വിവാഹ ജീവിതം—അതു കൂടുതൽ സന്തുഷ്ടമാക്കൽ
വിവാഹബന്ധത്തെ ഒരു വിജയമാക്കാൻ എന്തിനു കഴിയും?
ആരുടെ മാർഗനിർദേശത്തിനു വൈവാഹിക സന്തുഷ്ടിയിലേക്കു നയിക്കാൻ കഴിയും?
ആശയവിനിമയ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാൻ കഴിയും?
വനിതാ വിമോചനത്തെക്കുറിച്ചു തങ്ങൾ വായിച്ച പുസ്തകങ്ങളാൽ സ്വാധീനിക്കപ്പെട്ട് യാഷുഹീറോയും അയാളുടെ കാമുകി കയോക്കോയും തങ്ങളുടെ ബന്ധം ഏതു സമയത്തും അവസാനിപ്പിക്കാൻ കഴിയും എന്നു വിചാരിച്ചുകൊണ്ട് ഒന്നിച്ചു താമസിക്കാൻ തുടങ്ങി. കയോക്കോ ഗർഭിണിയായശേഷം മാത്രമാണ് അവർ തങ്ങളുടെ വിവാഹബന്ധം നിയമാനുസൃതമാക്കിയത്. എന്നിരുന്നാലും, യാഷുഹീറോയ്ക്കു കുടുംബ ക്രമീകരണങ്ങൾ സംബന്ധിച്ചു തുടർന്നും സംശയങ്ങൾ ഉണ്ടായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും പൊരുത്തമില്ല എന്ന തോന്നലും നാമ്പെടുത്തതോടെ അവർ നേരെ പോയി വിവാഹമോചനം നേടി.
വിവാഹമോചനം കഴിഞ്ഞു കുറച്ചു കാലത്തിനുശേഷം പരസ്പരം അറിയാതെ യാഷുഹീറോയും കയോക്കോയും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. കുറച്ചു കാലത്തിനുശേഷം ഇരുവരും ഇതിനെക്കുറിച്ചു മനസ്സിലാക്കുകയും ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിലൂടെ ഓരോരുത്തരും തങ്ങളുടെ ജീവിതത്തിൽ വരുത്തിയ മാററങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. അവർ പുനർവിവാഹം ചെയ്യാൻ തീരുമാനിച്ചു. വിവാഹത്തെ സംബന്ധിച്ച ദൈവിക കാഴ്ചപ്പാടോടെ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ത്യാഗങ്ങൾ സഹിക്കാൻ ഇപ്പോൾ അവർ ഒരുങ്ങിക്കഴിഞ്ഞു.
അവരുടെ രണ്ടാമത്തെ വിവാഹത്തെ ഒരു വിജയമാക്കിയത് എന്താണ്? അതു വിവാഹത്തിന്റെ ഉപജ്ഞാതാവിനോടുള്ള അവരുടെ ആദരവായിരുന്നു. (ഉല്പത്തി 2:18-24) ഏററവും അനുഭവസമ്പന്നനായ വിവാഹ ഉപദേഷ്ടാവായ യഹോവയാം ദൈവം നൽകിയിരിക്കുന്ന മാർഗനിർദേശം വൈവാഹിക സന്തുഷ്ടിയിലേക്കുള്ള വാതിൽ തുറക്കുന്ന താക്കോലാണ്.
വൈവാഹിക സന്തുഷ്ടിയിലേക്കുള്ള താക്കോൽ
യേശുക്രിസ്തു പറഞ്ഞതു ബാധകമാക്കുമ്പോൾ വൈവാഹിക പ്രശ്നങ്ങളെ പരിഹരിക്കാനും വിവാഹങ്ങളെ രക്ഷിക്കാനും കഴിയും: “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.” (മത്തായി 22:37-39) വൈവാഹിക സന്തുഷ്ടിയിലേക്കുള്ള താക്കോൽ ഇവിടെയുണ്ട്. ഭർത്താവും ഭാര്യയും തങ്ങളെത്തന്നെയോ പരസ്പരമോ സ്നേഹിക്കുന്നതിനു മുമ്പു യഹോവയെ സ്നേഹിക്കണം. ഈ ബന്ധത്തെ ഒരു മുപ്പിരി ചരടിനോടു താരതമ്യപ്പെടുത്താവുന്നതാണ്. “ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനില്ക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അററുപോകയില്ല.”—സഭാപ്രസംഗി 4:12.
