ലോകത്തെ വീക്ഷിക്കൽ
ലോകം “ആരോഗ്യ വിപത്തി”നെ നേരിടുന്നു
“ലോകത്തിലെ ഏറ്റവും വലിയ കൊലപാതകിയും അനാരോഗ്യത്തിന്റെയും കഷ്ടതയുടെയും ഏറ്റവും വലിയ കാരണവും . . . കൊടും പട്ടിണിയാണ്.” ഡബ്ലിയുഎച്ച്ഒ (ലോകാരോഗ്യ സംഘടന) പ്രസിദ്ധീകരിച്ച ലോകാരോഗ്യ റിപ്പോർട്ട് 1995 (ഇംഗ്ലീഷ്) അപ്രകാരമാണു പ്രസ്താവിക്കുന്നത്. ആ റിപ്പോർട്ടനുസരിച്ച്, ലോകത്തിലെ 560 കോടി പേരിൽ പകുതിക്കും അത്യാവശ്യത്തിനുള്ള മരുന്നുകൾ വാങ്ങാൻ നിവൃത്തിയില്ല; ലോകത്തിലെ കുട്ടികളുടെ ഏതാണ്ട് മൂന്നിലൊന്നു വികലപോഷിതരാണ്; ആഗോള ജനസംഖ്യയുടെ അഞ്ചിലൊന്നു കൊടും പട്ടിണിയിലാണു കഴിയുന്നത്. “ഇക്കഴിഞ്ഞ ദശകങ്ങളിലെ മഹത്തായ നേട്ടങ്ങളിൽ പലതും . . . തിരിച്ചടിയെ നേരിടുന്ന” ഒരു “ആരോഗ്യ വിപത്തിനെക്കുറിച്ച്” ഡബ്ലിയുഎച്ച്ഒ-യുടെ ഡയറക്ടർ-ജനറൽ മുന്നറിയിപ്പു നൽകുന്നതായി ഇംഗ്ലണ്ടിലുള്ള ലണ്ടനിലെ ഒരു പത്രമായ ദ ഇൻഡിപ്പെൻഡൻറ് ഉദ്ധരിക്കുന്നു.
തൊട്ടിൽ മരണങ്ങൾ കുറയ്ക്കൽ
നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ എന്ന ജർമൻ സ്റ്റേറ്റിലെ ഒരു പരിപാടി നവജാത ശിശുക്കളുള്ള എല്ലാ മാതാപിതാക്കൾക്കും, തൊട്ടിൽ മരണത്തിന്റെ സാധ്യത വർധിപ്പിച്ചേക്കാവുന്ന ഘടകങ്ങളെക്കുറിച്ചു വിവരം നൽകുന്ന ഒരു ലഘുലേഖ പ്രദാനം ചെയ്യുന്നു. ഈ പരിപാടി ഏർപ്പെടുത്തിയതിൽപ്പിന്നെ സ്റ്റേറ്റിലെ തൊട്ടിൽ മരണങ്ങൾ 40 ശതമാനം കുറഞ്ഞതായി സ്യൂറ്റ്ഡോയിച്ച് റ്റ്സൈറ്റുങ് പറയുന്നു. സമാനമായ പരിപാടികൾ നടത്തുന്നതുമൂലം ഇംഗ്ലണ്ട്, ഓസ്ട്രേലിയ, നെതർലൻഡ്സ്, നോർവേ എന്നിവിടങ്ങളിൽ അത്തരം മരണങ്ങൾ 60 ശതമാനത്തോളം കുറഞ്ഞിരിക്കുന്നതായി പറയുന്നു. തൊട്ടിൽ മരണത്തെക്കുറിച്ച് അറിവു നൽകുന്ന ഈ പുതിയ പരിപാടി, കുഞ്ഞിനെ കമഴ്ത്തി കിടത്തി ഉറക്കുക, തൂവൽകൊണ്ടുള്ള വലിയ കിടക്കയോ മാർദവമുള്ള മെത്തയോ ഉപയോഗിക്കുക, ഗർഭകാലത്തു പുകവലിക്കുക, നവജാത ശിശുവിനെ പുകവലിയുടെ ദോഷത്തിനു വിധേയമാകുന്നവിധത്തിൽ ആക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിനെതിരെ മാതാപിതാക്കൾക്കു മുന്നറിയിപ്പു നൽകുന്നു.
