ഞങ്ങൾ ഹിററ്ലറുടെ യുദ്ധത്തെ പിന്താങ്ങിയില്ല
ഫ്രാൻസ് വോൾഫാർട്ട് പറഞ്ഞത്
എന്റെ അച്ഛൻ ഗ്രെഗർ വോൾഫാർട്ട് ഒന്നാം ലോകമഹായുദ്ധകാലത്ത് (1914-1918) ഓസ്ട്രിയൻ സൈന്യത്തിൽ സേവിക്കുകയും ഇററലിക്കെതിരെ പൊരുതുകയും ചെയ്തു. ഒട്ടാകെ, ശതസഹസ്രക്കണക്കിന് ഓസ്ട്രിയക്കാരും ഇററലിക്കാരും കൊലചെയ്യപ്പെട്ടു. ആ അനുഭവത്തിന്റെ ഭീകരതകൾ മതവും യുദ്ധവും സംബന്ധിച്ച അച്ഛന്റെ വീക്ഷണത്തെ പൂർണമായും മാററിമറിച്ചു.
ഓസ്ട്രിയൻ പുരോഹിതൻമാർ സൈന്യങ്ങളെ അനുഗ്രഹിക്കുന്നത് അച്ഛൻ കണ്ടു. മറുപക്ഷത്ത് ഇററാലിയൻ പുരോഹിതൻമാർ അതുതന്നെ ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ട് അദ്ദേഹം ചോദിച്ചു: “കത്തോലിക്കാഭടൻമാർ മററു കത്തോലിക്കരെ കൊല്ലാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നത് എന്തുകൊണ്ട്? ക്രിസ്ത്യാനികൾ അന്യോന്യം യുദ്ധം ചെയ്യണമോ?” പുരോഹിതൻമാർക്കു തൃപ്തികരമായ ഉത്തരങ്ങൾ ഇല്ലായിരുന്നു.
അച്ഛന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
യുദ്ധം കഴിഞ്ഞ് അച്ഛൻ വിവാഹംകഴിക്കുകയും ഇററലിയുടെയും യൂഗോസ്ലാവ്യയുടെയും അതിർത്തിയിലുള്ള പർവതപ്രദേശത്തു പാർപ്പുറപ്പിക്കുകയും ചെയ്തു. 1920-ൽ അവിടെവെച്ചാണ് ആറു മക്കളിൽ ആദ്യത്തവനായി ഞാൻ ജനിച്ചത്. എനിക്ക് ആറു വയസ്സായപ്പോൾ ഞങ്ങൾ സെൻറ് മാർട്ടിന് ഏതാനും മൈൽ കിഴക്കു പോർട്ട്ഷേക്ക് സുഖവാസപട്ടണത്തിനടുത്തേക്കു മാറിപ്പാർത്തു.
ഞങ്ങൾ അവിടെ താമസിക്കവേ യഹോവയുടെ സാക്ഷികളിൽപെട്ട ശുശ്രൂഷകർ (അന്നു ബൈബിൾവിദ്യാർഥികൾ എന്നു വിളിക്കപ്പെട്ടവർ) എന്റെ മാതാപിതാക്കളെ സന്ദർശിച്ചു. 1929-ൽ അവർ സമ്പൽസമൃദ്ധി തീർച്ച എന്ന ചെറുപുസ്തകം ഇട്ടേച്ചുപോയി, അത് അച്ഛന്റെ ചോദ്യങ്ങളിൽ പലതിനും ഉത്തരം നൽകി. പിശാചും സാത്താനും എന്നു വിളിക്കപ്പെടുന്ന ഒരു അദൃശ്യ ഭരണാധികാരിയാണു ലോകത്തെ നിയന്ത്രിക്കുന്നതെന്ന് അതു ബൈബിളിൽനിന്നു തെളിയിച്ചു. (യോഹന്നാൻ 12:31; 2 കൊരിന്ത്യർ 4:4; വെളിപ്പാടു 12:9) ഈ ലോകത്തിലെ മതം, രാഷ്ട്രീയം, വ്യാപാരം എന്നിവയുടെമേലുള്ള അവന്റെ സ്വാധീനമാണ് അച്ഛൻ ഒന്നാം ലോകമഹായുദ്ധത്തിൽ കണ്ട ഭീകരതകൾക്ക് ഉത്തരവാദിത്വം വഹിച്ചത്. ഒടുവിൽ, അച്ഛൻ അന്വേഷിച്ചുകൊണ്ടിരുന്ന ഉത്തരങ്ങൾ കണ്ടെത്തിയിരുന്നു.
തീക്ഷ്ണമായ ശുശ്രൂഷ
അദ്ദേഹം വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയിൽനിന്നു സാഹിത്യം വരുത്തുകയും ബന്ധുക്കൾക്കും പിന്നീടു വീടുതോറും അവ വിതരണംചെയ്തുതുടങ്ങുകയും ചെയ്തു. വെറും 20 വയസ്സുണ്ടായിരുന്ന അയലത്തെ ഒരു യുവാവായ ഹാൻസ് സ്റേറാസ്സിർ താമസിയാതെ വീടുതോറുമുള്ള ശുശ്രൂഷയിൽ ചേർന്നു. പെട്ടെന്നുതന്നെ, ഞങ്ങളുടെ ബന്ധുക്കളിൽ അഞ്ചുപേർ സാക്ഷികളായിത്തീർന്നു—അച്ഛന്റെ സഹോദരനായ ഫ്രാൻസും അദ്ദേഹത്തിന്റെ ഭാര്യയായ ആനായും പിന്നീട് അവരുടെ പുത്രൻ ആന്റോണും അച്ഛന്റെ സഹോദരിയായ മരിയായും അവരുടെ ഭർത്താവായ ഹേർമനും.
ഇതു ഞങ്ങളുടെ കൊച്ചു പട്ടണമായ സെൻറ് മാർട്ടിനിൽ ഒരു കോളിളക്കംതന്നെ സൃഷ്ടിച്ചു. സ്കൂളിൽ ഒരു വിദ്യാർഥിനി ഞങ്ങളുടെ കത്തോലിക്കാ അധ്യാപകനോട്, “ഫാദർ ലോയിജ്, വോൾഫാർട്ട് ആരാധിക്കുന്ന യഹോവ എന്ന പുതിയ ദൈവം ആരാണ്?” എന്നു ചോദിച്ചു.
“അല്ല, അല്ല, മക്കളേ, ഇത് ഒരു പുതിയ ദൈവമല്ല,” പുരോഹിതൻ മറുപടി പറഞ്ഞു. “യഹോവ യേശുക്രിസ്തുവിന്റെ പിതാവാണ്. ആ ദൈവത്തോടുള്ള സ്നേഹത്താൽ പ്രേരിതരായാണ് അവർ സന്ദേശം പരത്തുന്നതെങ്കിൽ അതു വളരെ നല്ലതാണ്.”
എന്റെ അച്ഛൻ പലപ്പോഴും ബൈബിൾസാഹിത്യവും ഒരു സാൻഡ്വിച്ചും എടുത്തുകൊണ്ടു രാവിലെ 1 മണിക്കു വീട്ടിൽനിന്നു പോകുന്നതു ഞാൻ ഓർക്കുന്നു. ആറോ ഏഴോ മണിക്കൂർ കഴിയുമ്പോൾ അദ്ദേഹം തന്റെ ഏററവും വിദൂരത്തിലുള്ള പ്രസംഗപ്രദേശത്ത്, ഇററലിയുടെ അതിർത്തിയോടടുത്ത്, എത്തും. ഹ്രസ്വ പര്യടനങ്ങളിൽ ഞാൻ അദ്ദേഹത്തെ അനുഗമിക്കുമായിരുന്നു.
