ഏകാന്തത നിങ്ങളുടെ ജീവിതത്തെ കാർന്നുതിന്നാൻ അനുവദിക്കരുത്
ഏകാന്തതയ്ക്ക് പ്രായമായവരുടെയും ചെറുപ്പക്കാരുടെയും ജീവിതത്തെ ഒരുപോലെ കാർന്നുതിന്നാൻ കഴിയും. “ഹൃദയത്തിൻമേൽ അമർന്നിരിക്കുന്ന ഒരു കല്ലുപോലെയാണ് ഏകാന്തത. . . . ഏകാന്തത നമ്മിൽ ശൂന്യതാബോധവും നിരാശയും ജനിപ്പിക്കുന്നു. അമ്മയില്ലാത്ത കുട്ടിയെപ്പോലെയും വളരെ വിശാലമായ, യാതൊരു കരുതലുമില്ലാത്ത ലോകത്തിൽ കൂട്ടം വിട്ടുപോയ ആടിനെപ്പോലെയും ഉള്ള തോന്നൽ ഏകാന്തത നമ്മിൽ ഉളവാക്കുന്നു” എന്ന് റെഡ്ബുക്ക് എന്ന മാഗസിനിൽ എഴുത്തുകാരനായ ജൂഡിത്ത് വ്യോഴ്സ്ററ് പറയുന്നു.—സെപ്ററംബർ 1991.
സുഹൃത്തുക്കളിൽനിന്നുള്ള വേർപാട്, അപരിചിതമായ ചുററുപാടുകൾ, വിവാഹമോചനം, മരണവിയോഗം അല്ലെങ്കിൽ ആശയവിനിമയത്തിലുണ്ടാകുന്ന വിഘ്നം എന്നിങ്ങനെ പലകാര്യങ്ങളും നിങ്ങളിൽ ഏകാന്തത ഉളവാക്കുന്നു. മററുള്ളവരുടെ മധ്യേപോലും ചിലർ കഠിനമായ ഏകാന്തത അനുഭവിക്കുന്നവരാണ്.
നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
ഏകാന്തത നിങ്ങളെ ബാധിക്കുമ്പോൾ നിങ്ങൾ കേവലം നിസ്സഹായനായി നിലകൊള്ളണമോ? നിങ്ങളെ പടിപടിയായി നശിപ്പിക്കുന്നതിൽനിന്ന് അല്ലെങ്കിൽ ജീവിക്കുന്നതിനുള്ള നിങ്ങളുടെ അഭിലാഷത്തെ വററിച്ചുകളയുന്നതിൽനിന്ന് ഏകാന്തതയെ തടഞ്ഞുനിർത്താൻ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനാകുമോ? തീർച്ചയായും നിങ്ങൾക്കതിനു കഴിയും. സഹായകമായ അനേകം ഉപദേശങ്ങൾ ലഭ്യമാണ്. കൂടാതെ, അനേകം നല്ല ബുദ്ധ്യുപദേശങ്ങൾ ദൈവവചനമായ ബൈബിളിൽ നൽകിയിരിക്കുന്നു. ഏകാന്തതയോടു പൊരുതുന്നതിന് നിങ്ങൾക്ക് ആവശ്യമായിരിക്കുന്നത് അത്തരം പ്രോത്സാഹനം മാത്രമായിരിക്കാം.—മത്തായി 11:28, 29.
