“യഹോവേ, എന്റെ കുഞ്ഞിനെ വിശ്വസ്തയായി നിലനിർത്തേണമേ!”
ഞാൻ 1930-ൽ ഫ്രാൻസിലെ അൾസാസിലുള്ള ഒരു കുലീന കുടുംബത്തിൽ ജനിച്ചു. വൈകുന്നേരങ്ങളിൽ ഡാഡി ചാരുകസേരയിൽ കിടന്നുകൊണ്ട് ഭൂമിശാസ്ത്രത്തെയോ ബഹിരാകാശശാസ്ത്രത്തെയോ പററിയുള്ള പുസ്തകങ്ങൾ വായിക്കുകയായിരിക്കും. എന്റെ പട്ടിക്കുട്ടി ഡാഡിയുടെ കാൽക്കൽ കിടന്നുറങ്ങുകയും. വീട്ടാവശ്യങ്ങൾക്കായി നെയ്തുകൊണ്ടിരിക്കുന്ന മമ്മിയോടു ഡാഡി താൻ വായിച്ച ചില വിശേഷാശയങ്ങൾ പറയുന്നു. ആ സായാഹ്നങ്ങൾ ഞാൻ എത്രയധികം ആസ്വദിച്ചിരുന്നെന്നോ!
മതത്തിനു ഞങ്ങളുടെ ജീവിതത്തിൽ ഒരു വലിയ പങ്കുണ്ടായിരുന്നു. ഞങ്ങൾ ഉറച്ച കത്തോലിക്കരായിരുന്നു. ഞായറാഴ്ച രാവിലെ ഞങ്ങൾ പള്ളിയിൽ പോകുന്നതു കാണുന്നവർ പറയുമായിരുന്നു: “നേരം ഒൻപതു മണിയായി. അർനോൾഡ് കുടുംബം പള്ളിയിൽ പോകുന്നു.” എല്ലാ ദിവസവും സ്കൂളിൽ പോകുന്നതിനു മുമ്പു ഞാൻ പള്ളിയിൽ പോകുമായിരുന്നു. എന്നാൽ പുരോഹിതന്റെ ദുഷ്പെരുമാററം കാരണം ഞാൻ ഒററയ്ക്കു പള്ളിയിൽ പോകുന്നതു മമ്മി വിലക്കിയിരുന്നു. എനിക്ക് അന്ന് ആറു വയസ്സായിരുന്നു.
ബിബൽഫോർഷെർ (യഹോവയുടെ സാക്ഷികൾ എന്ന് ഇപ്പോൾ അറിയപ്പെടുന്ന ബൈബിൾ വിദ്യാർഥികൾ) പ്രസിദ്ധീകരിച്ച വെറും മൂന്നു ചെറുപുസ്തകങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ മമ്മി വീടുതോറുമുള്ള പ്രസംഗം ആരംഭിച്ചു. ഇതു ഡാഡിയെ അലോസരപ്പെടുത്തി. എന്റെ മുമ്പിൽ വച്ചു മതപരമായ ഒരു ചർച്ചയും നടത്താൻ പാടില്ലെന്നു ഡാഡിക്കു നിർബന്ധമായിരുന്നു. ‘ആ സാധനം വായിച്ചുപോകരുത്!’ ഡാഡി അനുശാസിച്ചു. എന്നാൽ മമ്മി എന്നോടൊപ്പം കുറച്ചു ബൈബിൾ വായന നടത്താൻ തീരുമാനിച്ചുകൊണ്ട് സത്യം സംബന്ധിച്ച് അത്ര ശുഷ്കാന്തിയുള്ളവരായിരുന്നു. മമ്മിക്കു ബൈബിളിന്റെ ഒരു കത്തോലിക്കാ ഭാഷാന്തരം ലഭിക്കുകയും ഡാഡിയോടുള്ള അനുസരണേന ചർച്ചചെയ്യാതെ എല്ലാ പ്രഭാതത്തിലും എന്നെ വായിച്ചു കേൾപ്പിക്കുകയും ചെയ്തു.
ഒരു ദിവസം മമ്മി സങ്കീർത്തനം 115:4-8 വാക്യങ്ങൾ വായിച്ചു: “അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നെ. . . . അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.” മമ്മി അതു രണ്ടാമത്തെ കല്പനയുമായി കോർത്തിണക്കി. അത് ഇപ്രകാരം പറയുന്നു: “കൊത്തിയുണ്ടാക്കിയ പ്രതിമ നീ നിനക്കുവേണ്ടി ഉണ്ടാക്കരുത്.” (പുറപ്പാട് 20:4-6, NW) ഞാൻ പെട്ടെന്നു ചാടിയെണീററ് എന്റെ മുറിയിൽ എനിക്കു സ്വന്തമായുണ്ടായിരുന്ന അൾത്താര തകർത്തു തരിപ്പണമാക്കി.
എന്റെ ദൈനംദിന ബൈബിൾ വായനയിലെ ആശയങ്ങൾ ഞാൻ സ്കൂളിൽ പോയി കത്തോലിക്കരായ എന്റെ സഹപാഠികളുമായി പങ്കുവെക്കുമായിരുന്നു. ഇതു സ്കൂളിൽ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു. ഒട്ടു മിക്കപ്പോഴും കുട്ടികൾ എന്നെ “നാറിയ യഹൂദപ്പെണ്ണ്” എന്നു വിളിച്ചുകൊണ്ട് തെരുവിലൂടെ പിന്തുടരുമായിരുന്നു! അത് 1937-ൽ ആയിരുന്നു. ഈ സാഹചര്യം ഞാൻ എന്താണു പഠിക്കുന്നതെന്ന് ഒരു പരിശോധന നടത്താൻ ഡാഡിയെ ഇടയാക്കി. ഡാഡി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച സൃഷ്ടി [ഇംഗ്ലീഷ്] പുസ്തകം വാങ്ങി. അദ്ദേഹം അതു വായിക്കുകയും ഒരു യഹോവയുടെ സാക്ഷിയായിത്തീരുകയും ചെയ്തു!
