മന്ത്രവാദത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ആധുനികകാല മന്ത്രവാദത്തെ നിർവചിക്കുക ദുഷ്കരമാണ്. അത് ചെയ്യുന്നവർ പല തരക്കാരാണ് എന്നതാണു കാരണം. തങ്ങളുടെ വിശ്വാസത്തെ ഏകീകരിക്കുന്ന ഒരു കേന്ദ്ര അധികാരമോ ഉപദേശമോ വിശുദ്ധ ഗ്രന്ഥമോ അവർക്കില്ല. അവരുടെ പാരമ്പര്യവും സംഘടനയും അനുഷ്ഠാനവും ഏതു ദൈവത്തെ ആരാധിക്കണം എന്ന അഭിപ്രായവും എല്ലാം വ്യത്യസ്തങ്ങളാണ്. ഒരു എഴുത്തുകാരി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മാന്ത്രികരുടെ ഗുപ്ത ലോകം ഒരു വ്യക്തിക്ക് ആശയങ്ങളുടെ ‘സ്വതന്ത്ര കമ്പോളം’ പ്രദാനം ചെയ്യുന്നു.” മറ്റൊരു ഗ്രന്ഥകാരി പറയുന്നു: “മിക്ക നവപുറജാതീയരും എല്ലാ കാര്യത്തിലും വിയോജിപ്പുള്ളവരാണ്.”
പലരെയും സംബന്ധിച്ചിടത്തോളം വൈരുദ്ധ്യം ഉളവാക്കുന്ന സംഗതികൾ ഒരു പ്രശ്നമേയല്ല. പുരോഗമനേച്ഛയുള്ള മന്ത്രവാദിനികൾക്കു വേണ്ടിയുള്ള ഒരു ഗൈഡ്ബുക്ക് ഇങ്ങനെ പ്രസ്താവിക്കുന്നു: “പരസ്പര വിരുദ്ധങ്ങളായ വിവരങ്ങൾ നിങ്ങളുടെ മുന്നിലുള്ളപ്പോൾ, അവ പരിശോധിച്ചുനോക്കി ഏതു പിൻപറ്റണം എന്നു തീരുമാനിക്കുക. നിങ്ങളുടെ ആന്തരിക ബോധ്യത്തിനു ചെവി കൊടുക്കുക. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അനുഷ്ഠാനങ്ങളെ കുറിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങളിൽ നിന്നും അനുഷ്ഠാന പാഠപുസ്തകങ്ങളിൽ നിന്നും നിങ്ങൾക്കു ശരിയെന്നു തോന്നുന്നത് യഥേഷ്ടം തിരഞ്ഞെടുക്കുക.”
സത്യത്തിനു പ്രാധാന്യം കൽപ്പിക്കുന്നവരെ സംബന്ധിച്ചിടത്തോളം, പരസ്പര വിരുദ്ധങ്ങളായ സംഗതികൾ ഒരു പ്രശ്നം തന്നെയാണ്. സത്യം വസ്തുതയാണ്, അതു യാഥാർഥ്യമാണ്. ഒരു സംഗതി സത്യമാണെന്ന് ഒരാൾക്കു തോന്നുന്നതു കൊണ്ടോ അയാൾ പ്രത്യാശിക്കുന്നതു കൊണ്ടോ വിശ്വസിക്കുന്നതു കൊണ്ടോ അതു സത്യമായിരിക്കണമെന്നില്ല. ഉദാഹരണത്തിന്, ജീവനുള്ള ഒരു കോഴിയെ രണ്ടായി മുറിച്ച് അവ രോഗിയുടെ നെഞ്ചത്ത് വെച്ചാൽ ന്യൂമോണിയ മാറിക്കിട്ടുമെന്ന് ഒരുകാലത്തു ഡോക്ടർമാർ വിശ്വസിച്ചിരുന്നു. നിസ്സംശയമായും, ഈ ചികിത്സ തങ്ങളെ സുഖപ്പെടുത്തുമെന്നു നിരവധി രോഗികളും ആത്മാർഥമായി വിശ്വസിച്ചിരുന്നു. എന്നിരുന്നാലും, അവരുടെ വിശ്വാസങ്ങളും പ്രതീക്ഷകളും വസ്തുതയ്ക്കു നിരക്കുന്നതായിരുന്നില്ല. അത്തരം രീതികൾ കൊണ്ടൊന്നും ന്യൂമോണിയ ഭേദമാകുകയില്ല. ആളുകൾ സത്യം സൃഷ്ടിക്കുന്നില്ല; എന്നാൽ അതു കണ്ടെത്തുന്നതേ ഉള്ളൂ.
