ലോകത്തെ വീക്ഷിക്കൽ
ബഹിരാകാശ-സ്ഥാപിത റേഡിയോ ദൂരദർശിനി
ജപ്പാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് ആൻഡ് ആസ്ട്രനോട്ടിക്കൽ സയൻസ് അടുത്തയിടെ എട്ടു മീറ്റർ വ്യാസമുള്ള ഒരു റേഡിയോ ദൂരദർശിനി ബഹിരാകാശത്തേക്കയച്ചതായി സയൻസ് ന്യൂസ് റിപ്പോർട്ടുചെയ്യുന്നു. ഈ പുതിയ ദൂരദർശിനി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന 40-ഓളം ഭൂസ്ഥാപിത റേഡിയോ ദൂരദർശിനികളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് അതിനെ അസാധാരണമാക്കിത്തീർക്കുന്നത്. ഈ സംവിധാനം വെരി ലോങ് ബെയ്സ്ലൈൻ സ്പെയ്സ് ഒബ്സർവേറ്ററി എന്നറിയപ്പെടുന്നു. ക്വാസാറുകളും തമോഗർത്തങ്ങളും പോലെയുള്ള ബഹിരാകാശത്തിലെ റേഡിയോ സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതകാന്തിക തരംഗങ്ങളെ വളരെ അകലത്തിൽ സ്ഥിതിചെയ്യുന്ന ഈ റേഡിയോ ദൂരദർശിനികൾ സ്വീകരിക്കുകയും ഒത്തുചേർന്ന് ഒരൊറ്റ പ്രതിബിംബം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ സ്വീകാരികൾ തമ്മിലുള്ള അകലം എത്ര കൂടുതലാണോ അവസാന പ്രതിബിംബത്തിന്റെ വിഭേദനവും (resolution) അത്രയധികമായിരിക്കും. ഈ ദൂരദർശിനിയുടെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിന്റെ ഏറ്റവും അകലെയുള്ള ഭാഗം ഭൂമിയിൽനിന്ന് ഏതാണ്ട് 20,000 കിലോമീറ്റർ ദൂരെയാണ്. ഈ പുതിയ ബഹിരാകാശ-സ്ഥാപിത ദൂരദർശിനിക്ക് ദൃശ്യപ്രകാശത്തിൽ ഹബിൾ സ്പെയ്സ് ദൂരദർശിനിക്കുള്ളതിനെക്കാൾ 1,000 മടങ്ങ് വിഭേദനക്ഷമതയുണ്ട്. “അത്രയും വിഭേദനക്ഷമതയുള്ളപ്പോൾ ലോസാഞ്ചലസിലെ ഒരു നിരീക്ഷകന് ടോക്കിയോയിലുള്ള ഒരു നെന്മണി വ്യക്തമായി കാണാൻ കഴിയും” എന്ന് സയൻസ് ന്യൂസ് പ്രസ്താവിക്കുന്നു.
ടിവി പിച്ചവെച്ചുനടക്കുന്നവർക്കോ?
അത്യാവശ്യ ജോലികൾ ചെയ്തുതീർക്കാനുള്ളപ്പോൾ, കൊച്ചുകുട്ടികളെക്കൊണ്ടു പൊറുതിമുട്ടിയ മാതാപിതാക്കൾക്ക് അവരെ ടിവി-യുടെ മുന്നിൽ ഇരുത്തിയിട്ടുപോകാൻ പ്രവണത തോന്നിയേക്കാം. എന്നാൽ പേരെൻറ്സ് മാഗസിൻ പറയുന്നതനുസരിച്ച് ഇത് കുട്ടിക്ക് അപകടങ്ങൾ വരുത്തിവെക്കുന്നു. “അക്രമാസക്തമായ പരിപാടികൾ കൊച്ചു കാണികളിൽ വർധിച്ച അക്രമവാസന ഉളവാക്കുന്നതായി വ്യക്തമാക്കപ്പെട്ടിരിക്കുന്നു” എന്ന് അതു പ്രസ്താവിക്കുന്നു, ഈ അക്രമാസക്തമായ പരിപാടികളിൽ പല കാർട്ടൂണുകളും ഉൾപ്പെടുന്നു. കൂടാതെ, “സ്കൂൾപ്രായമെത്താത്ത കുട്ടികൾ പതിവായി