എന്റെ വിദ്വേഷം സ്നേഹമായി മാറി
ലൂട്ട്വിക്ക് വും പറഞ്ഞപ്രകാരം
അത് ഞാൻ അനുഭവിച്ചിട്ടുള്ളതിൽവെച്ച് ഏററവും തണുപ്പുള്ള രാത്രിയായിരുന്നു—മൈനസ് 52 ഡിഗ്രി സെൽഷ്യസ്. തീയതി: 1942 ഫെബ്രുവരി—ശിശിരമധ്യത്തിലെ യുദ്ധകാലം. സ്ഥലം: ലെനിൻഗ്രഡിനു സമീപമുള്ള റഷ്യൻ സേനാമുഖം. പേരെടുത്ത ഒരു സായുധ സൈന്യമായ ജർമൻ വാഫെൻ-എസ്എസ്-ലെ (വാഫെൻ ഷുട്ട്സ്ഷ്ററാഫെൽ) ഒരു പടയാളിയായിരുന്നു ഞാൻ. എനിക്കും ഒരു സാർജൻറിനും 300-ലധികം വരുന്ന കൂട്ടാളികളെ കുഴിച്ചിടുന്നതിനുള്ള ഘോര നിയോഗം ലഭിച്ചു. അവരിൽ മിക്കവരും തങ്ങളുടെ സൈനികക്കിടങ്ങുകളിൽവെച്ച് തണുത്തുമരവിച്ച് മരണമടഞ്ഞവരായിരുന്നു. എന്നാൽ അവരെ കുഴിച്ചിടാൻ പററാത്തവിധം നിലം തണുത്തുറഞ്ഞതായിരുന്നു. അതുകൊണ്ട് ഞങ്ങൾ വിറകുകൊള്ളിപോലത്തെ ആ മൃതദേഹങ്ങളെ ആളൊഴിഞ്ഞ ഭവനങ്ങളുടെ പിറകിൽ കൂനയായി കൂട്ടി, തടികൾ കൂട്ടുന്നതുപോലെ. മൺമറയാൻ അവ വസന്തകാലംവരെ കാത്തുകിടക്കണമായിരുന്നു.
ഈ ഘോര നിയോഗം എന്നെ കഷ്ടപ്പെടുത്തി എന്നുപറഞ്ഞാൽ തീരെ കുറഞ്ഞുപോകും. കഷ്ടതയിൽ, കണ്ണുനീരോടെ ഞാൻ അറിയാതെ ഇങ്ങനെ ചോദിച്ചുപോയി: “ഉൺടെർഷാർഫൂറെർ (സാർജൻറ്), വിവേചനാരഹിതമായ ഈ കൊലയെല്ലാം എന്തിനുവേണ്ടിയാണെന്ന് എനിക്കു പറഞ്ഞുതരാമോ? ലോകത്തിൽ ഇത്രമാത്രം വിദ്വേഷം ഉള്ളതെന്തുകൊണ്ടാണ്? എന്തുകൊണ്ടാണീ യുദ്ധങ്ങൾ?” അദ്ദേഹം മന്ദസ്വരത്തിൽ എന്നോടു മറുപടി പറഞ്ഞു: “ലൂട്ട്വിക്ക്, സത്യം പറഞ്ഞാൽ, എനിക്കറിയില്ല. എന്നെ വിശ്വസിക്കൂ, ലോകത്തിൽ ഇത്രമാത്രം കഷ്ടപ്പാടും വിദ്വേഷവും ഉള്ളതെന്തുകൊണ്ടെന്ന് എനിക്കും മനസ്സിലാകുന്നില്ല.”
രണ്ടു ദിവസത്തിനുശേഷം ഒരു വെടിയുണ്ട പൊട്ടിത്തെറിച്ച് എന്റെ കഴുത്തിൽ വന്നുകൊണ്ടു. എന്റെ ശരീരം തളർന്നുപോകുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തു. ഞാൻ മരണത്തിന്റെ വക്കോളമെത്തി.
എന്നാൽ വിദ്വേഷവും നിരാശയും, സ്നേഹവും പ്രത്യാശയും ആയി മാറുന്ന വിധം നേരിട്ട് അനുഭവിച്ചറിയാൻ എന്റെ നിലയ്ക്കാത്ത ചോദ്യങ്ങൾ ഒടുവിലെന്നെ പ്രാപ്തനാക്കി. അതു ഞാൻ വിശദമാക്കട്ടെ.
