യുവജനങ്ങൾ ചോദിക്കുന്നു. . .
ഞാൻ കുരുക്കിലകപ്പെട്ടിരിക്കുന്നു! എനിക്കെങ്ങനെ ചൂതാട്ടം നിർത്താൻ കഴിയും?
“എനിക്കു പതിമൂന്നു വയസ്സായപ്പോൾ സ്ലോട്ട് യന്ത്രങ്ങളിൽ ഞാൻ ചൂതുകളിച്ചു തുടങ്ങി” എന്നു ഡേവിഡ് സമ്മതിച്ചുപറയുന്നു. “സ്ലോട്ട് യന്ത്രങ്ങളിൽ ചൂതു കളിക്കാതെ ഒരു വിനോദ വീഥി കടന്നുപോകാൻ എനിക്കു കഴിയാത്ത ഘട്ടത്തോളം ഞാൻ എത്തി.” മുമ്പു ചൂതുകളിക്കാരനായിരുന്ന തോമസ് എന്നു പേരുള്ള മറെറാരാൾ ഇപ്രകാരം സമ്മതിക്കുന്നു: “എന്റെ ശീലം നിലനിർത്താൻ സ്നേഹിതരിൽനിന്നും കുടുംബത്തിൽനിന്നും സഹജോലിക്കാരിൽനിന്നും ഞാൻ മോഷ്ടിക്കുകപോലും ചെയ്തു. എന്തിനുവേണ്ടിയും ഞാൻ ചൂതാട്ടം നടത്തി.”
ഡേവിഡും തോമസും ക്രിസ്ത്യാനികളായി വളർത്തപ്പെട്ടവരായിരുന്നു. രണ്ടുപേരും ചൂതാട്ടത്തിന്റെ കെണിയിൽ കുരുങ്ങി—മാരകമായ ഒരു പ്രേരക ശക്തിയാൽ കുരുക്കിലാക്കപ്പെട്ടു. യുവജനങ്ങളെ ചൂതാട്ടത്തിലേക്കു വശീകരിക്കുന്ന വഞ്ചകമായ മനശ്ശാസ്ത്ര പ്രയോഗങ്ങൾക്കു യുവജനങ്ങളുടെ ഞെട്ടിക്കുന്ന സംഖ്യ ഇരയായിത്തീർന്നിട്ടുണ്ടെന്നു ഗവേഷകർ പറയുന്നു. ടൈം മാഗസിൻ ഇപ്രകാരം പറയുന്നു: “അമേരിക്കയിൽ കണക്കനുസരിച്ച് 80 ലക്ഷം നിർബന്ധിത ചൂതാട്ടക്കാരുള്ളതിൽ കണിശമായും 10 ലക്ഷം പേർ കൗമാരപ്രായക്കാരാണെന്നു ചൂതാട്ടത്തെക്കുറിച്ചു ഗവേഷണം നടത്തുന്നവർ പറയുന്നു.” ഐക്യനാടുകളിലെ മൊത്തം കൗമാരപ്രായക്കാരിൽ 4 മുതൽ 6 വരെ ശതമാനം പേർ ചൂതാട്ടരോഗികളാണെന്നു ചിലർ കരുതുന്നു.
ഈ ദുശ്ശീലത്തിന്റെ പല വ്യത്യസ്ത രൂപങ്ങൾ യുവാക്കൾ പിൻപററുന്നു. മൈനിച്ചി ഡെയ്ലി ന്യൂസ് പറയുന്നതനുസരിച്ചു ജപ്പാനിൽ പന്തയം വയ്ക്കുന്നതിൽനിന്നു ചെറുപ്പക്കാരെ തടയുന്ന കർശന നിയമങ്ങൾ ഉണ്ടായിരുന്നിട്ടും യുവജനങ്ങൾ “ചൂതുകളിക്കാർ എന്ന നിലയിൽ ഓട്ടപ്പന്തയസ്ഥലത്തും അവിടെനിന്നു മാറി പന്തയം വയ്ക്കുന്ന സ്ഥലങ്ങളിലും, അസ്വസ്ഥമാക്കുംവിധം വളർന്നു വരുന്ന ഒരു പ്രവണതയിൽ, തങ്ങളുടെ വർധിച്ചുവരുന്ന സാന്നിദ്ധ്യം നിമിത്തം ശ്രദ്ധിക്കപ്പെടുന്നവരായിത്തീർന്നിരിക്കുന്നു.” കൂടാതെ ഭാഗ്യക്കുറി എടുക്കുന്നതും സ്പോർട്സ് മത്സരങ്ങളെക്കുറിച്ചു പന്തയം വയ്ക്കുന്നതും ചീട്ടു കളിക്കുന്നതും യുവജനങ്ങൾ പന്തയം വയ്ക്കാനുള്ള ത്വരയ്ക്കു കീഴ്പ്പെടുന്നതിനുള്ള ജനരഞ്ജകങ്ങളായ മാർഗങ്ങളാണ്.
