നിങ്ങളുടെ വിവാഹത്തെ നിലനിൽക്കുന്ന ഒരു ബന്ധമാക്കുക
“ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു.”—മത്തായി 19:6.
1. സത്യക്രിസ്ത്യാനികളുടെ ഇടയിലെ വൈവാഹിക വിജയത്തിന്റെ അടിസ്ഥാനമെന്താണ്?
യഹോവയുടെ ജനത്തിന്റെ ഇടയിൽ അനേകായിരങ്ങൾ സന്തുഷ്ടവും ശാശ്വതവുമായ വിവാഹജീവിതം ആസ്വദിക്കുന്നു. എന്നാൽ വ്യാപകമായ അത്തരം വിജയം ഒരു ആകസ്മിക സംഭവമല്ല. ക്രിസ്തീയ വിവാഹങ്ങൾ പുഷ്ടിപ്രാപിക്കുന്നത് ഇണകളിരുവരും പിൻവരുന്നപ്രകാരം ചെയ്യുമ്പോഴാണ്: (1) വിവാഹത്തെ സംബന്ധിച്ചുള്ള ദൈവത്തിന്റെ വീക്ഷണത്തെ ആദരിക്കൽ, (2) അവന്റെ വചനത്തിലെ തത്ത്വങ്ങൾ അടിസ്ഥാനമാക്കി ജീവിക്കാൻ ശ്രമം ചെലുത്തൽ. വൈവാഹിക ക്രമീകരണത്തിനു തുടക്കം കുറിച്ചതുതന്നെ ദൈവമാണല്ലൊ. ‘ഭൂമിയിലുള്ള സകല കുടുംബത്തിനും പേർ വരുവാൻ കാരണം’ അവൻ തന്നെയാണ്. (എഫെസ്യർ 3:14, 15) വിവാഹജീവിതം വിജയപ്രദമാക്കുവാൻ എന്താണ് ആവശ്യമായിട്ടുള്ളത് എന്നു യഹോവ അറിയുന്നതിനാൽ നാം അവന്റെ മാർഗനിർദേശം പിൻപററുന്നതിലൂടെ പ്രയോജനം അനുഭവിക്കുന്നു.—യെശയ്യാവു 48:17.
2. ബൈബിൾ തത്ത്വങ്ങൾ വിവാഹജീവിതത്തിൽ ബാധകമാക്കുന്നതിൽ പരാജയപ്പെടുന്നതിന്റെ പരിണതഫലങ്ങൾ ഏവ?
2 ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിലെ പരാജയം വിവാഹത്തകർച്ചയിൽ കലാശിച്ചേക്കാം. ഇന്ന് ഐക്യനാടുകളിൽ വിവാഹത്തിലേർപ്പെടുന്നവരിൽ ഏതാണ്ട് മൂന്നിൽ രണ്ടുഭാഗം കാലക്രമേണ വിവാഹമോചനം നടത്തുമെന്നു ചില വിദഗ്ദ്ധർ കരുതുന്നു. ക്രിസ്ത്യാനികൾപോലും “ദുർഘടസമയങ്ങ”ളുടെ സമ്മർദങ്ങളിൽനിന്നും ഞെരുക്കങ്ങളിൽനിന്നും വിമുക്തരല്ല. (2 തിമൊഥെയൊസ് 3:1) തൊഴിൽ ചെയ്യുന്നിടത്തെ സാമ്പത്തിക ഞെരുക്കങ്ങളും ക്ലേശങ്ങളും അതിന്റേതായ ദൂഷ്യഫലം ഏതു വിവാഹബന്ധത്തിൻമേലും ചെയ്യാനിടയുണ്ട്. ചില ക്രിസ്ത്യാനികളാണെങ്കിലോ, തങ്ങളുടെ ഇണകൾ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിൽ പരാജയമടയുന്നതിനാൽ കടുത്ത നിരാശ അനുഭവിക്കുന്നവരാണ്. “ഞാൻ യഹോവയെ സ്നേഹിക്കുന്നു. എന്നാൽ കഴിഞ്ഞ 20 വർഷമായി എന്റെ വിവാഹജീവിതം പ്രശ്നങ്ങളുടെ അലമാലകളിലാണ്. എന്റെ ഭർത്താവ് സ്വാർഥമതിയാണ്. ഏതെങ്കിലുംവിധത്തിലുള്ള മാററങ്ങൾ വരുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നുമില്ല. കെണിയിലകപ്പെട്ടതുപോലെ എനിക്കു തോന്നുന്നു” എന്ന് ഒരു ക്രിസ്തീയ ഭാര്യ പറയുന്നു. സമാനമായ മനോഭാവം പ്രകടിപ്പിച്ചിട്ടുള്ള ക്രിസ്തീയ ഭർത്താക്കൻമാരുടെയും ഭാര്യമാരുടെയും എണ്ണം കുറച്ചൊന്നുമല്ല. എന്താണു കുഴപ്പം? ഒരു വിവാഹബന്ധം തണുപ്പൻ മനോഭാവത്തിലേക്ക് അല്ലെങ്കിൽ ശക്തമായ വിദ്വേഷത്തിലേക്കു വഴുതിവീഴുന്നതിൽനിന്നു തടയാൻ എന്തിനു കഴിയും?