പരസ്യ ശുശ്രൂഷ ഉണ്ടായിരുന്നിട്ടും അച്ഛൻ സ്വന്തം കുടുംബത്തിന്റെ ആത്മീയാവശ്യങ്ങളെ അവഗണിച്ചില്ല. എനിക്ക് ഏതാണ്ടു പത്തു വയസ്സുണ്ടായിരുന്നപ്പോൾ അദ്ദേഹം ദൈവത്തിന്റെ കിന്നരം എന്ന പുസ്തകം ഉപയോഗിച്ചുകൊണ്ടു ഞങ്ങൾ ആറുപേർക്കുമായി വാരംതോറും ഒരു നിരന്തര ബൈബിളധ്യയനം തുടങ്ങി. മററു സമയങ്ങളിൽ താത്പര്യക്കാരായ അയൽക്കാരെയും ബന്ധുക്കളെയും കൊണ്ടു ഞങ്ങളുടെ വീടു നിറയുമായിരുന്നു. പെട്ടെന്നുതന്നെ ഞങ്ങളുടെ കൊച്ചു പട്ടണത്തിൽ 26 രാജ്യപ്രഘോഷകരുടെ ഒരു സഭ ഉണ്ടായി.
ഹിററ്ലർ അധികാരത്തിൽ വരുന്നു
ഹിററ്ലർ 1933-ൽ ജർമനിയിൽ അധികാരത്തിൽ വന്നു. പിന്നീടു താമസിയാതെതന്നെ യഹോവയുടെ സാക്ഷികളുടെ പീഡനം വർദ്ധിച്ചു. 1937-ൽ അച്ഛൻ ചെക്കോസ്ലൊവാക്യയിലെ പ്രേഗിൽ നടന്ന ഒരു കൺവെൻഷനിൽ സംബന്ധിച്ചു. കൺവെൻഷനിൽ കൂടിവന്നവർക്കു ഭാവിയിൽ ഉണ്ടാകാവുന്ന പീഡാനുഭവങ്ങളെക്കുറിച്ചു മുന്നറിയിപ്പു കൊടുക്കപ്പെട്ടു, തന്നിമിത്തം അച്ഛൻ മടങ്ങിവന്നപ്പോൾ പീഡനത്തിനുവേണ്ടി ഒരുങ്ങാൻ ഞങ്ങളെയെല്ലാം പ്രോത്സാഹിപ്പിച്ചു.
ഇതിനിടയിൽ, 16-ാം വയസ്സിൽ വീടുകൾക്കു പെയിൻറടിക്കുന്ന ജോലിയിൽ ഞാൻ പരിശീലനം നേടാൻ തുടങ്ങി. ഞാൻ ഒരു വിദഗ്ധ പെയിൻററോടുകൂടെ താമസിക്കുകയും ഒരു തൊഴിൽ വിദ്യാലയത്തിൽ പഠിക്കുകയും ചെയ്തു. നാസി ഭരണകൂടത്തിൽനിന്നു രക്ഷപ്പെടുന്നതിനു ജർമനിയിൽനിന്ന് ഓടിപ്പോന്ന പ്രായമുള്ള ഒരു പുരോഹിതൻ സ്കൂളിൽ ഒരു മതപ്രബോധന ക്ലാസ് നടത്തി. വിദ്യാർഥികൾ അദ്ദേഹത്തെ “ഹെയ്ൽ ഹിററ്ലർ” എന്നു പറഞ്ഞ് അഭിവാദനംചെയ്തപ്പോൾ അദ്ദേഹം അപ്രീതിപ്പെടുകയും “നമ്മുടെ മതത്തിന് എന്തു പററി”യെന്നു ചോദിക്കുകയും ചെയ്തു.
ഞാൻ ആ അവസരത്തെ പ്രയോജനപ്പെടുത്തുകയും തന്റെ അനുഗാമികളെല്ലാം സഹോദരൻമാരാണെന്നു യേശു പറഞ്ഞിരിക്കെ “യുവർ എമിനൻസ്,” “പരിശുദ്ധ പിതാവ്” എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകൾ കത്തോലിക്കർ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുകയും ചെയ്തു. (മത്തായി 23:8-10) ഇതു ചെയ്യുന്നതു തെററാണെന്നും ബിഷപ്പിന്റെ മുമ്പാകെ വണങ്ങുന്നതിനും അദ്ദേഹത്തിന്റെ കൈ ചുംബിക്കുന്നതിനും വിസമ്മതിച്ചതിനാൽ താൻതന്നെ കുഴപ്പത്തിലായിരിക്കുകയാണെന്നും പുരോഹിതൻ സമ്മതിച്ചുപറഞ്ഞു. അപ്പോൾ, “സഭയുടെ അനുഗ്രഹത്തോടെ സഹ കത്തോലിക്കരെ കൊല്ലാൻ സാധ്യമാകുന്നതെങ്ങനെ?” എന്നു ഞാൻ ചോദിച്ചു.
“അത്യന്തം ലജ്ജാകരമാണത്!” പുരോഹിതൻ ഉദ്ഘോഷിച്ചു. “അതു വീണ്ടുമൊരിക്കലും സംഭവിക്കാൻ പാടില്ല. നമ്മൾ ക്രിസ്ത്യാനികളാണ്, സഭ യുദ്ധത്തിൽ ഉൾപ്പെടാവുന്നതല്ല.”
1938 മാർച്ച് 12-ന് ഹിററ്ലർ ഓസ്ട്രിയായിലേക്കു മാർച്ചുചെയ്യുകയും അതിനെ താമസിയാതെ ജർമനിയുടെ ഒരു ഭാഗമാക്കിത്തീർക്കുകയും ചെയ്തു, ചെറുത്തുനിൽപ്പുണ്ടായതുമില്ല. പെട്ടെന്നുതന്നെ സഭകൾ അദ്ദേഹത്തിനു പിന്തുണ കൊടുത്തു. യഥാർഥത്തിൽ, ഒരാഴ്ചതന്നെ ആകുന്നതിനുമുമ്പ്, കർദിനാൾ തിയോഡർ ഇന്നിററ്സർ ഉൾപ്പെടെ ആറ് ഓസ്ട്രിയൻ ബിഷപ്പുമാരും അത്യന്തം അനുകൂലമായ ഒരു “പരിപാവന പ്രഖ്യാപന”ത്തിൽ ഒപ്പുവെച്ചു, അടുത്ത തെരഞ്ഞെടുപ്പുകളിൽ “ജർമൻ ഭരണകൂടത്തിനുവേണ്ടി വോട്ടുചെയ്യുകയെന്നതു ജർമൻകാരെന്ന നിലയിൽ ബിഷപ്പുമാരായ നമ്മുടെ ആവശ്യവും കടമയും ആണ്” എന്ന് അതിൽ അവർ പറയുകയുണ്ടായി. (പേജ് 9 കാണുക.) വിയന്നയിൽ ഒരു വലിയ സ്വീകരണം നടന്നു, അവിടെ നാസി വന്ദനത്തോടെ ഹിററ്ലറെ ആദ്യമായി അഭിവാദനംചെയ്തതു കർദിനാൾ ഇന്നിററ്സർ ആയിരുന്നു. എല്ലാ ഓസ്ട്രിയൻ പള്ളികളിലും സ്വസ്തികാപതാക പറപ്പിക്കാനും മണിയടിക്കാനും നാസി സേച്ഛാധികാരിക്കുവേണ്ടി പ്രാർഥിക്കാനും കർദിനാൾ ആജ്ഞാപിച്ചു.
പ്രത്യക്ഷത്തിൽ ഒററ രാത്രികൊണ്ട് ഓസ്ട്രിയയിലെ രാഷ്ട്രീയ ഭാവം മാറി. സ്വസ്തികാ കൈപ്പട്ടകളും ബ്രൗൺ യൂണിഫോമുകളും ധരിച്ച നാസി മിന്നലാക്രമണ സൈന്യം കൂണുപോലെ പ്രത്യക്ഷപ്പെട്ടു. സഭ യുദ്ധത്തിൽ ഉൾപ്പെടരുതെന്നു മുമ്പു പറഞ്ഞിരുന്ന പുരോഹിതൻ “ഹെയ്ൽ ഹിററ്ലർ!” എന്നു പറയാൻ വിസമ്മതിച്ച ചുരുക്കംചില പുരോഹിതൻമാരിലൊരാളായിരുന്നു. അടുത്ത ആഴ്ചയിൽ ഒരു പുതിയ പുരോഹിതൻ അദ്ദേഹത്തിനു പകരം വന്നു. ക്ലാസ്സിൽ കയറിയ ഉടനെ അദ്ദേഹം ആദ്യം ചെയ്തത് സൈനികചിട്ടയിൽ കാൽ എടുത്തുകുത്തി കൈ ഉയർത്തി സല്യൂട്ട് ചെയ്തുകൊണ്ടു “ഹെയ്ൽ ഹിററ്ലർ!” എന്നു പറയുകയായിരുന്നു.
