ലോകത്തെ വീക്ഷിക്കൽ
ഇപ്പോഴും ദുർമന്ത്രവാദിനികളെ വേട്ടയാടുന്നു
ഇൻഡ്യയിലെ ഗോത്രവർഗ ഉൾപ്രദേശങ്ങളിലെ ഒരു ഡസനിലധികം സ്ത്രീകളെ രണ്ടു മാസത്തിനുള്ളിൽ മന്ത്രവാദിനികൾ എന്നു മുദ്രകുത്തി ഭ്രാന്തൻ ജനക്കൂട്ടം കൊലപ്പെടുത്തിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. “മററു നിരവധി സ്ത്രീകളെ തല്ലുകയും പീഡിപ്പിക്കുകയും നഗ്നമായി നടത്തുകയും അങ്ങേയററം മൃഗീയമായ രീതിയിൽ അപമാനിക്കുകയും അവരുടെ ഗ്രാമങ്ങളിൽനിന്ന് ഓടിക്കുകയും ചെയ്തു.” ഗ്രാമഗ്രാമാന്തരം കടന്നുപോയ മതഘോഷയാത്രകളോടെയാണു ലഹള പൊട്ടിപ്പുറപ്പെട്ടത്. ഈ നടപടി സാമൂഹിക നാന പ്രസ്ഥാനത്തിലേക്കും കുററകൃത്യത്തിലെ ഒരു കുറവിലേക്കും നയിച്ചു. പക്ഷേ അപ്പോൾ ഘോഷയാത്രയിൽ പങ്കെടുത്തിരുന്ന ചില സ്ത്രീകൾ “ഭൂതബാധിതരായി”ത്തീരുകയും ചില ഗ്രാമീണരെ പ്രാദേശിക പ്രശ്നങ്ങൾക്ക് ഉത്തരവാദികളായ മന്ത്രവാദിനികളായി തിരിച്ചറിയിക്കാൻ തുടങ്ങുകയും ചെയ്തു. മന്ത്രവാദിനി ആരെയെങ്കിലും കൊല ചെയ്തതായി ആരോപിക്കപ്പെട്ടാൽ മരിച്ച ഒരു വ്യക്തിയെ ഉയിർപ്പിക്കുന്നതുപോലെ നിരപരാധിത്വം തെളിയിക്കാനുള്ള “പരീക്ഷ”യിൽ പരാജയപ്പെടുന്നെങ്കിൽ തത്ക്ഷണശിക്ഷ ലഭിക്കുമായിരുന്നു. മന്ത്രവാദത്തിലുള്ള വിശ്വാസമാണു മൂലകാരണം എന്നു പറയപ്പെടുന്നു. ഒരു നരവംശശാസ്ത്രജ്ഞൻ പറയുന്നതനുസരിച്ച് അത് “കരിങ്കണ്ണിനെതിരെയുള്ള ശക്തിയും ഉദ്ദേശ്യ ലക്ഷ്യങ്ങൾ ആർജിക്കാനുള്ള ശക്തിയും തങ്ങളുടെ ഇഷ്ടം മററുള്ളവരിൽ അടിച്ചേൽപ്പിക്കാനുള്ള ശക്തിയും നേടാൻ പ്രകൃതാതീത ശക്തിയെ നിയന്ത്രണവിധേയമാക്കി ഉപയോഗപ്പെടുത്താനുള്ള ഗോത്ര സമൂഹങ്ങൾക്കിടയിലെ ഒരു വ്യഗ്രതയിൽനിന്നാണ് ഉളവാകുന്നത്.” (g93 7/22)
വനിതാ ഡിറെറക്ടീവുകൾ
