ഇന്റർനെറ്റ്—ജാഗ്രതയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
തീർച്ചയായും ഇന്റർനെറ്റിന് വിദ്യാഭ്യാസപരമായ ഉപയോഗമുണ്ട്, അത് ദൈനംദിന ആശയവിനിമയവും സാധ്യമാക്കുന്നു. എന്നാൽ, അതിന്റെ ഉയർന്ന സാങ്കേതികവിദ്യയിലുള്ള പുറംമോടി എടുത്തുമാറ്റിയാൽ ടെലിവിഷൻ, ടെലഫോണുകൾ, വർത്തമാനപത്രങ്ങൾ, ലൈബ്രറികൾ എന്നിവയെ ദീർഘനാളായി പിടികൂടിയിരിക്കുന്ന പ്രശ്നങ്ങൾതന്നെ ഇന്റർനെറ്റിനെയും ഗ്രസിച്ചിരിക്കുന്നതു കാണാം. അതുകൊണ്ട്, ഇങ്ങനെ ചോദിക്കുന്നത് ഉചിതമായിരുന്നേക്കാം, ഇന്റർനെറ്റിലെ വിവരങ്ങൾ എനിക്കും എന്റെ കുടുംബത്തിനും യോജിച്ചതാണോ?
ഇന്റർനെറ്റിൽ അശ്ലീല വിവരങ്ങൾ ലഭ്യമായിരിക്കുന്നതിനെക്കുറിച്ച് അനേകം റിപ്പോർട്ടുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇന്റർനെറ്റ് കേവലം അസാൻമാർഗിക ലൈംഗിക വികടൻമാർ നിറഞ്ഞ ഒരു ചെളിക്കുണ്ടാണെന്ന് ഇതു സൂചിപ്പിക്കുന്നുണ്ടോ? ഇതു വല്ലാത്ത അതിശയോക്തിയാണെന്നു ചിലർ വാദിക്കുന്നു. ഒരുവൻ മനഃപൂർവം ഒരു ശ്രമം നടത്തിയാലേ ദോഷകരമായ വിവരങ്ങൾ കണ്ടെത്താൻ കഴിയൂ എന്നാണ് അവരുടെ വാദം.
അനാരോഗ്യകരമായ വിവരങ്ങൾ കണ്ടെത്താൻ ഒരുവന്റെ ഭാഗത്ത് ശ്രമമാവശ്യമാണെങ്കിലും മറ്റെവിടത്തെക്കാളും വളരെയേറെ എളുപ്പത്തിൽ അവ ഇന്റർനെറ്റിൽ കണ്ടെത്താൻ കഴിയുമെന്നു മറ്റു ചിലർ വാദിക്കുന്നു. ദൃശ്യ-ശ്രവ്യ വിവരങ്ങളോടുകൂടിയ ലൈംഗികതയെ തുറന്നുകാട്ടുന്ന ചിത്രങ്ങൾ പോലെയുള്ള ലൈംഗികാസക്തി ഉണർത്തുന്ന കാര്യങ്ങൾ ഒരു ഉപഭോക്താവിനു കണ്ടെത്താൻ ഏതാനും കട്ടകളിൽ വിരലമർത്തുക മാത്രമേ വേണ്ടൂ.
ഇന്റർനെറ്റിൽ എത്രമാത്രം അശ്ലീലം ലഭ്യമാണെന്നുള്ളത് ഇപ്പോൾ ചൂടുപിടിച്ച ഒരു വാദവിഷയമാണ്. ഈ പ്രശ്നം വ്യാപകമാണെന്നു സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ അതിശയോക്തി കലർന്നതായിരിക്കാമെന്നു ചിലർ വിചാരിക്കുന്നു. എന്നാൽ, നിങ്ങളുടെ വീടിന്റെ പിൻമുറ്റത്ത് 100 വിഷപ്പാമ്പുകളില്ല, ഏതാനുമെണ്ണമേ ഉള്ളു എന്നറിഞ്ഞാൽ കുടുംബത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചു നിങ്ങൾ ഉത്കണ്ഠ കുറവുള്ളവനായിരിക്കുമോ? ഇന്റർനെറ്റ് സൗകര്യമുള്ള ആളുകൾ ജാഗ്രതപുലർത്തുന്നതു ബുദ്ധിയാണ്.
കുട്ടികളെ ഇരയാക്കുന്നവരെ സൂക്ഷിക്കുക!