ഹിററ്ലറുമായുള്ള എന്റെ കൂടിക്കാഴ്ച
1920-ൽ ഓസ്ട്രിയയിലായിരുന്നു എന്റെ ജനനം. എന്റെ പിതാവ് ലൂഥറൻ സഭക്കാരനും മാതാവ് കത്തോലിക്കയുമായിരുന്നു. ഞാൻ ഒരു സ്വകാര്യ ലൂഥറൻ സ്കൂളിലാണു പഠിച്ചത്. അവിടെ ഒരു പുരോഹിതനിൽനിന്ന് എനിക്കു ക്രമമായ മതപ്രബോധനം ലഭിച്ചിരുന്നു. എന്നാൽ രക്ഷകനെന്നനിലയിൽ യേശുക്രിസ്തുവിനെക്കുറിച്ച് എന്നെ പഠിപ്പിച്ചില്ല. എല്ലായ്പോഴും ഊന്നൽ കൊടുത്തിരുന്നത് “ദൈവത്താൽ അയയ്ക്കപ്പെട്ട നേതാവ്” അഡോൾഫ് ഹിററ്ലറിനും നാമനിർദേശംചെയ്യപ്പെട്ട ഒരു പാൻ-ജർമൻ സാമ്രാജ്യത്തിനുമായിരുന്നു. ബൈബിളിനുപകരം എന്റെ പാഠപുസ്തകം ഹിററ്ലറിന്റെ പുസ്തകമായ മൈൻ കാംഫ് (എന്റെ പോരാട്ടം) ആയിരുന്നു. യേശുക്രിസ്തു ഒരു യഹൂദനായിരുന്നില്ല, പിന്നെയോ വെള്ളനിറമുള്ള ആര്യനായിരുന്നുവെന്ന് റോസെൻബെർഗ് തെളിയിക്കാൻ ശ്രമിച്ച ഡെർ മൂട്ടുസ് ഡെസ് 20. യാർഹുണ്ടെർട്ട്സ് (20-ാം നൂററാണ്ടിന്റെ ഐതിഹ്യം) എന്ന പുസ്തകവും ഞാൻ പഠിച്ചു!
അഡോൾഫ് ഹിററ്ലർ ദൈവത്താൽ അയയ്ക്കപ്പെട്ടതു തന്നെയാണെന്ന് എനിക്കു ബോധ്യമായി. 1933-ൽ ഞാൻ ഹിററ്ലർ യുവപ്രസ്ഥാനത്തിൽ അഭിമാനത്തോടെ ചേർന്നു. അദ്ദേഹത്തെ വ്യക്തിപരമായി ചെന്നു കാണാൻ ഒരു അവസരം ലഭിച്ചപ്പോഴുണ്ടായ എന്റെ പുളകം നിങ്ങൾക്കു സങ്കൽപ്പിക്കാവുന്നതേയുള്ളൂ. അസാധാരണമാംവിധം തുളച്ചുകയറുന്ന നേത്രങ്ങൾക്കൊണ്ട് അദ്ദേഹം എന്നെ നോക്കിയത് ഞാൻ ഇന്നും വ്യക്തമായി ഓർമിക്കുന്നു. അതിന് എന്റെമേൽ ഒരു ആഴമായ ഫലം ഉണ്ടായിരുന്നു. അതുകൊണ്ട് വീട്ടിൽ ചെന്നപ്പോൾ ഞാൻ അമ്മയോട് ഇപ്രകാരം പറഞ്ഞു: “ഇനിമുതൽ എന്റെ ജീവിതം നിങ്ങൾക്കുള്ളതല്ല. എന്റെ നേതാവ് അഡോൾഫ് ഹിററ്ലറിനുള്ളതാണ്. ആരെങ്കിലും അദ്ദേഹത്തെ കൊല്ലാൻ ശ്രമം നടത്തുന്നതായി കണ്ടാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി ഞാൻതന്നെ അദ്ദേഹത്തിന്റെ മുമ്പിലേക്ക് എടുത്തുചാടും.” അമ്മ കരഞ്ഞുകൊണ്ട് എന്നെ മാറോടണച്ചത് എന്തിനാണെന്ന് വർഷങ്ങൾ പിന്നിട്ടശേഷമാണ് എനിക്കു മനസ്സിലായത്.
നാസി പാർട്ടിയുടെ ആദ്യകാല സ്വാധീനം
1934-ൽ നാഷണൽ സോഷ്യലിസ്ററുകൾ ഓസ്ട്രിയൻ ഗവൺമെൻറിനെതിരെ പ്രക്ഷോഭമുണ്ടാക്കി. ഓസ്ട്രിയയുടെയും ജർമനിയുടെയും ഏകീകരണത്തെ എതിർത്ത ചാൻസലർ എഞ്ചെൽബെർട്ട് ഡൊൾഫൂസ് ഈ സംഘട്ടനത്തിനിടയിൽ വധിക്കപ്പെട്ടു. അറസ്ററിലായ കലഹപ്രമാണികളെ വിചാരണ ചെയ്ത് മരണത്തിനു വിധിച്ചു. പിന്നെ ഓസ്ട്രിയൻ ഗവൺമെൻറ് പട്ടാളനിയമം ഏർപ്പെടുത്തി. അതുകൊണ്ടു ഞാൻ നാഷണൽ സോഷ്യലിസ്ററ് ജർമൻ വർക്കേഴ്സ് പാർട്ടിയുടെ—നാസി പാർട്ടിയുടെ—അധോലോക പ്രസ്ഥാനത്തിൽ സജീവമായി ഏർപ്പെട്ടു.
