“ഭേദമാക്കാവുന്ന” രോഗങ്ങളുടെ തിരിച്ചുവരവ് എന്തുകൊണ്ട്?
ഒരു വീട് ശരിക്കും ഒന്നു വൃത്തിയാക്കിയതേയുള്ളൂ. എങ്കിലും ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിയുന്നതോടെ പൊടിയും ചെളിയും കുറേശ്ശെയായി പിന്നെയും പ്രത്യക്ഷമാകുന്നു. അതുകൊണ്ട് ശരിക്കുമുള്ള ഒരു വൃത്തിയാക്കൽ മതിയാകുന്നില്ല. തുടർച്ചയായ സംരക്ഷണം അത്യാവശ്യമാണ്.
ആധുനിക മരുന്നുകൾ മലമ്പനിയെയും ക്ഷയത്തെയും സിഫിലിസിനെയും ശരിക്കും വൃത്തിയാക്കിയതായി കുറെക്കാലത്തേക്കു തോന്നി. എന്നാൽ ഗവേഷണത്തിലൂടെയും ചികിത്സയിലൂടെയും ഉള്ള അവശ്യ സംരക്ഷണത്തിന്റെ കാര്യം എല്ലായ്പോഴുംതന്നെ അവഗണിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ “പൊടിയും ചെളിയും” വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. “ഗോളവ്യാപകമായി, മലമ്പനിയുടെ സ്ഥിതി ഗുരുതരമാണ്, ഒന്നിനൊന്നു വഷളായിക്കൊണ്ടിരിക്കുകയുമാണ്” എന്ന് ലോകാരോഗ്യ സംഘടനയിലെ [WHO] ഡോ. ഹിറോഷി നാകാജിമ പറയുന്നു. “ക്ഷയം ഊററമായ ശക്തിയോടെ തിരിച്ചെത്തിയിരിക്കുന്ന വിവരം ആളുകൾ തിരിച്ചറിയേണ്ടിയിരിക്കുന്നു” എന്നു ക്ഷയരോഗ വിദഗ്ധനായ ഡോ. ലീ റൈക്ക്മൻ മുന്നറിയിപ്പു നൽകുന്നു. ഈ പതിററാണ്ടിന്റെ ആരംഭത്തിൽ ദ ന്യൂയോർക്ക് ടൈംസ് ഇപ്രകാരം പ്രഖ്യാപിച്ചു: “സിഫിലിസിന്റെ പുതിയ ആവിർഭാവം 1949-മുതൽ ഏററവും ഉയർന്ന നിരക്കിലാണ്.”
മലമ്പനി—ലോകത്തിന്റെ പാതിയോളം ഭീഷണിയിൽ
മിക്കവാറും പിഴുതുമാററപ്പെട്ടിരിക്കുന്നു എന്നു പ്രഖ്യാപിച്ചതിന് ഏതാണ്ട് 40 വർഷങ്ങൾക്കുശേഷം ഇപ്പോഴിതാ മലമ്പനി അഫ്ഗാനിസ്ഥാനിലും ഇൻഡ്യയിലും ഇൻഡോനേഷ്യയിലും കംബോഡിയയിലും ചൈനയിലും തായ്ലൻഡിലും ബ്രസീലിലും വിയററ്നാമിലും ശ്രീലങ്കയിലും ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിലും ഗൗരവതരമായ ഒരു ഭീഷണി ഉയർത്തുന്നു. “ഓരോ മിനിററിലും രണ്ടു കുട്ടികളാണു രോഗബാധമൂലം മരിക്കുന്നത്” എന്ന് ഫ്രഞ്ച് വർത്തമാനപത്രമായ ലീ ഫീഗാറോ റിപ്പോർട്ടു ചെയ്യുന്നു. വർഷംതോറുമുള്ള മരണനിരക്ക് 20 ലക്ഷമാണ്—എയ്ഡ്സ് മൂലം മരണമടയുന്നവരെക്കാൾ വളരെക്കൂടുതൽ.