ദൃഷ്ടാന്തത്തിന്, ഏതാണ്ട് 3,000 വർഷത്തിനുമുമ്പ് മധ്യപൂർവദേശത്തു ജീവിച്ചിരുന്ന രൂത്ത് എന്ന യുവതിയെക്കുറിച്ചു വായിക്കുന്നത് ആശ്വാസകരമായി നിങ്ങൾക്കു തോന്നിയേക്കാം. അവൾക്ക് ഏകാന്തത അനുഭവപ്പെടുന്നതിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. അവളുടെ ഭർത്താവ് മരിച്ചപ്പോൾ അപരിചിതമായ ചുററുപാടുകളിൽ താമസിക്കുന്നതിന് അവൾ അമ്മായിയമ്മയോടൊപ്പം ഇറങ്ങിത്തിരിച്ചു. (രൂത്ത് 2:11) അവൾ തന്റെ കുടുംബാംഗങ്ങളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ഒററപ്പെട്ട് ഒരു അന്യദേശത്ത് പരദേശിയെപ്പോലെ കഴിയുകയായിരുന്നു. എങ്കിൽപ്പോലും ഏകാന്തതയുടെ പിടിയിലാകാൻ അവൾ അനുവദിച്ചതായി ബൈബിളിൽ യാതൊരു സൂചനയുമില്ല. അവളുടെ കഥ നിങ്ങൾക്ക് രൂത്ത് എന്ന ബൈബിൾ പുസ്തകത്തിൽ വായിക്കാൻ കഴിയും.
രൂത്തിനെപ്പോലെ ഒരു ക്രിയാത്മക വീക്ഷണം നിങ്ങൾക്കുണ്ടായിരിക്കണം. കാര്യാദികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും നിങ്ങൾ ചിന്തിക്കുന്ന വിധത്തിന് ഏകാന്തതയെ ഊട്ടിവളർത്താൻ കഴിയും. ശക്തിക്ഷയം വരുത്തുന്ന ഒരു രോഗത്തിനിരയായ തന്റെ പിതാവിനെ നാലു വർഷം പരിരക്ഷിച്ച ആൻ ഇതു നേരാണെന്നു തെളിയിക്കുന്നു. അദ്ദേഹം മരിച്ചശേഷം അവൾക്ക് അത്യധികം ഏകാന്തത അനുഭവപ്പെട്ടു. “ശൂന്യസ്ഥലത്തു നിൽക്കുന്നപോലെ, ഒന്നിനും കൊള്ളാത്തവൾ ആയിരിക്കുന്നതുപോലെ—ആർക്കും മേലാൽ എന്നെ വേണ്ടാത്തപോലെ—എനിക്ക് അനുഭവപ്പെട്ടു എന്ന് അവൾ പറയുന്നു. “എന്നാൽ എന്റെ ജീവിതഗതിക്ക് ഇപ്പോൾ മാററം വന്നിരിക്കുന്നു. ആ വസ്തുതയെ ഞാൻ അഭിമുഖീകരിച്ചു. എനിക്കിപ്പോൾ ലഭ്യമായിട്ടുള്ള എല്ലാ അവസരങ്ങളും ഏററവും മെച്ചമായ രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ ഏകാന്തതയോടു പൊരുതാനാവൂ എന്ന് എനിക്കു ബോധ്യമായി.” ചിലപ്പോഴൊക്കെ സാഹചര്യങ്ങളെ മാററാൻ നിങ്ങൾക്കു കഴിഞ്ഞെന്നുവരില്ല. എന്നാൽ അവ സംബന്ധിച്ച മനോഭാവത്തിൽ ഒരുപക്ഷേ മാററം വരുത്താൻ നിങ്ങൾക്കു കഴിഞ്ഞേക്കും.
ഫലപ്രദമായ പ്രവർത്തനത്തിൽ തിരക്കുള്ളവരായിരിക്കുന്നത് സഹായകമാണെങ്കിലും ഏകാന്തതയോടു പൊരുതുന്നതിനുള്ള മാർഗം അതു മാത്രമല്ല. വിവാഹം കഴിഞ്ഞ് വെറും ആറു മാസങ്ങൾക്കുശേഷം വിധവയായിത്തീർന്ന ഐറീൻ തന്റെ കാര്യത്തിൽ ഈ സംഗതി ശരിയാണെന്നു കണ്ടെത്തി. “ഒട്ടും തിരക്കില്ലാതിരുന്നപ്പോൾ ഏകാന്തത എന്നെ ഭരിച്ചു. അതുകൊണ്ട് മററുള്ളവരുമായി ഇടപഴകുന്നതിലും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവരെ സഹായിക്കുന്നതിലും ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു” എന്ന് അവൾ പറയുന്നു. മററുള്ളവരെ സഹായിക്കുന്നത് സന്തുഷ്ടി കൈവരുത്തുന്നു, ഏകാന്തരായ ക്രിസ്ത്യാനികൾക്ക് കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ട്.—പ്രവൃത്തികൾ 20:35; 1 കൊരിന്ത്യർ 15:58.
