കാനഡയിലെ ഗാംഭീര്യമേറിയ “ചലിക്കുന്ന പാത”
“ഏതാണീ നദി?” തദ്ദേശവഴികാട്ടി പ്രതിവചിച്ചു, “അവസാനമില്ലാത്ത ഒരു നദി”
കാനഡയിലെ ഉണരുക! ലേഖകൻ
വർഷം 1535 ആയിരുന്നു. അന്വേഷണകുതുകിയായ ഷാക് കാർട്ടിയ എന്ന പര്യവേക്ഷകൻ താൻ രേഖപ്പെടുത്താൻ പോകുന്ന ജലമാർഗം വടക്കേ അമേരിക്കയിൽ അതിപ്രധാനമായ ഒന്നായി മാറുമെന്ന് ഒട്ടും തിരിച്ചറിഞ്ഞില്ല. ആദ്യകാല രോമക്കച്ചവടക്കാർക്കും കോളനി സ്ഥാപകർക്കും, ഒടുവിൽ ആധുനികകാല വമ്പൻ ചരക്കു കപ്പലുകൾക്കുമുള്ള ആദ്യത്തെ വിശാലമായ “പാത”യായി മാറി ഈ നദി. നദീമുഖത്ത് 130-ലധികം കിലോമീററർ വീതിയുള്ള അത് ഉള്ളിലേക്കു 1,200 കിലോമീററർ നീണ്ടുകിടക്കുന്നു. അററ്ലാൻറിക് സമുദ്രംമുതൽ ഒൺടേറിയോ തടാകംവരെ.
ഈ ഗംഭീരമായ ജലമാർഗത്തിന് സെൻറ് ലോറൻസ് എന്നു പേരിട്ടതിന്റെ ബഹുമതി ചരിത്രപുസ്തകങ്ങൾ കാർട്ടിയക്കാണു സമ്മാനിക്കുന്നത്. ക്രമേണ, ഈ പേര് നദിക്കും നദീമുഖത്തുള്ള കടലിടുക്കിനും വിളിക്കപ്പെട്ടു.
വടക്കേ അമേരിക്കയിലെ അതിമനോജ്ഞമായ പ്രകൃതിദൃശ്യങ്ങളിൽ ചിലതു സെൻറ് ലോറൻസ് നദിയുടെ തീരങ്ങളിൽ കാണാം. ചെങ്കുത്തായ പാറക്കെട്ടുകളും വെള്ളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഊററമായ താഴ്വരകളും ചേർന്ന് ലോകത്തിലെ ഏററവും നീളം കൂടിയ സമുദ്രവങ്കമായ സാഗനാ സമുദ്രവങ്കത്തെ ഉളവാക്കുന്നു. അതിന്റെ ദൈർഘ്യം ഏകദേശം നൂറ് കിലോമീറററാണ്. വടക്കു ഭാഗത്തുനിന്ന് ഒഴുകിയെത്തി സെൻറ് ലോറൻസിലേക്കു ഊററമായി വന്നു പതിക്കുന്ന സാഗനാ നദി ഒരു നദീമുഖത്തെ ഉളവാക്കുന്നു, അവിടെവെച്ച് സമുദ്രത്തിലെ തിരമാലകൾ നദീജലവുമായി കലരുന്നു.
ഉപരിതലത്തിനു കീഴെ രണ്ടു ലോകങ്ങൾ സംഗമിക്കുന്നത് ഇവിടെയാണെന്ന് കടൽ ജീവശാസ്ത്രജ്ഞർ പറയുന്നു. ഉപ്പു കലർന്ന തണുത്ത സമുദ്രജലം 400 മീറററോളം ആഴത്തിൽ സമുദ്രത്തിനടിയിലെ ചാലുകളിൽ കൂടി ഒഴുകിവന്ന് മേലോട്ടുയർന്നു നദികളിലെ നല്ല വെള്ളവുമായി കലരുന്നു. ഈ നദീമുഖത്ത് സമുദ്രജീവികൾ തഴച്ചുവളരുന്നു. ബെലൂഗാസ് (ചെറിയ വെള്ളത്തിമിംഗലങ്ങൾ), മിങ്ക് തിമിംഗലങ്ങൾ, ഫിൻ തിമിംഗലങ്ങൾ, ഭീമാകാരങ്ങളായ നീലത്തിമിംഗലങ്ങൾ എന്നിവ താരതമ്യേന അടുത്തടുത്തുതന്നെ കഴിയുന്നു. സാധാരണമായി ഈ നാലുതരം തിമിംഗലങ്ങളും നൂറുകണക്കിനു കിലോമീററർ അകലത്തിലാണു ജീവിക്കാറുള്ളത്. അടുത്ത കാലത്ത് ഒരു വർഷംതന്നെ തിമിംഗലങ്ങളെ കാണാൻ 70,000-ത്തിലധികം വിനോദസഞ്ചാരികൾ സെൻറ് ലോറൻസ് നദിയിലേക്കു യാത്ര നടത്തിയതിൽ അതിശയിക്കാനില്ല.
