യഹോവയുടെ സാക്ഷികളും മെഡിക്കൽ ഉദ്യോഗസ്ഥരും സഹകരിക്കുന്നു
രക്തപ്പകർച്ച രക്തത്തിന്റെ തിരുവെഴുത്തധിഷ്ഠിതമല്ലാത്ത ഒരു ഉപയോഗമാണെന്ന് 1945-ൽ യഹോവയുടെ സാക്ഷികൾ തിരിച്ചറിഞ്ഞു. മോശൈക ന്യായപ്രമാണത്തിൽ ഉൾക്കൊണ്ടിരിക്കുന്ന ഈ നിയന്ത്രണം ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലും ചേർക്കപ്പെട്ടു. പ്രവൃത്തികൾ 15:28, 29 ഇപ്രകാരം പ്രസ്താവിക്കുന്നു: “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ വർജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു; ശുഭമായിരിപ്പിൻ.” (ലേവ്യപുസ്തകം 17:10-12 കാണുക.) രക്തപ്പകർച്ച സ്വീകരിക്കാനുള്ള സാക്ഷികളുടെ വിസമ്മതം ചില മെഡിക്കൽ ഉദ്യോഗസ്ഥരുമായുള്ള അനവധി ഏററുമുട്ടലുകളിലേക്കു നയിച്ചിട്ടുണ്ട്.
ഹോസ്പിററൽ ലെയ്സൺ കമ്മിററികൾ
രക്തം സ്വീകരിക്കുന്നതിനുള്ള സാക്ഷികളുടെ വിസമ്മതത്തെ പിന്തുണയ്ക്കുന്നതിനും ഡോക്ടർമാരുടെ ഭാഗത്തുള്ള തെററിദ്ധാരണകൾ ദൂരീകരിക്കുന്നതിനും മെഡിക്കൽ സ്ഥാപനങ്ങൾക്കും സാക്ഷികളായ രോഗികൾക്കും ഇടയിൽ മെച്ചപ്പെട്ട സഹകരണാത്മാവു സൃഷ്ടിക്കുന്നതിനുമായി യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ഹോസ്പിററൽ ലെയ്സൺ കമ്മിററികൾ സ്ഥാപിച്ചു. ഡോക്ടർമാരോടും ആശുപത്രി അധികാരികളോടും വിവേകത്തോടെ ഇടപെടാൻ പരിശീലിതരായ പക്വതയുള്ള സാക്ഷികൾ അടങ്ങിയ ഈ കമ്മിററികൾ ഏററുമുട്ടലുകൾ ഒഴിവാക്കി ഏറെ സഹകരണപരമായ ഒരു ആത്മാവു സ്ഥാപിച്ചു. 1979-ൽ വിരലിൽ എണ്ണാൻ മാത്രമുണ്ടായിരുന്ന ഈ കമ്മിററികൾ ഇപ്പോൾ 65 രാജ്യങ്ങളിലായി 850 എന്ന എണ്ണത്തിലേക്കു വളർന്നിരിക്കുന്നു. അതിന്റെ അർഥം അവയുടെ സഹായപുരസ്സരമായ സേവനങ്ങൾ ഇപ്പോൾ ഏതാണ്ടു 35 ലക്ഷം യഹോവയുടെ സാക്ഷികൾക്കു ലഭ്യമാണെന്നാണ്.
രക്തപ്പകർച്ചകൾ അവലംബിക്കാതെ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും മെഡിക്കൽ സാഹിത്യങ്ങളിൽ നിന്നു തന്നെ വായിച്ചു മനസ്സിലാക്കാൻ ഡോക്ടർമാരെ സഹായിക്കുന്നതിന് അവരോടു സംസാരിക്കാൻ യഹോവയുടെ സാക്ഷികളുടെ സഭയിലെ 4,500-ൽ അധികം മൂപ്പൻമാർക്കു പരിശീലനം ലഭിച്ചിട്ടുണ്ട്. പ്രത്യേക ആവശ്യം നേരിടുന്ന കേസുകളിൽ, രക്തം ഉപയോഗിക്കാതെ സാക്ഷികളെ ചികിത്സിക്കുന്നതിനു ഡോക്ടർമാരെ സഹായിക്കുന്നതിന് ഉചിതമായ ലേഖനങ്ങൾ ഫാക്സു വഴി ആശുപത്രിയിലേക്കു നേരിട്ട് അയയ്ക്കുന്നു. അല്ലെങ്കിൽ രക്തരഹിത ചികിത്സക്കോ ശസ്ത്രക്രിയക്കോ വേണ്ടിയുള്ള ഉപാധികൾ വികസിപ്പിച്ചെടുക്കുന്നതിന്, സഹകരിക്കുന്ന മററു ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചക്കു കമ്മിററി ക്രമീകരണം ചെയ്യുന്നു.
