എല്ലാ വർഗങ്ങളും സമാധാനത്തിൽ ഒത്തു വസിക്കുമ്പോൾ
“മുഴു ഭൂതലത്തിലും വസിക്കാൻ [ദൈവം] ഒരു മനുഷ്യനിൽനിന്നു മനുഷ്യരുടെ എല്ലാ ജനതകളെയും ഉളവാക്കി.” (പ്രവൃത്തികൾ 17:26, NW) മനുഷ്യകുടുംബത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച ബൈബിളിന്റെ ലളിതമായ പ്രസ്താവനയാണത്.
മനുഷ്യർ എവിടെ ജീവിച്ചാലും ഏതെല്ലാം ശാരീരിക സവിശേഷതകൾ അവർക്കുണ്ടായിരുന്നാലും മുഴു മനുഷ്യവർഗവും പൊതുവായ ഒരു കുടുംബത്തിൽനിന്നാണു വന്നത് എന്ന് അത് അർഥമാക്കുന്നു. ദൃശ്യമായ വ്യത്യാസങ്ങൾ എന്തെല്ലാമുണ്ടെങ്കിൽപ്പോലും കഴിവുകളുടെയും ബുദ്ധിശക്തിയുടെയും കാര്യത്തിൽ “മനുഷ്യരുടെ എല്ലാ ജനതകൾ”ക്കും ഒരേ ശേഷി തന്നെയാണുള്ളതെന്നും അത് അർഥമാക്കുന്നു. അതേ, ഏതു വർഗത്തിലോ ദേശത്തിലോ പെട്ടവരായാലും മനുഷ്യരെല്ലാം ദൈവദൃഷ്ടിയിൽ തുല്യരാണ്.—പ്രവൃത്തികൾ 10:34, 35.
ബൈബിൾ വീക്ഷണം ശരിയാണെങ്കിൽ വർഗീയ വ്യത്യാസങ്ങളിൽ വേരൂന്നിയിട്ടുള്ള എല്ലാ മുൻവിധികളും അനീതികളും നിർമാർജനം ചെയ്യപ്പെടാമെന്ന പ്രത്യാശയുണ്ട്. കൂടാതെ, മനുഷ്യകുടുംബത്തിന്റെ ഉത്ഭവം സംബന്ധിച്ചു ബൈബിൾ പറയുന്നതു കൃത്യമാണെങ്കിൽ, അപ്പോൾ ന്യായയുക്തമായി മനുഷ്യജാതിക്കു സമാധാനത്തിൽ ഒത്തുജീവിക്കാൻ എങ്ങനെ കഴിയുമെന്നു കാണിക്കുന്ന വിവരങ്ങൾ നമുക്കേകാൻ അതേ പുസ്തകത്തിനു കഴിയും.
ആകട്ടെ, വസ്തുതകൾ എന്തു പ്രകടമാക്കുന്നു? മനുഷ്യോത്ഭവത്തെ സംബന്ധിച്ച ബൈബിൾ രേഖയെ ശാസ്ത്രം സ്ഥിരീകരിച്ചിട്ടുണ്ടോ?
ശാസ്ത്രീയ തെളിവ്
നരവംശശാസ്ത്രജ്ഞരായ ആർ. ബെനഡിക്ററ്, ജി. വെൽററ്ഫിഷ് എന്നിവർ രചിച്ച മനുഷ്യവർഗത്തിലെ വംശങ്ങൾ (The Races of Mankind) എന്ന ഗ്രന്ഥം ഇപ്രകാരം പറയുന്നു: “മുഴു മനുഷ്യവർഗത്തിന്റെയും പിതാവും മാതാവുമായ ആദാമിനെയും ഹവ്വായെയും സംബന്ധിച്ചുള്ള ബൈബിൾ കഥ ഇന്നു ശാസ്ത്രം തെളിയിച്ചിരിക്കുന്ന അതേ സത്യം നൂററാണ്ടുകൾക്കു മുമ്പേ പറഞ്ഞു: അതായത്, ഭൂമിയിലെ സകല ജനങ്ങളും ഒരേ കുടുംബത്തിൽപ്പെട്ടവരാണെന്നും അവർക്ക് ഒരു പൊതു ഉത്ഭവമാണുള്ളതെന്നും.” കൂടാതെ, “മനുഷ്യർക്കു പൊതുവായ ഒരു ഉത്ഭവമില്ലെങ്കിൽ മനുഷ്യശരീരത്തിന്റെ സങ്കീർണമായ ഘടന ‘തികച്ചും ആകസ്മികമായി’ . . . എല്ലാ മനുഷ്യരിലും ഒരുപോലെയായി ഭവിക്കുക സാധ്യമല്ല” എന്നും ഈ എഴുത്തുകാർ ചൂണ്ടിക്കാണിക്കുന്നു.