നഗരഹാളിന്റെ മുകളിൽ ഫ്രഞ്ചു പതാക അപ്പോഴും പാറിപ്പറക്കുന്നുണ്ടായിരുന്നെങ്കിലും ബെൽജിയം അതിർത്തിയിലൂടെ ജർമൻ പട്ടാളം ഫ്രാൻസിലേക്കു കടന്നയുടൻതന്നെ പള്ളികളുടെ മുകളിലുണ്ടായിരുന്ന പതാകകളിൽ ഞങ്ങൾ സ്വസ്തികകൾ കാണാൻ തുടങ്ങി. ജർമൻകാർ വരുന്നതിനു മുമ്പുതന്നെ ഫ്രഞ്ച് ഗവൺമെൻറ് ഞങ്ങളുടെ രാജ്യഹാൾ അടച്ചുപൂട്ടുകയും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിക്കുകയും ചെയ്തിരുന്നു, അങ്ങനെ അപ്പോൾത്തന്നെ ഞങ്ങൾ ഒളിവിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സാക്ഷികളെ ഒടുക്കാനുള്ള ശ്രമത്തിന് ആക്കം കൂടി. രണ്ടു വർഷം കഴിഞ്ഞ് 11-ാമത്തെ വയസ്സിൽ ഞാൻ സ്നാപനമേററു.
ഒരു മാസം കഴിഞ്ഞ് 1941, സെപ്ററംബർ 4-ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയായപ്പോൾ വാതിൽക്കൽ ആരോ ബെല്ലടിച്ചു. ഡാഡി ജോലി കഴിഞ്ഞു വീട്ടിൽ എത്താനുള്ള സമയം ആയിരുന്നു. ഞാൻ ചാടിയെണീററു വാതിൽ തുറന്ന് അദ്ദേഹത്തെ ചാടി കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന്റെ പുറകിൽ നിന്നിരുന്ന ഒരു മനുഷ്യൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു, “ഹെയിൽ ഹിററ്ലർ!” (“ഹിററ്ലർ ജയിക്കട്ടെ!”). ഞാൻ കെട്ടിപ്പുണർന്നത് ഒരു എസ്എസ് പട്ടാളക്കാരനെയാണെന്ന് അദ്ദേഹത്തിന്റെ കയ്യിൽനിന്നും സ്വതന്ത്രനായപ്പോഴാണു ഞാൻ തിരിച്ചറിഞ്ഞത്! അവർ എന്നെ എന്റെ മുറിയിലേക്കു വിട്ടിട്ട് മമ്മിയെ നാലു മണിക്കൂറുനേരം ക്രോസ്വിസ്താരം നടത്തി. എന്നിട്ട് മടങ്ങിപ്പോകവേ അവരിലൊരാൾ വിളിച്ചുപറഞ്ഞു: “നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ മേലാൽ കാണുകയില്ല! നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞിനും അതുതന്നെ ഭവിക്കും!”
അന്നു രാവിലെ ഡാഡിയെ അറസ്ററു ചെയ്തിട്ടുണ്ടായിരുന്നു. ഡാഡിയുടെ പോക്കററിൽ മാസശമ്പളം ഉണ്ടായിരുന്നു. എസ്എസ് സൈന്യം ബാങ്ക് അക്കൗണ്ട് ക്ലോസുചെയ്തു. എന്റെ മമ്മിക്ക് ഒരു ജോലിച്ചീട്ട്—ജോലി കിട്ടുന്നതിനാവശ്യമായ രേഖ—കൊടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. “ആ ഉപദ്രവകാരികൾ ഒരു തരത്തിലും ജീവിച്ചുകൂടാ!” എന്നതായിരുന്നു അവരുടെ ഇപ്പോഴത്തെ നയം.
സ്കൂളിൽ പീഡനം
ആ സമയത്തു ഞാൻ പഠിച്ചുകൊണ്ടിരുന്ന പ്രാരംഭക കലാശാല സ്കൂളിൽ സമ്മർദങ്ങൾ ഏറിവന്നുകൊണ്ടിരുന്നു. അധ്യാപകൻ ക്ലാസിൽ വരുമ്പോഴെല്ലാം 58 കുട്ടികളും എണീററുനിന്നു കൈകൾ നീട്ടിപ്പിടിച്ച് “ഹെയിൽ ഹിററ്ലർ” എന്നു പറയണമായിരുന്നു. പുരോഹിതൻ വേദപാഠ ക്ലാസ്സിനു വരുമ്പോൾ അദ്ദേഹം അകത്തേക്കു വന്നിട്ട് “ഹെയിൽ ഹിററ്ലർ—കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” എന്നു പറയുമായിരുന്നു. അപ്പോൾ ക്ലാസ്സിലുള്ളവർ ഉത്തരമായി “ഹെയിൽ ഹിററ്ലർ—ആമേൻ!” എന്നു പറയും.
“ഹെയിൽ ഹിററ്ലർ” എന്നു പറയാൻ ഞാൻ വിസമ്മതിച്ചു. ഈ കാര്യം സ്കൂൾ ഡയറക്ടറുടെ ചെവിയിലെത്തുകയും അദ്ദേഹം ഇപ്രകാരം താക്കീതു നൽകിക്കൊണ്ട് ഒരു കത്ത് എഴുതുകയും ചെയ്തു: “ഒരു വിദ്യാർഥി സ്കൂൾ നിയമങ്ങൾക്കു വഴങ്ങുന്നില്ല, ഒരാഴ്ചയ്ക്കുള്ളിൽ മാററമൊന്നുമില്ലെങ്കിൽ ഈ കുട്ടി സ്കൂൾ വിട്ടു പോകേണ്ടിവരും.” ഈ കത്ത് 20-ലധികം ക്ലാസ്സുകളിൽ വായിച്ചുകേൾപ്പിക്കേണ്ടതാണെന്നു കത്തിന്റെ അവസാനം നിർദേശിച്ചിട്ടുണ്ടായിരുന്നു.
