ചെറുപ്പക്കാർ ചോദിക്കുന്നു . . . .
വർഗ്ഗീയമുൻവിധികളുടെ തോന്നലുകളെ എനിക്ക് എങ്ങനെ തരണം ചെയ്യാം?
ആസ്ട്രേലിയയിലെ സിഡ്നിയിലെ ഗവേഷകർ മററു വർഗ്ഗങ്ങളിലെ ആളുകളോടുള്ള തങ്ങളുടെ വികാരങ്ങൾ പ്രകടമാക്കാൻ അനുവദിച്ചുകൊണ്ട് 9-13 വയസ്സുകാരായ ബഹുവർഗ്ഗ കുട്ടികളുടെ കൂട്ടത്തോടായി ചോദ്യാവലികൾ അവതരിപ്പിച്ചു. ചില വെളുത്ത ആസ്ട്രേലിയൻ കുട്ടികൾ ന്യൂനപക്ഷങ്ങളോട് മുൻവിധി പ്രകടമാക്കിയെങ്കിലും, “ആസ്ട്രേലിയൻ കുട്ടികളേപ്പോലെയൊ, മിക്കപ്പോഴും അതിലുമധികമൊ എല്ലാ ജനവർഗ്ഗങ്ങളിൽനിന്നുമുള്ള കുട്ടികൾ മററു ജനവർഗ്ഗങ്ങളിലുള്ളവരോട് മുൻവിധിയുള്ളവരായി തങ്ങളേത്തന്നെ വെളിപ്പെടുത്തി.”—“ദി ജേണൽ ഓഫ് സൈക്കോളജി.”
ചെറുപ്പക്കാർ വർഗ്ഗീയ മുൻവിധികളിൽനിന്ന് വിമുക്തരല്ല. 17 വയസ്സുള്ള ലൂസി പറയുന്നു, “എന്റെ സ്കൂളിൽ വെള്ളക്കാരായ മിക്ക കുട്ടികളും ഒരു മുറിയിലും കറുത്തവരെല്ലാം മറെറാന്നിലുമിരുന്ന് ഭക്ഷണം കഴിക്കുന്നു.”
കേവലം മററു വർഗ്ഗത്തിൽ പെട്ട ആളുകളോടുള്ള നിങ്ങളുടെ വികാരങ്ങളെന്താണ്? നിങ്ങൾക്ക് മുൻവിധി ഭോഷത്വവും നീതിരഹിതവും അപ്രയുക്തവും ആണെന്ന് ഹൃദയത്തിൽ ഗ്രാഹ്യമുണ്ടെങ്കിലും നിങ്ങൾക്ക് ഏറെക്കുറെ മിശ്രിതമായ വികാരങ്ങളായിരിക്കാം ഉണ്ടായിരിക്കുന്നത്. ഗവേഷകരായ ജെയ്ൻ നോർമനും മിരൻ ഡബ്ള്യു ഹാരിസ് പി. എച്ച്. ഡി.,യും നിരീക്ഷിച്ചതുപോലെ: “ബഹുഭൂരിപക്ഷം . . . വെളുത്തവരും കറുത്തവരുമായ ചെറുപ്പക്കാർ തങ്ങൾ മുൻവിധിയുള്ളവരായിരിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് സമ്മതിക്കുന്നു. എന്നാൽ അവർ മുൻകരുതലുള്ളവരായിരിക്കയും മിക്കപ്പോഴും പരസ്പരം സന്ദേഹം പ്രകടിപ്പിക്കയും ചെയ്യുന്നു. അവർ വർഗ്ഗീയ പരിധികൾ വിട്ട് അടുത്ത ബന്ധങ്ങൾ നട്ടുവളർത്തുകയാണെങ്കിൽ സ്നേഹിതരും മാതാപിതാക്കളും വിരോധികളായേക്കാമെന്നും അവർക്ക് അറിവുണ്ട്.” സമാനമായ വർഗ്ഗീയ സംഘർഷങ്ങൾ അനേകം ദേശങ്ങളിൽ നിലവിലുണ്ട്.
