻപതാം നൂററാണ്ടായപ്പോഴേക്കും, സർവകലാശാലകൾ ശാസ്ത്രീയ ഗവേഷണത്തിൽ ആഴമായി ഉൾപ്പെട്ടുകഴിഞ്ഞിരുന്നു. തുടർന്നുവന്ന വർഷങ്ങളിൽ അവയുടെ ഗവേഷണശാലകൾ സുപ്രധാന കണ്ടുപിടിത്തങ്ങൾ നടത്തുകയും ചെയ്തു.a ഇരുപതാം നൂററാണ്ടിന്റെ പ്രാരംഭത്തിൽ, വ്യവസായസ്ഥാപനങ്ങളും ഗവേഷണശാലകൾ സ്ഥാപിച്ചുകൊണ്ടിരുന്നു, കാലക്രമത്തിൽ അവിടെ പുതിയ ഔഷധങ്ങളും കൃത്രിമ പദാർഥങ്ങളും (പ്ലാസ്ററിക് ഉൾപ്പെടെയുള്ള) മററ് ഉത്പന്നങ്ങളും വികസിപ്പിച്ചെടുത്ത ഇവയിൽനിന്നു പൊതുജനം പ്രയോജനം അനുഭവിക്കുകയും ഗവേഷണ സ്ഥാപനങ്ങൾ ദശലക്ഷക്കണക്കിനു ഡോളറുകളുടെ ലാഭം കൊയ്യുകയും ചെയ്തു.
ഈ ഗവേഷണശാലകളുടെയും ഗവേഷണസംഘങ്ങളുടെയും സ്ഥാപിക്കൽ വ്യക്തി സംരംഭത്തിനു വിപരീതമായി സംഘടിത ഗവേഷണത്തിനുള്ള ഒരു പ്രവണത നിർദേശിച്ചു. ചില ശാസ്ത്രജ്ഞൻമാർ ഏററവും മെച്ചമായ സമീപനം ഇതായിരുന്നെങ്കിലെന്ന് അതിശയിച്ചുപോയി. ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തൊമ്പതിൽ അയർലണ്ടുകാരനായ ഭൗതിക ശാസ്ത്രജ്ഞനും എക്സ്-റേ ക്രിസ്ററലൊഗ്രാഫറുമായ ജോൺ ഡി. ബെർനൽ പിൻവരുന്ന പ്രശ്നം ഉന്നയിച്ചു: “ശാസ്ത്രം, അവരവരുടേതായ ആന്തരിക വെളിച്ചം പിന്തുടരുന്ന അനുഗൃഹീതരായ വ്യക്തികളുടെ ആകസ്മികമായ പ്രവർത്തന ഏകോപനത്താൽ പുരോഗതി പ്രാപിക്കണമോ, അതോ പരസ്പരം സഹായിക്കുകയും വ്യതിയാനം വരുത്താവുന്നതെങ്കിലും മുൻകൂട്ടി നിരൂപിച്ച ചില പദ്ധതികളനുസരിച്ചു തങ്ങളുടെ പ്രവർത്തനം സമന്വയിപ്പിക്കുകയും ചെയ്യുന്ന വിഭാഗങ്ങളാൽ അഥവാ ജോലിക്കാരുടെ സംഘങ്ങളാൽ പുരോഗതി പ്രാപിക്കണമോ?”
സങ്കീർണതയും ഗവേഷണത്തിന്റെ ഉയർന്ന ചെലവും നിമിത്തം സംഘങ്ങളായി പ്രവർത്തിക്കുന്നതിനുവേണ്ടി ബെർനൽ വാദിച്ചു, പ്രവർത്തനം കേവലം ഉചിതമായി എങ്ങനെ സംഘടിപ്പിക്കണമെന്നുള്ളതായിരുന്നു പ്രശ്നം എന്നു പറഞ്ഞുകൊണ്ടുതന്നെ. അദ്ദേഹം ഇപ്രകാരം പ്രവചിക്കുകയുണ്ടായി: “ശാസ്ത്രീയ ഗവേഷണ മാർഗം കൂട്ടായ പ്രവർത്തനം ആയിത്തീരാൻ വർധമാനമായ രീതിയിൽ പ്രവണതയുണ്ടാകും.” ഇപ്പോൾ, അര നൂററാണ്ടിലധികം കഴിഞ്ഞപ്പോൾ, ബെർനൽ പറഞ്ഞതു ശരിയായിരുന്നുവെന്നുള്ളതു സ്പഷ്ടമാണ്. ഇരുപതാം നൂററാണ്ടിലെ ശാസ്ത്രീയ “മായാജാല”ത്തെ പ്രവർത്തിപ്പിക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തിക്കൊണ്ട് ആ പ്രവണത തുടർന്നുപോന്നിരിക്കുന്നു.
