ലോകത്തെ വീക്ഷിക്കൽ
സങ്കീർണത എവിടെനിന്നു വരുന്നു?
പണ്ടുണ്ടായിരുന്ന സചേതന വസ്തുക്കൾ ലളിതമായിരുന്നെന്നും അതിനുശേഷം സാധ്യതയനുസരിച്ചു പ്രകൃതിനിർധാരണത്താൽ മുന്നേറി യുഗങ്ങളിലൂടെ കൂടുതൽ കൂടുതൽ സങ്കീർണമായിത്തീർന്നെന്നും പല പരിണാമസൈദ്ധാന്തികരും നിഗമനം ചെയ്യുന്നു. കൂടുതൽ സങ്കീർണതയിലേക്കുള്ള അത്തരമൊരു മുന്നേററം കണ്ടുപിടിക്കുന്നതിൽ അടുത്ത കാലത്തെ പഠനങ്ങൾ പരാജയപ്പെട്ടു. ഫോസിൽ ഗവേഷകനായ ഡോ. ഡാൻ മക്ക്ഷ പലതരം സസ്തനികളുടെ ഫോസിലുകളായിത്തീർന്ന നട്ടെല്ലുകൾ പരിശോധനാവിധേയമാക്കി; മറെറാരു പഠനം സമുദ്രത്തിലെ പ്രാണികളുടെ ഫോസിലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കൂടുതൽ സങ്കീർണതയിലേക്കുള്ള പരിണാമപരമായ മുന്നേററത്തിന്റെ തെളിവ് ഇരു പഠനങ്ങളും കണ്ടെത്തിയില്ല. കൂടുതൽ സങ്കീർണത എന്തെങ്കിലും അതിജീവനനേട്ടം കൈവരുത്തിയതായി അവർ കണ്ടെത്തിയില്ല. ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച് ഈ കണ്ടുപിടിത്തങ്ങൾ “ഈ വഴിക്കു ചിന്തിച്ചു ശീലിച്ച പല ജീവശാസ്ത്രജ്ഞർക്കും ഒരു വിസ്മയമായിത്തീരും” എന്നു വിദഗ്ധർ പറയുന്നു. ടൈംസ് ഇപ്രകാരം കുറിക്കൊള്ളുന്നു: “മക്ക്ഷ പറയുന്നപ്രകാരം, സങ്കീർണതയിലേക്കുള്ള മുന്നേററങ്ങൾ സംബന്ധിച്ച ധാരണ ഏതെങ്കിലും ഒരു ജീവശാസ്ത്ര യാഥാർഥ്യത്തിന്റെ പ്രതിഫലനത്തെക്കാൾ പരിണാമത്തിൽ ഏതെങ്കിലും തരത്തിലുള്ള പുരോഗതി കാണാനുള്ള ശാസ്ത്രജ്ഞരുടെ ആഗ്രഹങ്ങളുടെ ഒരു പ്രതിഫലനമായിരിക്കാം.” (g93 9/22)
വ്യായാമവും പ്രായവും
വ്യായാമം ചെയ്യാൻ മേലാത്തവിധം തീരെ വൈകിപ്പോയ ഏതെങ്കിലും പ്രായമുണ്ടോ? പൂർവ ഐക്യനാടുകളിൽ അടുത്തയിടെ നടത്തിയ ഒരു പഠനമനുസരിച്ച് അങ്ങനെയൊന്നില്ല. “സാമാന്യം സജീവമായ” വ്യായാമം ചെയ്തപ്പോൾ പ്രായഭേദമെന്യേ അവർ തങ്ങളുടെ ശരാശരി ആയുസ്സു വർധിപ്പിച്ചതായി 10,000-ത്തിലധികം പുരുഷൻമാരെക്കുറിച്ചു നടത്തിയ ഒരു സർവേ കണ്ടെത്തി. വ്യായാമം ചെയ്ത 45 വയസ്സിനും 54 വയസ്സിനും ഇടയ്ക്കു പ്രായമുള്ളവരാണ് ഏററവും കൂടുതൽ പ്രയോജനം നേടിയത്, അവരുടെ ആയുസ്സ് ഏതാണ്ട് 10 മാസംകണ്ടു വർധിച്ചു. 