മററു വർഗ്ഗത്തിൽപെട്ട അംഗങ്ങളുടെയിടയിലായിരിക്കുമ്പോഴത്തെ അസ്വസ്ഥതയുടെ വികാരങ്ങൾ മുൻവിധി തെററാണെന്ന് പഠിപ്പിക്കപ്പെടുന്ന ക്രിസ്തീയ യുവാക്കളെയും ബാധിച്ചേക്കാം. മററു വർഗ്ഗങ്ങളോടുള്ള സഹവാസം പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നതൊ വർഗ്ഗീയ സംഘർഷങ്ങൾ മുററിനിൽക്കുന്നതൊ ആയ സ്ഥലത്തായിരിക്കാം അവർ ജീവിക്കുന്നത്. എന്നാൽ വർഗ്ഗീയ മുൻവിധിയുടെ വികാരങ്ങൾ ഉത്ഭവിക്കുന്നതെവിടെയാണ്?
വർഗ്ഗീയ മുൻവിധിയുടെ പ്രവർത്തനങ്ങൾ
മുൻവിധിയുണ്ടായിരിക്കയെന്നാൽ മുൻകൂട്ടി വിധിക്കുകയെന്നാണ് അർത്ഥം. അപ്രകാരം വർഗ്ഗീയമുൻവിധിയുള്ളയാൾ ഒരു വിസ്താരം കൂടാതെ മററുള്ളവരെ വിധിക്കുന്നു. ഒരു പ്രത്യേക വർഗ്ഗത്തിൽപ്പെട്ട ഏതെങ്കിലും അംഗത്തിന് സ്വതവേ അനഭിലഷണീയമായ ചില ശീലങ്ങളൊ ലക്ഷണങ്ങളൊ മനോഭാവങ്ങളൊ ഉണ്ടെന്ന് അയാൾ നിഗമനം ചെയ്യുന്നു. അയാളുടെ തോന്നലുകൾക്ക് വ്യക്തമായും വിപരീതമായ വസ്തുതകൾ ഗണ്യമാക്കാതെ പോലും അയാൾ തന്റെ മുൻവിധിയെ പോഷിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന് അയാൾ, ഒരു പ്രത്യേക ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും ‘മടിയൻമാരോ’ ‘ബുദ്ധിയില്ലാത്തവരോ’ ആണെന്ന് വിശ്വസിക്കുന്നു. ആ ഗ്രൂപ്പിൽപെട്ട പ്രയത്നശീലനോ—സമർത്ഥൻ പോലുമോ—ആയ ആരെയെങ്കിലും അഭിമുഖീകരിക്കുമ്പോൾ അയാൾ അത്തരം ആൾ ഒരു “അപവാദം” ആണെന്ന് നിഗമനം ചെയ്തേക്കാം. അയാൾ വ്യക്തിഗതമായ ഗുണങ്ങൾ സംബന്ധിച്ച് അന്ധനാണെന്നത് ഖേദകരമാണ്.
എന്നാൽ മുൻവിധി ജൻമസിദ്ധമല്ല. ദി എൻസൈക്ലോപീഡിയാ ഓഫ് ഹ്യൂമൻ ബിഹേവിയർ ഇപ്രകാരം പറയുന്നു: “ലോകവ്യാപകമായി നടത്തപ്പെട്ട നിരീക്ഷണങ്ങൾ, കുട്ടികൾ മററു വർഗ്ഗത്തിലെ അംഗങ്ങളോടൊത്ത് വിവേചനകൂടാതെ കളിക്കുകയും പ്രകടമായ ശാരീരിക വ്യത്യാസങ്ങൾ സംബന്ധിച്ച് ഒന്നുകിൽ ബോധമുള്ളവരല്ലാതിരിക്കുകയൊ അല്ലെങ്കിൽ അത് പ്രതീക്ഷിക്കുന്ന ഒന്നാണെന്നുള്ള വിധത്തിൽ അംഗീകരിക്കുകയോ ചെയ്യുന്നു എന്ന് കണ്ടെത്തി.” എൻസൈക്ലോപഡിയ ഇപ്രകാരം തുടരുന്നു: “മുൻവിധികൾ . . . മുഴുവനായും പഠനം മൂലമാണ്, പ്രാഥമികമായി മററാളുകളുമായുള്ള കൂട്ടുപ്രവർത്തനങ്ങൾമൂലം ആർജ്ജിക്കയും ചെയ്യുന്നു.” മാതാപിതാക്കളും അദ്ധ്യാപകരും സമപ്രായക്കാരും വർഗ്ഗീയമുൻവിധികൾ കടത്തിവിടുന്നതിന് കാരണക്കാരാണെന്ന് തോന്നുന്നു. ചിലപ്പോൾ മററു വർഗ്ഗത്തിലെ അംഗങ്ങളുമായുണ്ടാകുന്ന അപ്രീതികരമായ ഏററുമുട്ടലുകൾ ഈ മുൻവിധിയെ പരിപോഷിപ്പിക്കുന്നതിന് ഇടയാക്കുന്നു.