ചൂതുകളി ആസക്തി—പരിണതഫലങ്ങൾ
ഗാംബേഴ്ള്സ് അനോനിമസ് എന്ന ഒരു സ്ഥാപനത്തിലെ ഗോർഡൻ മൂഡി പറയുന്നു: “തുടക്കത്തിൽ [ചൂതാട്ടം] ഒരു വലിയ കണ്ടുപിടിത്തം നടത്തുന്നതുപോലെയോ പ്രേമിക്കുന്നതുപോലെയോ ഉള്ള വിസ്മയകരമായ ഒരു പുതിയ അനുഭവമാണ്. . . . ഭാഗ്യം പരീക്ഷിക്കുന്നത് ആനന്ദകരവും വശീകരിക്കുന്നതുമാണ്.” (ക്വിററ് കമ്പൽസിവ് ഗാംബ്ലിംഗ്) അതേ, വിജയത്തിന്റെ തിരത്തള്ളലും അതോടൊപ്പമുള്ള അഡ്രിനാലിന്റെ അന്തഃസ്രാവവും അനുഭവിക്കുന്നത് അനേകമാളുകൾക്കും ഉത്സാഹം ജനിപ്പിക്കുന്നതാണ്. എന്നാൽ എല്ലായ്പോഴും വിജയിക്കാൻ നിങ്ങൾക്കാവില്ല. ഒടുവിൽ ചൂതാട്ടക്കാരനാണു നഷ്ടം. ഋണബാധ്യതയും സാമ്പത്തിക നഷ്ടവും അയാളുടെ പ്രശ്നങ്ങളുടെ തുടക്കം മാത്രമാണ്.
ആസക്തിയുളവാക്കുന്ന ഒരു പദാർഥത്തെപ്പോലെ ആസക്തമായ നേരമ്പോക്കിനു പറഞ്ഞറിയിക്കാനാവാത്ത ആത്മീയവും വൈകാരികവും ധാർമികവും ആയ നഷ്ടം വരുത്താൻ കഴിയും. “ഒടുവിൽ നിങ്ങളെ ഒരു അടിമയാക്കുന്ന . . . വക്രത” എന്നു ഗോർഡൻ മൂഡി വിളിക്കുന്നതു നിങ്ങളിൽ വളർത്തിയെടുക്കാൻ അതിനു കഴിയും. അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ നമ്മെ ഇവ്വണ്ണം ഓർമിപ്പിക്കുന്നു: “നിങ്ങൾ ദാസൻമാരായി അനുസരിപ്പാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചുപോരുകയും ചെയ്യുന്നവന്നു ദാസൻമാർ [“അടിമകൾ,” NW] ആകുന്നു എന്നു അറിയുന്നില്ലയോ?” (റോമർ 6:16) ജെ. ബി. ഫിലിപ്സ് ഈ വാക്യം ഇങ്ങനെ ഭാഷാന്തരം ചെയ്യുന്നു: “നിങ്ങൾ അനുസരിക്കാൻ തിരഞ്ഞെടുക്കുന്ന ശക്തിയുടെ സ്വത്താണ് നിങ്ങൾ.” നിങ്ങൾക്കു നിയന്ത്രിക്കാൻ കഴിയാത്ത ഒരു ശീലത്തിന്റെ ഊരാക്കുടുക്കിൽ ആയിരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക!
