ബൈബിളിന്റെ വീക്ഷണം
ജാലവിദ്യ അഭ്യസിക്കുന്നതിൽ അപകടമുണ്ടോ?
‘ജാലവിദ്യയുടെ മാസ്മരതയിൽ അന്തരീക്ഷം തുടികൊള്ളുന്നു. പെട്ടെന്നു ചെണ്ടയുടെ നാദം നിശ്ശബ്ദതയെ ഭേദിക്കുന്നു. യൂണിഫോമുകൾ ധരിച്ചു തോക്കുകൾ ഏന്തിയ രണ്ടു മനുഷ്യരിൽ എല്ലാ കണ്ണുകളും ഏകാഗ്രമാകുന്നു. വളരെ ആഡംബരത്തോടെ വസ്ത്രാലങ്കാരം ചെയ്തിരിക്കുന്ന ചൈനീസ് മാന്ത്രികന്റെ നേർക്ക് തോക്കുകൾ തോളോളം ഉയർത്തി അവർ ഉന്നം പിടിക്കുന്നു. തന്റെ വക്ഷസിനു മുമ്പിലായി അയാൾ ഒരു ചൈനാ പ്ലേററ് പിടിക്കുന്നു. തോക്കുകൾ തീ തുപ്പിക്കൊണ്ടു ഗർജിക്കുന്നു. തൽക്ഷണം മാന്ത്രികൻ നിലത്തേക്കു വീണു, ഭയങ്കരമായി രക്തം വാർന്നൊഴുകുന്നു. വെടിയുണ്ട പിടിച്ചെടുക്കുന്ന മാസ്മരവിദ്യ ഒരു അത്യാഹിതമായി മാറുന്നു.’ തോക്കുകളിൽ ഒന്നിലെ യന്ത്രസംവിധാനത്തിന്റെ തകരാറ് വെടിയുണ്ട തെറിച്ചുവന്നു മാന്ത്രികന്റെ വക്ഷസിൽ തുളച്ചുകയറാൻ ഇടയാക്കി. ഹെൻട്രി ഗോർഡന്റെ മാന്ത്രികലോകം എന്ന പുസ്തകം അപ്രകാരം വിവരിക്കുന്നു.
ജീവൻ എന്ന ദാനത്തിന്റെ എന്തൊരു പാഴാക്കൽ—എല്ലാം ഉദ്വേഗത്തിനും വിസ്മയത്തിനും അത്തരം മായാജാലത്തോടൊപ്പം ലഭിക്കുന്ന ആസ്വാദനത്തിനും വേണ്ടി മാത്രം. അങ്ങനെയാണോ നിങ്ങൾ പ്രതികരിക്കുന്നത്? അല്ലെങ്കിൽ, അത്തരമൊരു പരിപാടി സ്റേറജിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാഹസത്തിന്റെ ഒരു ഭാഗം മാത്രമാണ് അത് എന്നാണോ നിങ്ങൾക്കു തോന്നുന്നത്? നിങ്ങളുടെ പ്രതികരണം എന്തായിരുന്നാലും ഈ മായാജാലം പരാജയപ്പെട്ടപ്പോൾ അതിന്റെ അപകടം മാരകമായിരുന്നു. ജാലവിദ്യ ചെയ്യുന്നതുമായി ബന്ധപ്പെട്ടു കുറെക്കൂടെ ഗൂഢമായ അപകടം പതിയിരിപ്പുണ്ടോ? ഉത്തരത്തിനായി ഈ പ്രാചീന കലയുടെ വേരുകളിലേക്കു നമുക്കൊന്ന് എത്തിനോക്കാം.
