കാറ്റിന്റെ ശക്തി പ്രയോജനപ്പെടുത്തൽ
നെതർലൻഡ്സിലെ ഉണരുക! ലേഖകൻ
ഭ്രമണതണ്ടിൽ (rotor) ഘടിപ്പിച്ചിരിക്കുന്ന ഭീമാകാരമായ ഇലകൾ (blades) വട്ടത്തിൽ തിരിഞ്ഞുകൊണ്ടിരിക്കുന്നു. തന്റെ മുമ്പോട്ടുള്ള നീക്കത്തിനു തടസ്സം സൃഷ്ടിക്കുന്ന പ്രവാഹത്തിനെതിരെ അക്ഷീണം പണിപ്പെട്ടു നീന്തുന്ന ഒരു ഭീമാകാരനായ നീന്തൽക്കാരന്റെ കരങ്ങൾപ്പോലെ അവ പതുക്കെ എങ്കിലും സ്ഥിരമായി കറങ്ങിക്കൊണ്ടിരിക്കുന്നു. എന്നാൽ ഇവിടെ പ്രവാഹം കരങ്ങൾക്കു പ്രതിബന്ധം സൃഷ്ടിക്കുന്നതിനുപകരം അവയെ ചലിക്കാൻ സഹായിക്കുകയാണു ചെയ്യുന്നത്. ഇവിടത്തെ പ്രവാഹം കാറ്റാണ്. അതിന്റെ മർമരശബ്ദം ഒഴിച്ചാൽ കേൾക്കാൻ കഴിയുന്നതു യാന്ത്രികമായ ഈ കരങ്ങളുടെ മൂളൽ മാത്രമാണ്. ഇതാണു കാറ്റിന്റെ ശക്തിയിൽനിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റ് ടർബൈൻ.
ഐക്യനാടുകൾ, ജർമനി, ഡെൻമാർക്ക്, നെതർലൻഡ്സ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ കാറ്റു വീശുന്ന ഭാഗങ്ങളിൽ കൂടുതൽ കൂടുതൽ കാറ്റ് ടർബൈനുകൾ അങ്ങിങ്ങായി കാണാം. ഐക്യനാടുകളിലെ കാലിഫോർണിയയിൽ ഇപ്പോൾത്തന്നെ 16,000-ത്തിലധികം കാറ്റ് ടർബൈനുകളുണ്ട്. സാൻ ഫ്രാൻസിസ്കോയ്ക്ക് ഏതാണ്ട് 50 കിലോമീറ്റർ കിഴക്കുള്ള അൾട്ടമോണ്ട് ചുരത്തിൽ കാറ്റ് ടർബൈനുകളുടെ ഒരു വയലുണ്ട്. സ്ഥിരമായുള്ള കാറ്റിൽനിന്നും ശക്തിയെടുക്കുന്നതിനായി ആ മലഞ്ചെരുവുകളിൽ 7,000-ത്തോളം ടർബൈനുകൾ കൂട്ടമായി നിൽക്കുന്നു. സാൻ ഫ്രാൻസിസ്കോയിലെയും വാഷിങ്ടൺ, ഡി.സി.-യിലെയും പാർപ്പിടാവശ്യങ്ങൾക്കു മതിയായ ഊർജം ഉത്പാദിപ്പിക്കാൻ കാലിഫോർണിയയിലെ മൊത്തം കാറ്റ് ടർബൈനുകൾക്കു കഴിയുമെന്നു പറയപ്പെടുന്നു.
സമുദ്രത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഡെൻമാർക്കും കാറ്റിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നതിനു വളരെ പറ്റിയ സ്ഥലമാണ്; അവിടെ ഇപ്പോൾത്തന്നെ ഏതാണ്ടു 3,600 കാറ്റ് ടർബൈനുകളുണ്ട്. 1991-ൽ നെതർലൻഡ്സിൽ 300-ഓളം കാറ്റ് ടർബൈനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കാറ്റ് ഏറ്റവുമധികമുള്ള ആ രാജ്യത്തെ പ്രവിശ്യകൾ അവയുടെ എണ്ണം 3,000 ആയി വർധിപ്പിച്ചു. ഇംഗ്ലണ്ടിലെ ഊർജ ആസൂത്രകരും സമാനമായ ഒരളവിൽ തങ്ങളുടെ രാജ്യത്ത് കാറ്റിനെ പ്രയോജനപ്പെടുത്താമെന്നു പ്രത്യാശിക്കുന്നു.