ദൈവത്തോടുള്ള സ്നേഹം അവിടുത്തെ കല്പനകൾ പ്രമാണിക്കുന്നതാകയാൽ, ഭർത്താവും ഭാര്യയും മാനുഷ പെരുമാററത്തെ സംബന്ധിച്ച അവിടുത്തെ നിയമങ്ങളും തത്ത്വങ്ങളും തങ്ങളുടെ ജീവിതത്തിൽ ഒന്നാമതു വയ്ക്കണം. അങ്ങനെ ചെയ്യുകവഴി ഒരു മുപ്പിരിച്ചരട് ഉണ്ടാക്കുകയാണ്. അതിലെ ഏററവും ബലമേറിയ ഇഴ യഹോവയോടുള്ള അവരുടെ സ്നേഹമാണ്. കൂടാതെ “അവന്റെ കല്പനകൾ ഭാരമുള്ളവയല്ല” എന്ന് 1 യോഹന്നാൻ 5:3 പറയുന്നു.
വിവാഹബന്ധത്തെ ഒരു സ്ഥിരം ക്രമീകരണമായി വീക്ഷിക്കുന്നതിലേക്ക് ഇതു നയിക്കുന്നു. (മലാഖി 2:16) തങ്ങളുടെ വിവാഹത്തിൽ അത്തരമൊരു അടിത്തറ ഉണ്ടെങ്കിൽ ഒരു ദമ്പതികൾ വിവാഹമോചനം നേടി പിൻവാതിലിലൂടെ വിട്ടകലുന്നതിനുപകരം വൈവാഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രേരിതരായിത്തീരും.
നിങ്ങളുടെ ഏററവുമടുത്ത അയൽക്കാരനോടു സ്നേഹം പ്രകടമാക്കൽ
നിങ്ങളുടെ ഇണയുമായി സ്ഥായിയായ ഒരു ബന്ധം ഉണ്ടായിരിക്കുന്നതിന്, നിങ്ങളുടെ ഏററവും അടുത്ത അയൽവാസിയായ അവനോടോ അവളോടോ ഉള്ള സ്നേഹത്തെ നിങ്ങൾ പരിപോഷിപ്പിക്കേണ്ടതുണ്ട്. ഈ സ്നേഹം നിസ്വാർഥമായിരിക്കണം. ഈ തത്ത്വത്തെ ബൈബിൾ എപ്രകാരം പ്രോത്സാഹിപ്പിക്കുന്നു എന്നു ശ്രദ്ധിക്കുക: “നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐക്യമത്യപ്പെട്ടവരായി, . . . ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മററുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവുംകൂടെ നോക്കേണം.”—ഫിലിപ്പിയർ 2:2-4.
ഈ സ്വാർഥലോകത്തിൽ ശാഠ്യത്തിൽനിന്നോ ദുരഭിമാനത്തിൽനിന്നോ ഒന്നും ചെയ്യാതിരിക്കുക ദുഷ്കരമാണെന്നതു സത്യംതന്നെ. നിങ്ങളുടെ ഇണ സ്നേഹം പ്രകടിപ്പിക്കുന്നതിൽ മുൻകൈ എടുക്കാത്തപ്പോൾ നിസ്വാർഥത കാണിക്കാൻ ഏറെ ബുദ്ധിമുട്ടാണ്; എന്നാൽ മനസ്സിന്റെ താഴ്മ ധരിക്കുന്നതിനാലും ഇണയെ നിങ്ങളെക്കാൾ ശ്രേഷ്ഠനോ ശ്രേഷ്ഠയോ എന്നു കരുതുന്നതിനാലും ഇണയുടെ താത്പര്യങ്ങൾക്കു ചിന്ത കൊടുക്കുന്നതു കൂടുതൽ എളുപ്പമുള്ളതാണെന്നു നിങ്ങൾ കണ്ടെത്തും. യേശുവിൽ ഉണ്ടായിരുന്ന മാനസികഭാവം ഉണ്ടായിരിക്കാൻ ബൈബിൾ നമുക്കു ബുദ്ധ്യുപദേശം നൽകുന്നു. അവിടുന്നു ശക്തനായ ഒരു ആത്മാവായിരുന്നു, പക്ഷേ അവിടുന്ന് ഒരു മനുഷ്യനായിത്തീർന്നുകൊണ്ട് “ദാസരൂപം” എടുത്തു. അതു മാത്രമല്ല ഭൂമിയിലായിരുന്നപ്പോൾ അവിടുന്നു “തന്നെത്താൻ താഴ്ത്തി മരണത്തോളം . . . അനുസരണമുള്ളവനായിത്തീർന്നു,” അതു യേശുവിനെ സ്വാഗതം ചെയ്യാത്ത