മാററം വരുത്താൻ ഞാൻ ആഗ്രഹിക്കുകയില്ലാത്ത ഒരു ജീവിതം
തങ്ങൾ ജീവിതം നയിച്ചിട്ടുള്ള വിധം സംബന്ധിച്ചു പലരും ഖേദിക്കുന്നു. ‘വീണ്ടുമൊന്നുകൂടി ജീവിതത്തിനു തുടക്കമിടാൻ കഴിഞ്ഞാൽ, എത്രയധികം കാര്യങ്ങൾ ഞാൻ വ്യത്യസ്തമായി ചെയ്യുമായിരുന്നു!’ എന്നാൽ, എന്റെ ജീവിതത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ അത് അത്ര എളുപ്പമുള്ള ഒന്നല്ലായിരുന്നെങ്കിലും ഞാൻ ഒരിക്കലും മാററം വരുത്താൻ ആഗ്രഹിക്കുകയില്ലാത്ത ഒരു ജീവിതമായിരിക്കുന്നു അത്.
യഹോവയുടെ സാക്ഷികളിലൊരാളായി എന്റെ മാതാപിതാക്കൾ എന്നെ വളർത്തിക്കൊണ്ടുവന്നു. ശൈശവം മുതലേ ദൈവനിയമങ്ങൾ അവർ എന്റെ ഹൃദയത്തിൽ പതിപ്പിച്ചിരുന്നു. (2 തിമൊഥെയൊസ് 3:15) യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കോ കൺവെൻഷനുകൾക്കോ ഞാൻ പോകാതിരുന്ന ഒരു സമയം ഓർക്കാൻ കഴിയുന്നില്ല. ഒരു കൊച്ചു പെൺകുട്ടിയായിരിക്കെ, ദൈവരാജ്യഭരണത്തിൻ കീഴിലെ ഒരു പറുദീസാ ഭൂമിയിലെ അനന്തജീവനെക്കുറിച്ചുള്ള ബൈബിളിന്റെ പ്രത്യാശ സംബന്ധിച്ചു പഠിക്കാൻ ആളുകളെ സഹായിക്കാനായി അവരുടെ അടുത്തേക്കു മുതിർന്ന സാക്ഷികളോടൊപ്പം ഞാനും പോയിരുന്നു. (മത്തായി 24:14) അഞ്ചു വയസ്സുള്ളപ്പോൾ, രാജ്യം, ലോകത്തിന്റെ പ്രത്യാശ [ഇംഗ്ലീഷ്] എന്ന പേരുള്ള ചെറുപുസ്തകം മററുള്ളവർക്കു സമർപ്പിക്കുന്നത് എനിക്ക് ഇപ്പോഴും ഓർക്കാൻ കഴിയുന്നുണ്ട്.
1917-ലാണ് ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യം മാതാപിതാക്കൾ ആദ്യമായി ശ്രവിച്ചത്. അവർ പള്ളിയിൽ പോകുന്നവരായിരുന്നു. എങ്കിലും, വാച്ച്ടവർ സൊസൈററിയുടെ ഒരു സഞ്ചാരപ്രതിനിധി യു.എസ്.എ.യിലുള്ള ന്യൂജേഴ്സിയിലെ ബ്രിഡ്ജ്ടണിൽവച്ച് നടത്തിയ ഒരു പ്രസംഗത്തിൽ എന്തോ സത്യം ഉണ്ടായിരുന്നതായി അവർ തിരിച്ചറിഞ്ഞു. എന്റെ വല്യച്ഛനും അതേ പ്രസംഗം കേട്ടു, താൻ കേട്ടതു സത്യമാണെന്ന് അദ്ദേഹത്തിനും ബോധ്യമായി. പിന്നീട്, എനിക്ക് 14 വയസ്സുള്ളപ്പോൾ മിഷിഗണിലെ ഡിട്രോയിററിൽവച്ച് യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷൻ നടന്നു. അവിടെവച്ചു ഞാൻ സ്നാപനമേററു, എന്റെ ജീവിതത്തെ യഹോവക്കു സമർപ്പിച്ചിരുന്നു എന്നു പ്രതീകപ്പെടുത്താൻ.
ആ വർഷങ്ങളിൽ ബൈബിൾ പഠനത്തിനു വേണ്ടി വാരംതോറുമുള്ള യോഗങ്ങൾ നടത്തിയിരുന്നത് ഞങ്ങളുടെ സ്വീകരണമുറിയിലാണ്. പിന്നീട്, ഒരു വിൽപ്പനശാല വിലയ്ക്കു വാങ്ങി അതൊരു രാജ്യഹാളാക്കി മാററി. അക്കാലങ്ങളിൽ രാജ്യഹാളുകൾ വളരെ കുറവായിരുന്നു. എന്നാൽ ഇന്ന്, അത്തരം ആയിരക്കണക്കിനു രാജ്യഹാളുകൾ യഹോവയുടെ സാക്ഷികളുടെ 70,000-ത്തിലധികം വരുന്ന സഭകളുടെ ആവശ്യത്തിനുതകുന്നു.