ആത്മീയ കാര്യങ്ങളെ കുറിച്ചുള്ള സത്യം ബൈബിളിൽ അടങ്ങിയിരിക്കുന്നതായി ബൈബിൾതന്നെ അവകാശപ്പെടുന്നു. ഭൂമിയിൽ ആയിരുന്നപ്പോൾ തന്റെ പിതാവിനോടുള്ള പ്രാർഥനയിൽ യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “നിന്റെ വചനം സത്യം ആകുന്നു.” (യോഹന്നാൻ 17:17) പൗലൊസ് അപ്പൊസ്തലൻ ഇപ്രകാരം എഴുതി: ‘എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകുന്നു.’ (2 തിമൊഥെയൊസ് 3:16) മന്ത്രവാദം നടത്തുന്ന പലരും അതുമായി യോജിക്കുന്നില്ല. പകരം, പ്രചോദനത്തിനും മാർഗനിർദേശത്തിനുമായി അവർ നോക്കുന്നത് കെട്ടുകഥകളിലേക്കും പ്രാചീന മതങ്ങളിലേക്കും ശാസ്ത്ര കൽപ്പിത കഥകളിലേക്കുമാണ്. അപ്പോൾ, ബൈബിൾ പറയുന്നതു പരിചിന്തിക്കുന്നതു ന്യായയുക്തമല്ലേ? എന്താണെങ്കിലും, അത് സാർവത്രികമായി ഒരു വിശുദ്ധ ഗ്രന്ഥം എന്ന നിലയിൽ അറിയപ്പെടുന്നു. ഇന്നുവരെ ഉള്ള മതപാഠപുസ്തകങ്ങളിൽ ഏറ്റവും പഴക്കമുള്ളതും അതാണ്. 1,600-ലധികം വർഷങ്ങൾ വരുന്ന ഒരു കാലഘട്ടം കൊണ്ടാണു ബൈബിൾ എഴുതപ്പെട്ടത്. എങ്കിലും, അതിൽ അടങ്ങിയിരിക്കുന്ന ഉപദേശങ്ങൾ പരസ്പര യോജിപ്പ് ഉള്ളവയാണ്. മന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർ പൊതുവെ വിശ്വസിക്കുന്ന ചില കാര്യങ്ങളുമായി ബൈബിൾ പഠിപ്പിക്കലുകളെ നമുക്കൊന്നു താരതമ്യം ചെയ്യാം.
ആത്മമണ്ഡലത്തിൽ വസിക്കുന്നത് ആർ?
ആത്മീയ ഗ്രാഹ്യത്തിനായുള്ള അന്വേഷണത്തിൽ ഉയർന്നുവന്നേക്കാവുന്ന ഒരു അടിസ്ഥാന ചോദ്യം ഇതാണ്, ആരാണ് ആത്മലോകത്തിൽ വസിക്കുന്നത്? ഇന്നുള്ള മിക്ക മന്ത്രവാദികളും പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ബഹുദൈവ വിശ്വാസികളാണ്. അതേസമയം, കന്യക, മാതാവ്, വൃദ്ധ എന്നിങ്ങനെ മൂന്നു ധർമങ്ങൾ ഉൾപ്പെടുന്ന അടിസ്ഥാന ജീവിതഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന മാതാവും ദേവിയുമായി കരുതപ്പെടുന്ന ഒരുവളെയാണ് ചിലർ ആരാധിക്കുന്നത്. അവളുടെ കാമുകൻ കൊമ്പുകളുള്ള ഒരു ദേവനാണ്. മന്ത്രവാദം ചെയ്യുന്ന മറ്റു ചിലർ ഒരു ദേവനെയും ദേവിയെയും ഒന്നിച്ച് ആരാധിക്കുന്നു. “ദേവിയും ദേവനും പ്രകൃതിയിലെ സ്ത്രൈണവും പൗരുഷവുമായ ശക്തികളുടെ ഒരു പ്രകടനമായാണു കാണപ്പെടുന്നത്” എന്ന് ഒരു എഴുത്തുകാരൻ പറയുന്നു. “അതുല്യ ഗുണങ്ങൾ [ഉള്ള] അവർ രണ്ടു പേരും ഒന്നുചേരുന്നത് സൃഷ്ടിയിൽ കലാശിക്കുന്നു.” മറ്റൊരു ഗ്രന്ഥകാരി ഇങ്ങനെ എഴുതുന്നു: “നിങ്ങൾക്ക് ഇഷ്ടമുള്ള ദേവീ-ദേവന്മാരെ തിരഞ്ഞെടുക്കാം എന്നതാണ് മന്ത്രവാദത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു സംഗതി. . . . നിങ്ങളുടെ ഇഷ്ടദേവന്മാരെ തിരഞ്ഞെടുത്ത് ആരാധിക്കാനുള്ള സ്വാതന്ത്ര്യം മന്ത്രവാദത്തിലുണ്ട്.”