വിവാഹത്തിന്റെ ശാശ്വതത്വം
3, 4. (എ) വിവാഹത്തെ സംബന്ധിച്ചു യഹോവ വെച്ചിരിക്കുന്ന മാനദണ്ഡം എന്താണ്? (ബി) വിവാഹബന്ധത്തിന്റെ ശാശ്വതത്വം ന്യായയുക്തവും പ്രയോജനകരവുമായിരിക്കുന്നത് എന്തുകൊണ്ട്?
3 ഉത്തമമായ സാഹചര്യങ്ങൾ എല്ലാം ഒത്തുവന്നാൽക്കൂടെ, വിവാഹം അപൂർണരായ വ്യക്തികളുടെ സംഗമമാണല്ലൊ. (ആവർത്തനപുസ്തകം 32:5) അതുകൊണ്ട് ‘വിവാഹം ചെയ്താൽ ജഡത്തിൽ കഷ്ടത ഉണ്ടാകു’മെന്ന് അപ്പോസ്തലനായ പൗലോസ് പറയുകയുണ്ടായി. (1 കൊരിന്ത്യർ 7:28) അതിരുകടന്ന ചില ചുററുപാടുകൾ വേർപിരിയലിലോ വിവാഹമോചനത്തിലോപോലും കലാശിച്ചേക്കാം. (മത്തായി 19:9; 1 കൊരിന്ത്യർ 7:12-15) എന്നുവരികിലും, “ഭാര്യ ഭർത്താവിനെ വേറുപിരിയരുതു; . . . ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുതു” എന്ന പൗലോസിന്റെ ബുദ്ധ്യുപദേശം ക്രിസ്ത്യാനികളിൽ മിക്കവരും ബാധകമാക്കുന്നു. (1 കൊരിന്ത്യർ 7:10, 11) വിവാഹം ശാശ്വതമായ ഒരു ബന്ധമായിരിക്കാനാണ് ഉദ്ദേശിക്കപ്പെട്ടത്. എന്തുകൊണ്ടെന്നാൽ യേശുക്രിസ്തു പിൻവരുന്നവിധം പ്രഖ്യാപിച്ചു: “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു.”—മത്തായി 19:6.
4 ചേർച്ചയില്ലാത്തതും സ്നേഹരഹിതവുമായ ഒരു വിവാഹബന്ധത്തിൽ അകപ്പെട്ടുപോയി എന്നു കരുതുന്ന ഒരാൾക്കു യഹോവയുടെ മാനദണ്ഡം കർക്കശവും യുക്തിരഹിതവുമായി തോന്നിയേക്കാം. എന്നാൽ അത് അങ്ങനെയല്ല. വിവാഹബന്ധത്തിന്റെ ശാശ്വതത്വം പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹാരം തേടാനുമാണു ദൈവഭയമുള്ള ദമ്പതികളെ പ്രേരിപ്പിക്കുന്നത്, അല്ലാതെ കുഴപ്പങ്ങൾ ഉണ്ടാകുന്നതിന്റെ എന്തെങ്കിലും ലക്ഷണം കാണുന്നയുടനെ തങ്ങളുടെ കടമകളിൽനിന്നും തിടുക്കത്തിൽ വിരമിക്കാനല്ല. വിവാഹം കഴിഞ്ഞിട്ട് 20 വർഷത്തിലധികമായ ഒരു വ്യക്തി ഇപ്രകാരം പറയുന്നു: “പ്രയാസകരമായ സാഹചര്യങ്ങൾ ഒഴിവാക്കുക സാധ്യമല്ല. സദാ പരസ്പരം സന്തോഷമുള്ളവരായിരിക്കുകയുമില്ല. അപ്പോഴാണ് പ്രതിബദ്ധത പ്രധാനമായിരിക്കുന്നത്.” ക്രിസ്തീയ വിവാഹദമ്പതിമാർ തീർച്ചയായും വിവാഹത്തിന്റെ പ്രാരംഭകനായ യഹോവയോട് ഒന്നാമതായി കടപ്പാടുള്ളവരാണ്.—താരതമ്യം ചെയ്യുക: സഭാപ്രസംഗി 5:4.
ശിരഃസ്ഥാനവും കീഴ്പെടലും
5. ഭാര്യാഭർത്താക്കൻമാർക്കുള്ള പൗലോസിന്റെ ചില ബുദ്ധ്യുപദേശങ്ങൾ ഏവ?
5 പ്രശ്നങ്ങൾ പൊന്തിവരുമ്പോൾ അതിൽനിന്ന് ഓടിയൊളിക്കുന്നതിനുള്ള സമയമല്ലത്. പകരം ദൈവവചനത്തിലെ ബുദ്ധ്യുപദേശം ബാധകമാക്കുന്നതിനുള്ള ഒരു മെച്ചമായ മാർഗം തേടാനുള്ള സമയമാണ്. ഉദാഹരണത്തിന്, എഫെസ്യർ 5:22-25, 28, 29-ൽ നൽകിയിരിക്കുന്ന പൗലോസിന്റെ വാക്കുകൾ പരിചിന്തിക്കുക: “ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കൻമാക്കു കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു. എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കൻമാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം. ഭർത്താക്കൻമാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. . . . അവ്വണ്ണം ഭർത്താക്കൻമാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോററി പുലർത്തുകയത്രേ ചെയ്യുന്നതു.”
6. ക്രിസ്തീയ ഭർത്താക്കൻമാർ ലോകക്കാരായ പുരുഷൻമാരിൽനിന്നു വ്യത്യസ്തരായിരിക്കേണ്ടത് എങ്ങനെ?