ഉദാഹരണത്തിന്, കനത്ത വിളർച്ചയിൽ [anemia] കലാശിച്ചതും അരുണരക്താണുക്കളുടെ എണ്ണം കൂട്ടുന്നതിനു രക്തപ്പകർച്ചയുടെ ആവശ്യമുണ്ടെന്നു ഡോക്ടർമാർ പറയുകയും ചെയ്ത രക്തനഷ്ടത്തിന്റെ ആയിരക്കണക്കിനു കേസുകളിൽ, ഇതേ കാര്യം ചെയ്യുന്നതിനു റികോമ്പിനൻറ് എറിത്രോപോയിററിന്റെ (EPO) ക്ഷമത കാണിക്കുന്ന മെഡിക്കൽ സാഹിത്യങ്ങളിൽ നിന്നുള്ള ലേഖനങ്ങൾ പങ്കുവയ്ക്കാൻ ഹോസ്പിററൽ ലെയ്സൺ കമ്മിററി അംഗങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ഈ കൃത്രിമ ഹോർമോൺ നമ്മുടെ വൃക്കകളിൽ കാണുന്ന പ്രകൃതിജന്യ എറിത്രോപോയിററിനെപ്പോലെ പ്രവർത്തിക്കുകയും പുതിയ അരുണരക്താണുക്കളെ രക്തപ്രവാഹത്തിലേക്ക് അയയ്ക്കാൻ അസ്ഥി മജ്ജയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
ആവശ്യം നിറവേററാൻ മതിയായ വേഗതയിൽ ഇപിഒ പ്രവർത്തിക്കുകയില്ലെന്നു ചില ഡോക്ടർമാർക്കു തോന്നിയിട്ടുണ്ട്. എന്നാൽ ഇത് എത്രവേഗം ഫലവത്താകുന്നു എന്ന് യഹോവയുടെ സാക്ഷികൾ ഉൾപ്പെട്ട എണ്ണമററ കേസുകൾ വരച്ചുകാട്ടിയിരിക്കുന്നു. ഒരു സംഭവത്തിൽ, ഇപിഒ കൊടുത്തു പിറേറന്നു തന്നെ പുതിയ അരുണരക്താണുക്കളുടെ എണ്ണം സാധാരണയുള്ളതിനെക്കാൾ നാലു മടങ്ങായിക്കഴിഞ്ഞിരുന്നു! രണ്ടാം ദിവസം രോഗി ഊർജസ്വലത പ്രാപിച്ചു. നാലാം ദിവസം അരുണരക്താണുക്കളുടെ എണ്ണം വർധിക്കാൻ തുടങ്ങി. ഏതാനും ദിവസങ്ങൾകൊണ്ട് അതു ദ്രുതഗതിയിൽ വർധിക്കാൻ തുടങ്ങി. രോഗി അതിജീവിച്ചു. ഇപ്രകാരം ഡോക്ടർമാരും അതുപോലെ തന്നെ രോഗികളും ഹോസ്പിററൽ ലെയ്സൺ കമ്മിററികളുടെ പ്രവർത്തനങ്ങളാൽ പ്രയോജനം അനുഭവിച്ചു.