ജാലവിദ്യയുടെ സ്വാധീനം ചരിത്രത്തിലുടനീളം
ചരിത്രത്തിന്റെ ഉദയംമുതൽ ഇന്ദ്രജാലത്തിന്റെ നിഗൂഢതയാൽ മനുഷ്യൻ ജിജ്ഞാസുവാകയും അതിനാൽ വഞ്ചിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. “ജാലവിദ്യ” എന്നതിന്റെ ഇംഗ്ലീഷ് പദമായ ‘മാജിക്’ അത്തരം പ്രവർത്തനങ്ങളിൽ വൈദഗ്ധ്യം നേടിയ ഒരു പ്രാചീന പേർഷ്യൻ പുരോഹിതവർഗമായ “മേജൈ” എന്ന പേരിൽനിന്നു വന്നിട്ടുള്ളതാണ്. അതിന്റെ ഏററവും അടിസ്ഥാന അർഥത്തിൽ മമനുഷ്യന്റെ ആജ്ഞാനുവർത്തിയായി അവനെ സേവിക്കാൻ പ്രകൃതിയിലുള്ളതും പ്രകൃതാതീവും ആയ ശക്തികളെ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമമാണു ജാലവിദ്യ. പൊ.യു.മു. [പൊതുയുഗത്തിനുമുമ്പ്] 18-ാം നൂററാണ്ടിലെ ഈജിപ്ററിൽ മാന്ത്രികരായ പുരോഹിതൻമാർ ഉണ്ടായിരുന്നു. പൊ.യു.മു. എട്ടാം നൂററാണ്ടിൽ ബാബിലോണിയയിലെ പുരാതന കൽദയരുടെ മതത്തിലും ജാലവിദ്യ ഒരു പ്രമുഖ പങ്കു വഹിച്ചു. (ഉല്പത്തി 41:8, 24; യെശയ്യാവ് 47:12-14; ദാനീയേൽ 2:27; 4:7) ഈ സ്വാധീനം പുരാതന ഗ്രീക്കുകാരുടെയും റോമാക്കാരുടെയും ഇടയിൽ മധ്യയുഗങ്ങളിലുടനീളവും നമ്മുടെ 20-ാം നൂററാണ്ടുവരെയും നിലനിന്നുപോന്നു.
വ്യത്യസ്തതരം ജാലവിദ്യകളെ പലവിധങ്ങളിൽ തരംതിരിക്കാവുന്നതാണ്. മാന്ത്രികൻ (The Magician) എന്ന തന്റെ പുസ്തകത്തിൽ റോബർട്ട് എ. സ്റെറബിൻസ് ജാലവിദ്യയെ മൂന്നു വിഭാഗങ്ങളായി തരംതിരിക്കുന്നു.
മൂന്നുതരം ജാലവിദ്യ
നിഗൂഢ ജാലവിദ്യ “ആത്മവിദ്യയുടെ ഒരു പ്രകടന”മാണ്. “സാമാന്യ അറിവിനും ശാസ്ത്രീയ വിജ്ഞാനത്തിനും വിരുദ്ധമായ സംഭവങ്ങൾ അല്ലെങ്കിൽ പ്രക്രിയകൾ യഥാർഥം അഥവാ വാസ്തവികം” ആണെന്ന് അത് അവകാശപ്പെടുന്നു. “നിഗൂഢ ജാലവിദ്യ ആഭിചാരത്തിന്റെയും . . . മന്ത്രവാദത്തിന്റെയും രസവിദ്യയുടെയും, ചില സാഹചര്യങ്ങളിൽ മതത്തിന്റെയും സേവികയാണ്.”
ചൂഷക ജാലവിദ്യ “ചെയ്യുന്നവർ അതുകൊണ്ടു തങ്ങളുടെ സ്വന്തം നേട്ടത്തിനായി യാഥാർഥ്യത്തെ ഗ്രഹിക്കാനുള്ള കാഴ്ചക്കാരുടെ ശക്തിയെ വഞ്ചിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നു.” തങ്ങൾ ആളുകളെ വഞ്ചിക്കുകയാണെന്ന് അവർക്കറിയാം, എന്നാൽ സ്റെറബിൻസ് പറയുന്നതനുസരിച്ച്, “ജാലവിദ്യ കാണുന്നവരെ മററു പ്രകാരത്തിൽ വിശ്വസിക്കാൻ അവർ പ്രോത്സാഹിപ്പിക്കുന്നു—മാന്ത്രികൻമാർ എന്നനിലയ്ക്കു തങ്ങൾക്കു പ്രകൃതാതീത കഴിവുകൾ ഉണ്ടെന്ന് അഥവാ അങ്ങനെയുള്ള ആത്മവ്യക്തികളുമായി അവർക്കു പ്രത്യേക ബന്ധങ്ങൾ ഉണ്ടെന്നു വിശ്വസിക്കാൻ അവർ മററുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു.”
വിനോദ ജാലവിദ്യ ജിജ്ഞാസ ജനിപ്പിക്കുന്ന വഞ്ചനയിലൂടെ വിസ്മയം ഉളവാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇതിൽ അടിസ്ഥാനപരവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതും ആയ അഞ്ച് രീതികൾ ഉണ്ട്: “സ്റേറജിൽ അവതരിപ്പിക്കുന്ന മായാജാലം, അടച്ചുകെട്ടിനുള്ളിൽ ചെറിയൊരു സദസ്സിനു പ്രദർശിപ്പിക്കുന്ന മായാജാലം, ചെപ്പടിവിദ്യ, മാസ്മരവിദ്യ, മാനസികവിദ്യ തുടങ്ങിയവ.”