അതുകൊണ്ട് നമ്മിലനേകരും മുൻവിധിപരമായ മനോഭാവങ്ങളും വീക്ഷണങ്ങളും അറിയാതെ സ്വീകരിച്ചിരിക്കുന്നു. ഈ കാര്യത്തിൽ തന്റെ വികാരങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കുന്നതിന് ഒരുവൻ യഥാർത്ഥത്തിൽ കുറെ ആത്മപരിശോധന നടത്തേണ്ടത് മിക്കപ്പോഴും ആവശ്യമാണ്. ദൃഷ്ടാന്തത്തിന് നിങ്ങൾക്ക് മററു വർഗ്ഗങ്ങളിൽപെട്ട സ്നേഹിതർ ഉണ്ടായിരിക്കാം. എന്നാൽ നിങ്ങൾ അവരുടെ അസാന്നിദ്ധ്യത്തിൽ വിലയിടിക്കുന്നതും വർഗ്ഗീയോൻമുഖവുമായ വിമർശനങ്ങൾ നടത്തുമോ? ഈ സ്നേഹിതരുമായി സംസാരിക്കുമ്പോൾ ഒരുപക്ഷേ വർഗ്ഗീയ വ്യത്യാസങ്ങൾ സംബന്ധിച്ച് എപ്പോഴും ആവർത്തിച്ച് വിവരിച്ചുകൊണ്ടോ അരസികവും വിലയിടിക്കുന്നതുമായ തമാശകൾ പറഞ്ഞുകൊണ്ടോ വർഗ്ഗീയപ്രശ്നത്തെ മുൻപന്തിയിൽ നിർത്തുന്നുവോ? ദി നേച്ചർ ഓഫ് പ്രിജുഡിസ് എന്ന പുസ്തകം പ്രസ്താവിക്കുന്നു: “തമാശകൾ സൗഹാർദ്ദപരമെന്ന് തോന്നുമ്പോൾപോലും അവക്ക് ചിലപ്പോൾ യഥാർത്ഥ ശത്രുതയെ മറച്ചുവെക്കാൻ കഴിയും.” അതിലുമധികമായി, മററു വർഗ്ഗത്തിൽപെട്ട കൂട്ടുകാരുമായി പരസ്യസ്ഥലത്ത് കാണപ്പെടുന്നത് നിങ്ങൾ മോശവും അസുഖകരവുമായി വിചാരിക്കുന്നുണ്ടോ? നിങ്ങൾ സ്വതവേ മററു വർഗ്ഗത്തിലെ അംഗങ്ങൾക്ക് ചില പ്രത്യേക വാസനകളോ—വൈകല്യങ്ങളോ ഉണ്ടെന്ന് സങ്കല്പിക്കുന്നുണ്ടോ?
“അത്തരം വിചാരങ്ങൾ ഉള്ളതുകൊണ്ട് ഞാൻ എന്നോടുതന്നേ വളരെയധികം കോപിഷ്ടനാകുന്നു, എന്നാൽ എങ്ങനെയെങ്കിലും എനിക്ക് അവയെ ശമിപ്പിക്കുന്നതിന് കഴിയുന്നില്ല,” എന്ന് തന്റെ മുൻവിധികളെ സത്യസന്ധമായി അഭിമുഖീകരിച്ച ഒരു യുവാവ് വിലപിച്ചു.
