ലോകത്തെ വീക്ഷിക്കൽ
ബ്രിട്ടീഷ് പള്ളി മോഷണങ്ങൾ
“ആരാധനാ സ്ഥലങ്ങൾ മേലാൽ വിശുദ്ധമായി പരിഗണിക്കപ്പെടുന്നില്ല” എന്ന് ലണ്ടനിലെ സൺഡേ ടൈംസ റിപ്പോർട്ടു ചെയ്യുന്നു. മെഴുകുതിരിക്കാലുകൾ ബിഷപ്പുമാരുടെ കസേര, പിച്ചളകൊണ്ടുള്ള ദേവാലയ പ്രസംഗപീഠങ്ങൾ, മധ്യകാലഘട്ടത്തിലെ പാനപാത്രങ്ങൾ, പുരാതന സ്നാനത്തൊട്ടികൾ തുടങ്ങിയവ ഇംഗ്ലണ്ടിലെ പള്ളികളിൽനിന്നു മോഷ്ടിച്ച് ഉദ്യാന അലങ്കാരങ്ങളായി വിൽക്കപ്പെടുന്നു. ഈ നിയമവിരുദ്ധ വ്യാപാരം സാർവദേശീയമാണ്, ശിൽപ്പങ്ങൾ വിപണിയിലെ ആവശ്യമനുസരിച്ചു മോഷ്ടിക്കപ്പെടുന്നു. നഷ്ടപ്പെട്ട ഒരു വർണച്ചില്ലു ജാലകം ടോക്കിയോയിലെ ഒരു റെസ്റ്ററൻറിൽ കാണപ്പെട്ടു. പള്ളികളുടെ വാർഷിക നഷ്ടം ഏതാണ്ട് 70 ലക്ഷം ഡോളറിനു തുല്യമാണ്. ഇപ്പോൾ വളരെ സങ്കീർണമായ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുകയും സഭാധികാരത്തിൽപ്പെട്ട സ്ഥലം സംരക്ഷിക്കുന്നതിന് സുരക്ഷിതത്വ സംഘടനകളെ നിയമിക്കുകയും ചെയ്യുന്നു.
കാനഡയിൽ കൂടുതൽ ഗർഭച്ഛിദ്രങ്ങൾ
1993-ൽ കാനഡയിൽ ഒരു ഉയർന്ന റെക്കോർഡായ 1,04,403 ഗർഭച്ഛിദ്രങ്ങൾ നടത്തപ്പെട്ടു. ഇതു മുൻ വർഷത്തെക്കാൾ 2.3 ശതമാനം വർധനവാണ്. ദ ടൊറന്റോ സ്റ്റാർ പറയുന്നതനുസരിച്ച്, “അത് 100 ജീവനുള്ള ജനനങ്ങൾക്ക് 26.9 ഗർഭച്ഛിദ്രങ്ങൾക്കു തുല്യമാണ്.” എന്തുകൊണ്ടാണ് ഈ വർധനവ്? രാജ്യത്തു സ്വകാര്യ ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ എണ്ണം വർധിച്ചുവരുന്നതാണ് ഇതിനു കാരണമെന്നു ചിലർ ആരോപിക്കുന്നു. എന്നാൽ “ഗർഭച്ഛിദ്രങ്ങൾക്കു നൽകപ്പെട്ടിരിക്കുന്ന പ്രഥമ കാരണം” എന്നനിലയിൽ സാമ്പത്തിക സമ്മർദത്തിലേക്കാണു പ്ലാൻട് പേരൻറ്ഹുഡ് ഫെഡറേഷൻ ഓഫ് കാനഡയിലെ ഉദ്യോഗസ്ഥന്മാർ വിരൽചൂണ്ടുന്നത്. ഒരു ജീവസംരക്ഷണ സംഘമായ അലിയെൻസ് ഫോർ ലൈഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അന്നാ ഡിസിലീ ഇപ്രകാരം വിചാരിക്കുന്നു, “ഗർഭച്ഛിദ്രം എളുപ്പം നടത്താൻ കഴിയുമെന്നത് അതിനെ സർക്കാരിന്റെ ചെലവിലുള്ള ജനനനിയന്ത്രണമായി ഉപയോഗിക്കുന്നതിലേക്ക് ആളുകളെ നയിക്കുന്നു.”
