മർമപ്രധാനമായ പിന്തുണ
“എനിക്കു മരണഭീതിയോടും വിഷാദ ഘട്ടങ്ങളോടും മല്ലിടേണ്ടിയിരുന്നു” അർജൻറീനയിലെ ഒരു യഹോവയുടെ സാക്ഷിയായ വെർജിനിയ പറയുന്നു. സ്തനാർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ അവൾ സമൂല സ്തനച്ഛേദനത്തിനു വിധേയയായി. അവളുടെ അണ്ഡാശയങ്ങളും നീക്കം ചെയ്യപ്പെട്ടു.a
വാസ്തവത്തിൽ സ്തനാർബുദത്തിന്റെ ഫലമായുള്ള മരണഭീതി സാർവത്രികമാണ്. ഈ ഭീതിക്കു പുറമേ, വൈകല്യമുണ്ടാകുമല്ലോ സ്ത്രൈണതയും മുലയൂട്ടാനുള്ള കഴിവും നഷ്ടപ്പെടുമല്ലോ എന്നിങ്ങനെയുള്ള ഭയം കൂടിയാകുമ്പോൾ അതിന് ഒരു സ്ത്രീയുടെ ജീവിതത്തെ വൈകാരികമായി നശിപ്പിക്കാൻ കഴിയും. ഒററപ്പെടുമല്ലോ എന്ന തീർത്താൽ തീരാത്ത ദുഃഖം അവളെ വേഗം കണ്ണീർക്കയത്തിലാഴ്ത്തുകയും ചെയ്യും. ഇത്തരത്തിലുള്ള വൈകാരിക ആക്രമണത്തിന് അവൾ വിധേയയാകാതിരിക്കാൻ എന്താണു മാർഗം?
പിന്തുണയുടെ ആവശ്യം
“അവൾക്ക് പിന്തുണ ആവശ്യമാണ്!” ഐക്യനാടുകളിൽ നിന്നുള്ള ജോൺ മറുപടി നൽകുന്നു. അവളുടെ അമ്മയും വല്യമ്മയും സ്തനാർബുദത്തിന് ഇരകളായിരുന്നു. അവർക്കുണ്ടായിരുന്ന അതേ പോരാട്ടത്തെ അവളും ഇപ്പോൾ അഭിമുഖീകരിക്കുകയാണ്. ഇത് വിശ്വസ്തരായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സംബന്ധിച്ചടത്തോളം ആശ്വാസപ്രദമായ പിന്തുണയും സഹായവും നൽകാൻ പററിയ ഒരു സമയമാണ്. ജോണിന്റെ ഭർത്താവായ ടെറി അവൾക്ക് ശുഭാപ്തിവിശ്വാസം പകർന്നു നൽകുന്ന ശക്തനായ ഒരു വക്താവായി തീർന്നു. ടെറി ഇപ്രകാരം വിശദീകരിക്കുന്നു: “ഞാൻ അവൾക്ക് ഉറപ്പു പകർന്നു കൊടുക്കേണ്ട ഒരു സ്ഥാനത്താണ് എന്നു മനസ്സിലാക്കി. ചികിത്സ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ ഞാൻ ജോണിനെ സഹായിക്കേണ്ടതുണ്ടായിരുന്നു. അതു പ്രതീക്ഷ വെടിയാതെ പൊരുതാനുള്ള ശുഭാപ്തിവിശ്വാസവും ശക്തിയും അവൾക്കു നൽകുമായിരുന്നു. കാൻസർ ശസ്ത്രക്രിയ സംബന്ധിച്ച അവളുടെ ഭയം തരണം ചെയ്യാൻ ഞങ്ങൾ പഠിക്കേണ്ട ഒന്നായിരുന്നു. അവളുടെ ചോദ്യങ്ങളും ഭയങ്ങളും ഡോക്ടർമാരുമായുള്ള ചർച്ചകളിൽ ഉൾപ്പെടുത്തിയെന്ന് ഉറപ്പുവരുത്താൻ ഞാൻ ശ്രമിച്ചു.” ടെറി ഇപ്രകാരം കൂട്ടിച്ചേർത്തു: “ഇതു നമ്മുടെ കുടുംബങ്ങൾക്കും കുടുംബത്തിന്റെ പിന്തുണ ഇല്ലാത്ത സഹ ക്രിസ്ത്യാനികൾക്കും വേണ്ടി നമുക്കു ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ്. വൈദ്യരംഗത്തെ ഉദ്യോഗസ്ഥരോടുള്ള ബന്ധത്തിൽ നമുക്ക് അവരുടെ കണ്ണുകളും കാതുകളും ശബ്ദവും ആയിരിക്കാൻ കഴിയും.”