കൊളംബിയ യൂണിവേഴ്സിററിയിലെ ജന്തുശാസ്ത്ര പ്രൊഫസറായ എൽ. കെ. ഡണ്ണിന്റെ വർഗവും ജീവശാസ്ത്രവും (Race and Biology) എന്ന ലഘുലേഖ ഇപ്രകാരം പറയുന്നു: “എല്ലാ അടിസ്ഥാന ശാരീരിക സ്വഭാവസവിശേഷതകളിലും ഒരേപോലിരിക്കുന്നതുകൊണ്ടു സ്പഷ്ടമായും സകല മനുഷ്യരും ഒരു ജാതിയിൽപ്പെട്ടവരാണ്. എല്ലാ വിഭാഗങ്ങളിലുംപെട്ട അംഗങ്ങൾക്കു മിശ്രവിവാഹം നടത്താവുന്നതാണ്, വാസ്തവത്തിൽ അങ്ങനെ നടത്തുകയും ചെയ്യുന്നു.” പിന്നീട് അതു തുടർന്നു വിശദീകരിക്കുന്നു: “എന്നാൽ ഓരോ മനുഷ്യനും അനന്യൻ ആണ്, ചെറിയ വിധങ്ങളിൽ മറെറല്ലാ മനുഷ്യരിൽനിന്നും വ്യത്യസ്തൻ തന്നെ. ഭാഗികമായി ആളുകൾ ജീവിക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളും ഭാഗികമായി അവർ അവകാശപ്പെടുത്തിയിരിക്കുന്ന ജീനുകളിലെ വ്യത്യാസങ്ങളുമാണ് ഇതിനു ഹേതു.”
ശാസ്ത്രീയ തെളിവ് അവിതർക്കിതമാണ്. ജീവശാസ്ത്രപരമായി പറഞ്ഞാൽ, ഉയർന്ന വർഗമെന്നോ താഴ്ന്ന വർഗമെന്നോ, ശുദ്ധ വർഗമെന്നോ അശുദ്ധ വർഗമെന്നോ ഒന്നുമില്ല. ഒരുവന്റെ തൊലിയുടെ നിറം, മുടിയുടെ നിറം, അല്ലെങ്കിൽ കണ്ണുകളുടെ നിറം—വർഗപരമായി പ്രാധാന്യമുള്ളതെന്നു ചിലർ കരുതുന്ന കാര്യങ്ങൾ—എന്നിങ്ങനെയുള്ള സ്വഭാവസവിശേഷതകൾ ഒരാളുടെ ബുദ്ധിയുടെയോ കഴിവുകളുടെയോ സൂചികയല്ല. മറിച്ച്, അവ ജനിതക പാരമ്പര്യത്തിന്റെ ഫലങ്ങളാണ്.