ടെലിവിഷൻ കാണുന്നത് മോശമായ പെരുമാറ്റത്തിനും” പിന്നീട് “വായനാവിമുഖതയ്ക്കും ഇടയാക്കുന്നു”വെന്ന് യേൽ യൂണിവേഴ്സിറ്റിയിലെ ഡൊറൊത്തി സിംഗർ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു വയസ്സുകാർ ദിവസം 30 മിനിറ്റിലധികം ടിവി കാണരുതെന്ന് സിംഗർ നിർദേശിക്കുന്നു. കുട്ടി ഒറ്റയ്ക്കിരുന്ന് ടിവി കാണുമ്പോൾ സംഭവിച്ചേക്കാവുന്ന അപകടങ്ങളാണ് മറ്റൊരു പ്രശ്നം. ഗ്രന്ഥകാരനായ മിൽറ്റൻ ചെൻ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ആരും അടുത്തില്ലാത്തപ്പോൾ പിച്ചവെച്ചുനടക്കുന്ന ഒരു പിരുപിരുപ്പൻ കുട്ടിക്ക് അപകടത്തിൽ ചെന്നു ചാടാൻ അധികം നേരമൊന്നും വേണ്ട.” ഉച്ചഭക്ഷണം തയ്യാറാക്കുകയോ ഫോണെടുക്കുകയോ ചെയ്യേണ്ടതുള്ളപ്പോൾ കുട്ടിയെ നിങ്ങൾക്കു കാണാവുന്ന വിധത്തിൽ, സുരക്ഷിതമായ കുറച്ചു കളിപ്പാട്ടങ്ങളും കൊടുത്ത് കളിത്തൊട്ടിലിൽ ഇരുത്തുക.
ഇന്റർനെറ്റ് ആസക്തി എന്ന ക്രമക്കേട്
“വിജ്ഞാന യുഗത്തിന്റെ ഏറ്റവും പുതിയ ഭവിഷ്യത്ത് ഇന്റർനെറ്റിനോടുള്ള ആസക്തിയായിരുന്നേക്കാ”മെന്ന് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. ഡോ. കിമ്പെർലി യങ് ഇന്റർനെറ്റിന്റെ ഉപയോഗത്തിൽ മിതത്വം പാലിക്കാത്ത 496 ഉപഭോക്താക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സർവേ നടത്തി. അവരിൽ 396 പേർ ആസക്തരായ ഉപഭോക്താക്കളായി തിരിച്ചറിയിക്കപ്പെട്ടു. ഇന്റർനെറ്റ് ആസക്തിയുടെ അനന്തരഫലങ്ങളിൽ “സമൂഹത്തിൽനിന്നു വേർപെട്ടു കഴിയൽ, വൈവാഹിക കലഹം, വിദ്യാഭ്യാസരംഗത്തെ പരാജയം, അത്യധികമായ കടം, ജോലി നഷ്ടം” എന്നിവ ഉൾപ്പെടുന്നുവെന്ന് ആ ഗവേഷണം വെളിപ്പെടുത്തുന്നു. ഈ ക്രമക്കേട് “മദ്യാസക്തിയോ ചൂതാട്ട ആസക്തിയോ പോലെതന്നെ യഥാർഥത്തിലുള്ള ആസക്തിയാണെ”ന്ന് ഡോ. യങ് പറയുന്നു. “വീട്ടിൽ കമ്പ്യൂട്ടർ ഉള്ളവർക്കാണ് ആസക്തിയുണ്ടാകാൻ ഏറ്റവും സാധ്യതയുള്ള”തെന്ന് ജേർണൽ കൂട്ടിച്ചേർത്തു. ഇന്റർനെറ്റ് ആസക്തി ആരെയും പിടികൂടാമെന്നിരിക്കെ, “അതിനോട് സാധാരണമായി ആസക്തരാകുന്നത് പരിമിത വിദ്യാഭ്യാസമുള്ള മധ്യവയസ്കരായ സ്ത്രീകളാണ്” എന്ന് ഡോ. യങ് പറയുന്നു. ഇന്റർനെറ്റിൽ കൂടുതൽ കൂടുതൽ സമയം ചെലവഴിക്കുന്നതും ഇന്റർനെറ്റിൽ സമയം ചെലവിടുന്നതിനായി “സാമൂഹികമോ തൊഴിൽപരമോ ആയ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ ഉപേക്ഷിക്കുന്നതും” അപകടസൂചനകളിൽ പെടുന്നു.
