ഏകാന്തത അറിയപ്പെടാത്ത ദണ്ഡനം
ആൾക്കൂട്ടത്തിനിടയിൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാൻ കഴിയുമോ? അത് അവരുടെ മുഖങ്ങളിൽ നിഴലിക്കുന്നുണ്ടോ? അവർ നിങ്ങളെ അഭിവാദനം ചെയ്യുമ്പോൾ അവരുടെ പുഞ്ചിരി അതിനെ മറച്ചുവയ്ക്കുന്നുണ്ടോ? അവരുടെ നടത്തം, ശരീരനില എന്നിവ നോക്കി നിങ്ങൾക്കു പറയാൻ കഴിയുമോ? പാർക്കിലെ ബെഞ്ചിൽ തനിച്ചിരിക്കുന്ന വൃദ്ധനെ അല്ലെങ്കിൽ ചിത്രാലയത്തിൽ ഒററയ്ക്കിരിക്കുന്ന യുവതിയെ ശ്രദ്ധിക്കുക—അവർ ഏകാന്തതയാൽ പീഡിപ്പിക്കപ്പെടുന്നവരാണോ? നടപ്പാതയിൽ ഉലാത്തിക്കൊണ്ടിരിക്കുന്ന അമ്മ, മകൾ, പേരക്കുട്ടി എന്നിവരെ നിരീക്ഷിക്കുക, മൂന്നു തലമുറകളെ പ്രതിനിധാനം ചെയ്യുന്ന അവർ ഒരുവിധം സന്തുഷ്ടരാണെന്നു തോന്നുന്നു, പക്ഷേ നിങ്ങൾക്കുറപ്പുണ്ടോ? നിങ്ങളുടെ സഹജോലിക്കാരെക്കുറിച്ചു ചിന്തിക്കുക. കരുതലുള്ള കുടുംബങ്ങളും തങ്ങളെ മാന്യമായി പോററാൻ മതിയായ വരുമാനവുമുള്ള സന്തുഷ്ടരായ ആളുകളായിട്ടായിരിക്കും നിങ്ങൾ അവരെക്കുറിച്ചു ധരിച്ചിരിക്കുന്നത്. എങ്കിൽപ്പോലും, “ഞാൻ ഏകാന്തനാണ്” എന്ന് അവരിലൊരാൾ വാസ്തവത്തിൽ പറയാൻ സാധ്യതയുണ്ടോ? സന്തുഷ്ടനായ, ഊർജസ്വലനായ ആ കൗമാരപ്രായക്കാരൻ ഏകാന്തനായിരിക്കാൻ എന്തു സാധ്യതകളാണുള്ളത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങളെ അമ്പരപ്പിച്ചേക്കാം.
“ഏകാന്തമായ” എന്നതിന്റെ ഇംഗ്ലീഷ് പദത്തെ (“Lonely”) “നിരുത്സാഹത്തിന്റെയോ ഒററപ്പെട്ട അവസ്ഥയുടെയോ ഒരു തോന്നൽ ഉളവാക്കുന്ന” എന്നു വെബ്സ്റേറഴ്സ് നയന്ത് ന്യൂ കൊളീജിയേററ് ഡിക്ഷണറി നിർവചിക്കുന്നു. അത് എന്തോ നഷ്ടമാകുന്നു എന്നതിന്റെ, ഉള്ളിലെ ഒരു ശൂന്യതയുടെ ഒരു തോന്നലാണ്, ഒരുവന്റെ ബാഹ്യമായ പ്രത്യക്ഷതയാൽ അത് എപ്പോഴും തിരിച്ചറിയാവുന്നതല്ല. ഒരു ഗവേഷക ഇപ്രകാരം പറയുന്നു: “നമ്മുടെ സമൂഹത്തിൽ, ചിലപ്പോൾ നമ്മിൽനിന്നുപോലും നാം മറച്ചുപിടിക്കുന്ന ഒരു രഹസ്യമാണ് ഏകാന്തത. ഏകാന്തതയ്ക്ക് അതിനോടു ബന്ധപ്പെട്ട ഒരു ദുഷ്പേരുണ്ട്. നിങ്ങൾ ഏകാന്തനാണെങ്കിൽ അതു നിങ്ങളുടെതന്നെ കുഴപ്പമാണെന്ന പൊതുവായ ഒരു ധാരണയുണ്ട്. അല്ലെങ്കിൽ, നിങ്ങൾക്കു തീർച്ചയായും ധാരാളം സ്നേഹിതർ ഉണ്ടായിരിക്കുമായിരുന്നു, ഇല്ലേ?” ചിലപ്പോൾ ഇതു സത്യമായിരിക്കാവുന്നതാണ്, പ്രത്യേകിച്ച് മററുള്ളവരിൽനിന്നു ന്യായമായതിൽ കൂടുതൽ നാം പ്രതീക്ഷിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നപക്ഷം.