തന്റെ ശീലം നിലനിർത്താൻ ഒരു യുവാവു മിക്കപ്പോഴും ഭോഷ്കിലേക്കും വക്രതയിലേക്കും മോഷണത്തിലേക്കും തിരിയുന്നതുകൊണ്ട് അയാളുടെ കുടുംബബന്ധങ്ങൾ തകരുമെന്നുള്ളതും ഉറപ്പാണ്. ഇപ്പോഴത്തെ യുവജനങ്ങൾ (Young People Now) എന്ന ബ്രിട്ടീഷ് മാസിക ഇങ്ങനെ പറയുന്നു: “നിങ്ങൾ സ്നേഹിക്കുകയും നിങ്ങളെ സ്നേഹിക്കുകയും ചെയ്യുന്ന ആളുകൾക്കു നിങ്ങൾ ഒരു മോഷ്ടാവും ഒരു നുണയനും ഒരു ഭാരവും ആയിത്തീർന്നിരിക്കുന്നു എന്നു മനസ്സിലാക്കുമ്പോൾ നിങ്ങളുടെ ആത്മാഭിമാനം കുറയുന്നു.” നിർബന്ധിത ചൂതാട്ടക്കാർ “തീവ്രമായ വിഷാദത്തിനും ഉത്കണ്ഠ നിമിത്തമുള്ള ക്രമക്കേടുകൾക്കും, ദഹന സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, തലവേദന, കൂടിയ രക്തസമ്മർദം, ആസ്തമ, പുറംവേദന, നെഞ്ചുവേദന” തുടങ്ങിയ ഒരു കൂട്ടം ശാരീരിക വിഷമതകൾക്കും ചായ്വുള്ളവരാണ് എന്നു ദ ഹാർവാഡ് മെൻറൽ ഹെൽത്ത് ലെററർ റിപ്പോർട്ടു ചെയ്യുന്നത് ആശ്ചര്യകരമല്ല.
എന്നിരുന്നാലും, എല്ലാററിലും വച്ച് ഏററവും നാശോൻമുഖമായ പരിണതഫലം ഒരുവന്റെ ആത്മീയതയ്ക്കു വരുത്തുന്ന അപകടമാണ്. അത്യാഗ്രഹത്തെയും പണസ്നേഹത്തെയും ബൈബിൾ കുററം വിധിക്കുന്നു. (1 കൊരിന്ത്യർ 5:10, 11; 1 തിമൊഥെയൊസ് 6:10) മറേറതൊരു ആസക്തിയേയുംപോലെ നിർബന്ധിത പന്തയവും “ജഡത്തിലെയും ആത്മാവിലെയും കൻമഷം [“മാലിന്യം,” NW]” തന്നെയാണ്. (2 കൊരിന്ത്യർ 7:1) നിങ്ങൾ എത്രയധികം പന്തയം വയ്ക്കുന്നുവോ അത്രയധികം നിങ്ങൾ സ്വന്തം മനസ്സാക്ഷിയെയും ദൈവവുമായുള്ള ബന്ധത്തെയും അപകടപ്പെടുത്തുകയാണ്.—1 തിമൊഥെയൊസ് 4:2 താരതമ്യം ചെയ്യുക.
ഉപേക്ഷിക്കാനുള്ള ആഗ്രഹം
ഈ ശീലത്തിന്റെ നീരാളിപ്പിടുത്തത്തെ നിങ്ങൾക്കെങ്ങനെ തകർക്കാൻ കഴിയും? ആദ്യമേ, ഈ ശീലം ഉപേക്ഷിക്കാൻ നിങ്ങൾ യഥാർഥമായി ആഗ്രഹിക്കണം. “ആസക്തൻ മാററം വരുത്താൻ യഥാർഥത്തിൽ ആഗ്രഹിക്കാത്തപക്ഷം യാതൊരു ആസക്തിയെയും ഒരിക്കലും തരണം ചെയ്യാൻ സാധ്യമല്ല” എന്ന് ആസാക്ഷികൾ (Addictions) എന്ന തന്റെ ഗ്രന്ഥത്തിൽ ലിസ് ഹോജ്കിൻസൺ പറയുന്നു. ഇതു “ദോഷത്തെ വെറു”ക്കാൻ, ചൂതാട്ടത്തെ ദ്വേഷിക്കാൻ പഠിക്കുന്നതിനെ അർഥമാക്കുന്നു. (സങ്കീർത്തനം 97:10) എങ്ങനെ? അതിന്റെ സുഖാനുഭൂതികളെക്കുറിച്ചു ചിന്തിച്ചുകൊണ്ടല്ല, പിന്നെയോ അതിന്റെ പരിണതഫലങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ടുതന്നെ. “പാപത്തിന്റെ താത്കാലിക ആസ്വാദനം”—ഏതെങ്കിലും മത്സരം ജയിക്കുന്നതിലെ ആഹ്ലാദത്തിമർപ്പ്—നിത്യജീവനെ നഷ്ടപ്പെടുത്തുന്നതിനുതക്ക മൂല്യമുള്ളതാണോ? (എബ്രായർ 11:25, NW) ഈ വിധങ്ങളിൽ ചിന്തിക്കുന്നത് ഈ ശീലം ഉപേക്ഷിക്കാനുള്ള ഒരു ദൃഢതീരുമാനം വികസിപ്പിച്ചെടുക്കാൻ നിങ്ങളെ സഹായിച്ചേക്കാം.