6 പുരുഷൻമാർ മിക്കപ്പോഴും ഭർത്താവെന്ന നിലയിലുള്ള തങ്ങളുടെ അധികാരം ദുരുപയോഗപ്പെടുത്തുകയും ഭാര്യമാരെ ഭരിക്കുകയും ചെയ്തിരിക്കുന്നു. (ഉല്പത്തി 3:16) എന്നാൽ, ലോകക്കാരായ പുരുഷൻമാരിൽനിന്നു വിഭിന്നമായിരിക്കുന്നതിനു ക്രിസ്തീയ ഭർത്താക്കൻമാരെ പൗലോസ് പ്രോത്സാഹിപ്പിച്ചു. അവർ ക്രിസ്തുവിനെപ്പോലെ ആയിരിക്കേണ്ടതുണ്ട്. ഭാര്യമാരുടെ ജീവിതത്തിന്റെ ഓരോ വശങ്ങളെയും നിയന്ത്രിക്കുന്ന സ്വേച്ഛാധിപതികളായിരിക്കരുത്. മനുഷ്യനായിരുന്ന യേശുക്രിസ്തു ഒരിക്കലും മർക്കടമുഷ്ടി പിടിക്കുന്നവനോ ആധിപത്യം പുലർത്തുന്നവനോ ആയിരുന്നില്ല. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ” എന്നു പറഞ്ഞുകൊണ്ട് അവൻ ബഹുമാനത്തോടും ആദരവോടുംകൂടെ തന്റെ അനുഗാമികളോടു പെരുമാറി.—മത്തായി 11:28, 29.
7. ഭാര്യ ലൗകിക ജോലി ചെയ്യേണ്ടിവരുമ്പോൾ ഭർത്താവിന് എങ്ങനെ അവളോട് ആദരവു പ്രകടിപ്പിക്കാനാകും?
7 ക്രിസ്തീയ ഭർത്താവ് ഒരു ബലഹീനപാത്രത്തോടെന്നപോലെ തന്റെ ഭാര്യയ്ക്ക് ആദരവു നൽകുന്നു. (1 പത്രൊസ് 3:7) ഉദാഹരണത്തിന്, അവൾ ലൗകിക ജോലി ചെയ്യുന്നുവെന്നിരിക്കട്ടെ. അയാൾ ഇതു കണക്കിലെടുക്കുകയും കഴിയുന്നത്ര സഹായവും പരിഗണനയും നൽകുകയും ചെയ്യും. വിവാഹമോചനം തേടുന്നതിനു സ്ത്രീകൾ നൽകിയിട്ടുള്ള ഒരു പ്രധാന കാരണം ഭർത്താവു കുട്ടികളെയും കുടുംബത്തെയും അവഗണിക്കുന്നുവെന്നതാണ്. അതുകൊണ്ട്, വീട്ടിൽ മുഴുകുടുംബത്തിനും പ്രയോജനംചെയ്യുന്ന അർഥവത്തായ വിധങ്ങളിൽ ഭാര്യയെ സഹായിക്കാൻ ഒരു ക്രിസ്തീയ ഭർത്താവു ശ്രമിക്കുന്നു.
8. കീഴ്പ്പെടൽ ക്രിസ്തീയ ഭാര്യമാരിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?
8 തങ്ങളോടുള്ള ഭർത്താക്കൻമാരുടെ ആദരവോടെയുള്ള പെരുമാററം അവർക്കു കീഴ്പ്പെട്ടിരിക്കുന്നത് ക്രിസ്തീയ ഭാര്യമാർക്ക് എളുപ്പമാക്കിത്തീർക്കുന്നു. എന്നിരുന്നാലും, ഇത് അധമമായ ദാസ്യത്വത്തെ അർഥമാക്കുന്നില്ല. ഭാര്യ ഒരു ദാസിയല്ല മറിച്ച് മനുഷ്യന് ഏററവും യോജിച്ച “തുണ” (“പ്രതിരൂപം,” പുതിയലോക ഭാഷാന്തരത്തിന്റെ അടിക്കുറിപ്പ്) ആയിരിക്കാനാണ് ദൈവം കൽപ്പിച്ചത്. (ഉല്പത്തി 2:18) മലാഖി 2:14-ൽ ഭാര്യ പുരുഷന്റെ “കൂട്ടാളി”യായി പറയപ്പെട്ടിരിക്കുന്നു. അങ്ങനെ ബൈബിൾ കാലങ്ങളിലെ ഭാര്യമാർ ഗണ്യമായ വിധത്തിൽ സ്വാതന്ത്ര്യവും സ്വൈരതയും ആസ്വദിച്ചിരുന്നു. “സാമർത്ഥ്യമുള്ള ഭാര്യയെ”ക്കുറിച്ചു ബൈബിൾ ഇപ്രകാരം പറയുന്നു: “ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു.” കുടുംബത്തിൽ പൊതുകാര്യങ്ങൾ കൈകാര്യംചെയ്യൽ, ഭക്ഷ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള മേൽനോട്ടം വഹിക്കൽ, സ്ഥലസംബന്ധമായ ക്രയവിക്രയങ്ങൾ ചെയ്യുന്നതിനുള്ള കൂടിയാലോചന നടത്തൽ, ചെറുതോതിലുള്ള കച്ചവടം നടത്തൽ എന്നിങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ അവളെ ഏൽപ്പിക്കുമായിരുന്നു.—സദൃശവാക്യങ്ങൾ 31:10-31.