27 കോടിയോടടുത്ത് ആളുകളെ മലമ്പനി പരാദം ബാധിച്ചിരിക്കുന്നു. എന്നാൽ 220 കോടി ആളുകൾക്കു രോഗം പിടിപെടാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. “ഒരിക്കൽ നീക്കം ചെയ്യപ്പെടുകയോ ലോക ജനസംഖ്യയുടെ 90 ശതമാനത്തിന്റെ ഇടയിൽ വലിയ അളവിൽ നിയന്ത്രിക്കപ്പെടുകയോ ചെയ്ത മലമ്പനി നമ്മിൽ 40 ശതമാനത്തിൽ അധികം ആളുകളെ ഇപ്പോൾ ഭീഷണിപ്പെടുത്തുന്നത് എങ്ങനെയാണ്?” എന്ന് ന്യൂ സയൻറിസ്ററിൽ ഫിലീഡാ ബ്രൗൺ ചോദിക്കുന്നു. കാരണങ്ങൾ പലതാണ്.
വനനശീകരണവും കുടിയേറിപ്പാർക്കലും. കൊതുകു നിറഞ്ഞ മഴക്കാടു പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളാണു ബ്രസീലിൽ മലമ്പനിയുടെ പൊട്ടിപ്പുറപ്പെടലിനു കാരണമേകിയത്. “കൊതുകുകളുടെ ലോകത്തേക്കുള്ള ഒരു ഇരച്ചുകയററമാണ് ഉണ്ടായത്” എന്ന് രോഗപ്രതിരോധ വിദഗ്ധനായ ക്ലോഡ്യോ റീബേറോ പറയുന്നു. വാസികൾക്ക് “മലമ്പനി വന്നിട്ടില്ലായിരുന്നു, അതിനോടുള്ള പ്രതിരോധ ശക്തിയുമില്ലായിരുന്നു.”
ദേശാടനം. തൊഴിൽ വേട്ടക്കാരായ അഭയാർഥികൾ മ്യാൻമാറിൽ നിന്നും തായ്ലൻഡിലെ ഒരു ചെറു പട്ടണമായ ബോറൈയിലെ വജ്ര ഖനികളിലേക്കു കൂട്ടം കൂട്ടമായി പോകുന്നു. “അവരുടെ നിരന്തരമാററം മലമ്പനി നിയന്ത്രണം അസാധ്യമാക്കിത്തീർക്കുന്നു” എന്ന് ന്യൂസ്വീക്ക് റിപ്പോർട്ടു ചെയ്യുന്നു. മാസംതോറും 10,000 മലമ്പനി കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്നു—ഖനിത്തൊഴിലാളികളുടെ ഇടയിൽ മാത്രം!
ടൂറിസം. മലമ്പനി-ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന പലരും ഭവനത്തിൽ തിരിച്ചെത്തുന്നതു രോഗം ബാധിച്ചാണ്. അങ്ങനെ, 1991-ൽ ഐക്യനാടുകളിൽ 1,000-ഉം യൂറോപ്പിൽ 10,000-ഉം പേർക്കു രോഗമുള്ളതായി രോഗനിർണയ പരിശോധനകൾ വെളിപ്പെടുത്തി. വർഷംതോറും നൂറുകണക്കിനു വിനോദയാത്രികരും മറുനാട്ടിൽനിന്നുള്ള ജോലിക്കാരും രോഗബാധിതരായി കാനഡായിലേക്കു മടങ്ങുന്നു. ഒരു ദുരന്ത സംഭവം ഇങ്ങനെയായിരുന്നു, ഒരു കുടുംബം ആഫ്രിക്കയിൽ നിന്നു മടങ്ങിയെത്തിയ ഉടൻതന്നെ കുട്ടികൾക്കു രണ്ടുപേർക്കും പനിപിടിച്ചു. അത് മലമ്പനി ആയിരിക്കുമെന്നുള്ള സംശയം ഡോക്ടർക്ക് തോന്നിയില്ല. “മാതാപിതാക്കൾ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വളരെ വൈകിയിരുന്നു” എന്ന് റെറാറൊന്റോ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്തു. “അവർ രണ്ടുപേരും മണിക്കൂറുകൾക്കുള്ളിൽ മരണമടഞ്ഞു.”
മരുന്നിനെ ചെറുക്കുന്ന ഇനം. മരുന്നിനെ ചെറുക്കുന്ന ഇനങ്ങളിലുള്ള മലമ്പനി ആഫ്രിക്കയിലെ ഉഷ്ണമേഖലയിലുടനീളം വ്യാപിച്ചിരിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ “ചില ഇനങ്ങൾ പെട്ടെന്നുതന്നെ ചികിത്സിച്ചുമാററാൻ പററാത്ത തരത്തിലാകത്തക്കവിധം മരുന്നിനോടുള്ള പ്രതിരോധശക്തി അത്ര പെട്ടെന്നു നേടുകയാണ്.”