ഏകാന്ത സ്ത്രീകൾ
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ—വിശേഷിച്ച് വിവാഹിതരായ സ്ത്രീകൾ—ജീവിതത്തിൽനിന്നു പുരുഷൻമാരെക്കാൾ കൂടുതൽ പ്രതീക്ഷിക്കുന്നു എന്നതിനോടു വിദഗ്ധരെല്ലാം യോജിക്കുന്നതായി തോന്നുന്നു. വിധവമാരും ഭർത്താക്കൻമാർ ഉപേക്ഷിച്ച സ്ത്രീകളും പ്രായംചെന്ന ഏകാകികളായ സ്ത്രീകളും ചിലപ്പോൾ ഏകാന്തരാണെന്നതു മനസ്സിലാക്കാവുന്നതാണ്. എന്നാൽ സന്തുഷ്ട വിവാഹജീവിതം നയിക്കുന്നവരെന്നു തോന്നുന്ന കുടുംബങ്ങളുള്ള സ്ത്രീകളെ സംബന്ധിച്ചെന്ത്? നാൽപ്പതു വയസ്സു പ്രായമുള്ള ഒരു സ്കൂൾ അധ്യാപികയുടെ ഈ പരിദേവനം കേൾക്കുക: “സ്നേഹിതർക്കുവേണ്ടി എനിക്കു സമയമില്ല; എനിക്കത് അങ്ങേയററം നഷ്ടമാകുന്നു. എന്നാൽ അതു പറയുന്നതുപോലും എനിക്കു വിഷമമാണ്. ഏകാന്തയായിരിക്കുന്നതിനെക്കുറിച്ച് എനിക്കെങ്ങനെ പരാതിപ്പെടാനാവും . . .? കാര്യം പറഞ്ഞാൽ എനിക്കു വളരെ നല്ല ഒരു വിവാഹജീവിതവും മിടുക്കരായ കുട്ടികളും മനോഹരമായ ഒരു ഭവനവും ഞാൻ ഇഷ്ടപ്പെടുന്ന ഒരു ജോലിയുമാണുള്ളത്. എന്റെ നേട്ടങ്ങളിൽ ഞാൻ അഭിമാനിയാണ്. പക്ഷേ, എന്തോ ഒരു കുറവുണ്ട്.”
