നിങ്ങൾ വിശ്വാസത്തിനു വെല്ലുവിളിയായിരിക്കുന്ന ഒരു ചികിത്സാസാഹചര്യത്തെ അഭിമുഖീകരിക്കാൻ തയ്യാറാണോ?
1 ഇന്നോ നാളെയോ ആശുപത്രിയിൽ കിടക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ആരും ഏറെ ചിന്തിക്കുന്നില്ല. എന്നാലും, ‘കാലവും മുൻകൂട്ടിക്കാണാത്ത സംഭവവും നമുക്കെല്ലാം നേരിടുന്നു.’ (സഭാ. 9:11) നിങ്ങൾ നിങ്ങളുടെ ആരോഗ്യപരിപാലനത്തിന്റെ ഇഷ്ടരീതിയായി വൈദ്യചികിത്സയെ സ്വീകരിക്കുന്നില്ലെങ്കിലും, നിങ്ങൾ ഒരു അപകടത്തിൽപെട്ട് ബോധരഹിതനാകുകയും നിങ്ങളെ ഒരു ആശുപത്രിയിൽ സത്വരം എത്തിക്കുകയും ചെയ്യുന്നുവെങ്കിൽ, ഒരു അനാവശ്യമായ രക്തപ്പകർച്ചയിൽനിന്ന് നിങ്ങളേത്തന്നെ സംരക്ഷിക്കാൻ നിങ്ങൾ എന്തു ചെയ്യും? അതെ, ഒരു അപകടത്തിനോ പെട്ടെന്നു മോശമാകുന്ന ആരോഗ്യസ്ഥിതിയ്ക്കോ നിങ്ങളുടെ വിശ്വാസത്തിന്റെ ഒരു വെല്ലുവിളിയോടു നിങ്ങളെ സത്വരം മുഖാമുഖം വരുത്താൻകഴിയും.
2 നിങ്ങൾ ഏതെങ്കിലും കാരണത്താൽ ഒരു ആശുപത്രിയിൽ കിടക്കേണ്ടിവരുമ്പോൾ നിങ്ങൾ ഒരു രക്തപ്പകർച്ചക്കു വിധേയരാകുന്നില്ലെങ്കിൽ നിങ്ങൾ മരിക്കുമെന്ന് അവിടത്തെ ആരെങ്കിലും പറയുന്നുവെങ്കിൽ നിർമ്മലത പാലിക്കാൻ നിങ്ങൾ എന്തു ചെയ്യും? ഈ അവകാശവാദം യഥാർത്ഥമായി നിങ്ങളുടെ അവസ്ഥയാണെന്ന് നിങ്ങൾ തിടുക്കത്തിൽ അംഗീകരിക്കുമോ? നിങ്ങൾ രക്തം ആഗ്രഹിക്കുന്നില്ലെന്ന് നിങ്ങൾക്കു പൂർണ്ണമായും ഉറപ്പുണ്ടോ? നിങ്ങളുടെ വിശ്വാസത്തിന്റെ ഈ വെല്ലുവിളിയെ അഭിമുഖീകരിക്കാനും ‘രക്തം വർജ്ജിക്കാനും’ നിങ്ങൾ ഒരുക്കമാണോ?—പ്രവൃത്തികൾ 15:28, 29.
3 ആഗ്രഹിക്കാത്തതും ആത്മീയമായി മലിനപ്പെടുത്തുന്നതുമായ ഒരു രക്തപ്പകർച്ചയോടുളള വിജയകരമായ ചെറുത്തുനിൽപ്പ് ഒരു ഉറച്ച ബോധ്യത്തോടെ തുടക്കമിടുന്നു. അങ്ങനെയുളള ഒരു ബോദ്ധ്യം രക്തത്തെക്കുറിച്ചു ബൈബിൾ പറയുന്നതുസംബന്ധിച്ച ഒരു വ്യക്തമായ ഗ്രാഹ്യത്തിൽ അധിഷ്ഠിതമായിരിക്കണം. അതല്ലെങ്കിൽ, വികാരവിവശമായ ഒരു നിമിഷത്തിൽ സാഹചര്യത്തെക്കുറിച്ചു നിങ്ങളെക്കാൾ കൂടുതലറിയാമെന്ന് അവകാശപ്പെടുന്ന ആരെങ്കിലും നിങ്ങളെ ഭയപ്പെടുത്തി സമ്മതിപ്പിച്ചേക്കാം. ഒരുപക്ഷേ രക്തത്തെക്കുറിച്ച് ദൈവത്തെക്കാൾ കൂടുതൽ ഡോക്ടർമാർക്കറിയാമെന്ന് ചിന്തിക്കാൻ നിങ്ങൾ വഴിതെററിക്കപ്പെടുമോ? തീർച്ചയായും, വെറും മനുഷ്യർ എന്തു പറഞ്ഞാലും, ഈ സാഹചര്യങ്ങളിൽ യഹോവയുടെ ദൃഷ്ടിയിൽ “ശരിയായതു”ചെയ്യാൻ നിങ്ങൾ “ദൃഢമായി ഉറച്ചവർ” ആയിരിക്കണം. (ആവ. 12:23-25) എന്നാൽ നിങ്ങൾ ഒററക്ക് ഈ വെല്ലുവിളിയെ നേരിടേണ്ടതുണ്ടോ?—സഭാ. 4:9-12.
ആശുപത്രിവിജ്ഞാന സേവനവും ആശുപത്രിബന്ധക്കമ്മിററികളും
4 ഒരു രക്തപ്പകർച്ചാപ്രശ്നത്തെ അഭിമുഖീകരിക്കുമ്പോൾ സഹായമാവശ്യമുളളവർക്കുവേണ്ടി സൊസൈററി ബ്രൂക്ക്ളിനിൽ ആശുപത്രിവിജ്ഞാനസേവനം ഏർപ്പെടുത്തിയിട്ടുണ്ട്. അത് യു. എസ്സിലെ മുഖ്യനഗരങ്ങളിൽ 100 ആശുപത്രിബന്ധക്കമ്മിററികളും സ്ഥാപിച്ചിട്ടുണ്ട്. ഈ കമ്മിററികളിൽ ഈ വേലക്കുവേണ്ടി പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട 600-ൽപരം മൂപ്പൻമാരാണുളളത്.