65-നും 74-നും ഇടയ്ക്കുള്ളവരുടെ കൂട്ടം ആറു മാസവും, 75-നും 84-നും ഇടയ്ക്കുള്ളവർ രണ്ടു മാസത്തോളവും ആയുസ്സു ദീർഘിപ്പിച്ചു. പഠനത്തിനു നേതൃത്വം നൽകിയ ഡോ. റാൽഫ് എസ്. പഫൻബർഗർ ഇവ ശരാശരിയായിരുന്നുവെന്ന് ഊന്നിപ്പറഞ്ഞു; സർവേ ചെയ്യപ്പെട്ട ചില വ്യക്തികൾ മററു ചിലരെക്കാൾ വളരെയധികം പ്രയോജനം നേടി. ഹൃദയസ്തംഭനങ്ങൾ തടയുന്നതിലായിരുന്നു മുഖ്യ പ്രയോജനം ഉണ്ടായിരുന്നത് എന്നു തോന്നി. ഏതായാലും വ്യായാമം ചെയ്തവർ മററു കാരണങ്ങൾ നിമിത്തം മരിക്കാനുള്ള സാധ്യതയും കുറവായിരുന്നു. (g93 9/22)
കടുവായെല്ലുകൾ
പരമ്പരാഗത പൗരസ്ത്യ ചികിത്സയിൽ ഉപയോഗിക്കുന്നതിനു കടുവായെല്ലുകൾക്കുള്ള പ്രിയം ലോകത്തിലെ കുറഞ്ഞുവരുന്ന കടുവാകളുടെ എണ്ണത്തിന് ഒരു ഭീഷണി ഉയർത്തുന്നു എന്ന് ബ്രിട്ടീഷ് വൈദ്യശാസ്ത്ര മാഗസിൻ ദ ലാൻസെററ് പ്രസ്താവിക്കുന്നു. കടുവാ ഉത്പന്നങ്ങളുടെ വില്പന തടയാനുള്ള അന്തർദേശീയ ശ്രമങ്ങളൊക്കെയുണ്ടായിരുന്നിട്ടും വീഞ്ഞുകളിലും മരുന്നുകളിലും ഔഷധക്കൂട്ടുകളിലുമായി (തേനോ സിറപ്പോ ചേർത്ത മരുന്നുപൊടി) കടുവായെല്ലുകൾ വ്യാപകമായി വിററുവരുന്നു. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറെറാന്നിൽ മാത്രം ഒരു ഏഷ്യൻ രാജ്യം കടുവായെല്ലടങ്ങിയ 15,079 പെട്ടി ഗുളികകളും 5,250 കിലോഗ്രാം ഔഷധക്കൂട്ടുകളും 31,500 കുപ്പി വീഞ്ഞും കയററിയയച്ചതായി ആരോപിക്കപ്പെടുന്നു. ലോകമെമ്പാടും അവശേഷിക്കുന്ന കടുവാകളുടെ എണ്ണം ഏതാണ്ട് 6,000 മാത്രമാണ്. (g93 9/22)
ലിംഗപ്രതിബന്ധം
“മൂന്നാം ലോക രാജ്യങ്ങളിൽ ഒട്ടുമിക്കപ്പോഴും ഒരു സ്ത്രീയുടെ ജീവിതം ജീവിതയോഗ്യമല്ല.” വാഷിങ്ടൺ പോസ്ററൽ വന്ന അടുത്ത കാലത്തെ റിപ്പോർട്ടുകളുടെ ഒരു പരമ്പര തുടങ്ങിയത് അങ്ങനെയാണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും തെക്കേ അമേരിക്കയിലെയും ദരിദ്രഭാഗങ്ങളിലെ അനവധി സ്ത്രീകളുമായി അഭിമുഖം നടത്തിയശേഷം “സംസ്കാരവും മതവും നിയമവും മിക്കപ്പോഴും