പാരമ്പര്യവും മനുഷ്യജീവിതവും (Heredity and Human Life) എന്ന ഗ്രന്ഥത്തിൽ ഹാംപ്ടൺ എൽ. കാർസൺ എഴുതുന്നതുപോലെ തീർച്ചയായും വർഗീയ വ്യത്യാസങ്ങൾ വളരെ കുറവാണ്: “മനുഷ്യരുടെ ഓരോ കൂട്ടവും പുറമെ വ്യത്യാസമുള്ളവരായി കാണപ്പെടുന്നു, എന്നാൽ ഈ വ്യത്യാസങ്ങൾക്കു കീഴിൽ അടിസ്ഥാനപരമായ സാമ്യം ഉണ്ട് എന്നതാണു നാം നേരിടുന്ന വിരോധാഭാസം.”
എല്ലാ മനുഷ്യരും ഒരൊററ കുടുംബമാണെങ്കിൽ, അപ്പോൾ എന്തുകൊണ്ടാണു ഭയങ്കര വർഗീയ പ്രശ്നങ്ങൾ നിലവിലുള്ളത്?
പ്രശ്നം എന്തുകൊണ്ട്
വർഗീയവാദം നിലനിൽക്കുന്നതിന്റെ അടിസ്ഥാന കാരണം ആദ്യ മാനുഷ മാതാപിതാക്കൾ തങ്ങളുടെ സന്തതികൾക്ക് ഇട്ടുകൊടുത്ത മോശമായ തുടക്കമാണ്. ആദാമും ഹവ്വായും മനഃപൂർവം ദൈവത്തിനെതിരെ മത്സരിക്കുകയും അങ്ങനെ അപൂർണരും കുറവുള്ളവരും ആയിത്തീരുകയും ചെയ്തു. തത്ഫലമായി, ആദാമിന്റെ അപൂർണത—തിൻമയിലേക്കുള്ള ചായ്വ്—അവന്റെ പിൻഗാമികളിലേക്കു പകരപ്പെട്ടു. (റോമർ 5:12) അതുകൊണ്ടു ജനനം മുതൽ എല്ലാ മനുഷ്യരും സ്വാർഥതക്കും അഹങ്കാരത്തിനും വശംവദരാണ്, ഈ ചായ്വ് വർഗീയ പോരാട്ടത്തിലേക്കും പ്രക്ഷുബ്ധതയിലേക്കും നയിച്ചിരിക്കുന്നു.
വർഗീയത നിലനിൽക്കുന്നതിനു മറെറാരു കാരണമുണ്ട്. ആദാമും ഹവ്വായും ദൈവത്തിന്റെ ഭരണത്തിൽനിന്ന് അകന്നുമാറിയപ്പോൾ, സാത്താൻ അല്ലെങ്കിൽ പിശാച് എന്നു ബൈബിൾ വിളിക്കുന്ന ഒരു ദുഷ്ടാത്മ ജീവിയുടെ ഭരണത്തിൻ കീഴിൽ അവർ വന്നു. “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന” ഈ ദുഷ്ടാത്മ ജീവിയുടെ സ്വാധീനത്തിൻ കീഴിൽ വർഗത്തിന്റെ പേരിൽ ആളുകളെ വഞ്ചിക്കാൻ മനഃപൂർവ ശ്രമങ്ങൾ നടന്നിട്ടുണ്ട്. (വെളിപ്പാടു 12:9; 2 കൊരിന്ത്യർ 4:4) സ്വവർഗശ്രേഷ്ഠവാദത്തെ—ഒരുവന്റെ സ്വന്തം വർഗം ശ്രേഷ്ഠമാണെന്ന ആശയത്തെ—ആളിക്കത്തുന്ന അഗ്നിയായി ഊതിക്കത്തിച്ചിരിക്കുന്നു, അറിഞ്ഞോ അറിയാതെയോ ദശലക്ഷങ്ങൾ ശക്തമായി സ്വാധീനിക്കപ്പെട്ടിരിക്കുന്നു, പരിണതഫലങ്ങൾ വിനാശകരമായിരുന്നു.
