യുവജനങ്ങൾ ചോദിക്കുന്നു. . .
“പരിധിക്കപ്പുറം,” എന്നാൽ എത്രത്തോളം?
“പരിധിക്കപ്പുറം പോകുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ആളുകൾക്കു മുന്നറിയിപ്പു കൊടുക്കാൻ ദയവായി നിങ്ങൾക്കു കഴിയുമോ? . . . ‘വേഴ്ചയ്ക്കു മുമ്പത്തെ ശാരീരിക സമ്പർക്ക’ത്തെപ്പററി ഊന്നിപ്പറയേണ്ടതുണ്ട്. കാരണം അതാണു ലൈംഗികബന്ധത്തിലേക്കു നയിക്കുന്നത്. എന്റെ ചോദ്യം ഇതാണ്: എവിടെയാണു പരിധി?”
കൗമാരപ്രായക്കാർക്കു വേണ്ടിയുള്ള ഒരു മാസികയോട് ഒരു പെൺകുട്ടി ചോദിച്ച ചോദ്യമാണിത്. ഒരുപക്ഷേ ഇത് നിങ്ങളും ചോദിച്ചിട്ടുള്ള ഒരു ചോദ്യമായിരിക്കാം.
നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെങ്കിൽ, 1 തെസ്സലൊനീക്യർ 4:3-6-ലെ വാക്കുകൾ നിങ്ങൾ ഗൗരവമായി എടുക്കും: “ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു . . . താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ. ഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; . . . പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ.”
വിവാഹം ചെയ്യാത്ത വ്യക്തികൾ തമ്മിലുള്ള ലൈംഗികബന്ധം തെററാണെന്നു നിങ്ങൾക്ക് അറിയാമെങ്കിൽപ്പോലും എതിർലിംഗത്തിൽപ്പെട്ട ഒരാളെ ചുംബിക്കുന്നതിനെയോ കെട്ടിപ്പിടിക്കുന്നതിനെയോ തലോടുന്നതിനെയോ ദൈവം വീക്ഷിക്കുന്നതെങ്ങനെയെന്നു നിങ്ങൾ സംശയിച്ചേക്കാം.
വളർച്ചയുടെ ഒരു ഭാഗമോ?
ആദ്യംതന്നെ, ലൈംഗികധ്വനികൾ കൂടാതെയുള്ള മാന്യവും ശുദ്ധവുമായ സ്നേഹപ്രകടനങ്ങളെ ബൈബിൾ കുററം വിധിക്കുന്നില്ലെന്നതു മനസ്സിൽ പിടിക്കുന്നതു നല്ലതാണ്. പുരാതന ക്രിസ്ത്യാനികൾ തങ്ങളുടെ സ്നേഹം അന്യോന്യം പ്രകടിപ്പിക്കുന്നവരായിരുന്നു. അവർ സാധാരണമായി “വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം” ചെയ്യുമായിരുന്നു. (റോമർ 16:16; 1 കൊരിന്ത്യർ 16:20) ഒരേ ലിംഗവർഗത്തിൽപ്പെട്ട ക്രിസ്ത്യാനികൾ പോലും ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുമായിരുന്നു.—പ്രവൃത്തികൾ 20:37 താരതമ്യപ്പെടുത്തുക.
ധാരാളം സംസ്കാരങ്ങളിൽ മറെറാരാളോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ഉചിതമായ മാർഗങ്ങളായി ചുംബനവും ആലിംഗനവും ഇപ്പോഴും കരുതപ്പെടുന്നു. എന്നിരുന്നാലും, ഉചിതമായിരിക്കുന്നതെന്നു ന്യായമായി നിർവചിക്കാവുന്നതിന്റെ പരിധിക്കപ്പുറം പോകുന്ന വിധങ്ങളിൽ ഇന്നു ധാരാളം യുവജനങ്ങൾ സ്നേഹം പ്രകടിപ്പിക്കുന്നു. യുവജനങ്ങളിൽ മൂന്നിൽ രണ്ടിലധികം പേരും ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളുടെ തഴുകൽ ഉൾപ്പെടെ കാമവികാരത്തോടെയുള്ള പരിലാളനയുടെ ഏതെങ്കിലും രൂപത്തിൽ ഉൾപ്പെട്ടിരുന്നുവെന്നു പറഞ്ഞതായി ഒരു യു.എസ്. സർവേ കണ്ടെത്തി. ചെറുപ്രായമായ 14 വയസ്സിൽത്തന്നെ ചിലർ അങ്ങനെ ചെയ്തുതുടങ്ങി. മറെറാരു സർവേയിൽ കണ്ടെത്തിയതുപോലെ 49 ശതമാനം പേർ രതിമൂർച്ഛയുടെ ഘട്ടത്തോളം എത്തുന്നതുവരെ തഴുകലിൽ ഏർപ്പെട്ടു.
