ശക്തവും സന്തുഷ്ടവും ആയ ദാമ്പത്യബന്ധം കെട്ടിപ്പടുക്കുക
“യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു.”—സങ്കീ. 127:1എ.
1-3. ദമ്പതികൾ എന്തെല്ലാം വെല്ലുവിളികൾ നേരിടുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
“ദാമ്പത്യബന്ധം വിജയിപ്പിക്കാൻ ആഗ്രഹിക്കുന്നെന്ന് ആത്മാർഥമായ ശ്രമങ്ങളിലൂടെ നിങ്ങൾ തെളിയിക്കുന്നെങ്കിൽ യഹോവയുടെ അനുഗ്രഹം നിങ്ങൾക്ക് ആസ്വദിക്കാനാകും.” 38 വർഷമായി സന്തുഷ്ടദാമ്പത്യം ആസ്വദിക്കുന്ന ഒരു ഭർത്താവിന്റെ വാക്കുകളാണിവ. അതെ, സുഖദുഃഖങ്ങളുടെ ഏറ്റിറക്കങ്ങളിലൂടെ സ്നേഹിച്ചും പരസ്പരം താങ്ങിയും മുന്നോട്ടുനീങ്ങുക ഭാര്യാഭർത്താക്കന്മാർക്ക് സാധ്യമാണ്.—സദൃ. 18:22.
2 എങ്കിലും വിവാഹിതർക്ക് “ജഡത്തിൽ കഷ്ടം ഉണ്ടാകും” എന്നത് ഒരു യാഥാർഥ്യമാണ്. (1 കൊരി. 7:28) എന്തുകൊണ്ട്? അനുദിന ജീവിതത്തിലെ കൊച്ചുകൊച്ചു പ്രശ്നങ്ങൾ കൈകാര്യംചെയ്തുപോകുന്നതുപോലും ദാമ്പത്യബന്ധത്തിൽ പിരിമുറുക്കങ്ങൾ സൃഷ്ടിച്ചേക്കാം. എത്ര പൊരുത്തമുള്ള ഭാര്യാഭർത്താക്കന്മാരാണെന്നു പറഞ്ഞാലും ശരി, വ്രണിത വികാരങ്ങളും ആശയവിനിമയത്തിലെ പാളിച്ചകളും തെറ്റിദ്ധാരണകളും ഒക്കെ അവരുടെ ഇടയിലും ഉണ്ടാകാം. മിക്കപ്പോഴുംതന്നെ അപൂർണ മനുഷ്യന്റെ കടിഞ്ഞാണില്ലാത്ത നാവാണ് പ്രശ്നക്കാരൻ. (യാക്കോ. 3:2, 5, 8) ജോലിക്കുപോക്കും കുട്ടികളെ വളർത്തലും എല്ലാം കൂടെ ഒന്നിച്ചുകൊണ്ടുപോകാൻ പല ദമ്പതികളും നന്നേ പാടുപെടുന്നു. സമ്മർദവും ക്ഷീണവും ഒക്കെക്കാരണം ഒരുമിച്ച് സമയം ചെലവഴിക്കാൻ ചില ദമ്പതികൾക്ക് കഴിയാതെ പോകുന്നു. അത് അവരുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനിയും, സാമ്പത്തിക ക്ലേശങ്ങളും ആരോഗ്യപ്രശ്നങ്ങളും മറ്റ് ബുദ്ധിമുട്ടുകളും നിമിത്തം പരസ്പര സ്നേഹവും ആദരവും സാവധാനം ക്ഷയിച്ചുപോകാനും മതി. കൂടാതെ, ലൈംഗിക അധാർമികത, ധിക്കാരപരമായ നടത്ത, പക, ശണ്ഠ, അസൂയ, കോപാവേശങ്ങൾ, വാക്കുതർക്കം എന്നിങ്ങനെ “ജഡത്തിന്റെ പ്രവൃത്തികൾ,” ശക്തമായി കാണപ്പെടുന്ന വിവാഹബന്ധങ്ങളുടെപോലും അടിത്തറ ഇളക്കിയേക്കാം.—ഗലാ. 5:19-21.
3 സംഗതികളെ കൂടുതൽ വഷളാക്കുന്നതാണ്, ‘അന്ത്യകാലത്തെ’ തിരിച്ചറിയിക്കുന്ന സ്വാർഥവും അഭക്തവും ആയ മനോഭാവങ്ങൾ. അവ അനേകം ദാമ്പത്യങ്ങളുടെ ചുവടുലയ്ക്കുന്നു. (2 തിമൊ. 3:1-4) അതിലെല്ലാമുപരി, വിവാഹക്രമീകരണത്തെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയിട്ടുള്ള ഒരു കൊടിയശത്രുവിന്റെ കടന്നാക്രമണങ്ങളെയും ദമ്പതികൾ ചെറുത്തുനിൽക്കേണ്ടതുണ്ട്. ആ ശത്രുവിനെ തിരിച്ചറിയിച്ചുകൊണ്ട് പത്രോസ് അപ്പൊസ്തലൻ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്നു തിരഞ്ഞുകൊണ്ട് ചുറ്റിനടക്കുന്നു.”—1 പത്രോ. 5:8; വെളി. 12:12.