എയ്ഡ്സുള്ള ശിശുക്കൾ
എയ്ഡ്സ് ബാധിതരായ വെനസ്വേലൻ ശിശുക്കളുടെ എണ്ണം ഭയാനകമായ തോതിൽ വർധിക്കുന്നതായി കാരാക്കസിലെ എൽ യൂണിവേഴ്സൽ റിപ്പോർട്ടു ചെയ്യുന്നു. ഒരു വിദഗ്ധൻ ഇപ്രകാരം വിശദീകരിക്കുന്നു, “മുമ്പു പ്രതിവർഷം രണ്ടുമുതൽ ആറുവരെ കുട്ടികൾ എയ്ഡ്സുള്ളവരായി റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ ഒരാഴ്ചയിൽ നമുക്കു രണ്ടുമുതൽ ആറുവരെ രോഗികളുണ്ട്.” തങ്ങളുടെ കുട്ടികൾക്കു വൈറസ് പകർത്തുന്ന രോഗബാധിതരായ സ്ത്രീകളുടെ ശതമാനം ദിനംപ്രതി വർധിക്കുന്നു. പ്രസ്തുത വർത്തമാനപത്ര റിപ്പോർട്ട് ഇങ്ങനെ ഉപസംഹരിക്കുന്നു, “ആരോഗ്യമന്ത്രാലയത്താൽ കൈകാര്യംചെയ്യപ്പെടുന്ന സ്ഥിതിവിവരക്കണക്കുകൾ ഹിമരാശിയുടെ അഗ്രത്തെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ എന്ന് അറിഞ്ഞിരിക്കുന്നതു പ്രധാനമാണ്.”
അക്രമാസക്തരായ സ്ത്രീകൾ പെരുകുന്നു
“സ്ത്രീകൾ കഴിഞ്ഞകാലത്തെക്കാൾ അധികം കൂടെക്കൂടെ അക്രമത്തിൽ ഉൾപ്പെടുന്നു” എന്ന് ഒട്ടാവാ യൂണിവേഴ്സിറ്റിയിലെ കുറ്റശാസ്ത്രജ്ഞനായ റ്റോം ഗാബോർ അവകാശപ്പെടുന്നു. ദി ഗ്ലോബ് ആൻഡ് മെയിൽ എന്ന വർത്തമാനപത്രം ഇപ്രകാരം റിപ്പോർട്ടുചെയ്യുന്നു, “ഒരു ദ്വിതീയ സ്ഥാനംവഹിക്കുന്നവരെക്കാൾ നേതൃത്വംവഹിക്കുന്ന സ്ത്രീകളാൽ ചെയ്യപ്പെടുന്ന അക്രമങ്ങൾ വർധിച്ചുവരികയാണ്. ഒരു പുരുഷ ദുർഭൂതത്തിന്റെ കീഴ്ജീവനക്കാരല്ല ഇവർ.” പ്രായപൂർത്തിയായ സ്ത്രീകൾക്കെതിരെയുള്ള അക്രമ-കുറ്റകൃത്യ കുറ്റപത്രങ്ങൾ 1983-ലെ 6,370-ൽ നിന്നും 1993-ൽ 14,706 ആയി ഉയർന്നു. എന്നിരുന്നാലും, ഇപ്പോഴും പുരുഷൻമാരാണു ഭൂരിഭാഗം അക്രമ-കുറ്റകൃത്യങ്ങൾക്കും ഉത്തരവാദികൾ. ഗ്ലോബ് പറയുന്നതനുസരിച്ച്, “1993-ൽ അക്രമ-കുറ്റകൃത്യത്തിനു കുറ്റം ചുമത്തപ്പെട്ട മുതിർന്നവരിൽ 88.6 ശതമാനവും ചെറുപ്പക്കാരിൽ 76.3 ശതമാനവും പുരുഷൻമാരായിരുന്നു.”