വളർച്ചയുടെ ഒരു ഭാഗമെന്നനിലയിൽ ചിലർ അത്തരം ലൈംഗിക പരീക്ഷണത്തെ ന്യായീകരിക്കുന്നു. ദ ഫാമിലി ഹാൻഡ്ബുക്ക് ഓഫ് അഡോൾസൻസ് എന്ന പുസ്തകം പറയുംപ്രകാരം, “ലൈംഗികകേളിയും പര്യവേക്ഷണവും മിക്കവാറും എല്ലാ സാധാരണ കൗമാരപ്രായക്കാരുടെ ഇടയിലും സർവസാധാരണമാണ്.” ചിലയാളുകൾ തഴുകലിനെ ശുപാർശ ചെയ്യുകപോലും ചെയ്യുന്നു. കാതറിൻ ബർക്കാർട്ടിന്റെ സ്നേഹത്തിലേക്കു വളരൽ എന്ന [ഇംഗ്ലീഷ്] പുസ്തകം ഇങ്ങനെ അവകാശപ്പെടുന്നു: “ലൈംഗികബന്ധത്തിനു മുമ്പു നിർത്തുന്നതുകൊണ്ട്, മിക്ക തഴുകലും ഉത്കണ്ഠ കൂടാതെ അനുഭവിക്കാൻ കഴിയും, അതിനു ലൈംഗികാവേശത്തിന്റെ അത്ഭുതകരമായ ഒരു ബഹിർഗമന മാർഗമായിരിക്കാൻ കഴിയും.”
എന്നാൽ ചോദ്യമിതാണ്, അത്തരം പെരുമാററത്തെ ദൈവം എങ്ങനെ വീക്ഷിക്കുന്നു?
ഒരു ചുംബനത്തിൽ എന്തിരിക്കുന്നു?
“നവയൗവന”ത്തിലായിരിക്കുമ്പോൾ ലൈംഗിക മോഹം തീവ്രമാണ്. (1 കൊരിന്ത്യർ 7:36) അതുകൊണ്ട് എതിർലിംഗത്തിൽപ്പെട്ട ഒരാളെ ചുംബിക്കുമ്പോഴോ സ്പർശിക്കുമ്പോഴോ എങ്ങനെ അനുഭവപ്പെടുന്നു എന്നറിയാൻ ഉദ്വേഗം പുലർത്തുന്നതു സ്വാഭാവികം മാത്രമാണ്. എന്നാൽ ദ ഫാമിലി ഹാൻഡ്ബുക്ക് ഓഫ് അഡോൾസൻസ് ഇപ്രകാരം ചൂണ്ടിക്കാട്ടുന്നു: “വൈകാരിക പക്വത ഉണ്ടാകുന്നതിനു മുമ്പുതന്നെ, ചിലപ്പോൾ വളരെ വർഷങ്ങൾക്കു മുമ്പുതന്നെ, ലൈംഗികശേഷി വികാസം പ്രാപിക്കുന്നു.” തീർച്ചയായും, ശക്തമായ കാമവികാരങ്ങളോ ലൈംഗിക തിരത്തള്ളലോ ഉണർത്താനുള്ള ശക്തി ഒരു ചുംബനത്തിനോ തഴുകലിനോ ഉണ്ടെന്നു പല യുവാക്കളും പൂർണമായി മനസ്സിലാക്കുന്നില്ല.
