എന്താണ് ഇന്റർനെറ്റ്?
ഐക്യനാടുകളിലുള്ള ഡേവിഡ് എന്ന അധ്യാപകൻ തന്റെ അധ്യാപനത്തിനുള്ള വിവരങ്ങൾ സ്വീകരിക്കാൻ ഇന്റർനെറ്റുപയോഗിച്ചു. കാനഡയിലെ ഒരു പിതാവ് റഷ്യയിലുള്ള തന്റെ പുത്രിയുമായി അതിലൂടെ ബന്ധം പുലർത്തി. ലോമാ എന്ന വീട്ടമ്മ പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണം പരിശോധിക്കാൻ അതുപയോഗിച്ചു. ഒരു കർഷകൻ അതിലൂടെ ഉപഗ്രഹങ്ങളുപയോഗിച്ചുള്ള പുതിയ നടീൽ രീതികളെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കി. തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും ലക്ഷക്കണക്കിന് ഭാവി ഇടപാടുകാർക്കു പരസ്യപ്പെടുത്താൻ അതിനുള്ള കഴിവു നിമിത്തം ബിസിനസ് സ്ഥാപനങ്ങൾ അതിലേക്ക് ആകർഷിക്കപ്പെടുന്നു. അതിന്റെ ബൃഹത്തായ റിപ്പോർട്ടുചെയ്യൽ-വിവരമറിയിക്കൽ സേവനങ്ങളിലൂടെ ഗോളമെമ്പാടുമുള്ള ആളുകൾ ദേശീയവും അന്തർദേശീയവുമായ ഏറ്റവും പുതിയ വാർത്തകൾ വായിച്ചറിയുന്നു.
ഇന്റർനെറ്റെന്നോ നെറ്റെന്നോ വിളിക്കപ്പെടുന്ന ഈ കമ്പ്യൂട്ടർ പ്രതിഭാസം എന്താണ്? നിങ്ങൾക്കു വ്യക്തിപരമായി അതിന്റെ ആവശ്യമുണ്ടോ? ഇന്റർനെറ്റ് ഉപയോഗിക്കാൻ തീരുമാനിക്കുന്നതിനു മുമ്പ് നിങ്ങൾ അതിനെക്കുറിച്ച് ചിലതൊക്കെ അറിയാൻ ആഗ്രഹിച്ചേക്കാം. വലിയ പരസ്യമൊക്കെയുണ്ടെങ്കിലും ജാഗ്രത പാലിക്കാൻ കാരണങ്ങളുണ്ട്, കുട്ടികൾ വീട്ടിലുണ്ടെങ്കിൽ പ്രത്യേകിച്ചും.
അത് എന്താണ്?
നിരവധി എട്ടുകാലികളുള്ള ഒരു മുറിയെക്കുറിച്ചു സങ്കൽപ്പിക്കുക. ഓരോന്നും സ്വന്തമായി വല നെയ്യുന്നു. ഈ വലകൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. അങ്ങനെ എട്ടുകാലികൾക്ക് വലകളുടെ ഈ സഞ്ചയത്തിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയും. നിങ്ങൾക്കിപ്പോൾ ഇന്റർനെറ്റിന്റെ ഒരു ഏകദേശ രൂപം കിട്ടിക്കാണും—പരസ്പരബന്ധിതങ്ങളായ അനേകം വ്യത്യസ്തയിനം കമ്പ്യൂട്ടറുകളുടെയും കമ്പ്യൂട്ടർ ശൃംഖലകളുടെയും ഒരു ആഗോള ശേഖരം. ഭൂമിയുടെ മറുഭാഗത്ത് ഫോണുള്ള ഒരാളോടു സംസാരിക്കാൻ ടെലഫോൺ നിങ്ങളെ സഹായിക്കുന്നതുപോലെ ഒരു വ്യക്തിക്ക് തന്റെ കമ്പ്യൂട്ടറിന്റെ അരികിലിരുന്ന് ലോകത്തെവിടെയുമുള്ള മറ്റു കമ്പ്യൂട്ടറുകളുമായും കമ്പ്യൂട്ടർ ഉപഭോക്താക്കളുമായും വിവരങ്ങൾ കൈമാറാൻ ഇന്റർനെറ്റുമൂലം സാധിക്കുന്നു.
ചിലർ ഇന്റർനെറ്റിനെ വിജ്ഞാന സൂപ്പർഹൈവേ എന്നു വിളിക്കുന്നു. ഒരു റോഡ് രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്നതുപോലെതന്നെ ഇന്റർനെറ്റ് പരസ്പരബന്ധിതങ്ങളായ അനേകം വ്യത്യസ്ത കമ്പ്യൂട്ടർ ശൃംഖലകളിലൂടെ വിവരങ്ങളുടെ പ്രവാഹം സാധ്യമാക്കുന്നു. സന്ദേശങ്ങൾ ഓരോ ശൃംഖലയിലും എത്തിച്ചേരുമ്പോൾ അവയെ അടുത്ത ശൃംഖലയിലേക്ക് കടത്തിവിടുന്നതിന് സഹായിക്കുന്ന വിവരങ്ങൾ അതിലുണ്ട്. അന്തിമ ലക്ഷ്യസ്ഥാനം ഒരു വ്യത്യസ്ത നഗരമോ രാജ്യമോ ആയിരിക്കാം.