പ്രോജക്ട് ടൈഗർ പരാജയമടയുന്നു
ഇന്ത്യയിൽ ദേശീയ മൃഗത്തിന്റെ വംശനാശം തടയുന്നതിന് 1973-ൽ പ്രോജക്ട് ടൈഗർ ആരംഭിച്ചു. ഇന്ത്യയിലെ കടുവകളുടെ എണ്ണം അപ്പോൾത്തന്നെ 1,827 ആയി ചുരുങ്ങിയിരുന്നു. ആ പ്രോജക്ടിന് അന്തർദേശീയ പിന്തുണയും ഗണ്യമായ വിജയവും ലഭിച്ചു. 1989 ആയപ്പോഴേക്കും ഇന്ത്യയിലെ കടുവകളുടെ എണ്ണം 4,000 കവിഞ്ഞു. എന്നാൽ, ഇന്ത്യാ ടുഡേ പറയുന്നതനുസരിച്ച് ഇപ്പോൾ കടുവകൾ വീണ്ടും അപകടത്തിലാണ്. ഇന്ത്യയിലെ കടുവകളുടെ എണ്ണം 3,000-ത്തിലും കുറഞ്ഞിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. കാരണം? അനധികൃത നായാട്ടുകാർ ഒരു ദിവസം ശരാശരി ഒരു കടുവയെയെങ്കിലും വകവരുത്തുന്നുവെന്ന് ചിലർ പറയുന്നു. പ്രോജക്ട് ടൈഗർ കടുവയ്ക്കു സംരക്ഷണം നൽകാൻ വേണ്ടിയുള്ളതായിരുന്നു. എന്നാൽ അതിന് അതു കഴിയുന്നതായി തോന്നുന്നില്ല. “പലപ്പോഴും വെടിയേൽക്കുന്ന വനപാലകർ വേണ്ടത്ര സജ്ജരല്ലെന്നു മാത്രമല്ല, അവരുടെ മനോവീര്യം കെടുകയും ചെയ്യുന്നു” എന്ന് റിപ്പോർട്ട് പ്രസ്താവിക്കുന്നു. കടുവയുടെ കാര്യത്തിൽ “അസ്തിത്വം വംശനാശത്തിന് വഴിമാറിക്കൊടുത്തുകൊണ്ടിരിക്കുകയാണ്.”
പ്രായം തോന്നിക്കുന്നെങ്കിലും ചെറുപ്പത്തിലേ മരിക്കുന്നു
പിൻവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച്, പുകവലി വാർധക്യംപ്രാപിക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ദീർഘകാല പുകവലിക്കാർക്ക് അകാല നരയുണ്ടാകാൻ നാലു മടങ്ങും പൂർണമായോ ഭാഗികമായോ കഷണ്ടിയുണ്ടാകാൻ രണ്ടു മടങ്ങും സാധ്യതയുള്ളതായി ബ്രിട്ടനിലെ ലാൻസെറ്റ് പ്രസ്താവിക്കുന്നു. പുകവലിക്കാർക്ക് പുകവലിക്കാത്തവരെക്കാൾ മുഖത്ത് കൂടുതൽ ചുളിവുകളുള്ളതായും അവരുടെ പല്ലു കൊഴിയാൻ ഇരുമടങ്ങ് സാധ്യതയുള്ളതായും ഇതേക്കുറിച്ച് റിപ്പോർട്ടുചെയ്യവേ യുസി ബെർക്ക്ലെ വെൽനെസ്സ് ലെറ്റർ ചൂണ്ടിക്കാണിച്ചു. ആയുഷ്കാല പുകവലിക്കാർ 73 വയസ്സുവരെ ജീവിക്കുന്നതിനുള്ള സാധ്യത പുകവലിക്കാത്തവരുടേതിന്റെ പകുതിയേയുള്ളുവെന്ന് കാണിക്കുന്ന ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ വന്ന അടുത്തകാലത്തെ ഒരു പഠനത്തെയാണ് ഈ റിപ്പോർട്ട് പരാമർശിക്കുന്നത്. കൂടാതെ, “പുകവലിക്കാരോടൊപ്പം കഴിയുന്ന പുകവലിക്കാരല്ലാത്തവർക്ക് ഹൃദ്രോഗമുണ്ടാകുന്നതിന് 20 ശതമാനം ഏറെ സാധ്യതയുണ്ടെ”ന്ന് ഗുഡ് ഹൗസ്കീപ്പിങ് മാഗസിൻ റിപ്പോർട്ടുചെയ്യുന്നു.