നടുവേദനയെ തരണം ചെയ്യൽ
ലോകത്തിനു ചുറ്റുമുള്ള 90 ശതമാനം ആളുകളെ അവരുടെ ജീവിതത്തിൽ ഏതെങ്കിലുമൊരു സമയത്തു ബാധിക്കുന്ന നടുവേദനയാണ് “മനുഷ്യരെ ഏറ്റവും കൂടെക്കൂടെ ബാധിക്കുന്ന സ്ഥിതിവിശേഷം” എന്ന് കാനഡയിലെ ദ മെഡിക്കൽ പോസ്റ്റ് പറയുന്നു. എന്നാൽ ഭൂരിപക്ഷം കേസുകളിലും ചെലവേറിയ വൈദ്യ സഹായം ആവശ്യമില്ലായിരുന്നേക്കാം. “(സാധാരണമായി ശാരീരിക പ്രവർത്തനത്തെ തുടർന്നുണ്ടാകുന്ന) പെട്ടെന്നുണ്ടാകുന്നതോ തീവ്രമോ ആയ, വീക്കത്തോടുകൂടിയ നടുവേദനയുടെ 90% കേസുകളും നടുവിലെ പേശികളുടെ ഭയങ്കരമായ കോച്ചിപ്പിടിത്തംകൊണ്ട് ഉണ്ടാകുന്നതു മാത്രമാണ്. അത് രണ്ടു മൂന്നു ദിവസം കിടക്കയിൽ വിശ്രമിക്കുന്നതുകൊണ്ടു മാറിക്കൊള്ളും” എന്ന് ഒരു അസ്ഥിരോഗവിദഗ്ധനായ ഡോ. ഗാർത്ത് റസ്സൽ പറയുന്നു. അതിനുശേഷം, “ലഘുവായ തോതിൽ വ്യായാമം തുടങ്ങാനും ദൈനംദിന പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും” ഡോ. റസ്സൽ ശുപാർശചെയ്യുന്നു.
അക്രമാസക്തമായ വീഡിയോ വിനോദങ്ങൾ
കാനഡയിലെ ദ വാൻകൂവെർ സൺ-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, അനേകം യുവജനങ്ങളുടെ സംസ്കാരത്തിൽ യാഥാർഥ്യ ബോധം ജനിപ്പിക്കുന്നതും അക്രമാസക്തവുമായ വീഡിയോ വിനോദങ്ങൾ സർവസാധാരണമാണ്. അത്തരം വിനോദങ്ങളിലേർപ്പെടുമ്പോൾ കുട്ടികളായ കളിക്കാർ ശാരീരികമായി ഉത്തേജിതരായിത്തീരുന്നുവെന്നു പ്രകടിപ്പിക്കുന്ന ഒരു പഠനം ആ പത്രം ഉദ്ധരിക്കുന്നു. അവരുടെ ഹൃദയമിടിപ്പിന്റെ നിരക്ക് ഗണ്യമായ തോതിൽ വർധിക്കുന്നു—ചില കേസുകളിൽ അത് ഇരട്ടിയിലധികമാകുന്നു. “കുട്ടികൾ അക്രമത്തെ വീഡിയോ വിനോദത്തിന്റെ മണ്ഡലത്തിൽ ഒതുക്കിനിർത്തുന്നുവോ അതോ അത് അവരുടെ ജീവിതത്തിലേക്കു ചോർന്നിറങ്ങുന്നു”വോ എന്ന ചോദ്യത്തെക്കുറിച്ചായിരുന്നു ഗവേഷകന്റെ ചിന്ത. അക്രമം പ്രശ്ന പരിഹാരത്തിനുള്ള ഒരു മാർഗമാണെന്നുള്ള സന്ദേശം അത്തരം വിനോദങ്ങൾ നൽകുന്നതായി ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ പ്രൊഫസറായ ചാൾസ് ഉങ്കെർലൈഡെർ വിശ്വസിക്കുന്നു. അദ്ദേഹം ഇപ്രകാരം നിരീക്ഷിക്കുന്നു: “അക്രമാസക്തമായ വീഡിയോ വിനോദങ്ങൾ സ്വീകാര്യമായ ഒരു വിനോദ രൂപമാണെന്നുള്ളത് സമൂഹത്തെ സംബന്ധിച്ച ഒരു അസാധാരണ പ്രത്യേകതയാണ്.”