വിഭവങ്ങളുടെ അഭാവം. ബഡ്ള് സ്മിയർ എന്ന് അറിയപ്പെടുന്ന ഒരു ലളിതമായ പരിശോധന നടത്തുന്നതിനുള്ള ഉപകരണം ചില സ്ഥലങ്ങളിലെ ക്ലിനിക്കുകളിലില്ല. മററു ചില സ്ഥലങ്ങളിൽ ആരോഗ്യ ബജററിന്റെ വലിയൊരു ഭാഗം മററ് അടിയന്തിരാവശ്യങ്ങൾക്കു വേണ്ടിവരുന്നു. ഇതുമൂലം കീടനാശിനികളും മരുന്നുകളും വേണ്ടത്ര ഇല്ലാതെ വരുന്നു. ചിലപ്പോൾ അത് ലാഭത്തിന്റെ ഒരു പ്രശ്നം ആണ്. “ഉഷ്ണമേഖലാ രോഗങ്ങളുടെ ചികിത്സയിൽ ലാഭമൊന്നും ഇല്ല, എന്തുകൊണ്ടെന്നാൽ, രോഗബാധിതർക്കു പൊതുവേ മരുന്നുകളുടെ വില താങ്ങാനാവുന്നില്ല,” ന്യൂ സയൻറിസ്ററ് സമ്മതിക്കുന്നു.
ക്ഷയം—പുതിയ തന്ത്രങ്ങളോടെ ഒരു പഴയ കൊലയാളി
ക്ഷയത്തെ വരുതിയിൽ നിർത്താമെന്നു വാഗ്ദാനം ചെയ്ത സ്ട്രെപ്റേറാമൈസിൻ എന്ന മരുന്ന് 1947-ൽ പ്രയോഗത്തിൽ വന്നു. ക്ഷയം എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെടുമെന്ന് അന്ന് ആളുകൾ വിചാരിച്ചു. എന്നാൽ സാഹചര്യം മോശമാണെന്ന് ചില രാജ്യങ്ങളിൽ ആളുകൾ പൊടുന്നനെ മനസ്സിലാക്കി. സമീപ വർഷങ്ങളിൽ ക്ഷയരോഗ നിരക്കുകൾ വൻതോതിൽ വർധിച്ചിരിക്കുകയാണ്. “അമേരിക്കയിലെ ദരിദ്രബാധിത പ്രദേശങ്ങളിലെ ക്ഷയരോഗ നിരക്കുകൾ ആഫ്രിക്കയിൽ സഹാറാ മരുഭൂമിക്കു ചുററും കിടക്കുന്ന അങ്ങേയററം ദരിദ്ര രാജ്യങ്ങളിലെ ക്ഷയരോഗ നിരക്കുകളെക്കാൾ വഷളാണ്” എന്ന് വാഷിങ്ടൺ പോസ്ററ് റിപ്പോർട്ടു ചെയ്യുന്നു. ഐവറി കോസ്ററിൽ ഒരു ജേർണൽ അതിനെ “ക്ഷയരോഗത്തിന്റെ മൃഗീയമായ ഒരു നാനം” എന്നു വിളിക്കുന്നു.
ഡോ. മൈക്കിൾ ഇസ്മൻ ഇപ്രകാരം വിലപിക്കുന്നു: “അത് എങ്ങനെ ഭേദമാക്കണമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അത് ഞങ്ങളുടെ വരുതിയിലായിരുന്നു. എന്നാൽ ഞങ്ങൾക്ക് അതിന്റെ പിടിവിട്ടുപോയി.” ക്ഷയരോഗത്തിനെതിരെയുള്ള യുദ്ധത്തിന് പ്രതിബന്ധം സൃഷ്ടിച്ചത് എന്താണ്?
എയ്ഡ്സ്. അത് രോഗബാധയ്ക്കെതിരെയുള്ള ഒരു വ്യക്തിയുടെ പ്രതിരോധ ശക്തി നഷ്ടപ്പെടുത്തുന്നതിനാൽ എയ്ഡ്സ് ക്ഷയത്തിന്റെ പുനരാഗമനത്തിനുള്ള ഒരു മുഖ്യ കാരണമായി കണക്കാക്കപ്പെടുന്നു. “മറെറന്തെങ്കിലും കാരണത്താൽ അവർ ആരംഭത്തിൽ മരിക്കുന്നില്ലെങ്കിൽ, സത്യത്തിൽ ക്ഷയരോഗ ബാക്ടീരിയാ വാഹകരായ എയ്ഡ്സ് രോഗികളിൽ 100 ശതമാനത്തിനും ക്ഷയരോഗം ഉണ്ടാകും” എന്ന് ഡോ. ഇസ്മൻ പറയുന്നു.