ഭൂമിയിൽ സസ്യലതാദികളും പക്ഷിമൃഗാദികളും നദീതീരത്ത് ഒരുമിച്ചായിരിക്കുക എന്നത് തികച്ചും വിരളമാണ്. ഇവിടെ മുന്നൂറ് വർഗങ്ങളിൽപ്പെട്ട മത്സ്യങ്ങളും 20-ലധികം തരം ഉഭയജീവികളും ഉരഗങ്ങളും 12 തരം സമുദ്രസസ്തനങ്ങളും ഉണ്ട്. ഏതാണ്ട് 300 വർഗങ്ങളിൽപ്പെട്ട പക്ഷികൾ ഇവിടത്തെ ചതുപ്പുനിലങ്ങളിലേക്കും തീരങ്ങളിലേക്കും കൂടെക്കൂടെ സന്ദർശനത്തിനായി എത്തുന്നുവെന്ന് പറയപ്പെടുന്നു. താറാവുകൾ, ഹിമഹംസങ്ങൾ എന്നിവ പോലുള്ള ആയിരക്കണക്കിന് ദേശാന്തരഗമന പക്ഷികൾ ഈ നദിയിൽ തടിച്ചുകൂടാറുണ്ട്.
ജലപ്രവാഹത്തിന്റെ കുറേക്കൂടെ മുകൾഭാഗത്തായി അതിന്റെ തീരങ്ങൾക്കുമപ്പുറം നീലനിറത്തിലുള്ള പ്രശാന്തമായ പർവതങ്ങൾ തല ഉയർത്തി നിൽക്കുന്നു. അതിന്റെ തീരങ്ങളിൽ ഇരുണ്ട വനങ്ങളുണ്ട്. അതിന്റെ വിശാലമായ കൈവഴിയിൽ പ്രൗഢമായ ദ്വീപുകൾ കാവൽ നിൽക്കുന്നു. അതിന്റെ തീരങ്ങളിൽ കൃഷിയിടങ്ങളും ഗ്രാമങ്ങളും പട്ടണങ്ങളും നിരന്നു കിടക്കുന്നു.
മോൺട്രീയോളിൽനിന്ന് ഉള്ളിലേക്കു കിടക്കുന്ന നദിയുടെ 160 കിലോമീററർ ദൂരം സ്വച്ഛന്ദമായിട്ടല്ല ഒഴുകുന്നത്. അതിനുമപ്പുറത്ത് ആയിരം ദ്വീപുകൾ (വാസ്തവത്തിൽ അവയുടെ എണ്ണം രണ്ടായിരത്തോടടുത്താണ്) എന്നു വിളിക്കപ്പെടുന്ന 60 കിലോമീററർ ജലഭാഗത്ത് ദ്വീപുകൾ അങ്ങിങ്ങായി കിടക്കുന്നു.
“പാത”യിലൂടെയുള്ള ഗതാഗതം
1680 എന്ന വർഷത്തോളം മുമ്പുതന്നെ, കുത്തനെ ഒഴുക്കുള്ള ഭാഗങ്ങളിൽ വേറെ കനാലുകൾ പണിത് “പാത” മോൺട്രീയോളിനുമപ്പുറം നീട്ടുന്നതിനെക്കുറിച്ചു യൂറോപ്യൻ കുടിയേററക്കാർ സംസാരിച്ചിരുന്നു. ഏതാണ്ട് 300 വർഷത്തിനുശേഷം, 1959-ൽ സെൻറ് ലോറൻസ് സമുദ്രോൻമുഖ ജലമാർഗം തുറന്നപ്പോൾ ആ സ്വപ്നം പൂവണിഞ്ഞു. അതു ലോകത്തിലെ ഏററവും വലിയ എഞ്ചിനിയറിങ് നേട്ടങ്ങളിൽ ഒന്നായി വാഴ്ത്തപ്പെടുന്നു.