സ്ത്രീകളെ അടിസ്ഥാന മാനുഷിക അവകാശങ്ങളിൽനിന്ന് ഒഴിവാക്കുന്നതായും ചിലപ്പോൾ അവരെ മനുഷ്യരെക്കാൾ താഴ്ന്ന ഒരവസ്ഥയിലേക്കു തരംതാഴ്ത്തുന്നതായും” പോസ്ററിന്റെ റിപ്പോർട്ടർമാർ കണ്ടെത്തി. ദൃഷ്ടാന്തത്തിന് ഹിമാലയൻപ്രദേശത്തെ ഒരു ഗ്രാമത്തിൽ 59 ശതമാനം ജോലികളും നിർവഹിച്ചത് സ്ത്രീകളായിരുന്നു, അവർ ഒരു ദിവസം 14 മണിക്കൂർ വരെ പണിയെടുക്കുകയും തങ്ങളുടെ തൂക്കത്തിന്റെ ഒന്നര മടങ്ങ് ഭാരം ചുമക്കുകയും ചെയ്യുന്നു. “ഒന്നോ രണ്ടോ . . . ഗർഭധാരണങ്ങൾക്കുശേഷം അവരുടെ ശക്തി ക്ഷയിച്ച് അവർ കൂടുതൽ ബലഹീനരാകുന്നതായും മുപ്പതുകളുടെ ഒടുവിൽ അവർ തീർത്തും അവശരും പ്രായമായവരും ക്ഷീണിച്ചവരുമായി പെട്ടെന്നു മരിക്കുന്ന”തായും ഒരു പഠനം കണ്ടെത്തി. ആൺകുട്ടികളോടുള്ള താരതമ്യത്തിൽ പെൺകുട്ടികൾക്കു സാധാരണമായി കുറച്ച് ആഹാരം കൊടുക്കുകയും സ്കൂളിൽ വിടാതിരിക്കുകയും ചെറുപ്രായത്തിൽത്തന്നെ പണിയെടുപ്പിക്കുകയും കുറഞ്ഞ വൈദ്യശുശ്രൂഷ മാത്രം നൽകുകയും ചെയ്യുന്നു. പെൺകുഞ്ഞുങ്ങളെ ചെലവേറിയ ഒരു ഭാരമായി കരുതിക്കൊണ്ടു പല സ്ത്രീകളും അവയെ കൊന്നുകളയുന്നു. ഇൻഡ്യയുടെ തെക്കൻ ഗ്രാമീണ ഭാഗങ്ങളിൽ ശിശുഹത്യ നടത്താനുള്ള ഒരു സാധാരണ രീതി കോഴിയുടെ തിളച്ച സൂപ്പ് കുഞ്ഞിന്റെ തൊണ്ടയിലേക്കു ഒഴിക്കുകയാണെന്നു റിപ്പോർട്ടർമാർ കുറിക്കൊണ്ടു. അത്തരം കുററകൃത്യങ്ങൾ ശിക്ഷിക്കപ്പെടുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇങ്ങനെ പ്രതികരിച്ചു: “കൂടുതൽ അടിയന്തിര പ്രശ്നങ്ങൾ ഉണ്ട്. വളരെ കുറച്ചു കേസുകളേ ഞങ്ങളുടെ ശ്രദ്ധയിൽ പെടാറുള്ളു. അധികമാളുകൾ അതു കാര്യമാക്കാറില്ല.” (g93 9/22)
ഒഴിച്ചുകൂടാനാവാത്ത ചന്ദ്രൻ
ജീവന്റെ നിലനിൽപ്പിനു ഭൂമിയെ അനുപമമാംവിധം അനുയോജ്യമാക്കിത്തീർക്കുന്ന ഘടകങ്ങളുടെ ഇപ്പോൾത്തന്നെയുള്ള ശ്രദ്ധേയമായ പട്ടികയിൽ മറെറാരു ഇനം കൂടി ജ്യോതിശാസ്ത്രജ്ഞർ കൂട്ടിച്ചേർക്കേണ്ടതായിവന്നേക്കാം: ചന്ദ്രൻ. ആകാശത്തിനു മനോജ്ഞമായ നിലാവെളിച്ചം പ്രദാനം ചെയ്യുകയും വേലിയേററങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിലധികം നമ്മുടെ ഉപഗ്രഹം ചെയ്യുന്നു. ഫ്രഞ്ച് ബഹിരാകാശ ശാസ്ത്രജ്ഞർ നടത്തിയ കമ്പ്യൂട്ടർ പഠനങ്ങളനുസരിച്ചു ഭൂമിയുടെ ചരിവിനെ അതായത് അതിന്റെ ഭ്രമണ അച്ചുതണ്ടിലെ ചരിവിന്റെ അളവിനെ നിയന്ത്രിക്കാനും അതു സഹായിക്കുന്നു. അത്തരം വലിപ്പമേറിയ ഉപഗ്രഹമില്ലാത്ത ബുധൻ അതിന്റെ ചരിവിന്റെ അളവിൽ 10-നും 50-നും ഇടയ്ക്കു ഡിഗ്രി മാറിയിട്ടുണ്ട്. ധ്രുവപാളികൾ ഉരുകി വീണ്ടും ഉറയ്ക്കുന്നതുൾപ്പെടെ വിപത്കരമായ കാലാവസ്ഥാവ്യതിയാനങ്ങൾ ഈ അസ്ഥിരത മിക്കവാറും ഉളവാക്കിയിട്ടുണ്ട്. ശക്തമായ പ്രഭാവം ചെലുത്തുന്ന ചന്ദ്രൻ ഇല്ലായിരുന്നെങ്കിൽ ഭൂമിയുടെ ചരിവ് ഏതാണ്ട് 85 ഡിഗ്രി കണ്ട് വ്യതിചലിക്കാനിടയുണ്ടായിരുന്നു എന്നു കമ്പ്യൂട്ടർ പഠനങ്ങൾ വെളിപ്പെടുത്തി. ആയതിനാൽ “ഭൂമിയോടുള്ള ബന്ധത്തിൽ ശക്തമായ കാലാവസ്ഥാ നിയന്ത്രണഘടകമായി ചന്ദ്രൻ വർത്തിക്കുന്നുവെന്ന് ഒരുവൻ കരുതിയേക്കാം” എന്നു ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞർ നിഗമനം ചെയ്യുന്നു. (g93 9/22)
കാണാതാവുന്ന സ്ത്രീകൾ
ബ്രിട്ടൻ, ഫ്രാൻസ്, സ്വിററ്സർലൻഡ്, ഐക്യനാടുകൾ തുടങ്ങിയ വികസിത രാജ്യങ്ങളിൽ 100-ന് 105 എന്ന അനുപാതത്തിൽ സ്ത്രീകളുടെ സംഖ്യ പുരുഷൻമാരുടേതിനെക്കാൾ കൂടുതലാണ്. എന്നാൽ ഏഷ്യയിൽ കോടിക്കണക്കിനു സ്ത്രീകൾ കാണാതാവുന്നുവെന്നു യുഎൻ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. ഉദാഹരണത്തിന് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനും 100 പുരുഷൻമാർക്ക് 94 സ്ത്രീകളും ഇൻഡ്യയ്ക്ക് 93-ഉം പാക്കിസ്ഥാന് 92-ഉം ആണുള്ളത്. ഓരോ 100 പെൺകുട്ടികൾക്കും ഒന്നും രണ്ടും വയസ്സിനിടയിൽ പ്രായമുള്ള 114 ആൺകുട്ടികൾ വീതം ഉള്ളതായി ചൈനയെ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പ്രകടമാക്കി. എന്തുകൊണ്ടാണീ വ്യത്യാസം? “സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന, ജീവനു ഭീഷണിയായിരിക്കുന്ന വിവേചനത്തിലേക്കു വിദഗ്ധർ വിരൽ ചൂണ്ടുന്നു, ഇതു പുരുഷൻമാരുടേതിനെക്കാൾ അതിജീവിക്കാനുള്ള അവരുടെ സാധ്യതയെ താഴ്ത്തുന്നു. പെൺഭ്രൂണത്തെ ഗർഭച്ഛിദ്രം ചെയ്യുന്നതും പെൺകുഞ്ഞുങ്ങളെ കൊന്നുകളയുന്നതും മോശമായ പോഷണവും ആരോഗ്യപരിപാലനവും നിരവധി ഗർഭധാരണങ്ങളും പുറംപൊട്ടിക്കുന്ന കായികാധ്വാനവും” ആണ് ഇതിനു കാരണങ്ങളെന്നു ദ വാഷിങ്ടൺ പോസ്ററ് പറയുന്നു. കൂടാതെ ചില സംസ്കാരങ്ങളിൽ സെൻസസ് എടുക്കുന്ന പുരുഷൻമാർ സ്ത്രീകളെ അവഗണിക്കുന്നു, അല്ലെങ്കിൽ പെണ്ണുങ്ങളോടു സംസാരിക്കാൻ അവർ അനുവദിക്കപ്പെടുന്നില്ല. ആൺമക്കളെക്കാൾ പെൺമക്കൾ കൂടുതലുണ്ടെന്നു പറയാൻ ലജ്ജിക്കുന്ന ചില പിതാക്കൻമാർ തങ്ങളുടെ കുട്ടികളുടെ ലിംഗം സംബന്ധിച്ചു നുണ പറയുന്നു. (g93 10/8)
ചൈനയുടെ കുറഞ്ഞുവരുന്ന ജനനനിരക്ക്
1992-ലെ സ്ഥിതിവിവരക്കണക്കുകൾ ചൈനയിൽ എക്കാലത്തും രേഖപ്പെടുത്തിയിട്ടുള്ള ഏററവും കുറഞ്ഞ ജനനനിരക്കു കാണിക്കുന്നു—1,000 പേർക്ക് 18.2 ജനനങ്ങൾ, ഇത് 1987-ൽ 23.33 ആയിരുന്നു എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. 2010 എന്ന വർഷത്തിനുമുമ്പു നേടുമെന്നു പ്രതീക്ഷിച്ചിരുന്നതല്ലെങ്കിലും ആ ലക്ഷ്യം നേടി, “കാരണം എല്ലാ തലങ്ങളിലുമുള്ള പാർട്ടിയധികാരികളും ഗവൺമെൻറധികാരികളും കുടുംബാസൂത്രണത്തിനു കൂടുതൽ ശ്രദ്ധ നൽകുകയും കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു” എന്ന് സ്റേറററ് കുടുംബാസൂത്രണ കമ്മീഷന്റെ മന്ത്രിയായ പെംഗ് പായുൺ പറയുന്നു. ഈ പരിപാടിയിൻ കീഴിൽ തങ്ങളുടെ ഭരണപ്രദേശത്ത് ജനനസംഖ്യ കുറയ്ക്കുന്നതിനു പ്രാദേശിക അധികാരികളെ വ്യക്തിപരമായി ഉത്തരവാദിത്വം ഭരമേൽപ്പിച്ചിരുന്നു, അങ്ങനെ ചെയ്യുന്നതിനു വീഴ്ച വരുത്തുന്നവരെ ശിക്ഷിക്കുമായിരുന്നു. പല കേസുകളിലും ഇതിനോടകം ഒരു കുട്ടിയുള്ള സ്ത്രീകളിൽ നിർബന്ധിത വന്ധ്യംകരണം നടത്തുന്നതിലും അനധികൃതമായി പ്രസവം നടത്തുന്നവർക്കു വളരെ കടുത്ത പിഴകൾ ചുമത്തുന്നതിലും ഇതു കലാശിച്ചു. പിഴയടയ്ക്കാൻ ഗ്രാമീണർക്കു കഴിയാതെ വരുമ്പോൾ അവരുടെ വസ്തുവകകൾ കണ്ടുകെട്ടുകയോ നശിപ്പിക്കുകയോ ചെയ്യുന്നു, മിക്കപ്പോഴും അവരുടെ വീടുകൾ തകർത്തുകളയുന്നു. ചൈനയുടെ 117 കോടി നിവാസികൾ ഇപ്പോൾത്തന്നെ ലോകജനസംഖ്യയുടെ 22 ശതമാനമാണ്. (g93 10/8)