അപൂർവമായ ഒരു ഉഷ്ണമേഖലാ രോഗം പിടിപെട്ട സാക്ഷിയായ ഒരു രോഗിയെ രക്തം ഉപയോഗിക്കാതെ ചികിത്സിച്ചു രക്ഷിക്കാൻ തങ്ങൾക്കാവില്ലെന്ന് ഓസ്ട്രേലിയയിലെ ഡോക്ടർമാർ പറഞ്ഞു. അപ്പോൾ, രക്തരഹിത ചികിത്സാ പരിപാടി സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താൻ തങ്ങൾക്ക് എന്തെങ്കിലും സഹായം ലഭ്യമാക്കാൻ അവർ പ്രാദേശിക ഹോസ്പിററൽ ലെയ്സൺ കമ്മിററിയോട് അപേക്ഷിച്ചു. യഹോവയുടെ സാക്ഷികളുടെ ഓസ്ട്രേലിയയിലെ ബ്രാഞ്ച് ഓഫീസിനെ ആവശ്യം അറിയിച്ചു. അവർ ന്യൂയോർക്കിലുള്ള ബ്രുക്ക്ളിനിലെ യഹോവയുടെ സാക്ഷികളുടെ അന്തർദേശീയ ആസ്ഥാനത്തെ ഹോസ്പിററൽ ഇൻഫർമേഷൻ സർവീസസുമായി ബന്ധപ്പെട്ടു. അവർ പെട്ടെന്നു വൈദ്യശാസ്ത്രപരമായ അടിസ്ഥാന വിവരങ്ങളിൽ ഗവേഷണം നടത്തി സഹായകരമായ ലേഖനങ്ങൾ ഓസ്ട്രേലിയയിലേക്കു ഫാക്സു വഴി അയച്ചു. ഡോക്ടറുടെ ഓഫീസിൽ നിന്നു പോന്ന് വെറും 11 മണിക്കൂർ കഴിഞ്ഞപ്പോൾ ആവശ്യമായ ലേഖനങ്ങളുമായി ഓസ്ട്രേലിയയിലെ ഹോസ്പിററൽ ലെയ്സൺ കമ്മിററിയംഗം തിരിച്ചെത്തിയിരുന്നു. ഇവ ഫലപ്രദമെന്നു തെളിയുകയും രോഗി സുഖം പ്രാപിക്കുകയും ചെയ്തു. ഫാക്സു ചെയ്ത മെഡിക്കൽ വിവരങ്ങൾ ന്യൂയോർക്കിൽനിന്നു നേപ്പാൾവരെ അത്ര ദൂരത്തിൽ അയച്ചിട്ടുണ്ട്.
ഗുണമേൻമയേറിയ ഗവേഷണവും സഹായവും
യഹോവയുടെ സാക്ഷികൾ മെഡിക്കൽ ഗ്രന്ഥങ്ങളിൽ നടത്തുന്ന ഗവേഷണം കൃത്യതയുള്ളതും കാലാനുസൃതമാക്കപ്പെട്ടതുമാണ്. യു.എസ്.എ. ഒറിഗെണിലെ ഒരു ആശുപത്രിയിലെ ശസ്ത്രക്രിയാ സേവനങ്ങളുടെ സഹഡയറക്ടറായ ഒരു രജിസ്റേറർഡ് നേഴ്സ് ശസ്ത്രക്രിയാ മുറിയുടെ നടത്തിപ്പുകാർക്കു വേണ്ടിയുള്ള ഒരു മെഡിക്കൽ പ്രസിദ്ധീകരണത്തിന്റെ ലേഖനത്തിൽ ഇപ്രകാരം പറഞ്ഞു: “യഹോവയുടെ സാക്ഷി[കൾ] . . . നമ്മെക്കാൾ ബഹുദൂരം മുന്നിലാണ്. രക്തത്തിനു പകരമുള്ള വസ്തുക്കളെയും രക്തോത്പന്നങ്ങളെയും സംബന്ധിച്ച് ഏററവും അറിവുള്ളവരാണ് അവർ. അവർ പലപ്പോഴും നാം അവയെക്കുറിച്ചു കേൾക്കുന്നതിനുപോലും മുമ്പു നമുക്കു സാഹിത്യങ്ങൾ നൽകുന്നു.”—ഒആർ മാനേജർ, ജനുവരി 1993, പേജ് 12.