മുഴുസമയ ശുശ്രൂഷ ആരംഭിക്കുന്നു
1939-ൽ എന്റെ അമ്മ ഒരു മുഴുസമയ ശുശ്രൂഷക എന്ന നിലയിൽ തന്റെ ജീവിതവൃത്തിക്കു തുടക്കമിട്ടു. 85-ാമത്തെ വയസ്സിൽ മരിക്കുംവരെ അമ്മ അതിൽ തുടരുകയും ചെയ്തു. ഞാനും എന്റെ സഹോദരൻ ഡിക്കും 1941 ഏപ്രിൽ 1-ന് ഞങ്ങളുടെ മുഴുസമയ സേവനം ആരംഭിച്ചു. ആ കാലത്തു യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം കൊടുംപിരി കൊണ്ടിരിക്കുകയായിരുന്നു. രാഷ്ട്രീയ കാര്യങ്ങളിലെ നമ്മുടെ നിഷ്പക്ഷ നിലപാടു നിമിത്തം യഹോവയുടെ സാക്ഷികളോടുള്ള ശത്രുതയും അന്നു പരക്കെയുണ്ടായിരുന്നു.
നിഷ്പക്ഷ നിലപാടു നിമിത്തം ഞങ്ങളുടെ സഭയിലെ യുവസാക്ഷികളിൽ മൂന്നുപേർ അഞ്ചു വർഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു. അവരിൽ രണ്ടുപേർ ആ സഭയിൽ ഇപ്പോഴും മൂപ്പൻമാരായി സേവനമനുഷ്ഠിക്കുന്നത് കാണുന്നത് എത്ര പ്രോത്സാഹജനകമാണ്! പിൽക്കാലത്ത് എന്റെ സഹോദരൻ, യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനമായ ന്യൂയോർക്കിലുള്ള ബ്രുക്ക്ളിൻ ബെഥേലിൽ സേവിക്കുകയുണ്ടായി. ഇപ്പോൾ അദ്ദേഹം ന്യൂജേഴ്സിയിലുള്ള ഞങ്ങളുടെ സ്വന്തപട്ടണമായ മിൽവിലിൽ ഒരു മൂപ്പനായി സേവിക്കുന്നു.
യഹോവയുടെ സാക്ഷികൾക്ക് ആ യുദ്ധകാല വർഷങ്ങൾ, മററുള്ള എവിടെയും പോലെതന്നെ ഐക്യനാടുകളിലും വളരെ ക്ലേശകരമായിരുന്നു. ആളുകൾ കൂട്ടം ചേർന്നു ശല്യം ചെയ്യുന്നത് സാധാരണമായിരുന്നു. കുട്ടികൾ സ്കൂളിൽനിന്നു പുറത്താക്കപ്പെട്ടു. (ലിൽയൻ ഗോബൈററസ് ക്ലോസെയുടെ ജീവിതത്തെക്കുറിച്ച് 1993 ജൂലൈ 22-ലെ [ഇംഗീഷ്] ഉണരുക!യിൽ വന്ന ലേഖനം കാണുക.) ആയിരക്കണക്കിന് ആത്മീയ സഹോദരങ്ങൾ തടവിലാക്കപ്പെട്ടു. അതുകൊണ്ടു വ്യത്യസ്ത സഭാചുമതലകൾ സ്ത്രീകളായ ഞങ്ങൾ നിർവഹിക്കേണ്ടിവന്നു. അതുകൊണ്ടാണു വളരെ ചെറുപ്പമായിരിക്കെ സാഹിത്യങ്ങളുടെ ചുമതല എനിക്കു ലഭിച്ചത്. യഹോവയുടെ സഹായത്താൽ ദുഷ്കരമായ യുദ്ധകാല വർഷങ്ങളെ ഞങ്ങൾ അതിജീവിച്ചു. സഹോദരങ്ങൾ തടവിൽനിന്നു മടങ്ങിവന്നപ്പോൾ കാര്യങ്ങൾ മുന്നോട്ടു നീങ്ങി.
ഈ സമയത്താണ് ബെഥേലിൽനിന്നു ലൈമൻ സ്വിംഗൾ ഞങ്ങളുടെ സഭ സന്ദർശിച്ചത്. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് യൂറോപ്പിലെ നമ്മുടെ സഹസാക്ഷികൾക്കു വേണ്ടി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനു ബ്രുക്ക്ളിനിലേക്കു വരാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ടാണ് 1948 മാർച്ചിൽ ഞാൻ ബ്രുക്ക്ളിനിലേക്കു പോയത്.