എന്നിരുന്നാലും, ഗവേഷകയായ ലിസ് ഹോജ്കിൻസൺ ഇപ്രകാരം കുറിക്കൊള്ളുന്നു: “ഏതു തരത്തിലുള്ള ആസക്തികളും അവ നീക്കം ചെയ്യുന്നത് ഒരു അവയവം ഛേദിച്ചുകളയുന്നതുപോലെ തോന്നുമാറ് അത്രയധികം വേരുറച്ചതായിത്തീർന്നേക്കാം.” എന്നാൽ യേശു ഇങ്ങനെ പറഞ്ഞു: “വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവൻ നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.” (മത്തായി 5:29) ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെ അപകടപ്പെടുത്തുന്ന എന്തിനെയും നിങ്ങളുടെ ജീവിതത്തിൽനിന്നു ഛേദിച്ചുകളയണം!
ഇത് ആത്മനിയന്ത്രണം നട്ടുവളർത്തുന്നതിനെ അർഥമാക്കുന്നു. തന്നെ ജയിച്ചടക്കാൻ അനുവദിക്കാൻ കഴിയുമായിരുന്ന തികട്ടിവരുന്ന മോഹങ്ങൾ അപ്പോസ്തലനായ പൗലോസിന് ഉണ്ടായിരുന്നു, എന്നാൽ തന്റെ മോഹങ്ങൾക്ക് ഒരു അടിമയായിരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ഞാൻ എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അതിനെ ഒരു അടിമയെപ്പോലെ നടത്തുന്നു.” (1 കൊരിന്ത്യർ 9:27, NW) നിങ്ങളുടെ മോഹങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കാതെ നിങ്ങളോടുതന്നെ കർക്കശനായിരിക്കാൻ നിങ്ങളും പഠിക്കണം.
പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തൽ
എന്നിരുന്നാലും, ഈ പോരാട്ടത്തിൽ വിജയിക്കുന്നതിന് ഇച്ഛാശക്തിയെക്കാൾ കൂടുതൽ ആവശ്യമാണ്. ആസാക്ഷികൾ മിക്കപ്പോഴും കൂടുതൽ ആഴത്തിലുള്ള പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഡിക്ക് എന്നു പേരുള്ള ഒരു നിർബന്ധിത ചൂതാട്ടക്കാരൻ പറയുന്നു: “എന്റെ ബാല്യകാലം വളരെ അസാധാരണമായിരുന്നു. എന്റെ കുടുംബത്തിൽ ഒരു തരത്തിലുമുള്ള സ്നേഹം ഉണ്ടായിരുന്നില്ല. . . . ഞാൻ എപ്പോഴും തരംതാഴ്ത്തപ്പെട്ടു. എന്നെക്കുറിച്ചുതന്നെ എനിക്കു വളരെ താഴ്ന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത്.” അത്തരം സംഘർഷത്തിന്റെ ഫലമായി സന്തോഷം കണ്ടെത്താനുള്ള അയാളുടെ മാർഗം ചൂതാട്ടമായിരുന്നു.
