ബൈബിളിന്റെ വീക്ഷണം
ദൈവത്തിന്റെ ക്ഷമ എത്ര പൂർണമാണ്?
“ദൈവം എന്റെ പാപങ്ങൾ ഒരിക്കലും ക്ഷമിക്കുകയില്ലെന്നാണ് എനിക്കു തോന്നുന്നത്. ഞാൻ ചെയ്തതു നിമിത്തം അവിടുത്തേക്ക് എന്നെ ഒരിക്കലും ആവശ്യമില്ല.”—ഗ്ലോറിയ.
മററുള്ളവരോടു യഹോവ അവരുടെ പാപങ്ങൾ പൊറുക്കുമെന്നു പറയാൻ ഗ്ലോറിയയ്ക്ക് ഒരു പ്രയാസവും ഇല്ലായിരുന്നു.a എന്നാൽ സ്വന്തം തെററുകളെക്കുറിച്ച് ഓർത്തപ്പോൾ ഗ്ലോറിയയ്ക്കു കുററബോധം തോന്നി. യഹോവയുടെ ക്ഷമ അപ്രാപ്യമായി തോന്നി.
ഒരു തെററായ പ്രവൃത്തിയോ ജീവിതരീതിയോ സംബന്ധിച്ചു തിരിച്ചറിയുമ്പോൾ മനസ്സാക്ഷി ഉലയ്ക്കപ്പെട്ടേക്കാം. “ദിവസം മുഴുവനും കരഞ്ഞു ഞാൻ പരവശനായി. എന്റെ ശക്തി മുഴുവൻ ചോർന്നു പോയി” എന്നു ദാവീദ് പാപം ചെയ്തതിനുശേഷം എഴുതി. (സങ്കീർത്തനം 32:3, 4, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ; സങ്കീർത്തനം 51:3 താരതമ്യപ്പെടുത്തുക.) സന്തോഷകരമെന്നു പറയട്ടെ, തെററു ക്ഷമിക്കുന്നതിൽ യഹോവ സന്തോഷിക്കുന്നു. “യഹോവ ക്ഷമാശീലനാണ്.”—സങ്കീർത്തനം 86:5, NW; യെഹെസ്കേൽ 33:11.
എന്നിരുന്നാലും, യഹോവ ഹൃദയത്തെ കാണുന്നു. അവിടുത്തെ ക്ഷമ വെറും വികാരത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. (പുറപ്പാടു 34:7; 1 ശമൂവേൽ 16:7) പാപി തന്റെ തെററു തുറന്നു സമ്മതിക്കുകയും പൂർണമായ പശ്ചാത്താപം പ്രകടിപ്പിക്കുകയും ജീവിതരീതിയെ വെറുക്കത്തക്കതും നിന്ദ്യവുമായ ഒന്ന് എന്നപോലെ പരിത്യജിക്കുകയും വേണം. (സങ്കീർത്തനം 32:5; റോമർ 12:9; 2 കൊരിന്ത്യർ 7:11) അപ്പോൾ മാത്രമേ ഒരു ദുഷ്പ്രവൃത്തിക്കാരൻ ക്ഷമിക്കപ്പെടുന്നുള്ളൂ. അപ്പോൾ മാത്രമേ അദ്ദേഹം യഹോവയിൽ നിന്നുള്ള “ആശ്വാസകാലങ്ങൾ” അനുഭവിക്കുന്നുള്ളൂ.—പ്രവൃത്തികൾ 3: 19.
എന്നാൽ പശ്ചാത്താപത്തിനു ശേഷവും ചിലർക്ക് കുററബോധം തോന്നുന്നു. അവർ എന്നും ആ കുററഭാരം പേറണമോ? തങ്ങളുടെ പാപങ്ങൾ സംബന്ധിച്ചു പശ്ചാത്തപിക്കുകയും അവ ഉപേക്ഷിക്കുകയും ചെയ്തിട്ടും ഹൃദയത്തിൽ കുത്തുണ്ടാകുന്നവർക്കു വേണ്ടി എന്ത് ആശ്വാസമാണ് ബൈബിളിൽ കണ്ടെത്താൻ കഴിയുക?—സങ്കീർത്തനം 94:19.
ഭാരം ഉയർത്തൽ
തന്റെ പാപങ്ങൾ സംബന്ധിച്ച് വല്ലാതെ ദുഃഖിച്ചുകൊണ്ട് ദാവീദ് യഹോവയോടു പ്രാർഥിച്ചു: “എന്റെ പീഡകളും ക്ളേശങ്ങളും ഓർത്ത് എന്റെ പാപങ്ങൾ പൊറുക്കണമേ!” (സങ്കീർത്തനം 25:18, പി.ഒ.സി. ബൈ.) ഇവിടെ, ക്ഷമിക്കുന്നതിനെക്കാളധികം ചെയ്യണമെന്ന് ദാവീദ് യഹോവയോട് അപേക്ഷിച്ചു. യഹോവ തന്റെ പാപങ്ങൾ “പൊറുക്കണം” എന്ന് അതായത്, അവിടുന്ന് അവ ഉയർത്തുകയോ വഹിക്കുകയോ ചെയ്യണമെന്ന്, അവയെ എടുത്തു മാററണമെന്ന് അദ്ദേഹം യാചിച്ചു. പാപത്തിനു ഗുരുതരമായ പരിണതഫലങ്ങളുണ്ട്. ദാവീദിനെ സംബന്ധിച്ചടത്തോളം ഇതിൽ ഒരു ക്ലേശമനുഭവിക്കുന്ന മനസ്സാക്ഷിയുടെ ഭാരവും ഉൾപ്പെട്ടിരുന്നു എന്നതിനു സംശയമില്ല.