ഏകാകികളും വിധവമാരുമായിരിക്കുന്നവർക്ക് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട ആവശ്യമുണ്ട്. ഓസ്ട്രേലിയയിൽ നിന്നുള്ള ഡയാന നമ്മോട് ഇപ്രകാരം പറയുന്നു: “എന്റെ ഭർത്താവ് അഞ്ചു വർഷം മുമ്പ് ഒരു കാൻസർ ശസ്ത്രക്രിയയെ തുടർന്നു മരണമടഞ്ഞു. എന്നാൽ ആ വിടവു നികത്താൻ കുട്ടികൾ സഹായിച്ചു. അവർ ദയാലുക്കളായിരുന്നു, എന്നാൽ വികാരജീവികളായിരുന്നില്ല. അത് എനിക്കു ശക്തി പകർന്നു. ത്വരിതഗതിയിലും ശാന്തമായും എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞു.”
സ്തനാർബുദം മുഴു കുടുംബത്തിൻമേലും ഒരു വൈകാരിക സ്വാധീനം ചെലുത്തുന്നു. അതുകൊണ്ട് മററുള്ളവരിൽ (യഹോവയുടെ സാക്ഷികളാണെങ്കിൽ പ്രത്യേകിച്ച് തങ്ങളുടെ ആത്മീയ സഹോദരീസഹോദരൻമാരിൽ) നിന്നുള്ള സ്നേഹപുരസ്സരമായ കരുതലും പിന്തുണയും അവർക്ക് എല്ലാവർക്കും ആവശ്യമാണ്.
സ്തനാർബുദത്തോടു പോരാടിയ ഐക്യനാടുകളിൽ നിന്നുള്ള ഒരു സഹോദരിയുടെ മകൾ റിബേക്ക വിശദീകരിക്കുന്നതു കേൾക്കൂ: “സഭ നിങ്ങളുടെ വികസിത കുടുംബം ആണ്. സഭാംഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിങ്ങളുടെ വികാരങ്ങളുടെമേൽ ഒരു വലിയ ഫലമുണ്ട്. മമ്മി തിരഞ്ഞെടുത്ത അസാധാരണമായ രീതിയിലുള്ള ചികിത്സാക്രമത്തോട് പലരും വ്യക്തിപരമായി വിയോജിപ്പു പ്രകടമാക്കിയെങ്കിലും ടെലിഫോൺ വിളികളും സന്ദർശനങ്ങളും കൊണ്ട് അവർ ഞങ്ങൾക്ക് വൈകാരികമായി പിന്തുണ നൽകി. ചിലർ വന്നു മമ്മിക്കുള്ള പ്രത്യേക ആഹാരം ഉണ്ടാക്കാൻ സഹായിക്കുക പോലും ചെയ്തിരുന്നു. മൂപ്പൻമാരാണെങ്കിൽ ഞങ്ങൾക്ക് മീററിംഗുകൾ ഒരിക്കലും നഷ്ടമാകരുതാത്തവിധം ഒരു ടെലിഫോൺ ബന്ധം ക്രമീകരിച്ചു തന്നു. സഭ പണസമ്മാനവുമായി ഒരു കാർഡ് അയയ്ക്കുക പോലും ചെയ്തു.”