9. (എ) ബൈബിൾ കാലങ്ങളിൽ ദൈവഭയമുള്ള സ്ത്രീകൾ യഥാർഥ കീഴ്പ്പെടൽ പ്രദർശിപ്പിച്ചിരുന്നതെങ്ങനെ? (ബി) ഇന്നു കീഴ്പെട്ടിരിക്കുന്നതിന് ഒരു ക്രിസ്തീയ ഭാര്യയെ എന്തു സഹായിക്കും?
9 എന്നുവരികിലും, ദൈവഭയമുള്ള ഭാര്യ ഭർത്താവിന്റെ അധികാരത്തെ തിരിച്ചറിഞ്ഞിരുന്നു. ദൃഷ്ടാന്തത്തിന്, സാറ “അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു അനുസരിച്ചിരുന്നു.” ഇത് വെറും മര്യാദയുടെ പേരിൽ ഉപചാരപൂർവമുള്ള ഒരു വിളിയായിരുന്നില്ല മറിച്ച്, അവളുടെ ആത്മാർഥമായ കീഴ്പെടലിന്റെ പ്രതിഫലനമായിരുന്നു. (1 പത്രൊസ് 3:6; ഉല്പത്തി 18:12) ഭർത്താവിനോടൊപ്പം കൂടാരങ്ങളിൽ വസിക്കുന്നതിനുവേണ്ടി ഊർ ദേശത്തെ തന്റെ എല്ലാ സുഖസൗകര്യങ്ങളുമുള്ള വസതി അവൾ സ്വമനസ്സാലെ ഉപേക്ഷിച്ചിട്ടുപോന്നു. (എബ്രായർ 11:8, 9) ആവശ്യമുള്ളപ്പോൾ ഭാര്യക്ക് ഉത്തരവാദിത്വമുള്ള നടപടി സ്വീകരിക്കാൻ പാടില്ല എന്നു കീഴ്പെടൽ അർഥമാക്കിയില്ല. പരിച്ഛേദന സംബന്ധിച്ചുള്ള ദൈവനിയമത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതിൽ മോശ പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സിപ്പോരാ ബുദ്ധിപൂർവം പ്രവർത്തിച്ചുകൊണ്ടു നാശത്തെ കാലേകൂട്ടി തടുത്തു. (പുറപ്പാടു 4:24-26) ഒരു അപൂർണ മനുഷ്യനെ പ്രീണിപ്പിക്കുക എന്നതിലും അധികം കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്. ഭാര്യമാർ “കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കൻമാർക്കു കീഴട”ങ്ങിയിരിക്കേണം. (എഫെസ്യർ 5:22) ഒരു ക്രിസ്തീയ ഭാര്യ ദൈവവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ അതു ഭർത്താവിലുള്ള ചെറിയ പിഴവുകളും പോരായ്മകളും പൊറുക്കുന്നതിന് അവൾക്കു സഹായമേകും. ഭർത്താവും അവളോട് അങ്ങനെതന്നെ പെരുമാറേണ്ടതുണ്ട്.
ആശയവിനിമയം—ഒരു വിവാഹബന്ധത്തിന്റെ ജീവരക്തം
10. വിവാഹ ജീവിതത്തിൽ ആശയവിനിയമം എത്ര പ്രധാനമാണ്?
10 ദമ്പതികൾ വേർപിരിയുന്നതിനുള്ള ഒരു പ്രധാന കാരണമെന്ത് എന്നു ചോദിച്ചപ്പോൾ വിവാഹമോചന കേസുകൾ കൈകാര്യംചെയ്യുന്ന ഒരു അഭിഭാഷകൻ ഇപ്രകാരം ഉത്തരം നൽകുകയുണ്ടായി: “സത്യസന്ധമായി പരസ്പരം സംസാരിക്കുകയും തങ്ങളുടെ അന്തർഗതങ്ങൾ വെളിപ്പെടുത്തുകയും പരസ്പരം ഉററ സുഹൃത്തുക്കളായി കരുതുകയും ചെയ്യുന്നതിനുള്ള കഴിവില്ലായ്മയാണു കാരണം.” അതേ, ആശയവിനിയമം കെട്ടുറപ്പുള്ള ഒരു വിവാഹബന്ധത്തിന്റെ ജീവരക്തമാണ്. “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെപോകുന്നു”വെന്നു ബൈബിൾതന്നെയും പറയുന്നു. (സദൃശവാക്യങ്ങൾ 15:22) ഭാര്യാഭർത്താക്കൻമാർ ഊഷ്മളമായ, ഉററബന്ധം ആസ്വദിക്കുന്ന ‘സ്വകാര്യ സ്നേഹിതർ’ ആയിരിക്കണം. (സദൃശവാക്യങ്ങൾ 2:17, NW) എങ്കിലും ആശയവിനിമയത്തിന്റെ കാര്യത്തിൽ പല ദമ്പതികൾക്കും ബുദ്ധിമുട്ടു നേരിടുന്നു. അങ്ങനെ, നീരസം ചലംകെട്ടി നാശകരമായ കോപം പൊട്ടിയൊലിക്കാനിടയാകുന്നു. അതുമല്ലെങ്കിൽ വിവാഹദമ്പതികൾ മര്യാദയുടെ പുറംപൂച്ചിനു പിന്നിൽ മറഞ്ഞിരുന്നുവെന്നും വരാം. അത് വൈകാരികമായി അവർ പരസ്പരം അകലുന്നതിനു വളംവയ്ക്കുന്നു.