5 ആശുപത്രിവിജ്ഞാന സേവനത്തിന് അനേകം രൂപങ്ങളിലുളള രക്തരഹിത ശസ്ത്രക്രിയയുടെയും ചികിത്സയുടെയും ലഭ്യതയും ഫലപ്രദത്വവും സംബന്ധിച്ച് ലോകവ്യാപകമായ 3,600ൽപരം മെഡിക്കൽ പത്രികകളിൽ ഗവേഷണം നടത്താൻ കഴിയുന്നു. അനന്തരം അത് ആശുപത്രിബന്ധക്കമ്മിററികൾക്കും ആരോഗ്യപരിപാലനകേന്ദ്രങ്ങൾക്കും ചില ഡോക്ടർമാർക്കും ഈ വൈദ്യശാസ്ത്രപുരോഗതികൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്നു. (ചിലപ്പോൾ ആശുപത്രിവിജ്ഞാന സേവനം രക്തം കൂടാതെ എന്തു ചെയ്യാൻ കഴിയുമെന്ന് പ്രകടമാക്കുന്ന ലേഖനങ്ങൾ അയച്ചുകൊടുക്കുകയും ആശുപത്രികളിൽ നടക്കുന്ന ഏററുമുട്ടലുകൾക്കു പരിഹാരം വരുത്തുകയും ചെയ്തിട്ടുണ്ട്.) അത് നമ്മുടെ കേസുകളെ വർദ്ധിച്ച ഉൾക്കാഴ്ചയോടെ വീക്ഷിക്കാൻ ജഡ്ജിമാരെ സഹായിക്കുന്ന അനുകൂല കോടതിവിധികൾസംബന്ധിച്ചു കമ്മിററികളെ അറിയിച്ചുകൊണ്ടിരിക്കുന്നു. രക്തപ്പകർച്ചാ പ്രശ്നങ്ങൾ സംജാതമാകുമ്പോൾ കമ്മിററികൾക്ക് ഉപയോഗിക്കാൻ കാലാനുസൃത ഫയലുകളുണ്ടായിരിക്കുന്നതിന് സഹകരണമനോഭാവമുളള 7,000-ത്തിൽപരം ഭിഷഗ്വരൻമാരെ സംബന്ധിച്ചുളള രേഖകളും സൂക്ഷിക്കുന്നു.
6 ആശുപത്രിവിജ്ഞാനസേവനം ആശുപത്രിബന്ധക്കമ്മിററികളുടെ പരിശീലനത്തിനും വേലക്കും മേൽനോട്ടം വഹിക്കുകയുംചെയ്യുന്നു. അങ്ങനെയുളള കമ്മിററികളുളള നഗരങ്ങളിൽ അവ ആശുപത്രിജോലിക്കാരുമായുളള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ക്രമമായി അവർക്ക് വിജ്ഞാനപ്രദമായ വിവരങ്ങൾ പ്രദാനംചെയ്യുന്നു. അവ രക്തം ഉപയോഗിക്കാതെ നമ്മളെ ചികിൽസിക്കുന്ന മറേറതെങ്കിലും ഡോക്ടർമാരെ കണ്ടുപിടിക്കാനും ഈ ജോലിക്കാരോട് ആലോചന ചോദിക്കുകയും ചെയ്യുന്നു. ഈ സഹോദരൻമാർ നിങ്ങളെ സഹായിക്കാൻ ഒരുങ്ങിനിൽക്കുകയാണ്, എന്നാൽ അത് ഏററം ഫലപ്രദമായി ചെയ്യാൻ അടിത്തറ പാകുന്നതിന് നിങ്ങൾ നേരത്തെ സ്വീകരിക്കേണ്ട നിർണ്ണായകനടപടികളുണ്ട്.
നിർണ്ണായക മുൻനടപടികൾ—നിങ്ങൾ അവ സ്വീകരിച്ചുകഴിഞ്ഞോ?
7 ഒന്നാമതായി, കുടുംബത്തിലുളള എല്ലാവരും തങ്ങളുടെ വ്യക്തിപരമായ മെഡിക്കൽനിർദ്ദേശപ്രമാണം പൂർണ്ണമായി—തീയതിവെച്ചും ഒപ്പിട്ടും സാക്ഷ്യപ്പെടുത്തിയും—പൂരിപ്പിച്ചു സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. തീയതിവെക്കാത്തതും സാക്ഷ്യപ്പെടുത്താതുമായ അല്ലെങ്കിൽ ഏതെങ്കിലുമൊന്നു ചെയ്യാത്ത പ്രമാണവുമായി ആശുപത്രിയിൽ പ്രവേശിച്ച ചിലസഹോദരങ്ങളുടെ പ്രമാണത്തിന്റെ സാധുത വെല്ലുവിളിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ സ്നാപനമേൽക്കാത്ത മക്കൾക്കെല്ലാം പൂരിപ്പിച്ച തിരിച്ചറിയിക്കൽ കാർഡുകളുണ്ടോ? ഇല്ലെങ്കിൽ നിങ്ങളുടെ കുട്ടി ഉൾപ്പെടുന്ന ഒരു അടിയന്തിരസാഹചര്യത്തിൽ ആശുപത്രി ജീവനക്കാർ നിങ്ങളുടെ രക്തംസംബന്ധിച്ച നിലപാടും ആരെ വിളിക്കണമെന്നും എങ്ങനെ അറിയും?
8 അനന്തരം എല്ലാവരും എല്ലാസമയങ്ങളിലും ഈ പ്രമാണങ്ങൾ തങ്ങളോടുകൂടെ സൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടികൾ ഓരോ ദിവസവും സ്ക്കൂളിൽ പോകുന്നതിനു മുമ്പ്, അതെ, അവർ ഒരു കളിസ്ഥലത്തോ വിനോദസ്ഥലത്തുപോലുമോ പോകുന്നതിനു മുമ്പ് ഇതു ചെയ്തിട്ടുണ്ടോയെന്നു പരിശോധിക്കുക. ഈ പ്രമാണങ്ങൾ ജോലിസമയത്തും അവധിയിലായിരിക്കുമ്പോഴും അല്ലെങ്കിൽ ഒരു ക്രിസ്തീയകൺവെൻഷൻസമയത്തും നമ്മുടെ കൈവശം ഉണ്ടെന്ന് നമ്മളെല്ലാം ഉറപ്പുവരുത്തണം. അവ ഒരിക്കലും എടുക്കാതിരിക്കരുത്!
9 നിങ്ങൾ ആശുപത്രിയിലെ അത്യാഹിതമുറിയിൽ ബോധരഹിതനായും നിങ്ങൾക്കുവേണ്ടി സംസാരിക്കാൻ അപ്രാപ്തനായും ഒരു ഗുരുതരാവസ്ഥയിൽ വന്നെത്തുന്നുവെങ്കിൽ എന്തു സംഭവിക്കാമെന്നു ചിന്തിക്കുക. നിങ്ങൾക്ക് അപ്പോൾ പ്രമാണം കൈവശമില്ലാതിരിക്കുകയും നിങ്ങൾക്കുവേണ്ടി സംസാരിക്കാൻ ബന്ധുവോ മൂപ്പനോ ആശുപത്രിയിൽ ഇല്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്കു ‘രക്തം ആവശ്യ’മാണെന്ന് നിഗമനംചെയ്യപ്പെടുന്ന പക്ഷം നിങ്ങളിൽ രക്തപ്പകർച്ച നടത്താൻ ഇടയുണ്ട്. നിർഭാഗ്യവശാൽ ഇതു ചിലർക്കു സംഭവിച്ചിട്ടുണ്ട്. എന്നാൽ നമുക്ക് പ്രമാണമുളളപ്പോൾ, അത് നമ്മുടെ ആഗ്രഹം പ്രകടമാക്കിക്കൊണ്ട് നമുക്കുവേണ്ടി സംസാരിക്കും.