മിന്നൽ അപായം
“മിന്നലേറ്റുള്ള മരണങ്ങൾ ആളുകൾ വിചാരിക്കുന്നതിലും കൂടെക്കൂടെ സംഭവിക്കുന്നുണ്ടെ”ന്ന് ദി ഓസ്ട്രേലിയൻ എന്ന വർത്തമാനപത്രം റിപ്പോർട്ടുചെയ്യുന്നു. ഓസ്ട്രേലിയയിൽ ഓരോ വർഷവും മിന്നലേറ്റ് അഞ്ചിനും പത്തിനും ഇടയ്ക്ക് ആളുകൾ മരിക്കുന്നുവെന്നും 100-ലധികം പേർക്ക് പരിക്കേൽക്കുന്നുവെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. “മിന്നലേൽക്കുന്നതിനു തൊട്ടുമുമ്പ് രോമങ്ങൾ എഴുന്നുനിന്നതുപോലെ തങ്ങൾക്കനുഭവപ്പെട്ടതായി ചിലർ റിപ്പോർട്ടു ചെയ്തി”ട്ടുണ്ടെങ്കിലും മിന്നലേൽക്കുന്നതിനുമുമ്പ് അതു സംബന്ധിച്ചു സൂചനയൊന്നും ലഭിക്കാറില്ലെന്ന് മെൽബോണിലെ കാലാവസ്ഥാശാസ്ത്ര ബ്യൂറോയിലെ ഫിൽ ഓൾഫർഡ് പറയുന്നു. മിന്നലേൽക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിന്, ഇടിമിന്നലിന്റെ അകമ്പടിയോടുകൂടിയ കൊടുങ്കാറ്റുണ്ടാകുമ്പോൾ ഉറപ്പുള്ള കെട്ടിടത്തിലോ ലോഹ നിർമിതികളിൽനിന്ന് അകന്നുകിടക്കുന്ന ഉറപ്പുള്ള മേൽക്കൂരയോടുകൂടിയ വാഹനത്തിനുള്ളിലോ അഭയം തേടാൻ ഓൾഫർഡ് ശുപാർശ ചെയ്യുന്നു.
പ്രായംചെന്നവരുടെ വിഷാദം
“പ്രായംചെന്നവരുടെ വിഷാദം പ്രായംകുറഞ്ഞവരുടേതിൽനിന്ന് വ്യത്യസ്തമായ ഒരു വിധത്തിലാണ് പ്രകടമാകുന്നത്” എന്ന് ഷോർനൽ ഡോ ബ്രാസിൽ റിപ്പോർട്ടു ചെയ്യുന്നു. മനോവ്യഥയുടെയോ ഉത്കണ്ഠയുടെയോ രൂപത്തിൽ ഇവരുടെ വിഷാദം പ്രകടമാകുന്നില്ല, പകരം “ഓർമശക്തി, ഏകാഗ്രത, ചിന്താപ്രാപ്തി തുടങ്ങിയ ഗ്രഹണ പ്രാപ്തികൾ അവർക്കു നഷ്ടമാകുന്നു.” കൂടാതെ, റിയോ ദെ ജെനീറോയിലെ ഫെഡറൽ സർവകലാശാലയിലെ പ്രൊഫസർ പൗലൂ മാറ്റോസ് പറയുന്നതനുസരിച്ച് “വിഷാദമഗ്നരായ പ്രായംചെന്നവർ നിസ്സാരകാര്യങ്ങളെപ്രതി അമിതമായ കുറ്റബോധമുള്ളവരാണ്.” സംഭാഷണമുൾപ്പെടെ “മുമ്പ് പതിവായി ചെയ്തുകൊണ്ടിരുന്നതോ സന്തോഷം കണ്ടെത്തിയിരുന്നതോ ആയ കാര്യങ്ങളിൽ അവർക്കു താത്പര്യം നഷ്ടമാകുന്നു.” അത്തരം ലക്ഷണങ്ങൾ കേവലം വാർധക്യസഹജമായി ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാമെന്ന് റിപ്പോർട്ടു പറയുന്നു. അത്തരം സ്വഭാവമാറ്റങ്ങൾ മനസ്സിലാക്കാനും വിഷാദം തിരിച്ചറിയാനും “ആളുകൾ പ്രായംചെന്ന കുടുംബാംഗങ്ങളുമായി നിരന്തര സമ്പർക്കം പുലർത്തേണ്ടത് വളരെ പ്രധാനമാണെ”ന്ന് ഡോ. മാറ്റോസ് പറയുന്നു.