ജോൺ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “ഇന്ന് ഈ ദിനംവരെ എന്റെ ആത്മീയ സഹോദരീസഹോദരൻമാർ പ്രകടിപ്പിച്ച സ്നേഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് കോൾമയിർ കൊള്ളുന്നു! എന്തുകൊണ്ടെന്നാൽ സ്നേഹമയികളായ എന്റെ സഹോദരിമാർ എന്നെ ചികിത്സക്കായിട്ട് ആശുപത്രിയിലേക്കും തിരിച്ചും ഒരാഴ്ചയിൽ അഞ്ചു ദിവസം വെച്ച് ഏഴ് ആഴ്ച മാറി മാറി വണ്ടിയിൽ കൊണ്ടുപോയി. അത് അങ്ങോട്ടുമിങ്ങോട്ടുംകൂടെ 150 കിലോമീററർ യാത്രയായിരുന്നു! ഈ ക്രിസ്തീയ സാഹോദര്യത്തിന്റെ സമൃദ്ധമായ അനുഗ്രഹത്തിനായി ഞാൻ യഹോവയ്ക്ക് എത്ര നന്ദിപറയുന്നെന്നോ!”
നമുക്ക് പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും കഴിയുന്ന മറെറാരു മാർഗം കെട്ടുപണിചെയ്യുന്ന അഭിപ്രായങ്ങളാലാണ്. നിഷേധാത്മകമായ കാര്യങ്ങൾ സവിസ്തരം പ്രതിപാദിച്ചുകൊണ്ട് അറിയാതെ നാം വിഷമിപ്പിക്കാതിരിക്കാൻ സൂക്ഷ്മത ഉള്ളവരായിരിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ജൂൺ ഇപ്രകാരം വിശദീകരിക്കുന്നു: “കാൻസർ ഉണ്ടായിട്ടില്ലാത്ത ഒരു വ്യക്തി ഉചിതമായ കാര്യമേ പറയൂ എന്നു നമുക്കു പ്രതീക്ഷിക്കാൻ കഴിയില്ല. എന്റെ കാര്യത്തിലാണെങ്കിൽ, കാൻസർ രോഗികളെക്കുറിച്ചു പറയാൻ പോകുന്ന കാര്യം ക്രിയാത്മകമായ ഒന്നല്ലെങ്കിൽ അതു പറയാതിരിക്കയാണു ഭേദം എന്നു തോന്നിപ്പോയിട്ടുണ്ട്.” ജപ്പാനിൽ നിന്നുള്ള നോരീകോ ഇപ്രകാരം സമ്മതിക്കുന്നു: “സുഖംപ്രാപിക്കയും രോഗം വീണ്ടും വരാതിരിക്കയും ചെയ്ത ആരെയെങ്കിലും കുറിച്ച് ആളുകൾ എന്നോടു പറയുമ്പോൾ ഞാനും അവരെപ്പോലെ ആയിത്തീരുമായിരിക്കും എന്ന് എനിക്കും പ്രത്യാശയുണ്ടാകുന്നു.”
തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് എപ്പോഴും സംസാരിക്കുന്നത് ചില സ്ത്രീകൾക്ക് ഇഷ്ടമില്ല എന്ന് മനസ്സിൽ പിടിക്കുക. എന്നിരുന്നാലും മററുചിലർക്ക് തങ്ങളുടെ തന്നെ പ്രയോജനത്തിനായി സ്തനാർബുദം സംബന്ധിച്ച തങ്ങളുടെ അനുഭവം സുഹൃത്തുക്കളോട്, പ്രത്യേകിച്ച് വളരെ അടുപ്പമുള്ളവരോട് സംസാരിക്കേണ്ട ആവശ്യമുണ്ട്. ചെയ്യാവുന്ന ഏററവും സഹായകരമായ കാര്യം ഏതെന്ന് എങ്ങനെയാണ് അറിയുക? ഐക്യനാടുകളിൽ നിന്നുള്ള ഹെലൻ ഇപ്രകാരം പറയുന്നു: “അതിനെക്കുറിച്ച് അവൾ സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ആ വ്യക്തിയോടു ചോദിക്കുക. അവളെ സംസാരിക്കാൻ അനുവദിക്കുക.” അതെ, “ശ്രദ്ധിക്കാൻ ഒരുക്കമുള്ളവരായിരിക്കുക” ഡെൻമാർക്കിൽ നിന്നുള്ള ഇഞ്ചെലീസ പറയുന്നു. “സ്വന്തം ദുഃഖചിന്തകളുമായി ഒററപ്പെടാതിരിക്കാൻ അവൾക്ക് വൈകാരിക പിന്തുണ നൽകുക.”