അനുരൂപപ്പെടാനുള്ള സമ്മർദം
നാസികളുടെ സമ്മർദത്തിനു എല്ലാവരും വിധേയരായി. “ഹെയ്ൽ ഹിററ്ലർ” എന്നതിനു പകരം “ഗുട്ടൻ ററാഗ്” (നമസ്കാരം) പറഞ്ഞു ഞാൻ ആളുകളെ അഭിവാദനംചെയ്തപ്പോൾ അവർ കുപിതരായി. ഏതാണ്ടു 12 പ്രാവശ്യം എന്നെക്കുറിച്ചു രഹസ്യപ്പോലീസിനു അറിവു കൊടുത്തു. ഞാൻ വന്ദനംചെയ്യുകയും ‘ഹിററ്ലർ-യുവജനപ്രസ്ഥാന’ത്തിൽ ചേരുകയും ചെയ്യാത്തപക്ഷം എന്നെ ഒരു തടങ്കൽപാളയത്തിലേക്ക് അയക്കുമെന്നു പറഞ്ഞ് ഒരിക്കൽ മിന്നൽപടയാളികളുടെ ഒരു സംഘം ഞാൻ കൂടെ താമസിച്ചിരുന്ന വിദഗ്ധ പെയിൻററെ ഭീഷണിപ്പെടുത്തി. എനിക്ക് ഒടുവിൽ മാററം വരുമെന്ന് ഒരു നാസി അനുഭാവിയായിരുന്ന ഈ പെയിൻറർക്ക് ഉറപ്പുതോന്നിയിരുന്നതുകൊണ്ട് എന്നോടു ക്ഷമ കാണിക്കാൻ അദ്ദേഹം അവരോട് അപേക്ഷിച്ചു. ഞാൻ ഒരു നല്ല വേലക്കാരനായിരുന്നതുകൊണ്ടു എന്നെ നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
നാസികൾ അധികാരം ഏറെറടുത്തതോടെ രാത്രിവരെ നീളുന്ന വലിയ മാർച്ചുകൾ നടന്നു, ആളുകൾ ഭ്രാന്തമായി മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിരുന്നു. ഓരോ ദിവസവും റേഡിയോയിൽ ഹിററ്ലറുടെയും ഗീബെൽസിന്റെയും മററു ചിലരുടെയും പ്രസംഗങ്ങൾ മുഴങ്ങി. പുരോഹിതൻമാർ മുറപ്രകാരം ഹിററ്ലർക്കുവേണ്ടി പ്രാർഥിക്കുകയും ഹിററ്ലറെ വാഴ്ത്തുകയും ചെയ്യവേ അദ്ദേഹത്തോടുള്ള കത്തോലിക്കാസഭയുടെ കീഴ്പെടലിന് ആഴം കൂടിവന്നു.
ഒരു ഉറച്ച നിലപാടു സ്വീകരിച്ച് എന്റെ ജീവിതത്തെ യഹോവക്കു സമർപ്പിച്ചു സ്നാപനമേൽക്കേണ്ടതിന്റെ ആവശ്യകത അച്ഛൻ എന്നെ ഓർമിപ്പിച്ചു. ബൈബിൾ സത്യത്തിനുവേണ്ടി നില സ്വീകരിച്ചിരുന്ന, ഞങ്ങളുടെ അയൽക്കാരനായ ഹാൻസിന്റെ ഇളയ സഹോദരിയായ മരിയാ സ്റേറാസ്സിറെക്കുറിച്ചും അദ്ദേഹം എന്നോടു പറഞ്ഞു. മരിയായും ഞാനും വിവാഹംകഴിക്കാൻ സമ്മതിച്ചിരുന്നു. അവൾക്ക് ആത്മീയമായി ഒരു പ്രോത്സാഹനമായിരിക്കാൻ അച്ഛൻ എന്നെ ശക്തമായി ഉപദേശിച്ചു. 1939 ഓഗസ്ററിൽ മരിയായെയും എന്നെയും അവളുടെ സഹോദരനായ ഹാൻസ് സ്നാപനപ്പെടുത്തി.
അച്ഛന്റെ മാതൃകായോഗ്യമായ നിർമലത
അടുത്ത ദിവസം അച്ഛൻ പട്ടാളസേവനത്തിനു ക്ഷണിക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധകാലത്തു സഹിച്ച പ്രയാസങ്ങളുടെ ഫലമായി മോശമായ അദ്ദേഹത്തിന്റെ ആരോഗ്യം ഏതായാലും യുദ്ധത്തിൽ സേവിക്കുന്നതിൽനിന്ന് അദ്ദേഹത്തെ തടയുമായിരുന്നെങ്കിലും, താൻ ഒരു കത്തോലിക്കനായിരുന്നപ്പോൾ ചെയ്തിരുന്നതുപോലെ ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ താൻ വീണ്ടുമൊരിക്കലും യുദ്ധത്തിൽ ഉൾപ്പെടുകയില്ലെന്നു അഭിമുഖം നടത്തിയവരോടു പിതാവു പറയുകയുണ്ടായി. ഈ പ്രസ്താവന നിമിത്തം അദ്ദേഹത്തെ കൂടുതലായ അന്വേഷണത്തിനായി തടവിലാക്കി.
ഒരാഴ്ച കഴിഞ്ഞു ജർമനി പോളണ്ടിനെ ആക്രമിച്ചു, അതു രണ്ടാം ലോകമഹായുദ്ധത്തിനു തുടക്കംകുറിച്ചു. അപ്പോൾ അദ്ദേഹത്തെ വിയന്നയിലേക്കു കൊണ്ടുപോയി. അവിടെ അദ്ദേഹം ബന്ധനത്തിലായിരിക്കെ, മററു സാക്ഷികൾ ഹിററ്ലറെ പിന്തുണക്കാൻ വിസമ്മതിച്ചിരിക്കുന്നതിന് അച്ഛനാണ് ഉത്തരവാദിയെന്നും തന്നിമിത്തം അദ്ദേഹത്തെ വധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടു ഞങ്ങളുടെ ഡിസ്ട്രിക്ടിലെ മേയർ എഴുതി. തത്ഫലമായി, അച്ഛനെ ബർലിനിലേക്ക് അയക്കുകയും പിന്നീടു താമസിയാതെ അദ്ദേഹത്തെ ശിരഃച്ഛേദം ചെയ്യുന്നതിനു വിധിക്കുകയും ചെയ്തു. മോബിററ് ജയിലിൽ പകലും രാത്രിയും അദ്ദേഹത്തെ ചങ്ങലയിലിട്ടു.
ഇതിനിടയിൽ കുടുംബത്തിനുവേണ്ടി ഞാൻ അച്ഛന് എഴുത്തെഴുതുകയും അദ്ദേഹത്തിന്റെ വിശ്വസ്ത മാതൃക പിൻപററാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്നു പറയുകയും ചെയ്തു. അച്ഛൻ പൊതുവേ ഒരു വികാരജീവിയായ മനുഷ്യനല്ലായിരുന്നു. എന്നാൽ ഞങ്ങൾക്കയച്ച അദ്ദേഹത്തിന്റെ അവസാനത്തെ എഴുത്തു കണ്ണീർ വീണു വിവർണമായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ വികാരം ഞങ്ങൾക്കു മനസ്സിലാക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ നിലപാടു ഞങ്ങൾക്കു മനസ്സിലായതിൽ അദ്ദേഹം വളരെ സന്തുഷ്ടനായിരുന്നു. ഞങ്ങളുടെ ഓരോരുത്തരുടെയും പേർപറഞ്ഞും വിശ്വസ്തരായി നിലനിൽക്കാൻ ഞങ്ങളെ ശക്തമായി ഉപദേശിച്ചും കൊണ്ട് അദ്ദേഹം പ്രോത്സാഹനവാക്കുകൾ അയച്ചു. പുനരുത്ഥാനത്തിലുള്ള അദ്ദേഹത്തിന്റെ പ്രത്യാശ ബലിഷ്ഠമായിരുന്നു.