തീർച്ചയായും, കാറ്റിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നതു പുതിയൊരാശയമല്ല. എഞ്ചിൻ വരുന്നതിനു മുമ്പുള്ള യുഗങ്ങളിൽ കാറ്റിന്റെ ശക്തിയാൽ സമുദ്രത്തിലൂടെ യാത്രചെയ്തിട്ടുള്ള കപ്പലുകളെയെല്ലാം കുറിച്ച് ഒന്നു ചിന്തിക്കൂ. വെള്ളം പമ്പു ചെയ്യുന്നതിനും ധാന്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും പൊടിക്കുന്നതിനും തടി അറക്കുന്നതിനും നൂറ്റാണ്ടുകളായി കാറ്റാടിയന്ത്രങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ഈ ആകർഷകമായ സ്മാരകവസ്തുക്കളിൽ 900-ത്തോളം എണ്ണം നെതർലൻഡ്സിൽ അവശേഷിച്ചിട്ടുണ്ട്. അവയിൽ പലതും ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ ജലം പമ്പു ചെയ്യുന്നു; വൈദ്യുതിയില്ലാത്തപ്പോൾപ്പോലും അവ ആശ്രയയോഗ്യമാണ്.
ഡാനിഷ് പ്രൊഫസറായ പോൾ ഡി ലാ കൂർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി കാറ്റിന്റെ ശക്തി പ്രയോജനപ്പെടുത്തി നോക്കിയത് ഒരു നൂറ്റാണ്ടു മുമ്പായിരുന്നു. ആധുനികരീതിയിലുള്ള ഇന്നത്തെ കാറ്റ് ടർബൈന്റെ ഒരു ചെറിയ മുന്നോടിക്ക് അദ്ദേഹം രൂപംകൊടുത്തു. എന്നാൽ ഫോസിൽ ഇന്ധനങ്ങൾ, ഉപയോഗപ്പെടുത്താൻ കൂടുതൽ എളുപ്പമുള്ളവയും കൂടുതൽ ഊർജം പ്രദാനംചെയ്യുന്നവയും ആയിരിക്കുന്നതായി 20-ാം നൂറ്റാണ്ടിൽ മനുഷ്യവർഗം കണ്ടെത്തി. ആ ഇന്ധനങ്ങൾ വിലകുറഞ്ഞതും സമൃദ്ധവുമായിരിക്കുന്നതായി ആദ്യം തോന്നി; അതുകൊണ്ട് ഊർജ സ്രോതസ്സെന്നനിലയിൽ കാറ്റിനെ അവർ അനായാസേന വിലകുറച്ചു കണ്ടു. 1973-ലെ എണ്ണ പ്രതിസന്ധിയോടുകൂടിയാണ് കാറ്റിന്റെ ശക്തിയെ വീണ്ടും ഗൗരവമായി കാണാൻ തുടങ്ങിയത്.