സഹായിക്കാൻ സുഹൃത്തുക്കളെ അനുവദിക്കുക
“സുഹൃത്തുക്കളില്ലായ്മയുടെ മുറിവുകളാൽ” വേദന അനുഭവിക്കുന്നവരായി ഏകാന്തരായ കുട്ടികളെ ദ ന്യൂയോർക്ക് ടൈംസ് മാഗസിൻ വർണിക്കുന്നു. (ഏപ്രിൽ 28, 1991) ചെറുപ്പക്കാരും പ്രായംചെന്നവരുമായ അനേകം ഏകാന്തർ സുഹൃത്തുക്കളില്ലായ്മ അനുഭവിക്കുന്നു. അതുകൊണ്ട്, കരുതലുള്ള ക്രിസ്തീയ സഭ പ്രദാനംചെയ്യുന്ന യഥാർഥ സുഹൃദ്ബന്ധം ഉണ്ടായിരിക്കുക എന്നത് ഒരു യഥാർഥ നേട്ടമാണ്. സഭക്കുള്ളിലെ സുഹൃദ്വലയം വലുതാക്കാൻ കഠിനാധ്വാനം ചെയ്യുക. അവർക്കു കഴിയുന്ന രീതിയിലൊക്കെ നിങ്ങളെ സഹായിക്കാൻ അവരെ അനുവദിക്കുക. സുഹൃത്തുക്കളെക്കൊണ്ടുള്ള ഒരു ഉപയോഗം അതാണ്—പ്രയാസകരമായ സമയങ്ങളിൽ പിന്തുണ നൽകുക.—സദൃശവാക്യങ്ങൾ 17:17; 18:24.
വൈകാരിക വേദനയുടെ ഫലമായി നിങ്ങളെ സഹായിക്കുന്നതു സുഹൃത്തുക്കൾക്കു നിങ്ങൾ യഥാർഥത്തിൽ ദുഷ്കരമാക്കിത്തീർത്തേക്കാമെന്നു പ്രത്യേകം മനസ്സിൽ പിടിക്കുക. എങ്ങനെ? “ചർച്ചകളിൽ കുത്തകാവകാശം സ്ഥാപിക്കുകയോ അസഹ്യമോ അനുചിതമോ ആയ സംഗതികൾ പറയുകയോ ചെയ്തുകൊണ്ട് ഏകാന്തരായ ചിലർ . . . സുഹൃത്തുക്കളായിത്തീരാൻ സാധ്യതയുള്ളവരെ തടുക്കുന്നു” എന്ന് എഴുത്തുകാരനായ ജഫ്റി യങ് വിശദീകരിക്കുന്നു: “സ്ഥിരമായി ഏകാന്തത അനുഭവിക്കുന്നവർ ഒരു തരത്തിൽ അല്ലെങ്കിൽ മറെറാരു തരത്തിൽ ഉററബന്ധങ്ങളെ താറുമാറാക്കുന്നു.”—യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട്, സെപ്ററംബർ 17, 1984.