ക്രിസ്ത്യാനികൾക്ക് അപകടമുണ്ടോ?
നിഗൂഢ ജാലവിദ്യതന്നെ നമുക്ക് ആദ്യം നോക്കാം. നിഗൂഢ ജാലവിദ്യ പല വിധത്തിൽ നടത്തപ്പെടുന്നു. ദൃഷ്ടാന്തത്തിന്, “ദുർ”മന്ത്രവാദവും “സദ്”മന്ത്രവാദവും ചെയ്യുന്ന സാത്താന്യ ആരാധകർ ഉണ്ട്. ഒരുവന്റെ ശത്രുക്കൾക്ക് ഉപദ്രവം ചെയ്യാൻ മന്ത്രങ്ങളും പ്രത്യേക ശാപവചനങ്ങളും ഉരുവിടുന്നതും കരിങ്കണ്ണു പ്രയോഗിക്കുന്നതും “ദുർ”മന്ത്രവാദത്തിൽ ഉൾപ്പെടുന്നു. എന്നാൽ “സദ്”മന്ത്രവാദം മന്ത്രവാദത്തെ തകർത്തുകൊണ്ടും ശാപവചനങ്ങളെ ഇല്ലാതാക്കിക്കൊണ്ടും നല്ല ഫലങ്ങൾ ഉളവാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ്. എന്നാൽ ഇവ രണ്ടും ആത്മവിദ്യയുടെ അഥവാ നിഗൂഢതയുടെ രൂപങ്ങളാണ്. നല്ല വിളവെടുപ്പു കിട്ടാനോ ഒരു കായിക മത്സരത്തിൽ വിജയിക്കാൻ ശ്രമിക്കുന്നതിനുപോലുമോ നിഗൂഢ ജാലവിദ്യ ചിലപ്പോൾ ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും, ഇത്തരം ആത്മവിദ്യാപരമായ ജാലവിദ്യയെക്കുറിച്ചു ബൈബിൾ തുറന്നു പറയുന്നു: “ആഭിചാരം ചെയ്യരുതു; മുഹൂർത്തം നോക്കരുതു.”—ലേവ്യപുസ്തകം 19:26; ആവർത്തനപുസ്തകം 18:9-14; പ്രവൃത്തികൾ 19:18, 19.
ചൂഷക ജാലവിദ്യയിൽ അപകടം എവിടെയാണു പതിയിരിക്കുന്നത്? പേരെടുത്തു പറഞ്ഞാൽ കൈനോട്ടക്കാരും ഭാവി പറയുന്നവരും വിശ്വാസരോഗശാന്തി വരുത്തുന്നവരും തങ്ങളുടെ സ്വന്തം താത്പര്യങ്ങളെ ഉന്നമിപ്പിക്കാൻ ചൂഷക ജാലവിദ്യ ഉപയോഗിക്കുന്നവരാണ്. അവരുടെ തൊഴിലിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഒരു ഭോഷ്കനുസരിച്ചല്ലേ അവർ ജീവിക്കുന്നത്? ദൈവവചനം ഇങ്ങനെ പറയുന്നു: “മോഷ്ടിക്കരുതു; ചതിക്കരുതു; ഒരുത്തനോടു ഒരുത്തൻ ഭോഷ്കു പറയരുത്.”—ലേവ്യപുസ്തകം 19:11.
ദി എൻസൈക്ലോപീഡിയ അമേരിക്കാന ഇപ്രകാരം പറയുന്നു: “ചില സന്ദർഭങ്ങളിൽ മാന്ത്രിക പ്രവർത്തനങ്ങൾ ആത്മാക്കളെ നിർബന്ധപൂർവം വിളിച്ചുവരുത്താൻ ഉതകിയേക്കാം.” അത്തരമൊരു പ്രവർത്തന മണ്ഡലത്തിൽ പരോക്ഷമായി തലയിട്ടുകൊണ്ടു ഭൂതാത്മാക്കളിൽനിന്നു കുഴപ്പം ക്ഷണിച്ചു വരുത്താൻ നാം ആഗ്രഹിക്കുന്നുവോ? അവസരം കിട്ടിയാൽ ഭൂതങ്ങൾക്കു നമ്മെ മുതലെടുക്കാൻ കഴിയും, അവ മുതലെടുക്കുകയും ചെയ്യും. അവ ‘സൗകര്യപ്രദമായ സമയ’ത്തിനുവേണ്ടി കാത്തിരിക്കുന്നു, തങ്ങളുടെ ശ്രമങ്ങളിൽ അക്ഷീണം പ്രവർത്തിക്കുന്നവരുമാണവർ.—ലൂക്കൊസ് 4:13; യാക്കോബ് 1:14.
