കോബ് നദിയിലൂടെ ജലയാത്രയിൽ ഞങ്ങളോടൊത്തു ചേരുക
തെക്കെ ആഫ്രിക്കയിലെ ഉണരുക! ലേഖകൻ
തെക്കെ ആഫ്രിക്കയുടെ ഹൃദയഭാഗത്തുള്ള കോബ് നദിയിൽ ഒരു ബോട്ടിൽ കയറിയിരിക്കുകയാണ് ഞങ്ങൾ. ഞങ്ങളുടെ അവധിക്കാലത്തിന്റെ വിശേഷഘട്ടം വന്നുചേർന്നിരിക്കുന്നു. മററ് യാത്രക്കാർ കയറുമ്പോൾ വെള്ളം ബോട്ടിന്റെ പാർശ്വങ്ങളിൽ മെല്ലെ വന്ന് അലതല്ലുന്നത് ഞങ്ങൾ ശ്രദ്ധിക്കുകയാണ്. പുഴയോരത്ത് സ്വാഗതമരുളുന്ന ഒരിളം കാററിൽ ഈറകൾ ഉലഞ്ഞാടുന്നു. പൊള്ളുന്ന ആഫ്രിക്കൻ സൂര്യനിൽ നിന്ന് ഞങ്ങളെ മറയ്ക്കുന്ന കാർമേഘങ്ങളോട് ഞങ്ങൾക്ക് നന്ദിതോന്നുന്നു.
“ആനകൾ അവയുടെ ഉച്ചതിരിഞ്ഞുള്ള പതിവു ജലപാനത്തിനെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എന്ന് ഈ ജലയാത്ര ക്രമീകരിച്ചിരിക്കുന്ന ഹോട്ടലിന്റെ പൊതുജനസമ്പർക്ക മേധാവിയായ ജീൻ പറയുന്നു. ഞങ്ങളും അതു പ്രതീക്ഷിച്ചിരിക്കയാണ്. കോബ് നദി ആനകൾക്ക് പ്രസിദ്ധമാണ്. കോബ് നദിയോടു ചേർന്നു കിടക്കുന്ന ബോട്സ്വാനയുടെ വടക്കു ഭാഗത്ത് 45000 ആനകളുണ്ടെന്ന് നിർണ്ണയിക്കപ്പെട്ടിരിക്കുന്നു—തെക്കെ ആഫ്രിക്കയിലെ ഏററവും വലിയ ഗജസന്നാഹം. “പക്ഷേ ഈയിടെയുണ്ടായ മഴ നിമിത്തം മൂന്നു ദിവസങ്ങളായി ഞങ്ങൾ ആനകളെ കണ്ടിട്ടില്ല” എന്ന് ജീൻ ഓർമ്മപ്പെടുത്തുന്നു.
എന്നിരുന്നാലും കോബ് നദിയിൽ മററ് അനവധി വശ്യതകളുണ്ട്. ബോട്ടിലെ ഒരു താലത്തിൽ ഞങ്ങൾ നാലു ചത്ത മത്സ്യങ്ങളെ കാണുന്നുണ്ട്. “മത്സ്യങ്ങളെ വെള്ളത്തിലേക്കു എറിയുന്നതും കാത്ത് കഴിയുന്ന മീൻറാഞ്ചൻപരുന്തുകളെ ഞങ്ങൾ എപ്പോഴും കാണുന്നു,” എന്ന് ഞങ്ങളുടെ ബൊട്സ്വാനാ ബോട്ട് ക്യാപ്ററനായ റെയ്ൻഫോർഡ് പറയുന്നു. ഇതിൽ ഒരു പക്ഷി അതിന്റെ തീൻ കൊത്തിയെടുക്കാൻ താഴ്ന്നു പറന്നു വരുമ്പോൾ അതിന്റെ ചിത്രമെടുക്കാൻ തുനിഞ്ഞാൽ ഞങ്ങൾ വിജയിക്കുമോ? മത്സ്യറാഞ്ചൻ പരുന്ത് എന്ന പേരിൽതന്നെ വേറൊരു ടൂറിസ്ററ് ബോട്ട് കടന്നു പോയപ്പോൾ ഞങ്ങളുടെ ആശ്ചര്യം വർദ്ധിക്കുന്നു. ഞങ്ങളുടെ ബോട്ടിന്റെ പേരാണെങ്കിൽ മോസി-ഓവാ-ററുന്യാ എന്നാണ്. വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ ആഫ്രിക്കൻ നാമമാണത്. കോബ് നദി വൻ നദിയായ സാംബെസിയിൽ ലയിച്ച് ആ പ്രസിദ്ധ ജലപാതത്തിൽ ചെന്നു പതിക്കുന്നു. അവിടേക്ക് ഇവിടന്ന് ഒരു മണിക്കൂർ മോട്ടോർവാഹനമോടിച്ചുപോകുന്ന ദൂരമുണ്ട്.