4. ശക്തവും സന്തുഷ്ടവും ആയ വിവാഹബന്ധം സാധ്യമാകുന്നത് എങ്ങനെ?
4 ജപ്പാനിലുള്ള ഒരു ഭർത്താവ് പറയുന്നതിങ്ങനെ: “സാമ്പത്തികമായി ഞാൻ വലിയ ഞെരുക്കത്തിലായിരുന്നു. ഭാര്യയോടുള്ള തുറന്ന ആശയവിനിമയം എനിക്കു കുറവായിരുന്നത് അവളെയും സമ്മർദത്തിലാക്കി. പോരാത്തതിന്, ഈയിടെ അവൾക്ക് ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങളും ഉണ്ടായി. അതെല്ലാംകൂടിയായപ്പോൾ ചിലപ്പോഴൊക്കെ ഞങ്ങൾ പൊട്ടിത്തെറിച്ചു.” വിവാഹജീവിതമായാൽ ചില പ്രശ്നങ്ങൾ ഉണ്ടാകുകതന്നെ ചെയ്യും. പക്ഷേ പരിഹാരമില്ലാത്തവയല്ല അവയൊന്നും. യഹോവയുടെ സഹായത്താൽ കരുത്തുറ്റ ഒരു സന്തുഷ്ടബന്ധം ദമ്പതികൾക്ക് ആസ്വദിക്കാനാകും. (സങ്കീർത്തനം 127:1 വായിക്കുക.) ശക്തവും ഈടുനിൽക്കുന്നതുമായ ദാമ്പത്യബന്ധം കെട്ടിപ്പടുക്കാൻ ആവശ്യമായ അഞ്ച് ആത്മീയ നിർമാണശിലകൾ അഥവാ ‘കെട്ടുകല്ലുകൾ’ നമുക്ക് പരിചിന്തിക്കാം. തുടർന്ന് ഈ കല്ലുകളെ സ്നേഹത്തിന്റെ ‘ചാന്തുകൊണ്ട്’ എങ്ങനെ ചേർത്തുപണിയാമെന്ന് നാം കാണും.
യഹോവയെ നിങ്ങളുടെ വിവാഹബന്ധത്തിൽ ഉൾപ്പെടുത്തുക
5, 6. തങ്ങളുടെ ദാമ്പത്യബന്ധത്തിൽ യഹോവയെ ഉൾപ്പെടുത്താനായി ഭാര്യാഭർത്താക്കന്മാർക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും?
5 ഭദ്രമായ ഒരു വിവാഹബന്ധത്തിന്റെ മൂലക്കല്ലാണ് വിവാഹത്തിന്റെ കാരണഭൂതനോടുള്ള വിശ്വസ്തതയും കീഴ്പ്പെടലും. (സഭാപ്രസംഗി 4:12 വായിക്കുക.) യഹോവയുടെ സ്നേഹപുരസ്സരമായ വഴിനയിക്കലിന് വഴങ്ങിക്കൊടുത്തുകൊണ്ട് ഭാര്യാഭർത്താക്കന്മാർക്ക് അവനെ തങ്ങളുടെ വിവാഹബന്ധത്തിൽ ഉൾപ്പെടുത്താൻ സാധിക്കും. ദൈവത്തിന്റെ പുരാതന ജനത്തെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.” (യെശ. 30:20, 21) ഒരുമിച്ചിരുന്ന് ദൈവവചനം വായിച്ചുകൊണ്ട് ഇന്ന് ദമ്പതികൾക്ക് യഹോവയുടെ വാക്കുകൾ ‘കേൾക്കാൻ’ കഴിയും. (സങ്കീ. 1:1-3) അതുപോലെ, ആസ്വാദ്യകരവും ആത്മീയമായി നവോന്മേഷം പകരുന്നതും ആയ കുടുംബാരാധനാ ക്രമീകരണം മുഖാന്തരം അവർക്ക് വിവാഹബന്ധത്തെ ഊട്ടിയുറപ്പിക്കാനാകും. കൂടാതെ, ഒത്തൊരുമിച്ചുള്ള ദൈനംദിന പ്രാർഥന സാത്താന്റെ ലോകത്തിന്റെ കടന്നാക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കാൻ അത്യന്താപേക്ഷിതമാണ്.