ചിലപ്പോഴൊക്കെ, മററുള്ളവരിൽനിന്ന് നിങ്ങളെതന്നെ ഒററപ്പെടുത്തിക്കൊണ്ട് നിങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കിയേക്കാം. 50-കളിൽ ജീവിക്കുന്ന പീററർ എന്ന വ്യക്തി അങ്ങനെ ചെയ്തു. ഭാര്യയുടെ മരണശേഷം അദ്ദേഹം മററുള്ളവരിൽനിന്ന് അകന്നുനിൽക്കാൻ തുടങ്ങി. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അദ്ദേഹം അവരുടെ സഹായം ആഗ്രഹിച്ചു. “കുറച്ചു ദിവസത്തേയ്ക്ക് മററുള്ളവരുടെ സഹവാസം ഞാൻ ഇഷ്ടപ്പെട്ടില്ല. കാലക്രമേണ മററുള്ളവരിൽനിന്ന് എന്നെതന്നെ ഒററപ്പെടുത്തിക്കൊണ്ടു ഞാൻ വളരെ ദൂരം പിന്നിട്ടതായി തിരിച്ചറിഞ്ഞു.” ഇത് അപകടകരമാണ്. ഏകാന്തതയുടെ നിമിഷങ്ങൾ ചിലപ്പോഴൊക്കെ പ്രയോജനപ്രദമാണെങ്കിലും ഒററപ്പെടുത്തുന്നത് ദ്രോഹകരമാണ്. (സദൃശവാക്യങ്ങൾ 18:1) പീററർ അതു തിരിച്ചറിഞ്ഞു. “ഒടുവിൽ ഞാൻ അതു തരണം ചെയ്തു. എന്റെ സാഹചര്യത്തെ ധൈര്യസമേതം നേരിട്ടു. എന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ എന്റെ ജീവിതത്തെ പുനർനിർമിക്കുന്നതിനു കഴിഞ്ഞു” എന്ന് പീററർ പറയുന്നു.
മററുള്ളവർ സഹായിക്കാൻ ബാധ്യസ്ഥരാണ് എന്നു നിരൂപിക്കരുത്. അധികാരപൂർവം ആവശ്യപ്പെടാതിരിക്കുക. ഏതു ദയാപ്രവൃത്തികളും സസന്തോഷം സ്വീകരിക്കുക. അതിനു വിലമതിപ്പും പ്രകടമാക്കുക. കൂടാതെ, സദൃശവാക്യങ്ങൾ 25:17-ൽ കാണുന്ന ഈ നല്ല ബുദ്ധ്യുപദേശവും മനസ്സിൽ പിടിക്കുക: “കൂട്ടുകാരൻ നിന്നെ മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടിൽ കൂടക്കൂടെ ചെല്ലരുതു.” 35 വർഷത്തെ വിവാഹ ജീവിതത്തിനുശേഷം ഭർത്താവു മരിച്ചുപോയ ഫ്രാൻസസ് അത്തരം മുന്നറിയിപ്പുകൾ പ്രധാനമാണെന്നു കരുതുന്നു. “ന്യായമായ പ്രതീക്ഷകളേ പാടുള്ളൂ. മററുള്ളവരിൽനിന്നു കൂടുതൽ ആവശ്യപ്പെടാതിരിക്കുക. സഹായം ആവശ്യപ്പെട്ടുകൊണ്ടു മററുള്ളവരുടെ വീട്ടിൽ കാവൽകിടക്കാതിരിക്കുക” എന്ന് അവൾ പറയുന്നു.
യഹോവ കരുതുന്നു
ചിലപ്പോഴൊക്കെ മാനവ സുഹൃത്തുക്കൾ നിരാശപ്പെടുത്തുമ്പോഴും നിങ്ങളുടെ സുഹൃത്തായി യഹോവ ഉണ്ട്. അവൻ നിങ്ങളെക്കുറിച്ചു കരുതലുള്ളവനാണ് എന്നതിൽ ഉറപ്പുള്ളവരായിരിക്കുക. അവനിൽ ശക്തമായ വിശ്വാസം അർപ്പിക്കുക. സംരക്ഷണപൂർവകമായ അവന്റെ കരുതലിൽ നിരന്തരം ആശ്രയം വെക്കുക. (സങ്കീർത്തനം 27:10; 91:1, 2; സദൃശവാക്യങ്ങൾ 3:5, 6) മോവാബ്യ സ്ത്രീയായ രൂത്ത് അപ്രകാരം ചെയ്തു. സമൃദ്ധമായി അനുഗ്രഹിക്കപ്പെടുകയും ചെയ്തു. എന്തിന്, അവൾ യേശുക്രിസ്തുവിന്റെ പൂർവമാതാവുപോലും ആയിത്തീർന്നു!—രൂത്ത് 2:12; 4:17; മത്തായി 1:5, 16.