തീരുമാനം അറിയിക്കുന്നതിനായി എന്നെ ക്ലാസിനു മുമ്പിൽ വിളിപ്പിച്ച ദിവസം ആഗതമായി. സ്തുതിക്കണമോ അതോ സ്കൂൾ രേഖകളുമായി സ്ഥലം വിടണമോ എന്നു തീരുമാനിക്കാൻ ഡയറക്ടർ എനിക്ക് അഞ്ചുമിനിററുകൂടി അനുവദിച്ചു. ക്ലോക്കിലെ ആ അഞ്ചുമിനിററുകൾ അവസാനിക്കാത്തതുപോലെ തോന്നി. എന്റെ കാലുകൾ തളരുകയും തലയ്ക്കു ഭാരമേറുകയും ഹൃദയം തുടിക്കുകയും ചെയ്തു. മുഴു ക്ലാസിന്റെയും കനത്ത നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഉച്ചസ്വരത്തിൽ “ഹിററ്ലർ ജയിക്കട്ടെ” എന്ന വിളിമുഴങ്ങുകയും ക്ലാസു മുഴുവനും അതു മൂന്നു പ്രാവശ്യം ആവർത്തിക്കുകയും ചെയ്തു. ഞാൻ ഡസ്ക്കിന്റെ അടുത്തേക്ക് ഓടിച്ചെന്ന് രേഖകൾ എടുത്തു സ്ഥലംവിട്ടു.
പിറേറ തിങ്കളാഴ്ച മറെറാരു സ്കൂളിൽ പോകാൻ എനിക്ക് അനുമതി ലഭിച്ചു. മറേറ സ്കൂളിൽനിന്നു പുറത്താക്കപ്പെട്ട കാര്യം ഞാൻ ആരോടും പറയുകയില്ലെങ്കിൽ ക്ലാസ്സിൽ ഇരുന്നുകൊള്ളാൻ ഡയറക്ടർ പറഞ്ഞു. എന്റെ സഹപാഠികൾ എന്നെ കള്ളിയെന്നും ദുഷ്കർമിയെന്നും വിളിക്കുകയും അങ്ങനെയായതുകൊണ്ടാണു ഞാൻ സ്കൂളിൽനിന്നു പുറത്താക്കപ്പെട്ടത് എന്നു പറയുകയും ചെയ്തുകൊണ്ട് എന്നോടു ശത്രുത കാട്ടി. യഥാർഥ കാരണം എനിക്കു വിശദീകരിക്കാൻ കഴിഞ്ഞില്ല.
എന്നെ ക്ലാസ്സിൽ പിറകിലത്തെ സീററിൽ ആണ് ഇരുത്തിയത്. ഞാൻ സ്തുതിക്കാത്ത കാര്യം എന്റെ അടുത്തിരുന്ന ഒരു പെൺകുട്ടി മനസ്സിലാക്കി. ഞാൻ ഹിററ്ലറിനെ എതിർക്കുന്ന ഒരു ഫ്രഞ്ച് ഒളിപ്രസ്ഥാനത്തിലെ അംഗമാണെന്നാണ് അവൾ വിചാരിച്ചത്. ഞാൻ എന്തുകൊണ്ടാണു ഹിററ്ലറിന് വിജയം ആശംസിക്കാൻ വിസമ്മതിക്കുന്നതെന്ന് എനിക്കു വിശദീകരിക്കേണ്ടിത്തന്നെ വന്നു. ഞാൻ പറഞ്ഞു: “പ്രവൃത്തികൾ 4:12 പറയുന്നതനുസരിച്ച് ‘മറെറാരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.’ ക്രിസ്തു മാത്രമാണു നമ്മുടെ രക്ഷകൻ. ‘ഹെയിൽ’ എന്ന വാക്കിന്റെ അർഥം ആരാലെങ്കിലും രക്ഷ ഉണ്ടായിരിക്കുക എന്നായതിനാൽ ഹിററ്ലർ ഉൾപ്പെടെ ഒരു മനുഷ്യനും ഈ രക്ഷ ആരോപിക്കാൻ എനിക്കു സാധ്യമല്ല.” ഈ പെൺകുട്ടിയും അവളുടെ അമ്മയും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുകയും സാക്ഷികളായിത്തീരുകയും ചെയ്തു!
ഒളിവിലുള്ള പ്രവർത്തനം
ഇക്കാലമെല്ലാം ഞങ്ങൾ ഒളിവിലുള്ള പ്രസംഗം തുടർന്നുകൊണ്ടിരുന്നു. ഞങ്ങൾ എല്ലാ മാസത്തിലെയും ആദ്യത്തെ ഞായറാഴ്ച കുന്നിൻപ്രദേശങ്ങളിലുള്ള ഒരു സ്ഥലത്തു പോകുമായിരുന്നു. അവിടെ വച്ചു ഞങ്ങൾക്കു ജർമൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നതിനായി വീക്ഷാഗോപുരം മാസികയുടെ ഫ്രഞ്ചു പ്രതി ലഭിക്കുമായിരുന്നു. വീക്ഷാഗോപുരം ഒളിച്ചു കൊണ്ടുനടക്കുന്നതിനു പററിയ പോക്കററുള്ള ഒരു പ്രത്യേക അടിവസ്ത്രം മമ്മി എനിക്ക് ഉണ്ടാക്കിത്തന്നിരുന്നു. ഒരു ദിവസം രണ്ടു പട്ടാളക്കാർ ഞങ്ങളെ തടഞ്ഞു നിർത്തുകയും കുന്നിൻപ്രദേശത്തുള്ള ഒരു കൃഷിസ്ഥലത്തേക്കു കൊണ്ടുപോകുകയും ചെയ്തു. അവിടെ വച്ചു ഞങ്ങളെ പരിശോധിച്ചു. എനിക്കു തീരെ സുഖമില്ലാഞ്ഞതിനാൽ വയ്ക്കോലിൽ പോയി കിടന്നുകൊള്ളാൻ അനുവദിച്ചതുകൊണ്ട് അവർ വീക്ഷാഗോപുരം മാസിക കണ്ടേയില്ല. ഒരു തരത്തിലല്ലെങ്കിൽ മറെറാരു തരത്തിൽ യഹോവ എല്ലായ്പോഴും എന്നെ രക്ഷിക്കുന്നതായി തോന്നി.