മനുഷ്യർക്കുപോലും പ്രയോജനം ചെയ്തു. (ഫിലിപ്പിയർ 2:5-8) ഈ മനോഭാവം പ്രകടിപ്പിച്ചതിനാൽ യേശു അനേകം എതിരികളുടെ ഹൃദയങ്ങൾ കവർന്നു, യേശുവിനെ അനുകരിച്ചതുകൊണ്ട് അവിടുത്തെ അനുഗാമികൾക്കും അതിനു കഴിഞ്ഞു. (പ്രവൃത്തികൾ 6:7; 9:1, 2, 17, 18) അതു നിങ്ങൾക്കും സംഭവിക്കാം. നിങ്ങളുടെ ഇണയെ നിങ്ങളെക്കാൾ ശ്രേഷ്ഠനെന്നോ ശ്രേഷ്ഠയെന്നോ കരുതുന്നതിനാലും ഇണയുടെ കാര്യങ്ങളിൻമേലുള്ള വ്യക്തിപരമായ താത്പര്യത്തിൽ ഒരു ദൃഷ്ടി പതിപ്പിക്കുന്നതിനാലും നിങ്ങൾക്ക് അദ്ദേഹത്തിന്റെയോ അവളുടെയോ ഹൃദയം കവരാൻ കഴിയും.
എന്നിരുന്നാലും പൗരസ്ത്യദേശത്തു സത്യമായിരുന്നിട്ടുള്ളതുപോലെ, നിങ്ങളുടെ ഇണയെ ശ്രേഷ്ഠനായി വീക്ഷിക്കുന്നത് ഒരു ഭർത്താവിന്റെ ഏകാധിപത്യഭരണത്തിന് ഒരു ഭാര്യ മനസ്സില്ലാമനസ്സോടെ കീഴടങ്ങിയിരിക്കണം എന്ന് ആവശ്യപ്പെടുന്നില്ല. ഭർത്താവും ഭാര്യയും പരസ്പരം ശ്രേഷ്ഠരായി വീക്ഷിക്കണം, അങ്ങനെ ചെയ്യുന്നതിൽ മറേറ ആൾക്കുവേണ്ടി ത്യാഗങ്ങൾ ചെയ്യാൻ ഇരുവരും മനസ്സൊരുക്കമുള്ളവരായിരിക്കണം. ഒരു ദമ്പതികൾ മനസ്സിന്റെ താഴ്മയോടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കുകയും പരസ്പരം നിസ്വാർഥ താത്പര്യം പ്രതിഫലിപ്പിക്കുകയും ദിവ്യ ബുദ്ധ്യുപദേശം പിന്തുടരുകയും ചെയ്യുമ്പോൾ അവർ സമുചിതമായി തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന പാതയിലാണ്. ദൈവത്തിന്റെ ബുദ്ധ്യുപദേശത്തിൽ ചിലതു നമുക്ക് ഇപ്പോൾ പരിചിന്തിക്കാം.
“വിവാഹശയ്യ നിർമല”മായിരിക്കട്ടെ
വിവാഹ ക്രമീകരണത്തിനു തുടക്കമിട്ട യഹോവക്ക് ഒരു മനുഷ്യനും അയാളുടെ ഭാര്യയും തമ്മിലുള്ള ഉചിതമായ ബന്ധത്തിന്റെ ഒരു രൂപരേഖയുണ്ട്. ഏതു കാരണം നിമിത്തവും ഒരു മനുഷ്യൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ എന്നു ചോദിച്ചപ്പോൾ യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു: “ദൈവം കൂട്ടിയോജിപ്പിച്ചതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.” “പരസംഗം നിമിത്തമല്ലാതെ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും മറെറാരാളെ വിവാഹം കഴിക്കുകയും ചെയ്യുന്ന ഏതൊരുവനും വ്യഭിചാരം ചെയ്യുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു കൂടുതലായി പറഞ്ഞുകൊണ്ടു വിവാഹമോചനത്തിനും പുനർവിവാഹത്തിനും നിയമാനുസൃതമായ ഒരേയൊരു അടിസ്ഥാനം മാത്രമേയുള്ളു എന്ന് അവിടുന്നു സൂചിപ്പിച്ചു.—മത്തായി 19:3-9.