വഞ്ചനയും മാസ്മരവിദ്യയും എന്ന കലയിലെ വിദഗ്ധൻ പിശാചായ സാത്താനല്ലാതെ മററാരുമല്ല. ഏദെൻ തോട്ടത്തിൽ ഒരു മനുഷ്യവ്യക്തിയുടെ മുമ്പാകെ തന്റെ ആദ്യ പ്രകടനം കാഴ്ചവച്ചതുമുതൽ ഈ കല അവൻ പ്രയോഗിച്ചുകൊണ്ടാണിരിക്കുന്നത്. (ഉല്പത്തി 3:1-19) അവനെപ്പോലെയായിരിക്കാൻ ഏതു ക്രിസ്ത്യാനിയാണ് ആഗ്രഹിക്കുക? പകരം “ദൈവത്തെ അനുകരി”ക്കാനും “ദൈവത്തിനു കീഴട”ങ്ങാനും “പിശാചിനോടു എതിർത്തുനില്പാ”നും ക്രിസ്ത്യാനികൾ ബുദ്ധ്യുപദേശിക്കപ്പെട്ടിരിക്കുന്നു.—എഫെസ്യർ 5:1; യാക്കോബ് 4:7.
എന്നിരുന്നാലും, “ജാലവിദ്യ” എന്ന പദത്തെ വിനോദത്തോടു പലരും ബന്ധിപ്പിക്കുന്നു. കരങ്ങൾ കണ്ണുകളെക്കാൾ വേഗം ചലിക്കുമെന്ന സംഗതി മനസ്സിൽ വച്ചുകൊണ്ട് ഒരു വ്യക്തി കൈകൊണ്ടു കൺകെട്ട് (കയ്യടക്കം) കാട്ടിയേക്കാം. ഇതിനു ബൈബിൾപരമായ യാതൊരു എതിർപ്പുമില്ല. എന്നാൽ ആത്മവിദ്യാപരമായ മായാജാലത്തിന്റെ ഒരു തോന്നൽ ഉണ്ടെങ്കിൽ, ഏതെങ്കിലും പ്രകൃതാതീതമോ വിശദീകരിക്കാനാവാത്തതോ ആയ ശക്തി താൻ അവകാശപ്പെടുത്തുന്നു എന്ന ഒരു തോന്നൽ ഉളവാക്കാൻ ഒരു ക്രിസ്ത്യാനി എപ്പോഴെങ്കിലും ആഗ്രഹിക്കുമോ? “മാന്ത്രിക” പരിപാടികൊണ്ടു മററുള്ളവർക്കു തെററായ ഒരു ധാരണ നൽകുന്നെങ്കിൽ അവരെ ഇടറിക്കാതിരിക്കാൻവേണ്ടി അത്തരം വിനോദം ഉപേക്ഷിച്ചുകളയാൻ ഒരു ക്രിസ്ത്യാനി ആഗ്രഹിക്കുകയില്ലേ? (1 കൊരിന്ത്യർ 10:29, 31-33) കൂടാതെ, ഏറെ മുന്നോട്ടു പോയി മാന്ത്രിക കലകളിൽ കൂടുതൽ ആമഗ്നനാകാൻ ഒരു വ്യക്തി പ്രലോഭിപ്പിക്കപ്പെടുന്നതിന്റെ അപകടവും ഉണ്ട്.
അതുകൊണ്ട് ആത്മവിദ്യയോടു സ്പഷ്ടമായി ബന്ധപ്പെട്ട മാന്ത്രികവിദ്യയുടെ കാര്യത്തിൽ സത്യക്രിസ്ത്യാനികൾ ജ്ഞാനപൂർവം അതു ചെയ്യാതിരിക്കുന്നു. അതിനെക്കാളുപരി ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും—ജോലിയോ കളികളോ വിനോദമോ ഉൾപ്പെട്ടിരുന്നാലും—അയാൾ ദൈവത്തിനെതിരെയോ മനുഷ്യനെതിരെയോ തെററു ചെയ്യാൻ അനുവദിക്കാത്ത “ഒരു നല്ല മനസ്സാക്ഷി പിടിച്ചുകൊള്ളാ”ൻ ആഗ്രഹിക്കും.—1 പത്രൊസ് 3:16; പ്രവൃത്തികൾ 24:16, NW. (g93 9/8)
[24-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
ദ ബെററ്മാൻ ആർക്കൈവ്