ഒരു ദിവസം എനിക്ക് ഒരു “മനോരോഗ ചികിത്സക”ന്റെ അടുത്തേക്കു ചെല്ലാൻ ഒരു ടെലഫോൺ സന്ദേശം ലഭിച്ചു. അത് രണ്ട് എസ്എസ് പട്ടാളക്കാർ ആയിരുന്നു. മററു സാക്ഷിക്കുട്ടികളും അവിടെ ഉണ്ടായിരുന്നു. അവസാനമായി വിളിച്ചത് എന്നെയായിരുന്നു. ഒരു മേശയുടെ അപ്പുറത്ത് രണ്ടു “ഡോക്ടർമാർ” ഇരിപ്പുണ്ടായിരുന്നു. എന്റെ മുഖത്തേക്ക് ഉജ്ജ്വലമായ ഒരു വെളിച്ചം പ്രകാശിക്കാൻ തുടങ്ങി. അങ്ങനെ ക്രോസ്വിസ്താരം ആരംഭിച്ചു. ഒരു “ഡോക്ടർ” എന്നോടു ഭൂമിശാസ്ത്രപരമോ ചരിത്രപരമോ ആയ ചില ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ എനിക്ക് ഉത്തരം നൽകാൻ കഴിയുന്നതിനുമുമ്പുതന്നെ അടുത്തയാൾ ഞങ്ങളുടെ ഒളിവിലുള്ള പ്രവർത്തനം സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചുതുടങ്ങി. അദ്ദേഹം മററു സാക്ഷികളുടെ പേരുകളും ആവശ്യപ്പെട്ടു. ഞാൻ ഒരു തകർച്ചയുടെ വക്കിലെത്തിയിരുന്നു. പെട്ടെന്ന് അതാ ഒരു ടെലഫോൺ വിളി. അത് അവരുടെ ചോദ്യം ചെയ്യലിനെ വിഘ്നപ്പെടുത്തി. യഹോവയുടെ സഹായം എല്ലായ്പോഴും എത്ര അത്ഭുതകരമായി എന്നെ തേടിയെത്തി!
എന്റെ ഒരു സഹപാഠിയോടു ഞാൻ വിശ്വാസങ്ങൾ പങ്കുവെക്കുന്നു എന്നു സ്കൂൾ ഡയറക്ടർ മനസ്സിലാക്കിയപ്പോൾ ഞാൻ അറസ്ററു ചെയ്യപ്പെട്ടു. എന്നെ കോടതിയിൽ വിസ്തരിക്കുകയും ഒരു “ദുർഗുണപരിഹാരപാഠശാല”യിലേക്കു ജഡ്ജി ശിക്ഷവിധിക്കുകയും ചെയ്തു. ‘നിയമം വിലക്കുന്ന അന്തർദേശീയ ബൈബിൾ വിദ്യാഭ്യാസ സംഘടനയുടെ പഠിപ്പിക്കലുകളനുസരിച്ചാണ് ഇവൾ വളർന്നതെന്നും ഇവൾ ഒരു ദുഷിച്ച വ്യക്തിയും മററുള്ളവർക്ക് ഒരു ആപത്തും ആയിത്തീരു’മെന്നും വിധിയിൽ പ്രസ്താവിച്ചിരുന്നു. അന്ന് വെറുമൊരു 12 വയസ്സുകാരിയായിരുന്ന എനിക്ക് ആ ഭീതിജനകമായ കോടതിമുറിയിൽ അത് ഒരു ഭയങ്കരമായ അഗ്നിപരീക്ഷയായിരുന്നു! എന്നിരുന്നാലും, ഭരണനിർവഹണവിഭാഗത്തിൽ ജോലിചെയ്തിരുന്ന മനസ്സലിവുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ സഹായംകൊണ്ട് എന്റെ ശിക്ഷാവിധി ഉടനേ നടപ്പായില്ല.
ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ക്ലാസ്സ് ഒരു ഹിററ്ലർ യൂത്ത് പരിശീലന ക്യാമ്പിലേക്കു പോകാൻ തിരഞ്ഞെടുക്കപ്പെട്ടു. മമ്മിയോടു ഞാൻ അതിനെപ്പററി സംസാരിച്ചതേയില്ല. അവിടേക്കു പോകുന്നില്ല എന്ന എന്റെ തീരുമാനം സംബന്ധിച്ച് മമ്മി എന്തെങ്കിലും ഉത്തരവാദിത്വം വഹിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. പുറപ്പെടുന്ന ദിവസത്തിനു മുമ്പ്, സ്കൂൾ ഡയറക്ടർ എനിക്ക് ഇപ്രകാരം താക്കീതു നൽകി: “തിങ്കളാഴ്ച റെയിൽവേ സ്റേറഷനിലോ എന്റെ ഓഫീസിലോ നിന്നെ കാണുന്നില്ലെങ്കിൽ ഞാൻ പോലീസിനെ നിന്റെ പുറകേ വിടുന്നതായിരിക്കും!”
അങ്ങനെ തിങ്കളാഴ്ച രാവിലെ ഞാൻ റെയിൽവേ സ്റേറഷൻ കടന്നു സ്കൂളിലേക്കു പോയി. എന്റെ എല്ലാ സഹപാഠികളും അവരോടുകൂടെ പോകാൻ എന്നെ വിളിക്കുന്നുണ്ടായിരുന്നു. എന്നാൽ ഞാൻ ഡയറക്ടറുടെ ഓഫീസിലേക്കു ചെല്ലാൻ തീരുമാനിച്ചിരുന്നു. അവിടെ ചെന്നപ്പോൾ ഞാൻ താമസിച്ചു പോയിരുന്നതുകൊണ്ട് ഞാൻ മററുള്ളവരോടു കൂടെ ട്രെയിനിൽ പോയിക്കാണും എന്നാണ് അദ്ദേഹം വിചാരിച്ചത്. എന്നെ കണ്ടപ്പോൾ അദ്ദേഹം രോഷാകുലനായി. അദ്ദേഹം എന്നെ തന്റെ ക്ലാസ്സ്മുറിയിലേക്കു കൊണ്ടുപോകുകയും നാലു മണിക്കൂറുനേരം ക്ലാസ്സിനെ മുഴുവൻ കഷ്ടപ്പെടുത്തുകയും ചെയ്തു. ഉദാഹരണത്തിന്, അദ്ദേഹം ഓരോ കുട്ടിയെയും ക്ലാസ്സിനു മുന്നിൽ വിളിച്ചുനിർത്തി അവർക്ക് അവരുടെ നോട്ട്ബുക്കു കൊടുക്കുന്നതിനു പകരം അതുവച്ച് അവരുടെ മുഖത്ത് അടിച്ചു. എന്നിട്ട് അദ്ദേഹം എന്നെ ചൂണ്ടിക്കാട്ടി പറഞ്ഞു: “ഇവളാണ് ഉത്തരവാദി!” വെറും പത്തു വയസ്സുമാത്രമുള്ള 45 കുട്ടികളെയും എനിക്കെതിരെ തിരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ ഞാൻ സൈനിക ഗാനങ്ങൾ പാടാൻ വിസമ്മതിച്ചുകൊണ്ടേ ഇരുന്നതുകൊണ്ടു ക്ലാസ്സു തീർന്നപ്പോൾ കുട്ടികൾ വന്ന് എന്നെ അനുമോദിച്ചു.