293 കിലോമീററർ ദൈർഘ്യമുള്ള ഈ ജലമാർഗം പൂർത്തീകരിക്കുന്നതിന് ബോട്ടുകളെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഏഴു പുതിയ ലോക്കുകൾ മോൺട്രീയോളിനും ഒൺടേറിയോ തടാകത്തിനും ഇടയ്ക്കു പണിയേണ്ടി വന്നു. ഇതിന് 15 കോടി ക്യുബിക് മീററർ മണ്ണും കല്ലും കുഴിച്ചുമാററുന്നത് ആവശ്യമായിരുന്നു. ഈ മണ്ണെല്ലാം ഒരു ഫുട്ട്ബോൾ കോർട്ടിലിട്ടാൽ അത് 35 കിലോമീററർ ഉയരമുള്ള ഒരു പർവതമായിത്തീരും. ഈ ലോക്കുകൾക്കു വേണ്ടി ഉപയോഗിച്ച അത്രയും കോൺക്രീററുകൊണ്ട് ലണ്ടനും റോമിനും ഇടയിൽ നാലുനിര വാഹനങ്ങൾക്കു പോകാൻ കഴിയുന്ന ഒരു ഹൈവേ പണിയാനാകും.
ജലമാർഗം—വടക്കേ അമേരിക്കയിലെ നാലാമത്തെ സമുദ്രതീരത്തിന്റെ പറഞ്ഞുകേൾക്കാത്ത കഥ എന്ന [ഇംഗ്ലീഷ്] ഗ്രന്ഥത്തിന്റെ രചയിതാവായ ജാക്വിസ് ലെസ്ട്രാങ് ഒരു കപ്പിത്താനെ ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ലോകത്തൊരിടത്തും ഇതുപോലൊരു ജലമാർഗമില്ല. ഇത് എളുപ്പമുള്ള ഒരു ഗതാഗതമാർഗമല്ലെങ്കിലും ഈ നദിയുടെ പ്രൗഢിയും നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ ഇരമ്പലും ദ്വീപുകളുടെയും തടാകങ്ങളുടെയും അന്തമില്ലാത്ത ശ്രേണിയും ഇതിനെ അത്യധികം ആകർഷകമാക്കുന്നു.”
നീട്ടിയെടുത്ത ഈ “പാത”യിലൂടെ സമുദ്രക്കപ്പലുകൾ ഐക്യനാടുകളുടെ വശത്തായി സുപ്പീരിയർ തടാകക്കരയിലുള്ള ഡലൂത്ത്-സുപ്പീരിയർവരെ സഞ്ചരിക്കുമ്പോൾ അവ സമുദ്രനിരപ്പിൽനിന്നും 180 മീററർ മുകളിലെത്തിയിരിക്കും. ഇത് അറുപതു നിലകളുള്ള ഒരു അംബരചുംബിയുടെ ഉയരമാണ്. അററ്ലാൻറിക് സമുദ്രത്തിൽനിന്ന് ഉള്ളിലേക്കുള്ള മൊത്തം യാത്ര 3,700 കിലോമീറററാണ്.
അത്തരം സമുദ്രഗതാഗതം ആ മാർഗത്തിലുടനീളമുള്ള പട്ടണങ്ങൾക്കു വാണിജ്യ സമൃദ്ധി കൈവരുത്തിയിരിക്കുന്നു. വൻ തടാകങ്ങൾ⁄സെൻറ് ലോറൻസ് പദ്ധതി എന്ന [ഇംഗ്ലീഷ്] പുസ്തകം ഇപ്രകാരം അഭിപ്രായപ്പെടുന്നു: “അതിന്റെ ദ്വിരാഷ്ട്ര അതിർത്തികൾക്കുള്ളിലാണ് കാനഡയുടെയും ഐക്യനാടുകളുടെയും വ്യാവസായിക കേന്ദ്രവും 10 കോടിയിലധികം വരുന്ന ജനസാന്ദ്രതയും പാശ്ചാത്യ ലോകത്തിന്റെ വ്യാവസായികവും നിർമാണപരവുമായ സമ്പത്തിന്റെ ഏററവും വലിയ ഏക ഉറവിടവും നിലകൊള്ളുന്നത്.”