വിവാഹത്തിനു പുറത്തെ ലൈംഗികത, അതു സ്നേഹത്തിന്റെ പേരിൽ ചെയ്താൽപ്പോലും ഇരുകൂട്ടർക്കും അതു സ്നേഹപുരസ്സരമായ ഒരു പ്രവൃത്തി ആയിരിക്കുന്നേയില്ല. മധ്യ ജപ്പാനിലെ ഒരു മനുഷ്യൻ തന്റെ വിവാഹത്തിനു പുറത്തു പല സ്ത്രീകളുമായി പ്രേമബന്ധത്തിലായിരുന്നു. അയാളുടെ ഭാര്യ സംശയാലുവും നിരാശിതയും ആയിത്തീർന്നു. അവരുടെ വിവാഹം ഒരു പ്രതിസന്ധിയെ നേരിട്ടു. അയാളുടെ കാമുകിമാരിൽ ഒരാൾ തങ്ങളുടെ ബന്ധം അയാളുടെ ഭാര്യയെ അറിയിക്കാൻ പോകുകയാണെന്നും അയാൾ തന്നെ വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട ദിവസം വന്നുചേർന്നു. “അത്തരം ബന്ധങ്ങൾ ആരെയും സന്തുഷ്ടനാക്കുന്നില്ല,” അയാൾ അനുതാപത്തോടെ അനുസ്മരിക്കുന്നു. ഉൾപ്പെട്ടിരുന്ന എല്ലാവരെയും വേദനിപ്പിച്ചതിനുശേഷം മാത്രമേ അയാൾ ഈ ദുഃസ്ഥിതിയിൽനിന്നു പുറത്തുവന്നുള്ളു. ഈ കാര്യം സംബന്ധിച്ചു ബൈബിളിന്റെ നിലവാരം സുവ്യക്തമാണ്. “വിവാഹം എല്ലാവരുടെയും ഇടയിൽ മാന്യവും വിവാഹശയ്യ നിർമലവും ആയിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ദൈവം പരസംഗക്കാരെയും വ്യഭിചാരികളെയും ന്യായം വിധിക്കും.” (എബ്രായർ 13:4, NW) ഈ കല്പന പ്രമാണിക്കുന്നതിനാൽ ഒരുവൻ ലൈംഗികമായി പകരുന്ന രോഗങ്ങളും വൈവാഹിക പിരിമുറുക്കങ്ങളും മറച്ചുവയ്ക്കപ്പെട്ട ഒരു പ്രേമബന്ധത്തിന്റെ സമ്മർദവും ഒഴിവാക്കുന്നു.
ഭർത്താക്കൻമാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുകയും കാത്തുരക്ഷിക്കുകയും ചെയ്യുക
കുടുംബത്തിനുള്ളിലെ ശിരസ്ഥാനതത്ത്വവും ദൈവം പ്രദാനം ചെയ്തിരിക്കുന്നതാണ്. “ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കൻമാർക്കു കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു” എന്ന് എഫെസ്യർ 5:22, 23 പ്രസ്താവിക്കുന്നു. ഈ ബുദ്ധ്യുപദേശം ബാധകമാക്കുന്നത് എളുപ്പമല്ല. “എനിക്കതു പർവതസമാനമായ ഒരു വെല്ലുവിളിയായിരുന്നു,” അന്തിമ തീരുമാനങ്ങൾ എടുക്കാനുള്ള ഭർത്താവിന്റെ അവകാശം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്ന ഷോക്കോ സമ്മതിക്കുന്നു. തന്റെ ഇരുപതുകളുടെ അവസാനമെത്തുമ്പോൾ ഒരു പുരുഷൻ ഒരു വീടു വാങ്ങേണ്ടതാണ് എന്നു ചിന്തിച്ചുകൊണ്ട്, താൻ അപ്പോഴേ കണ്ടുവച്ചിരുന്ന ഒരു വീടു വാങ്ങാൻ അവർ തന്റെ ഭർത്താവിനെ നിർബന്ധിച്ചു. എന്നിരുന്നാലും, ഉൾപ്പെട്ടിരുന്ന ബൈബിൾ തത്ത്വങ്ങൾ അവർ പഠിച്ചപ്പോൾ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിൽ തന്റെ ഭർത്താവിനെ കണ്ടുതുടങ്ങി. എന്തിനും വഴങ്ങുന്നതും ആർജവമില്ലാത്തതും ആയി തോന്നിയ ഒരു സ്വഭാവത്തെ ഉചിതമായ വീക്ഷണകോണിലൂടെ നോക്കിയപ്പോൾ അതു വിവേചനയും താഴ്മയും സൗമ്യതയും ഉള്ളതാണെന്നു കണ്ടു.