ഒരു പുതിയ സഭയിലെ സന്തുഷ്ടമായ വർഷങ്ങൾ
എന്റെ പുതിയ സഭയായ ബ്രുക്ക്ളിൻ സെൻററിലേക്കു ഞാൻ നിയമിക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പ് ന്യൂയോർക്ക് നഗരത്തിലും അതിന്റെ സമീപ പ്രദേശങ്ങളിലുമായി ഏററവുമാദ്യം രൂപംകൊണ്ട സഭയായിരുന്നു അത്. എന്നാൽ അന്ന് അതിന്റെ പേരു വേറൊന്നായിരുന്നു. അക്കാലത്ത് അതിന്റെ സ്ഥാനം ബ്രുക്ക്ളിൻ ഹൈററ്സ് പ്രദേശത്തായിരുന്നു. എന്നാൽ 1948-ൽ ഞാൻ ബ്രുക്ക്ളിൻ സെൻററിലേക്കു വന്നപ്പോൾ അതിന്റെ സ്ഥാനം ബ്രുക്ക്ളിനിലെ ഫിഫ്ത്ത് അവന്യുവും എയ്ററ്ത് സ്ട്രീററും സംഗമിക്കുന്നിടത്തായിരുന്നു. വാടകക്കെടുത്ത ആ സ്ഥലം 30 വർഷത്തോളം ഞങ്ങളുടെ യോഗസ്ഥലമായി ഉതകി. അതിനുശേഷം കുറച്ചകലെയായി പുതിയൊരു ഹാൾ വാങ്ങിച്ചു.
ബ്രുക്ക്ളിനിലെ പ്രസംഗപ്രവർത്തനത്തിലെ എന്റെ ആദ്യ ദിവസം ഞാൻ ഒരിക്കലും മറക്കുകയില്ല. അതു ഹെൻട്രി സ്ട്രീററിലായിരുന്നു. ഒരു കൊച്ചു പട്ടണത്തിൽ പ്രസംഗിക്കുന്നതിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു അത്. എന്നാൽ ഉടൻതന്നെ ഞാൻ ഒരു യുവതിയെ കണ്ടുമുട്ടി. അവൾ ബൈബിൾ സാഹിത്യം സ്വീകരിക്കുകയും ഭവന ബൈബിളധ്യയനത്തിനു സമ്മതിക്കുകയും ചെയ്തു. കാലക്രമത്തിൽ അവളും അവളുടെ മക്കളിൽ രണ്ടുപേരും യഹോവയുടെ സമർപ്പിത ദാസരായിത്തീർന്നു. അവളുടെ മകനായ ആർതർ അയനോനെയും ഭാര്യ ലിൻഡയും ഇപ്പോൾ തങ്ങളുടെ മകനോടും മരുമകളോടുമൊപ്പം ബ്രുക്ക്ളിൻ ബെഥേലിൽ സേവിക്കുകയാണ്.
ഞങ്ങൾ പ്രസംഗിച്ച സഭാപ്രദേശം വിശാലവും ഫലോത്പാദകവുമായിരുന്നു. യഹോവയുടെ സഹായത്താൽ എന്റെ ബൈബിൾ വിദ്യാർഥികളിൽ പലരും സത്യം പഠിച്ച് സ്നാപനമേൽക്കുന്നതു കാണാൻ എനിക്കു കഴിഞ്ഞു. ചിലർ ഈ രാജ്യത്ത് ഇന്നോളം മുഴുസമയ ശുശ്രൂഷകരായി സേവിക്കുന്നു. മററുള്ളവർ വിദൂരനാടുകളിൽ മിഷനറിമാരാണ്. ചിലർ സഭകളിൽ മൂപ്പൻമാരായിത്തീർന്നു. ദൈവരാജ്യത്തിന്റെ സുവാർത്തയുടെ വിശ്വസ്ത പ്രഘോഷകരെന്ന നിലയിൽ പലരും മററു നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വളർച്ച അത്ഭുതാവഹമായിരുന്നു. ന്യൂയോർക്ക് നഗരത്തിലും പരിസരപ്രദേശത്തുമായി ആദ്യം ഒരു സഭ മാത്രം ഉണ്ടായിരുന്നിടത്ത് ന്യൂയോർക്ക് സിററിയിൽ മാത്രമായി ഇപ്പോൾ ഏതാണ്ട് 400 സഭകളുണ്ട്. ഈ വികസനത്തിൽ ചിലതിൽ പങ്കുപററിയതിന്റെ എത്ര സുന്ദരമായ ഓർമകളാണ് എനിക്കുള്ളത്!