പരിസരം. ജയിലുകൾ, നഴ്സിംഗ് ഹോമുകൾ, ഭവനരഹിതർക്കുള്ള അഭയകേന്ദ്രങ്ങൾ, ആശുപത്രികൾ, മററു സ്ഥാപനങ്ങൾ എന്നിവക്കെല്ലാം ക്ഷയരോഗ വളർച്ചക്കുള്ള അനുകൂല ചുററുപാടുകളാകാവുന്നതാണ്. ഒരു ആശുപത്രിയിലെ എയ്റോസോൾ ഉപയോഗിച്ചുള്ള ചികിത്സ ന്യുമോണിയ രോഗികളുടെ ചുമ വർധിപ്പിച്ചു. അങ്ങനെ ജീവനക്കാരുടെ ഇടയിൽ ക്ഷയരോഗം സത്യത്തിൽ ഒരു പകർച്ചവ്യാധി ആയിത്തീർന്നു.
വിഭവങ്ങളുടെ അഭാവം. ക്ഷയരോഗം വരുതിയിലാണെന്നു കണ്ട ഉടൻ അതിനുവേണ്ടി മാററി വച്ചിരുന്ന തുക തീർന്നുപോയി. പൊതുജന ശ്രദ്ധയും മററുള്ളിടങ്ങളിലേക്കു തിരിഞ്ഞു. “ക്ഷയരോഗത്തെ നീക്കം ചെയ്യുന്നതിനു പകരം നാം ക്ഷയരോഗം സംബന്ധിച്ച പദ്ധതികളെ നീക്കം ചെയ്തു” എന്ന് ഡോ. ലീ റെയ്മൻ പറയുന്നു. ജീവരസതന്ത്രജ്ഞനായ പാട്രിക്ക് ബ്രെന്നാൻ ഇപ്രകാരം പറയുന്നു: “1960-കളുടെ ആരംഭത്തിൽ ക്ഷയരോഗ പ്രതിരോധ മരുന്നുകളുടെ വികസനത്തിനു വേണ്ടി സതീക്ഷ്ണം പ്രവർത്തിച്ചു. പക്ഷേ അതിൽ നിന്നു പുറത്തുപോരാൻ ഞാൻ തീരുമാനിച്ചു. എന്തുകൊണ്ടെന്നാൽ ക്ഷയം ഭേദമായി എന്നു ഞാൻ വിചാരിച്ചു.” അങ്ങനെ ക്ഷയരോഗത്തിന്റെ തിരിച്ചുവരവ് ഡോക്ടർമാർ പ്രതീക്ഷിക്കുകയോ തയ്യാറെടുക്കുകയോ ചെയ്യാത്ത ഒന്നായിരുന്നു. “ഞാൻ വീണ്ടും ഒരിക്കലും കാണുകയില്ലെന്ന് എന്റെ മെഡിക്കൽ സ്കൂൾ അധ്യാപിക പറഞ്ഞ രോഗത്തിന്റെ നാലു പുതിയ കേസുകൾ ഒരാഴ്ചയിൽത്തന്നെ [1989-ന്റെ ആരംഭത്തിൽ] ഞാൻ കാണുകയുണ്ടായി” എന്ന് ഒരു ഡോക്ടർ പറഞ്ഞു.
സിഫിലിസ്—ഒരു മാരകമായ തിരിച്ചുവരവ്
പെൻസിലിൻ ഫലപ്രദമായിരുന്നിട്ടും സിഫിലിസ് ആഫ്രിക്കയിൽ വളരെ വ്യാപകമാണ്. ഐക്യനാടുകളിൽ അത് 40 വർഷത്തിനുള്ളിൽ ഏററവും ശക്തിയാർജിച്ച ഒരു തിരിച്ചുവരവു നടത്തുകയാണ്. ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച് സിഫിലിസ് ഇപ്പോൾ “ആ രോഗം കണ്ടിട്ടേയില്ലാത്ത—ഉണ്ടെങ്കിൽത്തന്നെ ഒന്നോ ഒററയോ മാത്രം കണ്ടിട്ടുള്ള ഒരു തലമുറയിലെ ഡോക്ടർമാരെ വിഡ്ഢികളാക്കുകയാണ്.” ഈ തിരിച്ചുവരവ് എന്തുകൊണ്ട്?
