നിങ്ങൾക്ക് യഥാർഥത്തിൽ ഇന്റർനെറ്റിന്റെ ആവശ്യമുണ്ടോ?
നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കണമോ? തീർച്ചയായും, അതു വ്യക്തിപരമായ, നിങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തേണ്ട ഒരു കാര്യമാണ്. നിങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
ആവശ്യം—നിങ്ങൾ ചെലവു കണക്കുകൂട്ടിയോ?
ഇന്റർനെറ്റിന്റെ അടുത്തകാലത്തെ വളർച്ചയിലധികത്തിനും കാരണം ബിസിനസ് ലോകത്തിന്റെ ശക്തമായ വിപണന ശ്രമങ്ങളാണ്. വ്യക്തമായും, ഒരു ആവശ്യബോധം സൃഷ്ടിക്കുകയെന്നതാണ് അവരുടെ ഉദ്ദേശ്യം. ഈ സാങ്കൽപ്പിക ആവശ്യം നട്ടുവളർത്തിക്കഴിഞ്ഞാൽപ്പിന്നെ, ചില സ്ഥാപനങ്ങൾ അംഗത്വമോ യാതൊരു ചെലവും കൂടാതെ നിങ്ങൾക്കാദ്യം ലഭിച്ച വിവരങ്ങൾക്കോ സേവനത്തിനോ ഉള്ള വാർഷിക വരിപ്പണമോ ആവശ്യപ്പെടുന്നു. ഇന്റർനെറ്റിനുവേണ്ടി മാസംതോറും അടയ്ക്കേണ്ടിവരുന്ന പണത്തിനു പുറമേയാണ് ഈ ഫീസ്. ഇന്റർനെറ്റിലെ ചില പത്രങ്ങൾ ഈ നടപടിക്ക് ഒരു സാധാരണ ഉദാഹരണമാണ്.
സജ്ജീകരണങ്ങൾക്കും സോഫ്റ്റ്വെയറിനും വേണ്ടിവരുന്ന പണച്ചെലവിനെ നിങ്ങളുടെ യഥാർഥ ആവശ്യവുമായി തട്ടിച്ചുനോക്കിയോ? (ലൂക്കൊസ് 14:28 താരതമ്യം ചെയ്യുക.) ഇന്റർനെറ്റ് സൗകര്യമുള്ള പബ്ലിക്ക് ലൈബ്രറികളോ സ്കൂളുകളോ ഉണ്ടോ? ആദ്യം ഇവ ഉപയോഗിച്ചുനോക്കുന്നത് വളരെയധികം പണം മുടക്കി ഒരു വ്യക്തിഗത കമ്പ്യൂട്ടറും ബന്ധപ്പെട്ട സജ്ജീകരണങ്ങളും വാങ്ങാതെ ആവശ്യം നിർണയിക്കാൻ നിങ്ങളെ സഹായിച്ചേക്കാം. ആ സൗകര്യങ്ങൾ വാസ്തവത്തിൽ എത്ര കൂടെക്കൂടെ ആവശ്യമാണെന്നു വ്യക്തമാകുന്നതുവരെ അനുയോജ്യമായ പൊതു ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. പൊതുജനം ഇന്റർനെറ്റിനെക്കുറിച്ച് കേൾക്കുന്നതിന്, തീർച്ചയായും അതിന്റെ ആവശ്യം മനസ്സിലാക്കുന്നതിന്, രണ്ടു പതിറ്റാണ്ടിലേറെക്കാലം മുമ്പുതന്നെ ഇന്റർനെറ്റ് സ്ഥിതിചെയ്തിരുന്നു എന്ന കാര്യം ഓർമിക്കുക!
സുരക്ഷിതത്വം—നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കപ്പെട്ടിരിക്കുന്നുവോ?