പിന്നീട് 1938-ൽ ഓസ്ട്രിയയെ ജർമനിയോടു സംയോജിപ്പിച്ച ആൻഷ്ളുസ് സംയോജനം നടന്നു, നാസി പാർട്ടി നിയമാനുസൃതമായിത്തീർന്നു. അധികം താമസിയാതെ, നുറെംബെർഗിൽ ററ്സെപെലീൻ മൈതാനിയിൽ അതേവർഷം നടത്തപ്പെട്ട റൈക്ക് പാർട്ടി വാർഷിക റാലിയിൽ പങ്കെടുക്കാൻ ഹിററ്ലർ ക്ഷണിച്ച വിശ്വസ്തരായ പാർട്ടിയംഗങ്ങളിൽ ഞാനും പെട്ടു. ഹിററ്ലർ അവിടെവെച്ചു തന്റെ വർധിച്ചുവരുന്ന ശക്തി പ്രദർശിപ്പിക്കുന്നതു ഞാൻ കണ്ടു. സദസ്യരെ അസ്തപ്രജ്ഞരാക്കിയ അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗങ്ങൾ അന്തർദേശീയ യഹൂദ സമുദായവും യഹോവയുടെ സാക്ഷികൾ എന്ന് ഇപ്പോൾ അറിയപ്പെടുന്ന അന്തർദേശീയ ബൈബിൾ വിദ്യാർഥികളും ഉൾപ്പെടെ നാസി പാർട്ടിയുടെ എല്ലാ എതിരാളികൾക്കും എതിരെയുള്ള വിദ്വേഷംകൊണ്ടു പൂരിതമായിരുന്നു. അദ്ദേഹത്തിന്റെ പൊങ്ങച്ചം ഞാൻ നന്നായി ഓർമിക്കുന്നു: “ഗ്രേററ് ജർമനിയുടെ ശത്രുവായ അന്തർദേശീയ ബൈബിൾ വിദ്യാർഥികളുടെ വംശത്തെ ജർമനിയിൽനിന്നു തൂത്തെറിയുന്നതായിരിക്കും.” യഹോവയുടെ സാക്ഷികളിലൊരാളെപ്പോലും ഞാൻ അന്നുവരെ കണ്ടിട്ടില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം ഇത്രമാത്രം പകയോടെ സംസാരിക്കുന്ന അപകടകാരികളായ ഈ ആളുകൾ ആരായിരിക്കുമെന്ന് ഞാൻ അത്ഭുതപ്പെട്ടു.
ബൂകെൻവൊൽഡ് തടങ്കൽപ്പാളയത്തിലെ എന്റെ സേവനം
1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടയുടൻ തന്നെ ഞാൻ ജർമനിയുടെ പേരെടുത്ത സായുധ സേനയായ വാഫെൻ-എസ്എസ്-ൽ സ്വമേധയാ ചേർന്നു. ഈ യുദ്ധത്തിൽ എന്നോടു ചെയ്യാൻ ആവശ്യപ്പെടുന്ന ഏതു ത്യാഗങ്ങളും നീതീകരിക്കപ്പെടുമെന്ന് എനിക്കു ബോധ്യമുണ്ടായിരുന്നു. കാരണം ഞങ്ങളുടെ നേതാവ് ദൈവത്താൽ അയയ്ക്കപ്പെട്ടവനായിരുന്നല്ലോ, അല്ലായിരുന്നോ? എന്നാൽ 1940-ൽ ഞാൻ അസ്വസ്ഥനായി. ലക്സംബർഗിലൂടെയും ബെൽജിയത്തിലൂടെയും ഞങ്ങളുടെ സേനകൾ ഫ്രാൻസിലേക്കു നീങ്ങവേ, മരണമടഞ്ഞ ഒരു സൈനികനെ ഞാൻ ആദ്യമായി അടുത്തു കണ്ടു—സുമുഖനായ ഒരു ഫ്രഞ്ചു യുവാവ്. ദൈവം സ്വപക്ഷത്തുള്ള ജർമനി തീർച്ചയായും വിജയംവരിക്കേണ്ട ഒരു യുദ്ധത്തിൽ ഫ്രഞ്ചു യുവാക്കൾ തങ്ങളുടെ ജീവൻ കുരുതികൊടുക്കാൻ എന്തിനാഗ്രഹിക്കുന്നുവെന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല.
ഫ്രാൻസിൽവെച്ചു പരിക്കേററ എന്നെ ജർമനിയിലേക്കു തിരികെ കൊണ്ടുവന്ന് ആശുപത്രിയിലാക്കി. സുഖം പ്രാപിച്ചപ്പോൾ വെയ്മറിനു സമീപമുള്ള ബൂകെൻവൊൽഡ് തടങ്കൽപ്പാളയത്തിന്റെ ബാഹ്യാതിർത്തിയിലേക്ക് എനിക്കു സ്ഥലംമാററം കിട്ടി. റേറാട്ടെൻകൊപ്ഫെർബെൻഡെ (മരണത്തലവൻ) എസ്എസ് ക്യാമ്പ് ഗാർഡുകളുമായോ തടവുപുള്ളികളുമായോ സംസർഗമരുതെന്നു കർശനമായ നിർദേശങ്ങൾ ഓഫീസർമാരിൽനിന്നു ഞങ്ങൾക്കു ലഭിച്ചു. തടവുപുള്ളികൾ പാർക്കുന്നിടത്തേക്കു പോകുന്നതു പ്രത്യേകിച്ചു വിലക്കിയിരുന്നു. അതിനു ചുററുമായി വലിയൊരു കവാടമുള്ള ഒരു വൻമതിലുണ്ടായിരുന്നു. കവാടത്തിനു മുകളിൽ ഇങ്ങനെ ഒരു സൂചനയും: “ആർബൈററ് മക്ക്ററ് ഫ്രൈ” (ജോലി സ്വാതന്ത്ര്യം കൈവരുത്തുന്നു). ഈ സ്ഥലത്തു കടക്കാൻ എസ്എസ് ഗാർഡുകൾക്കുമാത്രമേ പ്രത്യേക പാസ് ഉണ്ടായിരുന്നുള്ളൂ.