ഉപദ്രവകാരികളായ വൈറസുകൾ
യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ടിലെ ഒരു ലേഖനം പറയുന്നതനുസരിച്ച്, “പുതിയ മഹാമാരികളും അതുപോലെതന്നെ പഴയ രോഗങ്ങളും ആളിപ്പടരുകയാണ്.” എന്തുകൊണ്ട്? മനുഷ്യനു രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർധിപ്പിച്ചിരിക്കുന്ന ഘടകങ്ങൾ അനേകമാണെന്ന് സ്വിസ്സ് പത്രമായ നൊയ്യെ റ്റ്സ്യൂർക്കെർ റ്റ്സൈറ്റുങ് വിശദീകരിക്കുന്നു. പ്രതിരോധ ശക്തിയില്ലാത്ത ജനങ്ങളുടെ ഇടയിലേക്ക് രോഗങ്ങളെ ആനയിക്കുന്ന അന്തർദേശീയ യാത്രയുടെ വർധനവ് ഈ ഘടകങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, “ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ഒരുകാലത്തു വേഗം കീഴടക്കിയിരുന്ന സാധാരണ രോഗാണുക്കൾ അതിനൂതനവും ഏറ്റവും ശക്തിയേറിയതുമായ മരുന്നുകളെപ്പോലും പരാജയപ്പെടുത്താൻ തുടങ്ങിയിരിക്കുന്നുവെന്നുള്ളതാണ്” ജോർജിയയിലെ അറ്റ്ലാന്റയിലുള്ള സിഡിസി-യിലെ (രോഗനിയന്ത്രണ കേന്ദ്രങ്ങൾ) ആളുകളെ ഭയപ്പെടുത്തുന്ന സംഗതി എന്ന് യു.എസ്.ന്യൂസ് പറയുന്നു.
വിഷലിപ്തമായ പരിസ്ഥിതിയുടെ ദൂഷ്യഫലങ്ങളോ?
ദ ഗ്ലോബ് ആൻഡ് മെയിൽ എന്ന പത്രം പറയുന്നതനുസരിച്ച്, ആദ്യമായി, പ്രവചിച്ചതിനെക്കാളും വളരെ വലിയ അളവിൽ കാനഡയിൽ ദേശീയ മരണനിരക്കു വർധിച്ചു. പ്രതീക്ഷിച്ച 3 ശതമാനം വർധനവിനു പകരം കാനഡക്കാരുടെ ഇടയിൽ മരണങ്ങൾ 1992 മുതൽ 1993 വരെയുള്ള കാലയളവുകൊണ്ട് 4.3 ശതമാനം കണ്ടു വർധിച്ചു. ഇതു രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ വർധനവാണ്. ശിശു മരണങ്ങളിലെ വർധനവും കണക്കുകളിൽ ഉൾപ്പെടുന്നു. ഇത് 31 വർഷത്തിൽ ആദ്യമായാണു സംഭവിക്കുന്നത്. റിപ്പോർട്ടു പറയുന്നതനുസരിച്ച് ഈ വർധനവുകൾ അസാധാരണവും ഞെട്ടിക്കുന്നതുമാണ്. ഖനികളിലെ വിഷവാതകങ്ങളെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നതിനുവേണ്ടി മുമ്പ് ഒരു കാനറിപ്പക്ഷിയെ ഉപയോഗിച്ചപ്പോൾ അതു ചത്തുപോയ കാര്യം കാനഡയിലെ ഒരു വിദഗ്ധൻ ഓർപ്പിക്കപ്പെട്ടു. “പരിസ്ഥിതി വർധിച്ചതോതിൽ വിഷലിപ്തമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ആദ്യ സൂചനയായിരുന്നിരിക്കുമോ ഇത്?” എന്നതായിരുന്നു ഉന്നയിക്കപ്പെട്ട ചോദ്യം.