പുരോഹിതൻമാരും വിവാഹവും
“നിർബന്ധിത ബ്രഹ്മചര്യം അവസാനിപ്പിക്കുന്നതു പുരോഹിതൻമാരുടെ നഷ്ടത്തെ തടഞ്ഞുനിർത്തുവാൻ സഹായിക്കു”മെന്നു സ്വാധീനശക്തിയുള്ള കത്തോലിക്കരുടെ വർധിച്ചുവരുന്ന എണ്ണം വാദിക്കുന്നതായി ഓസ്ട്രേലിയൻ വർത്തമാനപത്രമായ ദി സിഡ്നി മോർണിങ് ഹെറാൾഡ് റിപ്പോർട്ടു ചെയ്തു. ചെറുപ്പക്കാരെ പൗരോഹിത്യത്തിൽ പ്രവേശിക്കുന്നതിൽനിന്നു പിന്തിരിപ്പിക്കുന്ന ഒരു മുഖ്യ തടസ്സമായി ബ്രഹ്മചര്യം വീക്ഷിക്കപ്പെടുന്നു. പ്രസ്തുത പ്രശ്നത്തെ വിശേഷവൽക്കരിക്കുകയിൽ, ഹെറാൾഡ് ഉൾക്കാഴ്ചനൽകുന്ന ചില സംഖ്യകൾ പ്രദാനംചെയ്തു. 1955 മുതൽ 1965 വരെ ന്യൂ സൗത്ത് വെയിൽസിലെ പ്രധാന പുരോഹിത പരിശീലന കേന്ദ്രത്തിൽ ഒരു വർഷം ശരാശരി 60 പ്രവേശകരുടെ അത്യുച്ചം ഉണ്ടായിരുന്നു. എന്നാൽ 1988-നും 1994-നും ഇടയ്ക്കുള്ള കാലത്തു പ്രവേശകരുടെ ഒരു വർഷത്തെ തത്തുല്യസംഖ്യ വെറും ഒമ്പതായിരുന്നു. തന്റെ അഭിപ്രായത്തിൽ, പുരോഹിതൻമാരെ വിവാഹംകഴിക്കുവാൻ അനുവദിക്കുന്നത് ഓസ്ട്രേലിയായിലെ ദാരുണമായ പുരോഹിത ദൗർലഭ്യത്തിനുള്ള ഒരു “ക്ഷിപ്ര”പരിഹാരമാണ്, എന്നാൽ ഒരു ദീർഘകാല പരിഹാരമല്ലെന്നു തെളിയുമെന്നു സിഡ്നിയിലെ മറ്റൊരു പുരോഹിത പരിശീലന കൊളെജിന്റെ ഡെപ്യൂട്ടി ഡയറക്ടർ പ്രസ്താവിച്ചു.
“ക്ഷമയുള്ള കൊലയാളികൾ”
64 രാജ്യങ്ങളിലായുള്ള 11 കോടി കുഴിബോംബുകൾ നീക്കംചെയ്തു തുടങ്ങുന്നതിനുവേണ്ടി 7 കോടി 50 ലക്ഷം ഡോളർ സമാഹരിക്കുവാൻ ഐക്യരാഷ്ട്രങ്ങൾ ശ്രമിക്കുന്നതായി ഇൻറർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. ഒരു സിഗരറ്റു പായ്ക്കറ്റിനെക്കാൾ വലിപ്പമില്ലാത്ത ആൻറിപേഴ്സണൽ (AP) കുഴിബോംബ് ഉത്പാദിപ്പിക്കുന്നതിന് ഏകദേശം 3 ഡോളറേ വേണ്ടൂ. എന്നാൽ അത്തരത്തിലുള്ള ഒരു കുഴിബോംബ് കണ്ടെത്തുന്നതിനും മണ്ണിൽനിന്നും നീക്കം ചെയ്യുന്നതിനും 300 മുതൽ 1,000 വരെ ഡോളർ ചെലവുവരും. കുഴിബോംബുകളുടെ നീക്കംചെയ്യൽ മറ്റൊരു പ്രശ്നത്താലും തടസ്സപ്പെടുന്നു. ഐക്യരാഷ്ട്രങ്ങളുടെ ഒരു വക്താവ് ഇപ്രകാരം പറഞ്ഞു: “ഇപ്പോൾതന്നെയുള്ള പത്തു കോടിയിൽപ്പരം കുഴിബോംബുകൾക്കു പുറമേ ഓരോ വർഷവും 20 ലക്ഷം AP കുഴിബോംബുകൾ പാകുന്നുണ്ട്.” “ഒരിക്കലും പരാജയപ്പെടാത്ത ക്ഷമയുള്ള കൊലയാളികൾ” എന്ന് ഒരു കംബോഡിയൻ ജനറൽ വർണിച്ചവയെ ലോകത്തിൽനിന്നു നീക്കംചെയ്യുന്നതിനു ദശാബ്ദങ്ങൾ എടുക്കുമെന്നതിൽ വിദഗ്ധർ യോജിപ്പുള്ളവരാണ്.