10 അതുകൊണ്ടാണ് ഒരു മെഡിക്കൽ പ്രമാണം ഒരു മെഡിക്കൽ ബ്രേസ്ലററിനെക്കാളോ നെക്ക്ലേസിനെക്കാളോ മെച്ചമായിരിക്കുന്നത്. ഒടുവിൽ പറഞ്ഞത് നമ്മുടെ നിലപാടുസംബന്ധിച്ച ബൈബിളധിഷ്ഠിതന്യായങ്ങളെ വിശദീകരിക്കുന്നില്ല, പ്രസ്താവിക്കപ്പെട്ടിരിക്കുന്നവയെ സ്ഥിരീകരിക്കുന്ന ഒപ്പുകളുമില്ല. ഒരു സഹോദരിയുടെ പ്രമാണത്തെസംബന്ധിച്ച് ഒരു കനേഡിയൻ കോടതിവിധി ഇങ്ങനെ പറഞ്ഞു: “താൻ ബോധരഹിതയാവുകയോ മറേറതെങ്കിലും വിധത്തിൽ തന്റെ ഇച്ഛകളറിയിക്കാൻ കഴിയാതെവരുകയോ ചെയ്യുന്നപക്ഷം രക്തപ്പകർച്ചകൾക്കു സമ്മതിക്കുന്നില്ല എന്ന് [രോഗി] സാദ്ധ്യമാകുന്ന ഏക വിധത്തിൽ ഡോക്ടർമാരെയും മററ് ആരോഗ്യപരിപാലകരെയും അറിയിക്കാൻ തീരുമാനിച്ചിരിക്കുന്നു.” അതുകൊണ്ട് ഒരിക്കലും അത് എടുക്കാതിരിക്കരുത്!
11 നമ്മുടെ മെഡിക്കൽ നിർദ്ദേശം മുഖ്യമായി അടിയന്തിരസാഹചര്യങ്ങളെ കൈകര്യംചെയ്യാനായതുകൊണ്ട് ശസ്ത്രക്രിയ എങ്ങനെയുളളതെന്നും ഡോക്ടർമാരുടെയും ആശുപത്രിയുടെയും പേരുകളും പോലെയുളള പ്രത്യേകവിവരങ്ങൾ ഉൾപ്പെടുത്താൻകഴിയത്തക്കവണ്ണം നമ്മൾതന്നെ സ്വയം തീരുമാനിക്കുന്ന ശസ്ത്രക്രിയയിൽ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളും കൂടുതൽ പൂർണ്ണമായ നിർദ്ദേശങ്ങളും (നമ്മുടെ മെഡിക്കൽനിർദ്ദേശത്തെ അടിസ്ഥാനപ്പെടുത്തി) മുൻകൂട്ടി എഴുതിയറിയിക്കുന്നത് ബുദ്ധിയായിരിക്കും. അങ്ങനെ ചെയ്യാനും അങ്ങനെ നിങ്ങളിഷ്ടപ്പെടുന്ന ചികിൽസക്ക് ഉറപ്പുവരുത്താനുമുളള അവകാശം നിങ്ങൾക്കുണ്ട്. നിങ്ങളും ഡോക്ടറും ഗുരുതരമായ പ്രശ്നങ്ങൾ പ്രതീക്ഷിക്കാതിരുന്നേക്കാമെങ്കിലും ഏതെങ്കിലും അപ്രതീക്ഷിതവികാസങ്ങളുണ്ടാകുന്ന പക്ഷം ഈ നിർദ്ദേശം അനുസരിക്കേണ്ടതാണെന്ന് വിശദീകരിക്കുക.—സദൃശ. 22:3.
12 അടുത്ത പ്രധാനപ്പെട്ട നടപടി സ്വയം തീരുമാനിക്കുന്നതോ അടിയന്തിരമോ ആയ ചികിൽസയിൽ നിങ്ങൾ ഇടപെടേണ്ടിവരുന്ന മെഡിക്കൽ ഭാരവാഹികളോടു സംസാരിക്കുകയാണ്. നിങ്ങൾ വിശേഷിച്ച് ആരോടാണ് സംസാരിക്കേണ്ടത്?
മെഡിക്കൽ ഭാരവാഹികളോടു സംസാരിക്കുക
13 മെഡിക്കൽ ടീം: മാനുഷഭയം കീഴടക്കരുതാത്ത ഒരു സമയമാണിത്. (സദൃശ. 29:25) നിങ്ങൾ ഉറപ്പില്ലാത്തവരായി കാണപ്പെടുന്നുവെങ്കിൽ നിങ്ങൾക്ക് ആത്മാർത്ഥതയില്ലെന്ന് ചിലർ തീരുമാനിച്ചേക്കാം. സ്വയം തെരഞ്ഞെടുക്കുന്നതോ അടിയന്തിരമോ ആയ ശസ്ത്രക്രിയ ആവശ്യമായിരിക്കുമ്പോൾ നിങ്ങളോ ഏററവുമടുത്ത കുടുംബാംഗമോ ശസ്ത്രക്രിയ നടത്തുന്ന ടീമിന്റെ തലവനോട് നിശ്ചയദാർഢ്യത്തോടെ ചില നിശിതമായ ചോദ്യങ്ങൾ ചോദിക്കണം. ഒരു പ്രധാനപ്പെട്ട ചോദ്യം ഇതാണ്: ടീം രോഗിയുടെ ആഗ്രഹങ്ങളെ ആദരിക്കുകയും എല്ലാ സാഹചര്യങ്ങളിലും രക്തംകൂടാതെ ചികിൽസിക്കുകയുംചെയ്യുമോ? ഈ ഉറപ്പു നൽകുന്നില്ലെങ്കിൽ നിങ്ങൾ നന്നായി സംരക്ഷിക്കപ്പെടുകയില്ല.
14 നിങ്ങളുടെ ആഗ്രഹങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായും മാന്യമായ ബോദ്ധ്യത്തോടെയും പ്രസ്താവിക്കുക. നിങ്ങളുടെ പ്രശ്നത്തിന് രക്തരഹിതമായ പകരചികിൽസയാണ് നിങ്ങൾക്കു വേണ്ടതെന്ന് വ്യക്തമാക്കുക. മുൻകൂട്ടിയുളള നിങ്ങളുടെ സ്വന്തം ചികിൽസാനിർദ്ദേശവും ഉത്തരവാദിത്തം ഏറെറടുക്കുന്ന ഫാറത്തിൽനിന്നുളള ആശുപത്രിയുടെ ഒഴിവും ശാന്തമായും ആത്മവിശ്വാസത്തോടെയും ചർച്ചചെയ്യുക. നിങ്ങളുടെ ആഗ്രഹങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ സർജൻ സന്നദ്ധനല്ലെങ്കിൽ നിങ്ങൾക്കുവേണ്ടി മറെറാരു ഡോക്ടറെ കണ്ടുപിടിക്കാൻ ആശുപത്രിമേധാവിയോട് ആവശ്യപ്പെടുന്ന പക്ഷം നിങ്ങൾ സമയം ലാഭിക്കുന്നതായിരിക്കും. അത് അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമാണ്.