ഒരു എസ്എസ് ഗാർഡിന്റെയും കാപോ എന്നു വിളിക്കുന്ന, നിയോഗപ്പെടുത്തപ്പെട്ട മറെറാരു തടവുപുള്ളിയുടെയും നേതൃത്വത്തിൽ തടവുകാരെ അവരുടെ ജോലിനിയമനങ്ങൾക്കായി കൊണ്ടുപോകുമ്പോൾ ക്യാമ്പിൽ എന്നും ഞങ്ങൾ അവരെ കാണുമായിരുന്നു. അവിടെ ജയിലുടുപ്പുകളിൽ ഡേവിഡിന്റെ നക്ഷത്രമുദ്രയുമായി യഹൂദരും ചുമപ്പു ട്രയാംഗിളുമായി രാഷ്ട്രീയ തടവുപുള്ളികളും കറുത്ത പൊട്ടുമായി കുററവാളികളും പർപ്പിൾ ട്രയാംഗിളുമായി യഹോവയുടെ സാക്ഷികളും ഉണ്ടായിരുന്നു.
സാക്ഷികളുടെ അസാധാരണ ശോഭയുള്ള മുഖങ്ങൾ എനിക്കു ശ്രദ്ധിക്കാതിരിക്കാനായില്ല. അവർ കഴിഞ്ഞിരുന്നതു ഹീനമായ അവസ്ഥകളിലായിരുന്നു എന്ന് എനിക്കറിയാമായിരുന്നു; എന്നിട്ടും എല്ലും തോലുമായ അവരുടെ ആകാരത്തെ തോൽപ്പിക്കുന്ന അന്തസ്സോടെയാണ് അവർ പ്രത്യക്ഷമായത്. എനിക്ക് അവരെക്കുറിച്ചു വാസ്തവത്തിൽ ഒന്നുംതന്നെ അറിയാൻ പാടില്ലായിരുന്നു. അതുകൊണ്ട് സാക്ഷികളെ തടങ്കൽപ്പാളയങ്ങളിലേക്ക് അയച്ചതിന്റെ കാരണം ഞാൻ ഞങ്ങളുടെ മേലുദ്യോഗസ്ഥരോട് ആരാഞ്ഞു. കമ്മ്യുണിസ്ററുകളോട് അടുത്തു ബന്ധമുള്ള ഒരു യഹൂദ-അമേരിക്കൻ വിഭാഗമാണ് അവർ എന്നായിരുന്നു ഉത്തരം. എന്നാൽ അവരുടെ കുററമററ നടത്തയിലും വിട്ടുവീഴ്ചവരുത്താത്ത തത്ത്വങ്ങളിലും ധാർമിക ശുദ്ധിയിലും ഞാൻ അമ്പരന്നുപോയി.
എന്റെ “മിശിഹാ”യുടെ അന്ത്യം
ഞാൻ വിശ്വാസമർപ്പിച്ചിരുന്ന ലോകം 1945-ൽ തകർന്നുപോയി. ദൈവത്താൽ അയയ്ക്കപ്പെട്ട നേതാവ് എന്ന് പുരോഹിതവർഗം വാഴ്ത്തിയ എന്റെ “ദൈവം,” അഡോൾഫ് ഹിററ്ലർ വ്യാജ മിശിഹായാണെന്നു തെളിഞ്ഞു. അദ്ദേഹം സൂചിപ്പിച്ച ററൗസെൻഡ്ജാറിജ് റൈക്ക് (ആയിരം വർഷ വാഴ്ച) വെറും 12 വർഷം കഴിഞ്ഞപ്പോൾ പൂർണ തകർച്ചയിലെത്തി. ലക്ഷക്കണക്കിനുവരുന്ന പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും കൊലചെയ്തതിന്റെ ഉത്തരവാദിത്വം ഏൽക്കാതെ ആത്മഹത്യ ചെയ്ത അദ്ദേഹം ഒരു ഭീരുകൂടിയായിരുന്നു. തുടർന്ന്, ജപ്പാനിലുണ്ടായ ആദ്യത്തെ ആററംബോംബു സ്ഫോടനങ്ങളുടെ വാർത്ത എന്റെ മനസ്സിനെ തകർച്ചയുടെ വക്കിലെത്തിച്ചു.