പാലം ആത്മഹത്യകൾ
സാൻഫ്രാൻസിസ്കോയുടെ പ്രസിദ്ധിയാർജിച്ച ഗോൾഡൻ ഗേറ്റ് പാലം തുറന്ന 1937 മുതൽ ആയിരത്തിലധികം ആളുകൾ അതിൽനിന്നും ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്. ആത്മഹത്യാവിദഗ്ധനായ റിച്ചാർഡ് സൈഡൻ ഇങ്ങനെ പറഞ്ഞു: “ഗോൾഡൻ ഗേറ്റ് പാലത്തിൽനിന്നും ചാടി ഒരുവനെതന്നെ കൊല്ലുന്നതിൽ ഒരു സാഹസികപ്രേമം, ഒരു വശീകരണം ഉണ്ട്. അത് അവിടെ വളരെ മനോഹരമാണ്. ഒരു പ്രത്യേക വിചിത്രസങ്കൽപ്പം അതിൽ ഉൾപ്പെട്ടിരിക്കുന്നു.” മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ അവർ വെള്ളത്തിൽ പതിക്കുമ്പോൾ സാധാരണമായി ആന്തരാവയവങ്ങൾ തകർന്നുപോകുമെന്നതിനാൽ ആ കഥ പറയുവാൻ ആരും അതിജീവിക്കുന്നില്ലെന്നുള്ളത് അതിശയമല്ല. ചാടുന്നതിൽനിന്നു പിന്തിരിപ്പിക്കപ്പെട്ട 500 ആളുകളെക്കുറിച്ചുള്ള ഒരു പഠനം അവരിൽ അഞ്ചു ശതമാനം പിന്നീട് ആത്മഹത്യചെയ്തുവെന്നു വെളിപ്പെടുത്തി.
ഗതാഗത സംബന്ധമായ മരണങ്ങൾ
അർജൻറീനയിലെ വർത്തമാനപത്രമായ ക്ലാരിൻ പറയുന്നതനുസരിച്ച്, ഓരോ 1,00,000 നിവാസികൾക്കും 26 മരണങ്ങൾ ഉൾപ്പെടെയുള്ള ഗതാഗത സംബന്ധമായ ആപത്തുകളുടെ എണ്ണത്തിൽ അർജൻറീന ലോകത്തിൽ ഒന്നാം സ്ഥാനത്താണ്. 1993-ൽ ആ രാജ്യത്ത് അത്തരത്തിലുള്ള 8,116 മരണങ്ങൾ സംഭവിച്ചു. 1994-ൽ എണ്ണം 9,120 ആയി വർധിച്ചു. എന്നാൽ 1995-ലെ ആദ്യത്തെ ആറു മാസംതന്നെ 5,000-ത്തിലധികം ഗതാഗത സംബന്ധമായ മരണങ്ങൾ സംഭവിച്ചു. 1994-ൽ ഏകദേശം 25 ശതമാനം ഇരകൾ കാൽനടയാത്രക്കാരായിരുന്നു. ബ്യൂണസ് അയേഴ്സ് പ്രവിശ്യയിൽ മാത്രം ഗതാഗത സംബന്ധമായ അപകട മരണങ്ങൾ 79 ശതമാനംകണ്ട് വർധിച്ചു. മറ്റു വാഹനങ്ങളെ കടന്നുപോകുമ്പോൾ ശരിയായി കണക്കുകൂട്ടുന്നതിൽ ഡ്രൈവർമാർക്കു പറ്റുന്ന പരാജയമാണു വലിയൊരു ശതമാനം അപകടങ്ങളുടെയും കാരണം.
കുട്ടികൾ പുകവലിക്കുന്നു
ബ്രിട്ടനിൽ കൂടുതൽ കുട്ടികൾ പുകവലിക്കുന്നതായി 1993/94-ലെ ഒരു റിപ്പോർട്ടു കാണിക്കുന്നു. 11 മുതൽ 15 വരെ വയസ്സുള്ള പുകവലിക്കാരുടെ എണ്ണം 10-ൽനിന്നും 12 ശതമാനമായി വർധിച്ചിരിക്കുന്നു. ഈ വർധനവ് 1994-ലേക്കു ഗവൺമെൻറ് ആരോഗ്യ ഉദ്യോഗസ്ഥൻമാർ പ്രതീക്ഷിച്ചതിന്റെ ഇരട്ടിയാണെന്നു ഇൻഡിപെന്റെൻറ് വർത്തമാനപത്രം കുറിക്കൊള്ളുന്നു. പ്രായപൂർത്തിയായവരുടെ പുകവലിയിൽ കുറവുണ്ടെങ്കിലും, ബ്രിട്ടീഷ് പുരുഷൻമാരിൽ 29 ശതമാനവും സ്ത്രീകളിൽ 27 ശതമാനവും ഇപ്പോഴും പുകവലിക്കുന്നു. പ്രസ്തുത റിപ്പോർട്ട് ഇങ്ങനെ ഉപസംഹരിക്കുന്നു: “കൗമാരപ്രായക്കാരുടെ മനോഭാവങ്ങൾ കാര്യമായി ബാധിക്കപ്പെടുന്നതിനു മുൻപ് പ്രായപൂർത്തിയായവരുടെ പുകവലിയിൽ കൂടുതൽ ശ്രദ്ധാർഹമായ കുറവ് ആവശ്യമായിരുന്നേക്കാം.”