പരിതഃസ്ഥിതിക്കുള്ള പ്രയോജനങ്ങൾ
ഇന്ധന ശേഖരം തീർന്നുകഴിയുമ്പോൾ എന്തു സംഭവിക്കുമെന്നു പരിചിന്തിക്കാൻ എണ്ണ പ്രതിസന്ധി ശാസ്ത്രജ്ഞൻമാരെ പ്രേരിപ്പിച്ചു. കാറ്റിന്റെ ശക്തി പോലെയുള്ള ഇതര മാർഗങ്ങൾ കൂടുതൽ ആകർഷകമായിത്തീർന്നു. കാറ്റ് ഏതായാലും തീർന്നുപോകുകയില്ല. ഫലത്തിൽ അതു സ്ഥിരം പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതു മിക്കവാറും ബൈബിൾ പറഞ്ഞതുപോലെയാണ്: “കാറ്റു ചുറ്റിച്ചുറ്റിത്തിരിഞ്ഞുകൊണ്ടു പരിവർത്തനം ചെയ്യുന്നു.” (സഭാപ്രസംഗി 1:6) അമ്ലമഴപോലുള്ള ഭീതിദമായ പ്രതിഭാസങ്ങൾക്കിടയാക്കുകയും ഹരിതഗൃഹ പ്രഭാവത്തെ വർധിപ്പിക്കുകയും ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെക്കാളും കാറ്റിന്റെ ശക്തി പരിതഃസ്ഥിതിയിൽ കൂടുതൽ സൗകര്യപ്രദമാണ്. കാറ്റിൽനിന്നുള്ള ഊർജം യാതൊരു തരത്തിലുള്ള രാസോത്സർജനങ്ങളും ഉളവാക്കുന്നില്ല.
വാതകത്തിന്റെയോ കൽക്കരിയുടെയോ എണ്ണയുടെയോ അത്രയും ഗാഢതയുള്ള ഊർജരൂപമല്ലെങ്കിലും കാറ്റിന് അത്ഭുതകരമായ പ്രയോജനങ്ങളുണ്ട്. ഉദാഹരണത്തിന്, മണിക്കൂറിൽ പത്തു കിലോമീറ്റർ വേഗത്തിൽ വീശുന്ന ഇളംകാറ്റിൽ സാവധാനം കറങ്ങുന്ന ഒരു കാറ്റ് ടർബൈനെക്കുറിച്ചു സങ്കൽപ്പിക്കുക. പെട്ടെന്നു കാറ്റു ശക്തിപ്രാപിക്കുന്നു. അതായത് അതിന്റെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററായി ഇരട്ടിക്കുന്നു. ഇപ്പോൾ ടർബൈൻ കാറ്റിൽനിന്ന് എത്രമാത്രം കൂടുതൽ ഊർജം ഉത്പാദിപ്പിക്കും? ഇരട്ടിയാണോ? അല്ല. ന്യൂ സയൻറിസ്റ്റ് മാസിക ഇപ്രകാരം വിശദീകരിക്കുന്നു: “കാറ്റിൽനിന്നുത്പാദിപ്പിക്കപ്പെടുന്ന ഊർജം കാറ്റിന്റെ വേഗതയുടെ മൂന്നാം ഗുണിതമായിരിക്കും (cube).” അങ്ങനെ കാറ്റിന്റെ വേഗത ഇരട്ടിയാകുമ്പോൾ അത് എട്ടു മടങ്ങു കൂടുതൽ ഊർജം പ്രദാനംചെയ്യുന്നു! അങ്ങനെ കാറ്റിന്റെ വേഗതയിലുള്ള ഒരു ചെറിയ വർധനവു പോലും കാറ്റ് ടർബൈനിൽനിന്നു വളരെ വർധിച്ച തോതിലുള്ള ഊർജോത്പാദനത്തിനിടയാക്കുന്നു. മൂന്നാം ഗുണിത നിയമം എന്നറിയപ്പെടുന്ന ഇതു മുഴുവനായും പ്രയോജനപ്പെടുത്തുന്നതിനു കാറ്റ് ടർബൈനുകൾ സാധാരണ മലകളുടെ മുകളിലാണു സ്ഥാപിക്കുന്നത്. ആ ഭാഗങ്ങളിലൂടെ കാറ്റു കടന്നുപോകുമ്പോൾ അതിന്റെ വേഗത വർധിക്കുന്നു.