എന്റെ ജീവിതത്തിലെ നാടകീയ മാററങ്ങൾ
രണ്ടാം ലോകമഹായുദ്ധത്തിലെ സംഘട്ടനങ്ങൾ അവസാനിച്ച ഉടൻതന്നെ ഐക്യനാടുകളുടെ പിടിച്ചെടുക്കൽ സേനകളുടെ ഒരു വിഭാഗമായ യു.എസ്. സേന സിഐസിയ്ക്ക് (Counterintelligence Corps) എന്നെ ഒററിക്കൊടുത്തു. നാസിയും വാഫെൻ-എസ്എസിലെ ഒരു അംഗവുമെന്നനിലയിൽ എന്നെ അറസ്ററു ചെയ്തു. സ്നേഹമതിയായ എന്റെ പ്രതിശ്രുതവധു ട്രൂഡി ഒടുവിൽ ഒരു ഡോക്ടറെ കണ്ടുപിടിച്ചു. നട്ടെല്ലിനുണ്ടായ പരിക്കു വരുത്തിവെച്ച കുഴപ്പങ്ങൾ കാരണം എന്നെ തടവിൽനിന്നു വിടുവിക്കാൻ തക്കവണ്ണം അദ്ദേഹം എന്റെ ആരോഗ്യപ്രശ്നം സിഐസിയെ ബോധ്യപ്പെടുത്തി. അപ്പോൾ എന്നെ വീട്ടുതടങ്കലിലിട്ടു. യുദ്ധ കുററവാളിയായുള്ള എല്ലാ ആരോപണങ്ങളിൽനിന്നും മോചിതനാകുന്നതുവരെ ഞാൻ അവിടെക്കിടന്നു.
യുദ്ധത്തിനുകൊള്ളാത്ത എന്നെ സ്വദേശമായ ഓസ്ട്രിയൻ ആൽപ്സിലുള്ള തടവുകാരെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് ഒരു വൈദ്യ പരിശോധനയ്ക്കായി മടക്കി അയച്ചു. അങ്ങനെ വസന്തകാലത്തെ വിശേഷാൽ മനോഹരമായ ഒരു പ്രഭാതത്തിൽ, ഞാൻ വശ്യസുന്ദരമായ പ്രകൃതിദൃശ്യവും സൂര്യപ്രകാശത്തിന്റെ ഊഷ്മള സ്പർശവും ആസ്വദിച്ചും പക്ഷികളുടെ മധുരഗാനങ്ങൾ ശ്രവിച്ചും ഇരിക്കുകയായിരുന്നു. അപ്പോൾ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് ഒരു ചെറിയ പ്രാർഥന ഞാൻ ഉരുവിട്ടു: “ദൈവമേ, നീ യഥാർഥത്തിൽ സ്ഥിതിചെയ്യുന്നെങ്കിൽ എന്നെ അലട്ടുന്ന പല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ നിനക്കു കഴിയുമല്ലോ.”
ഞാൻ വീട്ടിൽ തിരിച്ചെത്തി ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ യഹോവയുടെ സാക്ഷികളിൽ ഒരാൾ എന്നെ സന്ദർശിച്ചു. ഞാൻ അവളുടെ പക്കൽനിന്ന് ബൈബിൾ സാഹിത്യങ്ങൾ സ്വീകരിച്ചു. ക്രമമായി എല്ലാ ഞായറാഴ്ചയും രാവിലെ അവൾ മടങ്ങിവന്ന് എന്നെ സന്ദർശിക്കുമായിരുന്നെങ്കിലും ഞാൻ കാര്യമായ ശ്രദ്ധയൊന്നും കൊടുത്തില്ല. തന്നിട്ടുപോയ സാഹിത്യങ്ങളൊട്ടു വായിച്ചതുമില്ല. എന്നാൽ ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞു വീട്ടിലെത്തിയതു സാധാരണയിൽ കവിഞ്ഞു നിരാശനായിട്ടായിരുന്നു. മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാൻ എന്തെങ്കിലും വായിക്കാൻ പറഞ്ഞ് സമാധാനം—അതിന് നിലനിൽക്കാൻ കഴിയുമോ? (ഇംഗ്ലീഷ്) എന്ന തലക്കെട്ടിലുള്ള, യഹോവയുടെ സാക്ഷികൾ തന്നിട്ടുപോയ, ഒരു ചെറുപുസ്തകം എന്റെ ഭാര്യ എനിക്കു തന്നു.
ഞാൻ ചെറുപുസ്തകത്തിന്റെ വായന തുടങ്ങി. മുഴുവനും വായിച്ചുതീർക്കാതെ എനിക്കതു താഴെവെക്കാനായില്ല. ഞാൻ ഭാര്യയോടു പറഞ്ഞു: “ഈ ചെറുപുസ്തകം 1942-ലാണ് പ്രിൻറു ചെയ്തത്. ഹിററ്ലറും മുസ്സോളിനിയും യുദ്ധത്തിൽ തോൽക്കുമെന്നും സർവരാജ്യസഖ്യം ഐക്യരാഷ്ട്ര സംഘടനയായി വീണ്ടും പ്രത്യക്ഷമാകുമെന്നും അന്ന് ആരെങ്കിലും തെരുവിൽ പറഞ്ഞിരുന്നെങ്കിൽ അയാൾക്ക് ബുദ്ധിഭ്രമമായിരുന്നെന്ന് ആളുകൾ വിചാരിച്ചേനേ. എന്നാൽ സംഭവിക്കുമെന്ന് ഈ ചെറുപുസ്തകം പറഞ്ഞതുതന്നെയാണ് ഇപ്പോൾ ചരിത്രമായി ഭവിച്ചിരിക്കുന്നത്. ഈ ബൈബിൾ പരാമർശങ്ങൾ പരിശോധിച്ചുനോക്കാൻ നമുക്ക് ഇവിടെയെങ്ങാനും ഒരു ബൈബിളുണ്ടോ?”