ക്രിസ്തുയേശുവിന്റെ വലിയ അധികാരത്തിനു കീഴിലാണു തങ്ങളെന്നു ഭർത്താക്കൻമാർ തിരിച്ചറിയാൻ ഈ തത്ത്വം വ്യവസ്ഥ ചെയ്യുന്നു. (1 കൊരിന്ത്യർ 11:3) ക്രിസ്തുവിന്റെ അധികാരത്തിനു കീഴിലായിരിക്കുന്നതുകൊണ്ടു യേശു തന്റെ അനുഗാമികളെ സ്നേഹിക്കുന്ന അതേ വിധത്തിൽ ഒരു ഭർത്താവു തന്റെ ഭാര്യയെ സ്നേഹിക്കുകയും പോററി രക്ഷിക്കുകയും ചെയ്യേണ്ടതാണ്. (എഫെസ്യർ 5:28-30) അതുകൊണ്ടു തീരുമാനങ്ങൾ ചെയ്യുന്നതിനു മുമ്പ് ഒരു ക്രിസ്തീയ ഭർത്താവു തന്റെ ഭാര്യയുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും പരിമിതികളെയും പൂർണമായും കണക്കിലെടുക്കും.
“ഉപ്പിനാൽ രുചി വരുത്തിയത്”
ഹിസാക്കോയ്ക്കു തന്റെ ഭർത്താവുമായി ആശയവിനിയമം ചെയ്യുന്നതിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവർ അദ്ദേഹത്തോട് എന്തെങ്കിലും ചർച്ച ചെയ്യാൻ ശ്രമിച്ചപ്പോഴൊക്കെ “നിനക്കിഷ്ടമുള്ളതുപോലെ ചെയ്തോളൂ” എന്നു പറഞ്ഞുകൊണ്ട് അയാൾ ലജ്ജിച്ചുമാറുമായിരുന്നു. ഹിസാക്കോ അനുസ്മരിക്കുന്നു: “എന്റെ ഭാഗത്തെ ആർദ്രതയില്ലായ്മ ആയിരുന്നു ഞങ്ങളുടെ പ്രശ്നത്തിന്റെ കാരണം എന്നു ഞാൻ കരുതുന്നു. ഞാൻ ഒരു യന്ത്രത്തോക്കു ഗർജിക്കുന്നതുപോലെ സംസാരിക്കാതിരുന്നിരുന്നെങ്കിൽ കൂടുതൽ മെച്ചമായിരുന്നേനെ.” പരസ്പരം മുഖത്തു നോക്കി പുഞ്ചിരിച്ചുകൊണ്ട് അവർക്കും അവരുടെ ഭർത്താവിനും ഇപ്പോൾ കാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിയുന്നുണ്ട്. ഈ ഫലമുണ്ടായതു പിൻവരുന്ന ബുദ്ധ്യുപദേശം ഹിസാക്കോ ബാധകമാക്കിയതുകൊണ്ടാണ്: “ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” (കൊലൊസ്സ്യർ 4:6) ഉപ്പുകൊണ്ടു രുചിവരുത്തിയ ഭക്ഷണം സ്വാദിഷ്ടമായിരിക്കുന്നതുപോലെ നന്നായി ചിന്തിച്ചെടുത്ത വാക്കുകൾ ആർദ്രമായ ഒരു വിധത്തിൽ ഉച്ചരിക്കുന്നതു സ്വീകരിക്കാൻ എളുപ്പമാണ്. (സദൃശവാക്യങ്ങൾ 15:1) വാസ്തവത്തിൽ, നിങ്ങൾ സംസാരിക്കുന്ന വിധത്തിൽ പരിഗണനയുള്ളവരായിരിക്കുന്നതിനാൽ വൈവാഹിക ഭിന്നത തടയാൻ കഴിയും.