ഫ്രഞ്ചുകാരുടെ താത്പര്യം വർധിക്കുന്നു
1960-കളിൽ സഭാപ്രദേശത്ത് ഹെയ്തിയിൽനിന്നു മാറിപ്പാർത്ത ഫ്രഞ്ചു സംസാരിക്കുന്ന ധാരാളം ആളുകളെ ഞങ്ങൾ കണ്ടെത്തി. മിക്കവരും പരിമിതമായ ഇംഗ്ലീഷ് മാത്രമാണ് സംസാരിച്ചിരുന്നത്, ചിലരാകട്ടെ അൽപ്പംപോലും സംസാരിച്ചിരുന്നില്ല. അതൊരു വെല്ലുവിളിയായിരുന്നു. ബൈബിളിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ ഞങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാനാകും? ഞാൻ ഫ്രഞ്ച് സംസാരിച്ചിരുന്നില്ല. എന്നാൽ, ഒരു അടിസ്ഥാന ബൈബിൾ പാഠപുസ്തകത്തിന്റെ ഇംഗ്ലീഷ് കോപ്പി ഒരു കൈയിലും അതിന്റെ ഒരു ഫ്രഞ്ചു പരിഭാഷ മറുകൈയിലും പിടിച്ചുകൊണ്ട് ബൈബിളധ്യയനങ്ങൾ നടത്താൻ എനിക്കു കഴിഞ്ഞു.
എന്നിരുന്നാലും, ആത്മീയമായി വളരാൻ ഈ വ്യക്തികളെ സഹായിക്കുന്നതിന് ഫ്രഞ്ചുഭാഷയിൽ യോഗങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ട് ഫ്രഞ്ച് സംസാരിക്കുന്ന സാക്ഷികളിൽ ഏതെങ്കിലും ഒരു മിഷനറി ബ്രുക്ക്ളിൻ സന്ദർശിക്കാനെത്തുമ്പോൾ സഹായിക്കാനായി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ആദ്യമായി ഞങ്ങളുടെ സഹായത്തിനെത്തിയത് നീക്കോളാ ബ്രീസ്സർ ആയിരുന്നു. അദ്ദേഹം ഇപ്പോൾ ഗ്വാഡലൂപ്പ് ബ്രാഞ്ച് കമ്മിററിയുടെ കോ-ഓർഡിനേറററാണ്. അദ്ദേഹം ബർത്ത ല്യൂഡൺ സഹോദരിയുടെ ഭവനത്തിൽവച്ചു ഫ്രഞ്ചുഭാഷയിൽ നടത്തിയ ഞങ്ങളുടെ ആദ്യത്തെ പരസ്യപ്രസംഗത്തിന് ഇരുപത്തേഴു പേർ ഹാജരായിരുന്നു. ആ സഹോദരി ഇപ്പോഴും യഹോവയെ വിശ്വസ്തമായി സേവിക്കുന്നു.
ആ സമയത്തുപോലും സ്പാനീഷ് ഒഴികെ ന്യൂയോർക്ക് സിററിയിൽ യാതൊരു വിദേശഭാഷാ സഭകളും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഫ്രഞ്ച് ഔദ്യോഗിക ഭാഷയായി സംസാരിക്കുന്ന ഒരു സഭ സ്ഥാപിക്കുകയെന്ന ആശയത്തെക്കുറിച്ചു സങ്കൽപ്പിക്കുകപോലും പ്രയാസമായിരുന്നു. വാസ്തവത്തിൽ, ഒരു സഞ്ചാരമേൽവിചാരകൻ കാര്യങ്ങൾ കൂടുതൽ നിരുത്സാഹജനകമാണെന്നു തോന്നാൻ ഇടയാക്കി, കാരണം ഈ രാജ്യത്തു വസിക്കുന്നവർ ഇംഗ്ലീഷ് പഠിക്കുക എന്നതാണ് അപ്പോഴത്തെ നയമെന്ന് അദ്ദേഹം ഞങ്ങളെ അറിയിച്ചു.
പിൽക്കാലത്ത് വാച്ച് ടവർ സൊസൈററിയുടെ പ്രസിഡണ്ടായിത്തീർന്ന ഫ്രെഡ് ഡബ്ലിയു. ഫ്രാൻസ് പ്രോത്സാഹനത്തിന്റെ ഒരു ഉറവിടമായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “മേരീ, യഹോവയുടെ ഇഷ്ടമെങ്കിൽ ഒരു ഫ്രഞ്ച് സഭയുണ്ടാകും.” ബ്രുക്ക്ളിൻ സെൻറർ സഭയിലെ അധ്യക്ഷമേൽവിചാരകനായ ഹാരി പലോയൻ സഹോദരനും നല്ല പ്രോത്സാഹനമായിരുന്നു. രാജ്യഹാളിൽ വൈകുന്നേരങ്ങളിൽ യോഗങ്ങൾ ഇല്ലാതിരിക്കുകയും ഫ്രഞ്ച് സംസാരിക്കുന്ന ഒരു സന്ദർശകൻ വരുകയും ചെയ്യുമ്പോഴെല്ലാം ഞങ്ങൾക്ക് അനൗദ്യോഗികമായി സഭാപുസ്തകാധ്യയനവും പരസ്യപ്രസംഗവും നടത്താമെന്ന് അദ്ദേഹം പറഞ്ഞു.