ഈ ആശയങ്ങളെയൊന്നും ബൈബിൾ പിന്താങ്ങുന്നില്ല. “ഏകസത്യദൈവമായ” യഹോവയെ കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കാനാണ് യേശുക്രിസ്തു തന്റെ ശുശ്രൂഷയിലുടനീളം ശ്രമിച്ചത്. (യോഹന്നാൻ 17:3) ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ. ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ.”—1 ദിനവൃത്താന്തം 16:25, 26.
പിശാചിന്റെ കാര്യമോ? ഒരു നിഘണ്ടു മന്ത്രവാദത്തെ നിർവചിക്കുന്നത് “പിശാചുമായുള്ള ആശയവിനിമയം” എന്നാണ്. ഈ നിർവചനത്തോടു യോജിക്കുന്ന ഏതെങ്കിലും മന്ത്രവാദിയെ ഇന്നു കണ്ടെത്തുക ദുഷ്കരമായിരിക്കും. കാരണം, പിശാചായ സാത്താൻ ഉണ്ടെന്നു പോലും അവരിൽ പലരും അംഗീകരിക്കുന്നില്ല. “അയർലൻഡിലെ മന്ത്രവാദിനികളിൽ ഏറ്റവും പ്രമുഖ” എന്ന് ദി ഐറിഷ് ടൈംസ് വിശേഷിപ്പിച്ച ഒരു യുവസ്ത്രീ ഇങ്ങനെ വാദിക്കുന്നു: “പിശാചിൽ വിശ്വസിക്കുന്നു എന്നാൽ ക്രിസ്ത്യാനിത്വം സ്വീകരിക്കുന്നു എന്നാണ് അർഥം . . . ദൈവമുള്ള ഒരു പ്രപഞ്ചത്തിലേ [പിശാചിനു] വസിക്കാനാവൂ.”
പിശാച് ഉണ്ടെന്നു ബൈബിൾ സ്ഥിരീകരിക്കുന്നു. മാത്രമല്ല, ഭൂമിയിലെ കുഴപ്പങ്ങൾക്കും യാതനകൾക്കും കാരണക്കാരൻ അവനാണെന്നും അതു പറയുന്നു. (വെളിപ്പാടു 12:12) പിശാച് ഉണ്ടെന്നും നാം ശ്രദ്ധയുള്ളവർ അല്ലെങ്കിൽ അവന്റെ ഹിതം ചെയ്യാൻ ഇടയായേക്കാമെന്നും യേശു പ്രകടമാക്കി. ഉദാഹരണത്തിന്, ഒന്നാം നൂറ്റാണ്ടിലെ സ്വയനീതിക്കാരായ മതനേതാക്കന്മാർ, ഒരർഥത്തിൽ തങ്ങൾ ദൈവപുത്രന്മാർ ആണെന്നും തങ്ങൾ ചെയ്യുന്നത് ദൈവഹിതമാണെന്നും തറപ്പിച്ചു പറഞ്ഞിരുന്നു. അവരുടെ ഹൃദയങ്ങളിൽ എന്താണെന്നു മനസ്സിലാക്കാൻ കഴിഞ്ഞ യേശു അവരുടെ പ്രസ്താവന കള്ളമാണെന്നു തിരിച്ചറിഞ്ഞു. അവൻ അവരോട് ഇങ്ങനെ തുറന്നു പറഞ്ഞു: “നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു.” (യോഹന്നാൻ 8:44) മാത്രമല്ല, പിശാച് “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന”തായും വെളിപ്പാടു എന്ന ബൈബിൾ പുസ്തകം പ്രസ്താവിക്കുന്നു.—വെളിപ്പാടു 12:9.