സമവർഗത്തിലുള്ള രക്തം ഉപയോഗിക്കാതെ ചികിത്സിക്കാൻ കഴിയുന്ന വളരെ പ്രമുഖരായ ഡോക്ടർമാരും വൈദ്യ കേന്ദ്രങ്ങളും തങ്ങളുടെ സമീപനങ്ങളും നടപടികളും സംബന്ധിച്ച കൂടിയാലോചനകൾക്കു തങ്ങളെത്തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ഈ ആവശ്യത്തോടുള്ള അവരുടെ ഉദാരമായ പ്രതികരണം ജീവൻ രക്ഷിക്കുന്നതിൽ സഹായിച്ചിരിക്കുന്നു. രക്താർബുദത്തിന്റെ വിജയകരമായ ചികിത്സയുടെ കാര്യത്തിലും വിവിധ തരത്തിലുള്ള ശസ്ത്രക്രിയകളുടെ കാര്യത്തിലും ഇതു വ്യക്തമായിട്ടുണ്ട്. ഈ മെഡിക്കൽ കൂടിയാലോചനകൾ പലപ്പോഴും അന്താരാഷ്ട്ര ടെലിഫോൺ വിളികളിലൂടെയാണു നടത്തിയിരിക്കുന്നത്.
കൂടാതെ, ഒരു രോഗിയെ ഒരു ആശുപത്രിയിൽ നിന്നു മറെറാന്നിലേക്കും രാജ്യത്തിന്റെ ഒരു ഭാഗത്തു നിന്നു മറെറാരിടത്തേക്കും ഒരു രാജ്യത്തു നിന്നു മറെറാരു രാജ്യത്തേക്കു പോലും മാററുന്നതിനുള്ള ക്രമീകരണം വിശ്വാസത്തെ വെല്ലുവിളിക്കുന്ന വൈദ്യ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ സഹായമാവശ്യമുള്ളവരെ പിന്തുണയ്ക്കുന്നതിൽ എത്രത്തോളം പോയിരിക്കുന്നു എന്നതിന്റെ സൂചനയാണ്. ചില ഉദാഹരണങ്ങൾ: മുതിർന്ന ഒരു രോഗിയെ സുരിനാമിൽ നിന്ന് പോർട്ടറിക്കോയിലേക്കും മറെറാരാളെ സമോവായിൽ നിന്ന് ഹവായിയിലേക്കും ഒരു ശിശുവിനെ ഓസ്ട്രിയയിൽ നിന്ന് യു.എസ്.എ.യിലെ ഫ്ളോറിഡായിലേക്കും വിമാനത്തിൽ കൊണ്ടുപോയി.
കൂടുതൽ ഡോക്ടർമാർ സഹകരിക്കുന്നു
ഈ സംഗതിയിൽ യഹോവയുടെ സാക്ഷികളുടെ പുരോഗതി, അവരോടു സഹകരിക്കാൻ കൂടുതൽ കൂടുതൽ ഡോക്ടർമാർ മനസ്സൊരുക്കം കാണിക്കുന്നതു കൊണ്ടുകൂടിയാണ്. സഹകരിക്കുന്ന ഡോക്ടർമാരുടെ എണ്ണം അഞ്ചു വർഷം മുമ്പ് 5,000 ആയിരുന്നത് ഇപ്പോൾ 65 ദേശങ്ങളിലായി 30,000-ത്തിലധികം ആയിത്തീർന്നിരിക്കുന്നു. കഴിവുററ ഡോക്ടർമാരുടെ ആ സംഖ്യ അനുകൂലമായ മറെറാരു സംഗതി സാധ്യമാക്കിത്തീർത്തു—വിവിധ രാജ്യങ്ങളിലായി 30 രക്തരഹിത വൈദ്യ ശസ്ത്രക്രിയാകേന്ദ്രങ്ങളുടെ രൂപീകരണം.