ചില ബാലരതിപ്രിയർ യുവജനങ്ങളുമായി ഇന്റർനെറ്റ് പ്രതിപ്രവർത്തിത ചാറ്റ് ചർച്ചകളിൽ പങ്കെടുക്കുന്നുവെന്ന് അടുത്തകാലത്തെ വാർത്താവിവരണങ്ങൾ പ്രകടമാക്കുകയുണ്ടായി. കൊച്ചുകുട്ടികളെപ്പോലെ നടിച്ചുകൊണ്ട് ഈ മുതിർന്നവർ നിഷ്കളങ്കരായ കുട്ടികളിൽനിന്നു പേരുകളും മേൽവിലാസങ്ങളും സൂത്രത്തിൽ കൈവശമാക്കി.
കാണാതായവരും ചൂഷണം ചെയ്യപ്പെട്ടവരുമായ കുട്ടികൾക്കുവേണ്ടിയുള്ള ദേശീയ കേന്ദ്രം (എൻസിഎംഇസി) ഈ പ്രവർത്തനങ്ങളിൽ ചിലതിനെക്കുറിച്ച് തെളിവുസഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, 1996-ൽ യു.എസ്.എ.-യിലെ സൗത്ത് കരോളിനയിലുള്ള കാണാതായ 13-ഉം 15-ഉം വയസ്സുള്ള രണ്ടു പെൺകുട്ടികളെ പൊലീസ് കണ്ടെത്തി. അവരെ കാണാതായിട്ട് ഒരാഴ്ചയായിരുന്നു. ഇന്റർനെറ്റിൽ കണ്ടുമുട്ടിയ ഒരു 18 വയസ്സുകാരന്റെകൂടെ അവർ മറ്റൊരു സ്റ്റേറ്റിലേക്കു പോയിരുന്നു. മാതാപിതാക്കൾ വീട്ടിലില്ലായിരുന്നപ്പോൾ ഒരു 14 വയസ്സുകാരനെ നിയമവിരുദ്ധ ലൈംഗിക നടപടികൾക്കു പ്രലോഭിപ്പിച്ചതിന് ഒരു 35 വയസ്സുകാരൻ കുറ്റാരോപിതനായി. ഒരു ഇന്റർനെറ്റ് ചാറ്റ് റൂമിൽവെച്ചുള്ള സംഭാഷണമായിരുന്നു ഈ രണ്ടു സംഭവങ്ങൾക്കും തുടക്കമിട്ടത്. 1995-ൽ, പ്രായപൂർത്തിയായ മറ്റൊരാൾ ഒരു 15 വയസ്സുകാരനെ ഇന്റർനെറ്റിൽ കണ്ടുമുട്ടുകയും അവനെ കാണുന്നതിനായി ധൈര്യസമേതം സ്കൂളിലേക്കു ചെല്ലുകയും ചെയ്തു. മറ്റൊരു മുതിർന്നയാൾ ഒരു 14 വയസ്സുകാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നു സമ്മതിച്ചുപറഞ്ഞു. അവൾ തന്റെ പിതാവിന്റെ കമ്പ്യൂട്ടറുപയോഗിച്ച് ഇന്റർനെറ്റ് ബുള്ളറ്റിൻ ബോർഡുകളിലൂടെ കൗമാരപ്രായക്കാരുമായി സംഭാഷണം നടത്തിയിരുന്നു. അവളും ഈ പ്രായപൂർത്തിയായ ആളെ ഇന്റർനെറ്റിൽവെച്ചാണ് കണ്ടുമുട്ടിയത്. ഒടുവിൽ തങ്ങളുടെ യഥാർഥ പേരുകൾ വെളിപ്പെടുത്താൻ ഈ കുട്ടികളെല്ലാം നിർബന്ധിതരാക്കപ്പെട്ടിരുന്നു.
മാതാപിതാക്കളുടെ മാർഗനിർദേശത്തിന്റെ ആവശ്യം
മേൽപ്പറഞ്ഞതുപോലുള്ള സംഭവങ്ങൾ താരതമ്യേന വിരളമാണെങ്കിലും മാതാപിതാക്കൾ ഈ സംഗതി അവധാനപൂർവം പരിശോധിക്കേണ്ടത് അനിവാര്യമാണ്. കുറ്റകൃത്യത്തിന്റെയും ചൂഷണത്തിന്റെയും ഇരകളാകുന്നതിൽനിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനു മാതാപിതാക്കൾക്ക് എന്തു സൗകര്യങ്ങളാണു ലഭ്യമായിരിക്കുന്നത്?