ഈ സമയമായപ്പോഴേക്കും ഹെയ്തിയിൽനിന്ന് ഇങ്ങോട്ട് മാറിപ്പാർത്ത സ്നാപനമേററ ധാരാളം സഹോദരങ്ങളുണ്ടായിരുന്നു. എന്നാൽ ഫ്രഞ്ചുഭാഷയിൽ സ്ഥാപനപരമായ നേതൃത്വമെടുക്കാൻ മാത്രം അനുഭവപരിചയമുള്ള ആരും അവിടെ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ, പാരീസിൽ സ്കൂൾ വിദ്യാഭ്യാസം നേടി, ഇപ്പോൾ ബ്രുക്ക്ളിൻ ബെഥേൽ കുടുംബത്തിന്റെ ഒരംഗവുമായിരിക്കുന്ന തിമൊത്തി ഗാൾഫസ് ഞങ്ങളുടെ സ്ഥിതിവിശേഷത്തെക്കുറിച്ചു മനസ്സിലാക്കി. എല്ലാ ശനിയാഴ്ചയും ബെഥേലിലെ ജോലിക്കുശേഷം അദ്ദേഹം പുറത്തുവരും, എവിടെ കൂടിവരണമെന്ന് അറിയാതെ ഇവിടെ താമസിച്ചിരുന്ന ഹെയ്തിയൻ സഹോദരീസഹോദരൻമാരെ ഞങ്ങൾ പരതുകയും ചെയ്യും.
പെട്ടെന്നുതന്നെ ഞങ്ങളോടു സഹവസിക്കുന്നവരുടെ എണ്ണം 40-നോടടുത്തു. ഫ്രഞ്ചുഭാഷയിൽ ഒരു ഔദ്യോഗിക സഭാപുസ്തകാധ്യയനത്തിനു വേണ്ടിയുള്ള അംഗീകാരത്തിനായി സൊസൈററിക്കെഴുതാൻ ഞങ്ങൾ സർക്കിട്ട് മേൽവിചാരകനോട് ആവശ്യപ്പെട്ടു. അനുമതി ലഭിച്ചപ്പോൾ ഞങ്ങൾ എത്ര സന്തുഷ്ടരായിരുന്നു! ക്രമമായ പരസ്യപ്രസംഗങ്ങളും വാരംതോറും വീക്ഷാഗോപുര അധ്യയനവും നടത്താനുള്ള അനുവാദവും പിന്നീട് ഞങ്ങൾക്കു ലഭിച്ചു.
ആദ്യത്തെ ഫ്രഞ്ച് സഭ
1967 ഡിസംബർ 1-ന് ഐക്യനാടുകളിലെ ആദ്യത്തെ ഫ്രഞ്ച് സംസാരിക്കുന്ന സഭ സ്ഥാപിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചു. ബ്രുക്ക്ളിൻ സെൻറർ സഭയും പ്രോസ്പെക്ററ് സഭയുമായി അത് രാജ്യഹാൾ പങ്കിട്ടു. ഞങ്ങൾ അതിരററ സന്തോഷമുള്ളവരായിരുന്നു! തങ്ങൾക്കു മനസ്സിലായ ഭാഷയിൽ എല്ലാവരും വലിയ ആത്മീയ പുരോഗതി വരുത്തുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ബ്രുക്ക്ളിൻ സെൻറർ സഭയുടെ സേവനക്കമ്മിററിയിൽ ഉൾപ്പെട്ട ഹാരി പലോയൻ, ജോർജ് ഹാഡഡ്, കാർലോസ് ക്വിലസ് തുടങ്ങിയ സഹോദരങ്ങളുടെ പിന്തുണ വളർച്ചയുടെ വേദനാജനകമായ ആ വർഷങ്ങളിലെല്ലാം വളരെ വിലമതിക്കപ്പെട്ടു.