ആത്മീയ കാര്യങ്ങൾ ഒരുമിച്ചു ചെയ്യുകവഴി, ദമ്പതികൾ ദൈവത്തോടും അന്യോന്യവും ആഹ്ലാദകരമായ ഒരു ഉറ്റബന്ധത്തിൽ ഒന്നായിത്തീരുന്നു (5, 6 ഖണ്ഡികകൾ കാണുക)
6 “വ്യക്തിപരമായ പ്രശ്നങ്ങളും ധാരണാപ്പിശകുകളും ഞങ്ങളുടെ സന്തോഷത്തിനുമേൽ കരിനിഴൽ വീഴ്ത്തിയിട്ടുള്ളപ്പോഴെല്ലാം ദൈവവചനത്തിന്റെ ബുദ്ധിയുപദേശം സഹിഷ്ണുത വളർത്തിയെടുക്കാനും ക്ഷമ ശീലിക്കാനും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. വിജയകരമായ ദാമ്പത്യത്തിന്റെ ഊടും പാവും പോലെയാണ് ഈ ഗുണങ്ങൾ” എന്ന് ജർമൻകാരനായ ഗെർഹാർട്ട് സഹോദരൻ പറയുന്നു. ഭാര്യയും ഭർത്താവും ഒരുമിച്ച് ആത്മീയകാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ട് വിവാഹബന്ധത്തിൽ ദൈവത്തെ ഉൾപ്പെടുത്താൻ കഠിനശ്രമം ചെയ്യുമ്പോൾ അവർ ദൈവത്തോടും അന്യോന്യവും ആഹ്ലാദകരമായ ഒരു ഉറ്റബന്ധത്തിൽ ഒന്നായിത്തീരും.
ഭർത്താക്കന്മാരേ, സ്നേഹപൂർവം ശിരഃസ്ഥാനം പ്രയോഗിപ്പിൻ
7. ഭർത്താക്കന്മാർ എങ്ങനെയാണ് ശിരഃസ്ഥാനം പ്രയോഗിക്കേണ്ടത്?
7 കരുത്തുറ്റ സന്തുഷ്ടബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ഭർത്താവ് തന്റെ ശിരഃസ്ഥാനം എങ്ങനെ പ്രയോഗിക്കുന്നുവെന്നത് ഒരു നിർണായക ഘടകമാണ്. “ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ” എന്നു ബൈബിൾ പ്രസ്താവിക്കുന്നു. (1 കൊരി. 11:3) ഭർത്താക്കന്മാർ ശിരഃസ്ഥാനം എങ്ങനെയാണ് പ്രയോഗിക്കേണ്ടത് എന്നറിയാൻ മറ്റെങ്ങും നോക്കേണ്ടതില്ല. ആ തിരുവെഴുത്തിൽത്തന്നെ അതിനുള്ള ഉത്തരമുണ്ട്: ക്രിസ്തു പുരുഷന്റെമേൽ അധികാരം നടത്തുന്ന അതേ വിധത്തിൽത്തന്നെ! അടിച്ചമർത്തിക്കൊണ്ട് ഭരണം നടത്തുന്ന നിഷ്ഠുരനായ ഒരു സ്വേച്ഛാധിപതി അല്ലായിരുന്നു യേശു. മറിച്ച്, സ്നേഹമയിയും ദയാലുവും ന്യായബോധമുള്ളവനും ശാന്തനും മനോവിനയമുള്ളവനും ആയിരുന്നു അവൻ.—മത്താ. 11:28-30.
8. ഒരു ഭർത്താവിന് ഭാര്യയുടെ സ്നേഹവും ആദരവും എങ്ങനെ നേടാൻ കഴിയും?
8 ഒരു ക്രിസ്തീയഭർത്താവ്, ഭാര്യ തന്നെ ബഹുമാനിക്കണമെന്ന് കൂടെക്കൂടെ അവളെ ഓർമിപ്പിക്കേണ്ട കാര്യമില്ല. ഒരു ഭർത്താവിന് ഭാര്യയിൽനിന്ന് പിടിച്ചുവാങ്ങാൻ കഴിയുന്ന ഒന്നല്ല ബഹുമാനം. ക്രിസ്തീയഭർത്താക്കന്മാർ “വിവേകപൂർവം” അഥവാ ഭാര്യമാരെ മനസ്സിലാക്കി, പരിഗണനയോടെ അവരോടൊപ്പം വസിക്കുന്നു. അവർ, “സ്ത്രീജനം ഏറെ ബലഹീനമായ പാത്രം എന്നോർത്ത് അവരെ ആദരി”ക്കുന്നു. (1 പത്രോ. 3:7) വീട്ടിലായാലും വീട്ടിന്നു വെളിയിലായാലും ആദരവോടുകൂടിയ വാക്കുകളാലും സ്നേഹവും പരിഗണനയും നിറഞ്ഞ പ്രവൃത്തികളാലും, ഭാര്യ തനിക്ക് വിലപ്പെട്ടവളാണെന്ന് ഒരു ക്രിസ്തീയഭർത്താവ് തെളിയിക്കും. (സദൃ. 31:28) അത്തരത്തിൽ ഒരു ഭർത്താവ് സ്നേഹപൂർവം തന്റെ ശിരഃസ്ഥാനം പ്രയോഗിക്കുമ്പോൾ ഭാര്യയുടെ സ്നേഹവും ആദരവും അയാൾക്ക് എന്നെങ്കിലും പിടിച്ചുവാങ്ങേണ്ടിവരുമോ? യഹോവയുടെ കടാക്ഷം ആ ദാമ്പത്യബന്ധത്തിൽ കളിയാടും.