അങ്ങനെ ഇക്കാലത്ത്, പ്രായപൂർത്തിയായ ഒരു ആളുടെമേൽ രക്തപ്പകർച്ച അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ വടക്കേ അമേരിക്കയിലെങ്കിലും കേൾക്കാനില്ലെന്നു പറയാം. മററു പല രാജ്യങ്ങളും ആ നിലയിലേക്കു പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ മിക്ക പ്രശ്നങ്ങളും നവജാതശിശുക്കളെയും വിശേഷാൽ അകാല ജനനങ്ങളെയും ചുററിപ്പററിയുള്ളതാണ്. മാസം തികയാതെ പിറക്കുന്ന ശിശുക്കൾ സാധാരണരീതിയിൽ പ്രവർത്തിക്കാത്ത, വളർച്ചയെത്താത്ത, ശ്വാസകോശങ്ങളും വൃക്കകളും പോലെയുള്ള അവയവങ്ങളുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങളോടുകൂടി ജീവിതം തുടങ്ങുന്നു. എന്നാൽ ഈ സാഹചര്യങ്ങളെ രക്തപ്പകർച്ച കൂടാതെ ചികിത്സിക്കുന്നതിനുള്ള വഴികൾ ഡോക്ടർമാർ ആരായുന്നു. ഉദാഹരണത്തിന്, ഒരു കൃത്രിമ ഉപരിതല മിശ്രിതം ശ്വാസതടസ്സരോഗം [respiratory distress syndrome] കുറയ്ക്കുന്നതിനു ലഭ്യമാണ്. പ്രായക്കുറവുകൊണ്ടുണ്ടാകുന്ന വിളർച്ച പരിഹരിക്കുന്നതിന് ഇപിഒയുടെ ഉപയോഗം വ്യാപകമായി അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
മെഡിക്കൽ ഉദ്യോഗസ്ഥഗണത്തിനും ഉദ്യോഗസ്ഥർക്കും സഹായം
യഹോവയുടെ സാക്ഷികളുടെ കുട്ടികളെ രക്തപ്പകർച്ച കൂടാതെ ചികിത്സിക്കുന്നതിനു ശിശുരോഗവിദഗ്ധരെയും നവജാതശിശുരോഗവിദഗ്ധരെയും സഹായിക്കുന്നതിന്, ഹോസ്പിററൽ ഇൻഫർമേഷൻ സർവീസസ് വൈദ്യ സാഹിത്യങ്ങളിൽ നിന്നുള്ള 55 ലേഖനങ്ങളോടു കൂടി ത്രിവിധ അനുബന്ധങ്ങളുള്ള ഒരു വാല്യം ഉത്പാദിപ്പിച്ചു. ഇത് നവജാതശിശുക്കൾക്ക് ഉണ്ടാകാവുന്ന ഒരുകൂട്ടം പ്രശ്നങ്ങൾക്കു രക്തം കൂടാതെ ചെയ്യാൻ കഴിയുന്നത് എന്താണെന്നു പ്രകടിപ്പിച്ചു കാണിക്കുന്നു.
ജഡ്ജിമാർ, സാമൂഹിക പ്രവർത്തകർ, കുട്ടികളുടെ ആശുപത്രികളിലെ അധികാരികൾ, നവജാതശിശുരോഗവിദഗ്ധർ, ശിശുരോഗവിദഗ്ധർ എന്നിവരെ ലഭ്യമായ രക്തരഹിത ചികിത്സാ നടപടിയുമായി സമീപിക്കുന്നതിന് യഹോവയുടെ സാക്ഷികൾ വൈദ്യരംഗത്തെ ഉദ്യോഗസ്ഥഗണത്തിനുവേണ്ടി പ്രത്യേകമായി കുടുംബ സംരക്ഷണവും യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള വൈദ്യ നടപടിയും [ഇംഗ്ലീഷ്] എന്ന പേരിൽ 260 പേജുള്ള ഒരു വാല്യം തയ്യാറാക്കിയിരിക്കുന്നു.a കാലാനുസൃതമാക്കി സൂക്ഷിക്കാൻ തക്കവണ്ണം ഈ കൈപ്പുസ്തകം കുത്തിക്കെട്ടാത്തതാണ്. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോടുള്ള സ്നേഹം പ്രകടമാക്കുന്നതു ബൈബിൾ പ്രബോധനത്താൽ കരുപ്പിടിപ്പിക്കപ്പെട്ട ജീവിതശൈലി ഉളവാക്കുന്ന, യഥാർഥത്തിൽ പ്രയോജനപ്രദവും പരിപാലനാ നിർഭരവുമായ ഒരു സാഹചര്യത്തിലാണെന്ന് ഇതു വ്യക്തമാക്കുകകൂടി ചെയ്യുന്നു, വിശേഷിച്ചും യഹോവയുടെ സാക്ഷികളുടെ കുടുംബജീവിതത്തെപ്പററി ചില തെററിദ്ധാരണകൾ ഉണ്ടായിട്ടുള്ളതുകൊണ്ട്.