പ്രായമായവർക്കുവേണ്ടി വായ്ശുചിത്വം
“പ്രായമായവർക്ക് വായ്ശുചിത്വം ഒരു ജീവന്മരണ സംഗതിയായിരിക്കാൻ കഴിയുമെന്ന്” ആസാഹി ഈവനിങ് ന്യൂസ് പറയുന്നു. “കേവലം പല്ലു തേക്കുന്നതിനാൽ പ്രായമായവർക്കു ന്യൂമോണിയായുടെ അപകടസാധ്യത കുറയ്ക്കുവാൻ കഴിയുമെന്നു” ജാപ്പനീസ് ശാസ്ത്രജ്ഞൻമാർ നിഗമനം ചെയ്തു. പ്രായമായ 46 പേരെക്കുറിച്ചുള്ള ഒരു പഠനത്തിൽ, അവരിൽ 21 പേരുടെ പല്ല് ഓരോ ദിവസവും ഉച്ചഭക്ഷണം കഴിഞ്ഞ് നേഴ്സുമാർ നന്നായിതേച്ചു. ഓരോ ആഴ്ചയും രണ്ടോ മൂന്നോ തവണ ദന്തശുചിത്വ വൈദ്യപരിശോധനയും അവർക്കു ലഭിച്ചു. മൂന്നു മാസം കഴിഞ്ഞ് ഈ 21 പേർക്കു പ്രസ്തുത ദിനചര്യ പിന്തുടരാഞ്ഞ 25 പേരെക്കാൾ പത്തുദിവസം കുറച്ചേ, പനി അനുഭവപ്പെട്ടുള്ളൂവെന്ന് കണ്ടെത്തി. വായിലെ ബാക്ടീരിയായുടെ അഭാവം മെച്ചപ്പെട്ട ആരോഗ്യത്തിനു കാരണമാക്കി. “ശ്വാസകോശങ്ങളിലേക്കു യാദൃച്ഛികമായി വലിച്ചെടുക്കപ്പെടുന്ന തുപ്പലോ ഭക്ഷണത്തിന്റെ അംശങ്ങളോ മിക്കപ്പോഴും ന്യൂമോണിയക്കു കാരണമാകുന്നു”വെന്നു നേരത്തെയുള്ള ഒരു പഠനം നിഗമനം ചെയ്തതായി പ്രസ്തുത വർത്തമാനപ്പത്രം പറഞ്ഞു.
അമർത്ത്യത വിൽപ്പനക്ക്?