യഹോവയോടു നിരന്തരം പ്രാർഥിച്ചുകൊണ്ടിരിക്കുക. (സങ്കീർത്തനം 34:4; 62:7, 8) ഏകാന്തതയെ തരണം ചെയ്യുന്നതിന് പ്രാർഥന ബലത്തിന്റെ ഒരു വലിയ ഉറവായി മാർഗരററ് കണ്ടെത്തി. ഭർത്താവ് മരിക്കുന്നതുവരെ അവൾ അദ്ദേഹത്തോടൊപ്പം മുഴുസമയ ശുശ്രൂഷയിൽ പങ്കുപററി. യുവപ്രായത്തിൽതന്നെ അദ്ദേഹം മരിച്ചു. “യഹോവയോട് ഉറക്കെ പ്രാർഥിച്ചുകൊണ്ട് എന്റെ ആധികളും വ്യഥകളും അങ്ങനെ എല്ലാ കാര്യങ്ങളും പറയുന്നത് വളരെ സഹായകരമെന്നു ഞാൻ കണ്ടെത്തി” എന്ന് അവൾ പറയുന്നു. “ഏകാന്തത ബാധിച്ചപ്പോൾ ശരിയായ വീക്ഷണത്തോടെ കാര്യങ്ങൾ ചെയ്തുതീർക്കുന്നതിന് അതെന്നെ സഹായിച്ചു. കൂടാതെ, യഹോവ എന്റെ പ്രാർഥനകൾക്ക് ഉത്തരം നൽകിയത് എനിക്ക് ആത്മവിശ്വാസം പകർന്നു.” അപ്പോസ്തലനായ പത്രോസിന്റെ ഉപദേശം പിൻപററുന്നതിൽനിന്ന് അവൾ വളരെ പ്രയോജനം അനുഭവിക്കുന്നു: “അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”—1 പത്രൊസ് 5:6, 7; സങ്കീർത്തനം 55:22.
ഏകാന്തരായ ആളുകൾക്കു മിക്കപ്പോഴും നഷ്ടമാകുന്ന ഒന്ന്—ആത്മാഭിമാനം—വീണ്ടെടുക്കാൻ യഹോവയുമായുള്ള ഒരു നല്ല ബന്ധം നിങ്ങളെ സഹായിക്കും. ഭർത്താവ് കാൻസർ മൂലം മരിച്ചപ്പോൾ ഉണ്ടായ “താഴ്ന്ന ആത്മാഭിമാനത്തെയും ഒന്നിനും കൊള്ളുകയില്ല എന്ന തോന്നലിനെയും” കുറിച്ച് പത്രപ്രവർത്തകയായ ജനററ് കൂപ്ഫർമാൻ എഴുതി. “ഒന്നിനും കൊള്ളില്ല എന്ന ഈ ബോധമാണ് അനേകം വിധവകളെയും ആത്മഹത്യയുടെ വക്കോളമെത്തിക്കുന്ന വിഷാദത്തിലാഴ്ത്തുന്നത്.”
യഹോവ നിങ്ങളെ വിലയുള്ളവരായി എണ്ണുന്നുവെന്ന് ഓർക്കുക. നിങ്ങളെ ഒന്നിനും കൊള്ളുകയില്ലെന്ന് അവൻ വിചാരിക്കുന്നില്ല. (യോഹന്നാൻ 3:16) കഴിഞ്ഞകാലങ്ങളിൽ ദൈവം തന്റെ ജനമായ ഇസ്രായേല്യരെ പിന്തുണച്ചപോലെ നിങ്ങളെയും പിന്തുണക്കും. അവൻ അവരോടു പറഞ്ഞു: “ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു . . . നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ട, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.”—യെശയ്യാവു 41:9, 10.
