കൊലയാളികൾ അഴിഞ്ഞാടുന്നു
തന്റെ പുത്രൻ ററിറേറാക്കു മലമ്പനി പിടിപെട്ടപ്പോൾ, മാർഗരററ് അതൊന്നു കുറഞ്ഞുകിട്ടാനുള്ള മാർഗവും തേടി ഭ്രാന്തമായി ഓടിനടന്നു. വളരെ പ്രശസ്തിയാർജിച്ച ക്ലോറോക്വിൻ ഉൾപ്പെടെ മൂന്നു മരുന്നുകൾ കൊടുത്തു നോക്കി. എങ്കിലും, ററിറേറാ മരിച്ചുപോയി—വെറും ഒൻപതു മാസം പ്രായമുള്ളപ്പോൾ.
മാർഗരററിന്റെ ജൻമനാടായ കെനിയയിൽ ഇത്തരത്തിലുള്ള ദുരന്തം സർവസാധാരണമാണ്. “ന്യൂസ്വീക്ക്” ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “മലമ്പനിവാഹകരായ കൊതുകുകളുടെ റാണി ‘അനോഫിലസ് ഗാംബിയെ’ ലോകത്തിന്റെ ഈ ഭാഗത്തു പെരുകുകയാണ്. കുട്ടികൾ പെരുകുന്നില്ല. അവരിൽ അഞ്ചു ശതമാനം സ്കൂൾ പ്രായം എത്തുന്നതിനു മുമ്പു മലേറിയ പിടിപെട്ടു മരിക്കുന്നു.”
1991-ൽ യു.എസ്.എ.യിലെ ന്യൂയോർക്ക് സ്റേറററിൽ 12 തടവുപുള്ളികളുടെയും ഒരു കാവൽക്കാരന്റെയും ജീവൻ ക്ഷയം കവർന്നെടുത്തു. “ഞങ്ങൾ അതിനെ ജയിലുകളിൽ വച്ചു നിയന്ത്രിക്കാൻ പോകുകയാണ്” എന്ന് ഡോ. ജോർജ് ഡീഫർനാൻഡോ ജൂണിയർ പറയുന്നു. “എന്നാൽ അതു സമൂഹത്തിൽ വേരുറച്ചിരിക്കുന്ന സ്ഥിതിക്ക് ഇപ്പോൾ അതിനെ എങ്ങനെ നിയന്ത്രിക്കുമെന്നതാണ് യഥാർഥ പ്രശ്നം.”
170 കോടി ആളുകൾ—ലോക ജനസംഖ്യയുടെ ഏതാണ്ടു കാൽ ഭാഗം—ക്ഷയരോഗ ബാക്ടീരിയാ വഹിക്കുന്നുണ്ടെന്നു ലോകാരോഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നു. ഓരോ വർഷവും ഇവരിൽ 80 ലക്ഷം പേരിൽ രോഗം പ്രത്യക്ഷമാകുകയും 30 ലക്ഷം പേർ മരിക്കുകയും ചെയ്യുന്നു.
ന്യൂയോർക്കിലെ ഒരു ആശുപത്രിയിൽ 11 ആഴ്ചത്തെ വളർച്ചക്കുറവോടെ ഒരു പെൺകുഞ്ഞ് ജനിക്കുകയുണ്ടായി. ഇത് അവൾക്കുണ്ടായിരുന്ന കുഴപ്പങ്ങളുടെ ഒരു ഭാഗം മാത്രമേ ആയിരുന്നുള്ളൂ. അവളുടെ കൈയിലെ ചർമം പൊളിഞ്ഞുപൊയ്ക്കൊണ്ടിരുന്നു, കാൽപാദത്തിൽ പരുക്കളുണ്ടായിരുന്നു. കരളും പ്ലീഹയും വലുതായിരുന്നു. ഇതെല്ലാം അമ്മയുടെ ഗർഭാശയത്തിൽ ആയിരുന്നപ്പോൾ അവൾക്കു സിഫിലിസ് പിടിപെട്ടിരുന്നു എന്നതിനുള്ള സ്പഷ്ടമായ തെളിവു നൽകി.
“ചില കുഞ്ഞുങ്ങൾ മരിച്ചു ജനിക്കത്തക്കവിധം, അമ്മമാരുടെ ഗർഭാശയത്തിലായിരിക്കുമ്പോൾ തന്നെ അവർക്ക് അത്ര കഠിനമായി കുഴപ്പം സംഭവിക്കുന്നു. ജനന സമയത്തു ദേഹത്തുള്ള പരുക്കൾ പൊട്ടി മററു ചില കുഞ്ഞുങ്ങൾ ജനിച്ച ഉടനെതന്നെ മരിക്കുന്നു” എന്ന് “ദ ന്യൂയോർക്ക് ടൈംസ്” റിപ്പോർട്ടു ചെയ്യുന്നു.
മലമ്പനി, ക്ഷയം, സിഫിലിസ്—ഇവ മൂന്നും നിയന്ത്രിക്കപ്പെട്ടുവെന്നും ഏതാണ്ടു നിർമൂലമാക്കപ്പെട്ടുവെന്നും ഏതാനും വർഷങ്ങൾക്കു മുമ്പു കരുതിയിരുന്നതാണ്. അവ ഇപ്പോൾ നാശം വിതച്ചുകൊണ്ടു മടങ്ങിയെത്തുന്നത് എന്തുകൊണ്ടാണ്? (g93 12/8)