ഞങ്ങൾ ദ്രുതഗതിയിൽ വളർന്നു. ന്യൂയോർക്കിലെ മാൻഹാട്ടൻ, ക്വീൻസ്, ന്യാക്ക് എന്നിവിടങ്ങളിൽ പെട്ടെന്നുതന്നെ പുതിയ ഫ്രഞ്ച് സഭകൾ രൂപംകൊണ്ടു. ബ്രുക്ക്ളിൻ ബെഥേലിലെ ജഫ് കെൽററ്സും ടോം സെസിലും ഈ വികസനത്തിൽ സഹായിച്ചു. കെൽററ്സ് സഹോദരൻ ഞങ്ങളുടെ സർക്കിട്ട് മേൽവിചാരകനായി സേവിക്കുകയുണ്ടായി. സെസിൽ സഹോദരൻ ഞങ്ങളുടെ ഡിസ്ട്രിക്ററ് കൺവെൻഷൻ കമ്മിററിയിലും സേവിച്ചിട്ടുണ്ട്. ഫ്രഞ്ചുഭാഷ സംസാരിച്ചിരുന്ന രാജ്യങ്ങളിൽനിന്ന് ആരോഗ്യപ്രശ്നങ്ങൾ നിമിത്തം ഐക്യനാടുകളിലേക്കു മടങ്ങിവരേണ്ടിവന്ന മിഷനറിമാരും സഹായിച്ചു. അവരുടെ സഹായം എത്ര വിലപ്പെട്ടതായിരുന്നു! ഒരു അധ്യക്ഷമേൽവിചാരകനും പകരം സർക്കിട്ട് മേൽവിചാരകനുമായി സേവനമനുഷ്ഠിക്കുന്ന സ്ററാൻലി ബോഗസ് അവരിൽപ്പെടുന്നു.
ഫിഫ്ത് അവന്യു-എയ്ററ്ത് സ്ട്രീററിലെ ആ ചെറിയ ഫ്രഞ്ച് കൂട്ടം ഡസൻകണക്കിനു സഭകളും രണ്ടു സർക്കിട്ടുകളുമായി വളർന്നുവരുന്നത് കാണുന്നത് എന്തു സന്തോഷമായിരുന്നു! വാസ്തവത്തിൽ, 1970 ഏപ്രിലിൽ ഫ്രഞ്ചുഭാഷയിൽ ഞങ്ങളുടെ ആദ്യത്തെ സർക്കിട്ട് സമ്മേളനം നടന്നു. അന്നു വാച്ച് ടവർ സൊസൈററിയുടെ പ്രസിഡണ്ടായിരുന്ന നേഥൻ എച്ച്. നോർ സഹോദരൻ വെള്ളിയാഴ്ച രാത്രിയിൽ ഞങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ആശംസകൾ നൽകി. ആ വേനൽക്കാലത്ത് ന്യൂജേഴ്സിയിലുള്ള ജേഴ്സി സിററിയിലെ റൂസ്വെൽററ് സ്റേറഡിയത്തിന്റെ മേൽക്കൂരയില്ലാത്ത ഭാഗത്ത് ഞങ്ങളുടെ ആദ്യത്തെ ഡിസ്ട്രിക്ററ് കൺവെൻഷൻ നടന്നു. അവിടം ചൂടുള്ളതും പൊടി നിറഞ്ഞതുമായിരുന്നു. എന്നാൽ നാടകമുൾപ്പെടെ മുഴു പരിപാടിയും ഫ്രഞ്ചുഭാഷയിൽ കേൾക്കാൻ കഴിഞ്ഞതിൽ സദസ്സിലുണ്ടായിരുന്ന 200-ലധികം പേർ വളരെ സന്തുഷ്ടരായിരുന്നു.
1986-ൽ ഞങ്ങളുടെ ഡിസ്ട്രിക്ററ് കൺവെൻഷനു യഹോവയുടെ സാക്ഷികളുടെ ജേഴ്സി സിററി സമ്മേളനഹാൾ ഉപയോഗിക്കാൻ അനുവദിക്കപ്പെട്ടതിൽ ഞങ്ങൾ പുളകിതരായിരുന്നു. കഴിഞ്ഞ വർഷം ഒരു ഫ്രഞ്ചു കൺവെൻഷനിൽ 4,506 പേർ ഹാജരാവുകയുണ്ടായി, 101 പേർ സ്നാപനമേൽക്കുകയും ചെയ്തു. ആ സമയത്തു ഫ്ളോറിഡയിൽ മറെറാരു ഫ്രഞ്ചു കൺവെൻഷനും നടക്കുകയുണ്ടായി.
കൂടെ താമസിച്ചിരുന്ന വിശ്വസ്തർ
എന്റെ ജീവിതത്തിലെ സന്തോഷകരമായിരുന്ന മറെറാരു വശം മുഴുസമയ സേവനത്തിലായിരുന്ന മററു സഹോദരിമാരുമായി ഫ്ളാററ് പങ്കിടുന്നതായിരുന്നു. ആദ്യത്തെ രണ്ടുപേർ (റോസ് ലൂയിസ് പലോയനും മഡ്ലൻ മർഡക് വൈൽഡ്മാനും) ബെഥേലിലേക്കു പോയി. പിന്നീടുള്ള രണ്ടുപേരും (ലൈല റോജേഴ്സ് മോലഹനും മാർഗരററ് സ്റെറൽമയും) ബെഥേൽ കുടുംബത്തിലെ അംഗങ്ങളായിത്തീർന്നു. മററു രണ്ടുപേർ (ബാർബറ റിപ്പസ്കി ഫോർബ്സും വെർജീനിയ ബൂറിസ് ബെൽട്രാമലീയും) വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിലേക്കു പോയി. അവർ ഇപ്പോഴും യഥാക്രമം ഗ്വാട്ടിമാലാ, ഉറുഗ്വേ എന്നിവിടങ്ങളിൽ സേവിച്ചുകൊണ്ടിരിക്കുന്നു.