“ദൈവം എന്തെല്ലാമാണു പ്രവർത്തിച്ചിരിക്കുന്നത്!”
മോഴ്സ് കോഡിന്റെ ഉപജ്ഞാതാവായ സാമുവേൽ മോഴ്സ് ഈ ത്രിപദ ഉത്ക്രോശം 1844, മേയ് 24-ന് 50-ലേറെ കിലോമീററർ അകലത്തിലേക്കു വിജയകരമായി കമ്പിയടിച്ചു. പിൻവന്ന 20-ാം നൂററാണ്ടിലെ വാർത്താപ്രേഷണ “മായാജാല”ത്തിന്റെ 19-ാം നൂററാണ്ടിലെ വേരുകൾ അപ്പോൾ പാകുകയായിരുന്നു.
ഏതാണ്ട് 30 വർഷങ്ങൾക്കുശേഷം, 1876-ൽ, അലക്സാണ്ടർ ഗ്രഹാം ബെൽ തന്റെ സഹായിയായ തോമസ് വാട്സനോടൊപ്പം ഒരു വാർത്താപ്രേഷണി പരീക്ഷിച്ചുനോക്കാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോൾ ബെല്ലിന്റെ കയ്യിൽനിന്ന് അല്പം ആസിഡ് തൂകിപ്പോയി. “മി. വാട്സൻ, ഇവിടെ വരൂ. എനിക്കു നിങ്ങളെ ആവശ്യമുണ്ട്,” അദ്ദേഹം വിളിച്ചുപറഞ്ഞു. അതു കേവലം സഹായത്തിനുള്ള ഒരു അഭ്യർഥനയിൽ അധികമായ ഒന്നായിത്തീർന്നു. മറെറാരു മുറിയിൽ ഇരിക്കുകയായിരുന്ന വാട്സൻ ഈ സന്ദേശം കേട്ട്, അത് ടെലിഫോണിലൂടെ പ്രേഷണം ചെയ്തിട്ടുള്ളതിൽ വച്ച് ആദ്യത്തെ തികച്ചും വ്യക്തമായ വാചകമാണെന്നു തിരിച്ചറിഞ്ഞ് ഓടിയെത്തി. അന്നുമുതൽ ഇന്നുവരെ മണിയടിക്കുന്ന ടെലിഫോണുകൾ ആളുകളെ ഓടിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ 93 വർഷമായി ശാസ്ത്രീയ പരിജ്ഞാനവും സാങ്കേതിക വൈദഗ്ധ്യവും ജോടിചേർന്ന്, മുമ്പൊരിക്കലും സാധിച്ചുകൊടുത്തിട്ടില്ലാത്ത ഒരു ജീവിത നിലവാരം എക്കാലത്തെക്കാളും കൂടുതൽ ആളുകൾക്കു പ്രദാനം ചെയ്തിരിക്കുന്നു. ലോകം അയൽപക്കത്തിന്റെ ചുററുവട്ടത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു. “അസാധ്യമായിരുന്ന” കാര്യങ്ങൾ സാധാരണങ്ങളായിത്തീർന്നിരിക്കുന്നു. യഥാർഥത്തിൽ, ടെലിഫോണുകളും ടെലിവിഷനുകളും മോട്ടോർ വാഹനങ്ങളും വിമാനങ്ങളും—അങ്ങനെ 20-ാം നൂററാണ്ടിലെ മറെറന്തൊക്കെ “അത്ഭുതങ്ങൾ” ഉണ്ടോ അതൊക്കെ—മനുഷ്യവർഗം അതിന്റെ അസ്തിത്വത്തിന്റെ അധികഭാഗവും ഇവയില്ലാതെയാണു കഴിഞ്ഞുകൂടിയത് എന്നു നാം മറന്നുപോകത്തക്ക വിധം അത്രമാത്രം നമ്മുടെ ലോകത്തിന്റെ ഒരു ഭാഗമാണ്.