ഭാര്യമാരേ, താഴ്മയോടെ കീഴ്പെട്ടിരിപ്പിൻ
9. താഴ്മയോടെ കീഴടങ്ങിയിരിക്കാൻ ഭാര്യക്ക് എങ്ങനെ കഴിയും?
9 യഹോവയോടുള്ള നിസ്സ്വാർഥവും തത്ത്വാധിഷ്ഠിതവും ആയ സ്നേഹം അവന്റെ കരുത്തുറ്റ കൈക്കീഴിൽ താഴ്മയോടിരിക്കാൻ നമ്മെ സഹായിക്കുന്നു. (1 പത്രോ. 5:6) കീഴ്പെടൽ മനോഭാവമുള്ള ഒരു ഭാര്യ യഹോവയുടെ അധികാരത്തോട് ആദരവ് കാണിക്കുന്ന ഒരു സുപ്രധാന വിധം, കുടുംബവൃത്തത്തിനുള്ളിൽ സഹകരണവും സർവാത്മനായുള്ള പിന്തുണയും പ്രകടമാക്കിക്കൊണ്ടാണ്. ബൈബിൾ ഇങ്ങനെ കല്പിക്കുന്നു: “ഭാര്യമാരേ, കർത്താവിൽ ഉചിതമാംവിധം നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുവിൻ.” (കൊലോ. 3:18) ഭർത്താവിന്റെ എല്ലാ തീരുമാനങ്ങളും ഭാര്യയുടെ ഇഷ്ടത്തിനും അഭിരുചിക്കും ചേർച്ചയിലായിരിക്കും എന്ന് പ്രതീക്ഷിക്കുന്നത് യാഥാർഥ്യത്തിനു നിരക്കുന്നതല്ല. എന്നാൽ ഭർത്താവിന്റെ തീരുമാനങ്ങൾ ദൈവകല്പനകൾക്ക് വിരുദ്ധമല്ലാത്തിടത്തോളം, കീഴ്പെടൽമനോഭാവമുള്ള ഒരു ഭാര്യ വഴങ്ങിക്കൊടുക്കാൻ മനസ്സൊരുക്കമുള്ളവളായിരിക്കും.—1 പത്രോ. 3:1.
10. സ്നേഹപൂർവം കീഴ്പെട്ടിരിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
10 ഭർത്താവിന്റെ “കൂട്ടാളി” എന്ന നിലയിൽ ഭാര്യക്ക് ആദരണീയമായ ഒരു സ്ഥാനമുണ്ട്. (മലാ. 2:14) കീഴ്പെടൽമനോഭാവം വിട്ടുകളയാതെതന്നെ തന്റെ ചിന്താഗതികളും വികാരങ്ങളും ആദരവോടെ അവതരിപ്പിച്ചുകൊണ്ട് കുടുംബത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ അവൾ സഹായിക്കുന്നു. വിവേകമുള്ള ഒരു ഭർത്താവ് തീർച്ചയായും ഭാര്യയുടെ വാക്കുകൾ ശ്രദ്ധവെച്ച് കേൾക്കും. (സദൃ. 31:10-31) സ്നേഹപൂർവം കീഴ്പെടുമ്പോൾ അത് ഭവനത്തിൽ സന്തോഷവും സമാധാനവും സ്വരച്ചേർച്ചയും ഊട്ടിവളർത്തും. അതോടൊപ്പം, തങ്ങൾ യഹോവയെ പ്രസാദിപ്പിക്കുകയാണെന്ന തിരിച്ചറിവ് ഭാര്യക്കും ഭർത്താവിനും അളവില്ലാത്ത സംതൃപ്തി പകരുകയും ചെയ്യും.—എഫെ. 5:22.