സ്ത്രീകൾ തങ്ങളുടെ ഭർത്താക്കൻമാരെ വാസ്തവത്തിൽ സ്നേഹിക്കുകയും അവർക്ക് അർപ്പിതരായിരിക്കുകയും തങ്ങളുടെ ഇണകളിൽനിന്നു സമാനമായ പ്രതികരണം ലഭിക്കുകയും ചെയ്യുന്നെങ്കിൽപ്പോലും സഖിത്വത്തിനു വേണ്ടിയുള്ള അവരുടെ എല്ലാ ആവശ്യങ്ങളെയും അത്തരം സ്നേഹം അവശ്യം നിവർത്തിക്കുന്നില്ല. മേലുദ്ധരിച്ച സ്കൂൾ അധ്യാപിക വിശദീകരിക്കുന്നു: “എന്റെ ഉത്തമ സുഹൃത്തു ഭർത്താവാണെങ്കിലും നല്ല കൂട്ടുകാരികൾ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യത്തെ അതു പരിഹരിക്കുന്നില്ല. പുരുഷൻമാർ കേട്ടേക്കാം, എന്നാൽ സ്ത്രീകൾ ശ്രദ്ധിക്കുന്നു. ഞാൻ എത്രമാത്രം ആകുലയാണെന്നറിയാൻ എന്റെ ഭർത്താവ് ആഗ്രഹിക്കുന്നില്ല. എടുത്തുചാടി പ്രശ്നം പരിഹരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. എന്നാൽ എന്റെ കൂട്ടുകാരികൾ പ്രശ്നത്തെക്കുറിച്ചു സംസാരിക്കാൻ എന്നെ അനുവദിക്കും. ചിലപ്പോൾ എനിക്കൊന്നു സംസാരിക്കണമെന്നേയുള്ളു.”
മരണത്തിലൂടെയോ വിവാഹമോചനത്തിലൂടെയോ ഒരു സ്ത്രീക്കു പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെടുമ്പോൾ അവരുടെ വൈകാരിക സംഭ്രമം വലുതായിരുന്നേക്കാം. ഏകാന്തത ഉടലെടുക്കുന്നു. ദുഃഖിതയായ വിധവ അഥവാ ഭർത്താവ് ഉപേക്ഷിച്ചവൾ പിന്തുണയ്ക്കായി തന്റെ കുടുംബത്തിലേക്കും സ്നേഹിതരിലേക്കും മാത്രമല്ല, ആ പുതിയ യാഥാർഥ്യത്തോടു പൊരുത്തപ്പെടാൻ തന്റെ സ്വന്തം ശക്തിയിലേക്കും തിരിയേണ്ടതുണ്ട്. അവർക്കുണ്ടായ നഷ്ടം സദാ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുമെങ്കിലും ഊർജസ്വലമായ ഒരു ജീവിതം തുടരുന്നതിന് അത് അവർക്കു തടസ്സമായിത്തീരാൻ അനുവദിക്കാൻ പാടില്ലെന്ന് അവർ മനസ്സിലാക്കണം. ഏറെ ബലിഷ്ഠമായ വ്യക്തിത്വമുള്ളവർ മററുള്ളവരെക്കാൾ പെട്ടെന്നു തങ്ങളുടെ ഏകാന്തതയെ മിക്കപ്പോഴും തരണം ചെയ്തേക്കാമെന്നു വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.
വിധവയ്ക്കോ ഉപേക്ഷിക്കപ്പെട്ടവൾക്കോ—ആർക്കാണു കൂടുതൽ വേദനയുള്ളത് എന്നതിനെച്ചൊല്ലി അഭിപ്രായവ്യത്യാസമുണ്ട്. 50-നുമേൽ (50 Plus) എന്ന മാഗസിൻ ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “ഉപേക്ഷിക്കപ്പെട്ടവരെ ഞങ്ങളുടെ വിധവാസംഘങ്ങളിലേക്കു ഞങ്ങൾ ക്ഷണിക്കുമ്പോഴെല്ലാം ആരുടെ വേദനയാണു വലുത് എന്നതിനെച്ചൊല്ലി ഇരുപക്ഷവും ചൂടുപിടിച്ചു തർക്കിക്കാറുണ്ട്. വിധവയാകേണ്ടിവന്നവൾ ഇങ്ങനെ പറയുന്നു, ‘ഹേയ്, നിന്റെ ഇണ ജീവനോടെയെങ്കിലും ഇരിപ്പുണ്ടല്ലോ,’ അതേസമയം ഉപേക്ഷിക്കപ്പെട്ടവൾ ഇപ്രകാരം പറയുന്നു, ‘ഹേയ്, നീ എന്നെപ്പോലെ വ്യക്തിപരമായി ത്യജിക്കപ്പെട്ടില്ലല്ലോ. നിനക്കു പരാജയബോധമില്ല.’”