ഈ നൂററാണ്ട് ആരംഭിച്ചപ്പോൾ, “ശാസ്ത്രത്തിന്റെ വിജയഭേരികൾ അപരിമിതമായി പരിജ്ഞാനവും ശക്തിയും വാഗ്ദാനം ചെയ്യുന്നതായി കാണപ്പെട്ടു” എന്ന് ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക സൂചിപ്പിക്കുന്നു. എന്നാൽ അതേസമയത്ത് ഉണ്ടായിട്ടുള്ള സാങ്കേതിക പുരോഗതികൾ എല്ലായിടത്തും തുല്യ അളവിൽ ആസ്വദിക്കപ്പെട്ടിരുന്നില്ല, സംശയമെന്യേ പ്രയോജനകരമായിരുന്നതായി അവയെയെല്ലാം തരംതിരിക്കാൻ കഴിയുന്നതുമില്ല. “ഈ വിജയങ്ങൾത്തന്നെ തങ്ങളുടെ സാമൂഹികവും പ്രാകൃതികവുമായ പരിസ്ഥിതിയിൽ വരുത്തുമായിരുന്ന പ്രശ്നങ്ങൾ ആർക്കും തന്നെ മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല” എന്ന് അതു കൂട്ടിച്ചേർക്കുന്നു.
പ്രശ്നങ്ങൾക്ക് കാരണമെന്ത്?
പ്രപഞ്ചത്തെ മെച്ചമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ശാസ്ത്ര യാഥാർഥ്യങ്ങളെയോ മനുഷ്യവർഗത്തിന്റെ പ്രയോജനത്തിനായി അവയെ ഒരു പ്രായോഗിക രീതിയിൽ പ്രവർത്തിപ്പിക്കുന്ന സാങ്കേതികവിദ്യയെയോ കുററപ്പെടുത്താൻ സാധ്യമല്ല.
ഇവ രണ്ടും—ശാസ്ത്രവും സാങ്കേതികവിദ്യയും—വളരെക്കാലമായി ബന്ധുത്വം ആസ്വദിച്ചിട്ടുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയുടെ വളർച്ചയും 1800 മുതൽ (Science and the Rise of Technology Since 1800) എന്ന പുസ്തകം പറയുന്നതനുസരിച്ച്, “ഇപ്പോൾ പരക്കെ അറിയപ്പെടുന്ന അവയുടെ ഉററബന്ധം ഈ അടുത്തകാലംവരെ പൂർണമായി സ്ഥാപിതമായിരുന്നില്ല.” വ്യവസായ വിപ്ലവത്തിന്റെ പ്രാരംഭ ഭാഗത്തുപോലും ഈ ബന്ധം ദൃഢമായിരുന്നില്ല എന്നതു സ്പഷ്ടമാണ്. പുതുതായി സമ്പാദിച്ച ശാസ്ത്രീയ പരിജ്ഞാനം പുതിയ ഉത്പന്നങ്ങളുടെ വികസിപ്പിക്കലിനു സംഭാവന ചെയ്തപ്പോൾ തൊഴിൽ പരിചയവും കായിക വൈദഗ്ധ്യവും സാങ്കേതിക തൊഴിലിലുള്ള പ്രാവീണ്യവും അതുതന്നെ ചെയ്തു.
എന്നിരുന്നാലും, വ്യവസായ വിപ്ലവം തുടങ്ങിയതിനുശേഷം ശാസ്ത്രീയ ജ്ഞാനത്തിന്റെ സമാഹരണം ത്വരിതപ്പെടുകയും അതുവഴി സാങ്കേതിക വിദ്യക്കു പ്രവർത്തിക്കാൻ കഴിഞ്ഞ ഒരു വിശാലമായ അടിത്തറ സൃഷ്ടിക്കുകയും ചെയ്തു. പുതു ജ്ഞാനത്താൽ നിറയ്ക്കപ്പെട്ട് സാങ്കേതികവിദ്യ അധ്വാനം ലഘൂകരിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ മെച്ചവും സന്തുഷ്ടവുമായ ഒരു ലോകം വളർത്തിയെടുക്കുന്നതിനും ഉള്ള മാർഗങ്ങൾ ആസൂത്രണം ചെയ്യാൻ ശ്രമിച്ചു തുടങ്ങി.