അച്ഛനു പുറമേ, വേറെ ഏതാണ്ടു രണ്ടു ഡസൻ സാക്ഷികൾ മോബിററ് ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. അവരുടെ വിശ്വാസം ഉപേക്ഷിക്കാൻ ഹിററ്ലറുടെ ഉന്നത ഉദ്യോഗസ്ഥൻമാർ അവരെ പ്രേരിപ്പിച്ചു, എന്നാൽ വിജയിച്ചില്ല. 1939 ഡിസംബറിൽ ഏതാണ്ട് 25 സാക്ഷികൾ വധിക്കപ്പെട്ടു. അച്ഛന്റെ വധത്തെക്കുറിച്ചു കേട്ടപ്പോൾ മരണത്തോളം വിശ്വസ്തത നിലനിർത്താൻ യഹോവ അച്ഛനു ശക്തി പകർന്നതിൽ യഹോവയോട് അമ്മ എത്ര നന്ദിയുള്ളവളാണെന്നു പ്രകടമാക്കുകയുണ്ടായി.
എന്റെ പരിശോധനകൾ തുടങ്ങുന്നു
ഏതാനും ആഴ്ചകൾ കഴിഞ്ഞ്, ജോലിസേവനത്തിന് എന്നെ ക്ഷണിച്ചു. എന്നാൽ പ്രധാന പ്രവർത്തനം പട്ടാളപരിശീലനമാണെന്നു ഞാൻ പെട്ടെന്നു മനസ്സിലാക്കി. ഞാൻ സൈന്യത്തിൽ സേവിക്കുകയില്ലെന്നും മററു വേല ചെയ്യാമെന്നും വിശദീകരിച്ചു. എന്നിരുന്നാലും, നാസി സമരഗാനങ്ങൾ പാടാൻ ഞാൻ വിസമ്മതിച്ചപ്പോൾ ഉദ്യോഗസ്ഥൻമാർ കുപിതരായി.
അടുത്ത ദിവസം രാവിലെ ഞങ്ങൾക്കു തന്നിരുന്ന സൈനികയൂണിഫോമുകൾ ധരിക്കാതെ പൗരൻമാരുടെ വേഷത്തിൽ ഞാൻ ഹാജരായി. എന്നെ തുറുങ്കിലടയ്ക്കുകയല്ലാതെ ഗത്യന്തരമില്ലെന്നു ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അവിടെ അപ്പവും വെള്ളവുംകൊണ്ടു ഞാൻ ഉപജീവിച്ചു. ഒരു പതാകാവന്ദന ചടങ്ങ് ഉണ്ടായിരിക്കുമെന്നു പിന്നീട് എന്നോടു പറഞ്ഞു. പങ്കെടുക്കുന്നതിനുള്ള വിസമ്മതം എന്നെ വെടിവെച്ചുകൊല്ലുന്നതിൽ കലാശിക്കുമെന്ന് എനിക്കു മുന്നറിയിപ്പും കിട്ടി.
പരിശീലന ഗ്രൗണ്ടിൽ 300 നവസൈനികരും പട്ടാള ഉദ്യോഗസ്ഥൻമാരും ഉണ്ടായിരുന്നു. ഉദ്യോഗസ്ഥൻമാരുടെയും സ്വസ്തികാപതാകയുടെയും അടുക്കലൂടെ നടക്കാനും ഹിററ്ലർ-സല്യൂട്ട് നടത്താനും എന്നോടു കല്പിച്ചു. മൂന്ന് എബ്രായരുടെ ബൈബിൾ വിവരണത്തിൽനിന്ന് ആത്മീയ ശക്തി ആർജിച്ചുകൊണ്ടു നടന്നുപോകവേ ഞാൻ കേവലം “ഗുട്ടൻ ററാഗ്” (നമസ്കാരം) പറഞ്ഞു. (ദാനീയേൽ 3:1-30) വീണ്ടും നടന്നുപോകാൻ എന്നോട് ആവശ്യപ്പെട്ടു. ഈ പ്രാവശ്യം ഞാൻ ഒന്നും പറഞ്ഞില്ല, പുഞ്ചിരിക്കുകമാത്രം ചെയ്തു.
നാല് ഉദ്യോഗസ്ഥൻമാർ എന്നെ തുറുങ്കിലേക്കു തിരികെ കൊണ്ടുപോയപ്പോൾ, എന്നെ വെടിവെച്ചുകൊല്ലുമെന്നു പ്രതീക്ഷിച്ചതിനാൽ തങ്ങൾ വിറയ്ക്കുകയായിരുന്നുവെന്ന് അവർ എന്നോടു പറഞ്ഞു. “ഞങ്ങൾ ഭയന്നുവിറച്ചപ്പോൾ നിങ്ങൾക്ക് എങ്ങനെ പുഞ്ചിരിക്കാൻ കഴിഞ്ഞു?” എന്ന് അവർ ചോദിച്ചു. അവർക്ക് എന്റെ ധൈര്യം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുന്നതായി അവർ പറഞ്ഞു.
ഏതാനും ദിവസങ്ങൾ കഴിഞ്ഞ്, ബർലിനിലെ ഹിററ്ലറുടെ ഹെഡ്ക്വാർട്ടേഴ്സിൽനിന്നുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനായ ഡോ. ആൽമെൻഡിംഗർ പാളയത്തിലേക്കു വന്നു. എന്നെ അദ്ദേഹത്തിന്റെ അടുക്കലേക്കു വിളിച്ചു. നിയമങ്ങൾ വളരെയധികം കർശനമായിത്തീർന്നിരിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. “നിങ്ങൾക്കു നേരിടാനിരിക്കുന്ന പ്രയാസത്തെക്കുറിച്ചു നിങ്ങൾ ഒട്ടും ബോധവാനല്ല,” അദ്ദേഹം പറഞ്ഞു.
“ഓ, ഞാൻ ബോധവാനാണ്,” ഞാൻ മറുപടി പറഞ്ഞു. “ഏതാനും ആഴ്ചകൾക്കു മുമ്പുമാത്രമാണ് എന്റെ അച്ഛനെ ഇതേ കാരണത്താൽ ശിരഃച്ഛേദം ചെയ്തത്.” അദ്ദേഹം സ്തംഭിച്ചു നിശബ്ദനായി.
പിന്നീടു ബർലിനിൽനിന്നു മറെറാരു ഉന്നത ഉദ്യോഗസ്ഥൻ വന്നെത്തി. എന്റെ മനസ്സു മാററാൻ കൂടുതലായ ശ്രമങ്ങൾ ചെയ്യപ്പെട്ടു. ഞാൻ എന്തുകൊണ്ടു ദൈവനിയമങ്ങൾ ലംഘിക്കുകയില്ലെന്നു കേട്ടശേഷം അദ്ദേഹം എന്റെ കരം ഗ്രഹിച്ചിട്ട്, മുഖത്തു കണ്ണുനീർ ഒഴുക്കിക്കൊണ്ടു “ഞാൻ നിന്റെ ജീവൻ രക്ഷിക്കാനാഗ്രഹിക്കുന്നു!” എന്നു പറഞ്ഞു. നോക്കിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥൻമാരെല്ലാം വളരെ വികാരതരളിതരായി. പിന്നീട് എന്നെ തുറുങ്കിലേക്കു കൊണ്ടുപോയി. അവിടെ ഞാൻ മൊത്തം 33 ദിവസം ചെലവഴിച്ചു.