ഭാവിയെക്കുറിച്ച് അശുഭാപ്തിവിശ്വാസമുള്ള യുവജനങ്ങൾ
ഓസ്ട്രേലിയയെ “സൗഭാഗ്യ രാജ്യം” എന്നു വിളിച്ചു പോന്നിരുന്നു. എന്നാൽ ഇന്ന് ആ വിലയിരുത്തലിനോടു യോജിക്കാത്ത ഓസ്ട്രേലിയൻ യുവജനങ്ങളുടെ എണ്ണം വർധിച്ചു വരുകയാണ്. 15 വയസ്സിനും 19 വയസ്സിനും ഇടയ്ക്കു പ്രായമുള്ള യുവജനങ്ങൾക്ക് “ഓസ്ട്രേലിയയുടെ ഭാവി സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഒരു ‘ഭയാനക’ ധാരണ” ഉള്ളതായി, അവരെക്കുറിച്ചു നടത്തിയ ഒരു പഠനം സംബന്ധിച്ചു റിപ്പോർട്ടു ചെയ്യവേ, ദി ഓസ്ട്രേലിയൻ പത്രം കണ്ടെത്തി. സ്റ്റേറ്റ് സ്കൂളുകളിലും കത്തോലിക്കാ സ്കൂളുകളിലും സ്വകാര്യ സ്കൂളുകളിലും 9-ഉം 10-ഉം 11-ഉം വർഷങ്ങളായി പഠിക്കുന്ന വിദ്യാർഥികളെ ഇന്റർവ്യൂ ചെയ്തു. “റിപ്പോർട്ടനുസരിച്ച്, സമൂഹം കൂടുതൽ അക്രമാസക്തമായിത്തീരുന്നുവെന്നും തൊഴിലില്ലായ്മയുടെ നിരക്ക് കുറയുകയില്ലെന്നും വിശ്വസിക്കുന്നതിന്റെ ഫലമായി 15-ഉം 16-ഉം വയസ്സുകാരുടെ ഇപ്പോഴത്തെ തലമുറ ‘ഭാവിക്കുവേണ്ടി ആകാംക്ഷാപൂർവം കാത്തിരിക്കാ’ത്തതായി കണ്ടെത്തലുകൾ ‘വളരെ വ്യക്തമായി’ വെളിപ്പെടുത്തുന്നു”വെന്ന് പത്രം പറഞ്ഞു. തങ്ങളുടെ പത്തു വർഷത്തെ ഭാവി ജീവിതത്തെക്കുറിച്ചു വർണിക്കാമോയെന്നു ചോദിച്ചപ്പോൾ “ചോദ്യം ചോദിക്കപ്പെട്ടവരിൽ മിക്കവരും അധഃപതിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പദ്വ്യവസ്ഥയെയും തങ്ങളുടെ സാമ്പത്തിക ഭാവിയുടെമേൽ വ്യക്തികൾക്കു കുറഞ്ഞ നിയന്ത്രണം മാത്രമുള്ള ഒരു സമൂഹത്തെയുമാണു പരാമർശിച്ചത്.”