വിശ്വസിച്ചാലും ഇല്ലെങ്കിലും കൊള്ളാം, മോസി നീങ്ങുന്നതോടെ ദൂരദർശിനിയിലൂടെ ഞങ്ങൾ ആനകളെ കാണുന്നു. പക്ഷേ, അതാ, ഞങ്ങൾ പിന്നെയും അകന്നു കഴിയുമ്പോഴേക്ക് അവ കാടുകളിലേക്ക് മടങ്ങുകയാണ്, “മൂന്നാഴ്ച മുമ്പുവരെ നൂറു കണക്കിന് ആനകൾ ചേർന്നുള്ള കൂട്ടങ്ങളെ കാണാൻ കഴിയുമായിരുന്നു” എന്ന് ഞങ്ങളുടെ ടൂറിസ്ററു ഗൈഡായ സാൻറി ഓർമ്മിക്കുന്നു. അടുത്തതായി ഞങ്ങളുടെ ശ്രദ്ധ പുഴയോരത്തു നിന്നു ഞങ്ങളെ തുറിച്ചു നോക്കിക്കൊണ്ടിരുന്ന ആറ് മാനുകളിലേക്ക് ആകർഷിക്കപ്പെട്ടു. ഒരു മോട്ടോർ വാഹനം അടുത്തു ചെന്നാൽ ഈ മാനുകൾ സാധാരണ പെട്ടെന്ന് ഓടി മറയുകയാണ് ചെയ്യാറുള്ളത്. “പുഴയിലൂടെ നീങ്ങുന്ന ഒരു ബോട്ടിനെ അവ അത്ര ഭയപ്പെടുന്നില്ലെന്നു തോന്നുന്നു” എന്ന് സാൻറി പറയുന്നു.
പ്രാവുകളുടെ മൃദുലമായ കൂജനത്തെ കീറിമുറിച്ചുകൊണ്ട് തുളഞ്ഞുകയറുന്ന ഒരു ശബ്ദം. എന്തു പക്ഷിയാണത്? “പ്രത്യേകമായ മുഴങ്ങുന്ന ആഫ്രിക്കൻ മത്സ്യറാഞ്ചൻപരുന്തുകളുടെ നാദധ്വനി കോബ് നദിയുടെ ഒരു സ്ഥിരം വിശേഷതയാണ്,” എന്ന് ആഫ്രിക്കയിലെ ആനകൾ എന്ന പുസ്തകത്തിൽ ഡോ. ആൻറണി ഹാൾ മാർട്ടിൻ പറയുന്നു. നദിയുടെ കരപററി നിൽക്കുന്ന വൃക്ഷങ്ങളിൽ നിന്ന് ഈ മഹനീയ പക്ഷികളിൽ നാലെണ്ണം ഞങ്ങളെ നോക്കിക്കൊണ്ടിരിക്കുകയാണ്. സാൻറി ഒരു മത്സ്യത്തെ എടുത്തു വെള്ളത്തിലേക്ക് എറിയുന്നതോടെ എല്ലാവരും ക്യാമറ ക്രമീകരിക്കുകയാണ്. ഒരു സൂചന ലഭിച്ചാലെന്നപോലെ ആദ്യത്തെ പക്ഷി മരച്ചില്ലയിൽ നിന്ന് ഞങ്ങൾക്കു നേരെ താണു പറന്നുവന്നു. തുടർന്ന് സ്പ്ലാഷ് എന്നൊരു ശബ്ദം കേട്ടപാടെ, മീൻ പക്ഷിയുടെ റാഞ്ചൻനഖങ്ങളുടെ പിടിയിൽ അമർന്നു കഴിഞ്ഞു. അനന്തരം അതിന്റെ പ്രൗഢമായ ചിറകുകൾ അടിച്ചുകൊണ്ട് വൗവ്-കയാവോ-ക്വോവ് എന്ന് തോന്നിപ്പിക്കുന്ന