15 അനസ്ത്യസ്യോളജിസ്ററ്:ശസ്ത്രക്രിയക്കുമുമ്പ നിങ്ങൾ സംസാരിക്കേണ്ട മെഡിക്കൽടീമിൽപെട്ടവരിൽ ഈ ഡോക്ടറോട് തീർച്ചയായും സംസാരിക്കാതിരിക്കരുത്. സർജൻ ഓപ്പറേഷൻ നടത്തുന്ന സമയത്ത് നിങ്ങളെ ജീവനോടെ കാക്കാനുളള ഉത്തരവാദിത്തത്തോടെ രക്തത്തിന്റെ ഉപയോഗം പോലുളള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് അനസ്തസ്യോളജിസ്ററാണ്. അതുകൊണ്ട് സർജനോടു സംസാരിക്കുന്നതുകൊണ്ടുമാത്രം നിങ്ങൾ പൂർണ്ണമായി സംരക്ഷിക്കപ്പെടുകയില്ല. അതുകൊണ്ട്, നിങ്ങളുടെ നിലപാടുസംബന്ധിച്ച് അനസ്ത്യസ്യോളജിസ്ററിനോടു സംസാരിക്കുകയും ബോദ്ധ്യപ്പെടുത്തുകയും നിങ്ങളുടെ നിലപാട് ആദരിക്കപ്പെടുമോ ഇല്ലയോ എന്നു നിശ്ചയപ്പെടുത്തുകയും വേണം.—ലൂക്കോസ് 18:3-5.
16 അനസ്തസ്യോളജിസ്ററ് ശസ്ത്രക്രിയയുടെ തലേ രാത്രിയിൽ വൈകിയവേളയിൽ ചുരുങ്ങിയ സമയത്തേക്കു രോഗിയെ സന്ദർശിക്കുന്നതാണ് സാധാരണനടപടി എന്നു തോന്നുന്നു—രക്തംസംബന്ധിച്ച നിങ്ങളുടെ നിലപാടിനോട് അദ്ദേഹത്തിന് എതിർപ്പാണെങ്കിൽ വളരെ വൈകിത്തന്നെ. സ്വയം തീരുമാനിക്കുന്ന ശസ്ത്രക്രിയ നടക്കുന്നതിനു വളരെമുമ്പേ നിങ്ങൾക്കു സംസാരിക്കാൻ കഴിയുന്ന സഹകരണമനോഭാവമുളള ഒരു അനസ്തസ്യോളജിസ്ററിനെ നേരത്തെ തെരഞ്ഞെടുക്കാൻ സർജനെ നിർബന്ധിക്കുക. അപ്പോൾ ആദ്യത്തെയാൾ നിങ്ങളുടെ ആഗ്രഹങ്ങളനുസരിക്കാൻ വിസമ്മതിക്കുന്നുവെങ്കിൽ മറെറാരാളെ കണ്ടുപിടിക്കാൻ സമയമുണ്ടായിരിക്കും. നിങ്ങളുടെ ശസ്ത്രക്രിയക്കുളള അനസ്തസ്യോളജിസ്ററിനെക്കുറിച്ചു തൃപ്തിയുണ്ടായിരിക്കാനുളള നിങ്ങളുടെ അവകാശം സംസാരിച്ചില്ലാതാക്കാൻ ശ്രമിക്കുന്നതിന് ആരെയും അനുവദിക്കരുത്.
17 രക്തം വേണ്ട എന്ന നിങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇവർക്കെല്ലാം വ്യക്തമാക്കിക്കൊടുക്കണം. നിങ്ങളുടെ കേസിൽ രക്തംകൂടാതെയുളള പകരചികിൽസ ഉപയോഗിക്കാൻ ആവശ്യപ്പെടുക. നിങ്ങളുടെ സാഹചര്യത്തിന് ഉപയോഗിക്കാവുന്നതായി അറിയപ്പെടുന്ന രക്തത്തിനു പകരമുളള ഏതെങ്കിലും വസ്തുവിന്റെ കാര്യം പറയുക. നിങ്ങളുടെ കേസിൽ ഇവ ഉപയോഗപ്രദമല്ല എന്ന് മെഡിക്കൽ ടീം വിചാരിക്കുന്നുവെങ്കിൽ മെഡിക്കൽ പുസ്തകങ്ങളിൽ മററു സാദ്ധ്യതകളുണ്ടോയെന്ന് ഗവേഷണംചെയ്യാൻ അവരോട് അപേക്ഷിക്കുക. ലോണാവ്ലാ ബ്രാഞ്ചാഫീസിലുളള ആശുപത്രി വിജ്ഞാനസേവനവുമായി സമ്പർക്കം പുലർത്താൻ നിങ്ങളുടെ മൂപ്പൻമാരോട് ആവശ്യപ്പെടുന്നതുമുഖേന അവർക്കു കുറെ വിവരങ്ങൾ, ആഗ്രഹിക്കുന്നുവെങ്കിൽ, കൊടുക്കാമെന്ന് അവർക്കു ഉറപ്പുകൊടുക്കുക.
നിങ്ങളുടെ അവകാശങ്ങൾ ഉപയോഗിക്കൽ
18 ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ ഉത്തരവാദിത്വത്തിൽനിന്നു വിടുതൽകൊടുക്കുന്ന ഫാറവും നിങ്ങൾ ഒപ്പിടാൻ ആശുപത്രി ആവശ്യപ്പെടുന്ന സമ്മതപത്രവും സശ്രദ്ധം പരിശോധിക്കുക. ചിലപ്പോൾ അവർ നിങ്ങളുടെ ആഗ്രഹങ്ങളെ മാനിക്കുമെന്ന് പ്രസ്താവിച്ചശേഷം ഉടനെതന്നെ തുടർന്നുവരുന്ന ഒരു ഖണ്ഡികയിൽ തങ്ങൾ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ ആശുപത്രിക്ക് “ജീവൻരക്തിക്കുന്ന” ചികിൽസ നടത്താൻ കഴിയുമെന്ന് ഒപ്പിട്ടയാൾ സമ്മതിക്കുന്നുവെന്നു പ്രഖ്യാപിക്കും. അതിൽ രക്തവും ഉൾപ്പെടാം. രക്തം ഒഴിവാക്കുന്നതിന് അങ്ങനെയുളള ഏതു പ്രസ്താവനകൾക്കും മാററംവരുത്താൻ അല്ലെങ്കിൽ അവ പൂർണ്ണമായി വെട്ടിക്കളയാൻ നിങ്ങൾക്ക് അവകാശമുണ്ട്. നിങ്ങൾക്ക് അതു ചെയ്യാവുന്നതല്ലെന്ന് നിങ്ങളോടു പറയാൻ നേഴ്സുമാർ ശ്രമിച്ചേക്കാം, എന്നാൽ നിങ്ങൾക്കു കഴിയും! അങ്ങനെയുളള ഒരു ഫാറം അവരുമായുളള ഒരു ഉടമ്പടിയാണെന്നും നിങ്ങൾക്ക് യോജിപ്പില്ലാത്ത ഒരു ഉടമ്പടിയിൽ ഒപ്പുവെക്കാൻ നിങ്ങൾക്കു സാദ്ധ്യമല്ലെന്നും വിശദീകരിക്കുക. നിങ്ങളുടെ ഇച്ഛക്കെതിരായി ഒപ്പുവെക്കാൻ ആരെങ്കിലും നിങ്ങളെ നിർബന്ധിക്കാൻ ശ്രമിക്കുന്നുവെങ്കിൽ മേധാവിയോടോ ആ ആരോഗ്യപരിപാലനകേന്ദ്രത്തിലെ പേഷ്യൻറ് റപ്രസന്റേററീവിനോടോ രണ്ടു പേരോടുമോ സംസാരിക്കാൻ ആവശ്യപ്പെടുക.
