മലമ്പനിക്കെതിരെയുള്ള യുദ്ധത്തിന്റെ ആദ്യപാഠങ്ങളിലേക്ക്
ആഭ്യന്തരയുദ്ധങ്ങൾ, കുറ്റകൃത്യം, തൊഴിലില്ലായ്മ തുടങ്ങിയവയിലേക്കും മറ്റു പ്രതിസന്ധികളിലേക്കും ലോകശ്രദ്ധ കേന്ദ്രീകൃതമായ ഇക്കാലത്ത് മലമ്പനി മൂലമുള്ള മരണങ്ങൾ പ്രധാന വാർത്തകൾക്കു പറ്റിയ വിഷയമേയല്ല. എന്നിരുന്നാലും, ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) പറയുന്നതനുസരിച്ച് ലോക ജനസംഖ്യയുടെ പകുതിയോളം ഇന്ന് മലമ്പനിയുടെ ഭീഷണിയിൻകീഴിലാണ്. “ഉഷ്ണമേഖലാ രോഗങ്ങളിൽ ഏറ്റവും വ്യാപകവും അതിമാരകവുമായ രോഗങ്ങളിലൊന്നായ മലമ്പനി” പ്രതിവർഷം ഏകദേശം 30 കോടിമുതൽ 50 കോടിവരെ ആളുകൾക്കു പിടിപെടുന്നു. എന്നാലത് എത്രമാത്രം മാരകമാണ്?
ഓരോ 20 സെക്കൻഡിലും ആരെങ്കിലും മലമ്പനി നിമിത്തം മരിക്കുന്നു. 15 ലക്ഷത്തിലേറെ ആളുകൾ ഓരോ വർഷവും ഇതു നിമിത്തം മരിക്കുന്നെന്ന് ഇതു കാണിക്കുന്നു—ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയുടെ ജനസംഖ്യയ്ക്കു തുല്യമാണിത്. മലമ്പനി മൂലമുള്ള പത്തു മരണങ്ങളിൽ ഒമ്പതെണ്ണവും ആഫ്രിക്കയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഉണ്ടാകുന്നത്. ഇങ്ങനെ മരിക്കുന്നവരിൽ അധികവും കൊച്ചു കുട്ടികളാണ്. അമേരിക്കകളിൽ മലമ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ഥലം ആമസോൺ പ്രദേശമാണെന്ന് ഡബ്ലിയുഎച്ച്ഒ രേഖപ്പെടുത്തിയിരിക്കുന്നു. വനനശീകരണത്തിന്റെയും മറ്റു പരിസ്ഥിതി മാറ്റങ്ങളുടെയും അനന്തരഫലമെന്നവണ്ണം മലമ്പനി രോഗികളുടെ എണ്ണം ലോകത്തിന്റെ ആ ഭാഗത്തു വർധിച്ചുവരുന്നു. ബ്രസീലിലെ ചില ആമസോണിയൻ സമുദായങ്ങളിലെ തദ്ദേശവാസികളിൽ 1,000-ത്തിൽ 500 പേർക്കുവീതം രോഗബാധയുണ്ടാകത്തക്കവണ്ണം ഇപ്പോൾ പ്രശ്നം അത്ര ഗുരുതരമാണ്.
ആഫ്രിക്കയിലോ അമേരിക്കകളിലോ ഏഷ്യയിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമോ ആയാലും മലമ്പനി പ്രമുഖമായും ബാധിക്കുന്നത് ഏറ്റവും പാവപ്പെട്ട ജനങ്ങളെയാണ്. ഇവർക്ക് “ആരോഗ്യ പരിപാലന വിഭാഗങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാകാൻ കുറഞ്ഞ സാധ്യതയേയുള്ളൂ. വ്യക്തിപരമായ സംരക്ഷണത്തിനുവേണ്ടുന്ന സംഗതികളുടെ ചെലവു വഹിക്കാൻ ഇവർക്കു പ്രയാസമായിരിക്കും. സുസംഘടിത മലമ്പനി നിയന്ത്രണ പ്രവർത്തനങ്ങൾക്ക് എത്തിപ്പെടാൻ ഏറ്റവും പ്രയാസവും ഇവരുടെയടുത്തായിരിക്കും” എന്ന് ഡബ്ലിയുഎച്ച്ഒ പറയുന്നു. എങ്കിലും ദരിദ്രരായ ഇവരുടെ സ്ഥിതി തീരെ ആശയറ്റതല്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി മലമ്പനി മരണങ്ങൾ തടയുന്നതിനുള്ള മാർഗങ്ങളിൽ ഏറ്റവുമധികം വിജയസാധ്യതയുള്ള ഒന്നിന്റെ ലഭ്യത വർധിച്ചിരിക്കുന്നു എന്ന് ഉഷ്ണമേഖലാ-രോഗ ഗവേഷണത്തെ സംബന്ധിച്ചുള്ള ഒരു വാർത്താപത്രികയായ റ്റിഡിആർ ന്യൂസ് പറയുന്നു. ആ ജീവരക്ഷാ വസ്തുവിന്റെ പേര്? കീടനാശിനിയിൽ മുക്കിയ കൊതുകുവലകൾ.