ഒരു വിജയഭേരി മുഴക്കിക്കൊണ്ട് അതു വെള്ളത്തിൽനിന്ന് പറന്നുയരുന്നു. പരുന്തിന്റെ കൊച്ചു തലച്ചോറിന്റെ മേൽനോട്ടത്തിൽ കണ്ണുകളും കാൽനഖങ്ങളും ശബ്ദവും ചിറകുകളും പരസ്പരം കാണിക്കുന്ന ഒത്തിണക്കം ഞങ്ങളെ അത്ഭുത സ്തബ്ധരാക്കി. ഈ വശ്യമായ കൃത്യം മൂന്നു തവണ കൂടി ആവർത്തിക്കപ്പെടുമ്പോൾ ബോട്ടിൽ ക്യാമറയുടെ ക്ലിക്കിംഗ് ശബ്ദമൊഴിച്ചാൽ അടക്കിപ്പിടിച്ചുള്ള നിശ്ശബ്ദത ആണ്.
ബോട്ട് മുന്നോട്ട് നീങ്ങവെ, കുട്ടികളുൾപ്പെടെ 26 ആനകൾ വെള്ളത്തിൽ കളിക്കുന്നത് ഞങ്ങൾ കാണുന്നുണ്ട്. അവയെ നിരീക്ഷിക്കുമ്പോൾ കോബിലെ സിംഹങ്ങളും ആനകളും എന്ന തന്റെ പുസ്തകത്തിൽ ബ്രൂസ് ഏയ്ക്കൺ എഴുതിയ പിൻവരുന്ന വാക്കുകൾ മനസ്സിലോർത്തുപോകുന്നു: “അടിയന്തിരമായ ദാഹമൊന്ന് ശമിച്ചു കഴിഞ്ഞാൽ മുതിർന്നവ തുമ്പിക്കൈകൊണ്ട് സ്വന്തദേഹത്തു തണുത്ത വെള്ളം ചീററിച്ചു രസിക്കുന്നു. വിശേഷിച്ച് അത്രതന്നെ മുതിർന്നിട്ടില്ലാത്തവയും കൊമ്പനാനകളും പുഴയുടെ അന്തർഭാഗങ്ങളിലേക്കിറങ്ങിപ്പോയി നീന്തിക്കളിക്കുകയും ചുററിത്തിരിയുകയും ചെയ്യുന്നു, മിക്കപ്പോഴും അവയുടെ തുമ്പിക്കൈയുടെ അഗ്രം മാത്രം ശ്വസനനാളിയായി വർത്തിച്ചുകൊണ്ട് ജലോപരിതലത്തിന് മുകളിൽ കാണുന്നു. പക്ഷേ കുഞ്ഞുങ്ങളെപ്പോലെ രസിക്കുന്ന വേറാരും ഇല്ല. ഇതിപ്പോൾ കളിവേളകയുടെ തുടക്കമാണ്, നിർത്തില്ലാതെ അവ കുതിച്ചുപായുകയും അന്യോന്യം ഓടിച്ചാടുകയും ചെയ്യുന്നു . . . ദാഹമടങ്ങി, ഇനി വളരെ പ്രിയങ്കരമായ അടുത്ത പരിപാടിക്കുള്ള നേരമായി, ചെളികൊണ്ടുള്ള കുളിക്കുതന്നെ . . . പക്ഷേ പെട്ടെന്നുതന്നെ ഗൗരവപ്രകൃതികളായ പിടിയാനകൾ കയറിപ്പോകാനുള്ള നേരമായെന്ന് തീരുമാനിക്കുന്നു, അവരുടെ വാക്കുതന്നെ പ്രമാണം.”