ചലച്ചിത്രങ്ങൾക്കുള്ളതുപോലുള്ള നിലവാര നിർണയ സംവിധാനങ്ങൾമുതൽ—ചില കാര്യങ്ങൾ കാണുന്നതിനോ കേൾക്കുന്നതിനോ തക്ക പ്രായമുണ്ടെന്ന് തെളിയിക്കാൻ ഉപഭോക്താവിനോട് ആവശ്യപ്പെടുന്ന സംവിധാനങ്ങളിലേക്ക് അനഭിലഷണീയ വിവരങ്ങൾ അരിച്ചുമാറ്റുന്ന—വേർഡ്-ഡിറ്റക്ഷൻ സോഫ്റ്റ്വെയർവരെയുള്ള ഉപകരണങ്ങൾ കമ്പനികൾ പ്രദാനംചെയ്തു തുടങ്ങുന്നുണ്ട്. ചില സംവിധാനങ്ങൾ കുടുംബത്തിന്റെ കമ്പ്യൂട്ടറിൽ വിവരങ്ങൾ എത്തിച്ചേരുന്നതിനു മുമ്പുതന്നെ അവയെ തടയുന്നു. ഈ സംവിധാനങ്ങളിലധികവും നൂറു ശതമാനം സുരക്ഷിതത്വം ഉറപ്പുതരുന്നില്ല. വ്യത്യസ്ത രീതികളിലൂടെ ഇവയുടെ കണ്ണുവെട്ടിക്കാനും കഴിയും. പുറംശക്തികൾക്കു കൈകടത്താൻ പറ്റാത്ത വിധത്തിലാണ് ഇന്റർനെറ്റ് ആദ്യം രൂപകൽപ്പനചെയ്യപ്പെട്ടത്, അതുകൊണ്ട് സെൻസർ ചെയ്യുക ബുദ്ധിമുട്ടാണ്.
കാലിഫോർണിയയിലെ ഒരു ബാലചൂഷണാന്വേഷണ സംഘത്തിന്റെ മേൽനോട്ടംവഹിക്കുന്ന പൊലീസ് സാർജൻറ് ഉണരുക!യുമായുള്ള അഭിമുഖത്തിൽ ഈ ഉപദേശം നൽകി: “മാതാപിതാക്കളുടെ മാർഗനിർദേശത്തിനു പകരമായി യാതൊന്നുമില്ല. എനിക്കും 12 വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഞാനും ഭാര്യയും ഇന്റർനെറ്റ് ഉപയോഗിക്കാൻ അവന് അനുവാദം കൊടുത്തിട്ടുണ്ട്, എന്നാൽ ഞങ്ങൾ കുടുംബമൊന്നിച്ചിരുന്ന് അതുപയോഗിക്കുകയും ചെലവഴിക്കുന്ന സമയത്തിനു ശ്രദ്ധാപൂർവം പരിധികൾ വെക്കുകയും ചെയ്യുന്നു.” ഈ പിതാവ് ചാറ്റ് റൂമുകളുടെ കാര്യത്തിൽ പ്രത്യേകം ജാഗ്രതപാലിക്കുന്നു. അവയുടെ ഉപയോഗത്തിൽ അദ്ദേഹം നല്ല നിയന്ത്രണം വെക്കുകയും ചെയ്യുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പേഴ്സണൽ കമ്പ്യൂട്ടർ വെച്ചിരിക്കുന്നത് എന്റെ മകന്റെ മുറിയിലല്ല, വീട്ടിലെ പൊതുമുറിയിലാണ്.”
ഇന്റർനെറ്റ് ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കുന്നെങ്കിൽ, അതിലെ ഏതെല്ലാം സംഗതികൾ ഉപയോഗിക്കാൻ അവരെ അനുവദിക്കുമെന്നു തീരുമാനിക്കുന്നതിൽ മാതാപിതാക്കൾ ഒരു ക്രിയാത്മക താത്പര്യം എടുക്കേണ്ടതുണ്ട്. പ്രായോഗികവും ന്യായയുക്തവുമായ എന്തു മുൻകരുതലുകൾ പരിചിന്തനാർഹമാണ്?