എന്റെ ഭാര്യ തട്ടിൻപുറത്തു നിന്ന് ബൈബിളിന്റെ ഒരു പഴയ ലൂഥർ പരിഭാഷ കണ്ടെടുത്തു. ചെറുപുസ്തകത്തിൽ പട്ടികപ്പെടുത്തിയിരുന്ന ബൈബിൾ വാക്യങ്ങൾ ഞാൻ പരിശോധിച്ചുനോക്കി. അതുവരെ കേട്ടിട്ടില്ലാഞ്ഞ കാര്യങ്ങൾ താമസിയാതെതന്നെ ഞാൻ പഠിച്ചുതുടങ്ങി. ദൈവത്തിന്റെ മിശിഹൈക രാജ്യത്തിൻ കീഴിൽ ഇവിടെ ഭൂമിയിൽത്തന്നെയുള്ള ഒരു പുതിയ ലോകത്തിന്റെ ബൈബിൾ വാഗ്ദാനത്തെക്കുറിച്ച് ഞാൻ പഠിച്ചു. സന്തുഷ്ടവും സുഭദ്രവുമായ ഒരു ഭാവിക്കുവേണ്ടിയുള്ള ഈ യഥാർഥ പ്രത്യാശ ഒരു കൊച്ചുകുട്ടിയായിരിക്കെ ഞാൻ കൂടെക്കൂടെ ഉരുവിട്ടിരുന്ന യേശുവിന്റെ മാതൃകാ പ്രാർഥനയിലെ വാക്കുകളിൽ പ്രതിഫലിക്കുന്നു: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” എന്നെ ഏററവും അതിശയിപ്പിക്കുമാറ്, സ്വർഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ അത്യുന്നത ദൈവത്തിന് യഹോവയെന്ന വ്യക്തിപരമായ നാമമുണ്ടെന്നു ഞാൻ മനസ്സിലാക്കി.—മത്തായി 6:9, 10; സങ്കീർത്തനം 83:18.
അധികം താമസിയാതെ ഞാൻ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ പങ്കെടുത്തു തുടങ്ങി. എന്റെ ആദ്യ യോഗത്തിൽ ഞാൻ ഒരു വൃദ്ധ സ്ത്രീയെ കണ്ടുമുട്ടി. വിശ്വാസം നിമിത്തം അവരുടെ മകളും മരുമകനും ജർമൻ തടങ്കൽപ്പാളയത്തിൽ വധിക്കപ്പെട്ടിരുന്നു. എനിക്കു വല്ലാത്ത ലജ്ജ തോന്നി. എന്റെ കഴിഞ്ഞകാല ബന്ധങ്ങൾ നിമിത്തം അവരും കുടുംബവും അനുഭവിച്ചതെന്താണെന്ന് എനിക്കു നേരിട്ടറിയാമെന്ന് ഞാൻ അവരോടു വിശദീകരിച്ചു. ഉത്തരവാദിത്തപ്പെട്ടവരുമായി ഞാൻ അന്ന് സഹകരിച്ചതിന്റെ വെളിച്ചത്തിൽ എന്നെ വെറുക്കുന്നതിനും എന്റെ മുഖത്തു തുപ്പുന്നതിനുമുള്ള അവകാശം അവർക്കുണ്ടായിരുന്നു.
എന്നെ അത്ഭുതപ്പെടുത്തുമാറ്, വിദ്വേഷത്തിനു പകരം അവരുടെ മിഴികളിൽ ആനന്ദാശ്രുക്കൾ നിറയുകയാണുണ്ടായത്. എന്നെ ഊഷ്മളമായി ആലിംഗനം ചെയ്തുകൊണ്ട് അവർ പറഞ്ഞു: “ഓ, അത്യുന്നതദൈവമായ യഹോവ ഇത്ര പ്രതികൂല വിഭാഗങ്ങളിൽനിന്നുള്ള ആളുകളെ തന്റെ വിശുദ്ധ സ്ഥാപനത്തിലേക്കു വരാൻ അനുവദിക്കുന്നത് എന്തോരു അത്ഭുതമാണ്!”
ചുററും എവിടെ നോക്കിയാലും കാണാമായിരുന്ന വിദ്വേഷത്തിനു പകരം, ഈ ആളുകൾ ദൈവത്തിന്റെ നിസ്വാർഥ സ്നേഹം—യഥാർഥ ക്രിസ്തീയ സ്നേഹം—വാസ്തവമായും പ്രതിഫലിപ്പിക്കുകയായിരുന്നു. യേശു പറഞ്ഞ കാര്യം വായിച്ചതു ഞാനോർമിച്ചു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) ഇതുതന്നെയായിരുന്നു ഞാൻ ഇത്രയും നാൾ തിരഞ്ഞുനടന്നതും. അപ്പോൾ കരയാനുള്ള അവസരം എന്റേതായിരുന്നു. ഇത്ര അത്ഭുതവാനായ യഹോവയാം ദൈവത്തോടുള്ള വിലമതിപ്പിൽ ഞാനും ഒരു കുട്ടിയെപ്പോലെ കരയാൻതുടങ്ങി.