വിസ്താരവും തടവും
1940 ഏപ്രിലിൽ എന്നെ ഫ്യൂർസ്റെറൻഫെൽററിലെ ഒരു ജയിലിലേക്കു മാററി. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് എന്റെ പ്രതിശ്രുതവധുവായ മരിയായും എന്റെ സഹോദരൻ ഗ്രെഗറും എന്നെ സന്ദർശിച്ചു. ഗ്രെഗറിന് എന്നെക്കാൾ ഒന്നര വയസ്സിന്റെ ഇളപ്പമേ ഉണ്ടായിരുന്നുള്ളു. അവൻ സ്കൂളിൽ ബൈബിൾസത്യത്തിനുവേണ്ടി ഉറച്ച നിലപാടു സ്വീകരിച്ചിരുന്നു. യഹോവയെ സേവിക്കുകയെന്ന ഏകവഴിയേ ഉള്ളുവെന്നു പറഞ്ഞുകൊണ്ടു പീഡനം സഹിക്കാൻ ഒരുങ്ങുന്നതിനു ഞങ്ങളുടെ ഇളയ സഹോദരൻമാരെ അവൻ പ്രോത്സാഹിപ്പിക്കുന്നതു ഞാൻ ഓർക്കുന്നു! അന്യോന്യം പ്രോത്സാഹിപ്പിച്ചുകൊണ്ടു ചെലവഴിച്ച വിലപ്പെട്ട ആ മണിക്കൂറിലാണു ഞാൻ അവസാനം അവനെ ജീവനോടെ കണ്ടത്. പിന്നീടു ഗ്രാററ്സിലെ തടങ്കലിൽ അഞ്ചു വർഷത്തെ കഠിനജോലിക്ക് ഞാൻ വിധിക്കപ്പെട്ടു.
1940-ലെ ശരത്ക്കാലത്ത്, ചെക്കോസ്ലൊവാക്യയിലെ ഒരു അടിമപ്പണിപ്പാളയത്തിലേക്കു പോകുന്ന തീവണ്ടിയിൽ എന്നെ കയററി, എന്നാൽ എന്നെ വിയന്നയിൽ തടഞ്ഞുവെക്കുകയും അവിടെ തടവിലാക്കുകയും ചെയ്തു. അവസ്ഥകൾ ഭീകരമായിരുന്നു. ഞാൻ വിശപ്പുകൊണ്ടു കഷ്ടപ്പെട്ടു, മാത്രമല്ല രാത്രിയിൽ വലിയ മൂട്ട കടിച്ചിട്ട് എന്റെ മാംസത്തിൽ നിന്നു രക്തമൊഴുകി, പുകച്ചിലനുഭവപ്പെടുകയും ചെയ്തു. അന്ന് എനിക്ക് അജ്ഞാതമായിരുന്ന കാരണങ്ങളാൽ എന്നെ ഗ്രാസ്സിലെ തുറുങ്കിലേക്കു തിരിച്ചയച്ചു.
യഹോവയുടെ സാക്ഷികളെ, ഒരു സ്വർഗീയ പ്രതിഫലം ലഭിക്കത്തക്കവണ്ണം മരണശിക്ഷ ആഗ്രഹിച്ച മതഭ്രാന്തരായ രക്തസാക്ഷികളായി രഹസ്യപ്പോലീസ് വർണിച്ചതുകൊണ്ട് എന്റെ കേസിൽ താത്പര്യമുണ്ടായിരുന്നു. തത്ഫലമായി, ക്രിസ്തുവിനോടുകൂടെ ഭരിക്കാൻ 1,44,000 പേരെ മാത്രമേ സ്വർഗത്തിലേക്കു കൊണ്ടുപോകുകയുള്ളുവെന്നു വിശദീകരിച്ചുകൊണ്ടു ഗ്രാററ്സ് സർവകലാശാലയിലെ ഒരു പ്രൊഫസ്സറുടെയും എട്ടു വിദ്യാർഥികളുടെയും മുമ്പാകെ സംസാരിക്കാനുള്ള നല്ല അവസരം എനിക്കു രണ്ടു ദിവസം ലഭിച്ചു. (വെളിപ്പാടു 14:1-3) എന്റെ പ്രത്യാശ പറുദീസായവസ്ഥകളിൽ ഭൂമിയിൽ നിത്യജീവൻ ആസ്വദിക്കാനാണെന്നു ഞാൻ പറഞ്ഞു.—സങ്കീർത്തനം 37:29; വെളിപ്പാടു 21:3, 4.
രണ്ടു ദിവസത്തെ ചോദ്യംചെയ്യലിനുശേഷം, “നീ പ്രായോഗികമായി ചിന്തിക്കുന്നു എന്ന നിഗമനത്തിൽ ഞാൻ എത്തിയിരിക്കുകയാണ്” എന്നു പ്രൊഫസ്സർ പറഞ്ഞു. “മരിച്ചു സ്വർഗത്തിൽ പോകാൻ നിനക്ക് ആഗ്രഹമില്ല.” യഹോവയുടെ സാക്ഷികളുടെ പീഡനത്തിൽ അദ്ദേഹം ദുഃഖം പ്രകടിപ്പിക്കുകയും എനിക്കു ശുഭാശംസകൾ നേരുകയും ചെയ്തു.
1941-ന്റെ പ്രാരംഭകാലത്തു ജർമനിയിൽ കഠിനജോലിക്കാർക്കുള്ള റോൾവാൾട്ട് പാളയത്തിലേക്കുള്ള ഒരു തീവണ്ടിയിൽ എന്നെ കയററി.
പരുഷമായ പാളയജീവിതം
ഫ്രാങ്ക്ഫർട്ട് നഗരത്തിനും ഡാംസ്ററാർഡ്ററിനുമിടക്കാണു റോൾവാൾട്ട് സ്ഥിതിചെയ്തത്. അവിടെ ഏതാണ്ട് 5,000 തടവുകാരുണ്ടായിരുന്നു. രാവിലെ 5:00 മണിക്കു ഹാജർവിളിയോടെ ഓരോ ദിവസവും ആരംഭിച്ചു. ഉദ്യോഗസ്ഥൻമാർ തടവുകാരുടെ പട്ടിക പുതുക്കി സാവധാനത്തിൽ വായിക്കുന്നതിന് ഏതാണ്ടു രണ്ടു മണിക്കൂർ എടുത്തു. അനങ്ങാതെ നിൽക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തികച്ചും നിശ്ചലമായി നിൽക്കാഞ്ഞതിന് അനേകം തടവുകാർ കഠിനപ്രഹരങ്ങൾ സഹിച്ചു.
പ്രഭാതഭക്ഷണത്തിനു മാവും അറപ്പുപൊടിയും മിക്കപ്പോഴും ചീഞ്ഞ ഉരുളക്കിഴങ്ങും ചേർത്തുണ്ടാക്കിയ അപ്പമാണുണ്ടായിരുന്നത്. പിന്നീടു ഞങ്ങൾ കാർഷികോദ്ദേശ്യങ്ങൾക്കായി വെള്ളം ഒഴുക്കിവിടുന്നതിനു കിടങ്ങുകൾ കുഴിക്കാൻ ചതുപ്പുസ്ഥലത്തു പണിയെടുക്കാൻ പോയി. ചതുപ്പുനിലത്തു പകൽമുഴുവൻ ചെരിപ്പിടാതെ ജോലി ചെയ്തുകഴിയുമ്പോൾ ഞങ്ങളുടെ പാദങ്ങൾ സ്പഞ്ചുപോലെ വീർക്കുമായിരുന്നു. ഒരിക്കൽ എന്റെ പാദങ്ങളിൽ അർബുദം പോലെ തോന്നിച്ച വീക്കം ഉണ്ടായി, അവ ഛേദിച്ചുകളയേണ്ടിവരുമെന്നു ഞാൻ ഭയപ്പെട്ടു.
ജോലിസ്ഥലത്ത്, ഉച്ചസമയത്തു സൂപ്പ് എന്നു പറയപ്പെടുന്ന പരീക്ഷണാർഥമുള്ള ഒരു കഷായം ഞങ്ങൾക്കു തന്നിരുന്നു. അതിൽ മധുര മുള്ളങ്കിയോ കാബേജോ ചേർത്തു സ്വാദു വരുത്തിയിരുന്നു. ചില സമയങ്ങളിൽ രോഗംപിടിപെട്ട മൃഗങ്ങളുടെ പിണം പൊടിച്ചതും ഉൾപ്പെടുത്തിയിരുന്നു. ഞങ്ങളുടെ വായിലും തൊണ്ടയിലും എരിച്ചിൽ അനുഭവപ്പെട്ടു. ഞങ്ങളിൽ പലർക്കും വലിയ പരുക്കൾ ഉണ്ടായി. വൈകുന്നേരത്തു ഞങ്ങൾക്കു കൂടുതൽ “സൂപ്പ്” കിട്ടി. പല തടവുകാർക്കും പല്ലു നഷ്ടപ്പെട്ടു, എന്നാൽ പല്ലുകളെ പ്രവർത്തിപ്പിക്കുന്നതിന്റെ മൂല്യം എന്നോടു പറഞ്ഞിരുന്നു. ഞാൻ ഒരു കഷണം പൈൻകമ്പോ ഹേസൽ മുളകളോ ചവച്ചുകൊണ്ടിരിക്കുമായിരുന്നു, എന്റെ പല്ലുകൾ നഷ്ടപ്പെട്ടില്ല.