മറ്റൊരു മുഖ്യ പ്രശ്നം രഹസ്യം സൂക്ഷിക്കലാണ്. ഉദാഹരണത്തിന്, നിങ്ങളുടെ ഇലക്ട്രോണിക് തപാൽ സന്ദേശം നിങ്ങൾ ആർക്കയയ്ക്കുന്നുവോ ആ ആൾ മാത്രമേ കാണാൻ പാടുള്ളൂ. പക്ഷേ, കത്ത് പൊയ്ക്കൊണ്ടിരിക്കുമ്പോൾ മിടുക്കുള്ളവനും സാധ്യതയനുസരിച്ച് തത്ത്വദീക്ഷയില്ലാത്തവനുമായ ഒരു വ്യക്തിക്ക്, അല്ലെങ്കിൽ വ്യക്തികളുടെ കൂട്ടത്തിന്, നിങ്ങളുടെ കത്ത് തടയാനോ നിരീക്ഷിക്കാനോ കഴിയും. സന്ദേശങ്ങൾ സംരക്ഷിക്കുന്നതിനായി ചിലർ കത്ത് അയയ്ക്കുന്നതിനു മുമ്പായി അതിന്റെ രഹസ്യ ഉള്ളടക്കങ്ങൾ ഇലക്ട്രോണിക് തപാൽ സോഫ്റ്റ്വെയർ ഉത്പന്നങ്ങൾ ഉപയോഗിച്ച് അവ്യക്തമാക്കുന്നു. കത്തു ലഭിക്കുന്ന ആൾക്ക് സന്ദേശത്തിന്റെ അവ്യക്തത നീക്കുന്നതിന് സമാനമായ സോഫ്റ്റ്വെയർ ആവശ്യമായിവന്നേക്കാം.
അടുത്തകാലത്ത്, ക്രെഡിറ്റ് കാർഡും വാണിജ്യോപയോഗത്തിനുള്ള മറ്റു രഹസ്യ വിവരങ്ങളും ഇന്റർനെറ്റിലൂടെ കൈമാറുന്നതിനെപ്പറ്റി വളരെയധികം ചർച്ചകൾ നടന്നിട്ടുണ്ട്. വിപ്ലവകരമായ പരിഷ്കരണങ്ങൾ സുരക്ഷിതത്വം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, “പൂർണ സുരക്ഷിതത്വം പ്രദാനംചെയ്യുന്ന സംവിധാനങ്ങൾ ഉണ്ടായിരിക്കുക സാധ്യമല്ല, എന്നാൽ സുരക്ഷിതത്വമില്ലായ്മ ഗണ്യമായ അളവിൽ—ഒരുപക്ഷേ സംവിധാനങ്ങളിൽ സംഭരിച്ചിരിക്കുന്ന വിവരങ്ങളുടെ മൂല്യത്തിനും കമ്പ്യൂട്ടർ പ്രോഗ്രാമിങ് വിദഗ്ധരും രഹസ്യ വിവരങ്ങൾ അറിയാൻ കഴിവുള്ള സ്ഥാനത്തിരിക്കുന്നവരും ഉയർത്തുന്ന ഭീഷണിക്കും ആനുപാതികമായി—കുറയ്ക്കാൻ കഴിയും” എന്ന് ശ്രദ്ധേയനായ കമ്പ്യൂട്ടർ സുരക്ഷിതത്വ വിശകലന വിദഗ്ധയായ ഡോറൊത്തി ഡെനിങ് പ്രസ്താവിക്കുന്നു. ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ടതായാലും അല്ലെങ്കിലും പരിപൂർണ സുരക്ഷിതത്വം യാതൊരു കമ്പ്യൂട്ടർ സംവിധാനത്തിലും സാധ്യമല്ല.
നിങ്ങൾക്കു വേണ്ടത്ര സമയമുണ്ടോ?
പ്രധാനപ്പെട്ട മറ്റൊരു സംഗതി സമയമാണ്. ഇന്റർനെറ്റ് പ്രവർത്തിപ്പിക്കുന്നതിനു മുമ്പായി ഉപകരണങ്ങൾ സ്ഥാപിക്കാനും അവ ഉപയോഗിക്കുന്ന വിധം പഠിക്കാനുമൊക്ക എത്ര സമയമെടുക്കും? ഇന്റർനെറ്റിലെ സർഫിങ് “ഒരു പുതിയ ഇന്റർനെറ്റ് ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആസക്തിപൂണ്ടതും സമയച്ചെലവുള്ളതുമായ പ്രവർത്തനങ്ങളിലൊന്നായിരിക്കാൻ കഴിയും” എന്ന് അനുഭവസമ്പന്നനായ ഒരു ഇന്റർനെറ്റ് അധ്യാപകൻ ചൂണ്ടിക്കാണിച്ചു. അതെന്തുകൊണ്ടാണ്?