പിന്നെ പേപ്പറും ജാറുകളും അസ്ഥികളും ഇനം തിരിക്കാൻ എന്നെ ഏർപ്പെടുത്തി. ജാറുകൾ സൈനികാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതിനാൽ ഞാൻ ആ ജോലി ചെയ്യാൻ വിസമ്മതം കാട്ടി. ഞാൻ അടികൊണ്ടു ബോധരഹിതയായി. എന്റെ സഹപാഠികളാണ് എന്നെ നേരെ നിൽക്കാൻ സഹായിച്ചത്.
ഞാൻ സ്കൂളിൽ തിരിച്ചുചെന്നപ്പോൾ മുഴു ക്ലാസ്സുകളിലെയും 800-ഓളം കുട്ടികൾ മുററത്തു കൊടിമരത്തിനു ചുററും നിൽക്കുന്നതുകണ്ടു ഞാൻ അതിശയിച്ചുപോയി. എന്നെ നടുക്കു കൊണ്ടുചെന്നു നിർത്തി. സ്വാതന്ത്ര്യത്തെക്കുറിച്ചും രാജ്യദ്രോഹികൾക്കുള്ള പ്രതിഫലത്തെക്കുറിച്ചും ഒരു നീണ്ട വിവരണം നൽകപ്പെട്ടു. അതിനെ തുടർന്ന് സീഗ് ഹയിൽ! (വിജയവും രക്ഷയും) എന്നു മൂന്നു പ്രാവശ്യം വിളിച്ചു പറഞ്ഞു. ഞാൻ മരവിച്ചുവിറച്ചു നിൽക്കവേ ദേശീയഗാനം ആലപിക്കപ്പെട്ടു. യഹോവ എനിക്കു പിന്തുണയേകി; ഞാൻ നിർമലത നിലനിർത്തി. പിന്നെ വീട്ടിൽ ചെന്നപ്പോൾ എന്റെ വസ്ത്രങ്ങളെല്ലാം കിടക്കയിൽ കിടക്കുന്നതു കണ്ടു, ഒരു കത്തും ഞാൻ കണ്ടെത്തി. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “നാളെ രാവിലെ സിമോൺ ആർനോൾഡ് റെയിൽവേ സ്റേറഷനിൽ ഹാജരാകണം.”
ദുർഗുണപരിഹാരപാഠശാലയിലേക്ക്
പിറേറന്നു രാവിലെ മമ്മിയും ഞാനും റെയിൽവേ സ്റേറഷനിൽ നിൽക്കുമ്പോൾ രണ്ടു വനിതകൾ വന്ന് എന്നെ കസ്ററഡിയിലെടുത്തു. ട്രെയിനിൽ വച്ച് എന്റെ പെരുമാററത്തെക്കുറിച്ച് അമ്മ ഇങ്ങനെ ആവർത്തിച്ച് ഉപദേശിച്ചു: “എല്ലായ്പോഴും, മര്യാദയും ദയയും സൗമ്യതയും ഉള്ളവളായിരിക്കുക, അനീതി അനുഭവിക്കുമ്പോൾ പോലും. ഒരിക്കലും ദുശ്ശാഠ്യം പിടിക്കരുത്. ഒരിക്കലും തർക്കുത്തരം പറയുകയോ മര്യാദകേടായി ഉത്തരം കൊടുക്കുകയോ ചെയ്യരുത്. വിശ്വസ്തത കാക്കുന്നതിനു നിർബന്ധബുദ്ധിയുമായി ഒരു ബന്ധവുമില്ലെന്ന് ഓർമിക്കുക. അതു നിന്റെ ഭാവിജീവിതത്തിനുള്ള പരിശീലനം ആണ്. നമ്മുടെ ഭാവി പ്രയോജനത്തിനുവേണ്ടി നാം പരിശോധനകൾക്കു വിധേയമാകണമെന്നുള്ളതു യഹോവയുടെ ഇഷ്ടമാണ്. നീ അതിനു നന്നായി സജ്ജയാണ്. തുന്നാനും പാചകം ചെയ്യാനും വസ്ത്രങ്ങൾ കഴുകാനും പൂന്തോട്ടം ഉണ്ടാക്കാനും നിനക്കറിയാം. ഇപ്പോൾ നീ ഒരു യുവ വനിതയാണ്.”
അന്നു വൈകുന്നേരം ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിനു പുറത്തുള്ള ഒരു മുന്തിരിത്തോപ്പിൽ ഞാനും അമ്മയും മുട്ടുകുത്തി നിന്ന് പുനരുത്ഥാന പ്രത്യാശയെക്കുറിച്ചുള്ള ഒരു രാജ്യഗീതം പാടി പ്രാർഥിച്ചു. ഒരു ഉറച്ച ശബ്ദത്തിൽ മമ്മി എനിക്കുവേണ്ടി യഹോവയോട് ഇങ്ങനെ യാചിച്ചു: “യഹോവേ, എന്റെ കുഞ്ഞിനെ വിശ്വസ്തയായി നിലനിർത്തേണമേ!” മമ്മി എന്നെ കട്ടിലിലേക്കു വലിച്ചു കിടത്തി അവസാനമായി ഉമ്മവെച്ചു.