ഒരു ക്രിയാത്മക വീക്ഷണഗതിക്കായി പ്രവർത്തിക്കുന്നു
സ്തനാർബുദ ചികിത്സ നടന്ന ഒരു രോഗിക്ക് ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന ക്ഷീണവും തളർച്ചയും ഉണ്ടായേക്കാം. താൻ മുൻപ് ചെയ്തിരുന്ന അത്രയും കാര്യങ്ങൾ ഇപ്പോൾ ചെയ്യാൻ സാധിക്കുന്നില്ല എന്ന യാഥാർഥ്യം അഭിമുഖീകരിക്കുന്നതായിരിക്കാം ഒരു സ്തനാർബുദ രോഗിണിയെ സംബന്ധിച്ചടത്തോളം ഏററവും വലിയ പരിശോധന. ശരീരത്തിന്റെ പരിമിതികൾ മനസ്സിലാക്കി തന്റെ പ്രവർത്തനം പരിമിതപ്പെടുത്തുകയും പകൽ വിശ്രമം എടുക്കുകയും ചെയ്യേണ്ടതുണ്ട്.
വിഷാദം ഉണ്ടാകുമ്പോൾ ഒരു ക്രിയാത്മക മനോഭാവം നിലനിർത്താൻ സത്വരനടപടികൾ എടുക്കേണ്ടതുണ്ട്. നോരീകോ തന്റെ അനുഭവം ഇപ്രകാരം പരാമർശിക്കുന്നു: “ഹോർമോൺ ചികിത്സയുടെ ഫലങ്ങൾ എന്നെ വിഷാദമഗ്നയാക്കി. ആ അവസ്ഥയിൽ ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ എനിക്കു ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ യഹോവയ്ക്കും ക്രിസ്തീയ സഭയ്ക്കും ഉപയോഗമില്ലാത്തവളാണ് എന്ന് എനിക്കു തോന്നിത്തുടങ്ങി. എന്റെ ചിന്താഗതി കൂടുതൽ നിഷേധാത്മകമായി തീർന്നപ്പോൾ കാൻസർമൂലം മരിച്ച എന്റെ കുടുംബാംഗങ്ങളുടെ അന്തിമ യാതനകൾ ഞാൻ ഓർത്തു. ‘അവർക്ക് അതെല്ലാം സഹിക്കാൻ കഴിഞ്ഞതുപോലെ എനിക്കാവുമോ?’ എന്ന് ഞാൻ അത്ഭുതപ്പെടവേ ഭയം എന്നെ തിന്നുകയായിരുന്നു.”
നോരീകോ ഇപ്രകാരം തുടരുന്നു: “അപ്പോഴാണു യഹോവ നമ്മുടെ നിലനിൽപ്പിനെ എങ്ങനെയാണ് വീക്ഷിക്കുന്നത് എന്ന് സ്വയം ചിന്തിച്ച് യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് എന്റെ ചിന്താഗതിയെ ക്രമപ്പെടുത്താൻ ഞാൻ ഒരു ശ്രമം നടത്തിയത്. ദൈവഭക്തി പ്രകടിപ്പിക്കുന്നത് ചെയ്യുന്ന ജോലിയുടെ അളവിലൂടെയല്ല, പിന്നെയോ അതു ചെയ്യുന്നതിനുള്ള പ്രചോദനത്തിലൂടെയാണ് എന്ന് ഞാൻ മനസ്സിലാക്കി. യഹോവ എന്റെ ഹൃദയാവസ്ഥയിലും ചിന്താഗതിയിലും സന്തോഷിക്കാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് ക്രിസ്തീയ ശുശ്രൂഷയിൽ എനിക്ക് അല്പമേ ചെയ്യാൻ കഴിഞ്ഞുള്ളൂ എങ്കിലും യഹോവയെ ആഹ്ലാദത്തോടും പൂർണഹൃദയത്തോടും കൂടെ സേവിക്കാൻ ഞാൻ തീരുമാനം ചെയ്തു.”