മാനസികാരോഗ്യ രംഗത്തു പ്രവർത്തിക്കുന്ന പലരും വിവിധ ആസക്തികളെ ശിശുദുരുപയോഗവും അവഗണനയും നിമിത്തമുണ്ടാകുന്ന വൈകാരികാഘാതത്തോടു ബന്ധപ്പെടുത്തുന്നു. വാസ്തവം എന്തുതന്നെയായിരുന്നാലും നിങ്ങളുടെ പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തുന്നത് അതിനെ തരണം ചെയ്യാൻ നിങ്ങളെ സഹായിച്ചേക്കാം. സങ്കീർത്തനക്കാരൻ ഇപ്രകാരം പ്രാർഥിച്ചു: “ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.” (സങ്കീർത്തനം 139:23, 24) അസ്വസ്ഥതയുളവാക്കുന്ന നിങ്ങളുടെ ചിന്തകൾ പക്വതയുള്ള ഒരു ക്രിസ്ത്യാനിയുമായി, ഒരുപക്ഷേ ഒരു സഭാമൂപ്പനുമായി, ചർച്ച ചെയ്യുന്നത് നിങ്ങൾ ചൂതുകളിക്കുന്നത് എന്തുകൊണ്ടെന്നും നിങ്ങളുടെ ചിന്താപരവും പെരുമാററ സംബന്ധവും ആയ രീതികൾക്കു മാററം വരുത്താൻ എന്തു ചെയ്യണമെന്നും മനസ്സിലാക്കാൻ നിങ്ങളെ വളരെയധികം സഹായിച്ചേക്കാം.a
“ഏറെ മെച്ചമായ ഒന്ന്”
ക്വിററ് കമ്പൽസിവ് ഗാംബ്ലിംഗ് എന്ന പുസ്തകം പറയുന്നതനുസരിച്ച്, ഈ ശീലം ഉപേക്ഷിക്കൽ “ഈ പ്രശ്നത്തിനെതിരെയുള്ള പോരാട്ടത്തിലെ ആദ്യ [പടി] മാത്രമാണ്.” നിങ്ങളുടെ ജീവിതരീതിയിലും സാരമായ മാററങ്ങൾ വരുത്തേണ്ടതായി വരും. ഒരു തിരിച്ചുപോക്കു തടയാൻ നിങ്ങൾ മുൻ ചൂതുകളി കൂട്ടാളികളെ ഒഴിവാക്കുകയും ചീട്ടുകളി സ്ഥലങ്ങളും (casinos), പന്തയശാലകളും (pool halls) പോലുള്ള ചൂതുകളി സ്ഥലങ്ങളിൽനിന്നു അകന്നു നിൽക്കുകയും വേണം. (സദൃശവാക്യങ്ങൾ 13:20) നിങ്ങളെ സ്വയം ഒററപ്പെടുത്തണമെന്നല്ല ഇതിന്റെ അർഥം. (സദൃശവാക്യങ്ങൾ 18:1) ക്രിസ്തീയ സഭക്കുള്ളിൽ ആരോഗ്യാവഹവും ബലദായകവും ആയ സൗഹൃദബന്ധങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കുക. ഫലോത്പാദകമായ വേലയിലും ആത്മീയ പ്രവർത്തനങ്ങളിലും ആരോഗ്യാവഹമായ വിനോദത്തിലും നിങ്ങളെത്തന്നെ തിരക്കുള്ളവരാക്കി നിർത്തുക.
എന്നിരുന്നാലും, “ഏറെ മെച്ചപ്പെട്ട ഒന്ന് ഉണ്ടെന്ന്—ആസക്തിയെ തൃപ്തിപ്പെടുത്താനുള്ള ഉദ്യമത്തെക്കാൾ ജീവിതത്തിന് അധികം പ്രദാനം ചെയ്യാനുണ്ടെന്ന്—മനസ്സിലാക്കുമ്പോൾ” മാത്രമേ ആസക്തനായ വ്യക്തി തന്റെ പോരാട്ടത്തിൽ വിജയിക്കുകയുള്ളു എന്നു ഹോജ്കിൻസൺ നമ്മെ അനുസ്മരിപ്പിക്കുന്നു. കൊള്ളാം, ബൈബിൾ വെച്ചുനീട്ടുന്ന പ്രത്യാശയെക്കാൾ ഏറെ മെച്ചപ്പെട്ടതായി എന്തുണ്ടായിരിക്കാൻ കഴിയും?
റോഡി എന്നു പേരുള്ള ഒരു മനുഷ്യൻ ഇതു സത്യമെന്നു കണ്ടെത്തി. ഒരു കൗമാരപ്രായക്കാരനായിരുന്നപ്പോൾ തുടങ്ങി 25 വർഷമായി താൻ “തികച്ചും ആസക്തനായിക്കഴിഞ്ഞ ഒരു ചൂതാട്ടക്കാരൻ” ആയിരുന്നതായി അയാൾ വിവരിക്കുന്നു. റോഡി മിക്കവാറും എല്ലാത്തരം ചൂതാട്ടവും പരീക്ഷണവിധേയമാക്കി—കുതിരപ്പന്തയം, പട്ടിയോട്ട മത്സരം, ഫുട്ട്ബോൾ കളികളെക്കുറിച്ചു പന്തയം വയ്ക്കൽ, കാസിനോ ചൂതാട്ടം തുടങ്ങിയവയെല്ലാം. എന്നാൽ പിന്നീട് അയാൾ യഹോവയുടെ സാക്ഷികളിൽനിന്നു പഠിച്ച ദൈവവചനത്തിലെ സത്യങ്ങൾ ബാധകമാക്കാൻ തുടങ്ങി. “മൂന്നു മാസംകൊണ്ടു ശ്രദ്ധേയമായ ഒരു സമൂല മാററമുണ്ടായി,” റോഡി പറയുന്നു. അയാൾ ചൂതുകളി ഉപേക്ഷിച്ചു, ഇന്നദ്ദേഹം ക്രിസ്തീയ സഭയിലെ ഒരു മൂപ്പനായി സേവനമനുഷ്ഠിക്കുന്നു.