ഭവനത്തിൽ ഇന്റർനെറ്റ് സൗകര്യം ഉണ്ടായിരിക്കാൻ തീരുമാനിക്കുന്ന മാതാപിതാക്കൾക്ക് സാൻ ഹോസെ മെർക്കുറി ന്യൂസിലെ സ്റ്റാഫ് ലേഖകനായ ഡേവിഡ് പ്ലോട്നികോഫ് പ്രയോജനകരമായ ചില വിവരങ്ങൾ നൽകുന്നു.
• നിങ്ങളോടൊപ്പമായിരിക്കുമ്പോൾ നിങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റിലെ അനുഭവം ഏറ്റവും ഗുണകരമായിരിക്കും. എന്തുകൊണ്ടെന്നാൽ അപ്പോൾ അവർ നിങ്ങളുടെ തീരുമാനത്തിന്റെയും മാർഗനിർദേശത്തിന്റെയും മൂല്യം മനസ്സിലാക്കുന്നു. നിങ്ങളുടെ മാർഗനിർദേശമില്ലെങ്കിൽ “ഇന്റർനെറ്റിലെ സകല വിവരങ്ങളും ഗ്ലാസ്സില്ലാതെ വെള്ളമൊഴിക്കുന്നതുപോലെയാണ്” എന്ന് അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. നിങ്ങൾ കർശനമായി വെക്കുന്ന നിയമങ്ങൾ “കുട്ടികൾക്കു നിങ്ങൾ എപ്പോഴും പറഞ്ഞുകൊടുത്തിട്ടുള്ള സാമാന്യബോധത്തിനു നിരക്കുന്ന സംഗതികൾ തന്നെയാണ്.” അപരിചിതരോടു സംസാരിക്കുന്നതു സംബന്ധിച്ച് നിങ്ങൾ വയ്ക്കുന്ന നിയമങ്ങൾ ഉദാഹരണമാണ്.
• ഇന്റർനെറ്റ് ഒരു പൊതു സ്ഥലമാണ്. അതിനെ കുഞ്ഞുങ്ങളെ നോക്കാനുള്ള സേവനമായി ഉപയോഗപ്പെടുത്തിക്കൂടാ. “എന്തായാലും, നിങ്ങൾ നിങ്ങളുടെ 10 വയസ്സുള്ള മകനെയോ മകളെയോ ഒരു വലിയ നഗരത്തിൽ കൊണ്ടുവിട്ടിട്ട് ഇനി കുറെനേരം നിന്റെ ഇഷ്ടം പോലെ കളിച്ചുനടന്നോ എന്നു പറയുകയില്ല. ഉവ്വോ?”
• വിനോദങ്ങൾക്കോ വർത്തമാനം പറഞ്ഞിരിക്കുന്നതിനോ ഉള്ള ഇന്റർനെറ്റ് സ്ഥലങ്ങളും ഗൃഹപാഠം ചെയ്യുന്നതിൽ സഹായിക്കുന്ന സ്ഥലങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ പഠിക്കുക.
വിജ്ഞാന ഹൈവേയിൽ കുട്ടികളുടെ സുരക്ഷിതത്വം (ഇംഗ്ലീഷ്) എന്ന എൻസിഎംഇസി ലഘുലേഖ യുവജനങ്ങൾക്ക് അനേകം മാർഗനിർദേശങ്ങൾ പ്രദാനം ചെയ്യുന്നു:
• നിങ്ങളുടെ മേൽവിലാസം, വീട്ടിലെ ഫോൺ നമ്പർ, സ്കൂളിന്റെ പേര്, സ്ഥലം എന്നിങ്ങനെയുള്ള വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തരുത്. നിങ്ങളുടെ മാതാപിതാക്കളുടെ അനുവാദം കൂടാതെ ഫോട്ടോകൾ അയച്ചുകൊടുക്കരുത്.
• നിങ്ങളെ വിഷമിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങൾ കിട്ടുകയാണെങ്കിൽ ഉടൻതന്നെ മാതാപിതാക്കളെ അറിയിക്കുക. നിർദയമോ അക്രമാസക്തമോ ആയ സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കാതിരിക്കുക. ഇന്റർനെറ്റ് സർവീസുമായി ബന്ധപ്പെടാൻ തക്കവണ്ണം നിങ്ങളുടെ മാതാപിതാക്കളോട് ഉടൻതന്നെ പറയുക.