ദൈവത്തെ പഴിക്കരുത്
എല്ലാററിനുമുപരി, നിങ്ങളുടെ ഏകാന്തതയ്ക്കു കാരണമായി ദൈവത്തെ പഴിക്കരുത്. യഹോവ അതിന് ഉത്തരവാദിയല്ല. നിങ്ങളും സകല മാനവജാതിയും നല്ലതും സംതൃപ്തി പകരുന്നതുമായ സുഹൃദ്ബന്ധം ആസ്വദിക്കുക എന്നതാണ് അവന്റെ എന്നത്തേയും ഉദ്ദേശ്യം. ദൈവം ആദാമിനെ സൃഷ്ടിച്ചപ്പോൾ അവൻ പറഞ്ഞു: “മനുഷ്യൻ ഏകനായി തുടരുന്നത് നന്നല്ല. ഞാൻ അവന്റെ ഒരു പൂരകമായി അവനുവേണ്ടി ഒരു സഹായിയെ നിർമിക്കാൻ പോകുകയാണ്.” (ഉൽപ്പത്തി 2:18, NW) ആദ്യ സ്ത്രീയായ ഹവ്വായെ സൃഷ്ടിച്ചപ്പോൾ ദൈവം അതുതന്നെയാണു ചെയ്തത്. സാത്താന്യ മത്സരമില്ലായിരുന്നെങ്കിൽ പുരുഷനും സ്ത്രീയും അവർ ഉത്പാദിപ്പിച്ച കുടുംബങ്ങളും ഒരിക്കലും ഏകാന്തത അനുഭവിക്കുകയില്ലായിരുന്നു.
യഹോവ താത്ക്കാലികമായി ദുഷ്ടത അനുവദിച്ചത് ഏകാന്തത വർധിക്കുന്നതിനും മററു കഷ്ടപ്പാടുകൾ ഉണ്ടാകുന്നതിനും കാരണമായി. എന്നാൽ ഇതു താത്ക്കാലികമാണെന്നു വ്യക്തമായി മനസ്സിൽ പിടിക്കുക. ദൈവം തന്റെ നീതിയുള്ള പുതിയ ലോകത്തിൽ നിങ്ങൾക്കു വേണ്ടി ചെയ്യാൻപോകുന്നതിന്റെ വെളിച്ചത്തിൽ വീക്ഷിക്കുമ്പോൾ ഏകാന്തതയെന്ന പരിശോധന വളരെ ലഘുവായി തോന്നും. എന്നാൽ അതുവരേക്ക് അവൻ നിങ്ങളെ പിന്തുണക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യും.—സങ്കീർത്തനം 18:2; ഫിലിപ്പിയർ 4:6, 7.
ഇത് അറിയുന്നതു നിങ്ങളെ ശക്തരാക്കും. നേരത്തേ സൂചിപ്പിച്ച ഫ്രാൻസസ് വിധവയായിത്തീർന്നപ്പോൾ അവൾ സങ്കീർത്തനം 4:8-ൽ വളരെയധികം ആശ്വാസം കണ്ടെത്തി, പ്രത്യേകിച്ചും രാത്രിയിൽ: “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.” സങ്കീർത്തനങ്ങളിൽ കാണുന്ന അത്തരം വികാരവിചാരങ്ങളെക്കുറിച്ചു ധ്യാനിക്കുക. ദൈവം നിങ്ങൾക്കുവേണ്ടി എങ്ങനെ കരുതുന്നുവെന്നു ചിന്തിക്കുക. സങ്കീർത്തനം 23:1-3-ൽ അതു പ്രതിഫലിച്ചിട്ടുണ്ട്.