രസകരമായ ഒട്ടനവധി വിഷയങ്ങളും അസംഖ്യം പുതിയ സംഗതികളും കണ്ടെത്താനുണ്ട്. ഫലത്തിൽ, നയനാകർഷകമായ ഡോക്യുമെന്റുകളോടുകൂടിയ ലൈബ്രറികളുടെ ഒരു വൻശേഖരമാണ് ഇന്റർനെറ്റ്. അതിന്റെ ഒരംശം കാണാനോ വായിക്കാനോ ഏതാണ്ട് ഒരു മുഴു വൈകുന്നേരവും വേണ്ടിവരും, നിങ്ങൾക്ക് ഉറക്കംപോലും വരുകയില്ല. (13-ാം പേജിലെ “നിങ്ങളുടെ സമയം എത്ര വിലപ്പെട്ടതാണ്?” എന്ന ചതുരം കാണുക.) തീർച്ചയായും, വെബ്ബ് ഉപഭോക്താക്കൾക്കൊന്നും ആത്മസംയമനം ഇല്ലെന്നല്ല ഇതിന്റെ അർഥം. എന്നിരുന്നാലും, വെബ്ബിൽ സർഫിങ് നടത്തുമ്പോൾ സമയത്തിന്റെയും ഉള്ളടക്കത്തിന്റെയും കാര്യത്തിൽ നിയന്ത്രണങ്ങൾ വെക്കുന്നത് ബുദ്ധിയാണ്—പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തിൽ. അനേകം കുടുംബങ്ങളും ടെലിവിഷന്റെ കാര്യത്തിൽ അതാണു ചെയ്യുന്നത്.a കുടുംബ പ്രവർത്തനങ്ങൾക്കും ആത്മീയ പ്രവർത്തനങ്ങൾക്കും വേണ്ടത്ര സമയം ചെലവിടാൻ ഇതു സഹായിക്കും.—ആവർത്തനപുസ്തകം 6:6, 7; മത്തായി 5:3.
നിങ്ങൾക്ക് എന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ?
കാലക്രമത്തിൽ, ലോകത്തിന്റെ വികസ്വര ഭാഗങ്ങളിൽ ഇന്റർനെറ്റ് സാങ്കേതികവിദ്യ കൂടുതൽ പൂർണമായി വ്യാപിക്കുന്നതായിരിക്കും. എന്നാൽ, ആദ്യ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച ആളുകളെ ഓർമിക്കുക. അവർക്കു ലഭിച്ച മിക്ക വിവരങ്ങളും ലൈബ്രറികളോ, ടെലഫോണുകളോ, പരമ്പരാഗത രീതിയിലുള്ള തപാൽസേവനമോ വർത്തമാനപത്രങ്ങളോ വഴി ലഭിക്കുമായിരുന്നു. തീർച്ചയായും ഈ രീതികളിൽ ചിലതിന് കൂടുതൽ സമയവും പണച്ചെലവും ആവശ്യവായിവന്നേക്കാം. എങ്കിലും, ഭൂമിയിലെമ്പാടുമുള്ള ഭൂരിഭാഗമാളുകളുടെയും കാര്യത്തിൽ കൂടുതൽ പരമ്പരാഗതമായ ഈ രീതികൾ കുറെക്കാലത്തേക്ക് മുഖ്യ ആശയവിനിമയ സരണികളായി തുടരാൻ സാധ്യതയുണ്ട്.
[അടിക്കുറിപ്പുകൾ]
a 1985 ഫെബ്രുവരി 22 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്) “യുവജനങ്ങൾ ചോദിക്കുന്നു . . . ടിവി കണ്ടുകൊണ്ട് വളരെയധികം സമയം ചെലവഴിക്കുന്നത് എനിക്കെങ്ങനെ നിർത്താൻ കഴിയും?” എന്ന ലേഖനം കാണുക.
[9-ാം പേജിലെ ചിത്രം]
ആത്മസംയമനം ഇല്ലെങ്കിൽ ഇന്റർനെറ്റിലെ സർഫിങ് ഒരു കെണിയായിത്തീർന്നേക്കാം