സത്യസന്ധമായി പറഞ്ഞാൽ, വർഗീയ പ്രശ്നങ്ങൾക്കു കാരണമായിരിക്കുന്ന സകല വ്യാജ പഠിപ്പിക്കലുകളും സാത്താന്റെ നിയന്ത്രണത്തിൻ കീഴിലുള്ള സ്വാർഥരും അപൂർണരും ആയ മനുഷ്യർ എങ്ങും വ്യാപിപ്പിച്ചിരിക്കുന്നു.
അതുകൊണ്ടു മാനവജാതി ഒന്നായിത്തീരണമെങ്കിൽ, നാം വാസ്തവത്തിൽ ഒരൊററ മാനുഷകുടുംബമാണെന്നും “മുഴു നിവസിത ഭൂമിയിലും വസിക്കാൻ ഒരു മനുഷ്യനിൽനിന്നു മനുഷ്യരുടെ സകല ജനത”കളെയും ദൈവം ഉളവാക്കിയെന്നും ഉള്ള ബോധ്യം നമുക്കെല്ലാം ഉണ്ടായിരിക്കണം. (പ്രവൃത്തികൾ 17:26, NW) കൂടാതെ, സകല വർഗങ്ങളും സമാധാനത്തിൽ ഒത്തു ജീവിക്കുന്നതിനു മാനുഷ കാര്യാദികളിലുള്ള സാത്താന്റെ സ്വാധീനം നീങ്ങിപ്പോകേണ്ടതുണ്ട്. ഈ കാര്യങ്ങളെല്ലാം എന്നെങ്കിലും സംഭവിക്കുമോ? അവ സംഭവിക്കുമെന്നു വിശ്വസിക്കാൻ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
വർഗീയ മുൻവിധി അവസാനിപ്പിക്കൽ
യേശു തന്റെ അനുഗാമികളെ സ്നേഹിച്ചതുപോലെതന്നെ അവരും “അന്യോന്യം സ്നേഹിക്കാൻ” അവർക്കു കല്പന നൽകിയപ്പോൾ വർഗീയ മുൻവിധി എങ്ങനെ നീക്കം ചെയ്യാൻ കഴിയുമെന്ന് അവിടുന്ന് പ്രകടമാക്കി. (യോഹന്നാൻ 13:34, 35) ഈ സ്നേഹം ഒരു പ്രത്യേക വർഗത്തിലോ വർഗങ്ങളിലോ പെട്ട ആളുകളോടു മാത്രം ഉണ്ടായിരിക്കേണ്ടതായിരുന്നില്ല. തീർച്ചയായുമല്ല! “സഹോദരൻമാരുടെ മുഴു കൂട്ടത്തോടും സ്നേഹം ഉണ്ടായിരിപ്പിൻ” എന്നു യേശുവിന്റെ ശിഷ്യൻമാരിൽ ഒരുവൻ പ്രോത്സാഹിപ്പിച്ചു.—1 പത്രൊസ് 2:17, NW.
എങ്ങനെയാണ് ഈ ക്രിസ്തീയ സ്നേഹം പ്രകടമാക്കുന്നത്? “അന്യോന്യം ബഹുമാനിക്കുന്നതിൽ മുന്നിട്ടു നിൽപ്പിൻ” എന്നു പ്രോത്സാഹിപ്പിക്കുമ്പോൾ ബൈബിൾ അതു വിശദീകരിക്കുന്നു. (റോമർ 12:10) ഇതു ചെയ്യുമ്പോൾ അത് എന്തർഥമാക്കുന്നു എന്നതിനെക്കുറിച്ചു ചിന്തിക്കുക! ഓരോരുത്തരും മററുള്ളവരെ വർഗമോ ദേശമോ ഗണ്യമാക്കാതെ യഥാർഥമായ അന്തസ്സോടും ആദരവോടും കൂടെ, അവരെ തുച്ഛീകരിക്കാതെ, യഥാർഥത്തിൽ ‘അവരെ ശ്രേഷ്ഠരായി വീക്ഷിച്ചുകൊണ്ട്’ പെരുമാറുന്നു. (ഫിലിപ്പിയർ 2:3) യഥാർഥ ക്രിസ്തീയ സ്നേഹത്തിന്റെ അത്തരമൊരു ആത്മാവ് ഉള്ളപ്പോൾ വർഗീയ മുൻവിധി എന്ന പ്രശ്നം പരിഹരിക്കപ്പെടുന്നു.
