കാററിനെ ഉപയുക്തമാക്കൽ
ലണ്ടനിലെ ദി ഇൻഡിപ്പെൻഡൻറ് പറയുന്നതനുസരിച്ച്, ടർബൈൻ നേരെ നിർത്താനുള്ള ക്രെയിനുകളിലൊന്ന് കൊടുങ്കാററിൽ മറിഞ്ഞുവീണപ്പോൾ കാററിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന ബ്രിട്ടനിലെ ആദ്യത്തെ വ്യാവസായിക കേന്ദ്രത്തിന് ഒരു തിരിച്ചടി നേരിട്ടു. എന്നിരുന്നാലും കാററിന്റെ ഉപയോഗം ശക്തി ഉത്പാദിപ്പിക്കുന്നതിനുള്ള ഏററവും എളുപ്പമുള്ള, ഏററവും ചെലവു കുറഞ്ഞ മാർഗങ്ങളിലൊന്നാണെന്നു പറയപ്പെടുന്നു. അതിലും ആകർഷകമായി, കൽക്കരിപോലുള്ള ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിൽനിന്നു വരുന്ന ഒരു രാസ മലിനീകരണവും ഇത് ഉണ്ടാക്കുന്നില്ല.
ജർമനി, ഡെൻമാർക്ക്, നെതർലൻഡ്സ് എന്നിങ്ങനെയുള്ള പല യൂറോപ്യൻ രാജ്യങ്ങളും കാലിഫോർണിയയും, കാററിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളെ, പുതുക്കാവുന്ന ഊർജ സ്രോതസ്സുകളെന്ന നിലയിൽ അനുകൂലിക്കുന്നു. എന്നാൽ പരിസ്ഥിതിയെക്കുറിച്ചു കരുതലുള്ള എല്ലാവരുമൊന്നും അത്ര സന്തുഷ്ടരല്ല. ചിലർക്ക് തിരിയുന്ന ടർബൈൻ ബെയ്ള്ഡുകളുടെ ശബ്ദത്തോടു വെറുപ്പാണ്. ചിലർക്കാണെങ്കിൽ അവയുടെ ഭംഗിക്കുറവാണ് ഇഷ്ടമില്ലാത്തത്, പ്രത്യേകിച്ച് യന്ത്രങ്ങൾ പ്രകൃതി സൗന്ദര്യമുള്ള പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുമ്പോൾ.
എന്നിരുന്നാലും, യൂറോപ്പിലെ ഏററവും വായുപ്രവാഹമുള്ള രാജ്യങ്ങളിലൊന്നായ ബ്രിട്ടനിൽ ഗവൺമെൻറ് ഉപദേശകർ തീരത്തെ വായുപ്രവാഹ ശക്തിയെ “ചുരുങ്ങിയ സമയത്തിനുള്ളിൽ ഏററവും ഉത്പാദന ശേഷിയുള്ള ഏക ഊർജ സ്രോതസ്സ്” എന്നു വിളിക്കുന്നു. നേരെമറിച്ച്, യന്ത്രം തീരത്തു വയ്ക്കുന്നതിനെ വിമർശിക്കുന്ന ആളുകൾ, ഉയർന്ന ചെലവുകൾ ഉൾപ്പെട്ടിരിക്കുന്നത് അവഗണിച്ചുകൊണ്ട് ക്രെയിനുകൾക്കു പകരം പ്രത്യേക വിൻഷുകൾ ഉപയോഗിച്ചു ടർബൈനുകൾ കടലിൽ സ്ഥാപിക്കുന്നതിനെ ശുപാർശ ചെയ്യുന്നു—ശക്തമായ കടൽക്കാററുകളെ പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെ. (g93 12/8)