ഓരോ ശൃംഖലയ്ക്കും അതിന്റെ അയലത്തുള്ള ശൃംഖലയുമായി ഇന്റർനെറ്റ് രൂപകൽപ്പനാവിദഗ്ധർ വെച്ചിരിക്കുന്ന പൊതുവായ ഒരു കൂട്ടം വ്യവസ്ഥകൾ മുഖേന “സംസാരിക്കാൻ” കഴിയുന്നു. ലോകമെമ്പാടുമായി, ബന്ധിപ്പിക്കപ്പെട്ട എത്ര കമ്പ്യൂട്ടർ ശൃംഖലകളുണ്ട്? ചില കണക്കുകൾ കാണിക്കുന്നത് 30,000-ത്തിലേറെയുണ്ടെന്നാണ്. അടുത്തകാലത്തെ സർവേകളനുസരിച്ച്, ഈ ശൃംഖലകൾ ലോകമെമ്പാടുമുള്ള 1,00,00,000-യിലധികം കമ്പ്യൂട്ടറുകളെയും ഏതാണ്ട് 3,00,00,000 ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്നു. ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെടുന്ന കമ്പ്യൂട്ടറുകളുടെ എണ്ണം ഓരോ വർഷവും ഇരട്ടിക്കുന്നതായി കണക്കാക്കപ്പെടുന്നു.
ആളുകൾക്ക് ഇന്റർനെറ്റിൽ എന്തെല്ലാം വിവരങ്ങൾ കണ്ടെത്താൻ കഴിയും? വൈദ്യസംബന്ധമായ വിവരങ്ങൾമുതൽ ശാസ്ത്രവും സാങ്കേതികവിദ്യയുംവരെയുള്ള വിഷയങ്ങൾ ഉൾപ്പെടുന്ന, ശീഘ്രഗതിയിൽ വർധിച്ചുവരുന്ന ഒരു വിജ്ഞാനശേഖരം തന്നെ അതിലുണ്ട്. കലകളെക്കുറിച്ചുള്ള സമഗ്രവിവരങ്ങളും വിദ്യാർഥികൾക്കായുള്ള ഗവേഷണ വിവരങ്ങളും കളി, വിനോദം, സ്പോർട്സ്, ഷോപ്പിങ്, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും അതു വിശേഷവത്കരിക്കുന്നു. പഞ്ചാംഗം, നിഘണ്ടുക്കൾ, വിശ്വവിജ്ഞാനകോശങ്ങൾ, ഭൂപടങ്ങൾ എന്നിവയും ഇന്റർനെറ്റിൽ ലഭ്യമാണ്.
എന്നിരുന്നാലും, ആകുലപ്പെടുത്തുന്ന ചില വശങ്ങൾ പരിചിന്തിക്കേണ്ടതുണ്ട്. ഇന്റർനെറ്റിലെ എല്ലാ വിവരങ്ങളെയും ആരോഗ്യാവഹമായി കണക്കാക്കാൻ കഴിയുമോ? എന്തെല്ലാം സേവനങ്ങളും സൗകര്യങ്ങളുമാണ് ഇന്റർനെറ്റ് പ്രദാനം ചെയ്യുന്നത്? എന്തു മുൻകരുതലുകൾ എടുക്കുന്നത് ഉചിതമാണ്? പിൻവരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങൾ ചർച്ചചെയ്യും.
[4-ാം പേജിലെ ചതുരം/ചിത്രം]
ഇന്റർനെറ്റിന്റെ ഉത്ഭവവും രൂപകൽപ്പനയും
യു.എസ്. പ്രതിരോധ വിഭാഗം 1960-കളിൽ പരീക്ഷണാർഥം തുടങ്ങിയതാണ് ഇന്റർനെറ്റ്. ചെലവേറിയതും എണ്ണത്തിൽ കുറഞ്ഞതുമായ കമ്പ്യൂട്ടറുകളും ഫയലുകളും പങ്കുവെച്ചുകൊണ്ട് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിന് പലയിടങ്ങളിലുള്ള ശാസ്ത്രജ്ഞന്മാരെയും ഗവേഷകരെയും സഹായിക്കുന്നതിനുവേണ്ടിയാണ് അതു തുടങ്ങിയത്. പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതിന്, ഒരു ഏകോപിത വ്യവസ്ഥയായി വർത്തിക്കുന്ന പരസ്പരബന്ധിതങ്ങളായ ഒരു കൂട്ടം കമ്പ്യൂട്ടർ ശൃംഖലകൾ നിർമിക്കേണ്ടതായിവന്നു.
ശീതസമരം ഒരു “ബോംബുരോധക” കമ്പ്യൂട്ടർ ശൃംഖല നിർമിക്കുന്നതിനുള്ള താത്പര്യമുണർത്തി. ശൃംഖലയുടെ ഒരു ഭാഗം നശിപ്പിക്കപ്പെട്ടാലും ബാക്കി ഭാഗങ്ങളിലൂടെ വിവരങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിക്കൊള്ളും. പരീക്ഷണഫലമായുണ്ടായ ഇന്റർനെറ്റിൽ സന്ദേശങ്ങളെ കമ്പ്യൂട്ടർ ശൃംഖലയിലെ ഒരു പ്രത്യേക കമ്പ്യൂട്ടർ വഴിതിരിച്ചുവിടുന്നതിനുപകരം ഏതൊരു കമ്പ്യൂട്ടറിനും അതു സാധിക്കുമായിരുന്നു.
ഇപ്പോൾ രണ്ടു പതിറ്റാണ്ടിലധികം പഴക്കമുള്ള ഇന്റർനെറ്റിന് ജനപ്രീതി വർധിക്കാനുള്ള പ്രധാന കാരണം ബ്രൗസറുകളുടെ ഉപയോഗമാണ്. ഇന്റർനെറ്റിലെ വ്യത്യസ്ത സ്ഥാനങ്ങൾ വളരെ എളുപ്പത്തിൽ “സന്ദർശിക്കാൻ” ഉപഭോക്താവിനെ സഹായിക്കുന്ന ഒരു സോഫ്റ്റ്വെയർ ഉപകരണമാണ് ബ്രൗസർ.