19 നിങ്ങൾക്ക് അങ്ങനെയുളള കാര്യങ്ങൾ ചെയ്യാൻകഴിയുമോ? ഉവ്വ്, കഴിയും. അതുകൊണ്ട് ഒരു രോഗിയെന്ന നിലയിലുളള നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം. നിങ്ങൾ ഒരു ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ ഈ മനുഷ്യാവകാശങ്ങൾ മുൻവാതിലിങ്കൽ ഇട്ടിട്ടില്ല. ചികിത്സ ലഭിക്കാൻ നിങ്ങൾ അവയെ കൈവിടേണ്ടതില്ല. മററു പ്രകാരത്തിൽ നിങ്ങളോട് പറയാൻ ആരെയും അനുവദിക്കരുത്.
20 അങ്ങനെയുളള ഒരു അവകാശം അറിവോടുകൂടിയ അനുമതിയെന്നു വിളിക്കപ്പെടുന്നു. അതിന്റെ അർത്ഥം നിങ്ങളുടെ അനുവാദം കൂടാതെ യാതൊരുതരം ചികിൽസയും നിങ്ങൾക്കു ചെയ്യാൻപാടില്ല എന്നാണ്. നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ സകലതരം ചികിൽസയും നിങ്ങൾക്ക് നിരസിക്കാൻ കഴിയും. ചികിത്സക്കുളള നിങ്ങളുടെ സമ്മതം മെഡിക്കൽ ടീം എന്തുചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നതിന്റെ വ്യക്തമായ ഒരു വിശദീകരണത്തിനു ശേഷമായിരിക്കണം, അതിൽ സകല അപകടസാദ്ധ്യതകളെക്കുറിച്ചുളള വിശദീകരണവും ഉൾപ്പെടണം. അടുത്തതായി, അവർ ലഭ്യമായ സകല പകരചികിത്സകളെക്കുറിച്ചും നിങ്ങളോടു പറയണം. പിന്നീട്, നിങ്ങൾക്ക് അറിവു കിട്ടിയശേഷം ഏതു ചികിത്സ നിങ്ങളാഗ്രഹിക്കുന്നുവെന്ന് നിങ്ങൾ തീരുമാനിക്കുന്നു.
21 നിങ്ങൾ സമ്മതിക്കുന്നതിനെക്കുറിച്ച് ഉറപ്പുണ്ടായിരിക്കുന്നതിന്, നിങ്ങൾക്കു മനസ്സിലാകാത്ത എന്തിനെക്കുറിച്ചും നിങ്ങൾ നല്ല ചോദ്യങ്ങൾ ചോദിക്കണം, വിശേഷിച്ച് ആശുപത്രിക്കാർ വലിയ പദങ്ങളോ മെഡിക്കൽ പദപ്രയോഗങ്ങളോ ഉപയോഗിക്കുന്നുവെങ്കിൽ. ദൃഷ്ടാന്തത്തിന്, താൻ പ്ലാസ്മാ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് ഒരു ഡോക്ടർ പറയുന്നുവെങ്കിൽ, അയാൾ ഒരു “പ്ലാസ്മാവ്യാപ്തവർദ്ധിനി”യെയാണ് പരാമർശിക്കുന്നതെന്ന് നിങ്ങൾ നിഷ്ക്കളങ്കമായി നിഗമനംചെയ്തേക്കാം, എന്നാൽ അങ്ങനെയല്ല. സമ്മതിക്കുന്നതിനുമുമ്പ് “അത് രക്തത്തിന്റെ ഒരു ഘടകമാണോ?”യെന്ന് ചോദിക്കുക. അദ്ദേഹത്തിന്റെ ഏതു ചികിൽസാനടപടി സംബന്ധിച്ചും “ആ ചികിൽസയിൽ രക്തോത്പന്നങ്ങളുടെ ഉപയോഗം ഉൾപ്പെടുന്നുണ്ടോ”യെന്ന് ചോദിക്കുക. അയാൾ ഉപയോഗിക്കാനിഷ്ടപ്പെടുന്ന ഏതെങ്കിലും നടപടിയെ അയാൾ വർണ്ണിക്കുന്നുവെങ്കിൽ “ഈ നടപടിയിൽ എന്റെ രക്തം ഏതെങ്കിലും സമയത്ത് ശേഖരിക്കപ്പെടുമോ”യെന്നു ചോദിക്കുക.
22 എന്നാൽ നിങ്ങൾ മേൽപ്പറഞ്ഞതെല്ലാം ചെയ്തശേഷവും സഹകരണമില്ലെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ നിലപാടിനോട് കുറെ എതിർപ്പുപോലുമുണ്ടെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? സഹായത്തിന് അപേക്ഷിക്കാൻ മടിക്കരുത്. ചിലർ സഹായം തേടുന്നതിന് വളരെ ദീർഘമായി കാത്തിരിക്കുകയും തങ്ങളുടെ ജീവനെത്തന്നെ അപകടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആവശ്യമുളള സമയത്ത് വിലപ്പെട്ട സഹായം
23 ആവശ്യമായ സഹായം ലഭിക്കുന്നതിനുളള പിൻവരുന്ന നടപടിക്രമം ശ്രദ്ധിക്കുക: (1) നിങ്ങളോ ഒരു പ്രിയപ്പെട്ടയാളോ സ്വയം തീരുമാനിച്ചതോ അടിയന്തിരമോ ആയ ശസ്ത്രക്രിയയെ അഭിമുഖീകരിച്ചാലുടനെ രക്തമുപയോഗിക്കാൻ ആശുപത്രിയാഗ്രഹിക്കുന്നതിനാൽ ഒരു ഏററുമുട്ടലുളളടത്ത്; അല്ലെങ്കിൽ (2) നിങ്ങളുടെ അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളുടെ മെഡിക്കൽ സാഹചര്യം ഗുരുതരമായി മോശമാകുകയാണെങ്കിൽ; അല്ലെങ്കിൽ (3) ഒരു കുട്ടിയുടെയോ (അല്ലെങ്കിൽ ഒരു മുതിർന്നയാളുടെയോ) കാര്യത്തിൽ തങ്ങൾ ഒരു കോടതിഉത്തരവ് വാങ്ങാൻ പോകുകയാണെന്ന് ഒരു ഡോക്ടറോ നേഴ്സോ ഒരു മേധാവിയോ പറയുന്നുവെങ്കിൽ, അപ്പോൾ:
24 നിങ്ങളുടെ സ്ഥലത്തെ മൂപ്പൻമാരെ വിളിക്കുക, നിങ്ങൾ അതുവരെ അങ്ങനെ ചെയ്തില്ലെങ്കിൽ. (തീർച്ചയായും, രക്തംസംബന്ധിച്ച നമ്മുടെ നിലപാടുനിമിത്തം നാം ഒരു ആരോഗ്യപരിപാലനകേന്ദ്രത്തിൽ പോകേണ്ട ഏതു സമയത്തും മൂപ്പൻമാരെ ജാഗരൂകരാക്കുന്നത് ജ്ഞാനമാർഗ്ഗമാണ്.) അടുത്തതായി, ആവശ്യമെന്നു തോന്നുന്നുവെങ്കിൽ മൂപ്പൻമാർ ലോണാവ്ലാ ബ്രാഞ്ചാഫീസിലെ ആശുപത്രി വിജ്ഞാനസേവനത്തെ വിളിക്കുന്നതായിരിക്കും.—യെശയ്യാവ് 32:1, 2.