കമ്പ്യൂട്ടർ പരിഭാഷപ്പെടുത്തുന്നു
ആദ്യസംഭവം എന്നു വർണിക്കപ്പെടുന്ന ഒരു സംഗതിയെന്ന നിലയിൽ, അടുത്ത കാലത്ത് ഒരു കമ്പ്യൂട്ടർ ജപ്പാനിലെയും ജർമനിയിലെയും ഐക്യനാടുകളിലെയും ഗവേഷകർ തമ്മിലുള്ള ടെലഫോൺ സംഭാഷണങ്ങൾ പരിഭാഷപ്പെടുത്തിക്കൊടുത്തു. സംസാരിക്കുമ്പോൾ കിയോട്ടോയിലെയും മ്യൂണിക്കിലെയും പിററ്സ്ബർഗിലെയും ശാസ്ത്രജ്ഞർ തങ്ങളുടെ പദസമ്പത്ത് അനുദിനം ഉപയോഗിക്കുന്ന 550 പദങ്ങളിലും ചർച്ചാസമ്മേളനത്തിന്റെയും ഹോട്ടൽ ബുക്കിംഗുകളുടെയും രംഗത്തുനിന്നുള്ള വേറെ ഒരു 150 പ്രത്യേക പദങ്ങളിലും ഒതുക്കി നിർത്തി. കമ്പ്യൂട്ടറിലെ പ്രോഗ്രാമിനു മനസ്സിലാക്കി പരിഭാഷപ്പെടുത്താൻ കഴിയുന്ന വാക്കുകൾ ഇവ മാത്രമാണ്. “വിവിധ രാജ്യങ്ങളിൽനിന്നു പങ്കെടുക്കുന്നവരുടെ കൺവെൻഷൻ ബുക്കിംഗുകൾ കൈകാര്യം ചെയ്യുകയും ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്ന ഒരു പരിഭാഷാ കമ്പ്യൂട്ടർ കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞർ കൂട്ടമായി പ്രവർത്തിക്കുന്നു” എന്നു മ്യൂണിക്കിലെ സ്യൂഡസ്ററാഷാ സീററംഗ് എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. (g93 9/22)
ബുദ്ധമത ബാർ
തങ്ങളുടെ അലഞ്ഞുതിരിയുന്ന ബുദ്ധമതക്കാരിലേക്കു ബുദ്ധമതം തിരികെ കൊണ്ടുവരാനുള്ള ഒരു ശ്രമത്തിൽ ജപ്പാനിലെ ഒസാക്കയിൽ ബുദ്ധസന്യാസികൾ ഒരു ബാർ തുറന്നിരിക്കുന്നു. “പ്രാചീന കാലങ്ങളിൽ എല്ലാത്തരം ആളുകളും അമ്പലങ്ങളിൽ കൂടിവന്നു തിന്നു കുടിച്ചിരിക്കെ സംഭാഷണം നടത്തുക പതിവായിരുന്നു. നൂറുകണക്കിനു വർഷങ്ങൾ കഴിഞ്ഞുപോയപ്പോൾ ബുദ്ധമതവും ജനങ്ങളും തമ്മിൽ ബന്ധമില്ലാതായി” എന്നു പറഞ്ഞതായി ആസാഹി ഈവനിങ് ന്യൂസ് പുരോഹിതൻമാരിൽ ഒരുവനെ ഉദ്ധരിക്കുന്നു. ഭൂരിഭാഗവും ചെറുപ്പക്കാരായിരിക്കുന്ന പതിനഞ്ചു പുരോഹിതൻമാർ തങ്ങളുടെ ക്രമമനുസരിച്ചു ബാറിലെ അതിഥിയായി വർത്തിച്ചുകൊണ്ടും