ഏകാന്ത പുരുഷൻമാർ
ഏകാന്തതയുടെ കാര്യത്തിൽ ഇരുലിംഗവർഗങ്ങളിലും വച്ചു കൂടുതൽ ശക്തരാണെന്നു പുരുഷൻമാർക്കു വീമ്പിളക്കാനാവില്ല. “പുരുഷൻമാർ വൈകാരികമായ ഒരു വിധത്തെക്കാൾ ശാരീരികമായ ഒരു വിധത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു” എന്നു ജോലിയിൽനിന്നു വിരമിച്ച വ്യക്തികളുടെ അമേരിക്കൻ സംഘടന (എഎആർപി)യുടെ ഇണ മരിച്ചുപോയ വ്യക്തികളുടെ സേവനവിഭാഗത്തിലെ പ്രോഗ്രാം സ്പെഷ്യലിസ്ററായ ആൻ സ്ററഡ്നെർ പറഞ്ഞു. “സ്ത്രീകൾ തങ്ങളുടെ വൈകാരിക വേദനയെക്കുറിച്ചു വാതോരാതെ പറയും, എന്നാൽ പുരുഷൻമാർ ദുഃഖത്തെ കൈകാര്യം ചെയ്യുന്നതിനുപകരം പുനർവിവാഹം ചെയ്യാൻ ഒരുമ്പെടും.” സന്തപ്തരായ പുരുഷൻമാർ തങ്ങളുടെ വികാരങ്ങൾ സാവധാനം ചർച്ച ചെയ്യാൻ തുടങ്ങുന്നതിനുമുമ്പു പുരുഷ ഉപദേഷ്ടാക്കൻമാർ അവരോടൊത്തു വളരെയധികം സമയം ചെലവഴിക്കേണ്ടി വന്നേക്കാം.
രഹസ്യങ്ങൾ തുറന്നു പറയാൻ സ്ത്രീകളിൽനിന്നു വ്യത്യസ്തമായി പുരുഷൻമാർ ഒരു പുരുഷനുപകരം ഒരു സ്ത്രീയുടെ സഖിത്വമാണു തേടാറുള്ളത് എന്നു വിദഗ്ധർ കണ്ടെത്തിയിരിക്കുന്നു. വൈകാരികമായി ബന്ധമുള്ളവരാണെന്നു തോന്നാൻ മാത്രം ആഴമായി ആണുങ്ങൾ പരസ്പരം രഹസ്യങ്ങൾ തുറന്നു പറയുന്നില്ല എന്നു റോച്ചസ്ററർ സർവകലാശാലയിൽ ഏകാന്തത സംബന്ധിച്ച ഒരു വിദഗ്ധനായ ഡോ. ലാഡ് വീലർ വെളിപ്പെടുത്തുന്നു. “ഭാര്യ നഷ്ടപ്പെട്ടശേഷം ആകുലതയുളവാക്കുന്ന ഒററപ്പെട്ട ഒരവസ്ഥയിൽനിന്നു രക്ഷപെടാനുള്ള ആവശ്യവും അനന്തരം ഒരു കൂട്ടുകാരിയോട് ആശയവിനിയമം നടത്താനുള്ള വ്യഗ്രതയും വൈധവ്യത്തിനോ വിവാഹമോചനത്തിനോ ശേഷം പുരുഷൻമാർ സാധാരണമായി സ്ത്രീകളെക്കാൾ വളരെ പെട്ടെന്നു പുനർവിവാഹം ചെയ്യുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കാൻ സഹായിക്കുന്നു.”—50-നുമേൽ മാഗസിൻ.