ജനതയുടെ പാപങ്ങൾ മാററിക്കളയാൻ യഹോവയ്ക്കു കഴിയും എന്ന് ഓരോ വർഷവും ഇസ്രായേല്യരെ ദൃശ്യമായി അനുസ്മരിപ്പിച്ചിരുന്നു. പാപപരിഹാര ദിവസം മഹാപുരോഹിതൻ ഒരു ആടിന്റെ തലയിൽ കൈവച്ച് ജനത്തിന്റെ പാപം അതിന്റെമേൽ ഏററുപറഞ്ഞ് ആടിനെ വനാന്തരത്തിലേക്ക് അയച്ചിരുന്നു. ഹാജരാകുന്ന ആർക്കും ജനതയുടെ പാപങ്ങളുടെ നീക്കംചെയ്യൽ ദർശിക്കാമായിരുന്നു.—ലേവ്യപുസ്തകം 16:20-22.
അതിനാൽ തങ്ങളുടെ പാപങ്ങൾ സംബന്ധിച്ച് അനുതപിച്ചിരുന്ന വ്യക്തികൾക്ക് ആശ്വസിക്കാം. പാപപരിഹാര ദിവസത്തെ നടപടികൾ പാപം നീക്കുന്നതിനുള്ള വളരെ വലിയ ഒരു കരുതലിനെ—യേശുക്രിസ്തുവിന്റെ മറുവില യാഗത്തെ—മുൻനിഴലാക്കി. യശയ്യാ യേശുവിനെ സംബന്ധിച്ചു പ്രാവചനികമായി ഇങ്ങനെ എഴുതി: “അനേകരുടെ പാപഭാരം അവൻ പേറി” (ഏശയ്യാ 53:12, പി.ഒ.സി. ബൈ.) ആയതിനാൽ, കഴിഞ്ഞകാല പാപങ്ങൾ മനസ്സാക്ഷിക്കു ഭാരമായിരിക്കേണ്ടതില്ല. എന്നാൽ യഹോവ പിന്നീടൊരിക്കൽ ഈ പാപങ്ങൾ കണക്കിടുമോ?
കടം ഇളയ്ക്കൽ
തന്റെ മാതൃകാ പ്രാർഥനയിൽ യേശു ഇപ്രകാരം പറഞ്ഞു: ‘ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ’ (മത്തായി 6:12) ഇവിടെ “ക്ഷമിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം “പോകാൻ അനുവദിക്കുക” എന്ന് അർഥമുള്ള ഒരു ക്രിയയുടെ രൂപമാണ്. അങ്ങനെ, പാപത്തിന്റെ ക്ഷമിക്കൽ പോകാൻ അനുവദിക്കുന്നതിനോട് അഥവാ കടം ഇളച്ചു കൊടുക്കുന്നതിനോടു സാദൃശ്യപ്പെടുത്തപ്പെട്ടു.—മത്തായി 18:23-25 താരതമ്യപ്പെടുത്തുക.
ഇതു വിശദമാക്കിക്കൊണ്ട് പത്രോസ് ഇങ്ങനെ പറഞ്ഞു: “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ.” (പ്രവൃത്തികൾ 3:19) “മാഞ്ഞുകിട്ടുക” എന്നതിന്റെ അർഥം നശിപ്പിക്കുക അല്ലെങ്കിൽ തുടച്ചുകളയുക എന്നാണ്. അത് എഴുതപ്പെട്ട രേഖയുടെ മായ്ക്കലിനെ, സേറ്ളറ് വൃത്തിയായി തുടയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു.—കൊലൊസ്സ്യർ 2:13, 14 താരതമ്യപ്പെടുത്തുക.
അതുകൊണ്ട്, താൻ ഇളച്ചിരിക്കുന്ന കടം അടച്ചുതീർക്കാൻ ദൈവം ആവശ്യപ്പെടുമെന്ന് അനുതാപമുള്ളവൻ ഭയപ്പെടേണ്ടതില്ല. അവിടുന്ന് ഇപ്രകാരം പറയുന്നു: ‘നിന്റെ പാപങ്ങളെ ഞാൻ ഓർക്കയില്ല.’ (യെശയ്യാവു 43:25; റോമർ 4:7, 8) അനുതപിച്ച പാപിയെ സംബന്ധിച്ചടത്തോളം ഇത് എന്തർഥമാക്കുന്നു?