25 ആശുപത്രിവിജ്ഞാനസേവനത്തിന് നിങ്ങളുടെ പ്രദേശത്തെ സഹകരണമനോഭാവമുളള ഒരു ഡോക്ടറെക്കുറിച്ചറിയാമായിരിക്കും, അല്ലെങ്കിൽ നിങ്ങളോട് ഏററം അടുത്തുളള ഒരാളുമായി നിങ്ങളെ സമ്പർക്കത്തിൽവരുത്താൻ കഴിഞ്ഞേക്കും. അവർക്ക് ലഭ്യമായ രക്തരഹിതപകരചികിൽസാരീതി ശുപാർശചെയ്യാൻ കഴിഞ്ഞേക്കും. തീർച്ചയായും ഈ സഹോദരങ്ങൾക്ക് നിങ്ങൾക്കുവേണ്ടി തീരുമാനങ്ങൾ ചെയ്യാൻകഴിയുകയില്ല, എന്നാൽ മിക്കപ്പോഴും കാര്യങ്ങൾ സംബന്ധിച്ച സൊസൈററിയുടെ വീക്ഷണം പരിഗണിക്കാൻ സഹായിക്കുന്നതിനും വൈദ്യശാസ്ത്രപരമായും നിയമപരമായും നിങ്ങൾക്കു തെരഞ്ഞെടുക്കാവുന്നവസംബന്ധിച്ചു നിങ്ങളെ ജാഗരൂകരാക്കാനും കഴിയും.
26 പിന്നെയും സഹകരിക്കാൻ മെഡിക്കൽ ടീമിനു മനസ്സില്ലെങ്കിൽ, അവർക്കു പകരം തന്റെ സ്ററാഫിൽ നിങ്ങളുടെ ഇച്ഛകളെ മാനിക്കുന്ന മററുളളവരെ നിയോഗിക്കുന്നതുസംബന്ധിച്ച് ആശുപത്രിമേധാവിയോടു സംസാരിക്കുക. അതു ചെയ്യാൻ മേധാവി വിമുഖനായിരിക്കുന്നുവെങ്കിൽ, മറെറവിടെയെങ്കിലും തീർച്ചയായും മറെറാരു സർജനെ കണ്ടെത്തുകമാത്രമല്ല, നിങ്ങൾക്കു സ്ഥലംമാററപ്പെടാൻ കഴിയുകയും ചെയ്യുമെങ്കിൽ മാത്രം സഹകരണമില്ലാത്ത ഡോക്ടർമാരുടെ പേർകാണിച്ചുകൊണ്ടും നിങ്ങളുടെ കേസിൽ അവരെ നീക്കംചെയ്തിരിക്കുന്നുവെന്നു പ്രസ്താവിച്ചുകൊണ്ടും മേധാവിക്ക് തീയതിവെച്ച് ഒരു എഴുതപ്പെട്ട പ്രസ്താവന ഒപ്പിട്ട് കൊടുക്കാൻ നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.
27 നിങ്ങൾക്ക് അതു ചെയ്യാൻ കഴിയുമോ? ഉവ്വ്, നിങ്ങൾക്ക് അതിനുളള അവകാശമുണ്ട്. സംഗതി പിന്നീട് ഒരു ന്യായാധിപന്റെ മുമ്പാകെ വരുന്നുവെങ്കിൽ, നിങ്ങളുടെ എഴുതപ്പെട്ട പ്രസ്താവനക്ക് നിങ്ങളുടെ ആഗ്രഹങ്ങൾ അദ്ദേഹം അംഗീകരിക്കുന്നതുസംബന്ധിച്ച് വളരെ സഹായകമായിരിക്കാൻ കഴിയും. സാധ്യതയനുസരിച്ച്, മററു സർജൻമാർക്ക് ഇപ്പോൾ കടന്നുവരാനും തങ്ങളുടെ സേവനം നിങ്ങൾക്കു വാഗ്ദാനംചെയ്യാനും ധാർമ്മികമായി വഴിതുറക്കാനും അതിനു കഴിഞ്ഞേക്കും. അതിപ്രധാനമായി, നിങ്ങളുടെ അവസ്ഥ അപകടകരമായി മോശമാകുന്നതിനുമുമ്പ് ആവശ്യമായ വൈദ്യശ്രദ്ധ നിങ്ങൾക്കു ലഭ്യമാക്കാൻ അതിനു കഴിയും. വളരെ ദീർഘമായി കാത്തിരിക്കരുത്!
28 ആരോഗ്യഇൻഷുറൻസ് നേടാൻ ആരോടും പറയാൻ ഞങ്ങൾക്കു കഴിയുകയില്ലെന്നിരിക്കെ, മററു പ്രകാരത്തിൽ സാധാരണ സഹകരണമുളള ഒരു ഡോക്ടറെക്കൊണ്ട് വേണ്ടത്ര അല്ലെങ്കിൽ ഒട്ടും മെഡിക്കൽ സുരക്ഷാക്രമീകരണം ഇല്ലാത്തവരെ ചികിൽസിപ്പിക്കുന്നതിൽ നമുക്കു മിക്കപ്പോഴും ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് നിങ്ങളെ അറിയിക്കേണ്ടിയിരിക്കുന്നു.
സൂക്ഷിക്കേണ്ട കോപാകുലമായ ചോദ്യങ്ങൾ
29 ഡോക്ടർമാരും മററു ചിലരും എല്ലായ്പ്പോഴും നല്ല ആന്തരത്തോടെയല്ലാതെ ചില ചോദ്യങ്ങൾ ചോദിക്കാറുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഡോക്ടർമാരും (ചില ജഡ്ജിമാരും) ഒട്ടുമിക്കപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്:
● “‘ജീവരക്താകരമായ രക്തപ്പകർച്ച’ സ്വീകരിക്കാതെ മരിക്കാനാണോ (അല്ലെങ്കിൽ നിങ്ങളുടെ കുട്ടി മരിക്കാനനുവദിക്കാനാണോ) നിങ്ങളാഗ്രഹിക്കുന്നത്?”