“അടുത്ത ഷെർലോക് ഹോംസ് ഒരു സ്ത്രീയായിരിക്കാം” എന്നു ജപ്പാനിലെ ആസാഹി ഈവനിങ് ന്യൂസ് പറയുന്നു. ടോക്കിയോയിലെ ഒരു പുതിയ സ്കൂളിൽ മുന്നൂറ് വിദ്യാർഥികൾ ഡിറെറക്ടീവുകളായിത്തീരാൻ പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്, അവരിൽ മൂന്നിൽ രണ്ടിലധികം പേരും സ്ത്രീകളാണ്. അധികവും തങ്ങളുടെ 20-കളുടെ ആരംഭംമുതൽ 40-കളുടെ ആരംഭംവരെയുള്ളവർ. പല കാരണങ്ങൾ നിമിത്തം അവർക്കു കുററാന്വേഷണജോലി ഇഷ്ടമാണ്. നാൽപ്പത്താറ് വയസ്സുള്ള ഒരു വീട്ടമ്മ സ്കൂളിൽ ചേർന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടു, കാരണം “പുഷ്പങ്ങൾ എങ്ങനെ ക്രമീകരിക്കണമെന്നും ഒരു കിമോണോ എങ്ങനെ നന്നായി ധരിക്കണമെന്നും സ്ത്രീകളെ പഠിപ്പിക്കുന്ന പരമ്പരാഗത കോഴ്സുകൾക്കൊണ്ട് അവർ തൃപ്തയായിരുന്നില്ല.” മററുചിലർക്ക് ഈ പഠനം ഒരു ഹോബിയെക്കാളധികമാണ്. സ്കൂളിലെ പകുതി വീട്ടമ്മമാരും ഈ കാര്യം തങ്ങളുടെ ഭർത്താക്കൻമാരോടു പറഞ്ഞിട്ടില്ല. അവരിൽ ചിലർ തങ്ങളുടെ അവിശ്വസ്തരായ ഇണകളെക്കുറിച്ച് അന്വേഷണം നടത്താൻ വൈദഗ്ധ്യം നേടിക്കൊണ്ടിരിക്കുന്നു. (g93 8/8)
പിതാക്കൻമാരെയും കുററപ്പെടുത്തേണ്ടതാണ്
മദ്യവും പുകവലിയും പോലെ ജനനവൈകല്യങ്ങൾ ഉളവാക്കിയേക്കാവുന്ന കാര്യങ്ങൾ ഒഴിവാക്കാനും പോഷകപ്രദമായ ഒരു ഭക്ഷ്യക്രമം ഉണ്ടായിരിക്കാനും ഇപ്പോൾ കുറെക്കാലമായി ഗർഭിണികൾക്കു മുന്നറിയിപ്പു കൊടുക്കപ്പെട്ടിട്ടുണ്ട്. “ഇപ്പോൾ സമാനമായ മുൻകരുതലുകൾ പിതാവാകാൻ പോകുന്നവർക്കും പ്രോത്സാഹിപ്പിക്കപ്പെടുന്നു” എന്നു യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു. “രാസപദാർഥങ്ങൾക്കു വിധേയമാകുന്നത് ഒരു കുട്ടിയെ ജനിപ്പിക്കാനുള്ള ഒരു പുരുഷന്റെ പ്രാപ്തിയെ മാത്രമല്ല അയാളുടെ കുട്ടികളുടെ ഭാവി ആരോഗ്യത്തെയും ബാധിക്കുന്നതായി പുതിയ ഗവേഷണം സൂചിപ്പിക്കുന്നു.” “മുമ്പു മനസ്സിലാക്കിയിരുന്നതിനെക്കാൾ അധികം, തങ്ങളുടെ ഭാര്യമാരിലെ ഗർഭമലസലിനും വിവിധ രൂപവൈകൃതമുള്ള കുട്ടികൾ ഉണ്ടാകുന്നതിനും, ക്യാൻസറുകൾക്കും തങ്ങളുടെ കുട്ടികളിലെ വളർച്ചാപരമായ മാന്ദ്യത്തിനും പുരുഷൻമാർ സംഭാവന ചെയ്യുന്നു” എന്നു തെളിവു പ്രകടമാക്കുന്നു. മയക്കുമരുന്നുകളും (സിഗറററ് വലിയുടെ ഉപോത്പന്നങ്ങൾ ഉൾപ്പെടെയുള്ള) മററു രാസവസ്തുക്കളും, അതുപോലെതന്നെ വേണ്ടത്ര പച്ചക്കറികളും ജീവകം സി സമ്പുഷ്ടമായുള്ള പഴങ്ങളും കുറവുള്ള ഭക്ഷ്യക്രമവും ബീജത്തിനു കേടു വരുത്തുന്നതായി ഇപ്പോൾ തോന്നുന്നു. വിഷവിജ്ഞാനവിദഗ്ധയായ ദെവ്റ ലീ ഡേവീസ് ഇങ്ങനെ പറയുന്നു: “ദീർഘകാലമായി നാം അമ്മമാരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ആരോഗ്യമുള്ള കുട്ടികളെ ഉളവാക്കുന്നതിലെ പിതാക്കൻമാരുടെ പ്രാധാന്യം വിലമതിക്കാതെയും പോയിരിക്കുന്നു.” (g93 7/22)
മറെറാരു ഫ്ളൂ പകർച്ചവ്യാധി?
“സാധ്യതയനുസരിച്ച് അടുത്ത പല വർഷങ്ങളിൽ സാംക്രമികരോഗമായ ഇൻഫ്ളുവൻസ അതുണ്ടാകുമ്പോൾ നിസ്സംശയമായും ഒരു മുഖ്യ ബാധതന്നെ ആയിരിക്കും,” ദ ന്യൂയോർക്ക് ടൈംസ് മാഗസിൻ പ്രസ്താവിക്കുന്നു. ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച്, 2 കോടിമുതൽ 4 കോടിവരെ ആളുകളുടെ ജീവനപഹരിച്ച 1918-ലെ ഫ്ളൂ പകർച്ചവ്യാധിക്കു സമാനമായ ഒന്ന് ഉണ്ടാകാനുള്ള സമയമായിരിക്കുന്നു. “അത് ഒരിക്കലുണ്ടായെങ്കിൽ അതിനു വീണ്ടും ഉണ്ടാകാൻ കഴിയും എന്നതിനു സകല അടിസ്ഥാനവും ഉണ്ട്,” അലർജിയെയും സാംക്രമിക രോഗങ്ങളെയും കുറിച്ചു പഠനം നടത്തുന്ന മേരിലാൻറിലെ ബെഥെസ്ഡായിലുള്ള ദേശീയ ഇൻസ്ററിററ്യൂട്ടിലെ സാംക്രമിക രോഗവിഭാഗത്തിന്റെ തലവനായ ജോൺ ആർ. ലാ മൊൺടേൻ പറയുന്നു. എന്നിരുന്നാലും ഇൻഫ്ളുവൻസാ പകർച്ചവ്യാധിയോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കരുത്തു നേടിയ വൈറസുകൾ വിരളമാണ്. ഈ നൂററാണ്ടിൽ മൂന്നു പ്രാവശ്യം മാത്രമേ അത് ഉണ്ടായിട്ടുള്ളു: 1918-ലെ സ്പാനീഷ് ഫ്ളൂ, 1957-ലെ ഏഷ്യൻ ഫ്ളൂ, 1968-ലെ ഹോങ്കോംഗ് ഫ്ളൂ; അവസാനത്തെ രണ്ടെണ്ണം താരതമ്യേന തീവ്രത കുറഞ്ഞതായിരുന്നു. ഇൻഫ്ളുവൻസാ വൈറസുകൾ വളരെ ആവർത്തിച്ചും പ്രവചിക്കാനാവാത്ത വിധവും മാറിക്കൊണ്ടിരിക്കുന്നതിനാൽ കൃത്യമായ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനു മുമ്പ് ഈ രോഗത്തിന്റെ മാരകമായ ഒരു പൊട്ടിപ്പുറപ്പെടൽ ഉണ്ടായേക്കാം. ആ ലേഖനം ഇങ്ങനെ ഉപസംഹരിക്കുന്നു: “ചരിത്രം ഏതെങ്കിലും തരത്തിലുള്ള