അന്യോന്യം ഉദാരമായി ക്ഷമിക്കുന്നതിൽ തുടരുക
11. ക്ഷമാശീലം ഒഴിച്ചുകൂടാനാകാത്തത് എന്തുകൊണ്ട്?
11 നിലനിൽക്കുന്ന വിവാഹബന്ധത്തിന്റെ നിർമാണശിലകളിൽ നിർണായകമായ ഒന്നാണ് ക്ഷമാശീലം. ഭാര്യാഭർത്താക്കന്മാർ “അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും ചെയ്യു”മ്പോൾ അവരുടെ ദാമ്പത്യം കരുത്താർജിക്കുന്നു. (കൊലോ. 3:13) അതേസമയം, പഴയ പിശകുകളുടെ രേഖ മനസ്സിന്റെ ആവനാഴിയിൽ സൂക്ഷിച്ച് പുതിയ ആക്രമണങ്ങൾക്കായി അവയെ ആയുധമാക്കുന്നെങ്കിൽ ആ ദമ്പതികൾ തങ്ങളുടെ വിവാഹബന്ധത്തിന് സ്വയം തുരങ്കംവെക്കുകയാണ്. ഒരു കെട്ടിടത്തെ ദുർബലമാക്കിക്കൊണ്ട് വിള്ളലുകൾ വീഴുന്നതുപോലെ അനിഷ്ടങ്ങളും ആവലാതികളും നമ്മുടെ ഹൃദയത്തിൽ രൂപംകൊണ്ടേക്കാം. ക്ഷമിക്കുക എന്നത് അതു കൂടുതൽക്കൂടുതൽ ബുദ്ധിമുട്ടാക്കിത്തീർക്കുന്നു. എന്നാൽ യഹോവ തങ്ങളോട് ഇടപെടുന്നതുപോലെ ഭാര്യാഭർത്താക്കന്മാർ അന്യോന്യം ക്ഷമയോടെ ഇടപെടുന്നെങ്കിൽ ശക്തമായ ദാമ്പത്യബന്ധമായിരിക്കും അവർ വാർത്തെടുക്കുന്നത്.—മീഖാ 7:18, 19.
12. “സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കു”ന്നത് എങ്ങനെ?
12 യഥാർഥ സ്നേഹം “ദ്രോഹങ്ങളുടെ കണക്കുസൂക്ഷിക്കുന്നില്ല.” വാസ്തവത്തിൽ, “സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കു”കയാണ് ചെയ്യുന്നത്. (1 കൊരി. 13:4, 5; 1 പത്രോസ് 4:8 വായിക്കുക.) മറ്റുവാക്കുകളിൽ പറഞ്ഞാൽ, ഒരാൾക്ക് എത്ര പാപങ്ങൾ ക്ഷമിക്കാൻ കഴിയും എന്നതിന് സ്നേഹം പരിധി വെക്കുന്നില്ല! താൻ ഒരാളോട് എത്രവട്ടം ക്ഷമിക്കണം എന്ന് പത്രോസ് അപ്പൊസ്തലൻ ചോദിച്ചപ്പോൾ, “എഴുപത്തി ഏഴു തവണ” എന്നായിരുന്നു യേശുവിന്റെ മറുപടി. (മത്താ. 18:21, 22) എന്തായിരുന്നു ആ സംഖ്യയുടെ അർഥം? ഒരു ക്രിസ്ത്യാനി മറ്റുള്ളവരോട് എത്ര തവണ ക്ഷമിക്കണം എന്നതിന് പരിധി കുറിക്കാനാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു അവൻ.—സദൃ. 10:12.a
13. ക്ഷമിക്കാതിരിക്കാനുള്ള പ്രവണതയ്ക്ക് എന്താണ് മറുമരുന്ന്?
13 ജർമനിയിൽനിന്നുള്ള അനെറ്റെ ഇങ്ങനെ പറയുന്നു: “അന്യോന്യം ക്ഷമിക്കാൻ ഏതെങ്കിലും ദമ്പതികൾ വിമുഖത കാണിക്കുന്നെങ്കിൽ പകയും പരസ്പര വിശ്വാസമില്ലായ്മയും വളർന്നുവരും. അത് വിവാഹബന്ധത്തെ വിഷലിപ്തമാക്കും. ക്ഷമ ശീലിക്കുന്നത് വിവാഹബന്ധത്തെ ബലിഷ്ഠമാക്കുകയും നിങ്ങൾ തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കുകയും ചെയ്യും.” ക്ഷമിക്കാതിരിക്കാനുള്ള പ്രവണതയ്ക്ക് എന്താണ് മറുമരുന്ന്? നന്ദിയും വിലമതിപ്പും നിറഞ്ഞ ഒരു മനോഭാവം വളർത്തിയെടുക്കാൻ ബോധപൂർവം ശ്രമിക്കുക. നിങ്ങളുടെ ഇണയെ ആത്മാർഥമായി അഭിനന്ദിക്കുന്നത് ഒരു ശീലമാക്കുക. (കൊലോ. 3:15) ക്ഷമാശീലരായവർക്ക് ലഭിക്കുന്ന മനസ്സമാധാനവും ഐക്യവും ദൈവത്തിന്റെ അനുഗ്രഹാശിസ്സുകളും അനുഭവിച്ചറിയുക.—റോമ. 14:19.