അതേ, യഹോവയാം ദൈവത്തെ സ്നേഹിക്കുന്നതും അവിടുത്തെ തത്ത്വങ്ങളെ ആദരിക്കുന്നതും വാസ്തവമായും ഫലം ചെയ്യും. യഹോവയോടുള്ള സ്നേഹം നിങ്ങളുടെ വിവാഹത്തെ സ്ഥായിയായ ഒരു ബന്ധമായി വീക്ഷിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും അതിനെ പരിരക്ഷിക്കാൻ ദൃഢനിശ്ചയമെടുക്കുന്നതിനു നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. എല്ലാ വൈവാഹിക ഭിന്നതകളെയും തരണം ചെയ്യാനും നിങ്ങളുടെ പ്രശ്നങ്ങൾ എത്ര വലിയ കരേറാമലപോലെ തോന്നിയാലും അവ പരിഹരിക്കാനും നിങ്ങളെ സഹായിക്കുന്ന നല്ല മാർഗനിർദേശങ്ങൾ ദൈവം പ്രദാനം ചെയ്തിട്ടുണ്ട്. അല്ല, മിക്ക കേസുകളിലും ഏറെ സന്തുഷ്ടമായ ഒരു ജീവിതത്തിലേക്കുള്ള വാതിൽ വിവാഹമോചനം അല്ല, പിന്നെയോ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതാണ്. യഹോവയോടുള്ള സ്നേഹം നട്ടുവളർത്തിക്കൊണ്ടു നിങ്ങൾക്ക് ആ വാതിൽ തുറക്കാൻ കഴിയും. വിവാഹത്തെ സംബന്ധിച്ച് ഉപദേശം നൽകുന്ന ഏററവും ആധികാരിക പുസ്തകമായ ബൈബിളിൽനിന്നുള്ള അവിടുത്തെ ബുദ്ധ്യുപദേശത്തെക്കുറിച്ച് എന്തുകൊണ്ടു കൂടുതൽ പഠിച്ചുകൂടാ? (g93 7/8)
[9-ാം പേജിലെ ചതുരം]
വിവാഹമോചനത്തിനു സ്വാതന്ത്ര്യമുള്ളപ്പോൾ
പരസംഗത്തിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനത്തെയും പുനർവിവാഹത്തെയും ബൈബിൾ അനുവദിക്കുന്നെങ്കിൽപ്പോലും വ്യഭിചാരം ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തെ സ്വതവേ അവസാനിപ്പിക്കുന്നില്ല. തെററുചെയ്യാത്ത പങ്കാളിക്കു വിവാഹമോചനം നേടാനോ നേടാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യമുണ്ട്.—മത്തായി 19:9.
യാസുക്കോ ഈ തീരുമാനത്തെ അഭിമുഖീകരിച്ചു. അവരുടെ ഭർത്താവ് അയാളുടെ യജമാനത്തിയോട് ഒന്നിച്ചു പാർക്കുകയായിരുന്നു. അവരുടെ അമ്മായിയമ്മ യാസുക്കോയെ കുററപ്പെടുത്തി ഇപ്രകാരം പറഞ്ഞു: “നിന്റെ കുഴപ്പം നിമിത്തമാണ് എന്റെ മകൻ ഈ വിധത്തിൽ പെരുമാറുന്നത്.” യാസുക്കോ രാവും പകലും കരഞ്ഞു. പലരും അവരെ ബുദ്ധ്യുപദേശിച്ചു, എന്നാൽ ആരും അവരുടെ ഭർത്താവിന്റെ മോശമായ ബന്ധത്തെ അപലപിച്ചില്ല. പിന്നീട് ബൈബിൾ പഠിക്കാൻ തുടങ്ങിയിരുന്ന അവരുടെ സ്വന്തം അമ്മ അവരോട് ഇപ്രകാരം പറഞ്ഞു: “വ്യഭിചാരം ചെയ്യുന്നതു തെററാണെന്നു ബൈബിളിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു.” (1 കൊരിന്ത്യർ 6:9) ഈ ലോകത്തിൽ ഇന്നും നല്ലതും ചീത്തയും സംബന്ധിച്ച ഒരു പ്രമാണം ഉണ്ടെന്ന് അറിഞ്ഞതിൽ യാസുക്കോയ്ക്കു വളരെ ആശ്വാസം തോന്നി.