വഴികാട്ടിയാണെങ്കിൽ ആ രോഗാണുക്കളിലെ മുഖ്യമായ ഒരു വ്യതിയാനം ഈ നൂററാണ്ട് അവസാനിക്കുന്നതിനു മുമ്പു മിക്കവാറും നമുക്കു പ്രതീക്ഷിക്കാൻ കഴിയും—മാരകമായ ഫ്ളൂവിന്റെ ലോകവ്യാപകമായ ഒരു പൊട്ടിപ്പുറപ്പെടലിലേക്കു നയിക്കാൻ കഴിയുന്നത്ര വലിയ ഒന്നുതന്നെ.” (g93 7/22)
കമ്മലുകൾ കൈമാറൽ—ഒരു ആരോഗ്യാപകടം
“രക്തംകൊണ്ടു മലിനമായ കമ്മലുകൾ ഹെപ്പറെറററിസ് ബിയും മനുഷ്യ പ്രതിരോധശേഷിയെ നശിപ്പിക്കുന്ന വൈറസും ഉൾപ്പെടെയുള്ള അനവധി സൂക്ഷ്മ ജീവികളിൽനിന്നുള്ള രോഗസംക്രമണത്തിനു സാധ്യതയുള്ള ഒരു ഉറവാണ്” എന്ന് ഒഹായോ സംസ്ഥാന സർവകലാശാലയിലെയും കുട്ടികൾക്കായുള്ള ആശുപത്രിയിലെയും ഡോക്ടർമാരായ ഫിലിപ്പ് ഡി. വാൾസണും മൈക്കിൾ ററി. ബ്രാഡിയും അവകാശപ്പെടുന്നു. ബാലചികിത്സകൾ (Pediatrics) എന്ന വൈദ്യശാസ്ത്ര പത്രികയിൽ പ്രസിദ്ധപ്പെടുത്തിയ ഒരു സംയുക്ത കത്തിൽ അണുവിമുക്തമാക്കാത്ത കമ്മലുകൾ വ്യക്തമായും വ്യാപകമായി മാറി ഉപയോഗിക്കുന്നതു സംബന്ധിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ചു. കമ്മലുകൾ കൈമാറി ഉപയോഗിക്കുന്ന കൗമാരപ്രായക്കാർക്കും ചെറുപ്പക്കാർക്കും, ലൈംഗിക പ്രവർത്തനത്തോടും മയക്കുമരുന്നുകൾ കുത്തിവെക്കാനുള്ള സൂചികൾ മാറി ഉപയോഗിക്കുന്നതിനോടും ബന്ധപ്പെട്ടിരിക്കുന്ന അപകടങ്ങൾ അറിയാമായിരിക്കാം—എന്നാൽ ഈ ആചാരം സംബന്ധിച്ച് അവർക്കറിയില്ല. “രക്തജന്യ രോഗങ്ങൾ പകർത്താനുള്ള സാധ്യതയും ഇതിനുണ്ട്” എന്ന് ഇരു ഡോക്ടമാരും അവകാശപ്പെടുന്നു. ഡോക്ടർമാർ “ഈ സമ്പ്രദായത്തിൽനിന്നു തങ്ങളുടെ രോഗികളെ പിന്തിരിപ്പിക്കണം” എന്ന് അവർ ശുപാർശ ചെയ്യുന്നു. (g93 8/8)
വേണ്ടത്ര ആഹാരമുണ്ടായിട്ടും വികലപോഷണം നിലനിൽക്കുന്നു