• ദിവസത്തിലെ ഏതു സമയത്ത് എത്രനേരം ഇന്റർനെറ്റ് ഉപയോഗിക്കണമെന്നും സന്ദർശിക്കേണ്ട ഉചിതമായ സ്ഥലങ്ങൾ ഏതൊക്കെയാണെന്നും സംബന്ധിച്ച് നിബന്ധനകൾ വെക്കുന്നതിൽ നിങ്ങളുടെ മാതാപിതാക്കളോടു സഹകരിക്കുക; അവരുടെ തീരുമാനങ്ങളോടു പറ്റിനിൽക്കുക.
മുൻകരുതലുകൾ മുതിർന്നവർക്കും പ്രയോജനകരമാണെന്നതു മനസ്സിൽ പിടിക്കുക. അശ്രദ്ധനിമിത്തം ചില മുതിർന്നവർ ഇതിനോടകംതന്നെ ആഗ്രഹിക്കാത്ത ബന്ധങ്ങളുടെയും ഗുരുതരമായ പ്രശ്നങ്ങളുടെയും കെണിയിലായിട്ടുണ്ട്. ചാറ്റ് റൂമുകളുടെ നിഗൂഢത നിമിത്തം—ആളുകൾ മുഖാമുഖം കാണുന്നില്ലെന്നതിനാലും തെറ്റായ പേരുപയോഗിച്ചാലും ആരും അറിയുകയില്ലെന്നതിനാലും—ചിലർക്ക് അതുപയോഗിക്കാൻ അത്ര മടിതോന്നുന്നില്ല, അവർക്ക് സുരക്ഷിതത്വത്തെപ്പറ്റി ഒരു തെറ്റായ ബോധം ഉണ്ടായിരിക്കുകയാണ്. മുതിർന്നവർ ജാഗ്രതപാലിക്കുക!
സന്തുലിത വീക്ഷണം പുലർത്തൽ
ഇന്റർനെറ്റിലെ ചില വിവരങ്ങൾക്കും പല സേവനങ്ങൾക്കും വിദ്യാഭ്യാസ മൂല്യമുണ്ട്, അവ പ്രയോജനകരവുമാണ്. കൂടുതൽ കൂടുതൽ കോർപ്പറേഷനുകൾ ഇപ്പോൾ ആഭ്യന്തര ഡോക്യുമെന്റുകൾ തങ്ങളുടെ ആഭ്യന്തര കമ്പ്യൂട്ടർ ശൃംഖലകളിൽ അഥവാ ഇൻട്രാനെറ്റുകളിൽ സംഭരിച്ചു വെക്കുന്നുണ്ട്. ഇന്റർനെറ്റിലൂടെ അന്യോന്യം കണ്ടുകൊണ്ടും സ്വരം കേട്ടുകൊണ്ടും നടത്തുന്ന സമ്മേളനം നമ്മുടെ യാത്രയെയും ബിസിനസ് യോഗങ്ങളുടെ രീതിയെയും എന്നന്നേക്കുമായി മാറ്റാനുള്ള സാധ്യതയുണ്ട്. തങ്ങളുടെ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ വിതരണം ചെയ്യുന്നതിനു കമ്പനികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നു, അങ്ങനെ പണച്ചെലവു കുറയ്ക്കുന്നു. ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് തങ്ങളുടെ കാര്യങ്ങൾ കുറെയൊക്കെയോ മുഴുവൻതന്നെയോ സ്വന്തമായി നടത്താൻ കഴിയുമ്പോൾ, യാത്രാ സേവനങ്ങളും ഓഹരി-ദല്ലാൾ സേവനങ്ങളും പോലുള്ള ബിസിനസ് ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിന് ഇപ്പോൾ ആളുകളെ ഉപയോഗിക്കുന്ന പല സംരംഭങ്ങളെയും അതു പ്രതികൂലമായി ബാധിച്ചേക്കാം. അതേ, ഇന്റർനെറ്റിന്റെ പ്രഭാവം വലുതാണ്. സാധ്യതയനുസരിച്ച്, അതു വിവരങ്ങൾ പങ്കിടുന്നതിനും ബിസിനസ് നടത്തുന്നതിനും ആശയവിനിമയത്തിനുമുള്ള ഒരു പ്രധാന മാധ്യമമായി തുടരും.