അററ്ലാൻറിക് സമുദ്രംമുതൽ സുപ്പീരിയർ തടാകംവരെ ഈ ജലമാർഗത്തിന്റെ തീരത്ത് 150-ലധികം തുറമുഖങ്ങളുണ്ട്. അവയിൽ പെട്ടതാണ് (കാനഡയിലെ) ക്യൂബെക് സിററി, മോൺട്രീയോൾ, ടൊറാന്റോ, ഹാമിൾട്ടൺ, സോൾട്ട് സേയ്ൻറീ മറീ, തണ്ടർ ബേ എന്നിവയും (ഐക്യനാടുകളിലെ) ബഫലോ, ഈറി, ക്ലീവ്ലൻഡ്, ഡെട്രോയ്ററ്, ചിക്കാഗോ, ഡലൂത്ത്-സുപ്പീരിയർ എന്നിവയും. കസാബ്ലാങ്ക, ലീ ഹവ്റി, റോട്ടർഡാം തുടങ്ങിയ സ്ഥലത്തുനിന്നും മററു പലേടത്തുനിന്നും വരുന്ന കപ്പലുകൾ ലക്ഷക്കണക്കിനു ടൺ ചരക്കുകൾ ഓരോ വർഷവും സെൻറ് ലോറൻസിലൂടെ വഹിച്ചുകൊണ്ടുപോകുന്നു. ഈ “പാത”യുടെ ഉപയോഗം ഓരോ വർഷവും ലക്ഷക്കണക്കിനു തൊഴിലവസരങ്ങളും കോടിക്കണക്കിനു ഡോളർ വരുമാനവും ഉണ്ടാക്കുന്നു.
ആപൽസൂചനയുടെ നിലവിളികൾ
എന്നാൽ ഈ “പാത”യിലെ 30 വർഷത്തെ ജലഗതാഗതത്തിനുശേഷം ആപൽസൂചനയുടെ നിലവിളികൾ ഉയർന്നിരിക്കുന്നു. സെൻറ് ലോറൻസ് നദിയും ഗ്രേററ് ലേക്ക്സ് ജലസംഭരണിയും നൂററാണ്ടുകളായി “അഴുക്കുചാലായും ചപ്പുചവറുസംഭരണിയായും ഉപയോഗിച്ചിരിക്കുന്നു” എന്ന് എൻവയൺമെൻറ് കാനഡ ഉറപ്പിച്ചു പറയുന്നു. ഈ “മഹാനദി”ക്ക് അടുത്ത കാലംവരെ അതു കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നു.
വമ്പൻ സമുദ്ര ചരക്കുകപ്പലുകൾ അവയുടെ അടിഭാരങ്ങൾ തടാകങ്ങളിലെയും നദിയിലെയും ശുദ്ധജലത്തിൽ തള്ളിയിരിക്കുന്നു. സമുദ്രമാർഗത്തിന് അരികെയുള്ള വ്യവസായശാലകളും പട്ടണങ്ങളും ഈ നദിയിലേക്കു വിഷലിപ്തമായ രാസപദാർഥങ്ങൾ ചേർത്തിരിക്കുന്നു. കൃഷി അതിന്റെ വിഷപദാർഥങ്ങളും ചേർത്തിരിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി നദി അപകടത്തിലായിരിക്കുന്നു.
കൂടുതൽക്കൂടുതൽ മലിനീകരണ പദാർഥങ്ങൾ നദിയിലേക്കു പ്രവഹിച്ചതോടെ മത്സ്യ വർഗങ്ങൾ ക്രമേണ അപ്രത്യക്ഷമായി. കുറെ കഴിഞ്ഞപ്പോൾ നദിയിൽ നീന്തുന്നതു നിരോധിച്ചു. പിന്നീട് ചിലതരം മീനും ഷെൽഫിഷും തിന്നുന്നതു നിരോധിച്ചു. ഈ നദിയിൽനിന്നെടുത്ത പൈപ്പുവെള്ളം കുടിക്കാമോ എന്ന സംശയത്തിലായി. ചിലതരം വന്യജീവികൾ വംശനാശത്തെ നേരിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. വെള്ളത്തിലെ വിഷത്താൽ ഉണ്ടായ രോഗത്തിന്റെ ഇരകളായ ചത്ത ബെലൂഗകൾ തീരത്തടിഞ്ഞു കയറി.
“പാത” ശുദ്ധീകരിക്കൽ
നദി വ്യക്തമായ സന്ദേശം അയയ്ക്കുകയായിരുന്നു. ഗാംഭീര്യമേറിയ “ചലിക്കുന്ന പാത”യ്ക്ക് അററകുററപ്പണികൾ ആവശ്യമായിരിക്കുന്നു. നദിയുടെ മോൺട്രീയോൾമുതൽ അററ്ലാൻറിക്ക് സമുദ്രംവരെയുള്ള ഭാഗത്തിന്റെ സംരക്ഷണം, പരിരക്ഷണം, പുനഃസ്ഥിതീകരണം എന്ന പദ്ധതിയിൻ കീഴിൽ നദിയെ മലിനവിമുക്തമാക്കാൻ സെൻറ് ലോറൻസ് ആക്ഷൻ പ്ലാനിന് തുടക്കമിട്ടുകൊണ്ട് 1988-ൽ കനേഡിയൻ ഗവൺമെൻറ് പ്രതികരിച്ചു.