ആ പ്രസിദ്ധീകരണത്തിന് എങ്ങനെയുണ്ട് സ്വീകരണം? അതിന്റെ ഉള്ളടക്കങ്ങൾ വിശകലനം ചെയ്തശേഷം, തന്റെ ജോലിക്കാർ അതു പര്യാലോചിച്ചു പഠിക്കാനും ഉപയോഗിക്കാനും താൻ പ്രതീക്ഷിക്കുന്നുണ്ടെന്ന് യു.എസ്.എ. പെൻസിൽവേനിയയിലെ, കുട്ടികളുടെ ഒരു ആശുപത്രി വൈസ് പ്രസിഡൻറു പറഞ്ഞു. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു. “അതു ജോലിക്കാരുടെ കൈകളിൽ ചെന്നിട്ട് പഠിച്ചതിന്റെ ഒരു സൂചനയും ഇല്ലാതെ തിരിച്ചു വരുന്നെങ്കിൽ അതെന്തുകൊണ്ടാണ് എന്നു ഞാൻ അറിയാനാഗ്രഹിക്കും!” രക്തം ഉപയോഗിക്കുന്നതിനു മുമ്പ് ഡോക്ടർമാർ എല്ലാ രക്തരഹിത പകര മാർഗങ്ങളും ഉപയോഗിച്ചിരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോൾത്തന്നെ ജഡ്ജിമാർ തങ്ങളുടെ കോർട്ട് ഓർഡറുകളിൽ ഭേദഗതി വരുത്തിയിരിക്കുന്നു. കുട്ടികളെ രക്തം കൂടാതെ ചികിത്സിക്കുകയും അവർ സുഖംപ്രാപിച്ചു മടങ്ങുകയും ചെയ്തിരിക്കുന്നു.
യു.എസ്.എ. ഒഹായോവിൽ കുട്ടികളുടെ പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന ഒരു ജഡ്ജിയുടേതായിരുന്നു ഒരു സാധാരണ പ്രതികരണം. തന്റെ സഹപ്രവർത്തകർക്കുവേണ്ടി കൂടുതലായ ഏഴു കോപ്പികൾ ഓർഡർ ചെയ്യാൻ തക്കവണ്ണം കുടുംബ സംരക്ഷണ വാല്യം അദ്ദേഹത്തിൽ അത്രമാത്രം മതിപ്പുളവാക്കി. ഡോക്ടറുടെ കരുതലുകളെ മാതാപിതാക്കളുടെ അവകാശങ്ങളുമായി സമനിലയിൽ കൊണ്ടുവരുന്നതിന് അദ്ദേഹം ഇപ്പോൾ തന്റെ കോടതി ഉത്തരവുകൾ ഭേദഗതി ചെയ്യുന്നു. ഇത് അദ്ദേഹം രണ്ടു രീതികളിലൂടെ ചെയ്യുന്നു. (1) രക്തം ഉപയോഗിക്കുന്നതിനു മുമ്പ് ആദ്യം ഡോക്ടർമാർ എല്ലാ പകര ചികിത്സാനടപടികളും നടത്തിക്കഴിഞ്ഞിരിക്കണം. (2) തങ്ങൾ ഉപയോഗിക്കാൻ പോകുന്ന രക്തം പരിശോധിച്ചിട്ടുണ്ടെന്നും എയ്ഡ്സും ഹെപ്പാറൈറററിസും ഇല്ലാത്തതാണെന്നും ഡോക്ടർമാർ രോഗിയെ ഉറപ്പുവരുത്തണം. അദ്ദേഹം ഭേദഗതി ചെയ്യാൻ തുടങ്ങിയതിനു ശേഷം ഉത്തരവായ മൂന്ന് ഓർഡറുകളിലും മൂന്നു കുട്ടികളെയും രക്തപ്പകർച്ച കൂടാതെ വിജയകരമായി ചികിത്സിച്ചു.