ഒരുപക്ഷേ, ബൈബിളുപദേശങ്ങൾ സംബന്ധിച്ചു കുറെ അറിവു നിങ്ങൾക്ക് ഇപ്പോൾത്തന്നെ ഉണ്ടായിരിക്കാം. തുടക്കത്തിൽ പരാമർശിച്ച ഡേവിഡിനെയും തോമസിനെയും പോലെ ബൈബിൾ സത്യങ്ങൾ നിങ്ങളുടെ സ്വന്തമാക്കാൻ നിങ്ങൾ ഇന്നുവരെ പരാജയപ്പെട്ടിരിക്കാം. അങ്ങനെയെങ്കിൽ ബൈബിൾ ഗൗരവമായി പഠിച്ചുകൊണ്ടു ‘നൻമയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം’ എന്തുകൊണ്ടു തിരിച്ചറിഞ്ഞുകൂടാ? (റോമർ 12:2) ഡേവിഡും തോമസും തങ്ങൾ പഠിച്ചതു ബാധകമാക്കാൻ തുടങ്ങുകയും യഥാർഥമായ വിശ്വാസവും ബോധ്യവും വികസിപ്പിച്ചെടുക്കുകയും ചെയ്തപ്പോൾ നിർബന്ധിത ചൂതാട്ടത്തെ തരണം ചെയ്യാൻ അവർക്കു കഴിഞ്ഞു. നിങ്ങൾക്കും അതിനു കഴിയും!
ബൈബിളിന്റെ പഠനത്തിനു നിങ്ങളെത്തന്നെ സ്വയം അർപ്പിക്കുന്നതു ഭാവി സംബന്ധിച്ച ബൈബിളിന്റെ പ്രത്യാശയെ—ചൂതാട്ടത്തെക്കാൾ ഏറെ മെച്ചമായ ഒന്ന്—നിങ്ങൾക്കു കൂടുതൽ യഥാർഥമാക്കിത്തീർക്കും. അതേസമയം ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം വികസിപ്പിച്ചെടുക്കാൻ അതു നിങ്ങളെ സഹായിക്കും. അപ്രകാരം അവിടുന്ന് നിങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കുന്നു എന്ന വിശ്വാസത്തോടെ സഹായത്തിനായി “ഇടവിടാതെ പ്രാർത്ഥി”ക്കാൻ നിങ്ങൾക്കു സ്വാതന്ത്ര്യം തോന്നും. (1 തെസ്സലൊനീക്യർ 5:17; സങ്കീർത്തനം 103:14) നിർബന്ധിത ചൂതാട്ടത്തിനെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കുന്നതിനാവശ്യമായ ശക്തി പ്രദാനം ചെയ്തുകൊണ്ട് അവിടുന്ന് നിങ്ങളുടെ ഉത്സാഹപൂർവകമായ ശ്രമങ്ങളെ അനുഗ്രഹിക്കും.—ഗലാത്യർ 6:9; ഫിലിപ്പിയർ 4:13. (g93 8/8)
[അടിക്കുറിപ്പുകൾ]
a ഒരു ആസക്ത പെരുമാററത്തിന്റെ പിടിയിൽനിന്നും മോചനം നേടാൻ വിദഗ്ധോപദേശം ആവശ്യമാണെന്നു മാനസികാരോഗ്യ രംഗത്തു പ്രവർത്തിക്കുന്ന മിക്കവരും കരുതുന്നു. ഒരു ക്രിസ്ത്യാനി ബൈബിൾ തത്ത്വങ്ങൾക്ക് എതിരല്ലാത്ത ഒരു ചികിത്സ തിരഞ്ഞെടുക്കുന്നെങ്കിൽ അതു തികച്ചും വ്യക്തിപരമായ ഒരു തീരുമാനമാണ്.
[17-ാം പേജിലെ ചിത്രം]
തങ്ങളുടെ ചൂതുകളി ശീലം നിലനിർത്താൻ ചൂതാട്ടക്കാർ മിക്കപ്പോഴും ഭോഷ്കിലേക്കും മോഷണത്തിലേക്കും തിരിയുന്നു