എന്നാൽ സാങ്കേതികവിദ്യ അതിന്റെ ആധാരമായിരിക്കുന്ന ശാസ്ത്രീയ പരിജ്ഞാനത്തെക്കാൾ മെച്ചമായിരിക്കാൻ കഴിയുകയില്ല. ശാസ്ത്രീയ പരിജ്ഞാനം പ്രമാദപൂർണമാണെങ്കിൽ അതിൽ അധിഷ്ഠിതമായ ഏതു സാങ്കേതിക പുരോഗതിയും അതുപോലെ പിശകുള്ളതായിരിക്കും. പലപ്പോഴും ഗണ്യമായ ദോഷം ചെയ്തതിനുശേഷം മാത്രമേ പാർശ്വ ഫലങ്ങൾ പ്രകടമായിത്തീരുകയുള്ളു. ഉദാഹരണത്തിന്, ക്ലോറോഫ്ളൂറോകാർബണുകളോ ഹൈഡ്രോകാർബണുകളോ ഉപയോഗിച്ചുള്ള അന്തരീക്ഷ സ്പ്രേകളുടെ ആവിർഭാവം ഒരു ദിനം ഭൂമിയുടെ സംരക്ഷക ഓസോൺ വലയത്തിനു ഹാനിവരുത്തുമെന്ന് ആർക്കു മുൻകൂട്ടി കാണാൻ കഴിയുമായിരുന്നു?
മറെറാന്നുംകൂടെ ഉൾപ്പെടുന്നു—ആന്തരം. അർപ്പിതനായ ഒരു ശാസ്ത്രജ്ഞൻ വെറും പരിജ്ഞാന തത്പരനും ജീവിതത്തിന്റെ ദശകങ്ങൾതന്നെ ഗവേഷണത്തിൽ ചെലവഴിക്കാൻ മനസ്സുള്ളവനും ആയിരുന്നേക്കാം. എന്നാൽ ലാഭസമ്പാദനത്തിൽ കൂടുതൽ തത്പരനായിരുന്നേക്കാവുന്ന ഒരു ബിസിനസ്സുകാരൻ അറിവു പെട്ടെന്നു പ്രയോഗത്തിൽ കൊണ്ടുവരുന്നതിന് ആകാംക്ഷയുള്ളവനാണ്. പെട്ടെന്നു പ്രയോഗത്തിൽ വരുത്തുന്നെങ്കിൽ തനിക്കു രാഷ്ട്രീയ നേട്ടം പ്രദാനം ചെയ്തേക്കാമെന്നു വിചാരിക്കുന്ന ഏതു രാഷ്ട്രതന്ത്രജ്ഞൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനുമുമ്പു ദശകങ്ങൾ ക്ഷമയോടെ കാത്തിരിക്കും?
ഭൗതിക ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്ററീൻ ഇപ്രകാരം പറഞ്ഞപ്പോൾ അദ്ദേഹം പ്രശ്നം തിരിച്ചറിഞ്ഞു: “കെട്ടഴിച്ചുവിട്ട ആററത്തിന്റെ ശക്തി നമ്മുടെ ചിന്താഗതികളൊഴികെ എല്ലാത്തിനെയും മാററിയിരിക്കുന്നു. അങ്ങനെ നാം സമാന്തരമില്ലാത്ത കൊടുംവിപത്തിലേക്ക് ഒഴുകിപ്പോകുന്നു.” (ഇററാലിക്സ് ഞങ്ങളുടേത്.) അതേ, 20-ാം നൂററാണ്ടിലെ “മായാജാലം” ഉളവാക്കിയ പ്രശ്നങ്ങളിലധികവും പ്രമാദപൂർണമായ ശാസ്ത്രീയ ജ്ഞാനം നിമിത്തംമാത്രമല്ല പിന്നെയോ, സ്വാർഥ താത്പര്യങ്ങളാൽ പ്രേരിതമായ സത്വരവും അനിയന്ത്രിതവുമായ സാങ്കേതികവിദ്യ നിമിത്തവുമാണു സംജാതമായത്.