ഏകാന്തരായ ചെറുപ്പക്കാർ
കുട്ടികളും ചെറുപ്പക്കാരും ഏകാന്തരായിത്തീരുന്നതിന് ഒട്ടനവധി കാരണങ്ങളുണ്ട്—മിക്കപ്പോഴും മുതിർന്നവരെ ബാധിക്കുന്നതിനോടു സമാനമായ കാരണങ്ങൾ തന്നെ. സ്നേഹിതരെ പിരിഞ്ഞ് ഒരു പുതിയ സ്ഥലത്തേക്കുള്ള മാററം; ഒരു പുതിയ വിദ്യാലയത്തിൽ സഹപാഠികൾ ഇഷ്ടപ്പെടാതിരിക്കൽ; മതപരവും വംശീയവുമായ പശ്ചാത്തലങ്ങൾ; വീട്ടിലെ വിവാഹമോചനം; അച്ഛനമ്മമാർ സ്നേഹിക്കുന്നില്ലെന്ന തോന്നൽ; എതിർലിംഗവർഗത്തിൽപ്പെട്ടവരാലുള്ള നിരസനം—അത്തരം കാര്യങ്ങൾ ഏകാന്തതയ്ക്കു സംഭാവന നൽകുന്ന പ്രമുഖ ഘടകങ്ങളാണ്.
തങ്ങളുടെ കളികൾ പങ്കുവയ്ക്കാൻ കൊച്ചുകുട്ടികൾക്ക് ആരെങ്കിലും വേണം. അവർക്കു വൈകാരികമായ പിന്തുണയും ധാരണയും ആവശ്യമാണ്. അവർക്കു വാത്സല്യവും തങ്ങളുടെ മൂല്യം സംബന്ധിച്ച ഉറപ്പും ആവശ്യമാണ്. മററുള്ളവർ വിശ്വസ്തരും ആശ്രയയോഗ്യരുമാണെന്ന് അവർ അറിയേണ്ടതുണ്ട്. സ്നേഹിക്കപ്പെടുമ്പോൾ തങ്ങൾ സുരക്ഷിതരാണെന്ന് അവർക്കു തോന്നുകയും മററുള്ളവരോടു സ്നേഹം കാണിക്കാൻ അവർ പഠിക്കുകയും ചെയ്യുന്നു. ഈ സാമൂഹിക പിന്തുണകൾ വ്യത്യസ്തമായ ഉറവുകളിൽനിന്നു വന്നേക്കാം—കുടുംബങ്ങളിൽനിന്നും കൂട്ടുകാരിൽനിന്നും, ഓമന മൃഗങ്ങളിൽനിന്നു പോലും.
ഏററവും താഴ്ന്ന ക്ലാസ്സ് മുതൽ കോളെജ് വരെ വിദ്യാർഥി-വിദ്യാർഥിനികൾ മിക്കപ്പോഴും ഒരേ അളവിൽ ഏകാന്തത അനുഭവിക്കുന്നു, ഇതു പലപ്പോഴും ഉണ്ടാകുന്നതു തങ്ങളുടെ കൂട്ടുകാരാൽ അംഗീകരിക്കപ്പെടാതെ വരുമ്പോഴാണ്. “എനിക്കു സുഖം തോന്നുന്നില്ല, കാരണം ഞാൻ ഒററയ്ക്കാണ്, ആരോടും സംസാരിക്കുന്നുമില്ല” എന്ന് ഒരു ഹൈസ്കൂൾ വിദ്യാർഥിനി വിലപിച്ചു. “അധ്യാപകൻ പറയുന്നതു ഞാൻ ശ്രദ്ധിക്കുന്നു, എന്റെ ഗൃഹപാഠം ചെയ്യുന്നു, അത്രമാത്രം. ഒഴിവുസമയമുള്ളപ്പോൾ ഞാൻ വെറുതെയിരുന്ന് എന്തെങ്കിലും വരച്ചുകൊണ്ടിരിക്കും. എല്ലാവരും പരസ്പരം സംസാരിക്കുന്നു, എന്നാൽ ആരും എന്നോടു സംസാരിക്കുന്നില്ല. . . . അധികനാൾ മൗനിയായിരിക്കാനാവില്ലെന്ന് എനിക്കറിയാം. എന്നാൽ ഇപ്പോൾ അതു മാത്രമേ എനിക്കു ചെയ്യാൻ കഴിയൂ.”