വർഗീയ മുൻവിധി പഠിച്ചിട്ടുള്ളവർക്കു തങ്ങളിൽനിന്ന് അത്തരം സാത്താന്യ നിശ്വസ്ത ആശയഗതികൾ നീക്കം ചെയ്യുന്നതിനു സാധാരണയിൽക്കവിഞ്ഞ ശ്രമം ആവശ്യമാണ്. എന്നാൽ അതു സാധ്യമാണ്! ഒന്നാം നൂററാണ്ടിൽ ക്രിസ്തീയ സഭയിലേക്കു വരുത്തപ്പെട്ട എല്ലാവരും അതുല്യമായ ഐക്യം ആസ്വദിച്ചു. അതു സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് എഴുതി: “യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.” (ഗലാത്യർ 3:28) തീർച്ചയായും ക്രിസ്തുവിന്റെ യഥാർഥ അനുഗാമികൾ യഥാർഥ സാഹോദര്യം ആസ്വദിക്കാനിടയായിത്തീർന്നു.
എന്നാൽ ചിലർ പ്രതിഷേധിച്ചേക്കാം: ‘ഇത് ഇന്നു സംഭവിക്കില്ല.’ എന്നാൽ അത് ഇപ്പോൾത്തന്നെ യഹോവയുടെ സാക്ഷികളുടെ ഇടയിൽ—നാല്പത്തഞ്ചു ലക്ഷത്തിലധികം ആളുകൾ വരുന്ന ഒരു സ്ഥാപനത്തിൽ—സംഭവിച്ചിരിക്കുന്നു! ഈ ഭക്തികെട്ട വ്യവസ്ഥിതിയിൽനിന്നു പഠിച്ച മുൻവിധിയിൽനിന്ന് എല്ലാ സാക്ഷികളും പൂർണമായും വിമുക്തരായിട്ടില്ല എന്നു സമ്മതിക്കാവുന്നതാണ്. ഒരു കറുത്ത അമേരിക്കക്കാരി വെള്ളക്കാരായ സഹ സാക്ഷികളെക്കുറിച്ചു വാസ്തവികമായി ഇങ്ങനെ പറഞ്ഞു: “അവരിൽ ചിലരുടെ ഇടയിൽ വർഗീയ ശ്രേഷ്ഠതാമനോഭാവത്തിന്റെ അവശിഷ്ടങ്ങൾ ഉള്ളതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മറെറാരു വർഗത്തിൽപ്പെട്ട ആളുകളുമായി അടുത്തു സഹവസിക്കുമ്പോൾ അവരിൽ ചിലർക്കു തെല്ല് അസ്വസ്ഥത അനുഭവപ്പെടുന്നതായി ചിലപ്പോൾ ഞാൻ കണ്ടിട്ടുണ്ട്.”
എന്നാൽ ഈ വ്യക്തി ഇപ്രകാരം സമ്മതിച്ചു: “ഭൂമിയിലെ മറേറതൊരു ജനതയ്ക്കും കിടപിടിക്കാനാകാത്ത അളവോളം യഹോവയുടെ സാക്ഷികൾ തങ്ങളിൽനിന്നു വർഗീയ മുൻവിധികൾ നീക്കം ചെയ്തിരിക്കുന്നു. വർഗവ്യത്യാസമെന്യേ അന്യോന്യം സ്നേഹിക്കാൻ അവർ തീർച്ചയായും കഠിനശ്രമം നടത്തുന്നു . . . വെള്ളക്കാരായ സാക്ഷികളുടെ സ്നേഹം അനുഭവിച്ചപ്പോൾ ചിലപ്പോൾ അടക്കാനാവാത്ത കണ്ണുനീരിന്റെ ഘട്ടത്തോളം എന്റെ ഹൃദയത്തിന് ഊഷ്മളത തോന്നിയിട്ടുണ്ട്.”