എനിക്കു പിന്നെയും വളരെയധികം പഠിക്കാനുണ്ടായിരുന്നു
കുറെ നാളുകൾക്കുശേഷം, ഞാൻ എന്റെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും 1948-ൽ സ്നാപനമേൽക്കുകയും ചെയ്തു. എന്നാൽ എനിക്കു പിന്നെയും വളരെയധികം പഠിക്കാനുണ്ടായിരുന്നുവെന്നു ഞാൻ പെട്ടെന്നുതന്നെ മനസ്സിലാക്കി. ഉദാഹരണത്തിന്, നാസിസം എന്നെ വല്ലാതെ മസ്തിഷ്കപ്രക്ഷാളനം ചെയ്തുകളഞ്ഞിരുന്നതുകൊണ്ട് കുപ്രസിദ്ധ എസ്എസ്സിനെതിരെ യഹോവയുടെ സ്ഥാപനം ഇടയ്ക്കിടെ ലേഖനങ്ങൾ അച്ചടിച്ചതിന്റെ കാരണം എനിക്കു മനസ്സിലായില്ല. ഞങ്ങളെ വ്യക്തിപരമായി കുററപ്പെടുത്തേണ്ടതില്ലായിരുന്നുവെന്നു ഞാൻ വാദിച്ചു. ഞങ്ങൾ വെറും പടയാളികളായിരുന്നു. തടങ്കൽപ്പാളയങ്ങളിൽ നടക്കുന്നതു സംബന്ധിച്ചു ഞങ്ങളിൽ മിക്കവർക്കും ഒന്നുമറിയത്തുമില്ലായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ പ്രശ്നം മനസ്സിലാക്കിയ, തടങ്കൽപ്പാളയത്തിൽ അനേക വർഷം യാതനയനുഭവിച്ച, ഒരു പ്രിയ സഹോദരൻ എന്റെ തോളത്തു കയ്യിട്ടുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ലൂട്ട്വിക്ക് സഹോദരാ, ഞാൻ പറയുന്നതൊന്നു ശ്രദ്ധിച്ചുകേൾക്കൂ. ഈ ആശയം മനസ്സിലാക്കാൻ താങ്കൾക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ, അത് താങ്കളെ അലട്ടുന്നെങ്കിൽ, അതു മനസ്സിലൊരിടത്ത് ഒതുക്കി വയ്ക്കുക. എന്നിട്ട് പ്രശ്നം പ്രാർഥനയിൽ യഹോവക്കു സമർപ്പിക്കുക. അങ്ങനെ ചെയ്യുന്നെങ്കിൽ ഇതും നിങ്ങളെ കുഴയ്ക്കുന്ന മറേറതൊരു സംഗതിയും സംബന്ധിച്ച ഗ്രാഹ്യം യഹോവ നിങ്ങൾക്കൊരുനാൾ തുറന്നുതരും, ഇക്കാര്യത്തിൽ നിങ്ങൾക്കെന്റെ വാക്കു വിശ്വസിക്കാം.” ഞാൻ അദ്ദേഹത്തിന്റെ ജ്ഞാനോപദേശം ചെവിക്കൊണ്ടു. ഇതുതന്നെയാണു സംഭവിച്ചതെന്നു വർഷങ്ങൾ കടന്നുപോയതോടെ ഞാൻ മനസ്സിലാക്കി. എസ്എസ് ഉൾപ്പെടെ നാഷണൽ സോഷ്യലിസത്തിന്റെ മുഴു വ്യവസ്ഥിതിയും പിശാചായ സാത്താന്റെ മുഴു ലോക വ്യവസ്ഥിതിയുടെയും അതിനിന്ദ്യമായ മറെറാരു ഭാഗം മാത്രമായിരുന്നെന്ന് ക്രമേണ ഞാൻ മനസ്സിലാക്കി.—2 കൊരിന്ത്യർ 4:4.
തിരികെ നുറെംബെർഗിലെ സെപെലീൻ മൈതാനിയിലേക്ക്
1955-ൽ നുറെംബെർഗിലേക്കു മടങ്ങിച്ചെന്ന് അവിടെ യഹോവയുടെ സാക്ഷികളുടെ “ട്രീയുംഫീറെണ്ടെസ് കോനിഗ്രൈക്ക്” (വിജയശ്രീലാളിത രാജ്യ) സമ്മേളനത്തിൽ പങ്കെടുത്തത് എന്റെ ജീവിതത്തിലെ എന്തോരു അസുലഭ സംഭവമായിരുന്നെന്ന് നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ! അതേ, ജർമനിയിലെ യഹോവയുടെ സാക്ഷികളെ തൂത്തെറിയുമെന്ന് ഹിററ്ലർ വീമ്പിളക്കുന്നതു കേട്ട അതേ സ്ഥലത്തുതന്നെയാണ് ഈ സമ്മേളനം നടന്നത്. അവിടെ ലോകമെമ്പാടുനിന്നുമുള്ള 1,07,000-ത്തിലധികം യഹോവയുടെ സാക്ഷികളും സുഹൃത്തുക്കളും ആരാധനയ്ക്കായി ഒരാഴ്ച മുഴുവൻ ഒരുമിച്ചുകൂടി. അവിടെ ഉന്തോ തള്ളോ ഇല്ലായിരുന്നു; കോപാക്രോശങ്ങളില്ലായിരുന്നു. സമാധാനത്തിൽ ഒരുമിച്ചു വസിക്കുന്ന ഒരു യഥാർഥ ഏകീകൃത അന്തർദേശീയ കുടുംബം.