മമ്മിയോട് ഒരു ഗുഡ്-ബൈ പോലും പറയാൻ അവസരം ലഭിക്കാതെ പിറേറന്നു ഞങ്ങൾ ദുർഗുണപരിഹാരപാഠശാലയിലെത്തിയപ്പോൾ കാര്യങ്ങൾ നീങ്ങിയതു ദ്രുതഗതിയിലായിരുന്നു. തവിടു നിറച്ചുണ്ടാക്കിയ മെത്തയോടുകൂടിയ ഒരു കിടക്ക ഒരു പെൺകുട്ടി എനിക്കു കാണിച്ചു തന്നു. എന്റെ ഷൂ എടുത്തുകൊണ്ടുപോയി. നവംബർ ഒന്നാം തീയതിവരെ ഞങ്ങൾ നഗ്നപാദങ്ങളിൽ നടക്കണമായിരുന്നു. ആദ്യത്തെ ഉച്ചഭക്ഷണം വളരെ വിഷമിച്ചാണു ഞാൻ ഇറക്കിയത്. ആറുജോടി സോക്സുകൾ എനിക്കു നന്നാക്കാൻ തന്നു; അതു നന്നാക്കിയില്ലെങ്കിൽ എനിക്കു ഭക്ഷണം കിട്ടുകയില്ലായിരുന്നു. അവിടെവച്ച് ആദ്യമായി ഞാൻ കരയാൻ തുടങ്ങി. കണ്ണുനീർ വീണ് ആ സോക്സുകൾ കുതിർന്നു. ഞാൻ ആ രാത്രി മുഴുവൻതന്നെ കരയുകയായിരുന്നു.
പിറേറന്നു രാവിലെ 5:30-ന് ഞാൻ എഴുന്നേററു. എന്റെ കിടക്ക രക്തംപുരണ്ടിരുന്നു. അതിന് അല്പം മുമ്പായിരുന്നു എനിക്ക് ആർത്തവം തുടങ്ങിയത്. വിറച്ചുകൊണ്ട്, കണ്ടുമുട്ടിയ ആദ്യത്തെ അധ്യാപികയെ, മിസ് മെസിങ്ങറെ ഞാൻ സമീപിച്ചു. അവർ ഒരു പെൺകുട്ടിയെ വിളിപ്പിച്ച് തണുത്ത വെള്ളത്തിൽ വിരി കഴുകേണ്ടത് എങ്ങനെയാണെന്ന് എനിക്കു കാണിച്ചു തന്നു. കല്ലു പാകിയ തറ തണുത്തതായിരുന്നതുകൊണ്ട് വേദന ശക്തമായി. ഞാൻ വീണ്ടും കരയാൻ തുടങ്ങി. ക്രൂരമായ ഒരു ചിരിയോടെ മിസ് മെസിങ്ങർ പറഞ്ഞു: “വിരി കഴുകാൻ നിന്റെ യഹോവയോടു പറ!” അതായിരുന്നു എനിക്കു കേൾക്കേണ്ടിയിരുന്നത്. ഞാൻ കണ്ണുനീരൊപ്പി. പിന്നീടൊരിക്കലും അവർക്കെന്നെ കരയിക്കാൻ കഴിഞ്ഞിട്ടില്ല.
ഞങ്ങൾക്ക് എന്നും രാവിലെ 5:30-ന് എഴുന്നേററ് പ്രഭാത ഭക്ഷണത്തിനു മുമ്പു വീടു വൃത്തിയാക്കണമായിരുന്നു. 8 മണിയാകുമ്പോൾ ഒരു പാത്രം സൂപ്പായിരുന്നു പ്രഭാതഭക്ഷണം. 6 വയസ്സുമുതൽ 14 വയസ്സുവരെയുള്ള 37 കുട്ടികൾക്കായി ശാലയിൽത്തന്നെയായിരുന്നു സ്കൂൾ. കഠിനാധ്വാനം ചെയ്യാൻ ആണുങ്ങളാരും ഇല്ലാഞ്ഞതിനാൽ വസ്ത്രം കഴുകലും തുന്നലും തോട്ടമുണ്ടാക്കലും എല്ലാം ഉച്ചകഴിഞ്ഞ് ഞങ്ങൾ തന്നെ ചെയ്തു. 1944/45-ലെ മഞ്ഞുകാലത്തു മറെറാരു പെൺകുട്ടിയോടൊത്ത് എനിക്കു രണ്ടടിയോളം വ്യാസമുള്ള മരങ്ങൾ അറപ്പു വാൾ ഉപയോഗിച്ച് അറക്കേണ്ടിവന്നു. കുട്ടികൾ പരസ്പരം സംസാരിക്കുന്നതു വിലക്കിയിരുന്നു. ഒററയ്ക്കായിരിക്കാൻ അനുവാദമില്ലായിരുന്നു, കക്കൂസിൽപോകാൻപോലും. ഞങ്ങൾ വർഷത്തിൽ രണ്ടുപ്രാവശ്യം കുളിച്ചിരുന്നു, തലമുടി കഴുകിയിരുന്നതോ വർഷത്തിലൊന്നും. ആഹാരം നിഷേധിക്കലും അടിയുമായിരുന്നു ശിക്ഷ.
എന്നെ മിസ് മെസിങ്ങറുടെ മുറി വൃത്തിയാക്കാൻ ഏൽപ്പിച്ചു. കട്ടിലിന്റെ അടിയിലെ സ്പ്രിങ്ങുകൾ എല്ലാ ദിവസവും വൃത്തിയാക്കണമെന്ന് അവർ എന്നോട് ആവശ്യപ്പെട്ടു. ആരുമറിയാതെ ശാലയിൽ കൊണ്ടുവന്നിരുന്ന ഒരു ചെറിയ ബൈബിൾ സ്പ്രിങ്ങുകൾക്കിടയിൽ ഞാൻ തിരുകിവച്ചു. അന്നുമുതൽ എല്ലാ ദിവസവും എനിക്കു ബൈബിൾ ഭാഗങ്ങൾ വായിക്കാൻ കഴിഞ്ഞു. അവർക്കുണ്ടായിരുന്ന കുട്ടികളിലേക്കും ജോലിചെയ്യാൻ ഏററവും താമസമുള്ള കുട്ടി ഞാനാണെന്ന് അവർ പറഞ്ഞതിൽ അതിശയമില്ല!
ഞായറാഴ്ച പ്രോട്ടസ്ററൻറുകാരായ പെൺകുട്ടികൾ അവരുടെ പള്ളിയിൽ പോകുമായിരുന്നു. കത്തോലിക്കരായ മൂന്നു പെൺകുട്ടികൾ അവരുടെ പള്ളിയിലേക്കും. എന്നാൽ മുപ്പത്തേഴു കുട്ടികൾക്കും ഉള്ള ആഹാരം ഞാൻ പാകം ചെയ്യണമായിരുന്നു. ഞാൻ തീരെ കൊച്ചായിരുന്നതിനാൽ ഒരു ബഞ്ചിൽ കയറിനിന്ന് സ്പൂൺ രണ്ടു കൈകൊണ്ടും പിടിച്ചു വേണമായിരുന്നു സൂപ്പ് ഇളക്കാൻ. ഞങ്ങളുടെ നാല് അധ്യാപികമാർക്കായി ഞാൻ ഇറച്ചി പാകംചെയ്യുകയും കേക്കു ബേക്കു ചെയ്യുകയും പച്ചക്കറികൾ ഒരുക്കുകയും ചെയ്യണമായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള സമയത്തു ഞങ്ങൾ തുവാലയിൽ ചിത്രങ്ങൾ തുന്നണമായിരുന്നു. കളിക്കാൻ സമയം അനുവദിച്ചിരുന്നില്ല.