ചിലതരം മന്ത്രവാദങ്ങൾ പ്രയോജനപ്രദമോ?
തീർച്ചയായും, മന്ത്രവാദവുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് ജാലവിദ്യ.a മന്ത്രവാദികൾ മന്ത്രം ചെയ്യുന്നത് മറ്റുള്ളവരെ ദ്രോഹിക്കാനാണെന്നു പണ്ടുള്ള പലരും വിശ്വസിച്ചിരുന്നു, ഇന്നും അങ്ങനെ വിശ്വസിക്കുന്നവർ ഉണ്ട്. മാന്ത്രികവിദ്യയിലൂടെ കടുത്ത വേദന വരുത്താനോ ആളുകളെ കൊല്ലാൻ പോലുമോ ഉള്ള ശക്തി മന്ത്രവാദികൾക്ക് ഉള്ളതായി കരുതപ്പെടുന്നു. രോഗം, മരണം, വിളനാശം എന്നിങ്ങനെയുള്ള എല്ലാത്തരം ദൗർഭാഗ്യങ്ങൾക്കും പരമ്പരാഗതമായി മന്ത്രവാദികളെ കുറ്റപ്പെടുത്തിയിരുന്നു.
മന്ത്രവാദികൾ ഇന്ന് അത്തരം ആരോപണങ്ങൾ ശക്തമായി നിഷേധിക്കുന്നു. തിന്മ പ്രവർത്തിക്കുന്ന ദുർമന്ത്രവാദികൾ ചിലയിടങ്ങളിൽ ഉണ്ടെങ്കിലും തങ്ങൾ മന്ത്രവാദം ചെയ്യുന്നത് ദ്രോഹിക്കാനല്ല, പിന്നെയോ സഹായിക്കാനാണ് എന്ന് മിക്ക മന്ത്രവാദികളും തറപ്പിച്ചു പറയുന്നു. മന്ത്രവാദത്തിന്റെ ഫലങ്ങൾ അതു പ്രയോഗിക്കുന്നവരുടെമേൽ മൂന്നിരട്ടിയായി ഉണ്ടാകുമെന്നത് ഹാനികരമായ വിധത്തിൽ അത് ഉപയോഗിക്കാതിരിക്കാനുള്ള ഒരു പ്രേരണാഘടകമായി വർത്തിക്കുന്നുവെന്നു ചില മന്ത്രവാദികൾ പഠിപ്പിക്കുന്നു. മന്ത്രവാദത്തിന്റെ നല്ല ഫലങ്ങൾ എന്ന് ആളുകൾ പൊതുവെ പറയുന്നതിൽ ആത്മസംരക്ഷണത്തിനും ഒരു വീട്ടിൽനിന്ന് മുൻതാമസക്കാരുടെ മോശമായ സ്വാധീനങ്ങൾ അകറ്റുന്നതിനും പ്രേമം നേടാനും രോഗസൗഖ്യത്തിനും ആയുരാരോഗ്യത്തിനും തൊഴിൽനഷ്ടം തടയുന്നതിനും പണസമ്പാദനത്തിനും മറ്റുമുള്ള മന്ത്രങ്ങൾ ഉൾപ്പെടുന്നു. മന്ത്രവാദത്തിന് അത്തരം ശക്തികൾ ഉള്ളതിനാൽ അതിനു ജനപ്രിയം ഏറിവരുന്നതിൽ അതിശയിക്കാനില്ല.
സദ്മന്ത്രവും ദുർമന്ത്രവും തമ്മിൽ ബൈബിൾ വ്യത്യാസം കൽപ്പിക്കുന്നില്ല. മോശെക്കു കൊടുത്ത ന്യായപ്രമാണത്തിൽ മന്ത്രവാദത്തെ കുറിച്ചുള്ള തന്റെ നിലപാടു ദൈവം വ്യക്തമാക്കി. അവൻ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ മന്ത്രവാദം ചെയ്യരുത്.’ (ലേവ്യപുസ്തകം 19:26, ഓശാന ബൈബിൾ) കൂടാതെ, നാം ബൈബിളിൽ ഇങ്ങനെയും വായിക്കുന്നു: “ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അഞ്ജനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.”—ആവർത്തനപുസ്തകം 18:10, 11.