“35 ഡോളറിന് അമർത്ത്യത നിങ്ങളുടേതായിരിക്കാൻ കഴിയും” എന്ന് യു.എസ്സ്.എ.-യിലെ ഒറിഗോണിലെ യൂജിനിൽനിന്നുള്ള റെജിസ്റ്റർ-ഗാർഡ് അവകാശപ്പെടുന്നു. ആ പത്രം പ്രസ്താവിക്കുന്നതനുസരിച്ച്, “ഒരു ഭാവി നൂറ്റാണ്ടിൽ സ്നേഹമുള്ളൊരു പിൻഗാമിക്കു നിങ്ങളെ പുനർനിർമിക്കുവാൻ DNA-യിലെ ജീവശാസ്ത്രപരമായ വിവരം ഉപയോഗിക്കാൻ” കഴിയേണ്ടതിനു നിങ്ങളുടെ DNA കാത്തുസൂക്ഷിക്കാമെന്നു സൂക്ഷ്മജീവിശാസ്ത്രജ്ഞനായ ജയിംസ് ബിക്നെൽ വാഗ്ദാനംചെയ്യുന്നു. അണുവിമുക്തമായ നേർത്ത രണ്ടു തുണിക്കഷണങ്ങളും ഒരു ചെറിയ പാത്രം ദ്രാവകവും ഉൾക്കൊള്ളുന്ന ചെറിയൊരു DNA പെട്ടി ഡോക്ടർ ബിക്നെൽ വിപണനംചെയ്യുന്നു. അദ്ദേഹം ഇപ്രകാരം പറയുന്നു: “ആ നേർത്ത തുണിക്കഷണംകൊണ്ടു നിങ്ങളുടെ കവിളിന്റെ അകം തിരുമ്മുക, പ്രസ്തുത ദ്രാവകത്തിൽ ആ തുണിക്കഷണം താഴ്ത്തിവെക്കുക. എന്നിട്ട് എനിക്ക് അയച്ചുതരിക.” ആ നേർത്തതുണിയിൽ പറ്റിപ്പിടിച്ച കോശങ്ങളിൽനിന്നും അദ്ദേഹം തദനന്തരം DNA വേർതിരിച്ച് ഒരു അരിപ്പുകടലാസിൽ നിക്ഷേപിക്കുന്നു. എന്നിട്ട് നിങ്ങൾ ആഗ്രഹിക്കുമ്പോൾ പ്രദർശിപ്പിക്കുന്നതിനുവേണ്ടി നിങ്ങളുടെ നാമം ആലേഖനംചെയ്ത ഒരു ചെറിയ അലുമിനിയം പെട്ടിയിലെ കുഴലിൽ ആ കടലാസ് സൂക്ഷിച്ചുവെക്കുന്നു. ഗാർഡ് ഇങ്ങനെ പറയുന്നു: “ആളുകൾ മരിച്ചവരുടെ ചിതാഭസ്മവും തലമുടിയും കത്രിച്ച വിരൽനഖവും സൂക്ഷിക്കുന്നുവെന്ന് അദ്ദേഹം നിഗമനംചെയ്യുന്നു. പേരക്കിടാങ്ങൾക്കു കൈമാറാവുന്ന ഒന്നാണ് DNA പെട്ടി.”
ജീൻ തെറാപ്പി രൂക്ഷമായ വിമർശനത്തിൽ
ആറു വർഷം മുൻപ് മനുഷ്യരിൽ ജീൻ തെറാപ്പി ആരംഭിച്ചപ്പോൾ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. രോഗികളിൽ പ്രത്യൗഷധ ജീനുകൾ കുത്തിവച്ച് ഒടുവിൽ ജന്മസിദ്ധമായ ജനിതക രോഗങ്ങൾ സുഖപ്പെടുത്തുവാൻ കഴിയുമെന്നു ശാസ്ത്രജ്ഞൻമാർ പ്രതീക്ഷിച്ചു. അർബുദകോശങ്ങൾപോലെയുള്ള ഉപദ്രവകരമായ കോശങ്ങളെ സ്വയം നശിപ്പിക്കുന്നതിന് ഇടയാക്കുന്ന ജനിതക പദാർഥം കുത്തിവെക്കാമെന്നും അവർ പ്രത്യാശിച്ചു. എന്നാൽ ആവേശകരമായ അനേകം ഗവേഷണങ്ങൾക്കുശേഷം പ്രസ്തുത തെറാപ്പി വിമർശനത്തെ നേരിടുന്നു. ഇൻറർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ ഇപ്രകാരം പറയുന്നു: “ഈ ഭ്രാന്തമായ ആവേശമെല്ലാം ഉണ്ടായിരുന്നിട്ടും, ജീൻ തെറാപ്പിയാൽ സഹായിക്കപ്പെട്ട രോഗിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ഒരൊറ്റ റിപ്പോർട്ടുപോലുമില്ല.” രോഗികളോടുള്ള താത്പര്യത്തെക്കാളധികം വാണിജ്യപരവും വ്യക്തിപരവുമായ താത്പര്യങ്ങളാൽ പ്രസ്തുത ഗവേഷണത്തിന് അമിതപ്രാധാന്യം ലഭിക്കുന്നതായി പ്രമുഖ ശാസ്ത്രജ്ഞൻമാർ ഭയപ്പെടുന്നു. ജീൻ തെറാപ്പിയാൽ കൈകാര്യംചെയ്യപ്പെടുന്ന കോശങ്ങളെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യൂഹം വൈദേശിക കോശങ്ങളായി വീക്ഷിച്ച് ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തേക്കാമെന്നുള്ളതാണ് ഒരു പ്രശ്നം.