വർഗ്ഗത്തെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം
എന്നാൽ ആ പ്രശ്നം അംഗീകരിക്കുന്നത് അത് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു വലിയ പടിയാണ്. അത് ദൈവം വിവിധ വർഗ്ഗങ്ങളെ വീക്ഷിക്കുന്നതെപ്രകാരമാണെന്ന് ഗ്രഹിക്കാനും സഹായിക്കും. ദൃഷ്ടാന്തത്തിന്, ഒന്നാം നൂററാണ്ടിൽ വികാസം പ്രാപിച്ച ഒരു സാഹചര്യം പരിചിന്തിക്കുക. യഹൂദൻമാരുടെയും പുറജാതികളുടെയും ഇടയിൽ തങ്ങിനിന്നിരുന്ന വർഗ്ഗീയ സംഘർഷം ക്രിസ്തീയ സഭയെ ബാധിച്ചു. ഒരവസരത്തിൽ അപ്പോസ്തലനായ പത്രോസ് കേവലം സമ്മർദ്ദത്തിനു വഴങ്ങി പുറജാതീയ ക്രിസ്ത്യാനികളോടൊത്ത് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചുകൊണ്ടുപോലും അവരിൽനിന്ന് “പിൻമാറുകയും തന്നേത്തന്നെ വേർപെടുത്തുകയും ചെയ്തു!” അപ്പോസ്തലനായ പൗലോസ് ഇതു അറിഞ്ഞപ്പോൾ അവൻ പത്രോസിനോട് അനുകമ്പ വിചാരിച്ചില്ല. പകരം അവൻ, “അവനിൽ കുററം കണ്ടതിനാൽ അവനോട് അഭിമുഖമായി ചെറുത്തുനിന്നു.” വർഗ്ഗീയ മുൻവിധി ക്രിസ്ത്യാനികളുടെയിടയിൽ പൊറുപ്പിക്കേണ്ടതല്ലായിരുന്നു! പൗലോസിന്റെ വാക്കുകളിൽ, “ദൈവം മമനുഷ്യന്റെ ബാഹ്യപ്രകൃതിയാൽ നയിക്കപ്പെടുന്നില്ല.”—ഗലാത്യർ 2:6, 11-14.
പ്രവൃത്തികൾ 10:34, 35-ൽ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ദൈവം മുഖപക്ഷമുള്ളവനല്ല, എന്നാൽ ഏതു ജനതയിലും അവനെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്ന മനുഷ്യൻ അവന് സ്വീകാര്യനാണ്.” ഒരു പ്രത്യേക വർഗ്ഗത്തിന് നിങ്ങളുടേതിൽനിന്ന് വ്യത്യസ്തമായ തൊലിയുടെ നിറമോ മുഖലക്ഷണങ്ങളോ തലമുടിയുടെ രീതിയോ ഉണ്ടായിരുന്നേക്കാമെന്നത് സത്യംതന്നെ. എന്നാൽ ദൈവം “ഒരു മനുഷ്യനിൽ നിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി”യതിനാൽ വർഗ്ഗങ്ങൾക്കിടയിലെ അത്ഭുതകരമായ വൈവിധ്യം ദൈവത്തിന്റെ പ്രവൃത്തിയാണ്! (പ്രവൃത്തികൾ 17:26) അതു കൂടാതെ, ദൈവം വർഗ്ഗങ്ങൾതോറും വ്യത്യസ്തമായിരിക്കുന്ന എല്ലാ ആഹാരത്തെയും സംഗീതത്തെയും വസ്ത്രധാരണരീതിയെയും സംസാരത്തെയും, ആചാരത്തെയും കുററംവിധിക്കുന്നില്ല. അപ്രകാരം അപ്പോസ്തലനായ പൗലോസ് യഹൂദേതരരുടെയിടയിൽ വേലചെയ്തപ്പോൾ അവൻ അവരുടെ ശീലങ്ങളെ—നിസംശയമായും പലതും അവന്റെ യഹൂദ വളർത്തലിന് വിപരിതമായിരുന്നെങ്കിലും—അവജ്ഞയോടെ വീക്ഷിച്ചില്ല. പൗലോസ് പറയുന്നു: “നിയമമില്ലാത്തവർക്ക് [യഹൂദേതരർ] ഞാൻ നിയമമില്ലാത്തവനേപ്പോലെ [അവരുടെ ആചാരങ്ങളോട് ആദരവു കാണിച്ചുകൊണ്ട്] ആയി.”—1 കൊരിന്ത്യർ 9:21.
അതുകൊണ്ട് വ്യത്യസ്ത വർഗ്ഗങ്ങളിൽപെട്ട ആളുകളോട് വെറുപ്പൊ വിദ്വേഷമൊ വെച്ചുപുലർത്തുന്ന ഒരുവന് കേവലം ദൈവത്തിനു പ്രസാദമുള്ളവനായിരിക്കാൻ കഴിയുകയില്ല!