യഹോവ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? പ്രയോജനപ്രദമായ എന്തെങ്കിലുമൊന്ന് നമുക്കു ലഭിക്കുന്നതു തടയുന്നതിന് വേണ്ടിയല്ല, മറിച്ച് അവൻ തന്റെ ജനമായ നമ്മെ സ്നേഹിക്കുകയും ഭയത്തിനും അന്ധവിശ്വാസത്തിനും അടിമകളാകാതിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. തങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾക്കായി തന്നെ സമീപിക്കാൻ അവൻ തന്റെ ദാസന്മാരെ ക്ഷണിക്കുന്നു. “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” അവൻ നൽകുന്നു. (യാക്കോബ് 1:17) യോഹന്നാൻ അപ്പൊസ്തലൻ സഹവിശ്വാസികൾക്ക് ഈ ഉറപ്പു നൽകി: “[ദൈവത്തിന്റെ] കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.”—1 യോഹന്നാൻ 3:22.
ദുഷ്ടാത്മാക്കളുടെ കാര്യമോ?
ദുഷ്ടാത്മാക്കൾ തീർച്ചയായും സ്ഥിതി ചെയ്യുന്നു എന്ന് ബൈബിൾ പറയുന്ന ആശയത്തോടു പല മന്ത്രവാദികളും യോജിക്കുന്നു. മന്ത്രവാദത്തിനു പ്രോത്സാഹനം നൽകുന്ന ഒരാൾ ഒരു ഉപന്യാസത്തിൽ ഇങ്ങനെ മുന്നറിയിപ്പു നൽകി: “ഭൂതങ്ങൾ ശരിക്കുമുള്ളവരാണ്: അവർ സ്ഥിതി ചെയ്യുന്നു, നമ്മുടേതിനു സമാന്തരമായ ഒരു അദൃശ്യ ലോകത്തിൽ ജീവിക്കുന്നവരാണ് അവർ. . . . ‘കുട്ടിപ്പിശാച്,’ ‘ദുഷ്ടാത്മാവ്,’ ‘ഭൂതം’ എന്നിങ്ങനെയുള്ള പദങ്ങൾ ശരിക്കും ഉചിതമാണ്. ഈ പിശാചുക്കൾ വളരെ ശക്തിയുള്ളവരാണ്. . . . അവരിൽ ഏറ്റവും ബുദ്ധിശക്തിയുള്ളവർ . . . (പ്രവേശിക്കാൻ ആരെങ്കിലും ഒരു മാർഗം തുറന്നുകൊടുക്കുന്നെങ്കിൽ) നമ്മുടെ ലോകത്തിൽ കടക്കാൻ കഴിവുള്ളവരാണ്. . . . അവർക്കു നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കാൻ കഴിയും . . . , നിങ്ങളുടെമേൽ ഒരളവുവരെ നിയന്ത്രണം ചെലുത്താനും. അതേ, ഭൂതബാധയെ കുറിച്ചുള്ള പഴങ്കഥകൾ പോലെതന്നെയാണ് ഇത്.”
ബൈബിൾ കാലങ്ങളിൽ, ഭൂതബാധയുടെ ഫലങ്ങൾ നാനാവിധം ആയിരുന്നു. ചിലർക്കു സംസാരശേഷി നഷ്ടമായി, ചിലർക്കു കാഴ്ചശക്തി നഷ്ടപ്പെട്ടു, ചിലർ ഭ്രാന്തരെപ്പോലെ പെരുമാറി, മറ്റു ചിലർക്കു മനുഷ്യാതീത ശക്തി ലഭിച്ചു. (മത്തായി 9:32; 12:22; 17:15, 18; മർക്കൊസ് 5:2-5; ലൂക്കൊസ് 8:29; 9:42; 11:14; പ്രവൃത്തികൾ 19:16) ഒരേസമയം ഒരു വ്യക്തിയിൽ ഒന്നിലധികം ഭൂതങ്ങൾ കയറിക്കൂടുമ്പോൾ അയാളുടെ അവസ്ഥ ഒന്നുകൂടി വഷളാകുമായിരുന്നു. (ലൂക്കൊസ് 8:2, 30) ആ സ്ഥിതിക്ക്, മന്ത്രവാദത്തിൽനിന്നും മറ്റു ഗൂഢവിദ്യാ പ്രയോഗങ്ങളിൽ നിന്നും അകന്നുനിൽക്കാൻ യഹോവ ആളുകൾക്കു മുന്നറിയിപ്പു നൽകുന്നത് നല്ല കാരണത്തോടെയാണ്.