ഇടപാടുകാരോടൊത്തു കുടിച്ചുകൊണ്ടും പ്രവർത്തിക്കുന്നു. “ഞങ്ങളുടെ ബാർ അമ്പലമെന്ന പദത്തെ യഥാർഥത്തിൽ അന്വർഥമാക്കുന്നു, കാരണം ഇവിടെ നിങ്ങൾക്ക് ഒരു പുരോഹിതനോടു തുറന്നു സംസാരിക്കാനാവും,” മാനേജർ പറയുന്നു. കത്തുന്ന കുന്തിരിക്കവും മതപരമായ ചിഹ്നങ്ങളും ഭിത്തിയിൽ തൂങ്ങിക്കിടക്കുന്നു. പശ്ചാത്തലസംഗീതം റോക്ക് സംഗീതമാണ്. (g93 9/22)
നിങ്ങളുടെ ഹൃദയത്തിന് അല്പം വീഞ്ഞ്
മിതമായ അളവിൽ ചുവന്ന വീഞ്ഞ് കുടിക്കുന്നതു ഹൃദയസ്തംഭനം ഉണ്ടാകാനുള്ള അപായസാധ്യതയെ കുറച്ചേക്കാം. “ഫ്രഞ്ച് വിരോധാഭാസം” എന്നു വിളിക്കാനിടയായിത്തീർന്ന സംഗതി സംബന്ധിച്ചു ശാസ്ത്രജ്ഞർ കുറേക്കാലത്തേക്കു കുഴഞ്ഞുപോയിരുന്നു. ഒരു സാധാരണ ഫ്രഞ്ചുകാരന്റെ ആഹാരക്രമത്തിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പൂരിത കൊഴുപ്പുകൾ കുറച്ചൊന്നുമല്ലെങ്കിലും വ്യവസായവത്കൃത പാശ്ചാത്യലോകത്തു ഹൃദ്രോഗം നിമിത്തമുള്ള മരണനിരക്കുകൾ ഏററവും കുറവായിരിക്കുന്നതു ഫ്രഞ്ചുകാർക്കിടയിലാണ്. ബ്രിട്ടീഷ് വൈദ്യശാസ്ത്ര ജേർണലായ ദ ലാൻസെററിൽ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടുകളെ പരാമർശിക്കുകയായിരുന്ന ലാ ഫിഗറോ എന്ന പാരീസ് പത്രം പറയുംപ്രകാരം ഫ്രഞ്ചുകാർ സാധാരണമായി തങ്ങളുടെ ആഹാരത്തോടൊപ്പം കുടിക്കുന്ന ചുവന്ന വീഞ്ഞിനോട് ഇതു ബന്ധപ്പെട്ടിരിക്കാം എന്നു ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ചുവന്ന വീഞ്ഞിൽ അടങ്ങിയിരിക്കുന്ന ഫീനോളുകൾ എന്നു വിളിക്കപ്പെടുന്ന അമ്ലഘടകങ്ങൾ ഹൃദയസ്തംഭനം ഉണ്ടാക്കുന്ന കൊഴുപ്പ് അവക്ഷിപ്തങ്ങൾ ധമനികളിൽ പററിപ്പിടിക്കുന്നതിൽനിന്നു മോശമായതെന്നു പരക്കെ വിളിക്കപ്പെടുന്ന കൊളസ്ട്രോളിനെ (LDL [low-density lipoprotein]) തടയുന്നതായി കണ്ടിട്ടുണ്ട്. ഈ ഫിനോളുകൾ വീഞ്ഞിലെ ലഹരിയുളവാക്കുന്ന ഘടകങ്ങളല്ലെന്നും ഒരു ദിവസം അര പൈൻറിൽ [കാൽ ലിററർ] കൂടുതൽ കഴിച്ചാൽ ലഹരിവസ്തു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ലാ ഫിഗറോ കൂട്ടിച്ചേർക്കുന്നു. (g93 9/22)