വികാരങ്ങളെ തരണം ചെയ്യൽ
എന്നിരുന്നാലും, ഒരുവൻ ദീർഘകാലമായി വെച്ചുപുലർത്തുന്ന വികാരങ്ങൾ മാററുന്നത് എളുപ്പമല്ല. ഒരു ഉററ സ്നേഹിതനുമായോ മാതാപിതാക്കളുമായോ കാര്യം ചർച്ചചെയ്യുന്നത് സഹായകമായേക്കാം. അത് മററുള്ളവരോടുള്ള നിങ്ങളുടെ പെരുമാററത്തെ “വിശാലമാക്കാൻ” ഉള്ള ബൈബിളിന്റെ ബുദ്ധിയുപദേശം പിൻപററുന്നതിനും സഹായിച്ചേക്കാം. (2 കൊരിന്ത്യർ 6:12, 13) സാദ്ധ്യമെങ്കിൽ, നിങ്ങളുടെതന്നേ വർഗ്ഗത്തിലും സംസ്കാരത്തിലും സാമൂഹ്യനിലവാരത്തിലുമുള്ള ആളുകളോടുള്ള നിങ്ങളുടെ സഹവാസം പരിമിതപ്പെടുത്തരുത്. ദി എൻസൈക്ലോപീഡിയ ഓഫ് ഹ്യൂമൻ ബിഹേവിയർ ഇപ്രകാരം പറയുന്നു: “സഹവാസവും ആശയവിനിമയവും വ്യക്തികളെ പരസ്പരം അറിയുകയും വിലമതിക്കുകയും ചെയ്യുന്നതിനും ക്രമേണ അവരുടെ പരസ്പരമുള്ള മനോഭാവങ്ങൾ മാറുന്നതിനും സാധ്യമാക്കിത്തീർക്കുന്നു.”
മുഖ്യമായും വെള്ളക്കാരുടേതായ ഒരു പട്ടണത്തിൽ ജീവിച്ചിരുന്ന ക്രിസ് എന്നു പേരായ ഒരു ചെറുപ്പക്കാരൻ ഇതു സത്യമെന്ന് കണ്ടെത്തി. “ഞാൻ മുൻവിധിയുള്ളവനായി വളർത്തപ്പെട്ടിരുന്നില്ല,” ക്രിസ് പറയുന്നു. “എന്നാൽ ഞാൻ സെക്കണ്ടറി സ്കൂളിൽ എത്തിയപ്പോൾ എല്ലായ്പോഴും കറുത്ത കുട്ടികളാൽ അവഹേളിക്കപ്പെട്ടിരുന്നു. അവരെല്ലാം കുഴപ്പക്കാരാണെന്ന വിചാരം ഞാൻ വളർത്തി. ഞാൻ അവരെ ഭയപ്പെട്ടു വളർന്നു. അവർ ജീവിച്ചിരുന്ന പട്ടണത്തിന്റെ ഭാഗം തികച്ചും മോശമായിരുന്നതിനാൽ കറുത്തവരെല്ലാം മടിയൻമാരായിരിക്കുമെന്ന് ഞാൻ നിഗമനം ചെയ്തു.”
എന്നാൽ ക്രിസ് യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. കാര്യം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം ഗ്രഹിച്ചപ്പോൾ കറുത്തവരോടുള്ള അയാളുടെ വീക്ഷണവും മൃദുലപ്പെടാൻ തുടങ്ങി. പിന്നീട് ക്രിസ് ന്യൂയോർക്കിൽ ബ്രൂക്ക്ളിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്ത് സേവിക്കാൻ തുടങ്ങി, വർഗ്ഗീയമായി മിശ്രിതമായ ഒരു സഭയിലേക്ക് നിയമിക്കപ്പെടുകയും ചെയ്തു. “ഞാൻ ഇപ്പോൾ പ്രശ്നത്തോട് മുഖാമുഖം വന്നു. എന്നാൽ ഞാൻ അവരുടെ ഭവനങ്ങൾ സന്ദർശിക്കുകയും അവരോടൊത്ത് ഭക്ഷണം കഴിക്കുകയും ചെയ്യാൻ തുടങ്ങി.” ഈ സഹവാസത്തിന്റെ ഫലം ആരോഗ്യാവഹമായിരുന്നു. “അവർ മറെറല്ലാവരേയുംപോലെതന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.”