ലോകജനസംഖ്യ വളരെയധികം വർധിച്ചിട്ടുണ്ടെങ്കിലും ദരിദ്രരാജ്യങ്ങളിൽ 20 വർഷം മുമ്പുണ്ടായിരുന്നതിനെക്കാൾ 15 കോടിയിലധികം വികലപോഷിതരായ ആളുകൾ കുറവാണ്. “ഭക്ഷ്യശേഖരവും കൃഷിക്കാരും ജനസംഖ്യാ വർധനവിനൊപ്പം മുന്നേറുകയും അതിനെ കവച്ചുവയ്ക്കുക പോലും ചെയ്തു” എന്ന് യുഎൻ ഭക്ഷ്യ-കാർഷിക സംഘടനയുടെ ഡയറക്ടറായ ജോൺ ലൂപ്പിയൻ പറയുന്നു. “ഇപ്പോൾത്തന്നെ എല്ലാവരെയും പോററാൻ വേണ്ടത്ര ആഹാരമുണ്ട്, ആവശ്യമുള്ള ആളുകൾക്ക് അത് യഥാർഥത്തിൽ എത്തിക്കാൻ കഴിഞ്ഞാൽ.” സങ്കടകരമായി ദി ഇക്കണോമിസ്ററ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “ദരിദ്രരാജ്യങ്ങളിലെ ജനസംഖ്യയുടെ അഞ്ചിലൊന്നായ ഏതാണ്ട് 78 കോടി ആളുകൾക്കു ഭക്ഷിക്കാൻ വേണ്ടത്ര കിട്ടുന്നില്ല. തങ്ങളുടെ വയറു നിറയ്ക്കാൻ വേണ്ടത്ര ഭക്ഷണം ലഭിക്കുന്ന 200 കോടി ആളുകൾക്ക് അവർക്കാവശ്യമുള്ള പോഷകങ്ങളും ധാതുലവണങ്ങളും കുറവാണ്. . . . ഒരളവിൽ തങ്ങളെ എല്ലാവിധ രോഗങ്ങൾക്കും ഇരയാക്കുന്ന വികലപോഷണത്താൽ ഓരോ ദിവസവും 40,000 കുട്ടികൾ മരിക്കുന്നു.” മറുവശത്ത്, ഹൃദ്രോഗവും സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളുടെ ഇടയിലുള്ള ചില ക്യാൻസറുകളും ഉൾപ്പെടെയുള്ള രോഗങ്ങൾപ്പോലെ അതിപോഷണവും അതിന്റെ ദോഷകരമായ ഫലങ്ങൾ ഉളവാക്കിക്കൊണ്ടിരിക്കുന്നു. (g93 7/22)
അപകടകരമായ വിനോദം
“അശ്ലീലതയും നഗ്നതയും ലൈംഗികതയും അക്രമവും കൊലപാതകങ്ങളും നിറഞ്ഞ സിനിമകളുടെ അന്തമില്ലാത്ത പ്രവാഹം നിമിത്തം ഹോളിവുഡിനു നാണക്കേട്.” യുഎസ്എ ടുഡേ എന്ന പത്രത്തിൽ അടുത്ത കാലത്തു പ്രസിദ്ധീകരിച്ച ഒരു സമ്പൂർണ പേജ് പരസ്യത്തിന്റെ ഭാഗമായിരുന്നു ആ പ്രസ്താവന. പരസ്യം പറയുന്നതനുസരിച്ച്, “സ്വയംഭോഗത്തെയും മരിച്ച ആളുകളുമായി ലൈംഗികബന്ധം നടത്തുന്ന പ്രേതകർമനിർവാഹകരെയും” ചോദ്യം ചെയ്യത്തക്ക മററു വിഷയങ്ങളെയും കുറിച്ചുള്ള ഇനങ്ങൾ “അവതരിപ്പിക്കാൻ യുവജനങ്ങൾക്കു താത്പര്യമുള്ള” ഒരു പരിപാടി ഒരു പ്രമുഖ ടിവി ശൃംഖല അനുവദിച്ചു. ടിവി പരിപാടികൾ കാണുകവഴി “16 വയസ്സുള്ള ശരാശരി ഒരു കുട്ടി 2,00,000-ത്തിലധികം അക്രമ പ്രവർത്തനങ്ങളും 33,000-ത്തിലധികം കൊലപാതകങ്ങളും കണ്ടിരിക്കുന്നു” എന്നു പരസ്യം കുറിക്കൊണ്ടു. (g93 8/8)
നാണയഭോജികൾ