ദുഃഖകരമെന്നു പറയട്ടെ, ഞങ്ങളുടെ വലിയ ഇരുനില ബോട്ട് “ഗൗരവക്കാരികളായ പിടിയാനകൾ”ക്ക് അസ്വസ്ഥത ജനിപ്പിക്കുന്നു, അവ ആനക്കൂട്ടത്തെ തെളിച്ചുകൊണ്ട് പോവുകയാണ്, പക്ഷേ ഞങ്ങൾക്കു ചില ചിത്രങ്ങൾ എടുക്കാൻ അവസരം തരാതെ അല്ലതാനും.
ദിവസം തീർന്നിട്ടില്ല, കോബ് നദിയിൽ ഇനിയും ആശ്ചര്യ കാര്യങ്ങൾ ഉണ്ട്. ചുററിനുമുള്ള കലഹാരി മരുഭൂമിയിൽ നിന്നുള്ള പൊടിപടലം നദിയിങ്കലെ സൂര്യാസ്തമയങ്ങളെ രമണീയമാക്കുന്നു. മടിയൻമാരായ ഹിപ്പോകൾ വെള്ളത്തിൽ നിന്ന് ഉത്സാഹിച്ചെഴുന്നേററ് തങ്ങളുടെ രാത്രി ഭക്ഷണത്തിനുവേണ്ടി പരക്കം പായുന്ന സമയവും ഈ സായാഹ്നം തന്നെ. ഇവിടെ ഞങ്ങളുടെ വലിയ ബോട്ട് നൽകുന്ന സുരക്ഷിതത്വം ഒരു വലിയ സൗകര്യം തന്നെ. “നിങ്ങൾക്ക് ഭയപ്പാടില്ലാതെ ഒരു ഹിപ്പോയുടെ തൊട്ടടുത്ത് ചെല്ലാം,” എന്ന് റെയ്ൻഫോർഡ് പറയുന്നു.
പ്രകമ്പനംകൊള്ളുന്ന വലിയൊരു മുഴക്കം, പുഴയിലെ ഒരു ചെറുദ്വീപിനടുത്തായുള്ള ഹിപ്പോകളുടെ തടാകത്തിനടുത്തേക്ക് ഞങ്ങളെത്തുന്നു എന്ന് വിളിച്ചറിയിക്കുന്നു. ഒന്നിനു പിറകെ ഒന്നായി മുങ്ങിക്കിടക്കുന്ന ഹിപ്പോകളുടെ വലിയ തലകൾ ഞങ്ങളുടെ ഇരുവശങ്ങളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഉടനെയിതാ, രണ്ടു ഹിപ്പോകൾ വായ്കൾ മലർക്കെ തുറന്ന് അന്യോന്യം വായ്കൾ കൊണ്ടൊരു പോരാട്ടം—ഒരു മനുഷ്യജീവിക്ക് അകത്ത് കുത്തിയിരിക്കാനാകുന്നത്ര വലിപ്പമുള്ള വായ്കൾ. അനന്തരം തടാകത്തിനടുത്തുള്ള ആഴം കുറഞ്ഞ ഇടങ്ങളിൽ നിന്ന് മറെറാരു ഹിപ്പോ ഞങ്ങൾക്കു നേരെ നടക്കുന്നു—ഞങ്ങളുടെ ക്യാമറയുടെ ലെൻസ് മുഴുവൻ അവന്റെ പെരുത്ത ശരീരം കൊണ്ടു നിറയുമാറ് അത്ര അടുത്തേക്ക്. വെള്ളത്തിനു ആഴം വർദ്ധിക്കുന്തോറും അതിന്റെ വലിയ മുതുകു മാത്രം വെള്ളത്തിനു മുകളിലായി ശേഷിച്ചുകൊണ്ട് തല വെള്ളത്തിൽ താഴുന്നു. തുടർന്നു ശ്വാസകോശത്തിലെ കാററ് അഴിച്ചുവിട്ട ഭീമൻശരീരം താഴേക്കു അമരുന്നു.