ക്രാക്ക്. ഒരു ഡോക്ടർ പറഞ്ഞതുപോലെ “കൊക്കെയ്ൻ വലിയിലും ലൈംഗികതയിലും സുദീർഘമായി ആണ്ടുപോകാൻ” ക്രാക്ക് ആസക്തി പ്രചോദനമേകിയിരിക്കുന്നു. തങ്ങളുടെ ആസക്തി നിലനിർത്താൻ പുരുഷൻമാർ പലപ്പോഴും മോഷണം നടത്തുമ്പോൾ സ്ത്രീകൾ മയക്കുമരുന്നിനുവേണ്ടി വേശ്യാവൃത്തിയിലേർപ്പെടാൻ കൂടുതൽ ചായ്വു കാട്ടുന്നു. “ക്രാക്ക് വിതരണ കേന്ദ്രങ്ങളിൽ ലൈംഗികതയും ബഹു പങ്കാളികളും ഉണ്ട്. ആ ചുററുപാടുകളിൽ ഏതു രോഗബാധ നിലവിലുണ്ടെങ്കിലും അതു സംക്രമിക്കും” എന്ന് ഐക്യനാടുകളുടെ രോഗ നിയന്ത്രണ കേന്ദ്രങ്ങൾക്കായുള്ള ഡോ. വില്ലാർഡ് കെയ്ററ്സ് ജൂണിയർ പറയുന്നു.
സംരക്ഷണത്തിന്റെ അഭാവം. “‘സുരക്ഷിത ലൈംഗിക’ പ്രസ്ഥാനം ഉണ്ടായിരുന്നിട്ടും രോഗത്തിൽ നിന്ന് തങ്ങളെത്തന്നെ സംരക്ഷിക്കാൻ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നതു സംബന്ധിച്ചു കൗമാരപ്രായക്കാർ ഇപ്പോഴും അസ്വസ്ഥരാണ്” എന്ന് ഡിസ്കവർ റിപ്പോർട്ടു ചെയ്യുന്നു. അപകടകാരികളായ ലൈംഗിക പങ്കാളികളുള്ളവരിൽ 12.6 ശതമാനം മാത്രമേ സ്ഥിരമായി ഗർഭനിരോധന ഉറകൾ ഉപയോഗിച്ചുള്ളൂ എന്ന് ഐക്യനാടുകളിലെ ഒരു പഠനം വെളിപ്പെടുത്തി.
പരിമിതമായ വിഭവങ്ങൾ. ദ ന്യൂയോർക്ക് ടൈംസ് ഇപ്രകാരം പ്രസ്താവിക്കുന്നു: “സിഫിലിസും മററു ലൈംഗിക സാംക്രമിക രോഗങ്ങളും പരിശോധിച്ചു നിർണയിക്കുന്ന പൊതു ക്ലിനിക്കുകൾക്ക് ബജററിന്റെ വെട്ടിച്ചുരുക്കലുകൾ പ്രതിബന്ധം സൃഷ്ടിച്ചു.” അതു കൂടാതെ, പരിശോധനാ രീതികൾ എല്ലായ്പോഴും കൃത്യമല്ല. ഒരു ആശുപത്രിയിൽ അനേകം അമ്മമാർ രോഗബാധിതരായ കുട്ടികൾക്കു ജൻമമേകി. എന്നിട്ടും, അമ്മമാരുടെ രക്ഷ പരിശോധനകൾ സിഫിലിസിന്റെ യാതൊരു തെളിവും കാണിച്ചിരുന്നില്ല.
അന്ത്യം ദൃഷ്ടിപഥത്തിൽ?