എന്നിരുന്നാലും, എപ്പോഴും മററുള്ളവരുടെ അകൽച്ചയെയോ ഒററപ്പെടുത്തലിനെയോ സത്യസന്ധമായി പഴിചാരാൻ കഴിയില്ല. അങ്ങേയററം നാണിച്ചിരിക്കൽ, പെട്ടെന്നു ക്ഷോഭിക്കൽ, അമിതമായി ആവേശം കാണിക്കൽ, തന്റെ കൂട്ടുകാരുമായി ഒത്തുപോകുന്നതിലെ പ്രശ്നങ്ങൾ തുടങ്ങി ഒരു വ്യക്തിക്കു പെരുമാററസംബന്ധമോ സാമൂഹികമോ ആയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നേക്കാം. ശക്തരും തുറന്നിടപെടുന്നവരുമല്ലെങ്കിൽ ഏതു പ്രായത്തിലുമുള്ള യുവജനങ്ങൾ ഏകാന്തത അനുഭവിക്കാൻ ഇടയാക്കുന്നതിൽ ഒരു വൈകല്യത്തിനു നാശോൻമുഖമായ ഒരു പങ്കു വഹിക്കാൻ കഴിയും.
നിങ്ങളേത്തന്നെ സഹായിക്കേണ്ടതിന്റെ ആവശ്യകത
കാലിഫോർണിയ സ്റേറററ് ഫുളർട്ടണിലെ ആരോഗ്യോപദേഷ്ടാവായ ഡലോറസ് ഡെൽക്കോമ ഏകാന്തതയോടു പൊരുതുന്നതിൽ ഒരു വ്യക്തി ചെയ്യേണ്ട ശ്രമത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ ഒരു വലിയ സത്യം തിരിച്ചറിയിച്ചു: “ഉദ്യമം അയാളുടെ ഉള്ളിൽനിന്നുതന്നെ വരേണ്ടതുണ്ട്. സഹായിക്കാൻ മററാളുകൾ എത്രമാത്രം ശ്രമിച്ചാലും ഒടുവിൽ അയാൾ തന്റെ പ്രശ്നം മനസ്സിലാക്കേണ്ടതുണ്ട്, തന്റെ പുറന്തോടു പൊട്ടിച്ചു പുറത്തുവരാൻ കഴിയുന്ന ഒരേയൊരു വ്യക്തി അയാൾ മാത്രമാണ്.”
പൊരുത്തപ്പെടൽ തങ്ങൾക്കുതന്നെ പ്രയാസകരമാക്കിത്തീർക്കുന്ന വ്യക്തികളെ ഏകാന്തതയ്ക്കു ചായ്വുള്ള വ്യക്തിത്വങ്ങളായി ഡോ. വാരൻ ജോൺസ് തിരിച്ചറിയിച്ചു: “മററുള്ളവരോട് അടുപ്പം കാണിക്കുന്നതിൽനിന്നു തങ്ങളെ തടയുന്ന കാര്യങ്ങൾ ഇത്തരക്കാർ അബദ്ധവശാൽ ചെയ്തുകൂട്ടുന്നു. എങ്ങനെ ശ്രദ്ധിക്കണമെന്നു ചിലർക്കറിയില്ല, അവർ സംഭാഷണത്തിന്റെ കുത്തക ഏറെറടുക്കുന്നു. മററുള്ളവരെയും തങ്ങളേത്തന്നെയും വിമർശിക്കാൻ അവർ കൂടുതൽ പ്രവണത കാട്ടുന്നു; അവർ വളരെ കുറച്ചു ചോദ്യങ്ങളേ ചോദിക്കാറുള്ളു, മിക്കപ്പോഴും ഹീനമോ നിന്ദ്യമോ ആയ കാര്യങ്ങൾ പറഞ്ഞ് ഒരു സൗഹൃദം തച്ചുടയ്ക്കുകയും ചെയ്യുന്നു.”