നാലു ടണ്ണോളം ഭാരമുണ്ടെങ്കിലും ഒരു ഹിപ്പോയ്ക്ക് വെള്ളത്തിൽ നല്ല ചലനക്ഷമതയുണ്ട്. “അതിന്റെ സ്ഥൂല ശരീരം ഗണ്യമാക്കാതെ, അതിന് പല മത്സ്യങ്ങളെക്കാളും വേഗതയിൽ നീന്താൻ കഴിയും, പലപ്പോഴും തെളിഞ്ഞ വെള്ളത്തിൽ, ജലോപരിതലത്തിന് തൊട്ടു താഴേക്കൂടെ അതിവേഗം നീന്താൻ അതിനു കഴിയുന്നു” എന്ന് ഹിപ്പോപ്പൊട്ടാമസിന്റെ ജീവിതം എന്ന തന്റെ പുസ്തകത്തിൽ ബ്രാഡ്ലി സ്മിത്ത് പറയുന്നു. വേണമെന്നു തോന്നിയാൽ തങ്ങളുടെ ബലമേറിയ കാലുകൾ, നൃത്തംവെച്ച് ആഴമേറിയ ഒരു നദീതടം കുറുകെ കടക്കാൻ ഹിപ്പോകൾ ഉപയോഗിക്കും. അത് മമനുഷ്യന്റെ സ്രഷ്ടാവ് പറയുന്നതുപോലെതന്നെയാണ്:
“ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ. അതു കാളയെപ്പോലെ പുല്ലു തിന്നുന്നു. അതിന്റെ ശക്തി അതിന്റെ ഇടുപ്പുകളിലും അതിന്റെ ചലനാത്മക ഊർജ്ജം അതിന്റെ മാംസപേശികളിലും അല്ലോ. നദി കുത്തിയൊഴുകിയാലും അത് ഭ്രമിക്കുന്നില്ല. യോർദ്ദാൻ [നദി] അതിന്റെ വായിലേക്ക് ചാടിയാലും അതു നിർഭയമായിരിക്കും.” (ഇയ്യോബ് 40:15, 16, 23, റഫറൻസ് ബൈബിൾ, അടിക്കുറിപ്പ്) “ചലനാത്മക ഊർജ്ജ”ത്തിന്റെ ഈ ഭയങ്കര ദൃഷ്ടാന്തങ്ങൾ നമ്മുടെ ചുററുമുണ്ടായിരിക്കെ ഇവ ഉണ്ടാക്കിയവനോട് ആദരവു കാട്ടേണ്ടതിന്റെ വലിയ ആവശ്യം നാം തിരിച്ചറിയുന്നു. “അത് നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്റെ മൂക്കിൽ കയർ കോർക്കാമോ?” എന്ന് യഹോവയാം ദൈവം ചോദിച്ചുകൊണ്ട് നമ്മുടെ പരിമിതികളെ അവൻ ഓർമ്മിപ്പിക്കുന്നു.—ഇയ്യോബ് 40:24.
മനോജ്ഞമായ സൂര്യാസ്തമയത്തിനും ഹിപ്പോയ്ക്കും മദ്ധ്യെ മനസ്സ് ചാഞ്ചാടുമ്പോൾ, ബോട്ടിന്റെ മടക്കയാത്രക്കുള്ള നേരം ആയാലും വിട്ടുപോവാൻ മനസ്സു വരുന്നില്ല. തുടുർന്ന് പുഴയോരത്തുള്ള പുൽക്കുടിലിൽ നിന്ന് ഞങ്ങൾ ആകാശം ചുവന്ന് ഓറഞ്ചു നിറം പ്രാപിക്കുന്നതും അതിന്റെ വർണ്ണങ്ങൾ വെള്ളത്തിൽ മനോഹരമായി പ്രതിഫലിക്കുന്നതും കൗതുകപൂർവം നോക്കിക്കാണുകയാണ്. കാണുകയും കേൾക്കുകയും ചെയ്ത ഉദ്വേഗജനകങ്ങളായ കാര്യങ്ങൾ ഞങ്ങൾ അയവിറക്കുകയാണ്. “നിങ്ങൾ വന്യജന്തുജാലത്തോട് അടുത്ത് ചെല്ലാൻ വാസ്തവത്തിൽ ആഗ്രഹിക്കുന്നെങ്കിൽ ഒരു ചെറിയ മോട്ടോർ ബോട്ട് ഉപയോഗിക്കണം” എന്ന് സാൻറി ബുദ്ധിയുപദേശിക്കുന്നു. അവളുടെ ആലോചന മാനിച്ച് അടുത്ത ഉച്ച തിരിഞ്ഞ വേളയിലേക്ക് ഒരെണ്ണം വാടകക്കെടുക്കാൻ ഞങ്ങൾ നിശ്ചയിക്കുകയാണ്.