സ്വർണ ഖനകരായ ചിതലുകൾ
1984-ൽ ഒരു ഗ്രാമവാസി ആഫ്രിക്കൻ രാജ്യമായ നൈജറിൽ സ്വർണം കണ്ടെത്തി. സ്വർണത്തിനു പിന്നാലെയുള്ള പരക്കംപാച്ചലിൽ അനേകം രാജ്യങ്ങളിൽനിന്നുള്ള ഖനകർ ഈ പ്രദേശത്തേക്കു വന്നു. ആഫ്രിക്കയിലെ പുരാതന പരിഷ്കൃത ജനത സ്വർണ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന് ചിതൽപ്പുറ്റുകൾ ഉപയോഗിച്ചിരുന്നതായി കാനഡയിലെ ഭൂവിജ്ഞാനിയായ ക്രിസ് ഗ്ലീസൻ അനുസ്മരിക്കുന്നു. കൂറ്റൻ പുറ്റുകൾ നിർമിക്കുന്ന ഒരു വർഗം ചിതലുകളുടെ വാസസ്ഥലമാണ് നൈജർ. ആ പുറ്റുകളിൽ ചിലതിന് 1.8 മീറ്റർ ഉയരവും 1.8 മീറ്റർ വ്യാസവും വരും. വെള്ളത്തിനായി ചിതലുകൾ മണ്ണു തുരക്കുന്തോറും—ചിലപ്പോൾ 75 മീറ്റർ ആഴത്തിൽ—പുറ്റുകളുടെ വലുപ്പം വർധിച്ചുകൊണ്ടിരിക്കുന്നുവെന്ന് നാഷണൽ ജിയോഗ്രഫിക്ക് മാഗസിൻ വിശദീകരിക്കുന്നു. ഗ്ലീസൻ പല പുറ്റുകളിൽനിന്നുള്ള സാമ്പിളുകളെടുത്തു. കുഴിക്കേണ്ടത് എവിടെയാണെന്നു കണ്ടുപിടിക്കാൻ അതു തന്നെ സഹായിക്കുമെന്ന് അദ്ദേഹം കരുതി. മിക്ക സാമ്പിളുകളിലും സ്വർണം ഉണ്ടായിരുന്നില്ല, എന്നാൽ ചിലതിലുണ്ടായിരുന്നു! “സ്വർണമുണ്ടായിരുന്ന പുറ്റിൽ മുഴുവനും സ്വർണമായിരുന്നു”വെന്ന് അദ്ദേഹം കണ്ടെത്തി. ചിതലുകൾ വെള്ളത്തിനായി കുഴിക്കുമ്പോൾ സ്വർണമുൾപ്പെടെ കിട്ടുന്നതെന്തും അവ മുകളിലേക്കു കൊണ്ടുവരുന്നതായി കാണപ്പെടുന്നു.