ദിവസത്തിനു തുടക്കം കുറിക്കുന്നതിനു വേണ്ടി ഒരു തിരുവെഴുത്തു ചർച്ച ചെയ്യാൻ ഞങ്ങൾ സഹോദരിമാർ എല്ലായ്പോഴും സമയമെടുത്തിരുന്നു. അതിനുശേഷം ഞങ്ങൾ ഞങ്ങളുടെ ലൗകിക ജോലിക്കും ശുശ്രൂഷക്കുമായി പോയി. രാത്രിയിൽ തിരികെ വന്നത് വിശന്നു ക്ഷീണിച്ചവരായിട്ടാണെങ്കിലും ഞങ്ങൾ സന്തുഷ്ടരായിരുന്നു! പങ്കുവയ്ക്കാൻ പരിപുഷ്ടിപ്പെടുത്തുന്നതായ അനവധി അനുഭവങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു! ദൃഷ്ടാന്തത്തിന്, ഒരു സന്ദർഭത്തിൽ ഞാൻ എലിസാ ബോമാൻ ഫരിനാ എന്നൊരു യുവതിയോടൊത്ത് ബൈബിൾ പഠിച്ചു. പഠനം രാത്രി 10:00 മണിക്കായിരിക്കണമെന്ന് അവൾ നിർബന്ധം പിടിച്ചു. അവൾ പെട്ടെന്നു പുരോഗതി പ്രാപിച്ചു. ഞാൻ അവളെ ആദ്യമായി ശുശ്രൂഷക്കു കൊണ്ടുപോയ സമയത്ത് അവൾ പറഞ്ഞതിങ്ങനെയാണ്: “ഞാൻ സദാ ഇതു ചെയ്യാൻ പോകുകയാണെന്നു വിചാരിക്കരുത്!” എന്നാൽ ഒരു മുഴുസമയ ശുശ്രൂഷക ആയിത്തീർന്ന അവൾ പിന്നീട് ഗിലെയാദ് സ്കൂളിൽ സംബന്ധിച്ചു. അവൾ അനേക വർഷങ്ങൾ ഇക്വഡോറിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. അവൾ ഇപ്പോൾ ന്യൂജേഴ്സിയിലെ ട്രെൻഡണിൽ മുഴുസമയം പ്രവർത്തിക്കുന്നു.
എന്റെ മുറിയിൽ എന്നോടൊപ്പം താമസിച്ചവരിൽ ചിലർ, യഹോവയെ വിലമതിക്കുകയും അവിടുത്തെ സേവിക്കുകയും ചെയ്യുന്ന കുട്ടികളെ വളർത്തിക്കൊണ്ടു വന്നിട്ടുണ്ട്. മുമ്പ് മുറിയിൽ എന്നോടൊപ്പം താമസിച്ചിരുന്ന (വെർജീനിയ ഹെൻഡീ റോബർട്ട്സൺ) എന്ന ഒരു സഹോദരിയുടെ മകളായ റോബർട്ട്സൺ സാക്കീമ കഴിഞ്ഞ വർഷം വിവാഹിതയാവുകയും ഇപ്പോൾ ഭർത്താവുമൊത്ത് ബ്രുക്ക്ളിൻ ബെഥേലിൽ സേവിക്കുകയും ചെയ്യുന്നു.
എന്റെ മുറിയിൽ എന്നോടൊപ്പം 20-ലധികം പേർ താമസിച്ചിട്ടുണ്ട്. അവരെല്ലാവരും യഹോവയോടു വിശ്വസ്തരായി നിലകൊണ്ടു എന്നു പറയുന്നതിൽ ഞാൻ സന്തുഷ്ടയാണ്. അവരിൽ നല്ലൊരു കൂട്ടം ഇപ്പോഴും മുഴുസമയ സേവനത്തിൽ നിലനിൽക്കുന്നു.
നമ്മുടെ ആഗോള കുടുംബത്തിൽ സന്തോഷിക്കൽ
മററു നാടുകളിൽനിന്നുള്ള പല സാക്ഷികളുമായി പരിചയപ്പെടാനിടയായതും എന്നെ സംബന്ധിച്ചടത്തോളം സന്തോഷത്തിന്റെ ഒരു ഉറവിടമായിരുന്നിട്ടുണ്ട്. ഉദാഹരണത്തിന്, ഞങ്ങൾ സൊസൈററിയുടെ ഹെഡ്ക്വാർട്ടേഴ്സിനടുത്ത് താമസിച്ചിരുന്നതുകൊണ്ട് ഗിലെയാദ് മിഷനറി സ്കൂളിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർഥികളുമായി സഹവസിക്കുന്നതിനുള്ള പദവി ഞങ്ങൾക്കുണ്ടായിരുന്നു. അന്നു സ്കൂൾ സ്ഥിതിചെയ്തിരുന്നത് ബ്രുക്ക്ളിൻ ബെഥേലിലായിരുന്നു.