11. ഭാര്യാഭർത്താക്കൻമാരുടെ ഇടയിലെ ആശയവിനിയമം മെച്ചപ്പെടുത്താവുന്നതെങ്ങനെ?
11 പുരുഷന്റെയും സ്ത്രീയുടെയും ആശയവിനിമയ ശൈലി വ്യത്യസ്തമാണെന്നതാണ് പ്രശ്നത്തിന്റെ ഒരു കാരണം. അനേകം സ്ത്രീകളും ചേതോവികാരങ്ങൾ ചർച്ചചെയ്യുന്നതിൽ സന്തുഷ്ടി അനുഭവിക്കുന്നതായി തോന്നുന്നു. എന്നാൽ പുരുഷൻമാരുടെ സ്വതവേയുള്ള താത്പര്യം വസ്തുതകൾ ചർച്ചചെയ്യുന്നതിലാണ്. സ്ത്രീകൾ സമാനുഭാവം കാണിക്കുന്നതിനും വൈകാരികമായ പിന്തുണ നൽകുന്നതിനും കൂടുതൽ പ്രവണതയുള്ളവരാണ്. എന്നാൽ പുരുഷൻമാർ പ്രശ്നങ്ങൾക്കു പരിഹാരങ്ങൾ ആരാഞ്ഞു കണ്ടുപിടിക്കുന്നു. എന്നുവരികിലും, നല്ല ആശയവിനിമയത്തിനുള്ള സാധ്യത നിലകൊള്ളുന്നത് ഇണകൾ ഇരുവരും “കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവ”രും ആയിരിക്കുമ്പോഴാണ്. (യാക്കോബ് 1:19) കണ്ണിൽക്കണ്ണിൽ നോക്കുക. യഥാർഥത്തിൽ നല്ലവണ്ണം ശ്രദ്ധിക്കുക. ആലോചനാപൂർവം പരസ്പരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഉള്ളു മനസിലാക്കുക. (താരതമ്യം ചെയ്യുക: 1 ശമൂവേൽ 1:8; സദൃശവാക്യങ്ങൾ 20:5.) നിങ്ങളുടെ ഇണ ഒരു പ്രശ്നം അവതരിപ്പിക്കുമ്പോൾ ഉടനടി പരിഹാരം നിർദേശിക്കാതെ പ്രശ്നങ്ങൾക്ക് അറുതി വരുത്താൻ ശ്രമിക്കവേ ശ്രദ്ധാപൂർവം കേൾക്കുക. കൂടാതെ, ദിവ്യമാർഗനിർദേശം തേടിക്കൊണ്ട് താഴ്മയോടെ ഒരുമിച്ചു പ്രാർഥിക്കുകയും ചെയ്യുക.—സങ്കീർത്തനം 65:2; റോമർ 12:12.
12. ക്രിസ്തീയ ഇണകൾക്ക് പരസ്പരം ചെലവഴിക്കുന്നതിനായി സമയം എങ്ങനെ വിലയ്ക്കു വാങ്ങാനാകും?
12 ജീവിതത്തിലെ സമ്മർദങ്ങളും പിരിമുറുക്കങ്ങളും കാരണം ചിലപ്പോഴെല്ലാം അർഥവത്തായ സംഭാഷണം നടത്തുന്നതിനു വിവാഹ ഇണകൾക്കു സമയവും ഊർജവും ലഭിക്കാറില്ല. എന്നിരുന്നാലും, ക്രിസ്ത്യാനികൾ തങ്ങളുടെ ജീവിതം ആദരണീയമായി കാത്തുകൊള്ളുകയും കളങ്കം പററുന്നതിനെതിരെ ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതിനു പരസ്പരം അടുത്തു നിലകൊള്ളേണ്ടതുണ്ട്. തങ്ങളുടെ ബന്ധം അമൂല്യമായ ഒന്നാണെന്ന് അവർ കണക്കാക്കേണ്ടത് ആവശ്യമാണ്. അതിനുവേണ്ടിയും പരസ്പരം ചെലവഴിക്കുന്നതിനുവേണ്ടിയും സമയം വിലയ്ക്കു വാങ്ങണം. (താരതമ്യം ചെയ്യുക: കൊലൊസ്സ്യർ 4:5.) ചിലപ്പോഴെല്ലാം സമയം കണ്ടെത്തുന്നതിനുള്ള പരിഹാരമാർഗം ടിവി ഓഫ് ചെയ്യുക മാത്രമായിരുന്നേക്കാം. നിരന്തരം ഒരുമിച്ചിരുന്നു ചായയോ കാപ്പിയോ കുടിക്കുന്നത് വൈകാരികമായി നല്ല അടുപ്പമുണ്ടായിരിക്കുന്നതിനു വിവാഹപങ്കാളികളെ സഹായിക്കും. അത്തരം സന്ദർഭങ്ങളിൽ കുടുംബകാര്യങ്ങളിൽ പലതിനെപ്പററിയും ‘ആലോചിക്കുന്നതിനു’ കഴിയും. (സദൃശവാക്യങ്ങൾ 13:10) ശുണ്ഠിപിടിപ്പിക്കുന്നതും തെററിദ്ധാരണയുളവാക്കുന്നതുമായ നിസ്സാര കാര്യങ്ങൾ പിരിമുറുക്കത്തിനുള്ള പ്രധാന ഉറവായിത്തീരുന്നതിനുമുമ്പ് അതു സംബന്ധിച്ചു സംസാരിക്കുന്ന ശീലം വികസിപ്പിച്ചെടുക്കുന്നത് എത്ര ജ്ഞാനമായ ഒരു സംഗതിയാണ്!—താരതമ്യം ചെയ്യുക: മത്തായി 5:23, 24; എഫെസ്യർ 4:26.