ഏകാന്തത അനുഭവിക്കുന്നവരെ എങ്ങനെ സഹായിക്കാം?
ഏകാന്തത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ഒരു പ്രധാന മാർഗം അവരോടു സ്നേഹം പ്രകടിപ്പിക്കുക എന്നതാണ്. പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതിന്, പ്രത്യേകിച്ചും പീഡനം അനുഭവിക്കുമ്പോൾ, ദൈവജനങ്ങളെ ബൈബിൾ വീണ്ടും വീണ്ടും പ്രോത്സാഹിപ്പിക്കുന്നു. “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കു”വാൻ അപ്പോസ്തലനായ പൗലോസ് എഴുതി. (റോമർ 12:10) വാസ്തവത്തിൽ, “സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല” എന്ന് ദൈവത്തിന്റെ നിശ്വസ്ത വചനം പറയുന്നു. (1 കൊരിന്ത്യർ 13:8) ഏകാന്തത അനുഭവിക്കുന്നവരോടു നിങ്ങൾക്ക് എങ്ങനെ സ്നേഹം പ്രകടമാക്കാൻ കഴിയും?
ഏകാന്തത അനുഭവിക്കുന്നവരെ നിരസിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതിനു പകരം ക്ഷമാപൂർവം അവരെ സഹായിച്ചുകൊണ്ട് സാധിക്കുമ്പോഴെല്ലാം ബന്ധപ്പെട്ട വ്യക്തികൾക്ക് തങ്ങളുടെ ആർദ്രപ്രിയം പ്രകടമാക്കാൻ കഴിയും. അവർക്ക് പിൻവരുന്നവിധം പറഞ്ഞ ഇയ്യോബിനെപ്പോലായിരിക്കുന്നതിനു കഴിയും: “നിലവിളിച്ച എളിയവനെയും അനാഥനെയും തുണയററവനെയും ഞാൻ വിടുവിച്ചു. . . . വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ടു ആർക്കുമാറാക്കി.” (ഇയ്യോബ് 29:12, 13) ക്രിസ്തീയ സഭയിലെ നിയുക്തരായ മൂപ്പൻമാർക്കും അനുകമ്പയുള്ള സുഹൃത്തുക്കൾക്കും ഇപ്രകാരം പരിഗണനാപൂർവകമായ വിധത്തിൽ പ്രവർത്തിക്കാൻ കഴിയും. സഹാനുഭൂതി, ഊഷ്മളത, സാന്ത്വനം എന്നീ അടിസ്ഥാനപരമായ മാനുഷികാവശ്യങ്ങൾ അവർക്കു പകർന്നുകൊടുക്കാൻ കഴിയും. സമാനുഭാവം പ്രകടിപ്പിക്കാവുന്നതാണ്. ചിലപ്പോഴൊക്കെ ഒരു സ്വകാര്യ സംസാരത്തിനുള്ള അവരുടെ ആവശ്യം നിവർത്തിച്ചുകൊടുക്കാവുന്നതാണ്.—1 പത്രൊസ് 3:8.
ഏകാന്തരായ ആളുകൾക്കുവേണ്ടി ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങളായിരിക്കും മിക്കപ്പോഴും മർമപ്രധാനമായ സംഗതി. ദൃഷ്ടാന്തത്തിന്, സഹവിശ്വാസിക്ക് പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെടുമ്പോൾ യഥാർഥ സുഹൃദ്ബന്ധത്തിന്റേതായ ദയാപ്രവൃത്തികളിൽനിന്ന് ധാരാളം നല്ല കാര്യങ്ങൾ നേടിയെടുക്കാം. ഒരു ഊണിനു ക്ഷണിക്കുക, അനുകമ്പയോടെ ശ്രദ്ധിക്കുക, അല്ലെങ്കിൽ കെട്ടുപണിചെയ്യുന്ന സംഭാഷണത്തിൽ ഏർപ്പെടുക എന്നിങ്ങനെയുള്ള ചെറിയ ദയാപ്രവൃത്തികളെ അപ്രധാനമായി കരുതരുത്. ഏകാന്തതയോടു പോരാടാൻ ഒരു വ്യക്തിയെ സഹായിക്കുന്നതിന് ഇത്തരം കാര്യങ്ങൾ വളരെ ഫലപ്രദമാണ്.—എബ്രായർ 13:16.