ഈ പ്രാവശ്യം അപകടകാരിയായ ഹിപ്പോ ഒഴിച്ചുള്ള വന്യ ജന്തുക്കളുടെ കുറേക്കൂടി അടുത്ത കാഴ്ച ഞങ്ങൾക്കു തീർച്ചയായും സാദ്ധ്യമാണ്. ഞങ്ങൾക്കു ഈ ഈറകളെയും ആമ്പൽപ്പൂക്കളെയും സ്പർശിക്കാനും കഴിയുന്നു. ചെറുമീനുകളെത്തെരഞ്ഞുകൊണ്ട് വെള്ളത്തിൻമീതെ വായുവിൽ ചലനമററ് നിൽക്കുന്ന ബഹുവർണ്ണ മനോഹരങ്ങളായ മീൻകൊത്തിപ്പക്ഷികളെ ഞങ്ങൾ കാണുകയാണ്. നിറപ്പകിട്ടേറിയ മററനവധി പക്ഷികൾ ഞങ്ങൾക്ക് ചുററും പറക്കുന്നുണ്ട്, തവിട്ടുതലയൻ മീൻകൊത്തിപ്പക്ഷികൾ, ധവളമുഖിയായ ഈച്ചതീനികൾ, വരയൻ മീവൽപ്പക്ഷികൾ തുടങ്ങിയവ. കൂടാതെ, പുഴയിലെ കൊച്ചുദ്വീപുകളുടെ സുരക്ഷിതത്വം ആസ്വദിച്ചു കഴിയുന്ന വലിയ പക്ഷികളുമുണ്ട്—ഈജിപ്ഷ്യൻ കൊക്ക്, ജാക്കാനകൾ, നീർക്കാക്കകൾ, പെരുഞാറകൾ എന്നിവയാണ് അവയിൽ ചിലത്. ഇവയിൽ ചില പക്ഷികളെക്കൊണ്ട് അലംകൃതമായ പകുതി മുങ്ങിയ ഒരു വൃക്ഷത്തിനരികിലൂടെ ഞങ്ങൾ നീങ്ങുകയാണ്.
ഒടുവിൽ കഴിഞ്ഞ ദിവസം ഒരു പററം ആനകളെ ഞങ്ങൾ കണ്ട അതേ സ്ഥാനത്ത് ഞങ്ങൾ വരുന്നു. ഈ പ്രാവശ്യം ഞങ്ങളെ തീരെ കൂസാതെ, തീനും കുടിയും തുടരുന്ന ഏകനായ ഒരു കൊമ്പനെയാണ് കാണുന്നത്. അനന്തരം ഞങ്ങൾ പോകാൻ തുടങ്ങുമ്പോൾ കൊച്ചുകുഞ്ഞുങ്ങളോടൊത്ത് ഒരു അമ്മ പെട്ടെന്ന് പ്രത്യക്ഷപ്പെടുയാണ്. ഞങ്ങളെ കാണുമ്പോൾ അവൾ മടിച്ച് പിൻവാങ്ങാനൊരുങ്ങുന്നു. ഞങ്ങളാകട്ടെ ശ്വാസം അടക്കി ആശയോടെ നിൽക്കുകയാണ്. അവൾ പുറത്തുവരുമോ ആവോ? നന്ദിതോന്നുമാറ്, എന്തുംവരട്ടെ എന്ന മട്ടിൽ തന്റെ കുഞ്ഞുങ്ങളെ ഞങ്ങളുടെ അരികിലേക്ക് വിടാൻ അവൾ തീരുമാനിക്കുകയാണ്. അമ്മയും ചെറുപ്പക്കാരനും ശിശുവും ഞങ്ങളുടെ അരികിലേക്ക് ഓടിവരുന്നതെന്തൊരു കാഴ്ചയാണെന്നോ!