ഇപ്പോൾ ഓസ്ട്രിയ ബ്രാഞ്ചിൽ സേവിക്കുന്ന ഗൂണ്ടർ ബുഷ്ബെക്ക്, ജർമനി ബ്രാഞ്ചിൽ സേവിക്കുന്ന വിലീ കോൺസ്ററാൻറീ എന്നീ രണ്ടു വിദ്യാർഥികൾ ഗിലെയാദ് സ്കൂളിൽ പങ്കെടുക്കവേ ബ്രുക്ക്ളിൻ സെൻറർ സഭയിലേക്കു നിയമിതരായി. അവർ പ്രോത്സാഹനത്തിന്റെ എന്തൊരു ഉറവായിരുന്നു! മുറിയിൽ എന്നോടൊപ്പം താമസിച്ചിരുന്നവർ പെട്ടെന്നുതന്നെ ഗിലെയാദ് സേവനത്തെക്കുറിച്ചു ചിന്തിക്കാൻ തക്കവണ്ണം ആ സഹോദരൻമാർ അവരുടെമേൽ ക്രിയാത്മകമായ ഒരു സ്വാധീനം ചെലുത്തി.
അനവധി തവണ മറുനാടുകളിലേക്കു സഞ്ചരിച്ചുകൊണ്ട് നമ്മുടെ ആഗോള കുടുംബത്തോടുള്ള സൗഹൃദം വിശാലമാക്കാനുള്ള പദവി എനിക്കു ലഭിച്ചിട്ടുണ്ട്. ഞാൻ സാർവദേശീയ കൺവെൻഷനുകളിൽ സംബന്ധിച്ചിട്ടുണ്ട്. നേരത്തെ ഞാൻ പരിചയപ്പെട്ടതും ഇപ്പോൾ തങ്ങളുടെ നിയമനങ്ങളിൽ നിലനിൽക്കുന്നവരുമായ ഗിലെയാദ് ബിരുദധാരികളെ അവിടെവെച്ച് ഞാൻ കണ്ടിട്ടുമുണ്ട്.
അനുഭവസമ്പന്നമായ ഒരു ജീവിതം
എന്റെ ജീവിതത്തിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ അത് അത്ഭുതാവഹമായിരിക്കുന്നുവെന്ന് എനിക്കു പറയാനാകും—അനുഗ്രഹങ്ങളാൽ നിറഞ്ഞ സന്തുഷ്ടമായ ഒരു ജീവിതം. ഈ വ്യവസ്ഥിതി സമ്മാനിക്കുന്ന സാധാരണ പ്രശ്നങ്ങൾ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ എന്റെ കഴിഞ്ഞ കാലത്തെക്കുറിച്ചോർത്തു ദുഃഖിക്കാനോ മുഴുസമയ സേവനമെന്ന അമൂല്യമായ പദവി വിട്ടുകളയാനോ യാതൊന്നും ഇടയാക്കിയിട്ടില്ല.
എന്റെ ചെറുപ്രായത്തിൽത്തന്നെ സങ്കീർത്തനം 126:5, 6-ലെ വാക്കുകൾ അമ്മ എന്നിൽ ഉൾനട്ടു: “കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും. വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കററ ചുമന്നും ആർത്തുംകൊണ്ടു വരുന്നു.” ആ തിരുവെഴുത്ത് ഇപ്പോഴും എന്റെ വഴികാട്ടിയാണ്. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽപ്പോലും അവയെ തരണം ചെയ്യാനുള്ള ഒരു മാർഗം കണ്ടെത്താനും ആ സന്തോഷം നിലനിർത്താനും യഹോവ എന്നെ സഹായിച്ചു.
തീർച്ചയായും മാററം വരുത്താൻ ഞാൻ ആഗ്രഹിക്കുകയില്ലാത്ത ഒരു ജീവിതമാണ് എന്റേത്. മുഴുസമയ ശുശ്രൂഷയിൽ ഏതാണ്ട് 53 വർഷങ്ങൾ യഹോവക്കു നൽകുന്നതിൽ എനിക്കു യാതൊരു ദുഃഖവുമില്ല. അവിടുത്തെ പുതിയ വ്യവസ്ഥിതിയിലുടനീളം അവിടുത്തെ തുടർന്നു സേവിക്കാൻ ഞാൻ നോക്കിപ്പാർത്തിരിക്കുന്നു.—മേരി കെൻഡൽ പറഞ്ഞപ്രകാരം.
[16-ാം പേജിലെ ചിത്രം]
മേരി കെൻഡൽ