കാറ്റിന്റെ ശക്തിയുടെ ആകർഷകമായ മറ്റൊരു വശം അത് എല്ലായിടത്തും ഏതാണ്ട് ഒരുപോലെ ഉണ്ടെന്നുള്ളതാണ്. ഒരു കാറ്റാടിയന്ത്രത്തിന് ഊർജ സ്രോതസ്സിനെ ഉപഭോക്താവിന്റെ സമീപത്തുകൊണ്ടുവരാൻ കഴിയും. യന്ത്രങ്ങൾ വേഗത്തിൽ സ്ഥാപിക്കാൻ കഴിയും. സ്ഥാനം മാറ്റാൻ എളുപ്പവുമാണ്. കാറ്റ് ഖനനം ചെയ്യുകയോ കയറ്റിക്കൊണ്ടുപോകുകയോ വാങ്ങുകയോ ചെയ്യേണ്ടതില്ല. ഊർജം വിതരണം ചെയ്യാൻ പ്രയാസമില്ല എന്നതാണ് ഇതിന്റെ അർഥം, പ്രത്യേകിച്ച് ക്രൂഡോയിലിനോടുള്ള താരതമ്യത്തിൽ. ക്രൂഡോയിൽ വലിയ വാഹിനികളിൽ കയറ്റിക്കൊണ്ടുപോകേണ്ടതുണ്ട്. അത്തരം വാഹിനികൾക്കുണ്ടാകുന്ന അപകടങ്ങൾ കൂടെക്കൂടെ ഭീമമായ പരിതഃസ്ഥിതി വിപത്തുകൾക്കിടയാക്കിയിട്ടുണ്ട്. 1989-ലെ അലാസ്കൻ എണ്ണച്ചോർച്ച ഇതിനുദാഹരണമാണ്. കാറ്റ് ടർബൈനുകൾക്ക് അത്തരം ദോഷങ്ങളില്ല.
ചില പോരായ്മകൾ
കാറ്റിന്റെ ശക്തി മനുഷ്യവർഗത്തിന്റെ എല്ലാ ഊർജ പ്രശ്നങ്ങളുടെയും നിവാരണിയാണെന്ന് ഇതിനർഥമില്ല. കാറ്റിനെ സംബന്ധിച്ച് ഒന്നും മുൻകൂട്ടി പറയാൻ കഴിയില്ല എന്നതാണു പ്രമുഖമായ ഒരു വെല്ലുവിളി. ഏതു സമയത്തും അതിന്റെ ദിശ മാറാം. ഗവേഷകർ ഈ പ്രശ്നത്തിനു ദീർഘനാളായി പരിഹാരം തേടിയിട്ടുണ്ട്. 1920-കളിൽ ഇതിന് ഒരു പരിഹാരം കണ്ടുപിടിക്കപ്പെട്ടു. അന്നു ഫ്രഞ്ച് എഞ്ചിനിയറായ ഷോർഷ് ഡാർയോ ലംബമായ അക്ഷത്തോടുകൂടിയ ഒരു കാറ്റ് ടർബൈൻ വികസിപ്പിച്ചെടുക്കുകയുണ്ടായി. അത് ഏതാണ്ട് ഒരു ഭീമാകാരമായ മിക്സിപോലെയാണിരിക്കുന്നത്. കാറ്റിന്റെ ദിശമാറ്റം അതിന്റെ പ്രവർത്തനത്തെ ബാധിക്കുന്നില്ല. വിചിത്രമായി കാണപ്പെടുന്ന ഈ യന്ത്രത്തിന്റെ ഭിന്ന രൂപങ്ങൾ ഇന്നു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കാറ്റിന് ഏതു സമയത്തും പൂർണമായി നിന്നുപോകാൻ കഴിയും. നേരേമറിച്ച്, പെട്ടെന്നുണ്ടാകുന്ന ശക്തിയേറിയ കാറ്റുകൾക്കു ഭ്രമണതണ്ടിലെ ഇലകൾക്കും ടർബൈനും ഹാനി വരുത്താനും കഴിയും.