ഏതാനും മാസങ്ങൾക്കുശേഷം, എന്റെ പൊന്നുമമ്മിയെ അറസ്ററു ചെയ്തിരിക്കുന്നുവെന്നും ഇപ്പോൾ ഒരു തടങ്കൽ പാളയത്തിൽ ആണെന്നുമുള്ള വാർത്ത മിസ് മെസിങ്ങർ പരിഹാസദ്യോതകമായ ഒരു ആഹ്ലാദത്തോടുകൂടി എന്നെ അറിയിച്ചു.
1945-ൽ യുദ്ധം അവസാനിച്ചു. തടങ്കൽ പാളയങ്ങൾ തകർന്നു തരിപ്പണമാകുകയും യാതന അനുഭവിച്ചിരുന്ന ഇരകളെ നാടാകെ ചിതറിക്കുകയും ചെയ്തു. ഒരുപക്ഷേ തങ്ങളുടെ കുടുംബത്തിലെ ആരെങ്കിലും ഇനിയും അവശേഷിക്കുന്നുണ്ടോയെന്നു തേടിയലയാൻ ആയിരങ്ങൾ ഇറങ്ങിത്തിരിച്ചു.
ആഹ്ലാദപൂരിതമായ പുനഃസമാഗമങ്ങൾ
ഞാൻ എവിടെയാണെന്നു മമ്മിക്കെങ്കിലും അറിയാമായിരുന്നു. എന്നാൽ എന്നെ കൊണ്ടുപോകാൻ മമ്മി വന്നപ്പോൾ എനിക്കു മമ്മിയെ മനസ്സിലായില്ല. മമ്മിക്കു സംഭവിച്ചത് എന്താണെന്നതിനു സംശയമില്ല! മമ്മിയെ അറസ്ററു ചെയ്ത് അയച്ചത് ഡാഡിയെ അയച്ചിരുന്ന അതേ ഷിർമെക്ക് ക്യാമ്പിലേക്കാണ്. മമ്മിയെ സ്ത്രീകളുടെ ക്യാമ്പിലാണ് ഇട്ടതെന്നു മാത്രം. സൈനികരുടെ യൂണിഫോമുകൾ നന്നാക്കാൻ വിസമ്മതിച്ചതുകൊണ്ട് ഒരു നിലവറയിൽ മമ്മിയെ മാസങ്ങളോളം ഏകാന്ത തടവിലാക്കി. പിന്നെ രോഗം പകരത്തക്കവിധം മമ്മിയെ സിഫിലിസ് ഉള്ള സ്ത്രീകളുടെ കൂട്ടത്തിലിട്ടു. റോവെൻസ്ബ്രൂക്കിലേക്കു നീങ്ങവേ മമ്മി ചുമച്ചു ചുമച്ച് അവശയായി. ആ സമയത്ത് ജർമൻകാർ പലായനം ചെയ്യുകയും റോവെൻസ്ബ്രൂക്കിലേക്കുള്ള വഴിമധ്യേ ആയിരുന്ന തടവുപുള്ളികൾ പെട്ടെന്നു മോചിതരാകുകയും ചെയ്തു. അവരുടെ കൂട്ടത്തിൽ മമ്മിയും. മമ്മി കോൺസ്ററൻസിലേക്കു കുതിച്ചു. ഞാൻ അവിടെ ആയിരുന്നു. എന്നാൽ ഒരു വിമാനാക്രമണത്തിന്റെ ഫലമായി മമ്മിയുടെ മുഖം മുറിഞ്ഞു രക്തമൊഴുകി.
മമ്മിയുടെ അടുത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ വിശപ്പുകൊണ്ടു മെലിഞ്ഞുണങ്ങിയും പ്രത്യക്ഷത്തിൽ രോഗിയായും മുഖം ചതഞ്ഞു രക്തമൊലിച്ചും സ്വരം ഒട്ടും സ്ഫുടമല്ലാതെയും മമ്മി ആകെ മാറിയിരുന്നു. സന്ദർശകരുടെ മുമ്പാകെ തലനമിക്കുന്നതിനും എന്റെ എല്ലാ പ്രവർത്തനങ്ങളും—ചിത്ര തുന്നലുകൾ, തയ്യൽ—കാണിക്കുന്നതിനും എന്നെ പരിശീലിപ്പിച്ചിരുന്നു. കാരണം ചില സ്ത്രീകൾ പണിക്കാരികളെ കിട്ടാനായിരുന്നു ശാലയിൽ വന്നത്. അവരെപ്പോലെയാണ് ഞാൻ പാവം മമ്മിയെയും കരുതിയത്! എന്നെ വീട്ടിലേക്കു കൊണ്ടുപോകാനുള്ള നിയമപരമായ അവകാശം വാങ്ങാനായി മമ്മി എന്നെയും കൊണ്ട് ഒരു ജഡ്ജിയുടെ അടുത്തു ചെന്നപ്പോഴാണ് അത് എന്റെ മമ്മിയായിരുന്നു എന്ന് എനിക്കു മനസ്സിലായത്! കഴിഞ്ഞ 22 മാസക്കാലമായി ഉള്ളിൽ ഒതുക്കിയിരുന്ന കണ്ണീർ ആ നിമിഷം അണപൊട്ടിയൊഴുകി.