ആത്മീയ ബലം നിലനിർത്തൽ
എന്റെ വിശ്വാസത്തെ തകർക്കാനുള്ള ശ്രമത്തിൽ, പാറാവുകാർ മററു സാക്ഷികളുമായുള്ള സമ്പർക്കത്തിൽനിന്ന് എന്നെ ഒററപ്പെടുത്തി. എനിക്കു ബൈബിൾ സാഹിത്യങ്ങൾ ഒന്നും കൈവശമില്ലാഞ്ഞതിനാൽ ‘നമ്മുടെ മുഴു ഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കാൻ’ പ്രോത്സാഹിപ്പിക്കുന്ന സദൃശവാക്യങ്ങൾ 3:5, 6-ഉം ‘നമുക്കു സഹിക്കാവുന്നതിനതീതമായി പരീക്ഷിക്കപ്പെടാൻ’ യഹോവ അനുവദിക്കുകയില്ലെന്നു വാഗ്ദാനംചെയ്യുന്ന 1 കൊരിന്ത്യർ 10:13-ഉം പോലെ ഞാൻ മനഃപാഠമാക്കിയിരുന്ന തിരുവെഴുത്തുകൾ അനുസ്മരിക്കുമായിരുന്നു. എന്റെ മനസ്സിൽ അങ്ങനെയുള്ള തിരുവെഴുത്തുകൾ പുനരവലോകനം ചെയ്തതിനാലും പ്രാർഥനയിൽ യഹോവയിൽ ഊന്നിയതിനാലും എനിക്കു ബലം കിട്ടി.
ചിലപ്പോൾ മറെറാരു പാളയത്തിൽനിന്നു മാററിക്കൊണ്ടിരുന്ന ഒരു സാക്ഷിയെ കാണാൻ എനിക്കു സാധിച്ചിരുന്നു. സംസാരിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചില്ലെങ്കിൽ തല കുലുക്കിയോ മുഷ്ടി ചുരുട്ടി ഉയർത്തിക്കാട്ടിയോ ഉറച്ചുനിൽക്കാൻ പരസ്പരം ഞങ്ങൾ പ്രോത്സാഹിപ്പിക്കുമായിരുന്നു. ചിലപ്പോഴൊക്കെ മരിയായിൽനിന്നും അമ്മയിൽനിന്നുമുള്ള കത്തുകൾ എനിക്കു കിട്ടിയിരുന്നു. ഒരെഴുത്തിൽനിന്ന് എന്റെ പ്രിയ സഹോദരനായ ഗ്രെഗറിന്റെ മരണത്തെക്കുറിച്ചു ഞാൻ മനസ്സിലാക്കി. യുദ്ധത്തിന്റെ സമാപനത്തോടടുത്തു കിട്ടിയ മറെറാന്നിൽനിന്നു മരിയായുടെ സഹോദരനായ ഹാൻസ് സ്റേറാസ്സിർ വധിക്കപ്പെട്ടുവെന്നും ഞാൻ മനസ്സിലാക്കി.
പിന്നീട്, ഒരു തടവുപുള്ളി ഞങ്ങളുടെ പാളയത്തിലേക്കു മാററപ്പെട്ടു. ബർലിനിലെ മോബിററ് ജയിലിൽ ഒരുമിച്ചായിരുന്നപ്പോൾ അയാൾ ഗ്രെഗറിനെ അറിയുമായിരുന്നു. സംഭവിച്ചതിന്റെ വിശദവിവരം അയാളിൽനിന്നു ഞാൻ മനസ്സിലാക്കി. ഗ്രെഗറിനെ ശിരഃച്ഛേദനയന്ത്രത്തിൽ കൊല്ലുന്നതിനു വിധിച്ചിരുന്നു. എന്നാൽ അവന്റെ നിർമലതയെ തകർക്കാനുള്ള ശ്രമത്തിൽ വധത്തിനു മുമ്പുള്ള പതിവു കാലാവധി നാലുമാസമായി നീട്ടിയിരുന്നു. ആ കാലത്ത് അവൻ വിട്ടുവീഴ്ച ചെയ്യുന്നതിനിടയാക്കാൻ സകലവിധ സമ്മർദങ്ങളും ചെലുത്തപ്പെട്ടു—ഭാരിച്ച ചങ്ങലയാൽ അവന്റെ കൈയും കാലും കെട്ടി, അവനു ഭക്ഷണം കൊടുത്തത് അപൂർവമായിട്ടായിരുന്നു. എന്നാൽ അവൻ ഒരിക്കലും പതറിയില്ല. അവൻ അവസാനത്തോളം—1942 മാർച്ച് 14 വരെ—വിശ്വസ്തനായിരുന്നു. ഈ വാർത്ത ദുഃഖിപ്പിച്ചെങ്കിലും, എന്തു സംഭവിച്ചാലും യഹോവയോടു വിശ്വസ്തനായി നിലകൊള്ളാൻ എനിക്ക് അതിൽനിന്നു ബലം ലഭിച്ചു.
കാലക്രമത്തിൽ എന്റെ ഇളയ സഹോദരൻമാരായ ക്രിസ്ററ്യനെയും വിലിബാൾഡിനെയും എന്റെ ഇളയ സഹോദരിമാരായ ഈഡായെയും ആനിയെയും ജർമനിയിലെ ലാൻഡൗവിൽ ദുർഗുണപരിഹാരശാലയായി ഉപയോഗിച്ചിരുന്ന ഒരു കോൺവെൻറിലേക്കു കൊണ്ടുപോയെന്നും ഞാൻ മനസ്സിലാക്കി. ഹിററ്ലറെ രക്ഷകനായി വാഴ്ത്താൻ വിസമ്മതിച്ചതുകൊണ്ടു ബാലൻമാർ കഠിനമായി പ്രഹരിക്കപ്പെട്ടു.
സാക്ഷീകരിക്കുന്നതിനുള്ള അവസരങ്ങൾ
ഞാൻ താമസിച്ചടത്തെ ബാരക്കുകളിലുണ്ടായിരുന്ന മിക്കവരും രാഷ്ട്രീയ തടവുകാരും കുററപ്പുള്ളികളുമായിരുന്നു. മിക്കപ്പോഴും ഞാൻ അവരോടു സാക്ഷീകരിച്ചുകൊണ്ടു സായാഹ്നങ്ങൾ ചെലവഴിച്ചു. ഒരാൾ കാപ്ഫെൻബർഗിൽനിന്നുള്ള ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു, പേര് യോഹാൻ ലിസ്ററ്. അദ്ദേഹം തന്റെ സഭാംഗങ്ങളോടു ബ്രിട്ടീഷ് പ്രക്ഷേപണനിലയത്തിൽനിന്നു കേട്ട കാര്യങ്ങൾ പറഞ്ഞതുകൊണ്ടായിരുന്നു തടവിലാക്കപ്പെട്ടിരുന്നത്.
കഠിന ശാരീരികാധ്വാനം ശീലിച്ചിട്ടില്ലാഞ്ഞതിനാൽ യോഹാനു വലിയ പ്രയാസം നേരിട്ടു. അദ്ദേഹം പ്രസന്നനായ ഒരു മനുഷ്യനായിരുന്നു. അദ്ദേഹം ശിക്ഷിക്കപ്പെടാതിരിക്കുന്നതിനു ജോലിക്വോട്ടായിലെത്താൻ ഞാൻ അദ്ദേഹത്തെ സഹായിക്കുമായിരുന്നു. ക്രിസ്തീയ തത്ത്വങ്ങൾക്കുവേണ്ടി നിലകൊണ്ടതിനല്ല, രാഷ്ട്രീയ കാരണങ്ങളാൽ തടവിലാക്കപ്പെട്ടതിൽ താൻ ലജ്ജിതനാണെന്ന് അദ്ദേഹം പറയുകയുണ്ടായി. “നിങ്ങൾ യഥാർഥത്തിൽ ഒരു ക്രിസ്ത്യാനിയായി കഷ്ടം സഹിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. ഏതാണ്ട് ഒരു വർഷം കഴിഞ്ഞു വിമോചിതനായപ്പോൾ എന്റെ അമ്മയെയും പ്രതിശ്രുതവധുവിനെയും സന്ദർശിക്കാമെന്ന് അദ്ദേഹം വാഗ്ദാനംചെയ്തു, അദ്ദേഹം വാക്കു പാലിക്കുകയും ചെയ്തു.