മിക്ക ഉപകരണങ്ങളെയും പോലെതന്നെ ഇന്റർനെറ്റിന് പ്രയോജനകരമായ ഉപയോഗങ്ങളുണ്ട്. എന്നാൽ, അതിനെ ദുരുപയോഗംചെയ്യാനുള്ള സാധ്യതയുണ്ട്. ചിലർ ഇന്റർനെറ്റിന്റെ ക്രിയാത്മക വശങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയേക്കാം, എന്നാൽ മറ്റുചിലർ അങ്ങനെ ചെയ്യാതിരുന്നേക്കാം. വ്യക്തിപരമായ കാര്യങ്ങളിൽ മറ്റൊരാളുടെ തീരുമാനങ്ങളെ വിധിക്കാൻ ഒരു ക്രിസ്ത്യാനിക്ക് അധികാരമില്ല.—റോമർ 14:4.
ഇന്റർനെറ്റ് ഉപയോഗിക്കുന്നത് ഒരു രാജ്യത്തേക്ക് ആദ്യമായി യാത്രചെയ്യുന്നതുപോലെയാണ്. അനേകം പുതിയ കാര്യങ്ങൾ കാണാനും കേൾക്കാനുമുണ്ട്. യാത്രചെയ്യുമ്പോൾ നാം നല്ല പെരുമാറ്റരീതികൾ കാണിക്കുകയും ന്യായമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്റർനെറ്റ്—വിജ്ഞാന സൂപ്പർഹൈവേ—ഉപയോഗിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതുതന്നെ ആവശ്യമാണ്.
[12-ാം പേജിലെ ആകർഷകവാക്യം]
“പേഴ്സണൽ കമ്പ്യൂട്ടർ വെച്ചിരിക്കുന്നത് എന്റെ മകന്റെ മുറിയിലല്ല, വീട്ടിലെ പൊതുമുറിയിലാണ്”
[13-ാം പേജിലെ ആകർഷകവാക്യം]
ഇന്റർനെറ്റ് ഒരു പൊതു സ്ഥലമാണ്. അതിനെ കുഞ്ഞുങ്ങളെ നോക്കാനുള്ള സേവനമായി ഉപയോഗപ്പെടുത്തിക്കൂടാ
[11-ാം പേജിലെ ചതുരം/ചിത്രം]
മര്യാദയുടെയും ജാഗ്രതയുടെയും ആവശ്യം
മര്യാദ
മര്യാദയോടെ ഇടപെടേണ്ട വിധവും പെരുമാറ്റച്ചട്ടങ്ങളും മനസ്സിലാക്കുക. മിക്ക ഇന്റർനെറ്റ് സേവന ദാതാക്കളും പെരുമാറ്റം സംബന്ധിച്ച ചിന്താപൂർവകവും സ്വീകാര്യവുമായ മാർഗരേഖകൾ പ്രസിദ്ധപ്പെടുത്തുന്നു. നിങ്ങൾ ഈ മാർഗരേഖകൾ പിൻപറ്റുന്നതും നല്ല പെരുമാറ്റരീതികൾ കാണിക്കുന്നതും മറ്റ് ഉപഭോക്താക്കൾ വിലമതിക്കും.
ജാഗ്രത
ചില ചർച്ചാസംഘങ്ങൾ മതപരമോ വിവാദപരമോ ആയ വിഷയങ്ങളെക്കുറിച്ചുള്ള സംവാദത്തിലേർപ്പെടുന്നു. അത്തരം ചർച്ചകളിൽ അഭിപ്രായങ്ങൾ പാസാക്കുമ്പോൾ ശ്രദ്ധയുള്ളവരായിരിക്കുക; നിങ്ങളുടെ ഇലക്ട്രോണിക് തപാൽ അഡ്രസ്സും പേരും സംഘത്തിലെ എല്ലാവർക്കും അയച്ചുകൊടുക്കാനുള്ള സാധ്യതയുണ്ട്. ഇതു പലപ്പോഴും സമയംപാഴാക്കുന്ന അനാവശ്യ കത്തിടപാടുകൾക്കിടയാക്കുന്നു. വാസ്തവത്തിൽ, വായിക്കാൻ കൊള്ളാത്ത, തീർച്ചയായും ഇടപെടാൻ കൊള്ളാത്ത ചില ചർച്ചാവേദികളുണ്ട്.