നാണയങ്ങൾ വിഴുങ്ങിയശേഷം ചെലവേറിയ എക്സ്റേ പരിശോധനകൾക്കായി പതിനായിരക്കണക്കിനു ചെറിയ കുട്ടികൾ ഓരോ വർഷവും ആശുപത്രിയിലെ അത്യാഹിത മുറിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. ഈ നാണയങ്ങളിൽ മിക്കതും വയററിലൂടെ സുരക്ഷിതമായിത്തന്നെ കടന്നുപോകുന്നു, എന്നാൽ ചിലപ്പോഴൊക്കെ ആന്തരിക രക്തസ്രാവത്തിനും അണുബാധക്കും ചിലപ്പോൾ അന്നനാളത്തെ അതു തുളയ്ക്കുമ്പോൾ മരണത്തിനും ഇടയാക്കിക്കൊണ്ടു നാണയം അന്നനാളത്തിൽ കുരുങ്ങുന്നു. ചിലപ്പോൾ വിമാനത്താവളത്തിലെ സുരക്ഷാവിഭാഗം ഉപയോഗിക്കുന്നതരം ലളിതവും തികച്ചും സുരക്ഷിതവും കയ്യിൽ പിടിക്കാവുന്നതും ആയ, ലോഹങ്ങൾ കണ്ടുപിടിക്കുന്ന ഒരു ഉപകരണം, വിഴുങ്ങിയ നാണയം എവിടെയാണെന്നു ചൂണ്ടിക്കാട്ടാൻ ശിശുരോഗവിദഗ്ധർക്കു കഴിയുമാറ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. “നാണയം കണ്ടുപിടിക്കുന്നതിന് 300 ഡോളറിലധികം [9,000 രൂപയിലധികം] ചെലവു വരുന്നിടമായ” അത്യാഹിത മുറിയിലേക്കുള്ള ഒരു സന്ദർശനത്തെ ഈ ഉപകരണം ഒഴിവാക്കിയേക്കാമെന്ന് ഇല്ലിനോയിസിലെ കുട്ടികൾക്കായുള്ള അടിയന്തിര ചികിത്സയുടെ ഡയറക്ടറായ ഡോ. സൈമൺ റോസ് പറയുന്നു. അതിന്റെ ഫലപ്രദത്വവും കുറഞ്ഞ ചെലവും നിമിത്തം ഈ വിദ്യ പെട്ടെന്നുതന്നെ പരക്കെ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ബാലചികിത്സയെയും ശിശുക്കൾക്കായുള്ള അടിയന്തിര പരിപാലനത്തെയും സംബന്ധിച്ച പത്രിക (Journal of Pediatrics and Pediatric Emergency Care) റിപ്പോർട്ടു ചെയ്തു. (g93 8/8)
കഫീനെ കുററപ്പെടുത്തൽ
പെട്ടെന്നു തങ്ങളുടെ ശീലം ഉപേക്ഷിക്കുന്ന അമിത കാപ്പി കുടിക്കാർ തലവേദനയെക്കുറിച്ചും വിഷാദത്തെക്കുറിച്ചും തളർച്ചയെക്കുറിച്ചും ഉത്കണ്ഠയെക്കുറിച്ചും പേശീവേദനയെയും ഓക്കാനത്തെയും ഛർദിയെയും കുറിച്ചുപോലും തുടരെത്തുടരെ പരാതിപ്പെടുന്നു. ദിവസവും ഒന്നോ രണ്ടോ കപ്പു ചായയോ കാപ്പിയോ അല്ലെങ്കിൽ കഫീൻ അടങ്ങിയിരിക്കുന്ന രണ്ടു കുപ്പി ശീതള പാനീയമോ കുടിക്കുകയും രണ്ടു ദിവസം അതു കുടിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തികളിലും