രോഗത്തിനെതിരെയുള്ള മമനുഷ്യന്റെ യുദ്ധം സുദീർഘവും വിഫലവുമായിരുന്നിട്ടുണ്ട്. ചില രോഗങ്ങളോടു പോരാടുന്നതിലെ വിജയം മററു ചിലവയോടു പോരാടുന്നതിലെ പരാജയത്താൽ മിക്കപ്പോഴും തന്നെ തടയപ്പെടുന്നു. ഒരിക്കലും വിജയം വരിക്കാൻ കഴിയാത്ത ഒരു നിത്യ യുദ്ധത്തിനായി മനുഷ്യൻ വിധിക്കപ്പെട്ടിരിക്കുകയാണോ? രോഗങ്ങളില്ലാത്ത ഒരു ലോകം എന്നെങ്കിലും ഉണ്ടാകുമോ? (g93 12/8)
[7-ാം പേജിലെ ചതുരം/ചിത്രം]
സിഫിലിസിന്റെകെടുതികൾ
കോർക്കൂരുന്ന ഉപകരണത്തിന്റെ ആകൃതിയിലുള്ള ട്രിപ്പോണിമ പല്ലിഡം എന്ന ഒരു സ്പൈറോചിററ് ആണ് സിഫിലിസിനു നിദാനം. അതു സാധാരണമായി ലൈംഗികാവയവങ്ങളിലൂടെ സംക്രമിക്കുന്നു. പിന്നെ സ്പൈറോചിററ് രക്തപ്രവാഹത്തിലേക്കു പ്രവേശിക്കുകയും ശരീരമാകെ വ്യാപിക്കുകയും ചെയ്യുന്നു.
രോഗബാധക്ക് അനേക ആഴ്ചകൾക്കു ശേഷം പറങ്കിപ്പുണ്ണ് എന്നു പറയുന്ന ഒരു പുണ്ണു പ്രത്യക്ഷപ്പെടുന്നു. അതു സാധാരണമായി ലൈംഗികാവയവങ്ങളിലാണു രൂപം കൊള്ളുന്നതെങ്കിലും, അവിടെ പ്രത്യക്ഷപ്പെടുന്നതിനു പകരം ചുണ്ടുകളിലോ റേറാൺസിലിലോ വിരലുകളിലോ പ്രത്യക്ഷപ്പെട്ടേക്കാം. സാവധാനം ഈ പറങ്കിപ്പുണ്ണ് ഒരു പാടുപോലും അവശേഷിപ്പിക്കാതെ കരിയുന്നു. എന്നാൽ ദ്വിതീയ ലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നതുവരെ അണുക്കൾ ശരീരമാകെ വ്യാപിച്ചുകൊണ്ടിരിക്കും. ത്വക്കിലുണ്ടാകുന്ന തടിപ്പ്, തൊണ്ടവേദന, സന്ധി വേദന, മുടികൊഴിച്ചിൽ, വ്രണങ്ങൾ, കണ്ണുകൾക്കുണ്ടാകുന്ന വീക്കം ഇവയെല്ലാമാണു ദ്വിതീയ ലക്ഷണങ്ങൾ.
ചികിത്സിച്ചില്ലെങ്കിൽ, സിഫിലിസ് ആയുഷ്കാലം മുഴുവൻ നീണ്ടുനിന്നേക്കാവുന്ന ഒരു സമാധി അവസ്ഥ പ്രാപിക്കുന്നു. ഈ അവസ്ഥയിൽ ഒരു സ്ത്രീ ഗർഭം ധരിക്കുന്നെങ്കിൽ അവളുടെ കുഞ്ഞ് അന്ധനോ വികലാംഗനോ മരിച്ചവനോ ആയി ജനിച്ചേക്കാം.
ദശകങ്ങൾക്കു ശേഷം ചിലത് സിഫിലിസിന്റെ ഒടുവിലത്തെ അവസ്ഥയിലേക്കു നീങ്ങുന്നു. ആ അവസ്ഥയിൽ സ്പൈറോചിററ് ഹൃദയത്തിലും തലച്ചോറിലും സുഷുമ്ന നാഡിയിലും ശരീരത്തിന്റെ മററു ഭാഗങ്ങളിലും നിലയുറപ്പിച്ചേക്കാം. സ്പൈറോചിററ് തലച്ചോറിൽ തങ്ങുന്നെങ്കിൽ അതിന്റെ ഫലമായി വിക്ഷോഭങ്ങളും സാധാരണരീതിയിലുള്ള തളർച്ചയും ബുദ്ധിഭ്രമം പോലും ഉണ്ടായേക്കാം. അവസാനം, രോഗം മാരകമെന്നു തെളിഞ്ഞേക്കാം.