വലകൊണ്ടുള്ള നേട്ടങ്ങൾ
കൊതുകുവലകളുടെ ഉപയോഗം പരിഹാരമാർഗങ്ങളുടെ ആദ്യപാഠത്തിലേക്കുള്ള മടങ്ങലാണെങ്കിലും, മലമ്പനിക്കെതിരെയുള്ള യുദ്ധത്തിൽ അവ ഉപയോഗിക്കുന്നതിന്റെ ഫലപ്രദത്വത്തെക്കുറിച്ചു നടത്തിയ പരീക്ഷണങ്ങൾ “വളരെ ആവേശജനകമായ ഫലങ്ങൾ” നൽകിയിരിക്കുന്നു എന്ന് ഡബ്ലിയുഎച്ച്ഒ-യുടെ ആഫ്രിക്കൻ ഓഫീസ് ഡയറക്ടറായ ഡോ. ഇബ്രാഹീം സാംബ, പാനോസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു വാർത്താപത്രികയായ പാനോസ് ഫീച്ചേഴ്സിനോടു പറഞ്ഞു. ഉദാഹരണമായി കെനിയയിൽ കീടനാശിനിയിൽ മുക്കിയ കൊതുകുവലകളുടെ ഉപയോഗം അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണസംഖ്യ മൂന്നിലൊന്നാക്കി കുറച്ചു. ഇത് മലമ്പനി മരണങ്ങളുടെ മാത്രം കാര്യമല്ല, മൊത്തത്തിലുള്ള മരണനിരക്കിലാണ് കുറവു വന്നിരിക്കുന്നത്. ജീവൻ രക്ഷിക്കുന്നതിനു പുറമേ “വലകൾ, ആരോഗ്യ പരിപാലന സേവന വിഭാഗങ്ങളുടെ ഭാരം ഗണ്യമായി കുറച്ചേക്കാം.” കാരണം വളരെ കുറച്ചു രോഗികളെയേ, മലമ്പനി നിമിത്തം ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടി വരുകയുള്ളൂ.
എങ്കിലും, ഒരു പ്രശ്നം ഇനിയും പരിഹരിക്കേണ്ടതായുണ്ട്: കൊതുകുവലകളുടെ ചെലവ് ആരു വഹിക്കും? ഒരു ആഫ്രിക്കൻ രാജ്യത്തെ ആളുകളോട് സംഭാവനകൾ ആവശ്യപ്പെട്ടപ്പോൾ മിക്കവരും പിൻവലിഞ്ഞു. ഇതിൽ അത്ഭുതവുമില്ല. കാരണം ആരോഗ്യ പരിപാലനത്തിനായി ആളൊന്നുക്ക് 5 ഡോളറിൽ താഴെ (യു.എസ്.) മാത്രം ചെലവഴിക്കുന്ന രാജ്യങ്ങളിൽ ജീവിക്കുന്ന ആളുകളെ സംബന്ധിച്ച്, ഒരു കൊതുകുവല—കീടനാശിനിയിൽ മുക്കിയതോ അല്ലാത്തതോ ആയിക്കൊള്ളട്ടെ—ഒരു ആർഭാടംതന്നെയാണ്. എന്നിരുന്നാലും, ഈ പ്രതിരോധ നടപടി മലമ്പനി രോഗികളുടെ ചികിത്സയെ അപേക്ഷിച്ച്, ഗവൺമെൻറുകൾക്കു കുറഞ്ഞ ചെലവേ വരുത്തുന്നുള്ളുവെന്നതിനാൽ, “കീടനാശിനിയിൽ മുക്കിയ കൊതുകുവലകൾ വിതരണം ചെയ്യുന്നതിനും അതിനുവേണ്ട ധനം സമാഹരിക്കുന്നതിനും സർക്കാരിന്റെ പരിമിതമായ ഫണ്ടുകൾ ഫലപ്രദമായി ചെലവഴിക്കുന്നതു തക്ക മൂല്യമുള്ളതാണ്” എന്ന് യുഎൻ-ൽ നിന്നുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൊതുകുവലകൾ ലഭ്യമാക്കുന്നത് വാസ്തവത്തിൽ ഗവൺമെൻറുകളെ സംബന്ധിച്ചിടത്തോളം ഫണ്ടുകൾ ലാഭിക്കുന്നതിനുള്ള ഒരു മാർഗമായിരുന്നേക്കാം. എന്നാൽ, ലക്ഷക്കണക്കിനുവരുന്ന അവരുടെ ദരിദ്രരായ പൗരന്മാരെ സംബന്ധിച്ചിടത്തോളം അത് വളരെ കൂടുതൽ അർഥമാക്കിയേക്കാം—അവരുടെ ജീവൻ രക്ഷിക്കാനുള്ള ഒരു മാർഗം.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
CDC, Atlanta, Ga.