എന്റെ ജീവിതം മെച്ചപ്പെടുന്നു
1943-ന്റെ ഒടുവിൽ, കാൾ സ്ററംഫ് എന്നു പേരുള്ള ഒരു പുതിയ പാളയ കമാൻഡറെ ഞങ്ങൾക്കു കിട്ടി. ഉയരമേറിയ, നരച്ച, ഒരു മനുഷ്യൻ. അദ്ദേഹം ഞങ്ങളുടെ പാളയത്തിലെ അവസ്ഥകൾ മെച്ചപ്പെടുത്താൻ തുടങ്ങി. അദ്ദേഹത്തിന്റെ വസതി പെയിൻറടിക്കാറായിരുന്നു. എന്റെ തൊഴിൽ പെയിൻറിംഗാണെന്ന് അദ്ദേഹം മനസ്സിലാക്കിയപ്പോൾ എനിക്ക് ആ ജോലി നൽകി. ചതുപ്പുനിലത്തു ജോലിചെയ്യുന്നതിൽനിന്ന് എന്നെ മാററിയത് ആദ്യമായിട്ടായിരുന്നു.
യഹോവയുടെ സാക്ഷികളിലൊരാളെന്ന നിലയിലുള്ള എന്റെ വിശ്വാസം നിമിത്തമാണു ഞാൻ ജയിലിലായതെന്നു കമാൻഡർ വിശദീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാര്യക്ക് അതു മനസ്സിലാക്കുക പ്രയാസമായിരുന്നു. ഞാൻ മെലിഞ്ഞിരുന്നതുകൊണ്ട് അവർ അനുകമ്പ കാട്ടുകയും എനിക്കു ഭക്ഷണം നൽകുകയും ചെയ്തു. ഞാൻ ദേഹപുഷ്ടി പ്രാപിക്കേണ്ടതിന് അവർ എനിക്കു കൂടുതൽ ജോലികൾ ക്രമീകരിച്ചു തന്നു.
1943-ന്റെ അവസാനം മുന്നണിയിൽ യുദ്ധംചെയ്യുന്നതിനു പാളയത്തിൽനിന്നുള്ള തടവുകാരെ വിളിച്ചുകൊണ്ടിരുന്നപ്പോൾ കമാൻഡർ സ്ററംഫുമായുള്ള എന്റെ നല്ല ബന്ധം എന്നെ രക്ഷിച്ചു. യുദ്ധത്തിൽ പങ്കെടുത്തു രക്തപാതകം വരുത്തിക്കൂട്ടുന്നതിനെക്കാൾ മരിക്കാനാണു ഞാൻ ഇഷ്ടപ്പെടുന്നത് എന്നു ഞാൻ അദ്ദേഹത്തിനു വിശദീകരിച്ചുകൊടുത്തു. എന്റെ നിഷ്പക്ഷനിലപാട് അദ്ദേഹത്തെ ബുദ്ധിമുട്ടിലാക്കിയെങ്കിലും യുദ്ധത്തിനു വിളിക്കാനുള്ളവരുടെ പട്ടികയിൽനിന്ന് എന്നെ ഒഴിവാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
യുദ്ധത്തിന്റെ അവസാനനാളുകൾ
1945 ജനുവരിയിലും ഫെബ്രുവരിയിലും താണു പറന്ന അമേരിക്കൻ വിമാനങ്ങൾ യുദ്ധം അവസാനിക്കാറായെന്നു പ്രസ്താവിച്ച ലഘുലേഖകൾ ഇട്ടുതന്നുകൊണ്ടു ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. എന്റെ ജീവൻ രക്ഷിച്ച കമാൻഡർ സ്ററംഫ് എനിക്കു പൗരവേഷം നൽകുകയും ഒരു ഒളിപ്പിടമായി അദ്ദേഹത്തിന്റെ വസതി എനിക്കു നൽകുകയും ചെയ്തു. പാളയം വിട്ടപ്പോൾ ആകുലീകരിക്കുന്ന വ്യാമിശ്രതയാണു ഞാൻ കണ്ടത്. ഉദാഹരണത്തിന്, യുദ്ധത്തിനൊരുക്കിയ കുട്ടികൾ കവിൾത്തടങ്ങളിലൂടെ കണ്ണീർ ഒഴുക്കിക്കൊണ്ട് അമേരിക്കക്കാരുടെ മുമ്പാകെ പലായനംചെയ്യുകയായിരുന്നു. ഞാൻ ഒരു തോക്കു ധരിക്കാത്തത് എന്തുകൊണ്ടെന്നു സംശയിക്കുന്ന രഹസ്യപ്പോലീസ് ഉദ്യോഗസ്ഥൻമാരെ എതിർപെട്ടേക്കാമെന്നു ഭയന്നു പാളയത്തിലേക്കു മടങ്ങിപ്പോകാൻ ഞാൻ തീരുമാനിച്ചു.
പെട്ടെന്ന് അമേരിക്കൻ ഭടൻമാർ ഞങ്ങളുടെ പാളയത്തെ പൂർണമായും വളഞ്ഞു. 1945 മാർച്ച് 24-ന് പാളയം കീഴടങ്ങി വെള്ളക്കൊടികൾ പറത്തി. കമാൻഡർ സ്ററംഫ് വധത്തിൽനിന്ന് ഒഴിച്ചുനിർത്തിയിരുന്ന മററു സാക്ഷികളും പാളയ എക്സ്ററൻഷനിലുണ്ടായിരുന്നുവെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ എത്ര അതിശയിച്ചുപോയി! ഞങ്ങൾക്ക് എന്തൊരു സന്തോഷകരമായ സംഗമമാണുണ്ടായത്! കമാൻഡർ സ്ററംഫിനെ ജയിലിലടച്ചപ്പോൾ ഞങ്ങളിലനേകർ അമേരിക്കൻ സേനാപതിമാരെ സമീപിക്കുകയും അദ്ദേഹത്തിനുവേണ്ടി വ്യക്തിപരമായും രേഖാമൂലവും തെളിവുകൊടുക്കുകയും ചെയ്തു. തത്ഫലമായി മൂന്നു ദിവസം കഴിഞ്ഞ് അദ്ദേഹം വിമോചിതനായി.
സ്വതന്ത്രരാക്കപ്പെട്ട ഏതാണ്ട് 5,000 തടവുകാരിൽ ഒന്നാമൻ ഞാനായിരുന്നതിൽ ഞാൻ വിസ്മയസ്തബ്ധനായി. അഞ്ചുവർഷത്തെ തടവുവാസത്തിനുശേഷം, ഞാൻ സ്വപ്നം കാണുകയാണെന്ന് എനിക്കു തോന്നി. എന്നെ ജീവനോടെ സംരക്ഷിച്ചതിനു സന്തോഷാശ്രുക്കളോടെ പ്രാർഥനയിൽ ഞാൻ യഹോവക്കു നന്ദി കൊടുത്തു. ഏതാണ്ട് ആറാഴ്ചക്കുശേഷം 1945 മേയ് 7 വരെ ജർമനി കീഴടങ്ങിയില്ല.
വിമോചിതനായതോടെ, ഞാൻ പെട്ടെന്ന് ആ പ്രദേശത്തെ മററു സാക്ഷികളുമായി ബന്ധം സ്ഥാപിച്ചു. ഒരു ബൈബിളധ്യയന കൂട്ടം സംഘടിപ്പിച്ചു, തുടർന്നുവന്ന വാരങ്ങളിൽ ഞാൻ പാളയത്തിനു ചുററുമുള്ള പ്രദേശത്തെ ആളുകളോടു സാക്ഷീകരിച്ചുകൊണ്ട് അനേകം മണിക്കൂർ ചെലവഴിച്ചു. അതേസമയം ഒരു പെയിൻററായി ഞാൻ ജോലി നേടി.