വാഫെൻ-എസ്എസ്സിൽ ഉണ്ടായിരുന്ന എന്റെ പഴയ ചില സുഹൃത്തുക്കളെ ആ സമ്മേളനത്തിൽ കണ്ടുമുട്ടിയപ്പോൾ എനിക്കുണ്ടായ വികാരങ്ങൾ വിവരിക്കുക പ്രയാസമാണ്. അവർ ഇപ്പോൾ യഹോവയാം ദൈവത്തിന്റെ സമർപ്പിത സേവകരായിരുന്നു. തീർച്ചയായും ആഹ്ലാദകരമായ ഒരു പുനഃസമാഗമം!
ഭാവിയിലേക്ക് പ്രത്യാശയോടെ നോക്കുന്നു
സമർപ്പണത്തിനും സ്നാപനത്തിനും ശേഷം എനിക്ക് ഓസ്ട്രിയയിലെ മുൻനാസി പ്രവർത്തകരുമായി അനേകം ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നതിനുള്ള പദവി ലഭിച്ചിട്ടുണ്ട്. അവരിൽ ചിലർ ഇപ്പോൾ യഹോവയുടെ സമർപ്പിത സാക്ഷികളാണ്. 1956-ൽ ഞാൻ ഓസ്ട്രിയയിൽനിന്നു പോന്നു. ഇപ്പോൾ ഓസ്ട്രേലിയയിലാണു താമസം. ഇവിടെ മുഴുസമയ ശുശ്രൂഷയിൽ സേവിക്കുന്നതിനുള്ള പദവി ഞാൻ ആസ്വദിച്ചിരിക്കുന്നു. എന്നാൽ ഏറിവരുന്ന പ്രായവും കുറഞ്ഞുവരുന്ന ആരോഗ്യവും എന്റെ പ്രവർത്തനത്തിനു പ്രതിബന്ധം സൃഷ്ടിക്കുകയാണ്.
ദുഷ്ട നാസി വ്യവസ്ഥയോടു പൊരുത്തപ്പെട്ടുപോകാൻ വിസമ്മതിക്കുകയും അങ്ങനെ തങ്ങളുടെ നിർമലത നിമിത്തം തടങ്കൽപ്പാളയങ്ങളിൽ വധിക്കപ്പെടുകയും ചെയ്ത വിശ്വസ്തരായ സ്ത്രീപുരുഷൻമാരിൽ ചിലരെ മരിച്ചവരിൽനിന്നു തിരികെ സ്വാഗതം ചെയ്യുക എന്നതാണ് എന്റെ ഏററവും ഉൽക്കടമായ ഒരു പ്രത്യാശ.
അതേസമയം തന്നെ, വിദ്വേഷമെന്ന നാശകരമായ ഗുണം സ്നേഹവും പ്രത്യാശയുമായി മാറുന്നത് ഏററവും അക്ഷരീയമായ ഒരു വിധത്തിൽ എനിക്കു കാണാൻ കഴിഞ്ഞു. എനിക്കു മാത്രമല്ല, യഹോവയുടെ ഇപ്പോൾ വാഴുന്ന രാജാവായ ക്രിസ്തുയേശുവിന് തങ്ങളെത്തന്നെ താഴ്മയോടെ കീഴ്പെടുത്തുന്ന എല്ലാവർക്കുമുള്ള ഒരു പ്രത്യാശയായ, ഒരു പറുദീസാ ഭൂമിയിൽ മാനുഷിക പൂർണതയിൽ, രോഗത്തിൽനിന്നും മരണത്തിൽനിന്നും സ്വതന്ത്രമായി എന്നേക്കും ജീവിക്കാമെന്നതാണ് ഇപ്പോഴത്തെ എന്റെ ശക്തമായ പ്രത്യാശ. എന്റെ സംഗതിയിൽ അപ്പോസ്തലനായ പൗലോസിന്റെ പിൻവരുന്ന വാക്കുകൾ എനിക്കു യഥാർഥ ബോധ്യത്തോടെ ആവർത്തിക്കാൻ കഴിയും: “പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നൽകപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ.”—റോമർ 5:5.
[13-ാം പേജിലെ ചിത്രം]
ഞാൻ എസ്എസ് യൂണിഫോമിൽ
[14, 15 പേജിലെ ചിത്രങ്ങൾ]
ഹിററ്ലർ മുമ്പ് തന്റെ വാർഷിക നാസി റാലികൾ നടത്തിയിരുന്ന സ്ഥലമായ നുറെംബെർഗിൽ നടന്ന യഹോവയുടെ സാക്ഷികളുടെ 1955-ലെ “വിജയശ്രീലാളിത രാജ്യ” സമ്മേളനം
[കടപ്പാട്]
U.S. National Archives photo
[15-ാം പേജിലെ ചിത്രം]
ഓസ്ട്രേലിയയിൽ പ്രസംഗവേലയ്ക്കായി ഞാൻ ബ്രീഫ്കേസുമായി തയ്യാറെടുപ്പോടെ
[11-ാം പേജിലെ ചിത്രത്തിന് (ങ്ങൾക്ക്) കടപ്പാട്]
UPI/Bettmann