പാരീസ് യൂണിവേഴ്സിററിയിലെ അക്കാഡമിക യോഗത്തിൽ ബോസ്ററൺ കലാശാല നിയമവിദ്യാലയത്തിലെ നിയമ പ്രൊഫസ്സറായ ഡോ. ചാൾസ് എച്ച്. ബാരൺ ഒരു ലേഖനം അവതരിപ്പിച്ചു. “രക്തം, പാപം, മരണം: യഹോവയുടെ സാക്ഷികളും അമേരിക്കയിലെ രോഗികളുടെ അവകാശ പ്രസ്ഥാനവും” ആയിരുന്നു അദ്ദേഹത്തിന്റെ വിഷയം. സാക്ഷികളുടെ ഹോസ്പിററൽ ലെയ്സൺ കമ്മിററിയുടെ പ്രവർത്തനം സംബന്ധിച്ച് ലേഖനത്തിലെ ഒരു ഖണ്ഡിക പിൻവരുന്ന പ്രകാരം പ്രസ്താവിച്ചു:
“കൂടുതലായ തെളിവിന്റെ വെളിച്ചത്തിൽ അമേരിക്കൻ വൈദ്യരംഗത്തിന്റെ ചില വിശ്വാസങ്ങൾ സംബന്ധിച്ച് അതിനെക്കൊണ്ടു പുനർവിചിന്തനം ചെയ്യിക്കാൻപോലും അവർക്കു കഴിഞ്ഞിട്ടുണ്ട്. ഇതു മൂലം അമേരിക്കൻ സമൂഹത്തിലെ എല്ലാവർക്കും പ്രയോജനം ലഭിച്ചു. സാക്ഷികളുടെ ഹോസ്പിററൽ ലെയ്സൺ കമ്മിററിയുടെ പ്രവർത്തനം കാരണം ഇന്നു യഹോവയുടെ സാക്ഷികൾ മാത്രമല്ല, രോഗികൾ പൊതുവേ അനാവശ്യമായ രക്തപ്പകർച്ചകൾക്കു വിധേയരാകാനുള്ള സാധ്യത കുറഞ്ഞിരിക്കുന്നു. രോഗികളുടെ മൊത്തത്തിലുള്ള അവകാശ പ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലയിൽ സാക്ഷികളുടെ പ്രവർത്തനം നിമിത്തം രോഗികൾ പൊതുവേ, ഒരു വലിയ അളവ് ആരോഗ്യ സംരക്ഷണ തീരുമാനങ്ങളിൽ വലിയ ഏകാധിപത്യം അനുഭവിക്കുന്നു. തങ്ങളുടെ മതവിശ്വാസങ്ങളോടു യോജിപ്പിലല്ലാത്ത പ്രവൃത്തി ചെയ്യുന്നതിനുള്ള പ്രേരണാശ്രമങ്ങളോടുള്ള സാക്ഷികളുടെ അർപ്പിതമായ എതിർപ്പുകാരണം സ്വാതന്ത്ര്യത്തിനുള്ള കാരണങ്ങൾ പൊതുവേയും മതസ്വാതന്ത്ര്യം പ്രത്യേകിച്ചും പുരോഗതി പ്രാപിച്ചിരിക്കുന്നു.”