കറ നീക്കംചെയ്യൽ
യശയ്യാ പ്രവാചകനിലൂടെ യഹോവ ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.”—യെശയ്യാവു 1:18.
തുണിയിലെ അതിസാന്ദ്രമായ കറ മാററാനുള്ള ശ്രമങ്ങൾ പലപ്പോഴും നിഷ്ഫലമാണ്. കൂടിവന്നാൽ കറ ഒന്നു മങ്ങുമായിരിക്കും, എങ്കിലും ദൃശ്യമായിരിക്കും. യഹോവക്ക് കടുംചുവപ്പുനിറമോ രക്തവർണമോ പോലെ ഘോരമായ പാപങ്ങളെ ഹിമംപോലെ വെളുപ്പിക്കാൻ കഴിയുമെന്നുള്ളത് എത്ര ആശ്വാസപ്രദമാണ്.—സങ്കീർത്തനം 51:7 താരതമ്യപ്പെടുത്തുക.
അതുകൊണ്ട്, അനുതാപമുള്ള ഒരു പാപി തന്റെ ശേഷിച്ച ജീവിത കാലം മുഴുവൻ ഒരു കറയും വഹിച്ചു കൊണ്ടാണു നടക്കുന്നത് എന്നു വിചാരിക്കേണ്ടതില്ല. അനുതാപമുള്ള പാപി നിത്യമായി ലജ്ജയിൽ കഴിയാൻ ഇടയാക്കിക്കൊണ്ട് യഹോവ തെററുകളുടെ വീര്യം കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്.—പ്രവൃത്തികൾ 22:16 താരതമ്യപ്പെടുത്തുക.
മററുള്ളവരിൽ നിന്നുള്ള പിന്തുണ
യഹോവ പാപഭാരം ഉയർത്തുകയും കടം ഇളച്ചുതരുകയും പാപക്കറ മാററുകയും ചെയ്താലും അനുതാപമുള്ള ഒരു വ്യക്തി ചിലപ്പോഴൊക്കെ പശ്ചാത്തപിച്ച് ആകുലചിത്തനായേക്കാം. ദൈവത്താൽ ക്ഷമിക്കപ്പെട്ടവനെങ്കിലും “അതിദുഃഖത്തിൽ മുങ്ങിപ്പോകാ”മായിരുന്ന [“പൂർണമായി പ്രതീക്ഷ കൈവിടാൻ തക്കവണ്ണം അത്ര ദുഃഖിതനായിത്തീരുമായിരുന്ന,” TEV]” കൊരിന്ത്യ സഭയിലെ അനുതാപിയായ ഒരു ദുഷ്പ്രവൃത്തിക്കാരനെപ്പററി പൗലോസ് എഴുതി.—2 കൊരിന്ത്യർ 2:7.
ഈ വ്യക്തിയെ എങ്ങനെ സഹായിക്കാൻ കഴിഞ്ഞു? പൗലോസ് ഇപ്രകാരം തുടരുന്നു: “നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു.” (2 കൊരിന്ത്യർ 2:8) “ഉറപ്പിച്ചുകൊടുക്കുക” എന്നതിന് പൗലോസ് ഉപയോഗിച്ച പദം “അംഗീകരിക്കുക” എന്നർഥമുള്ള നിയമപരമായ ഒരു പദമാണ്. അതെ, യഹോവയിൽ നിന്നുള്ള ക്ഷമ ലഭിച്ചിട്ടുള്ള അനുതാപികൾക്കും സഹക്രിസ്ത്യാനികളിൽ നിന്നുള്ള അംഗീകാരം അഥവാ അംഗീകാരത്തിന്റെ മുദ്ര ആവശ്യമുണ്ട്.
മനസ്സിലാക്കാവുന്നതുപോലെ, ഇതിനു സമയം ആവശ്യമായിരുന്നേക്കാം. അനുതാപി തന്റെ പാപം വരുത്തിയ അപമാനം മായിച്ചുകളയുന്ന വിധം ജീവിക്കുകയും നീതിയുടെ ബോധ്യംവരുത്തുന്ന ഒരു രേഖ കെട്ടിപ്പടുക്കുകയും വേണം. തന്റെ കഴിഞ്ഞകാല തെററുകളാൽ വ്യക്തിപരമായി ബാധിക്കപ്പെട്ടിട്ടുള്ള ഏതൊരുവന്റെയും വികാരങ്ങൾ ക്ഷമാപൂർവം സഹിക്കുകയും വേണം. അതേസമയം, ദാവീദ് പറഞ്ഞതുപോലെ അദ്ദേഹത്തിനു യഹോവയുടെ പൂർണമായ ക്ഷമയെപ്പററി ശുഭാപ്തി വിശ്വാസമുള്ളവനായിരിക്കാം: “ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതു പോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകററിയിരിക്കുന്നു.”—സങ്കീർത്തനം 103:12. (g93 12/8)
[അടിക്കുറിപ്പുകൾ]
a പേരു മാററിയിരിക്കുന്നു.
[14-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Return of the Prodigal Son by Rembrandt: Scala/Art Resource, N.Y.