ഉദാഹരണത്തിന് ഒരു കാര്യം എടുത്താൽ, ശബ്ദവും കാഴ്ചയും വിദൂര സ്ഥലങ്ങളിലേക്കു പ്രേഷണം ചെയ്യാൻ കഴിയുമെന്നു ശാസ്ത്രം കണ്ടുപിടിച്ചു—ടെലിവിഷൻ തന്നെ. സാങ്കേതിക വിദ്യ അങ്ങനെ ചെയ്യുന്നതിനാവശ്യമായ സാങ്കേതിക വൈദഗ്ധ്യം വികസിപ്പിച്ചെടുത്തു. എന്നാൽ അശ്ലീല ചിത്രങ്ങളും കൊലപാതകത്തിന്റെ ക്രൂരമായ കാഴ്ചകളും സമാധാനപൂർണമായ വിശ്രമ മുറികളിലേക്കു പ്രേഷണം ചെയ്യുന്നതിന് ഈ അത്ഭുതകരമായ പരിജ്ഞാനവും സാങ്കേതികവിദ്യയും ഉപയോഗിച്ചത് അത്യാർത്തിപൂണ്ട വ്യവസായത്തിന്റെയും ജിജ്ഞാസുക്കളായ ഉപഭോക്താക്കളുടെയും ഭാഗത്തെ തെററായ ഒരു ചിന്താഗതിയായിരുന്നു.
അതുപോലെ, വസ്തുവിനെ ഊർജമാക്കി മാററാൻ കഴിയുമെന്നു ശാസ്ത്രം കണ്ടുപിടിച്ചു. അങ്ങനെ ചെയ്യുന്നതിനാവശ്യമായ സാങ്കേതിക വൈദഗ്ധ്യം സാങ്കേതിക വിദ്യ വളർത്തിയെടുത്തു. എന്നാൽ ഡമോക്ലീസിന്റെ വാളുപോലെ ലോക സമുദായത്തിന്റെ തലക്കുമീതെ ഇപ്പോഴും തൂങ്ങി നിൽക്കുന്ന ന്യൂക്ലിയർ ആയുധങ്ങൾ നിർമിക്കുന്നതിനുവേണ്ടി ഈ അറിവും സാങ്കേതികവിദ്യയും ഉപയോഗിച്ചതു ദേശീയത്വ രാഷ്ട്രീയത്തിന്റെ ഭാഗത്തെ ഒരു തെററായ ചിന്താഗതിയായിരുന്നു.
ശാസ്ത്രത്തെ അതിന്റെ സ്ഥാനത്തു നിർത്തൽ
സേവകരായിരിക്കാൻ രൂപകല്പന ചെയ്യപ്പെട്ട സാങ്കേതികമായി വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ യജമാനൻമാരായിത്തീരാൻ ആളുകൾ അനുവദിക്കുന്നെങ്കിൽ അതു വീണ്ടും തെററായ ഒരു ചിന്താഗതിയെ വെളിപ്പെടുത്തുന്നു. ടൈം മാസിക 1983-ൽ ഈ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നൽകി. അതു സാധാരണ ചെയ്യാറുള്ളതുപോലെ തലേ വർഷത്തെ പ്രഗല്ഭ മനുഷ്യനെ തിരഞ്ഞെടുക്കാതെ “ആ വർഷത്തെ മികച്ച യന്ത്ര”മായ കമ്പ്യൂട്ടറിനെ തിരഞ്ഞെടുത്തപ്പോൾതന്നെ.
ടൈം ഇപ്രകാരം ന്യായവാദം ചെയ്തു: “തലക്കുള്ളിൽ വച്ചു ചെയ്യാറുണ്ടായിരുന്ന കാര്യങ്ങൾ ചെയ്യാൻ ആളുകൾ കമ്പ്യൂട്ടറിനെ ആശ്രയിക്കുമ്പോൾ അവരുടെ തലച്ചോറുകൾക്ക് എന്തു സംഭവിക്കുന്നു? . . . കമ്പ്യൂട്ടറിന്റെ ഓർമയിൽ സംഭരിച്ചുവച്ചിരിക്കുന്ന ഒരു നിഘണ്ടുവിന് ഏത് അക്ഷരത്തെററും അനായാസം തിരുത്താൻ കഴിയുമെങ്കിൽ അക്ഷരവിന്യാസം പഠിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? ബുദ്ധിപരമായ അഭ്യാസങ്ങളിൽനിന്നു മനസ്സിനെ സ്വതന്ത്രമാക്കുന്നെങ്കിൽ സുപ്രധാന ആശയങ്ങളുടെ സമ്പാദനത്തിനായി അത് കുതിക്കുമോ അതോ അലസമായി കൂടുതൽ ടെലിവിഷൻ വിനോദങ്ങളിൽ സമയം ചെലവിടുമോ? . . . കമ്പ്യൂട്ടർ തലച്ചോറിന്റെ പ്രവർത്തനത്തെ യഥാർഥത്തിൽ ഉത്തേജിപ്പിക്കുന്നുവോ, അതോ അതിന്റെ ജോലിയിൽ അധികവും ചെയ്തുകൊണ്ടു മന്ദീഭവിക്കാൻ അതിനെ അനുവദിക്കുന്നുവോ?”