സുവർണനിയമം പിൻപറ്റുക
14, 15. എന്താണ് സുവർണനിയമം, വിവാഹജീവിതത്തിൽ അതിന് എന്ത് പ്രായോഗികമൂല്യമുണ്ട്?
14 മറ്റുള്ളവർ നിങ്ങളെ മാനിക്കണമെന്നും നിങ്ങളോട് അന്തസ്സോടെ പെരുമാറണമെന്നും നിങ്ങൾ ആഗ്രഹിക്കുമെന്നതിൽ സംശയമില്ല. മറ്റുള്ളവർ നിങ്ങളുടെ അഭിപ്രായം കേൾക്കാൻ കൂട്ടാക്കുകയും നിങ്ങളുടെ വികാരങ്ങൾക്ക് വിലകല്പിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ അത് വിലമതിക്കും. എന്നാൽ, ആരെങ്കിലും ഇങ്ങനെ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ: “ഇതിനു ഞാൻ അവന് കാണിച്ചുകൊടുത്തിലെങ്കിൽ നോക്കിക്കോ?” ചിലപ്പോഴെങ്കിലും ആളുകൾ അങ്ങനെയൊക്കെ പ്രതികരിച്ചുപോകുന്നത് നമുക്ക് മനസ്സിലാക്കാനാകുമെങ്കിലും ബൈബിൾ നമ്മോടു പറയുന്നത്, ‘അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യും എന്നും നീ പറയരുത്’ എന്നാണ്. (സദൃ. 24:29) ബുദ്ധിമുട്ടുപിടിച്ച സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ ക്രിയാത്മകമായ ഒരു സമവാക്യം യേശു മുന്നോട്ടുവെക്കുകയുണ്ടായി. ഈ പെരുമാറ്റച്ചട്ടം വിശ്വവിഖ്യാതമായതുകൊണ്ട് സുവർണനിയമം എന്നാണ് അത് പൊതുവെ അറിയപ്പെടുന്നത്: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങൾ അവർക്കും ചെയ്യുവിൻ.” (ലൂക്കോ. 6:31) മറ്റുള്ളവർ നമ്മോട് എങ്ങനെ പെരുമാറാനാണോ നാം ആഗ്രഹിക്കുന്നത്, അങ്ങനെതന്നെ നാം അവരോട് പെരുമാറുക; നിർദയമായി പെരുമാറുന്നവരോട് അതേ നാണയത്തിൽ തിരിച്ചടിക്കാതിരിക്കുക എന്നൊക്കെയാണ് യേശു അർഥമാക്കിയത്. ഒരു കുടുക്കയിൽ നിക്ഷേപിക്കുന്നതുമാത്രമേ നമുക്ക് അതിൽനിന്ന് തിരികെ പ്രതീക്ഷിക്കാനാകൂ. ദാമ്പത്യവും ഇതുപോലെതന്നെയാണ്.
15 ഇണയുടെ വികാരങ്ങളെ മനസ്സിലാക്കി കരുതൽ കാണിക്കുമ്പോഴാണ് ദമ്പതികൾ അവരുടെ ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നത്. സൗത്ത് ആഫ്രിക്കയിൽ ജീവിക്കുന്ന ഒരു ഭർത്താവ് പറയുന്നു: “സുവർണനിയമം പിൻപറ്റാൻ ഞങ്ങൾ നല്ല ശ്രമം ചെയ്തിട്ടുണ്ട്. അല്ലറചില്ലറ അസ്വാരസ്യങ്ങൾ ഇടയ്ക്കൊക്കെ ഉണ്ടാകാറുണ്ടെങ്കിലും മറ്റെയാൾ ഇങ്ങോട്ടു പെരുമാറാൻ പ്രതീക്ഷിക്കുന്ന അതേതരത്തിൽ, അന്തസ്സോടും ആദരവോടും കൂടെത്തന്നെ, അങ്ങോട്ടും പെരുമാറാൻ ഞങ്ങൾ രണ്ടാളും കഠിന ശ്രമം ചെയ്തിട്ടുണ്ട്.”
16. ഭാര്യാഭർത്താക്കന്മാർ അന്യോന്യം എന്തു ചെയ്യരുത്?