[കടപ്പാട്]
Biophoto Associates/Science Source/Photo Researchers
[7-ാം പേജിലെ ചതുരം/ചിത്രം]
“ഒരു വലിയ അനുകാരി”
അങ്ങനെയാണ് ഡോ. ലീ റൈക്ക്മൻ ക്ഷയരോഗത്തെ വിളിച്ചത്. “അത് ജലദോഷമോ ശ്വാസനാള വീക്കമോ ഫ്ളൂവോ പോലെയിരിക്കും. അതുകൊണ്ട് ഒരു ഡോക്ടർ ക്ഷയരോഗത്തെക്കുറിച്ചു ചിന്തിക്കുന്നില്ലെങ്കിൽ രോഗനിർണയം തെററിപ്പോയേക്കാം” എന്ന് അദ്ദേഹം പറയുന്നു. രോഗബാധയുണ്ടെന്നു തീർച്ചപ്പെടുത്താൻ നെഞ്ചിന്റെ എക്സ്റേ എടുക്കേണ്ടതുണ്ട്.
ക്ഷയം ഒരാളിൽ നിന്നു മറെറാരാളിലേക്കു പകരുന്നതു വായുവിലൂടെയാണ്. ചുമയ്ക്കുമ്പോൾ, ശ്വാസകോശത്തിൽ കടക്കാൻ കഴിയുന്ന ചെറിയ കണികകൾ ഉണ്ടാകുന്നു. എന്നിരുന്നാലും, സാധാരണമായി ശരീരത്തിന്റെ പ്രതിരോധഘടകങ്ങൾ രോഗബാധയെ തടയാൻ മാത്രം ശക്തമാണ്. “നെഞ്ചിലെ അറകളിൽ മതിയാവോളം ബാസിലസ്സ് ഉള്ളവർ മാത്രമാണ്—10,000-ത്തിൽ കുറവുള്ളവർ നിർജീവ വാഹകരാണ്, എന്നാൽ 10 കോടി അണുക്കൾ ഉള്ളവരാണു—രോഗം പരത്തുന്നത്” എന്ന് ഡോ. റൈക്ക്മൻ വിശദീകരിക്കുന്നു.
[കടപ്പാട്]
SPL/Photo Researchers
[7-ാം പേജിലെ ചതുരം/ചിത്രം]
ആഗോള താപവർധനയും മലമ്പനിയും
രോഗം പരത്തുന്ന അനോഫിലസ് ഗാംബിയെ എന്ന കൊതുകില്ലാതെ മലമ്പനി ആരംഭിക്കുകയില്ല. “കൊതുകിന്റെ എണ്ണം വർധിക്കുന്നതനുസരിച്ച് രോഗവും വർധിക്കുന്നു” എന്ന് ദി ഇക്കണോമിസ്ററ് നിരീക്ഷിക്കുന്നു.
ഊഷ്മാവിലുള്ള ചെറിയ വർധനവിന് പ്രാണികളുടെ എണ്ണത്തെ വളരെയധികം സ്വാധീനിക്കാൻ കഴിയുമെന്ന് ലബോറട്ടറി പരീക്ഷണങ്ങൾ കാണിക്കുന്നു. ഇപ്രകാരം, ആഗോള താപവർധനയ്ക്ക് മലമ്പനിയുടെമേൽ ഒരു കനത്ത ഫലമുണ്ടാക്കാൻ കഴിയുമെന്നു ചില വിദഗ്ധർ നിഗമനം ചെയ്യുന്നു. “ഭൂമിയുടെ ആകമാന താപം ഒന്നോ രണ്ടോ ഡിഗ്രി കൂടിയാൽ പോലും, മലമ്പനി ഇപ്പോഴുള്ളതിനെക്കാൾ കൂടുതൽ വ്യാപിക്കത്തക്കവിധം കൊതുകുകളുടെ വിളനിലം വ്യാപിപ്പിക്കാൻ അതിനു കഴിയും” എന്ന് ഡോ. വാലസ് പീററഴ്സ് പ്രസ്താവിക്കുന്നു.
[കടപ്പാട്]
Dr. Tony Brain/SPL/Photo Researchers
[6-ാം പേജിലെ ചിത്രം]
ഭവനരഹിതർക്കു വേണ്ടിയുള്ള അഭയകേന്ദ്രങ്ങൾ ക്ഷയരോഗത്തിനുള്ള വിളനിലങ്ങളായിരിക്കാൻ കഴിയും
[കടപ്പാട്]
Melchior DiGiacomo