എന്നിരുന്നാലും, ചില ആളുകൾ ശാസ്ത്രത്തെ ഫലത്തിൽ ദൈവമായി ഉയർത്തിക്കൊണ്ടു ശാസ്ത്രീയ നേട്ടങ്ങളിൽ അത്ര മതിപ്പുള്ളവരാണ്. ശാസ്ത്രജ്ഞനായ അന്തോണി സ്ററാൻഡെൻ 1950-ൽ പ്രസിദ്ധീകരിച്ച സയൻസ് ഈസ് എ സേക്രഡ് കൗ എന്ന തന്റെ പുസ്തകത്തിൽ ഇതു ചർച്ചചെയ്യുകയുണ്ടായി. നാം കുറെ അതിശയോക്തി അനുവദിക്കുകയാണെങ്കിൽപ്പോലും സ്ററാൻഡെൻ പറഞ്ഞതിൽ കഴമ്പുണ്ട്: “വെള്ളവസ്ത്രം ധരിച്ച ഒരു ശാസ്ത്രജ്ഞൻ . . . പൊതുജനത്തിന്റെ മുമ്പിൽ ചില പ്രസ്താവനകൾ നടത്തുമ്പോൾ അദ്ദേഹം പറയുന്നതു മനസ്സിലാകുകയില്ലായിരിക്കാം, എന്നാലും അദ്ദേഹത്തെ വിശ്വസിക്കുമെന്നതു തീർച്ചയാണ്. . . . രാജ്യതന്ത്രജ്ഞൻമാർ, വ്യവസായ വിദഗ്ധർ, മതവൈദികർ, പൗരമേധാവികൾ, തത്ത്വചിന്തകൻമാർ ഇവർ എല്ലാവരും ചോദ്യം ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്നു, എന്നാൽ ശാസ്ത്രജ്ഞൻമാർ— ഒരിക്കലും വിമർശിക്കപ്പെടുന്നില്ല. പൊരുത്തക്കേടിന്റെ എല്ലാ സാധ്യതകളെയും തള്ളിക്കളയുന്നതായി തോന്നുന്ന ‘അതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് . . . ’ എന്ന സൂത്രവാക്യത്തിന്റെ കുത്തകയുള്ളതുകൊണ്ട് ശാസ്ത്രകാരൻമാർ ബഹുജന കീർത്തിയാകുന്ന ഗോപുരത്തിന്റെ ഏററവും അഗ്രിമസ്ഥാനത്തു നിൽക്കുന്ന ഉത്കൃഷ്ട വ്യക്തികളാണ്.”
ഈ തെററായ ചിന്താഗതി നിമിത്തം, ചില ആളുകൾ ശാസ്ത്രവും ബൈബിളും തമ്മിൽ കാണപ്പെടുന്ന വൈപരീത്യങ്ങളെ മതപരമായ “അന്ധവിശ്വാസത്തിനു” വിപരീതമായുള്ള ശാസ്ത്രീയ “വിജ്ഞാന”ത്തിന്റെ തെളിവായി കണക്കാക്കുന്നു. ചിലർ ഈ വൈപരീത്യങ്ങളെന്നു വിളിക്കപ്പെടുന്നവയിൽ ദൈവത്തിന്റെ അസ്തിത്വമില്ലായ്മക്കുള്ള തെളിവുപോലും കാണുന്നു. എന്നിരുന്നാലും, വാസ്തവത്തിൽ ദൈവത്തിനല്ല അസ്തിത്വമില്ലാത്തത് പകരം, ദൈവത്തിന്റെ വചനത്തെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ടു വൈദികവർഗം ഉളവാക്കിയിട്ടുള്ള സാങ്കല്പിക വൈപരീത്യങ്ങൾക്കാണ്. ഇപ്രകാരം അവർ ബൈബിളിന്റെ ദിവ്യ ലേഖകനെ നിന്ദിക്കുകയും അതേസമയം ശാസ്ത്രീയ സത്യത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ തുടരുന്ന അന്വേഷണത്തെ ദ്രോഹിക്കുകയും ചെയ്യുന്നു.