വർഗീയ ശ്രേഷ്ഠത സംബന്ധിച്ച സാത്താന്യ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട മററു ദശലക്ഷക്കണക്കിനാളുകൾ ഉള്ളപ്പോൾ കുറച്ചുപേർ—ഇവർ ദശലക്ഷക്കണക്കിന് ഉണ്ടെങ്കിൽപ്പോലും—ആസ്വദിക്കുന്ന വർഗീയ ഐക്യംകൊണ്ട് വാസ്തവത്തിൽ എന്തു കാര്യം? ഇല്ല, അതു വർഗീയ പ്രശ്നത്തെ പരിഹരിക്കുന്നില്ല എന്നു ഞങ്ങൾ സമ്മതിക്കുന്നു. അങ്ങനെ ചെയ്യുക മാനുഷശ്രമങ്ങൾക്ക് അതീതമാണ്. നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിനു മാത്രമേ അതു ചെയ്യാൻ കഴിയൂ.
ഇനി വളരെ പെട്ടെന്നുതന്നെ യഹോവ തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ കൈകളിലെ തന്റെ രാജ്യം മുഖാന്തരം സകല അനീതിയെയും വർഗീയവും മററുതരത്തിലുള്ളതും ആയ വിവേചനവും വിദ്വേഷവും സ്വാർഥപൂർവം പ്രോത്സാഹിപ്പിക്കുന്ന എല്ലാവരെയും ഭൂമിയിൽനിന്നു നീക്കം ചെയ്യും. (ദാനീയേൽ 2:44; മത്തായി 6:9, 10) തുടർന്നു ക്രിസ്തുവിന്റെ ഭരണത്തിൻ കീഴിലെ പൂർണതയുള്ള ഒരു വിദ്യാഭ്യാസ പരിപാടി മുഖാന്തരം എല്ലാ വർഗങ്ങളും യഥാർഥമായി ഒന്നിക്കും. ആ വിദ്യാഭ്യാസം പുരോഗമിക്കവേ വർഗീയ വിവേചനത്തിന്റെ യാതൊരു ലാഞ്ചന പോലുമില്ലാതെ അവർ പൂർണമായ ഐക്യത്തിൽ വസിക്കും. ദൈവത്തിന്റെ വാഗ്ദത്തം ഒടുവിൽ നിവൃത്തിയേറും: “പൂർവ കാര്യങ്ങൾ പൊയ്പ്പോയിരിക്കുന്നു. . . . നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു.”—വെളിപ്പാട് 21:4, 5, NW.
എല്ലാ വർഗങ്ങളും സമാധാനത്തിൽ ഒത്തൊരുമിച്ചു ജീവിക്കുന്ന, യഥാർഥ സാഹോദര്യം നിലനിൽക്കുന്ന ഒരു കാലത്തിനുവേണ്ടി കാംക്ഷിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? അങ്ങനെയെങ്കിൽ, യഹോവയുടെ സാക്ഷികൾ ബൈബിൾ പഠിക്കാൻ ക്രമമായി കൂടിവരുന്ന നിങ്ങളുടെ അടുത്തുള്ള ഒരു രാജ്യഹാളിൽ വരാൻ ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു. യഥാർഥ ക്രിസ്തീയ സ്നേഹം എല്ലാ വർഗത്തിലുംപെട്ട ആളുകളോട് അവർ പ്രകടമാക്കുന്നില്ലേയെന്നു നിങ്ങൾത്തന്നെ കാണുക. (g93 8/22)
[10-ാം പേജിലെ ചിത്രം]
പെട്ടെന്നുതന്നെ എല്ലായിടത്തുമുള്ള സകല വർഗങ്ങളും സമാധാനത്തിൽ ഒത്തൊരുമിച്ചു വസിക്കും