ഉവ്വ്, ക്രിസ്തീയസഭ “സകല ജാതികളിലെയും വംശങ്ങളിലെയും ജനങ്ങളിലെയും ഭാഷകളിലെയും” ആളുകൾ ചേർന്നുള്ളതാണ്. (വെളിപ്പാട് 7:9) അവരിൽ ചിലരെ പരിചയപ്പെടുക. അവർ വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ളവരായിരുന്നിട്ടും ദൈവത്തിനു പ്രസാദകരമായ ഒരു വിധത്തിൽ ഐക്യത്തിൽ പ്രവർത്തിക്കുന്നതിന് ക്രമീകരിക്കുന്നതെങ്ങനെയെന്ന് നിരീക്ഷിക്കുക. ആളുകളെ ഗ്രൂപ്പുകളിലെ അംഗങ്ങളായി വീക്ഷിക്കുന്നത് നിർത്തുക; ‘ഓരോരുത്തൻ അവനവന്റെ സ്വന്തം പ്രവൃത്തി എന്തെന്ന് തെളിയിക്കാൻ അനുവദിച്ചുകൊണ്ട്’ അവരെ വ്യക്തികളായി കാണുക. (ഗലാത്യർ 6:4) നിങ്ങൾതന്നേ ആയിരിക്കയും സ്വർണ്ണപ്രമാണം ബാധകമാക്കുകയും ചെയ്യുക: “മററുള്ളവർ നിങ്ങളോട് പെരുമാറാൻ നിങ്ങൾ ഇഷ്ടപ്പെടുന്ന വിധത്തിൽ നിങ്ങൾ അവരോട് എല്ലായ്പ്പോഴും പെരുമാറുക.” (മത്തായി 7:12, ദി ജറുശലേം ബൈബിൾ) നിങ്ങളിൽ ശ്രേഷ്ഠതയുടെ വികാരങ്ങൾ പൊങ്ങിവരുന്നെങ്കിൽ, ‘മററുള്ളവരെ നിങ്ങളേക്കാൾ ശ്രേഷ്ഠരായി പരിഗണിക്കുന്നതിനു’ള്ള ബൈബിളിന്റെ ബുദ്ധിയുപദേശം ബാധകമാക്കാൻ പ്രാർത്ഥനാപൂർവം പരിശ്രമിക്കുക.—ഫിലിപ്പിയർ 2:3.
തീർച്ചയായും, നിങ്ങളുടെ നിഷേധാത്മക വീക്ഷണങ്ങൾ ഒററ രാത്രികൊണ്ട് ഉടലെടുത്തില്ല, അതുപോലെ അവ ഒററ രാത്രികൊണ്ട് അപ്രത്യക്ഷമാകയുമില്ല. എന്നാൽ കാലംകൊണ്ടും നിരന്തരമായ കഠിനപ്രയത്നംകൊണ്ടും മുൻവിധിയുടെ വികാരങ്ങളെ തരണംചെയ്യാൻ കഴിയും. (g88 11/8)
[28-ാം പേജിലെ ചതുരം]
കറുത്തവർഗ്ഗം ശപിക്കപ്പെട്ടതോ?
ദൈവം കറുത്തവർഗ്ഗത്തെ ശപിച്ചിരുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് ചിലർ തങ്ങളുടെ മുൻവിധിയെ നീതീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും, അത്തരത്തിലുള്ള യാതൊരു ശാപവും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. ഉല്പ്പത്തി 9:25, “കനാൻ ശപിക്കപ്പെട്ടവൻ. അവൻ തന്റെ സഹോദരൻമാർക്ക് ഏററവും അധമനായ അടിമയായിത്തീരട്ടെ” എന്ന് പറയുന്നു എന്നത് സത്യംതന്നെ. എന്നിരുന്നാലും മിക്കപ്പോഴും ഉദ്ധരിക്കുന്ന ആ വാക്യത്തിൽ തൊലിയുടെ നിറം സംബന്ധിച്ച് ഒന്നുംതന്നേ പറയുന്നില്ല. കൂടാതെ, തെളിവനുസരിച്ച് കറുത്തവർഗ്ഗം കനാന്റെ ഒരു സഹോദരനായിരുന്ന കൂശിൽനിന്നായിരുന്നു ഉത്ഭവിച്ചത്. (ഉല്പ്പത്തി 10:6, 7; “പുതിയലോകഭാഷാന്തരം റഫറൻസ് ബൈബിളി”ലെ യെശയ്യാവ് 43:3-ന്റെ അടിക്കുറിപ്പിൽ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയെ പരാമർശിക്കുന്നതിന് കൂശ് എന്ന പേര് ഉപയോഗിച്ചിരിക്കുന്നത് കാണുക.) കനാന്റെ പിൻഗാമികൾ തെളിവനുസരിച്ച് ധവളപ്രഭമായ തൊലിയുള്ളവരാണ്—കറുത്തതല്ല.