സ്തനാർബുദത്തോടു പോരാടുന്ന മിക്ക സ്ത്രീകളെയും സംബന്ധിച്ചടത്തോളം ദീർഘകാലത്തെ അനിശ്ചിതാവസ്ഥ കാരണം ഒരു ക്രിയാത്മക വീക്ഷണഗതി ഇല്ലാതായേക്കാം. “എന്റെ കുടുംബം, സുഹൃത്തുക്കൾ, മനോഹരമായ സംഗീതം, ഗാംഭീര്യമുള്ള കടലിന്റെയും മനോഹരമായ സൂര്യാസ്തമയങ്ങളുടെയും കാഴ്ച” എന്നിങ്ങനെ യഹോവയാം ദൈവം തനിക്കു നൽകിയിട്ടുള്ള മനോഹരമായ എല്ലാ കാര്യങ്ങളും കൊണ്ട് ഹൃദയവും മനസ്സും നിറച്ചതാണ് തന്നെ ഏററവും അധികം സഹായിച്ചതെന്ന് ഡയാന വിശദീകരിക്കുന്നു. അവൾ പ്രത്യേകാൽ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “ദൈവരാജ്യത്തെക്കുറിച്ച് മററുള്ളവരോടു പറയുക. മേലാൽ രോഗമില്ലാത്ത ദൈവരാജ്യത്തിൻ കീഴിൽ ഭൂമിയിൽ നടപ്പിലാകാൻ പോകുന്ന അവസ്ഥകളോട് ഒരു യഥാർഥ വാഞ്ഛ നട്ടുവളർത്തുക!”—മത്തായി 6:9, 10.
വെർജിനിയയ്ക്കും തന്റെ ജീവിതോദ്ദേശ്യത്തെക്കുറിച്ച് ധ്യാനിക്കുന്നതിനാൽ നിരാശയോടു പൊരുതുന്നതിനുള്ള ശക്തി ലഭിക്കുന്നു: “ഞാൻ യഥാർഥത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാൽ എനിക്ക് അത്രമാത്രം പ്രാധാന്യമുള്ള ഒരു ജോലി ചെയ്യാനുണ്ട്.” നിർണായകമായ നിമിഷങ്ങൾ വരുകയും ഭയം നിറഞ്ഞുകവിയുകയും ചെയ്യുന്ന സമയങ്ങളെക്കുറിച്ച് അവൾ പറയുന്നു: “ഞാൻ യഹോവയിൽ എന്റെ മുഴു ആശ്രയവും വെക്കുന്നു. അവിടുന്ന് ഒരിക്കലും എന്നെ ഉപേക്ഷിക്കുകയില്ലെന്ന് എനിക്ക് അറിയാം. ‘ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും’ എന്ന് എനിക്ക് ഉറപ്പു നൽകുന്ന സങ്കീർത്തനം 116:9-ലെ ബൈബിൾ വാക്യത്തെക്കുറിച്ച് ഞാൻ ചിന്തിക്കും.”
ഈ സ്ത്രീകളെല്ലാം ബൈബിളിന്റെ ദൈവമായ യഹോവയിലാണു തങ്ങളുടെ പ്രത്യാശ കേന്ദ്രീകരിച്ചിരിക്കുന്നത്. ‘സർവ്വാശ്വാസവും നല്കുന്ന ദൈവമെന്നും കഷ്ടത്തിൽ ഒക്കെയും ഞങ്ങളെ ആശ്വസിപ്പിക്കുന്നവൻ’ എന്നും ബൈബിൾ പുസ്തകമായ 2 കൊരിന്ത്യർ 1-ാം അധ്യായം 3-ഉം 4-ഉം വാക്യങ്ങൾ യഹോവയെ വിളിക്കുന്നു. ആശ്വാസം ആവശ്യമായിരിക്കുന്ന ആളുകളെ പിന്തുണയ്ക്കാൻ യഹോവ തന്റെ കൈ നീട്ടുമോ?