വീണ്ടും വീട്ടിൽ തിരിച്ചെത്തുന്നു
ജൂലൈയിൽ ഒരു മോട്ടോർസൈക്കിൾ വാങ്ങാൻ എനിക്കു സാധിച്ചു. പിന്നെ എന്റെ വീട്ടിലേക്കുള്ള നീണ്ട മടക്കയാത്ര തുടങ്ങുകയായി. ഹൈവേയിലെ പല പാലങ്ങളും തകർത്തിരുന്നതുകൊണ്ടു യാത്രക്കു പല ദിവസങ്ങളെടുത്തു. ഞാൻ ഒടുവിൽ റോഡിലൂടെ കാറിൽ സഞ്ചരിച്ചു സെൻറ് മാർട്ടിനിൽ വീട്ടിൽ എത്തിയപ്പോൾ മരിയാ ഗോതമ്പു കൊയ്യുന്നതു കണ്ടു. ഒടുവിൽ എന്നെ തിരിച്ചറിഞ്ഞപ്പോൾ അവൾ ഓടിവന്നു. സന്തോഷഭരിതമായ പുനഃസമാഗമം നിങ്ങൾക്കു വിഭാവനചെയ്യാൻ കഴിയും. അമ്മ തന്റെ അരിവാൾ എറിഞ്ഞിട്ട് ഓടിയെത്തി. ഇപ്പോൾ 49 വർഷം കഴിഞ്ഞ്, അമ്മയ്ക്കു 96 വയസ്സായിരിക്കുന്നു, അന്ധതയും ബാധിച്ചിരിക്കുന്നു. അവരുടെ മനസ്സ് ഇപ്പോഴും ഉണർവുള്ളതാണ്, അവർ യഹോവയുടെ ഒരു വിശ്വസ്ത സാക്ഷിയായി തുടരുന്നു.
മരിയായും ഞാനും 1945 ഒക്ടോബറിൽ വിവാഹിതരായി. പിന്നീടുള്ള വർഷങ്ങളിൽ യഹോവയെ ഒരുമിച്ചു സേവിക്കുന്നതു ഞങ്ങൾ ആസ്വദിച്ചിരിക്കുന്നു. മൂന്നു പുത്രിമാരെയും ഒരു പുത്രനെയും ആറു കൊച്ചുമക്കളെയും കൊണ്ടു ഞങ്ങൾ അനുഗൃഹീതരാണ്. എല്ലാവരും തീക്ഷ്ണതയോടെ യഹോവയെ സേവിക്കുന്നു. ഈ വർഷങ്ങളിലെല്ലാം ബൈബിൾസത്യത്തിനുവേണ്ടി നിലകൊള്ളാൻ പലരെ സഹായിച്ചതിന്റെ സംതൃപ്തി എനിക്കുണ്ടായിട്ടുണ്ട്.
സഹിച്ചുനിൽക്കുന്നതിനു ധൈര്യം
കേവലം ഒരു യുവാവെന്ന നിലയിൽ, ഞാൻ എങ്ങനെ നിർഭയം മരണത്തെ അഭിമുഖീകരിക്കാൻ പ്രാപ്തനായി എന്നു പലപ്പോഴും എന്നോടു ചോദിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ഉറപ്പുണ്ടായിരിക്കുക—വിശ്വസ്തമായി നിലനിൽക്കാൻ നിങ്ങൾ ഉറച്ചിരിക്കുന്നുവെങ്കിൽ സഹിച്ചുനിൽക്കാനുള്ള ശക്തി യഹോവയാം ദൈവം നൽകും. പ്രാർഥനയിലൂടെ അവനിൽ പൂർണമായി ആശ്രയിക്കാൻ ഒരുവൻ വളരെ പെട്ടെന്നു പഠിക്കുന്നു. എന്റെ അച്ഛനും സഹോദരനും ഉൾപ്പെടെ മററു ചിലർ മരണത്തോളം വിശ്വസ്തമായി സഹിച്ചുനിന്നുവെന്നുള്ള അറിവ് വിശ്വസ്തനായി നിലനിൽക്കാൻ എന്നെയും സഹായിച്ചു.
യഹോവയുടെ ജനം യുദ്ധത്തിൽ പക്ഷംപിടിക്കാഞ്ഞതു യൂറോപ്പിൽ മാത്രമല്ല. 1946-ലെ ന്യൂറംബർഗ് വിചാരണാസമയത്തു ഹിററ്ലറുടെ ഉന്നത ഉദ്യോഗസ്ഥൻമാരിലൊരാളെ തടങ്കൽപാളയങ്ങളിലെ യഹോവയുടെ സാക്ഷികളുടെ പീഡനത്തെക്കുറിച്ചു ചോദ്യംചെയ്തുകൊണ്ടിരിക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തു നിഷ്പക്ഷത പുലർത്തിയതിന് ആയിരക്കണക്കിനു യഹോവയുടെ സാക്ഷികൾ അമേരിക്കൻ തുറുങ്കുകളിലായിരുന്നുവെന്നു റിപ്പോർട്ടുചെയ്ത ഒരു പത്രശകലം അദ്ദേഹം പോക്കററിൽനിന്നു വലിച്ചെടുത്തു.
തീർച്ചയായും, അന്ത്യശ്വാസം വലിക്കുന്നതുവരെ ദൈവത്തോടു നിർമലത പാലിച്ച യേശുക്രിസ്തുവിന്റെ മാതൃക സത്യക്രിസ്ത്യാനികൾ സധൈര്യം പിന്തുടരുന്നു. 1930-കളിലും 1940-കളിലും ദൈവത്തോടും തങ്ങളുടെ സഹമനുഷ്യരോടുമുള്ള സ്നേഹം നിമിത്തം ഹിററ്ലറുടെ യുദ്ധത്തെ പിന്താങ്ങാൻ വിസമ്മതിച്ചവരും അക്കാരണത്താൽ വധിക്കപ്പെട്ടവരുമായ സെൻറ് മാർട്ടിനിലെ ഞങ്ങളുടെ ചെറിയ സഭയിലെ 14 അംഗങ്ങളെക്കുറിച്ചും ഞാൻ ഇന്നോളം മിക്കപ്പോഴും ചിന്തിക്കാറുണ്ട്. ദൈവത്തിന്റെ പുതിയ ലോകത്തിൽ എന്നുമെന്നേക്കും ജീവിതം ആസ്വദിക്കുന്നതിന് അവർ തിരികെ വരുത്തപ്പെടുമ്പോൾ എത്ര മഹത്തായ പുനഃസമാഗമമായിരിക്കും അത്!
[8-ാം പേജിലെ ചിത്രം]
എന്റെ അച്ഛൻ
[8, 9 പേജുകളിലെ ചിത്രങ്ങൾ]
താഴെയും ഇടത്തും: കർദിനാൾ ഇന്നിററ്സർ ജർമൻ ഭരണകൂടത്തെ പിന്താങ്ങിക്കൊണ്ടു വോട്ടുചെയ്യുന്നു
വലത്ത്: ‘ജർമൻ ഭരണകൂടത്തിനു വോട്ടുചെയ്യുകയെന്നതു തങ്ങളുടെ ദേശീയ കടമ’യാണെന്ന് ആറു ബിഷപ്പുമാർ പ്രഖ്യാപിച്ച “പരിപാവന പ്രഖ്യാപനം”
[കടപ്പാട്]
UPI/Bettmann
[10-ാം പേജിലെ ചിത്രം]
1939-ൽ, മരിയായും ഞാനും വിവാഹനിശ്ചയം ചെയ്തു
[13-ാം പേജിലെ ചിത്രം]
ഞങ്ങളുടെ കുടുംബം. ഇടത്തുനിന്നു വലത്തോട്ട്: ഗ്രെഗർ (തല ഛേദിക്കപ്പെട്ടു), ആനി, ഫ്രാൻസ്, വിലിബാൾഡ്, ഈഡാ, ഗ്രെഗർ (അച്ഛൻ, തല ഛേദിക്കപ്പെട്ടു), ബാർബറാ (അമ്മ), ക്രിസ്ററ്യൻ
[15-ാം പേജിലെ ചിത്രം]
ഇന്നു മരിയായോടൊപ്പം