കൂടാതെ, ദൈവാത്മാവിന്റെ ഫലങ്ങൾ അഭ്യസിക്കുന്നതിനു തങ്ങളുടെ പള്ളിയംഗങ്ങളെ പരിശീലിപ്പിക്കുന്നതിൽ പരാജയപ്പെട്ടുകൊണ്ട്, ഈ മതനേതാക്കൻമാർ വ്യക്തിപരമായ സുഖസൗകര്യങ്ങൾക്കുവേണ്ടി തങ്ങളുടെ സ്വന്തം താത്പര്യങ്ങളെക്കുറിച്ച് ആളുകൾ മുഖ്യമായും ചിന്തിക്കുന്നതിന് ഇടയാക്കുന്ന സ്വാർഥതയുടെ ഒരു അന്തരീക്ഷം നട്ടുവളർത്തുന്നു. ഇതു പലപ്പോഴും മററുള്ളവരുടെ ചെലവിലാണ്. സഹമനുഷ്യരെ നിഗ്രഹിക്കുന്നതിനു ശാസ്ത്രീയ പരിജ്ഞാനത്തെ ദുരുപയോഗപ്പെടുത്തുന്നതിന്റെ അളവോളംപോലും പോകുകയും ചെയ്യുന്നു.—ഗലാത്യർ 5:19-23.
വ്യാജമതവും അപൂർണമായ മനുഷ്യ രാഷ്ട്രീയവും അത്യാർത്തിപൂണ്ട വ്യവസായവും ആളുകളെ അവർ ഇപ്പോൾ ആയിരിക്കുന്നതുപോലെ “സ്വസ്നേഹികളും . . . നന്ദിയില്ലാത്തവരും . . . ആത്മ നിയന്ത്രണമില്ലാത്തവരും” ആയി തെററായ ചിന്താഗതികളാൽ നയിക്കപ്പെടുന്ന അഹംവാദികളായി രൂപപ്പെടുത്തിയിരിക്കുന്നു.—2 തിമൊഥെയോസ് 3:1-3, NW.
ഇവരെല്ലാമാണു ശാസ്ത്രം അഭിമുഖീകരിക്കേണ്ടതായി പറയപ്പെട്ടിരിക്കുന്ന 21-ാം ശതകത്തിലെ വെല്ലുവിളികൾ സൃഷ്ടിച്ചിരിക്കുന്ന ആളുകളും സ്ഥാപനങ്ങളും. അതു വിജയിക്കുമോ? ഇതിന്റെ ഉത്തരം ഞങ്ങളുടെ അടുത്ത പതിപ്പിൽ വരുന്ന ഈ പരമ്പരയുടെ അവസാന ഭാഗത്തിൽ വായിക്കുക. (g93 6/8)
[അടിക്കുറിപ്പുകൾ]
a ഉദാഹരണത്തിന്, അണുബോംബു വികസിപ്പിച്ചെടുത്ത യു. എസ്. സത്വര പദ്ധതിയായ മൻഹാട്ടൻ പദ്ധതിക്കുവേണ്ടിയുള്ള ഗവേഷണങ്ങളിലധികവും, ചിക്കാഗോ സർവകലാശാലയിലെയും ബെർക്കെലെയിലെ കാലിഫോർണിയ സർവകലാശാലയിലെയും ഗവേഷണശാലകളിൽ നടത്തപ്പെട്ടു.
[13-ാം പേജിലെ ആകർഷകവാക്യം]
ശാസ്ത്രീയ പരിജ്ഞാനം പ്രമാദപൂർണമാണെങ്കിൽ, അതിൽ അധിഷ്ഠിതമായ പുരോഗതികളും പിശകുള്ളതായിരിക്കും
[15-ാം പേജിലെ ആകർഷകവാക്യം]
എല്ലാ ശാസ്ത്രീയ നേട്ടങ്ങളും പ്രയോജനപ്രദങ്ങളല്ല
[12-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
From the Collections of Henry Ford Museum & Greenfield Village
NASA photo