ഞങ്ങൾ അവിടം വിട്ടിറങ്ങിയപ്പോൾ ഡയറക്ടർ ലഡേറിയുടെ പ്രസ്താവന മമ്മിക്കു ശമനതൈലം പോലെയായിരുന്നു. അവർ ഇപ്രകാരം പറഞ്ഞു: “ഞാൻ നിങ്ങളുടെ കുട്ടിയെ അവൾ വന്നപ്പോഴത്തെ അതേ മാനസികാവസ്ഥയിൽ തിരിച്ചുതരുന്നു.” എന്റെ നിർമലത അപ്പോഴും ഊനം തട്ടാത്തതായിരുന്നു. ഞങ്ങൾ വീടു കണ്ടെത്തി താമസം തുടങ്ങി. ഞങ്ങളെ ഇനിയും ശോകമൂകരാക്കിയ ഒരേ ഒരു സംഗതി ഡാഡിയുടെ അഭാവം ആയിരുന്നു. റെഡ് ക്രോസ് സംഘടന അദ്ദേഹത്തെ മരിച്ചവരിൽ പെടുത്തിയിരുന്നു.
1945 മേയ് 15-ന് ആരോ വാതിലിൽ മുട്ടി. വാതിൽ തുറക്കാനായി ഒരിക്കൽക്കൂടി ഞാനോടി. വാതിൽക്കൽ മരിയ കോൾ എന്ന ഒരു സുഹൃത്തായിരുന്നു. അവർ പറഞ്ഞു: “സിമോൺ, ഞാൻ ഒററയ്ക്കല്ല വന്നിരിക്കുന്നത്. നിന്റെ ഡാഡി താഴെയുണ്ട്.” ഡാഡിക്ക് നടകൾ കയറിവരാൻ ബുദ്ധിമുട്ടായിരുന്നു, അദ്ദേഹത്തിനു കേൾവിശക്തി നഷ്ടപ്പെട്ടിരുന്നു. അദ്ദേഹം എന്റെ അടുത്തുകൂടി വന്ന് നേരെ മമ്മിയുടെ അടുത്തേക്കു പോയി! 11 വയസ്സുകാരിയായ കൊച്ചു കുസൃതിക്കുടുക്കയായി താൻ ഒരിക്കൽ അറിഞ്ഞിരുന്നവൾ ഈ പല മാസങ്ങൾ കൊണ്ടു ലജ്ജാശീലയായ ഒരു യുവകുമാരി ആയിത്തീർന്നിരിക്കുന്നു. ഈ പുതിയ പെൺകുട്ടിയെ അദ്ദേഹത്തിനു മനസ്സിലായതേയില്ല.
ഡാഡിക്കു ചെന്നടത്തെല്ലാം വിലയൊടുക്കേണ്ടി വന്നു. ആദ്യം ഒരു പ്രത്യേക ക്യാമ്പായ ഷിർമെക്കിലേക്കും പിന്നെ ഡോക്കൗ തടങ്കൽ പാളയത്തിലേക്കും. അവിടെവച്ച് ഡാഡിക്കു ടൈഫോയ്ഡ് പിടിപെടുകയും തൻമൂലം 14 ദിവസത്തേക്കു അബോധാവസ്ഥയിൽ കഴിയുകയും ചെയ്തു. അദ്ദേഹത്തെ പിന്നീടു വൈദ്യശാസ്ത്ര പരീക്ഷണങ്ങൾക്ക് ഉപയോഗിച്ചു. ഡോക്കൗവിൽനിന്ന് അദ്ദേഹത്തെ അതിനെക്കാൾ വഷളായ ഒരു വംശവിച്ഛേദ ക്യാമ്പായ മൗത്തൗസെനിലേക്ക് അയച്ചു. അവിടെ അദ്ദേഹത്തിന് കഠിനമായ ജോലിയും അടിയും പോലീസ് നായയാലുള്ള ആക്രമണവും അനുഭവിക്കേണ്ടിവന്നു. എന്നാൽ അദ്ദേഹം അതിജീവിക്കുകയും അവസാനം ഒരിക്കൽക്കൂടി ഇതാ ഭവനത്തിൽ എത്തുകയും ചെയ്തിരിക്കുന്നു.
എനിക്ക് 17 വയസ്സായപ്പോൾ യഹോവയുടെ സാക്ഷികളുടെ ഒരു ശുശ്രൂഷകയെന്നനിലയിൽ ഞാൻ മുഴുസമയസേവനത്തിൽ പ്രവേശിച്ചു. പിന്നെ ഐക്യനാടുകളിലെ, വാച്ച്ടവർ സൊസൈററിയുടെ മിഷനറിമാർക്കുള്ള സ്കൂളായ ഗിലെയാദിലും. സൊസൈററിയുടെ ലോകാസ്ഥാനത്തുവച്ചു ഞാൻ ഹിററ്ലറുടെ തടങ്കൽ പാളയങ്ങളിലൊന്നിൽവച്ച് സാക്ഷിയായിത്തീർന്ന മാക്സ് ലിബ്സ്റററെ കണ്ടുമുട്ടി. അദ്ദേഹം ജർമൻകാരനായ ഒരു യഹൂദൻ ആയിരുന്നു. ഞങ്ങൾ 1956-ൽ വിവാഹിതരായി. നമ്മുടെ ദൈവമായ യഹോവയുടെ സഹായത്താൽ ഇവിടെ ഫ്രാൻസിൽ പ്രത്യേക പയനിയർ ശുശ്രൂഷകരെന്നനിലയിൽ മുഴുസമയശുശ്രൂഷയിൽ ഇന്നോളം ഞങ്ങൾ നിലനിന്നിരിക്കുന്നു.
അനേക വർഷങ്ങൾക്കു മുമ്പ്, ദുർഗുണപരിഹാരപാഠശാലയിലേക്ക് എന്നെ വിടുന്നതിന്റെ തലേ വൈകുന്നേരം മമ്മി എനിക്കുവേണ്ടി പ്രാർഥനയിൽ പറഞ്ഞ ആ വാക്കുകൾ എത്രയോ സത്യമായിരുന്നു: “യഹോവേ, എന്റെ കുഞ്ഞിനെ വിശ്വസ്തയായി നിലനിർത്തേണമേ എന്നു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു!”
നാളിതുവരെ യഹോവ അതുതന്നെ ചെയ്തിരിക്കുന്നു!—സിമോൺ ആർനോൾഡ് ലിബ്സ്ററർ പറഞ്ഞപ്രകാരം. (g93 9/22)
[26-ാം പേജിലെ ചിത്രം]
സിമോൺ ആർനോൾഡ് ലിബ്സ്റററും അവരുടെ ഭർത്താവ് മാക്സ് ലിബ്സ്റററും