30 നിങ്ങൾ ഉവ്വ് എന്ന് ഉത്തരം പറയുന്നുവെങ്കിൽ അത് മതപരമായ ഒരു അർത്ഥത്തിൽ ശരിയായിരിക്കും. എന്നാൽ ആ മറുപടിയെ മിക്കപ്പോഴും തെററിദ്ധരിക്കുകയും ചിലപ്പോൾ പ്രതികൂല കോടതിവിധികൾ ഉളവാക്കുകപോലും ചെയ്യുന്നു. ഈ സാഹചര്യത്തിൽ നിങ്ങൾ ശുശ്രൂഷയിലേർപ്പെടുകയല്ലെന്ന് ഓർത്തിരിക്കണം. എന്നാൽ നിങ്ങൾ ആവശ്യമായ വൈദ്യചികിൽസയെക്കുറിച്ചു സംസാരിക്കുകയാണ്. അതുകൊണ്ട് നിങ്ങൾ മെഡിക്കലോ നിയമപരമോ ആയ സദസ്സിനോട് പൊരുത്തപ്പെടേണ്ടതുണ്ട്.—സങ്കീ. 39:1; കൊലോ. 4:5, 6.
31 “ഉവ്വ്” എന്നതിന് ഒരു ജഡ്ജിയോ ഒരു ഡോക്ടറോ ഒരു ആശുപത്രിമേധാവിയോ വിചാരിക്കുന്ന അർത്ഥം നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിനുവേണ്ടി ഒരു രക്തസാക്ഷിയാകാനോ നിങ്ങളുടെ കുട്ടിയെ ബലിചെയ്യാനോ ആഗ്രഹിക്കുന്നുവെന്നായിരിക്കാം. ഈ സാഹചര്യത്തിൽ പുനരുത്ഥാനത്തിലുളള നിങ്ങളുടെ ശക്തമായ വിശ്വാസത്തെക്കുറിച്ച് അവരോടു പറയുന്നത് സാധാരണയായി സഹായകമാകുകയില്ല. ജീവൻ അപകടത്തിലായിരിക്കുമ്പോൾ സയുക്തികമായ തീരുമാനങ്ങൾചെയ്യാൻ അപ്രാപ്തനായ ഒരു മതഭ്രാന്തനാണു നിങ്ങളെന്ന് അവർ മുദ്രയടിക്കും. കുട്ടികളുടെ കാര്യത്തിൽ, “ജീവദായക”മെന്നു വിളിക്കപ്പെടുന്ന വൈദ്യചികിൽസ സ്വീകരിക്കാൻ വിസമ്മതിക്കുന്ന ഉദാസീനനായ ഒരു പിതാവോ മാതാവോ ആയി അവർ നിങ്ങളെ വീക്ഷിക്കും.
32 എന്നാൽ നിങ്ങൾ അങ്ങനെ വൈദ്യചികിൽസ നിഷേധിക്കുകയല്ല. ഏതു തരം ചികിൽസ എന്നതുസംബന്ധിച്ച് നിങ്ങൾ ഡോക്ടറോടു യോജിക്കാതിരിക്കുന്നുവെന്നേയുളളു. ഈ നിലപാട് മിക്കപ്പോഴും അവരെയും നിങ്ങളെയും സംബന്ധിച്ച് മുഴുചിത്രത്തിനും മാററം വരുത്തിയേക്കാം. മാത്രവുമല്ല, രക്തം സുരക്ഷിതമാണെന്നും “ജീവദായകമായ” ഏക ചികിൽസ അതുമാത്രമാണെന്നും തോന്നിപ്പിക്കുന്നത് അവരെ സംബന്ധിച്ചടത്തോളം വഴിതെററിക്കലാണ്. (രക്തത്തിനു നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും?, പേജ് 7-22 കാണുക.) അതുകൊണ്ട് നിങ്ങൾ ആ പോയിൻറ് വളരെ വ്യക്തമാക്കണം. നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? നിങ്ങൾക്ക് ഇങ്ങനെ ഉത്തരംപറയാവുന്നതാണ്:
● “ഞാൻ (എന്റെ കുട്ടി) മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ (എന്റെ കുട്ടി) മരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നുവെങ്കിൽ ഞാൻ വീട്ടിൽത്തന്നെ കഴിഞ്ഞേനെ. എന്നാൽ (എന്റെ കുട്ടി) ജീവിച്ചിരിക്കാൻ വൈദ്യചികിൽസക്കുവേണ്ടിയാണ് ഞാൻ ഇവിടെ വന്നത്. ഞാൻ ആഗ്രഹിക്കുന്നത് എന്റെ (എന്റെ കുട്ടിയുടെ ) കേസ് രക്തരഹിതമായ വൈദ്യചികിൽസകൊണ്ടു കൈകാര്യംചെയ്യാനാണ്. പകരമരുന്നുകൾ ലഭ്യമാണ്.”
33 ഡോക്ടർമാർ അല്ലെങ്കിൽ ജഡ്ജിമാർ മിക്കപ്പോഴും ചോദിക്കുന്ന മററു പല ചോദ്യങ്ങൾ ഇവയാണ്:
● “കോടതിഉത്തരവിലൂടെ രക്തപ്പകർച്ച അടിച്ചേൽപ്പിച്ചാൽ നിങ്ങൾക്ക് എന്തു സംഭവിക്കും? നിങ്ങൾ ഉത്തരവാദിയാകുമോ?”
● “ഒരു രക്തപ്പകർച്ച സ്വീകരിക്കുന്നത് അല്ലെങ്കിൽ നിങ്ങളിൽ അത് അടിച്ചേൽപ്പിക്കുന്നത് നിങ്ങളുടെ മതത്തിൽനിന്ന് നിങ്ങൾ തളളപ്പെടാനിടയാക്കുമോ അല്ലെങ്കിൽ നിത്യജീവൻ നിഷേധിക്കപ്പെടുമോ? നിങ്ങൾ നിങ്ങളുടെ സഭയാൽ എങ്ങനെ വീക്ഷിക്കപ്പെടും?”
34 അങ്ങനെയുളള ഒരു കേസിൽ ജഡ്ജി തീരുമാനിക്കുന്നതിന് താൻ ഉത്തരവാദിയാകുകയില്ലെന്ന് ഒരു സഹോദരി ഒരു ജഡ്ജിയോടു പ്രതിവചിച്ചു. ഒരു കാഴ്ചപ്പാടിൽ ശരിയാണെങ്കിലും അവൾ ഉത്തരവാദിയാകുകയില്ലാത്തതുകൊണ്ട് അവൾക്കുവേണ്ടി തനിക്ക് ഉത്തരവാദിത്വമെടുക്കാമെന്ന് അതിനർത്ഥമുണ്ടെന്ന് ഒരു ജഡ്ജി കരുതി. അയാൾ ഒരു രക്തപ്പകർച്ചക്ക് ഉത്തരവിട്ടു.