ഇതേ ലക്ഷണങ്ങൾ ഉണ്ടാകുന്നതായി ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിററിയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. കുടിക്കാതിരിക്കുന്നതുകൊണ്ടുള്ള ഫലങ്ങൾ തങ്ങൾ ഒരു ഡോക്ടറെ കണേണ്ടതാണെന്നു തോന്നത്തക്കവണ്ണം അത്ര കടുത്തതായിരിക്കാം. വാരാന്തങ്ങളിൽ ജോലിസ്ഥലത്തെ കാപ്പി നിർമാതാവിൽനിന്ന് അകലെയായിരിക്കുന്നവരോ കഫീൻ നീക്കം ചെയ്ത സോഡാകളിലേക്കു തിരിയുന്നവരോ ഒരു ശസ്ത്രക്രിയയ്ക്കു മുമ്പ് ആഹാരം കഴിക്കാതെയിരിക്കുന്നവരോ ആയിരിക്കാം ഇതിന് ഇരകളാകുന്നവർ. തലവേദനയും കഫീൻ പിൻമാററ ലക്ഷണങ്ങളോടു യോജിക്കുന്ന മററു ലക്ഷണങ്ങളും സംബന്ധിച്ചു പരാതിപ്പെടുന്ന രോഗികളുടെ കഫീൻ തീററയുടെ ഒരു രേഖ തയ്യാറാക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ടിരിക്കുന്നു. കഫീൻ അകത്താക്കുന്നതു കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അതു ക്രമേണ ചെയ്യാൻ ബുദ്ധ്യുപദേശിക്കപ്പെട്ടിരിക്കുന്നു. കഫീനും, അതുകൊണ്ട് കാപ്പിയും, ശാരീരികമായി ആസക്തിയുളവാക്കുന്ന മയക്കുമരുന്നായി തരംതിരിക്കണമോ എന്ന ചോദ്യവും പഠനം ഉന്നയിച്ചു. (g93 7/22)
കൊളംബിയയിലെ ഗർഭച്ഛിദ്രങ്ങൾ
കൊളംബിയയിൽ ഏതാണ്ട് ഒന്നരക്കോടി സ്ത്രീകൾക്കു ചുരുങ്ങിയത് ഒരു ഗർഭച്ഛിദ്രമെങ്കിലും നടത്തിയിട്ടുണ്ട്. അത് ആ രാജ്യത്തെ കുട്ടികളെ പ്രസവിക്കുന്ന പ്രായത്തിലുള്ള മൊത്തം സ്ത്രീകളുടെ 20 ശതമാനത്തിനോടടുത്താണ്. ഗർഭച്ഛിദ്രത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ഫലമായി അനേകം സ്ത്രീകൾ മൃതിയടയുന്നു. “ബൊഗോട്ടയിലെ മാതൃ-ശിശു സംരക്ഷണ ഇൻസ്ററിററ്യൂട്ടിൽ അമ്മമാരുടെ വളരെയധികം മരണങ്ങൾക്കും ഗർഭച്ഛിദ്രം ഇടയാക്കുന്നു” എന്നു കൊളംബിയൻ മാസികയായ സെമന റിപ്പോർട്ടു ചെയ്യുന്നു. കൊളംബിയയിൽ ഓരോ വർഷവും 4,00,000 ഗർഭച്ഛിദ്രങ്ങൾ നടക്കുന്നതായി കണക്കാക്കപ്പെടുന്നു. അത് ഓരോ മണിക്കൂറിലും ഏതാണ്ടു ശരാശരി 45 ഗർഭച്ഛിദ്രങ്ങൾ ആണ്. (g93 8/8)