അതുകൊണ്ട് ലൈംഗിക വികാരങ്ങളെ ഉണർത്തുന്ന നടത്തയിൽ ഏർപ്പെടുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചു നിങ്ങൾ ജ്ഞാനപൂർവം ചിന്തിക്കേണ്ടതുണ്ട്. നിങ്ങൾക്കു വിവാഹം കഴിക്കാൻ വേണ്ടത്ര പ്രായമില്ലെങ്കിലെന്ത്? അപ്പോൾ നിങ്ങളിൽ ലൈംഗിക വികാരം ഉണർത്തുന്ന ഒരു വിധത്തിൽ ചുംബിക്കുകയോ എന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യുന്നതെന്തിന്? ഇതു നിങ്ങളെ നിരാശനാക്കാൻ ഇടയാക്കുക മാത്രമേ ചെയ്യുകയുള്ളൂ. കാരണം ആ കാമവികാരങ്ങളുടെ ന്യായമായ പരിസമാപ്തിയിൽ—ലൈംഗികബന്ധത്തിൽ—എത്തിച്ചേരാനുള്ള യാതൊരു മാർഗവും ഒരു സത്യക്രിസ്ത്യാനിയെന്ന നിലയിൽ നിങ്ങൾക്കില്ല. അത്തരം ബന്ധങ്ങൾ വിവാഹബന്ധത്തിനുള്ളിൽ മാത്രമേ ഉചിതമായിരിക്കുന്നുള്ളൂവെന്നു ബൈബിൾ വ്യക്തമാക്കുന്നു.—1 കൊരിന്ത്യർ 6:18.
വികാരവിവശമായ നിങ്ങളുടെ പ്രവർത്തനത്താൽ ലൈംഗികവികാരം ഉണർത്തപ്പെടുന്ന മറേറ വ്യക്തിയെക്കുറിച്ചും ചിന്തിക്കുക. നിങ്ങൾക്കു വിവാഹം ചെയ്യാൻ സാധിക്കാത്ത സ്ഥാനത്തുള്ള ഒരാളെ അല്ലെങ്കിൽ സാധ്യതയുള്ള ഒരു വിവാഹ പങ്കാളിയെന്ന നിലയിൽ ഗൗരവമായി ചിന്തിക്കുകപോലും ചെയ്യാത്ത ഒരാളെ ചുംബിക്കുകയോ തലോടുകയോ ചെയ്യുന്നതു വഞ്ചനാത്മകവും ക്രൂരവുമല്ലേ? (സദൃശവാക്യങ്ങൾ 26:18, 19 താരതമ്യപ്പെടുത്തുക.) ബൈബിൾ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.”—സദൃശവാക്യങ്ങൾ 11:17.
ലൈംഗിക വികാരത്തോടെയുള്ള ഒരു സ്പർശനത്തിനോ ഒരു ചുംബനത്തിനോ ശക്തമായ ലൈംഗിക മോഹം ഉണർത്താൻ കഴിയുമെന്നുള്ളത് ഒരു ബൈബിൾ വിദ്യാർഥിക്ക് ഒരു രഹസ്യമായിരിക്കരുത്. ഒരു വേശ്യയാൽ വശീകരിക്കപ്പെടുന്ന ഒരു യുവാവിനെക്കുറിച്ചു ബൈബിൾ പറയുന്നു. അതിങ്ങനെ പറയുന്നു: “അവൾ അവനെ പിടിച്ചു ചുംബിച്ചു.” (സദൃശവാക്യങ്ങൾ 7:13) അത്തരം ചുംബനത്തിനോ സ്പർശനത്തിനോ തീവ്രമായ ശാരീരിക പ്രതികരണത്തിനു തിരികൊളുത്താൻ കഴിയും. ശാരീരിക അടുപ്പം വർധിക്കുന്നതോടെ ഒരാണും പെണ്ണും കൂടുതൽ ലൈംഗികമായി ഉത്തേജിതരായിത്തീരുന്നു. തുറന്നുപറഞ്ഞാൽ, ശരീരം ലൈംഗികബന്ധത്തിനു തയ്യാറെടുക്കുകയാണ്.
വിവാഹിതദമ്പതികൾക്കു തങ്ങളുടെ വികാരങ്ങളെ ആനന്ദപൂർണവും മാന്യവുമായ ഒരു വിധത്തിൽ തൃപ്തിപ്പെടുത്താവുന്നതാണ്. എന്നാൽ വിവാഹം കഴിക്കാത്ത രണ്ടുപേർ വികാരമുണർത്തുന്ന ലൈംഗികകേളിയിൽ ഏർപ്പെടുന്നെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. തഴുകലിൽ ഏർപ്പെട്ട അനേകർക്ക് അവരുടെ സ്വന്തം വാക്കുകളിൽ പറഞ്ഞാൽ, “ആത്മനിയന്ത്രണം നഷ്ടപ്പെട്ടു”വെന്ന് അവർ തുറന്നു സമ്മതിച്ചതായി എഴുത്തുകാരിയായ നാൻസി വാൻ പെൽററ് ഒരു സർവേയിൽ കണ്ടെത്തി. താൻ മുമ്പൊരിക്കലും പോയിട്ടില്ലാത്ത ഘട്ടത്തോളം പോകാൻ സമ്മർദം ചെലുത്തപ്പെട്ട ഒരു പെൺകുട്ടി ഇതിനു ദൃഷ്ടാന്തമാണ്. അവൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിലും അവളുടെ സ്വകാര്യസ്ഥാനങ്ങളിൽ സ്പർശിക്കാൻ അവൾ ആൺകുട്ടിയെ അനുവദിക്കുകതന്നെ ചെയ്തു. അവൾ പറയുന്നു: “എനിക്കിപ്പോൾ വിഷമം തോന്നുന്നു.” തന്നോടു ചെയ്യാൻ അവൾ ആ ആൺകുട്ടിയെ അനുവദിച്ചത് വാസ്തവത്തിൽ തെററായിരുന്നോ?