സത്യാധിഷ്ഠിത മതം
മന്ത്രവാദം നിരുപദ്രവകരവും ഉപകാരപ്രദവും ഒരു പ്രകൃതിമതവുമായി തോന്നുന്നതിനാലാണ് ഇന്നു പലരും അതിലേക്ക് ആകർഷിക്കപ്പെടുന്നത്. ചില ജനസമൂഹങ്ങളിൽ അത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതേക്കുറിച്ച് ആളുകൾക്കു ഭയമില്ല. പകരം, അതിന് നിസ്സാര പ്രാധാന്യമേ പലപ്പോഴും നൽകാറുള്ളൂ. വിചിത്രമായ സംഗതികൾ പോലും പിൻപറ്റാൻ പലരെയും അനുവദിക്കുന്ന മതസഹിഷ്ണുതയുടെ ഒരു അന്തരീക്ഷത്തിൽ മന്ത്രവാദത്തിനു ഗണ്യമായ ആദരണീയത ലഭിച്ചിരിക്കുന്നു.
തീർച്ചയായും, മതമണ്ഡലം ഒരു കമ്പോളം ആയിത്തീർന്നിരിക്കുന്നു. അവിടെ ആളുകൾക്ക്, ഷൂസ് വാങ്ങുന്നതു പോലെ, തങ്ങളുടെ ആവശ്യങ്ങൾക്ക് ഇണങ്ങുന്ന ഒരു മതം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. നേരെ മറിച്ച്, രണ്ടു തിരഞ്ഞെടുപ്പുകളെ കുറിച്ചു മാത്രമേ യേശു സംസാരിച്ചുള്ളൂ. അവൻ ഇങ്ങനെ പറഞ്ഞു: “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.” (മത്തായി 7:13, 14) സ്വാഭാവികമായും നാം പോകേണ്ട മാർഗം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ആ തിരഞ്ഞെടുപ്പു വളരെ പ്രധാനമാണ്. കാരണം, നമ്മുടെ നിത്യക്ഷേമം അതിനോടു ബന്ധപ്പെട്ടിരിക്കുന്നു. ആത്മീയ പ്രബുദ്ധത കൈവരിക്കുന്നതിന് നാം സത്യത്തിന്റെ മാർഗം പിന്തുടരേണ്ടതുണ്ട്—ദൈവവചനമായ ബൈബിളിൽ മാത്രമേ ആ മാർഗം കണ്ടെത്താനാകൂ.
[അടിക്കുറിപ്പുകൾ]
a സ്റ്റേജിൽ അവതരിപ്പിക്കുന്ന ജാലവിദ്യയെ കുറിച്ചു വ്യത്യസ്ത വീക്ഷണങ്ങളാണു നിലവിലുള്ളത്. ഇതു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് 1993 ഡിസംബർ 8 ലക്കം ഉണരുക!യുടെ 23-ാം പേജിലുള്ള “ജാലവിദ്യ അഭ്യസിക്കുന്നതിൽ അപകടമുണ്ടോ?” എന്ന ലേഖനം കാണുക.
[5-ാം പേജിലെ തലവാചകം]
നിരുപദ്രവകരമായ ഒരു പ്രകൃതിമതമായിട്ടാണു പലരും ഇന്നു മന്ത്രവാദത്തെ കാണുന്നത്
[6-ാം പേജിലെ തലവാചകം]
മന്ത്രവാദം എല്ലായ്പോഴും ഗൂഢവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു
[6-ാം പേജിലെ തലവാചകം]
മന്ത്രവാദികൾ അറിയാതെതന്നെ പിശാചിന്റെ ഹിതമല്ലേ ചെയ്യുന്നത്?
[7-ാം പേജിലെ തലവാചകം]
സത്യമാർഗം ബൈബിൾ കാണിച്ചുതരുന്നു