35 ഈ ചോദ്യങ്ങൾ ചോദിക്കുന്നതിനാൽ സാധാരണയായി ചിലർ രക്തം സ്വീകരിക്കുന്നതിനുളള നിങ്ങളുടെ വിസമ്മതത്തിൽ പഴുതുകണ്ടെത്താനാണ് നോക്കുന്നത് എന്നു നിങ്ങൾ മനസ്സിലാക്കണം. ചിന്തയില്ലാതെ അവർക്കു പഴുതുകൊടുക്കരുത്! അതുകൊണ്ട് നാം ആ തെററിദ്ധാരണ എങ്ങനെ ഒഴിവാക്കും? നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാവുന്നതാണ്:
● ഏതെങ്കിലും വിധത്തിൽ എന്റെമേൽ രക്തം അടിച്ചേൽപ്പിക്കുകയാണെങ്കിൽ, അതു ഞാൻ ബലാൽസംഗംചെയ്യപ്പെടുന്നതുപോലെതന്നെയായിരിക്കും. എന്റെമേലുളള ആ ആവശ്യമില്ലാത്ത ആക്രമണം നിമിത്തം ഞാൻ ആയുസ്സിന്റെ ശേഷിച്ച കാലത്ത് വൈകാരികവും ആത്മീയവുമായ ഭവിഷ്യത്തുകൾ അനുഭവിക്കും. എന്റെ സമ്മതം കൂടാതെയുളള എന്റെ ശരീരത്തിൻമേലുളള കടന്നാക്രമണത്തെ ഞാൻ സർവശക്തിയുമുപയോഗിച്ച് എതിർക്കും. ഞാൻ ഒരു ബലാൽസംഗക്കേസിലെന്നപോലെ, എന്റെ ആക്രമണകാരികളെ ശിക്ഷിക്കാൻ സകല ശ്രമവും നടത്തും.”
36 രക്തപ്പകർച്ചയുടെ അടിച്ചേൽപ്പിക്കൽ നമുക്ക് നമ്മുടെ ശരീരത്തിന്റെ അറക്കത്തക്ക ഒരു അശുദ്ധമാക്കലാണെന്നുളള ശക്തവും സ്പഷ്ടവുമായ ധാരണ ഉളവാക്കപ്പെടണം. അത് നിസ്സാരസംഗതിയല്ല. അതുകൊണ്ട് ഉറച്ചനില സ്വീകരിക്കുക. നിങ്ങൾ രക്തരഹിത മെഡിക്കൽ ചികിൽസ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുക.
ഒരുങ്ങിയിരിക്കാൻ നിങ്ങൾ എന്തു ചെയ്യും?
37 ആവശ്യമില്ലാത്ത ഒരു രക്തപ്പകർച്ചയിൽനിന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിന് നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളാണ് നാം പുനരവലോകനം ചെയ്തത്. (പിന്നീട്, ശിശുക്കൾക്കും കുട്ടികൾക്കും രക്തപ്പകർച്ചകൊടുക്കുമെന്നു ഭീഷണിപ്പെടുത്തുമ്പോൾ സംജാതമാകുന്ന പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകാൻ ഞങ്ങൾ ആശിക്കുന്നു.) ആവശ്യമുളള ഒരു സമയത്ത് സഹായം നല്കാൻ സൊസൈററി സ്നേഹപൂർവം ചെയ്തിരിക്കുന്നതെന്തെന്നും നാം കണ്ടിരിക്കുന്നു. വിശ്വാസത്തെ വെല്ലുവിളിക്കുന്ന ഒരു മെഡിക്കൽ സാഹചര്യത്തെ അഭിമുഖീകരിക്കാൻ നിങ്ങൾ ഒരുങ്ങിയിരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ നിങ്ങൾ ഈ വിവരങ്ങൾ സംബന്ധിച്ച് എന്തു ചെയ്യണം?
ഒന്നാമത്: ഈ കാര്യങ്ങൾ പരിചിന്തിക്കുന്നതിനും, വിശേഷാൽ ഒരു അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ എന്തു പറയുമെന്നും ചെയ്യുമെന്നും പരിശീലിക്കുന്നതിനുമായി ഒരു കുടുംബചർച്ച ഏർപ്പാടുചെയ്യുക.
അടുത്തതായി: നിങ്ങൾക്കാവശ്യമായ എല്ലാ പ്രമാണങ്ങളും നിങ്ങൾക്കുണ്ടായിരിക്കുന്നതിൽ ശ്രദ്ധിക്കുക.
പിന്നീട്: ‘രക്തം വർജ്ജിച്ചുകൊണ്ടിരിക്കാനുളള’ നിങ്ങളുടെ ഉറച്ച തീരുമാനത്തിൽ നിങ്ങളെ പിന്താങ്ങാൻ ഇത് യഹോവയോടുളള സഗൗരവപ്രാർത്ഥനക്കുളള വിഷയമാക്കുക. രക്തംസംബന്ധിച്ചുളള അവന്റെ നിയമത്തിന്റെ അനുസരണം അനന്തജീവനുവേണ്ടിയുളള അവന്റെ അനുഗ്രഹം സംബന്ധിച്ച് നമുക്ക് ഉറപ്പുനൽകുന്നു.—പ്രവൃത്തികൾ 15:29; സദൃശ. 27:11, 12
[9-ാം പേജിലെ ചതുരം]
ഏതെങ്കിലും മെഡിക്കൽ സാഹചര്യം രക്തപ്പകർച്ച നടത്തുമെന്നു ഭീഷണിയുണ്ടാകത്തക്ക ഘട്ടംവരെ ഗുരുതരമായി വഷളാകുന്നുവെങ്കിൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഈ ചതുരം പരിശോധിക്കുക:
1. നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ സഭയിലെ മൂപ്പൻമാരെ വിളിക്കുക.
2. ആവശ്യമെങ്കിൽ മൂപ്പൻമാരെക്കൊണ്ട് ലോണാവ്ലാ ബ്രാഞ്ചാഫീസിലെ ആശുപത്രിവിജ്ഞാന സേവനത്തെ വിളിപ്പിക്കുക.
3. ഡോക്ടർമാരോടും മററുളളവരോടും സംസാരിക്കുന്നതിന് മൂപ്പൻമാർക്ക് നിങ്ങളെ സഹായിക്കാൻ കഴിയും.
4. പകരമരുന്നുകൾ സംബന്ധിച്ച് ഇപ്പോഴത്തെ സർജൻമാരുമായി ആലോചിക്കുന്നതിന് മററു ഡോക്ടർമാരുമായി സമ്പർക്കം പുലർത്താൻ മൂപ്പൻമാർക്കു നിങ്ങളെ സഹായിക്കാൻ കഴിയും.
5. ആവശ്യമായ ചികിൽസക്കുവേണ്ടി കൂടുതൽ ആദരവുകാട്ടുന്ന ഒരു ആശുപത്രിയിലേക്കു മാറാനും മൂപ്പൻമാർക്കു നിങ്ങളെ സഹായിക്കാൻ കഴിയും.
[7-ാം പേജിലെ ആകർഷകവാക്യം]
ആവശ്യം വരുമ്പോൾ പെട്ടെന്നു കണ്ടെത്താൻ കഴിയുന്നിടത്ത് ഈ വിവരങ്ങൾ സൂക്ഷിക്കുക