അപകടത്തിലായ ജീവിവർഗങ്ങളുടെ അതിജീവന പദ്ധതികൾ ഇപ്പോൾ നിരന്തരം വികാസം പ്രാപിച്ചുകൊണ്ടാണിരിക്കുന്നത്. ഇപ്പോഴുള്ളതിനെ നിലനിർത്താൻ സംരക്ഷിത മേഖലകൾ സ്ഥാപിച്ചു വരികയാണ്. സാഗനാ നദി സെൻറ് ലോറൻസുമായി സംഗമിക്കുന്നിടത്തുള്ള പുതിയ സാഗനാ മറൈൻ പാർക്ക് അപൂർവമായ സമുദ്ര പരിസ്ഥിതിയെയും ജീവികളെയും സംരക്ഷിക്കാൻ സ്ഥാപിക്കപ്പെട്ടതാണ്.
പുതിയ നിയമങ്ങൾ സ്ഥാപിതമായി. മലിനവസ്തുക്കൾ 90 ശതമാനം കണ്ട് കുറയ്ക്കാൻ വ്യവസായസ്ഥാപനങ്ങൾക്കു നിർദിഷ്ട തീയതികൾ നൽകി. മലിനീകരണം കുറയ്ക്കാൻ പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. നദിയിൽ അടിഞ്ഞുകൂടിയതോ ധാതുഗവേഷണം നടത്തുമ്പോൾ വമിച്ചതോ ആയ വിഷലിപ്ത വസ്തുക്കളാൽ മലിനമായ സ്ഥലങ്ങൾ ശുദ്ധീകരിക്കുന്നു. ചില സ്ഥലങ്ങളിൽ മലിനവിമുക്തമായ മണ്ണിട്ട് പുതിയ വന്യജീവി ആവാസസ്ഥലങ്ങൾ സ്ഥാപിക്കാൻ പോകുന്നു. ഈ നദി കാണാൻ വർഷംതോറും വരുന്ന ആയിരക്കണക്കിനു സഞ്ചാരികളുടെ എണ്ണവും പ്രവാഹവും നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നു.
കുഴപ്പം പരിഹരിക്കാനാകും. മനുഷ്യനിർമിത റോഡുമാർഗങ്ങളിൽനിന്നു വ്യത്യസ്തമായി, മനുഷ്യർ അതിനെ മലിനീകരിക്കുന്നതു നിർത്തിയാൽ നദി സ്വയം കേടുപോക്കിക്കൊള്ളും. ഈ നദിയുടെയും വൻ തടാകങ്ങളുടെയും തീരങ്ങളിൽ നടക്കുന്ന വാണിജ്യത്തിൽനിന്നു പ്രയോജനം നേടുന്ന വ്യാവസായിക വമ്പൻമാരുടെയും സാധാരണ ഉപഭോക്താക്കളുടെയും മനോഭാവത്തിനു മാററം വരുത്തണം.
ഈ നദിയുടെ ദാരുണാവസ്ഥ പരിഹരിക്കുന്നതിലെ വിജയത്തിന്റെ ഒരു സൂചനയാണ് ബെലൂഗ തിമിംഗലം. ഇപ്പോഴും അപകടത്തിലാണെങ്കിലും 5,000 എണ്ണത്തിൽനിന്ന് വെറും 500 ആയി കുറഞ്ഞശേഷം അവ ഇപ്പോൾ ഒരു തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്.
ഈ നദിയുടെ സ്വാഭാവിക സമ്പന്നതക്കും അതിന്റെ കഴിഞ്ഞകാല മഹത്ത്വത്തിനും നേരിട്ടിട്ടുള്ള കുഴപ്പം സംബന്ധിച്ച് ഇപ്പോൾ പൊതുജനങ്ങളുടെ ഭാഗത്ത് പുതിയൊരു അവബോധമുണ്ട്. ഭാവിയിലെ പുനഃസ്ഥിതീകരണ ശ്രമങ്ങളെ നിലനിർത്താൻ വേണ്ടത്ര ശക്തമായിരിക്കുമോ ഈ വിലമതിപ്പ്? ആയിരിക്കും, ദൈവത്തിന്റെ സൃഷ്ടികളെ മനുഷ്യജീവികൾ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുമ്പോൾ.
[20-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of The St. Lawrence Seaway Authority