സെല്ലുലാർ ടെലഫോൺ മര്യാദകൾ
കൊണ്ടുനടക്കാവുന്ന സെല്ലുലാർ ടെലഫോണുകളുടെ ആഗമനം പഴഞ്ചനായിത്തീർന്ന ചില പെരുമാറ്റരീതികളുടെ ആവശ്യം ഊന്നിപ്പറയുന്നുവെന്ന് ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ പറയുന്നു. ഹോങ്കോംഗിലെ ബിസിനസ് ഉപദേശകയായ റ്റിന ലിയൂ ഫോണിന്റെ അങ്ങേ തലയ്ക്കലുള്ളയാളോടും നിങ്ങളുടെ അടുക്കലുള്ളവരോടും ആദരവും പരിഗണനയും കാണിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. വ്യക്തമായി എന്നാൽ ശബ്ദംകുറച്ചു സംസാരിക്കാനും ഫോണുപയോഗിക്കുമ്പോൾ ആഹാരപാനീയങ്ങൾ കഴിക്കാതിരിക്കാനും അവർ ഉപദേശിക്കുന്നു. യോഗങ്ങളുടെ സമയത്ത് ഫോൺ എടുക്കുന്നത് പരമാവധി കുറയ്ക്കാനും കോളുകൾ മറ്റുള്ളിടങ്ങളിലേക്കു തിരിച്ചുവിടാനും ആശുപത്രികൾ, ലൈബ്രറികൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലായിരിക്കുമ്പോൾ വൈബ്രേറ്റർ റിങ് സിഗ്നൽ ഉപയോഗിക്കാനും ലിയൂ ശുപാർശചെയ്യുന്നു. സാമൂഹിക കൂടിവരവുകൾക്കിടയ്ക്കുപോയി ഫോണെടുക്കുന്നത് ബന്ധുമിത്രാദികൾക്ക് തങ്ങൾ അവഗണിക്കപ്പെട്ടു എന്ന തോന്നലുളവാക്കും. പുറത്തുപോയി ഭക്ഷണം കഴിക്കുമ്പോഴത്തെ കാര്യം ലിയൂ പറയുന്നു: “ഒരാൾ ഒരു സ്ത്രീയോടൊപ്പമായിരിക്കുമ്പോൾ പുഷ്പങ്ങൾ സമ്മാനിച്ച് ഉണ്ടാക്കിയ മതിപ്പ് കെട്ടുപോകുന്നതിനു മുമ്പേ ടെലഫോണിലെ സംസാരം നിർത്തുന്നതായിരിക്കും ബുദ്ധി.”
‘വിവേചനശേഷിയുള്ള ദ്രാവകങ്ങൾ’
ലയിക്കാതെ കിടക്കുന്ന കണങ്ങളുള്ള ചില ദ്രാവകങ്ങളിലേക്ക് വൈദ്യുതി കടത്തിവിട്ടുകൊണ്ടിരിക്കുന്നിടത്തോളം സമയം ആ കണങ്ങൾ ചെറു ശൃംഖലകൾ രൂപീകരിക്കുകയും അങ്ങനെ ദ്രാവകം കൂടുതൽ ശ്യാനതയുള്ളത് (viscous) ആയിത്തീരുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തെ വിൻസ്ലോ പ്രഭാവം എന്നു വിളിക്കുന്നു. 1940-ൽ അതു കണ്ടുപിടിച്ച ഡോ. ഡബ്ലിയു. എം. വിൻസ്ലോയുടെ പേരാണ് അതിനു കിട്ടിയിരിക്കുന്നത്. അന്നുമുതൽ മോട്ടോർ വ്യവസായവും മറ്റു വ്യവസായങ്ങളും ഇപ്പോൾ 93 വയസ്സുള്ള ഡോ. വിൻസ്ലോയും അത്തരം ‘വിവേചനശേഷിയുള്ള ദ്രാവകങ്ങളു’ടെ പ്രായോഗിക ഉപയോഗം കണ്ടുപിടിക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അലുത്ത മിൽക്ക് ചോക്കലേറ്റിന് ‘വിവേചനശേഷിയുള്ള ദ്രാവകങ്ങളു’ടേതിനോടു സമാനമായ ചില ഗുണങ്ങളുണ്ടെന്ന് ഐക്യനാടുകളിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പരീക്ഷണവിദഗ്ധർക്ക് അറിയാമായിരുന്നു. സങ്കൽപ്പിച്ചിരുന്നതുപോലെതന്നെ, അടുത്തകാലത്തു നടത്തിയ ഒരു പരീക്ഷണത്തിൽ, അലുത്ത ഒരു ചോക്കലേറ്റ് ബാറിനെ ശക്തമായ ഒരു വൈദ്യുത മണ്ഡലത്തിൽ വെച്ചപ്പോൾ അത് ഏതാണ്ട് നിമിഷനേരംകൊണ്ട് ഉറപ്പുള്ള അർധ ഖരാവസ്ഥയിലായിത്തീർന്നു. മണ്ണെണ്ണയും ചോളപ്പശയും—ചോളപ്പശ മണ്ണെണ്ണയിൽ ലയിക്കുന്നില്ല—അടങ്ങുന്ന മറ്റൊരു ‘വിവേചനശേഷിയുള്ള ദ്രാവകം’ വൈദ്യുത മണ്ഡലത്തിന്റെ തീവ്രതയിലുള്ള വ്യത്യാസമനുസരിച്ച് മാറിമാറി പാലിന്റെയും വെണ്ണയുടെയും സാന്ദ്രതയുള്ളതായിത്തീരുന്നു.