ഇപ്പോൾ യാസുക്കോയ്ക്ക് ഒരു തിരഞ്ഞെടുപ്പുണ്ട്. തന്റെ ഭർത്താവിനെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് അവർ ചിന്തിച്ചെങ്കിലും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചശേഷം താനും തന്റെ ഭാഗം നിവർത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് അവർക്കു കാണാൻ കഴിഞ്ഞു. അതുകൊണ്ടു തന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബൈബിൾ തത്ത്വങ്ങൾ ഒന്നു പരീക്ഷിച്ചുനോക്കാൻ അവർ തീരുമാനിച്ചു. അവർ അവ ബാധകമാക്കാൻ തുടങ്ങി. (എഫെസ്യർ 5:21-23) “അത് എളുപ്പമായിരുന്നില്ല, വീണ്ടും വീണ്ടും ഞാൻ വീഴ്ചകൾ വരുത്തിക്കൊണ്ടിരുന്നു. ഞാൻ യഹോവയോടു കണ്ണുനീരോടെ പ്രാർഥിച്ച സമയങ്ങൾ അനവധിയായിരുന്നു,” അവർ അനുസ്മരിക്കുന്നു. അവർക്കു മാററം വന്നതോടെ അവരുടെ ഭർത്താവിനും ക്രമേണ മാററം വന്നു. ഏതാണ്ട് അഞ്ചു വർഷത്തിനുശേഷം അവരുടെ ഭർത്താവു അയാളുടെ യജമാനത്തിയുമായുള്ള സകല ബന്ധങ്ങളും വിച്ഛേദിച്ചു. യാസുക്കോ ഇപ്രകാരം ഉപസംഹരിക്കുന്നു: “ദൈവവചനം അനുസരിക്കുന്നതു തീർച്ചയായും പ്രയോജനപ്രദമാണെന്ന് എനിക്കു ബോദ്ധ്യം വന്നിരിക്കുന്നു.”
[11-ാം പേജിലെ ചതുരം]
ലൈംഗിക പൊരുത്തമില്ലായ്മയും വിവാഹമോചനവും
തങ്ങളുടെ വിവാഹമോചനത്തിന്റെ കാരണം അനേകം ദമ്പതികളും ലൈംഗിക പൊരുത്തമില്ലായ്മയിൽ ആരോപിക്കുന്നു. എവിടെയാണു പ്രശ്നം സ്ഥിതി ചെയ്യുന്നത് എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടു സെക്കുഷ്വാരിററി ററൂ കാസോക്കു (ലൈംഗികതയും കുടുംബവും) എന്നു പേരുള്ള ഇന്നത്തെ മാറിവരുന്ന കുടുംബ ക്രമീകരണത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു പുസ്തകം ഇങ്ങനെ പറയുന്നു: “ഏക ഇണയോടുകൂടിയ ദാമ്പത്യ ക്രമീകരണവും ലൈംഗിക തൃഷ്ണ ജനിപ്പിക്കുന്ന വിവരങ്ങളും ഇന്നു പരസ്പരം കൈകോർത്തു പോകുന്നില്ല. ലൈംഗികതയെക്കുറിച്ചുള്ള വിവരങ്ങളുടെ പ്രളയം വിവാഹത്തിനുള്ളിലെ ലൈംഗികബന്ധത്തെ വികലമാക്കുകയും സ്വാഭാവിക സ്നേഹത്തെ പിച്ചിച്ചീന്തുകയും ചെയ്യുന്നു. ലൈംഗികതയെ ഉപഭോഗവസ്തുവാക്കുന്നതു മാത്രമല്ല സ്ത്രീശരീരത്തെ വിൽപ്പനച്ചരക്കാക്കുന്ന അശ്ലീല വീഡിയോ ചിത്രങ്ങളും ഹാസ്യ പുസ്തകങ്ങളും മമനുഷ്യന്റെ സുബോധത്തെയും ഹൃദയങ്ങളെയും വഴിപിഴപ്പിക്കുന്നു. അതുകൊണ്ട് ഭാര്യമാർ [തങ്ങളുടെ ഭർത്താക്കൻമാരുടെ] ബലാൽസംഗസമാനമായ ലൈംഗികതയാൽ ആക്രമിക്കപ്പെടുന്നു, തഴയപ്പെടുന്ന ഭർത്താക്കൻമാർ ലൈംഗികശേഷിയില്ലാത്തവരായിത്തീരുകയും ചെയ്യുന്നു.”