ജപ്പാനിൽ നിന്നുള്ള മീക്കോ ഇപ്രകാരം മറുപടി നൽകുന്നു: “യഹോവയുടെ സേവനത്തിൽ നിലനിൽക്കുന്നതിനാൽ എനിക്ക് യഹോവയിൽനിന്നുള്ള ശക്തമായ ആശ്വാസവും സഹായവും ലഭിക്കുമെന്ന് ഉറപ്പുണ്ട്.” യൊഷീക്കൊയും നമ്മോട് ഇപ്രകാരം പറയുന്നു: “ആളുകൾ എന്റെ കഷ്ടപ്പാട് മനസ്സിലാക്കുന്നില്ലായിരിക്കാം, എന്നാൽ യഹോവയ്ക്ക് എല്ലാം അറിയാം. എന്റെ ആവശ്യങ്ങളനുസരിച്ച് അവിടുന്ന് എന്നെ സഹായിച്ചിരിക്കുന്നു എന്ന് എനിക്ക് ബോധ്യമുണ്ട്.”
ജോൺ ഇപ്രകാരം പറയുന്നു: “നിരാശയെ തരണം ചെയ്യുന്നതിന് പ്രാർഥനയ്ക്ക് നമ്മെ സഹായിക്കാൻ കഴിയും. യേശു ഭൂമിയിൽ ആയിരുന്നപ്പോൾ നടത്തിയ മഹത്തായ സൗഖ്യമാക്കലിനെയും പുതിയ ലോകത്തിൽ അവിടുന്ന് ചെയ്യാൻ പോകുന്ന പൂർണ സൗഖ്യമാക്കലിനെയും കുറിച്ച് ചിന്തിക്കുമ്പോൾ ആ വചനങ്ങൾ എന്നെ എത്ര ആശ്വസിപ്പിക്കുന്നു!”—മത്തായി 4:23, 24; 11:5; 15:30, 31.
സ്തനാർബുദം ഇല്ലാത്ത ഒരു ലോകത്തെപ്പററി നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? യഥാർഥത്തിൽ, യാതൊരു രോഗവും ഇല്ലാത്ത ഒരു ലോകത്തെ നിങ്ങൾക്ക് വിഭാവനചെയ്യാനാവുമോ? എന്നാൽ അതാണ് സകല ആശ്വാസത്തിന്റെയും ദൈവമായ യഹോവ ചെയ്തിരിക്കുന്ന വാഗ്ദാനം. ഭൂമിയിലെ ഒരു വ്യക്തിയും അവനോ അവൾക്കോ രോഗം ആണെന്ന് ഒരിക്കലും പറയുകയില്ലാത്ത ഒരു സമയത്തെപ്പററി യെശയ്യാവു 33:24 പറയുന്നു. ദൈവപുത്രനായ ക്രിസ്തുയേശുവിന്റെ കൈകളിലെ ദൈവരാജ്യം അതിന്റെ മുഴു ഭരണവും ഭൂമിയിലേക്ക് കൊണ്ടുവരുമ്പോൾ ആ പ്രത്യാശ പെട്ടെന്ന് സാക്ഷാത്കരിക്കപ്പെടും. ആ രാജ്യം രോഗത്തിനും ദുഃഖത്തിനും മരണത്തിനും ഉള്ള എല്ലാ കാരണങ്ങളും തുടച്ചുമാററും! വെളിപ്പാട് 21:3 മുതൽ 5 വരെയുള്ള വാക്യങ്ങളിൽ ഈ അത്ഭുതകരമായ പ്രത്യാശയെക്കുറിച്ച് നമുക്ക് എന്തുകൊണ്ട് വായിച്ചുകൂടാ? യഥാർഥ ആശ്വാസം നൽകുന്ന ഈ പിന്തുണയുടെ സഹായത്താൽ ഭാവിയെ നേരിടാൻ ധൈര്യം പ്രാപിക്കുക.
[അടിക്കുറിപ്പുകൾ]
a ആർത്തവവിരാമം സംഭവിച്ചിട്ടില്ലാത്ത സ്ത്രീകളിൽ അണ്ഡാശയങ്ങൾ ഈസ്ട്രജന്റെ ഒരു വലിയ സ്രോതസ്സാണ്.