നാമോരോരുത്തരും ഇടയ്ക്കിടയ്ക്ക് ഏകാന്തതയുടെ ആക്രമണത്തിനു വിധേയരാകുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ഏകാന്തത ഒരു പീഡയായിത്തീരേണ്ട ആവശ്യമില്ല. നിങ്ങളുടെ ജീവിതം അർഥവത്തായ, കെട്ടുപണിചെയ്യുന്ന പ്രവർത്തികളാൽ നിറയ്ക്കുക. സുഹൃത്തുക്കൾക്കു സഹായിക്കാൻ കഴിയുമെങ്കിൽ സഹായിച്ചുകൊള്ളട്ടെ. യഹോവയിൽ ദൃഢവിശ്വാസം ഉണ്ടായിരിക്കുക. സങ്കീർത്തനം 34:19-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രോത്സാഹജനകമായ വാഗ്ദത്തം മനസ്സിൽ ചാരേ നിർത്തുക. “നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാററിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.” സഹായത്തിനായി യഹോവയിലേക്കു തിരിയുക. ഏകാന്തത നിങ്ങളുടെ ജീവിതത്തെ കാർന്നുതിന്നാൻ അനുവദിക്കരുത്.
[24-ാം പേജിലെ ചതുരം]
ഏകാന്തതയോടു പൊരുതുന്നതിനുള്ള ചില വിധങ്ങൾ
◼ യഹോവയോടു പററിനിൽക്കുക
◼ ബൈബിൾ വായനയിലൂടെ ആശ്വാസം കണ്ടെത്തുക
◼ ക്രിയാത്മകമായ ഒരു ക്രിസ്തീയ വീക്ഷണം നിലനിർത്തുക
◼ അർഥവത്തായ പ്രവർത്തനങ്ങളിൽ തിരക്കുള്ളവരായിരിക്കുക
◼ നിങ്ങളുടെ സുഹൃദ്വലയം വിശാലമാക്കുക
◼ സുഹൃത്തുക്കൾക്ക് സഹായിക്കുന്നത് എളുപ്പമാക്കിത്തീർക്കുക
◼ നിങ്ങളെത്തന്നെ ഒററപ്പെടുത്താതിരിക്കുക പകരം തുറന്ന സ്നേഹം നട്ടുവളർത്തുക
◼ യഹോവ നിങ്ങൾക്കുവേണ്ടി കരുതുന്നു എന്ന ദൃഢവിശ്വാസമുണ്ടായിരിക്കുക
[24-ാം പേജിലെ ചതുരം]
ഏകാന്തത അനുഭവിക്കുന്നവരെ നിങ്ങൾക്കു സഹായിക്കാൻ കഴിയുന്ന വിധം
◼ സഹാനുഭൂതി, ഊഷ്മളത, സാന്ത്വനം എന്നിവ പ്രദാനം ചെയ്യുക
◼ സ്വകാര്യ സംസാരത്തിനുള്ള അവരുടെ ആവശ്യം നിവർത്തിക്കുക
◼ സഹായിക്കാനാവുന്ന ചെറിയ കാര്യങ്ങൾ ചെയ്യുന്നതിൽ ഉററിരിക്കുക
[23-ാം പേജിലെ ചിത്രം]
പ്രയാസകരമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും ഏകാന്തത തന്റെ ജീവിതത്തെ കാർന്നുതിന്നാൻ രൂത്ത് അനുവദിച്ചതായി യാതൊരു സൂചനയുമില്ല