സഹക്രിസ്ത്യാനികൾക്കുവേണ്ടി ഒരു ചർച്ചാസംഘം അഥവാ ചർച്ചാവേദി രൂപീകരിച്ചാൽ എങ്ങനെയുണ്ട്? ഇത് ആദ്യം പ്രതീക്ഷിച്ചതിലും വലിയ പ്രശ്നങ്ങൾക്കും അപകടങ്ങൾക്കും ഇടയാക്കുന്നു. ഉദാഹരണത്തിന്, ഗൂഢോദ്ദേശ്യമുള്ള വ്യക്തികൾ ഇന്റർനെറ്റിൽ തങ്ങളെത്തന്നെ തെറ്റായി പരിചയപ്പെടുത്തുന്നതായി അറിവു കിട്ടിയിട്ടുണ്ട്. ഇപ്പോൾ, ഇന്റർനെറ്റ് അതിൽ പ്രത്യക്ഷപ്പെടുന്ന ആളുകളെ മറ്റ് ഉപഭോക്താക്കളുടെ വ്യക്തിത്വം ഉറപ്പുവരുത്താൻ അനുവദിക്കുന്നില്ല. മാത്രമല്ല, അത്തരമൊരു സംഘത്തെ ചില വിധങ്ങളിൽ, ചുമതലാബോധത്തോടെ ആവശ്യമായ മേൽനോട്ടം വഹിക്കുന്നതിന് ആതിഥേയന് വളരെയധികം സമയവും പ്രാപ്തിയും ആവശ്യമാക്കിത്തീർക്കുന്ന, തുടർന്നുപോകുന്ന ഒരു വലിയ സാമൂഹിക കൂടിവരവിനോട് ഉപമിക്കാവുന്നതാണ്.—സദൃശവാക്യങ്ങൾ 27:12 താരതമ്യം ചെയ്യുക.
[13-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങളുടെ സമയം എത്ര വിലപ്പെട്ടതാണ്?
ഈ 20-ാം നൂറ്റാണ്ടിൽ ജീവിതം കൂടുതൽ കൂടുതൽ സങ്കീർണമായിത്തീർന്നിരിക്കുകയാണ്. ചിലർക്കു പ്രയോജനകരമായിത്തീർന്നിട്ടുള്ള കണ്ടുപിടിത്തങ്ങൾ പലരെയും സംബന്ധിച്ചിടത്തോളം മിക്കപ്പോഴും സമയംപാഴാക്കുന്ന പരിപാടികളായിത്തീർന്നിരിക്കുന്നു. കൂടാതെ, അധാർമികവും അക്രമാസക്തവുമായ ടിവി പരിപാടികൾ, അശ്ലീല ഗ്രന്ഥങ്ങൾ, തരംതാഴ്ന്ന സംഗീത റെക്കോർഡിങ്ങുകൾ എന്നിവ ആളുകൾ ദുരുപയോഗപ്പെടുത്തിയിട്ടുള്ള സാങ്കേതികവിദ്യകൾക്ക് ഉദാഹരണങ്ങളാണ്. അവ വിലപ്പെട്ട സമയം പാഴാക്കുന്നെന്നു മാത്രമല്ല ആളുകളുടെ ആത്മീയത നശിപ്പിക്കുകയും ചെയ്യുന്നു.
തീർച്ചയായും, ഒരു ക്രിസ്ത്യാനി പ്രഥമ സ്ഥാനം കൊടുക്കേണ്ടത് ആത്മീയ കാര്യങ്ങൾക്കാണ്. ബൈബിൾ ദിവസേന വായിക്കുന്നതും വീക്ഷാഗോപുരം, ഉണരുക! മാസികകളിലും വാച്ച് ടവർ സൊസൈറ്റിയുടെ മറ്റു പ്രസിദ്ധീകരണങ്ങളിലും ചർച്ചചെയ്തിരിക്കുന്ന അമൂല്യമായ ആത്മീയ സത്യങ്ങളുമായി നന്നായി പരിചിതമാകുന്നതും ഇതിലുൾപ്പെടുന്നു. ഇന്റർനെറ്റിൽ സർഫിങ് നടത്തുന്നതല്ല, പിന്നെയോ ഏകസത്യദൈവത്തെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ച് അറിയുന്നതിനും ആ അറിവ് ഉത്സാഹപൂർവം ബാധകമാക്കുന്നതിനും വേണ്ടി സമയമുപയോഗിക്കുന്നതാണ് നിങ്ങൾക്കു നിത്യപ്രയോജനങ്ങൾ കൈവരുത്തുന്നത്.—യോഹന്നാൻ 17:3; എഫെസ്യർ 5:15-17-ഉം കൂടെ കാണുക.