എന്താണ് “പരിധിക്കപ്പുറം”?
ലൈംഗികബന്ധത്തിൽ ഏർപ്പെടാത്തിടത്തോളം കാലം തങ്ങൾ പരിധിക്കപ്പുറം പോയിട്ടില്ലെന്ന്, തങ്ങൾ ചെയ്യുന്നതു വാസ്തവത്തിൽ തെററല്ലെന്ന്, ചില യുവജനങ്ങൾ വിശ്വസിക്കുന്നു. എന്നാൽ ബൈബിൾ മറിച്ചാണു പറയുന്നത്. ഗലാത്യർ 5:19-21-ൽ അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞു: “ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു [“പരസംഗം,” NW], അശുദ്ധി, ദുഷ്കാമം [“അഴിഞ്ഞ നടത്ത,” NW] . . . മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല.”
എന്താണു പരസംഗം? പരസംഗമെന്നതിന്റെ മൂലഗ്രീക്കുപദം പോർണിയ ആണ്. വിവാഹബന്ധത്തിനു പുറത്ത് ഒരുവന്റെ ലൈംഗിക അവയവങ്ങൾ ഉപയോഗിച്ചുള്ള ലൈംഗിക പ്രവർത്തനത്തെ ഇതു പരാമർശിക്കുന്നു. സെവൻറീനിൽ ഉദ്ധരിക്കപ്പെട്ട ഒരു പെൺകുട്ടി, തന്നെ അധരഭോഗം ചെയ്യുന്നതിലേക്കു സമ്മർദം ചെലുത്താൻ തന്റെ കാമുകനെ അനുവദിച്ചു. “ഞാൻ വാസ്തവത്തിൽ മഠയിയാണെന്നു തോന്നുന്നു, കാരണം എന്റെ കൂട്ടുകാരികളെല്ലാം തങ്ങളുടെ കാമുകൻമാരുമായി ഇതു ചെയ്യുന്നുവെന്നും ഞാനിതു ചെയ്തില്ലെങ്കിൽ എനിക്ക് അയാളെ നഷ്ടപ്പെടാൻ പോകുകയാണെന്നും അവർ പറയുന്നു.” അത്തരം ദുർവൃത്തിയിൽ ഏർപ്പെട്ടിട്ടുള്ള യുവജനങ്ങളുടെ സംഖ്യ ഞെട്ടിക്കുന്നതാണെന്നു പഠനം വെളിപ്പെടുത്തുന്നു. എന്നാൽ അത്തരം പ്രവർത്തനങ്ങൾ പോർണിയയിൽ ഉൾപ്പെടുന്നതും ദൈവത്തിന്റെ അപ്രീതി കൈവരുത്തുന്നതുമാണ്.
അപ്പോസ്തലനായ പൗലോസ് പരസംഗത്തെ “അശുദ്ധി”യോടും ബന്ധപ്പെടുത്തി. മൂലഗ്രീക്കുപദമായ അകഥർസിയ, സംസാരത്തിലോ പ്രവർത്തനത്തിലോ ഉള്ള ഏതുതരം അശുദ്ധിയെയും പരാമർശിക്കുന്നു. ഒരാളുടെ വസ്ത്രത്തിനടിയിൽ കൈ ഇടുക, വസ്ത്രം മാററുക, അല്ലെങ്കിൽ മറെറാരാളുടെ സ്തനങ്ങൾ പോലുള്ള സ്വകാര്യ ഭാഗങ്ങൾ തഴുകുക തുടങ്ങിയവ തീർച്ചയായും അശുദ്ധിയായിരിക്കും. എന്തിന്, ബൈബിളിൽ സ്തനങ്ങളെ തഴുകുന്നത് വിവാഹിതദമ്പതികൾക്കു മാത്രം പരിമിതപ്പെടുത്തിയിരിക്കുന്ന സുഖങ്ങളോടു ബന്ധപ്പെട്ടതാണ്.—സദൃശവാക്യങ്ങൾ 5:18, 19; കൂടാതെ ഹോശേയ 2:2 താരതമ്യപ്പെടുത്തുക.