എച്ച്ഐവി വാഹകരോടു പറയുന്നില്ല
ജപ്പാനിലെ ചില ഡോക്ടർമാർ എച്ച്ഐവി വാഹകരെ അവരുടെ രോഗബാധയെക്കുറിച്ച് അറിയിക്കാൻ പരാജയപ്പെടുന്നു. അത്തരം വാഹകരുടെ ഇണകൾക്കു രോഗബാധയുണ്ടാകുകയും ചെയ്യുന്നു. 43 ശതമാനം സ്ഥാപനങ്ങൾ മാത്രമേ എച്ച്ഐവി രോഗികളായ എല്ലാവരോടും അവരുടെ അവസ്ഥ അറിയിക്കുന്നുള്ളൂവെന്ന് രാജ്യത്തെ 363 ആശുപത്രികളും മെഡിക്കൽ സ്ഥാപനങ്ങളും സർവേ നടത്തിയശേഷം ആരോഗ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു. ഏതാണ്ട് 28 ശതമാനം സ്ഥാപനങ്ങൾ ചില രോഗികളെ മാത്രം വിവരം അറിയിക്കുന്നു. രോഗികളിലാരെയും വിവരം അറിയിക്കുന്നില്ലെന്നു ചില ആശുപത്രികൾ സമ്മതിച്ചപ്പോൾ മറ്റു ചിലത് സർവേയുടെ ചോദ്യത്തിന് ഉത്തരം നൽകാൻതന്നെ മടികാണിച്ചതായി ദ ഡെയ്ലി യോമിയൂറി പറഞ്ഞു. വാഹകർക്ക് “അങ്ങേയറ്റം അസ്ഥിരമായ മാനസികാവസ്ഥയാണ്” ഉള്ളത് എന്നതായിരുന്നു വിവരം അറിയിക്കാതിരിക്കുന്നതിനു ഡോക്ടർമാർ നൽകിയ മുഖ്യ കാരണങ്ങളിൽ ഒന്ന്.
ഒട്ടകച്ചന്തയിൽ ഒരു പുതുമ
യാത്രാവേളയിൽ മിക്കപ്പോഴും അസാധാരണത്വം തേടുന്ന വിനോദയാത്രികർതന്നെ പ്രാദേശിക നിവാസികൾക്ക് തീർത്തും വിചിത്രരായി കാണപ്പെട്ടേക്കാം. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ ഒട്ടകച്ചന്തയായിരിക്കാവുന്ന, ഇന്ത്യയിലെ വടക്കൻ മരുഭൂ നഗരമായ പുഷ്കാറിലേത് പാശ്ചാത്യ സന്ദർശകർ കണ്ടെത്തിയിരിക്കുന്നുവെന്ന് ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. അവിടെ, ഒട്ടക വ്യാപാരികൾ തങ്ങളുടെ വൈദേശിക സന്ദർശകരെ കണ്ടു രസിക്കുന്നു. “മരുഭൂ സൂര്യന്റെ ചൂടിൽ അരുണവർണമാകുകയും മുഖത്തിന്റെ മുന്നിൽ വെച്ചിരിക്കുന്ന കറുത്ത പെട്ടികളിലൂടെ [ക്യാമറകൾ] ലോകത്തെ വീക്ഷിക്കുകയും വലിഞ്ഞിഴഞ്ഞുനടക്കുന്ന ഒട്ടകത്തിന്റെ പുറത്തു കയറിയുള്ള ഒരു മണിക്കൂർ സവാരിക്ക് 2 ഡോളർ (മിക്ക മരുഭൂ കർഷകർക്കും കിട്ടുന്ന 2 ദിവസത്തെ കൂലിയിലുമധികം) നൽകാൻ തയ്യാറാകുന്നവരുമായ ഈ വിചിത്ര ഇനത്തെ കണ്ട് ഒട്ടകപാലകർ അത്ഭുതം കൂറുന്നു”വെന്ന് ദ ട്രിബ്യൂൺ വിവരിക്കുന്നു. വിനോദയാത്രികരുടെ എണ്ണം വർധിക്കുന്നത് നല്ലതോ ചീത്തയോ എന്നു ചോദിച്ചപ്പോൾ ഒരു ഒട്ടക വ്യാപാരി ഇപ്രകാരം മറുപടി നൽകി: “നല്ലതാ, അവരെ കാണാൻ ഞങ്ങൾക്കിഷ്ടമാ.”