ഹോസ്പിററൽ ലെയ്സൺ കമ്മിററിയുടെ ഈ പ്രവർത്തനങ്ങളെല്ലാം ദൈവരാജ്യത്തിന്റെ സുവാർത്ത നേരിട്ടു പ്രസംഗിക്കുന്നില്ലായിരിക്കാം. എന്നാൽ നമ്മുടെ വിശുദ്ധ സേവനത്തിന്റെ “അത്യാവശ്യകാര്യങ്ങ”ളിലൊന്നെന്ന് ഒന്നാം നൂററാണ്ടിലെ ഭരണസംഘം വിളിച്ച, നമ്മുടെ ആരാധനയുടെമേൽ നേരിട്ട് ഉന്നയിക്കപ്പെട്ടിട്ടുള്ള ഒരു വെല്ലുവിളിക്ക് അതു തീർച്ചയായും ഉത്തരം നൽകുന്നു. (പ്രവർത്തനങ്ങൾ 15:28, 29 പി.ഒ.സി. ബൈ.) എന്നിരുന്നാലും, രസകരമെന്നു പറയട്ടെ, ആശയവിനിയമം നടത്താനുള്ള നമ്മുടെ ധീരമായ, അതേസമയം മാന്യമായ ഏർപ്പാട് ചില മെഡിക്കൽ ഉദ്യോഗസ്ഥൻമാർ രാജ്യസുവാർത്തയോടു പ്രതികരിക്കാൻ വഴി തുറന്നിരിക്കുന്നു. കമ്മിററി പ്രവർത്തനത്തിൽ വച്ചു കണ്ടുമുട്ടിയ ഡോക്ടർമാരുമായി ഹോസ്പിററൽ ലെയ്സൺ കമ്മിററിയിലെ അനേകം അംഗങ്ങൾ ബൈബിളധ്യയനങ്ങൾ തുടങ്ങിയിട്ടുണ്ട്. അങ്ങനെ പഠിച്ച രണ്ടു ഡോക്ടർമാർ അടുത്തയിടെ സ്നാപനമേൽക്കുകയുണ്ടായി.
അങ്ങനെ ഹോസ്പിററൽ ലെയ്സൺ കമ്മിററി ക്രമീകരണത്തിന്റെ സഹായത്താൽ, തങ്ങളുടെ നിർമലത അനുരഞ്ജനപ്പെടുത്താതെ ആവശ്യമായ വൈദ്യ സംരക്ഷണം നേടിക്കൊണ്ട് രക്തത്തിൽ നിന്ന് ഒഴിഞ്ഞു നില്ക്കുക എന്നതു സംബന്ധിച്ച യഹോവയുടെ പൂർണ നിയമം അനുസരിക്കാൻ യഹോവയുടെ സാക്ഷികൾ സഹായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. (സങ്കീർത്തനം 19:7) ഒരിക്കൽ ഉണ്ടായിരുന്ന വിടവു നികത്തുന്നതിൽ തുടർച്ചയായ വിജയം തീർച്ചയായും കൈവന്നിരിക്കുന്നു. ലഭ്യമായിരിക്കുന്ന രക്തരഹിത ചികിത്സാ പരിപാടി തങ്ങൾക്ക് എങ്ങനെ പ്രദാനം ചെയ്യാൻ കഴിയുമെന്നു ഡോക്ടർമാരും ആശുപത്രി അധികാരികളും ഇപ്പോൾ മെച്ചമായ അറിവുള്ളവരാണ്. രോഗികൾക്കും ബന്ധുക്കൾക്കും മത സഹകാരികൾക്കും ആശുപത്രി ഉദ്യോഗസ്ഥൻമാർക്കും അത് അവർ ആഗ്രഹിക്കുന്നതു കൊടുക്കുന്നു.—രോഗിയുടെ ആരോഗ്യപൂർണമായ സുഖംപ്രാപിക്കൽ.—വാച്ച്ടവർ സൊസൈററിയുടെ ലോക ആസ്ഥാനത്തെ ഹോസ്പിററൽ ഇൻഫർമേഷൻ സർവീസസ് സംഭാവന ചെയ്തത്. (g93 11/22)
[അടിക്കുറിപ്പുകൾ]
a ഇംഗ്ലീഷിൽ മാത്രം ലഭ്യമാണ്.
[27-ാം പേജിലെ ചിത്രം]
ലെയ്സൺ കമ്മിററി ഒരു ഡോക്ടറുമായി കൂടിയാലോചന നടത്തുന്നു
[28-ാം പേജിലെ ചിത്രം]
“കുടുംബസംരക്ഷണം”