13. (എ) തുറന്ന സംസാരത്തിന്റെയും സത്യസന്ധതയുടെയും കാര്യത്തിൽ യേശുക്രിസ്തു എന്തു ദൃഷ്ടാന്തം വെച്ചു? (ബി) വിവാഹ ഇണകൾക്കു പരസ്പരം അടുക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?
13 “എന്റെ മനോഗതം അതേപ്രകാരം അവതരിപ്പിക്കുകയും എനിക്ക് ഉള്ളിൽ തോന്നുന്നപോലെതന്നെ [എന്റെ ഭാര്യ]യോടു പറയുകയും ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണ്” എന്ന് ഒരു മനുഷ്യൻ തുറന്നു പറഞ്ഞു. ഉള്ളിലുള്ളതു വെളിപ്പെടുത്തുന്നത് ഉററബന്ധം വളർത്തിയെടുക്കുന്നതിനുള്ള ഒരു സുപ്രധാന താക്കോലാണ്. തന്റെ മണവാട്ടിവർഗത്തിലെ ഭാവി അംഗങ്ങളാകാൻ പോകുന്നവരോടു യേശുക്രിസ്തു എത്രമാത്രം തുറന്ന, സത്യസന്ധമായ രീതിയിലാണു സംസാരിച്ചത് എന്നത് ശ്രദ്ധിക്കൂ. അവൻ പറഞ്ഞു: “യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ടു ഞാൻ നിങ്ങളെ ദാസൻമാർ എന്നു ഇനി പറയുന്നില്ല; ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതുകൊണ്ടു നിങ്ങളെ സ്നേഹിതൻമാർ എന്നു പറഞ്ഞിരിക്കുന്നു.” (യോഹന്നാൻ 15:15) അതുകൊണ്ട് നിങ്ങളുടെ പങ്കാളിയെ ഒരു സുഹൃത്തായി കരുതുക. വികാരങ്ങൾ നിങ്ങളുടെ ഇണയെ ഭരമേൽപ്പിക്കുക. ലളിതവും സത്യസന്ധവുമായ “സ്നേഹപ്രകടനങ്ങൾ” നടത്തുക. (ഉത്തമഗീതം 1:2, NW) തുറന്ന ആശയവിനിയമം ചിലപ്പോൾ അനുചിതമെന്നു തോന്നിച്ചേക്കാം. എന്നാൽ, രണ്ടു വിവാഹ ഇണകളും ആവശ്യമായ ശ്രമം ചെലുത്തുന്നതിലൂടെ തങ്ങളുടെ വിവാഹത്തെ നിലനിൽക്കുന്ന ഒരു ബന്ധമാക്കിത്തീർക്കുകയെന്ന ലക്ഷ്യത്തിൽ അവർക്കു പലതും നേടാൻ കഴിയും.
അഭിപ്രായ വ്യത്യാസങ്ങൾ കൈകാര്യം ചെയ്യൽ
14, 15. ശണ്ഠ എങ്ങനെ ഒഴിവാക്കാം?
14 സമയാസമയങ്ങളിൽ യഥാർഥ അഭിപ്രായ വ്യത്യാസങ്ങൾ പൊന്തിവരുമെന്നതു തീർച്ചയാണ്. എന്നാൽ നിങ്ങളുടെ ഭവനം ‘കലഹം നിറഞ്ഞ വീടായി’ അധഃപതിക്കേണ്ടതില്ല. (സദൃശവാക്യങ്ങൾ 17:1, NW) കുട്ടികൾ കേൾക്കാനിടയുള്ളപ്പോൾ ഗൗരവമായ കാര്യങ്ങൾ ചർച്ചചെയ്യരുത്. നിങ്ങളുടെ ഇണയുടെ വികാരങ്ങളെ മാനിക്കുക. റാഹേൽ അവളുടെ മച്ചിയായ അവസ്ഥയിൽ വിഷമം പ്രകടിപ്പിക്കുകയും തനിക്കു കുട്ടികളെ നൽകാൻ യാക്കോബിനോട് അഭ്യർഥിക്കുകയും ചെയ്തപ്പോൾ അവൻ കോപാകുലനായി “നിനക്കു ഗർഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാൻ” എന്നു പ്രതികരിച്ചു. (ഉല്പത്തി 30:1, 2) കുടുംബപരമായ പ്രശ്നങ്ങൾ പൊന്തിവരുമ്പോൾ വ്യക്തിയോടല്ല പ്രശ്നത്തോടു പൊരുതുക. വ്യക്തിപരമായ ചർച്ചക്കിടയിൽ “മൂർച്ചയായി സംസാരി”ക്കുന്നതും അനാവശ്യമായി പരസ്പരം സംഭാഷണം മുടക്കുന്നതും ഒഴിവാക്കുക.—സദൃശവാക്യങ്ങൾ 12:18.