ആത്മാഭിമാനമില്ലാത്ത അത്തരക്കാർക്കു പുറമേ മററുള്ളവരോട് ആശയവിനിയമം നടത്താൻ ആവശ്യമായ സാമൂഹിക പാടവമില്ലാത്ത ചിലരുമുണ്ട്. ചികിത്സകയായ ഇവ്ലൻ മോഷററ അവരെക്കുറിച്ച് ഇപ്രകാരം പറയുന്നു: “ഏകാന്തരായ ആളുകൾ തങ്ങളെക്കുറിച്ചു വളരെ നല്ലതു വിചാരിക്കുന്നില്ല. പിന്തള്ളപ്പെടുമെന്നു വിചാരിച്ചുകൊണ്ട് ആശയവിനിയമം നടത്താൻ അവർ മിനക്കെടാറില്ല.”
എന്നിരുന്നാലും, പരമ്പരാഗതമായ അറിവിനു വിരുദ്ധമായി വൃദ്ധരായ സ്ത്രീകളും പുരുഷൻമാരും യുവജനങ്ങളെക്കാൾ കുറച്ചു മാത്രമേ ഏകാന്തതയിൽനിന്നു ദുരിതമനുഭവിക്കുന്നുള്ളു എന്നു ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. എന്തുകൊണ്ടെന്ന് അവർക്കു തിട്ടമില്ല. വൃദ്ധരായവർ ഏകാന്തതയാൽ ദുരിതമനുഭവിക്കുന്നത് അധികവും ബന്ധുക്കൾ ഇല്ലാത്തതുകൊണ്ടല്ല, സ്നേഹിതർ ഇല്ലാത്തതുകൊണ്ടാണെന്ന് അവർ കണ്ടെത്തിയിരിക്കുന്നു. “വൃദ്ധജനങ്ങൾക്കു കുടുംബബന്ധങ്ങൾ അപ്രധാനമാണെന്നല്ല. അവർ സഹായത്തിനായി കുടുംബത്തിലേക്കു തിരിയുന്നു. എന്നാൽ അവരെ സഹായിക്കാൻ ധാരാളം കുടുംബങ്ങൾ ഉണ്ടായിരുന്നാലും സ്നേഹിതരില്ലെങ്കിൽ അപ്പോഴും അവർക്ക് ഏകാന്തത ഭയങ്കരമായി അനുഭവപ്പെടുന്നു.”
ഉററമിത്രങ്ങളുടെ ആവശ്യകത
ഏതു പ്രായത്തിലുള്ളവരെ സംബന്ധിച്ചും കുടുംബത്തിനും ബന്ധുക്കൾക്കും നിറവേററാൻ കഴിയുന്നതിനതീതമായ കാര്യങ്ങൾ ഉററമിത്രങ്ങൾ നിറവേററുന്നു. ആളുകൾക്ക് ഒരു സുഹൃത്ത് ആവശ്യമാണ്, ഒരു ഉററസുഹൃത്ത്, ഉപദ്രവഭീതി കൂടാതെ രഹസ്യങ്ങൾ തുറന്നു പറയാനും സ്വയം വെളിപ്പെടുത്താനും കഴിയുന്ന ഒരാൾ. അത്തരം ഒരു സുഹൃത്തില്ലാത്തപക്ഷം ഏകാന്തത വർധിക്കാനിടയുണ്ട്. അങ്ങനെയുള്ള ഒരു സുഹൃത്തിനെക്കുറിച്ചാണ് അമേരിക്കൻ ഉപന്യാസകർത്താവായ റാൽഫ് വാൾഡോ എമേഴ്സൺ ഇപ്രകാരം എഴുതിയത്: ‘ഒരു സുഹൃത്തിന്റെ മുമ്പാകെ എനിക്ക് ഉറക്കെ ചിന്തിക്കാൻ കഴിയും.’ ഒററിക്കൊടുക്കുമെന്ന ഭയമോ നിങ്ങളെ തരംതാഴ്ത്താൻ നിങ്ങളുടെ രഹസ്യങ്ങൾ ഉപയോഗപ്പെടുത്തുമെന്നോ മററുള്ളവർ നിങ്ങളെ പരിഹസിക്കാൻ ഇടയാക്കിയേക്കാമെന്നോ ഉള്ള ഉത്കണ്ഠയോ കൂടാതെ നിങ്ങളേത്തന്നെ പൂർണമായി വെളിപ്പെടുത്താൻ കഴിയുന്ന ഒരു രഹസ്യം സൂക്ഷിപ്പുകാരനാണ് അത്തരമൊരു വ്യക്തി. നിങ്ങൾ വിശ്വസ്ത സുഹൃത്തുക്കളായി കരുതിയിരുന്ന ചിലർ നിങ്ങളുടെ വിശ്വാസത്തിനൊത്ത് എല്ലായ്പോഴും ജീവിച്ചിട്ടില്ലായിരിക്കാം. എന്നാൽ “മറെറാരുവന്റെ രഹസ്യസംസാരത്തെ വെളിപ്പെടുത്താത്ത ഒരു സ്നേഹിതൻ ഉണ്ട്.” അവൻ “ഒരു സഹോദരനെക്കാൾ അടുത്തു പററിനിൽക്കുന്നു.”—സദൃശവാക്യങ്ങൾ 18:24; 25:9, NW.
കഠിനരും ആരുടെയും ആവശ്യമില്ലെന്നു നടിക്കാൻ ഇഷ്ടപ്പെടുന്നവരുമുണ്ട്. അവർ സ്വതന്ത്രരും സ്വയംപര്യാപ്തരുമാണെന്ന് അവകാശപ്പെടുന്നു. എന്നാൽ അവർ മിക്കപ്പോഴും മുഷ്കൻമാർ എന്നു വിളിക്കപ്പെടുന്നവരുടെ സംഘം ചേരുന്നു. കുട്ടികൾക്കു കൂട്ടുകെട്ടുകൾ ഉണ്ട്, അവർ ക്ലബ്ഭവനങ്ങൾ പണിയുകയും സംഘം ചേരുകയും ചെയ്യുന്നു; കുറേക്കൂടി മുതിർന്ന യുവജനങ്ങൾക്കു മോട്ടോർസൈക്കിൾ സംഘങ്ങളുണ്ട്; കുററവാളികൾക്കു രഹസ്യം വെളിപ്പെടുത്താത്ത ഉററചങ്ങാതിമാരുണ്ട്; മദ്യപാന പ്രശ്നങ്ങളുള്ളവർ ആസക്തിയെ തരണം ചെയ്യാൻ തങ്ങളെ സഹായിക്കുന്ന സംഘടനയിൽ ചേരുന്നു; അമിത തൂക്കമുള്ളവർ തടി കുറയ്ക്കാൻ തങ്ങളെ സഹായിക്കുന്ന സ്ഥാപനത്തിൽ ചേരുന്നു. ആളുകൾ ഒന്നിച്ചു വസിക്കാൻ പ്രവണതയുള്ളവരാണ്; അവർ പിന്തുണയ്ക്കായി സംഘം ചേരുന്നു. തങ്ങളുടെ ദുരിതാവസ്ഥയിൽപ്പോലും അവർ സഖിത്വം ഇഷ്ടപ്പെടുന്നു. അവർ ഒന്നടങ്കം ഏകാന്തതയെ വെറുക്കുന്നു. ഏകാന്തത സംബന്ധിച്ച് എന്തു ചെയ്യാൻ കഴിയും?
[5-ാം പേജിലെ ആകർഷകവാക്യം]
“ഏകാന്തരായ ആളുകൾ തങ്ങളെക്കുറിച്ചു വളരെ നല്ലതു വിചാരിക്കുന്നില്ല”