ചൈനയുടെ മൂല്യ ശോഷണം
“പണം വാരിക്കൂട്ടുന്നതിൽ മുഴുകിയിരിക്കുന്നത് ചൈനീസ് സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബത്തിനു ഭീഷണിയാണെ”ന്ന് ദ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. “യുവജനങ്ങളുടെ സ്വാർഥമായ, ഒരു ‘ഞാൻ തലമുറ’യ്ക്കു ജൻമം നൽകിക്കൊണ്ട് കുടുംബങ്ങൾ ശിഥിലമാകുകയാണ്. കുറ്റകൃത്യവും അഴിമതിയും റെക്കാർഡ് നിലയിലാണ്.” മുമ്പു മാതാപിതാക്കളെ ബഹുമാനിച്ചിരുന്ന കുട്ടികൾ ഇന്ന് അവരെ വേലക്കാരായി ഉപയോഗിക്കുകയും വാർധക്യത്തിൽ അവർക്കു വേണ്ടി കരുതാൻ വിസമ്മതിക്കുകയും ചെയ്യുന്നുവെന്ന് ഒരു ഗവേഷക പറയുന്നു. ചൈനയിൽ പാരമ്പര്യ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന പലരും ഇപ്പോഴും ഉണ്ടെങ്കിലും മറ്റുള്ളിടങ്ങളിൽ അവസരങ്ങൾ തേടി ലക്ഷങ്ങൾ ഭവനങ്ങൾ വിട്ടുപോകുന്നതുകൊണ്ട് ഈ മൂല്യങ്ങൾക്കു ശോഷണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. “പണത്തിനു പിന്നാലെയുള്ള പരക്കം പാച്ചിൽ ലക്ഷ്യമായിത്തീർന്നിരിക്കുകയാണ്. ആളുകൾ പണത്തിനുവേണ്ടി നന്മയെയും സാമൂഹിക സദാചാരങ്ങളെയും അവഗണിക്കാൻ മനസ്സുകാട്ടുന്നു” എന്ന് പൊതു സുരക്ഷിതത്വ ഉപമന്ത്രിയായ ബൈ ജിങ്ഫു പറയുന്നു.
പുതിയ വർഗങ്ങൾ
പുതിയ സസ്യവർഗങ്ങൾ തിരഞ്ഞുകൊണ്ട് ബ്രിട്ടനിലെയും ബ്രസീലിലെയും സസ്യശാസ്ത്രജ്ഞർ വടക്കുകിഴക്കൻ ബ്രസീലിലെ ഒരു പർവതത്തിൽ അന്വേഷണം തുടങ്ങിയിട്ട് 20-ലധികം വർഷമായി. മുമ്പ് അജ്ഞാതമായിരുന്ന, അതിശയകരമായ 131 വർഗങ്ങൾ അവർ ഇതുവരെ കണ്ടുപിടിച്ചു. വെറും 171 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് അവയെല്ലാം വളരുന്നത്. “ഏദൻ തോട്ടം” എന്നു ഫോൾയ ഡി സാവോ പൗലോ വിളിക്കുന്ന ഈ സ്ഥലം ബ്രസീൽ സംസ്ഥാനമായ ബഹിയയിൽ 1,960 മീറ്റർ ഉയരമുള്ള പീകോ ഡാസ് ആൽമാസിലാണ്. ഈ സസ്യങ്ങളെല്ലാം തീർച്ചയായും പുതിയ കണ്ടുപിടിത്തങ്ങളാണെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി സസ്യശാസ്ത്രജ്ഞർ ഏതാണ്ട് 3,500 സസ്യവർഗങ്ങളുടെ ഉണങ്ങിയ ശേഖരം പരിശോധിക്കുകയുണ്ടായി. അവ പുതിയവ തന്നെയായിരുന്നു. ഇംഗ്ലണ്ടിലെ റോയൽ ബൊട്ടാണിക്ക് ഗാർഡൻസിലെ സൈമൺ മയോ പത്രത്തോട് ഇപ്രകാരം പറഞ്ഞു: “ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിൽ ഇത്രയധികം സസ്യങ്ങൾ കണ്ടുപിടിക്കുന്നതു ഹൃദയഹാരിയായ സംഗതിയാണ്.”