എന്നുവരികിലും ചില യുവാക്കൾ ധിക്കാരപൂർവം ഈ ദൈവിക നിലവാരങ്ങളെ അതിലംഘിക്കുന്നു. അവർ മനഃപൂർവം പരിധിക്കപ്പുറം പോകുന്നു അഥവാ തങ്ങൾക്കു ലൈംഗിക അശുദ്ധി പ്രവർത്തിക്കാൻ കഴിയുന്ന അനവധി പങ്കാളികളെ അവർ അത്യാഗ്രഹത്തോടെ തേടുന്നു. അങ്ങനെ “അഴിഞ്ഞ നടത്ത” എന്നു പൗലോസ് പറഞ്ഞതു സംബന്ധിച്ച് അവർ കുററക്കാരാണ്.
“അഴിഞ്ഞ നടത്ത”യ്ക്കു വേണ്ടി ഉപയോഗിച്ചിരിക്കുന്ന മൂല ഗ്രീക്കുപദം ‘കൊടിയ ചെയ്തികൾ, അമിതത്വം, അവഹേളനം, അനിയന്ത്രിത തൃഷ്ണ, കടന്ന അന്യായം’ എന്നിവയെ അർഥമാക്കുന്നുവെന്നു പല പ്രാമാണിക ഗ്രന്ഥങ്ങൾ പ്രകടമാക്കുന്നു. അഴിഞ്ഞ നടത്തയിലേർപ്പെടുന്ന യുവജനങ്ങൾ പൗലോസ് പരാമർശിച്ച പുറജാതീയരെപ്പോലെയാണ്. “തങ്ങളുടെ ഹൃദയങ്ങളുടെ വേദകത്വമില്ലായ്മ” നിമിത്തം ആ പുറജാതീയർ, “അത്യാഗ്രഹത്തോടെ സകലതരം അശുദ്ധിയും പ്രവർത്തിക്കാൻ അഴിഞ്ഞ നടത്തയ്ക്കു തങ്ങളെത്തന്നെ [ഏൽപ്പിച്ചുകൊടുത്തുകൊണ്ട്] സകല ധാർമിക ബോധത്തിനും അതീതരായിത്തീർന്നു.” (എഫേസ്യർ 4:17-19, NW) അത്തരം കുററവിധിയുടെ കീഴിൽ വരുന്നത് ഒഴിവാക്കാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കും!
യഹോവയുടെ നിലപാടിൽനിന്നു നോക്കുമ്പോൾ ഒരുവൻ “പരിധിക്കപ്പുറം” പോകുന്നതിനു ലൈംഗികബന്ധത്തിൽ ഏർപ്പെടേണ്ടതില്ല. വിവാഹം കഴിക്കാൻ നിങ്ങൾക്കു പ്രായമായില്ലെങ്കിൽ ലൈംഗിക വികാരത്തോടെയുള്ള സ്പർശനത്തിലും ചുംബനത്തിലും ഏർപ്പെടരുത്. കോർട്ടിങിലേർപ്പെടുന്നവർ തങ്ങളുടെ സ്നേഹപ്രകടനങ്ങൾ അശുദ്ധമായിത്തീരാതിരിക്കാൻ ശ്രദ്ധ പുലർത്തണം. ദൈവിക നിലവാരങ്ങൾ പിടിച്ചുകൊള്ളുന്നത് എളുപ്പമല്ലെന്നതു സത്യംതന്നെ. എന്നാൽ യെശയ്യാവു 48:17-ൽ ദൈവം ഇങ്ങനെ പറയുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.”—ഗലാത്യർ 5:16 കൂടെ കാണുക. (g93 10/22)
[13-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങൾ വിവാഹിതനല്ലെങ്കിൽ, വികാരമുണർത്തുന്ന പെരുമാററത്തിൽ ഉൾപ്പെടുന്നതു മോഹഭംഗത്തിലേക്കും അതിലും മോശമായതിലേക്കും നയിച്ചേക്കാം