16 ഇണയുടെ കുറവുകളും ബലഹീനതകളും മറ്റുള്ളവരുടെ മുമ്പിൽ തമാശയ്ക്കുപോലും കൊട്ടിഘോഷിക്കരുത്. ഒച്ചയിട്ടും അധിക്ഷേപവാക്കുകൾ കോരിച്ചൊരിഞ്ഞും ബലാബലം പരീക്ഷിക്കാനുള്ള ഒരു വേദിയല്ല വിവാഹം. നമുക്കെല്ലാം പിഴവുകൾ പറ്റാറുണ്ട്, വല്ലപ്പോഴുമെങ്കിലും മറ്റുള്ളവരുടെ മൂഡ് കളയാറുമുണ്ട്. പക്ഷേ, ആക്രോശിക്കാനോ അധിക്ഷേപിക്കാനോ ശകാരവർഷം ചൊരിയാനോ അതുംകടന്ന്, ഉന്തും തള്ളും കയ്യാങ്കളിയും നടത്താനോ ഭാര്യാഭർത്താക്കന്മാർക്ക് ഒരിക്കലും യാതൊരു ന്യായീകരണവും ഇല്ല.—സദൃശവാക്യങ്ങൾ 17:27; 31:26 വായിക്കുക.
17. ദാമ്പത്യബന്ധത്തിൽ ഭർത്താക്കന്മാർക്ക് എങ്ങനെ സുവർണനിയമം പിൻപറ്റാനാകും?
17 ഭാര്യയെ മെരട്ടി നിറുത്തുകയും ഇടയ്ക്കിടെ കൈവെക്കുകയും ചെയ്യുന്നതാണ് ആണത്തം എന്ന് ചില സംസ്കാരങ്ങളിൽ പുരുഷന്മാർ കരുതിപ്പോരുന്നു. പക്ഷേ, “ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ (‘ആത്മനിയന്ത്രണം ഉള്ളവൻ,’ ഓശാന ബൈബിൾ) പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ” എന്നാണ് ബൈബിൾ പറയുന്നത്. (സദൃ. 16:32) കോപത്തെ നിയന്ത്രിക്കുന്നതിൽ ഏറ്റവും നല്ല മാതൃകവെച്ചത് യേശു എന്ന എക്കാലത്തെയും ഏറ്റവും മഹാനായ പുരുഷനായിരുന്നു. അവനെ അനുകരിക്കാൻ ഒരു പുരുഷൻ നല്ല ആന്തരികകരുത്ത് വളർത്തിയെടുത്തേ തീരൂ. ഭാര്യയെ വാക്കുകൊണ്ടോ കൈകൊണ്ടോ ഉപദ്രവിക്കുന്ന പുരുഷന് വാസ്തവത്തിൽ ഇല്ലാത്തത് ആണത്തമാണ്! മാത്രവുമല്ല, യഹോവയുമായുള്ള ബന്ധവും അയാൾക്ക് നഷ്ടമാകും. ധീരനും വീരയോദ്ധാവും ആയിരുന്ന ദാവീദ് ഒരു സങ്കീർത്തനത്തിൽ പറയുന്നു: “കോപിച്ചുകൊള്ളുക, എന്നാൽ പാപം ചെയ്യരുത്; നിങ്ങൾ കിടക്കയിൽ വച്ചു ധ്യാനിച്ചു മൗനമായിരിക്കുക.”—സങ്കീ. 4:4, പി.ഒ.സി.
“ഐക്യത്തിന്റെ സമ്പൂർണബന്ധമായ സ്നേഹം ധരിക്കുവിൻ”
18. സ്നേഹം നട്ടുവളർത്തുന്നതിൽ തുടരേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
18 1 കൊരിന്ത്യർ 13:4-7 വായിക്കുക. വിവാഹജീവിതത്തിൽ ഉണ്ടായിരിക്കേണ്ട അതിപ്രധാന ഗുണമാണ് സ്നേഹം. “മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊള്ളുവിൻ. എല്ലാറ്റിലും ഉപരിയായി ഐക്യത്തിന്റെ സമ്പൂർണബന്ധമായ സ്നേഹം ധരിക്കുവിൻ.” (കൊലോ. 3:12, 14) കരുത്തുറ്റ ഒരു വിവാഹബന്ധത്തിന്റെ നിർമാണശിലകളെ ചേർത്തുനിറുത്തുന്ന ‘ചാന്തുകൂട്ട്’ പോലെയാണ് ക്രിസ്തുതുല്യ ആത്മത്യാഗസ്നേഹം. അസ്വസ്ഥമാക്കുന്ന വ്യക്തിത്വവൈകല്യങ്ങൾക്കും കഷ്ടപ്പെടുത്തുന്ന ആരോഗ്യപ്രശ്നങ്ങൾക്കും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ഭർത്താവിന്റെയോ ഭാര്യയുടെയോ കുടുംബാംഗങ്ങളുമായുള്ള രസക്കേടിനും ഇടയിൽ വിവാഹബന്ധം ഇടിഞ്ഞുവീഴാതെ സ്നേഹം അതിനെ പിടിച്ചുനിറുത്തുന്നു.