അതിശയകരമെന്നു പറയട്ടെ, കാറ്റിന്റെ ശക്തിയുടെ ഉപയോഗത്തിനെതിരെ ഏറ്റവുമധികം എതിർപ്പു പ്രകടിപ്പിച്ചുകൊണ്ടുള്ള ചില സംസാരങ്ങൾ പരിതഃസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. ഇന്നത്തെ ഉയർന്ന സാങ്കേതിക വിദ്യയിലുള്ള കാറ്റ് ടർബൈനുകൾ കഴിഞ്ഞനാളുകളിലെ മനോഹരവും വിദഗ്ധവുമായ ഘടനകളിൽനിന്നു വളരെ വ്യത്യസ്തമാണെന്നതാണ് ഒന്ന്. വലിയവയ്ക്കു 100 മീറ്റർ പൊക്കം വരും; ഇടത്തരം വലിപ്പമുള്ളതിനു 40 മീറ്ററും. ആരും അവയെ ഭംഗിയുള്ളതായി വർണിക്കുകയില്ല. ഉയർന്ന അളവിൽ വൈദ്യുതി പ്രവഹിക്കുന്ന പ്രധാനപ്പെട്ട പല ലൈനുകൾക്കും റേഡിയോ ടവറുകൾക്കും അത്രയും ഉയരമുണ്ടായിരിക്കാം എന്നതു സത്യംതന്നെ. എന്നാൽ ഒരു കാറ്റ് ടർബൈന്റെ കറങ്ങിക്കൊണ്ടിരിക്കുന്ന ഇലകൾ അതിലും വളരെയധികം ആകർഷകമാണ്.
ഇനിയും ശബ്ദത്തിന്റെ പ്രശ്നമുണ്ട്. കാറ്റ് ടർബൈനുകൾ ഉളവാക്കുന്ന ശബ്ദം നിമിത്തം ചിലർ തങ്ങളുടെ സമീപത്ത് അവ ഉണ്ടായിരിക്കുന്നതിനെ ശക്തമായി എതിർക്കുന്നു. എങ്കിലും രസാവഹമെന്നു പറയട്ടെ, മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ നിങ്ങളിൽനിന്നും ഏഴു മീറ്റർ അകലത്തിലൂടെ കടന്നുപോയാൽ നിങ്ങൾക്കു കേൾക്കാവുന്നത്രയും ശബ്ദം ഇംഗ്ലണ്ടിലെ കോൺവലിലെ ഇടത്തരം വലിപ്പമുള്ള ഒരു ടർബൈൻ ഉത്പാദിപ്പിക്കുന്നതായി ഒരു പഠനം കണ്ടെത്തി. എന്നാൽ ദൂരമനുസരിച്ച് ഈ ശബ്ദത്തിന്റെ അളവ് വലിയ തോതിൽ കുറയുന്നു. 300 മീറ്റർ അകലെയുള്ള ഒരു വ്യക്തിക്ക് ഒരു സാധാരണ ലൈബ്രറിയിൽനിന്നു കേൾക്കുന്നതിലധികം ശബ്ദം കേൾക്കാനാവില്ല. കൂടാതെ ടർബൈനെ കറക്കുന്ന കാറ്റിന്റെ ശബ്ദത്തിൽ അത് ഇല്ലാതാകുന്നു. എന്നിരുന്നാലും, ഒരു സ്ഥലത്തു നൂറുകണക്കിനു കാറ്റ് ടർബൈനുകൾ ഉള്ളപ്പോൾ—അല്ലെങ്കിൽ കാലിഫോർണിയയിലെ അൾട്ടമോണ്ട് ചുരത്തിലെപ്പോലെ ആയിരക്കണക്കിന് ഉള്ളപ്പോൾ—ശബ്ദം ഒരു മുഖ്യ പ്രശ്നമായിരിക്കാൻ കഴിയുമെന്നതു സമ്മതിക്കാവുന്നതാണ്.
