മരംകൊത്തികളുടെ കഴുത്തൊടിയാത്തത് എന്തുകൊണ്ട്?
മരംകൊത്തി മരം തുളയ്ക്കുന്ന ശബ്ദം നിങ്ങൾ എന്നെങ്കിലും കേട്ടിട്ടുണ്ടോ? ലോകമൊട്ടുക്കും 200-ഓളം വർഗം മരംകൊത്തികളുള്ളതുകൊണ്ട് മെഷീൻ ഗണ്ണിന്റേതുപോലെ ശബ്ദിക്കുന്ന അതിന്റെ തുടരെത്തുടരെയുള്ള കൊത്തൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കാം. ഞാൻ ഒന്നിനെ കണ്ടു, അപ്പോൾ അത് അതിന്റെ ചുണ്ടുകൊണ്ട് ഒരു വൃക്ഷത്തിന്റെ തായ്ത്തടി കൊത്തിത്തുളയ്ക്കുകയായിരുന്നു. അത് ഞാൻ ഇങ്ങനെ അമ്പരക്കാൻ ഇടയാക്കി, ‘അതിന്റെ കഴുത്തൊടിയുകയോ തലച്ചോറിനു കേടു വരുകയോ ചെയ്യാത്തത് എന്തുകൊണ്ടാണ്?’ അത്തരം ഉഗ്രമായ പ്രവർത്തനത്തിൽ മനുഷ്യരായ നാം ഏർപ്പെട്ടാൽ, നമുക്കു ഞരമ്പുരോഗവിദഗ്ധന്റെയോ മസ്തിഷ്കശസ്ത്രക്രിയ നടത്തുന്ന സർജന്റെയോ സേവനം ആവശ്യമായി വരും! അതുകൊണ്ട്, എന്താണതിന്റെ രഹസ്യം?
ഉദാഹരണത്തിന്, ഐക്യനാടുകളുടെ കിഴക്കൻ ഭാഗങ്ങളിൽ കണ്ടുവരുന്ന, വയററത്തു ചുവപ്പു നിറമുള്ള മരംകൊത്തിയെത്തന്നെ എടുക്കുക. വടക്കേ അമേരിക്കയിലെ പക്ഷികളെക്കുറിച്ചുള്ള പുസ്തകം [ഇംഗ്ലീഷ്] ഇപ്രകാരം പ്രസ്താവിക്കുന്നു: “അത് അതിന്റെ ബലമേറിയ ഉളിയാകൃതിയിലുള്ള ചുണ്ടുകൊണ്ട് മരത്തൊലിക്കകത്തുനിന്ന് പ്രാണികളെ കൊത്തിയെടുക്കുകയും മരം തുളയ്ക്കുന്ന വണ്ടുകളെ പിടിക്കാൻ തുളകളുണ്ടാക്കുകയും കൂടുണ്ടാക്കാൻ പൊത്തുണ്ടാക്കുമ്പോൾ മരത്തടി ഊററമായി കൊത്തിപ്പൊളിക്കുകയും ചെയ്യുന്നു.” മരത്തിന്റെ പൊടിയിൽനിന്ന് അത് എങ്ങനെയാണു സ്വയം സംരക്ഷിക്കുന്നത്? “നേർത്ത രോമങ്ങൾ നിറഞ്ഞ തൂവലുകളുള്ള ഒരു ചെറിയ മൂടികൊണ്ട് അതിന്റെ നാസാരന്ധ്രങ്ങൾ സൗകര്യപ്രദമാംവണ്ണം മൂടപ്പെട്ടിരിക്കുന്നു.”
തല ശക്തിയായി കുലുങ്ങുമ്പോഴോ? “തലച്ചോറിനു ക്ഷതം സംഭവിക്കാതിരിക്കാൻ . . . , ബലമേറിയ കഴുത്തും കട്ടികൂടിയ തലയോടും തലച്ചോറിനും അതിന്റെ ബലവത്തായ പുറംപാളിക്കുമിടയിലുള്ള കുഷൻപോലത്തെ സ്ഥലവും പ്രത്യേക സംരക്ഷണഘടകങ്ങളായി വർത്തിക്കുന്നു.”
വയററത്തു മഞ്ഞനിറമുള്ള മറെറാരുതരം മരംകൊത്തി മരക്കറ വലിച്ചുകുടിക്കുന്ന ഇനത്തിൽപ്പെട്ടതാണ്. അത് മരത്തൊലിയിൽ സുഷിരങ്ങളുടെ ഭംഗിയുള്ള നിര ഉണ്ടാക്കി അവയിൽനിന്നു മരക്കറ വലിച്ചുകുടിക്കുന്നു. വയററത്ത് ചുവപ്പു നിറമുള്ള മരംകൊത്തിയുടെ നാവ് അവിശ്വസനീയമാംവിധം നീളമുള്ളതും സിലിണ്ടർ ആകൃതിയിലുള്ളതുമാണ്. പ്രാണികളിൽ തുളച്ചുകയററാൻതക്കവണ്ണം നാവിന്റെ അഗ്രഭാഗം കൂർത്തതുമാണ്. എന്നാൽ അതിൽനിന്നു വ്യത്യസ്തമായി മരക്കറ വലിച്ചുകുടിക്കുന്ന മരംകൊത്തിക്ക് നീളം കുറഞ്ഞ നാക്കാണുള്ളത്. മരക്കറ നക്കിക്കുടിക്കാൻ പററിയ വിധത്തിൽ നേർത്ത രോമങ്ങളും അതിലുണ്ട്.
തീർച്ചയായും, രൂപസംവിധാനത്തിന്റെ ഇത്തരം മഹത്ത്വമാർന്ന വൈവിധ്യം ഒരു രൂപസംവിധായകന്റെ, യഹോവയാം ദൈവത്തിന്റെ, അസ്തിത്വത്തിനു തെളിവ് നൽകുന്നു. താഴ്മയോടെ ഇയ്യോബിന്റെ വാക്കുകളെ നാം ഏററുപറയേണ്ടതാണ്: “നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശ്യമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു.” ദാവീദും ഇപ്രകാരം എഴുതി: “നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.”—ഇയ്യോബ് 42:2; സങ്കീർത്തനം 139:14.
[22-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Leonard Lee Rue, 111/ H. Armstrong Roberts
Left: H. Armstrong Roberts