സിംഹങ്ങളെയും ആനകളെയും പററിയുള്ള തന്റെ പുസ്തകത്തിൽ ഏയ്ക്കൺ കൂടുതലായി ഈ അഭിപ്രായപ്രകടനം നടത്തുന്നു: “ഉഷ്ണം സഹിച്ച് പുഴയിലേക്കുള്ള നീണ്ട യാത്ര പൂർത്തീകരിക്കുന്നതോടെ . . . ഓരോ ദിവസവും ഈ വലിയ മൃഗങ്ങൾക്കുണ്ടാകാവുന്ന ദാഹം ഊഹിക്കാവുന്നതേയുള്ളു. ആകാംക്ഷയോടെ, അതിവേഗത്തിൽ നടന്നുകൊണ്ട് ഒരു പററം കുററിക്കാട്ടിൽ നിന്ന് പുറത്തു വന്നുകഴിഞ്ഞാൽ നേരെ കുടിവെള്ളത്തിന്റെ ഇടത്തേക്കു പായുന്നു. ജീവദായക ജലത്തിന്റെ ഗന്ധം കിട്ടുന്നതോടെ പലപ്പോഴും ഒടുവിലത്തെ അമ്പതോ നൂറോ മീറററുകൾ നിയന്ത്രണം വിട്ട് അവ ഓടുന്നു.” ശിശുവിനെ ഇരുവരുടെയും മദ്ധ്യത്തിൽ സംരക്ഷിച്ചുകൊണ്ട് മൂവരും ഒരേ നിരയിൽ നിന്ന് കുടിക്കുന്നത് ആശ്ചര്യത്തോടെയാണ് ഞങ്ങൾ നിരീക്ഷിക്കുന്നത്. പക്ഷേ നേരം വൈകുന്നു, ഇരുട്ടുന്നതിനു മുമ്പേ ഞങ്ങൾക്ക് മടങ്ങണം.
ആനകളെക്കൂടാതെ, എരുമകൾ, മുതലകൾ, പുക്കുസ്, കുഡു, വാട്ടർബക്ക്, ഇംപാലാ, ബബൂൺ-കുരങ്ങൻമാർ, വാട്ടർഹോഗുകൾ എന്നിവയും ഞങ്ങൾ കാണുന്നു. നമ്മെ അത്ഭുതസ്തബ്ധരാക്കുന്ന ഈ വൈവിധ്യത്തോടെ വന്യജീവികളെ സൃഷ്ടിക്കുകയും ഈ തരം ചേതോഹരങ്ങളായ ചുററുപാടിൽ അവയുടെ നിവാസം ഒരുക്കുകയും ചെയ്തവനോട് അഗാധമായ ആദരവു തോന്നാതിരിക്കാൻ ഞങ്ങൾക്കാവില്ല. വേനൽക്കാലങ്ങളിൽ പക്ഷികളും മൃഗങ്ങളും വൻ സന്നാഹങ്ങളായി പുഴയോരത്ത് ഒത്തുചേരുന്നു, സിംഹങ്ങൾ, പുള്ളിപ്പുലികൾ, കാണ്ടാമൃഗങ്ങൾ എന്നിവയെയും അവിടെ കാണാം.
ആഫ്രിക്കയുടെ ഈ വിദൂരാന്തർഭാഗത്തിൽ നിന്ന് വളരെ അകലെയായിരിക്കാം നിങ്ങൾജീവിക്കുന്നത്. പക്ഷേ ഞങ്ങളുടെ ജലയാത്രയിൽ ഞങ്ങളോട് പങ്കു ചേരുകവഴി കോബ് നദിയിലൂടെ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്ന മഹനീയ ദൃശ്യങ്ങളെപ്പററി നിങ്ങൾക്കൊരു മെച്ചമായ ധാരണ ഇപ്പോൾ ഉണ്ടായിക്കഴിഞ്ഞിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. (g90 7/22)
[18-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
All wood engravings: Animals: 1419 Copyright-Free Illustrations of Mammals, Birds, Fish, Insects, etc. by Jim Harter