മറ്റൊരു പ്രശ്നം പക്ഷികൾ ഉൾപ്പെട്ടതാണ്. പക്ഷികൾ തീറ്റ തിന്നുകയും മുട്ടയിട്ടു പെരുകുകയും ചെയ്യുന്നിടത്തു കാറ്റ് ടർബൈനുകളുടെ വയൽ ഉണ്ടാക്കുന്നതിനെതിരെ നെതർലൻഡ്സിലെ ഒരു പക്ഷി സംരക്ഷണ സംഘടന അടുത്തകാലത്തു മുന്നറിയിപ്പു നൽകുകയുണ്ടായി. വെളിയിൽ ഇരുട്ടോ മൂടൽമഞ്ഞോ ഉണ്ടായിരിക്കുമ്പോൾ പക്ഷികൾ ഭ്രമണതണ്ടിലെ ഇലകളിൽ ചെന്നിടിച്ചേക്കാം. ഒരു കണക്കനുസരിച്ച് 260 ടർബൈനുകളുള്ള ഒരു ഡച്ച് കാറ്റ് ടർബൈൻ വയലിൽ ഒരു വർഷം 1,00,000 പക്ഷികൾ ഈ രീതിയിൽ ചാകാനിടയുണ്ട്. എന്നിരുന്നാലും കാറ്റ് ടർബൈനുകൾക്കു പക്ഷിജീവിതത്തിൽ സ്വാധീനമില്ലെന്ന് മറ്റു പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഒരു ഇൻഷ്വറൻസ് നയമോ?
ഈ തടസ്സങ്ങളുണ്ടെങ്കിലും കാറ്റിന്റെ ശക്തിക്ക് ഫോസിൽ ഇന്ധനങ്ങളുടെ ലോക ഉപഭോഗം കുറയ്ക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്നതു വ്യക്തമാണ്. കൂടുതൽ സാധാരണമായ ഊർജോത്പാദന പദ്ധതികൾക്കൊപ്പം കാറ്റിന്റെ ശക്തി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് യു.എസ്.എ.-യിലെ കാൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഗാരി എൽ. ജോൺസൺ കാറ്റിൽനിന്നുള്ള ഊർജ പദ്ധതികൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നു. ആ രീതിയിൽ ഉപയോഗിച്ചാൽ “കാറ്റ് ഉപയോഗപ്പെടുത്തുന്ന ജനറേറ്ററുകളെ ഗുരുതരമായ ഇന്ധന വിതരണ പ്രശ്നങ്ങൾക്കെതിരെയുള്ള ഇൻഷ്വറൻസ് നയമായി ഏറെക്കുറെ കണക്കാക്കാൻ കഴിഞ്ഞേക്കു”മെന്ന് അദ്ദേഹം പറയുന്നു.
അധികം താമസിയാതെതന്നെ മനുഷ്യന് അത്തരമൊരു ഇൻഷ്വറൻസ് നയത്തിന്റെ അടിയന്തിര ആവശ്യം വന്നേക്കാം. ഇന്ധനത്തിനുവേണ്ടിയുള്ള മനുഷ്യന്റെ അവസാനിക്കാത്ത അന്വേഷണത്തെക്കുറിച്ചു വാർത്താമാധ്യമങ്ങൾ പലപ്പോഴും പരാമർശിക്കാറുണ്ട്. കൽക്കരി ഖനനം ചെയ്യുകയും എണ്ണയും വാതകവും കുഴിച്ചെടുക്കുകയും ചെയ്യുമ്പോൾ അവൻ പുനഃസ്ഥാപിക്കാൻ കഴിയാത്ത ഈ വസ്തുക്കൾ കാലിയാക്കുക മാത്രമല്ല, പിന്നെയോ അവയുടെ ഉപയോഗം വഴി ചില സ്ഥലങ്ങളിൽ തന്റെ സ്വന്തം വാസസ്ഥലത്തെ മലിനമാക്കുകകൂടി ചെയ്യുന്നു! അപ്പോഴതാ ശുദ്ധവും അവസാനിക്കാത്തതുമായ കാറ്റ് അനവരതം അടിച്ചുകൊണ്ടിരിക്കുന്നു, ഭൂരിഭാഗത്തിനും ഇതിന്റെ ഉപയോഗത്തെക്കുറിച്ച് ഇപ്പോഴും അറിയില്ല.
[23-ാം പേജിലെ ചിത്രം]
ആയിരക്കണക്കിനു കാറ്റ് ടർബൈനുകൾ അനേകം രാജ്യങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നു
[24-ാം പേജിലെ ചിത്രം]
ഈ ആകർഷകമായ സ്മാരകവസ്തുക്കളിൽ നൂറുകണക്കിനെണ്ണം നെതർലൻഡ്സിൽ ഇപ്പോഴും അവശേഷിച്ചിട്ടുണ്ട്