15 നിങ്ങളുടെ വീക്ഷണഗതി സംബന്ധിച്ചു നിങ്ങൾക്കു ശക്തമായ വികാരങ്ങളുണ്ടായിരുന്നേക്കാം. എന്നാൽ ഇവ “കൈപ്പും കോപവും ക്രോധവും കൂററാരവും ദൂഷണവും” കൂടാതെ പ്രകടിപ്പിക്കാവുന്നതാണ്. (എഫെസ്യർ 4:31) “നിങ്ങളുടെ പ്രശ്നങ്ങൾ സാധാരണ സ്വരത്തിൽ ചർച്ചചെയ്യുക” എന്ന് ഒരു ഭർത്താവ് പറയുന്നു. “ഒരാൾ ശബ്ദം ഉയർത്തിയാൽ അവിടെവെച്ചു നിർത്തുക. അൽപ്പസമയത്തിനുശേഷം തിരിച്ചെത്തി പുനരാരംഭിക്കുക.” സദൃശവാക്യങ്ങൾ 17:14 പിൻവരുന്ന ഉപദേശം നൽകുന്നു: “കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക.” രണ്ടുപേരും ശാന്തരായശേഷം വീണ്ടും കാര്യാദികൾ ചർച്ചചെയ്യുന്നതിനു ശ്രമിക്കുക.
പരസ്പരം വിശ്വസ്തരായി നിലകൊള്ളുക
16. വ്യഭിചാരം വളരെ ഗൗരവമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
16 എബ്രായർ 13:4 ഇപ്രകാരം പ്രസ്താവിക്കുന്നു: “വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.” വ്യഭിചാരം ദൈവത്തിനെതിരെയുള്ള പാപമാണ്. അത് വിവാഹബന്ധത്തെ തകിടം മറിക്കുന്നു. (ഉല്പത്തി 39:9) “വ്യഭിചാരം ചെയ്തുവെന്ന് ഒരിക്കൽ കണ്ടുപിടിച്ചുകഴിഞ്ഞാൽ അത് ശക്തമായ ഒരു കൊടുങ്കാററുപോലെ മുഴു കുടുംബത്തിൻമേലും ആഞ്ഞടിക്കുന്നു. അത് കുടുംബബന്ധം തകർത്തുതരിപ്പണമാക്കുന്നു, വിശ്വാസ്യതക്കും ആത്മാഭിമാനത്തിനും കോട്ടം വരുത്തുന്നു, കുട്ടികളെ ദ്രോഹിക്കുകയും ചെയ്യുന്നു” എന്ന് ഒരു വിവാഹ ഉപദേശക എഴുതുന്നു. കൂടാതെ, ഇതു ഗർഭധാരണത്തിലും ലൈംഗികമായി പകരുന്ന രോഗബാധയിലും കലാശിച്ചേക്കാം.
17. വ്യഭിചാരത്തിലേർപ്പെടുന്നതിനുള്ള പ്രവണത എങ്ങനെ ഒഴിവാക്കാം അല്ലെങ്കിൽ തള്ളിക്കളയാം?
17 ടിവിയിലും ചലച്ചിത്രങ്ങളിലും പുസ്തകങ്ങളിലും ചിത്രീകരിക്കുന്ന, ലോകത്തിന്റെ ദുഷിപ്പിക്കുന്ന ലൈംഗിക വീക്ഷണവുമായി ഇഴുകിച്ചേരുന്നതിന്റെ ഫലമായി ചിലർ വ്യഭിചാരത്തിലേർപ്പെടുന്നതിനുള്ള പ്രവണത ഊട്ടിവളർത്തുന്നു. (ഗലാത്യർ 6:8) സാധാരണഗതിയിൽ, വ്യഭിചാരത്തിനു കാരണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള വെറുമൊരു ആഗ്രഹമല്ല മറിച്ച്, താൻ ഇപ്പോഴും ആകർഷകത്വമുള്ള വ്യക്തിയാണ് എന്നു തെളിയിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന ഒരുവന്റെ തോന്നലോ കൂടുതൽ സ്നേഹം അനുഭവിക്കുന്നതിനുള്ള ഒരുവന്റെ വാഞ്ഛയോ നിമിത്തമാണ് ഇതു സംഭവിക്കുന്നത് എന്നാണു വിദഗ്ദ്ധരുടെ അഭിപ്രായം. (താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 7:18.) കാരണം എന്തുതന്നെ ആയിക്കൊള്ളട്ടെ, ഒരു ക്രിസ്ത്യാനി അധാർമിക മതിഭ്രമങ്ങളെ തള്ളിക്കളയേണ്ടതുണ്ട്. നിങ്ങളുടെ ഇണയുമായി നിങ്ങളുടെ വികാരങ്ങൾ സത്യസന്ധമായി ചർച്ചചെയ്യുക. അത്യാവശ്യമെങ്കിൽ, സഭയിലെ മൂപ്പൻമാരുടെ സഹായം തേടുക. അപ്രകാരം ചെയ്യുന്നത് പാപത്തിലേക്കു വഴുതിവീഴാതെ നല്ലവണ്ണം തടഞ്ഞുനിർത്തും. കൂടാതെ, എതിർലിംഗവർഗത്തിൽപ്പെട്ട ആളുകളുമായി ഇടപഴകുമ്പോൾ ക്രിസ്ത്യാനികൾ ജാഗ്രതയുള്ളവരായിരിക്കണം. ഒരാളെ വിവാഹം ചെയ്തിരിക്കെ മറെറാരാളുടെ നേർക്കു വികാരവായ്പോടെ നോക്കുന്നത് തിരുവെഴുത്തു തത്ത്വങ്ങൾക്കു വിപരീതമാണ്. (ഇയ്യോബ് 31:1; മത്തായി 5:28) സഹപ്രവർത്തകരുമായി വൈകാരിക അടുപ്പം വളർന്നുവരുന്നതിനെതിരെ ക്രിസ്ത്യാനികൾ തികച്ചും ജാഗ്രതയുള്ളവരായിരിക്കണം. അത്തരം ബന്ധങ്ങൾ സൗഹാർദമായിരിക്കാമെങ്കിലും തൊഴിൽസംബന്ധം മാത്രമായിരിക്കട്ടെ.
18. വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക പ്രശ്നങ്ങളുടെ മൂലകാരണം എന്താണ്, ഇവ എങ്ങനെ പരിഹരിക്കാം?
18 ഇണയുമായി ഊഷ്മളമായ തുറന്ന ബന്ധം പുലർത്തുകയെന്നതാണു വലിയ ഒരു സംരക്ഷകഘടകം. വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക പ്രശ്നങ്ങൾ ശരീരസംബന്ധമായിരിക്കുന്നതു വളരെ വിരളമാണ്. മറിച്ച്, മോശമായ ആശയവിനിമയത്തിന്റെ ഉപഫലമാണ് അതെന്ന് അനേകം വിദഗ്ധർ അഭിപ്രായപ്പെടുന്നു. ദമ്പതികൾ തുറന്ന ആശയവിനിയമം നടത്തുകയും ദാമ്പത്യ വിഹിതം ഒരു കടമയെന്നതിനു പകരം സ്നേഹത്തിന്റെ പ്രകടനമായി നിറവേററുകയും ചെയ്യുന്നുവെങ്കിൽ ഈവക പ്രശ്നങ്ങൾ വളരെ വിരളമായേ സംഭവിക്കാൻ വഴിയുള്ളൂ.a അത്തരം ഉചിതമായ സാഹചര്യങ്ങളിൽ ഉററബന്ധത്തിനു വിവാഹബന്ധത്തെ കൂടുതൽ ബലിഷ്ഠമാക്കുന്നതിനുള്ള ഉപാധിയായി നിലകൊള്ളാൻ കഴിയും.—1 കൊരിന്ത്യർ 7:2-5; 10:24.
19. “സമ്പൂർണതയുടെ ബന്ധ”മെന്നത് എന്താണ്, വിവാഹബന്ധത്തിൻമേൽ അതിന് എന്തു ഫലം ചെയ്യാനാവും?
19 ക്രിസ്തീയ സഭക്കുള്ളിലെ “സമ്പൂർണതയുടെ ബന്ധ”മെന്നതു സ്നേഹമാണ്. സ്നേഹം നട്ടുവളർത്തിയെടുക്കുന്നതിലൂടെ ‘അന്യോന്യം പൊറുക്കുന്നതിനും തമ്മിൽ ക്ഷമിക്കുന്നതിനും’ ദൈവഭയമുള്ള ഒരു വിവാഹദമ്പതികൾക്കു സാധിക്കുന്നു. (കൊലൊസ്സ്യർ 3:13, 14) തത്ത്വാധിഷ്ഠിത സ്നേഹം മററുള്ളവരുടെ ക്ഷേമം കണക്കിലെടുക്കുന്നു. (1 കൊരിന്ത്യർ 13:4-8) അത്തരം സ്നേഹം നട്ടുവളർത്തുക. അത് വിവാഹബന്ധം ബലിഷ്ഠമാക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ വിവാഹജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുക. അങ്ങനെ ചെയ്യുന്നുവെങ്കിൽ നിങ്ങളുടെ വിവാഹം നിലനിൽക്കുന്ന ഒരു ബന്ധമായിരിക്കുകയും യഹോവയാം ദൈവത്തിനു സ്തുതിയും ബഹുമാനവും കരേററുകയും ചെയ്യും.
[അടിക്കുറിപ്പ്]
a 1993 ആഗസ്ററ് 1 വീക്ഷാഗോപുരത്തിലെ “ആശയവിനിമയം—വെറും സംസാരത്തെക്കാൾ കവിഞ്ഞത്” എന്ന ലേഖനം ഇത്തരം സാഹചര്യങ്ങളെ ദമ്പതികൾക്ക് എങ്ങനെ തരണംചെയ്യാവുന്നതാണ് എന്നു പ്രകടമാക്കി.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ വിവാഹം ശാശ്വതമായ ഒരു ബന്ധമായിരിക്കേണ്ടത് എന്തുകൊണ്ട്?
◻ ശിരഃസ്ഥാനവും കീഴ്പെടലും സംബന്ധിച്ചു ബൈബിളിന്റെ വീക്ഷണമെന്ത്?
◻ വിവാഹദമ്പതികൾക്ക് ആശയവിനിയമം എങ്ങനെ മെച്ചപ്പെടുത്താനാവും?
◻ ക്രിസ്തീയ രീതിയിൽ ദമ്പതികൾക്ക് അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാനാവും?
◻ വിവാഹബന്ധം ബലിഷ്ഠമാക്കാൻ എന്തു സഹായിക്കും?
[12-ാം പേജിലെ ചിത്രം]
ഭാര്യ ലൗകിക ജോലി ചെയ്യേണ്ടത് ആവശ്യമാണെങ്കിൽ അമിതഭാരം പേറാൻ ഒരു ക്രിസ്തീയ ഭർത്താവ് അവളെ അനുവദിക്കുകയില്ല