അധാർമിക പ്രസിദ്ധീകരണങ്ങളും വീഡിയോ, ടിവി പരിപാടികളും ലൈംഗികതയെ വികലമാക്കുന്നു. വിവാഹബന്ധത്തിലെ യഥാർഥ ആസ്വാദനത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്ന് അവ പഠിപ്പിക്കുന്നില്ല. വിജയപ്രദമായ ഒരു വിവാഹബന്ധം ഉണ്ടായിരിക്കുന്നതിനു ഭർത്താവും ഭാര്യയും നട്ടുവളർത്തേണ്ട വിശ്വാസത്തെ അവ നശിപ്പിക്കുകയും ചെയ്യുന്നു. സൈക്കോളജി ടുഡേ ഇപ്രകാരം പ്രസ്താവിക്കുന്നു: “നിങ്ങളുടെ ഏററവും ആഴമായ വികാരങ്ങളും ഭയങ്ങളും നിങ്ങളുടെ പങ്കാളിയുടെ ഉള്ളം കയ്യിൽ വയ്ക്കാൻ വിശ്വാസം നിങ്ങളെ പ്രാപ്തനാക്കുന്നു, അവ ശ്രദ്ധയോടെ കൈകാര്യം ചെയ്യപ്പെടും എന്ന് അറിഞ്ഞുകൊണ്ടുതന്നെ. സ്നേഹത്തിന്റെ വികാരങ്ങളും ലൈംഗിക ആവേശവും കാലത്തിന്റെ പ്രവാഹത്തിൽ ഏറിയും കുറഞ്ഞും നീങ്ങുമ്പോൾ തത്ത്വത്തിൽ വിശ്വാസം ഒരു സ്ഥിരഘടകമായി നിൽക്കുന്നു.”
വിജയപ്രദമായ ഒരു വിവാഹജീവിതം ചുററിത്തിരിയുന്ന അച്ചുതണ്ടല്ല ലൈംഗികത. ദുഷ്കരമായ വൈവാഹിക പ്രശ്നങ്ങളിലൂടെ കടന്നുപോയ ഒരു ഭാര്യ ഇപ്രകാരം പറയുന്നു: “എന്നെ ഏററവുമധികം പ്രോത്സാഹിപ്പിച്ചത് നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകത്തിലെ ഈ വാക്കുകളായിരുന്നു: ‘പൊതുവേ പറഞ്ഞാൽ, വിവാഹത്തിലെ മറെറല്ലാ ബന്ധങ്ങളും നല്ലതാണെങ്കിൽ സ്നേഹവും ബഹുമാനവും നല്ല ആശയവിനിമയവും ധാരണയുമുണ്ടെങ്കിൽ, അപ്പോൾ അപൂർവ്വമായേ ലൈംഗികത ഒരു പ്രശ്നമായിരിക്കുകയുള്ളു.’”a
വിവാഹ പങ്കാളികളെത്തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന യഥാർഥ ഘടകം ലൈംഗികതയല്ല, പിന്നെയോ സ്നേഹമാണ്. സ്നേഹമില്ലാത്ത ലൈംഗികത വ്യർഥമാണ്, എന്നാൽ സ്നേഹത്തിനു തനിയെ നിൽക്കാൻ കഴിയും. ലൈംഗികതയെ ജീവിതത്തിന്റെ കേന്ദ്രമാക്കിമാററാതെ അതിനെ അതിന്റെ സ്ഥാനത്തു നിർത്തിക്കൊണ്ട് ഒരു ദമ്പതികൾക്കു തങ്ങളുടെ പങ്കാളിത്തം ആസ്വദിക്കാനും ലൈംഗിക പൊരുത്തമില്ലായ്മ എന്ന പ്രശ്നം പരിഹരിക്കാനും കഴിയും.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയത്.
[10-ാം പേജിലെ ചിത്രം]
ബൈബിൾ തത്ത്വങ്ങൾ ആദരിക്കുന്നതു സ്വതന്ത്രമായി ആശയവിനിയമം ചെയ്യാൻ ഒരു ദമ്പതികളെ സഹായിക്കും