19, 20. (എ) ശക്തവും സന്തുഷ്ടവുമായ ദാമ്പത്യം വിജയകരമായി കെട്ടിപ്പടുക്കാൻ ദമ്പതികൾക്ക് എങ്ങനെ കഴിയും? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
19 അതെ, സ്നേഹം, പ്രതിബദ്ധത (വിശ്വസ്തമായ പറ്റിനിൽപ്പ്), ആത്മാർഥശ്രമം എന്നിവയാണ് വിവാഹത്തെ വിജയത്തിലെത്തിക്കുന്നത്. ബുദ്ധിമുട്ടുകൾ ഉടലെടുക്കുമ്പോൾ ബന്ധം ഇട്ടെറിഞ്ഞ് പോകുകയല്ല വേണ്ടത്. എന്നു പറയുമ്പോൾ, കേവലം മനസ്സില്ലാമനസ്സോടെ കഴിഞ്ഞുകൂടുക എന്നല്ല അത് അർഥമാക്കുന്നത്. പകരം തഴച്ചുവളരുന്ന ഒരു വൃക്ഷമെന്നപോലെ തങ്ങളുടെ വിവാഹത്തെ നിലനിറുത്താൻ ദമ്പതികൾ ദൃഢചിത്തരായിരിക്കണം. യഹോവയോടും അന്യോന്യവും പറ്റിനിൽക്കാൻ ദൃഢചിത്തരായ ഭാര്യാഭർത്താക്കന്മാരെ നയിക്കുന്നത് ദൈവത്തോടും ഇണയോടും ഉള്ള സ്നേഹമാണ്. പ്രശ്നങ്ങൾ പരിഹരിച്ച് രമ്യതയിൽ മുന്നോട്ടുനീങ്ങാൻ അത് അവരെ പ്രചോദിപ്പിക്കുന്നു. കാരണം, “സ്നേഹം ഒരിക്കലും നിലച്ചുപോകുകയില്ല.”—1 കൊരി. 13:8; മത്താ. 19:5, 6; എബ്രാ. 13:4.
20 ശക്തവും സന്തുഷ്ടവുമായ ദാമ്പത്യം കെട്ടിപ്പടുക്കുക എന്നത് നാം ജീവിക്കുന്ന ഈ “ദുഷ്കരമായ സമയങ്ങ”ളിൽ വിശേഷാൽ ശ്രമകരമാണ്. (2 തിമൊ. 3:1) പക്ഷേ, യഹോവയുടെ സഹായത്താൽ അത് സാധ്യമാണ്. എങ്കിലും, ലോകമെങ്ങും പടർന്നുപിടിച്ചിരിക്കുന്ന കടുത്ത ലൈംഗിക അധാർമികതയോട് സദാ പോരാടേണ്ട ഒരു അവസ്ഥാവിശേഷമാണ് ദമ്പതികൾക്ക് ഇന്നുള്ളത്. ഭാര്യാഭർത്താക്കന്മാർക്ക് തങ്ങളുടെ വിവാഹബന്ധത്തിനു സംരക്ഷണമേകുന്ന ആത്മീയ പ്രതിരോധസംവിധാനത്തെ എങ്ങനെ ബലിഷ്ഠമാക്കാം എന്ന് അടുത്ത ലേഖനത്തിൽ നാം ചർച്ചചെയ്യും.
a ദമ്പതികൾ ക്ഷമിക്കാനും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾ മറികടക്കാനും ശ്രമിക്കുമെങ്കിലും, ഇണകളിൽ ഒരാൾ വ്യഭിചാരത്തിൽ ഏർപ്പെടുന്നപക്ഷം ക്ഷമിക്കണമോ വിവാഹമോചനം നേടണമോ എന്ന് തീരുമാനിക്കാൻ നിരപരാധിയായ ഇണയെ ബൈബിൾ അനുവദിക്കുന്നു. (മത്താ. 19:9) “ബൈബിളിന്റെ വീക്ഷണം: വ്യഭിചാരം—ക്ഷമിക്കണമോ വേണ്ടയോ?” എന്ന ശീർഷകത്തിൽ 1995 ആഗസ്റ്റ് 8 ഉണരുക!-യിൽ വന്ന ലേഖനം കാണുക.