വിടപറയാൻ സമയമായോ?
ആഫ്രിക്കയിൽ ഒരു അസാധാരണ യുദ്ധത്തിന് ചൂടേറിവരുകയാണ്. അത് പ്രദേശം സംബന്ധിച്ചോ രാഷ്ട്രീയ ആദർശങ്ങൾ സംബന്ധിച്ചോ മതവിശ്വാസങ്ങൾ സംബന്ധിച്ചോ ഉള്ള ഒരു തർക്കമല്ല. അതു വരുത്തുന്ന മാനുഷജീവന്റെ നഷ്ടം മിക്ക യുദ്ധങ്ങളോടും താരതമ്യപ്പെടുത്തുമ്പോൾ ദാരുണമെങ്കിലും ചെറുതാണ്. എന്നിരുന്നാലും ഈ യുദ്ധം ലോകത്തിനു ചുററുമുള്ള രാഷ്ട്രങ്ങളുടെ ശ്രദ്ധയെ ആകർഷിച്ചിരിക്കുന്നു. അത് ആനകളെ സംബന്ധിക്കുന്ന ഒരു യുദ്ധമാണ്.
ഈ യുദ്ധത്തിൽ റേഞ്ചർമാരും മൃഗസംരക്ഷകരും മൃഗമോഷ്ടാക്കൾക്കെതിരെ നിലകൊള്ളുന്നു. റേഞ്ചർമാർക്കും വാർഡൻമാർക്കും നിയമത്തിന്റെയും ഗവൺമെൻറുകളുടെയും സംരക്ഷണപ്രിയരുടെയും പിൻബലമുണ്ട്. മൃഗമോഷ്ടാക്കൾക്ക് ആധുനിക ആയുധങ്ങളുടെ പിൻബലമുണ്ട്. അവർ ആവശ്യത്താലും അത്യാഗ്രഹത്താലും തള്ളിവിടപ്പെടുന്നു. ആനക്കൊമ്പുകളുടെ അർത്ഥം കൂടുതൽ പണമെന്നാണ്, മിക്കപ്പോഴും അത് കൂടുതൽ ദരിദ്രമായ രാജ്യങ്ങളിൽ സ്വപ്നം കാണാൻകഴിയാത്തയളവിലുള്ള ധനമാണ് നേടിക്കൊടുക്കുന്നത്. ഇരുപക്ഷങ്ങളും കൊല്ലാൻവേണ്ടി വെടിവെക്കുന്നു. ആനകളോട് ഇത്രയധികം താത്പര്യം എന്തുകൊണ്ട്? അവക്കെതിരായ ഭീഷണി യഥാർത്ഥത്തിൽ അത്ര ഗുരുതരമാണോ?
മൃഗമോഷണം ജീവഹാനി വരുത്തുന്നു
ശരി ഇതു പരിചിന്തിക്കുക: 1930കളിൽ ആഫ്രിക്കയിൽ ഏതാണ്ട് ഒരു കോടി ആനകളുണ്ടായിരുന്നു. 1979 ആയപ്പോഴേക്ക് 13 ലക്ഷമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ, പത്തുവർഷം കഴിഞ്ഞ്, ആ സംഖ്യ പകുതിയായി കുറഞ്ഞിരിക്കുന്നു. ഇന്ന് ആഫ്രിക്കൻ ആനകളുടെ എണ്ണത്തിന്റെ കണക്ക് ഏതാണ്ട് 6,25,000 എന്നാണ്. ഈ കുത്തനെയുള്ള കുറവെന്തുകൊണ്ട്? മൃഗമോഷണത്തെയാണ് പരക്കെ കുററപ്പെടുത്തുന്നത്. അത് സാങ്കേതികവിദ്യയുടെ സഹായത്താൽ ആധുനികകാലങ്ങളിൽ പെരുകിവരുന്ന ഒരു പുരാതന കുററകൃത്യമാണ്.
കഴിഞ്ഞ കാലങ്ങളിൽ, ആഫ്രിക്കയിലെ മൃഗമോഷ്ടാക്കൾ അമ്പും വില്ലും അല്ലെങ്കിൽ കുന്തം ധരിച്ച ഗോത്രവാസികളായിരുന്നു. അവർ നിരായുധനായ ഒരു വാർഡനെ കാണുമ്പോഴേ ഓട്ടമിടുന്നവരായിരുന്നു. ഇന്ന്, വാർഡൻമാർക്കും മോഷ്ടാക്കൾക്കും ആയുധങ്ങളുണ്ട്, മോഷ്ടാക്കൾക്കു കൂടുതലുമുണ്ട്. ആഫ്രിക്കയിൽ വർഷങ്ങളോളം നീണ്ടുനിന്ന ആഭ്യന്തരവിപ്ലവം ധാരാളം തോക്കുകൾ അവശേഷിപ്പിച്ചു. അവ കുററപ്പുള്ളികൾക്കു അനായാസം ലഭ്യമായിരുന്നു. ഇക്കാലത്തെ മൃഗമോഷ്ടാക്കൾ സംഘംചേർന്ന് സഞ്ചരിക്കുകയും ഉയർന്ന ശക്തിയുള്ള ഓട്ടൊമാററിക്ക് ആയുധങ്ങൾകൊണ്ട് ആനകളെ വേട്ടയാടുകയും ചെയ്യുന്നു. മിനിററുകൾക്കുള്ളിൽ അവർക്ക് പല ആനകളെ വെടിവെച്ചുവീഴിക്കാനും ഒരു അറപ്പുവാൾകൊണ്ട് മസ്തകത്തിന്റെ മുൻഭാഗം പിളർന്ന് കൊമ്പുകൾ ഊരിയെടുക്കാനും കഴിയും, പിന്നെയും വേട്ട തുടരുകയും ചെയ്യുന്നു. ലോകവ്യാപകമായി ആനക്കൊമ്പിന്റെ വില കുതിച്ചുയരുന്നതിനാൽ മൃഗമോഷ്ടാക്കൾക്ക് ഒരൊററ ദിവസംതന്നെ ആയിരക്കണക്കിനു ഡോളറുകൾ സമ്പാദിക്കാൻ കഴിയും; അവരുടെ ചുമട്ടുകാർക്കു പോലും നൂറുകണക്കിനു ഡോളർ ഉണ്ടാക്കാൻ കഴിയും. യു. എസ. ന്യൂസ ആൻഡ വേൾഡ റിപ്പോർട്ട പ്രസ്താവിക്കുന്നതുപോലെ: “ഇവർ തദ്ദേശഗോത്രവാസികളല്ല, പിന്നെയോ പരിഷ്കൃതരും നിർദ്ദയരും ഉയർന്ന സാമ്പത്തികനേട്ടമുള്ള ബിസിനസ്വിദഗ്ദ്ധരുമാണ്.”
ബിസിനസ് അത്ര നല്ലതല്ലായിരുന്നു. 1973 മുതൽ കെനിയയിൽ ആനകളുടെ സംഖ്യ 85 ശതമാനവും ററാൻസനിയയിൽ 53 ശതമാനവും ഉഗാണ്ടയിൽ 89 ശതമാനവും കുറഞ്ഞിരിക്കുന്നു. യഥാർത്ഥത്തിൽ ആനക്കൊമ്പിനുവേണ്ടി ഓരോ വർഷവും 70,000 ആഫ്രിക്കൻ ആനകൾ കൊല്ലപ്പെടുന്നുണ്ട്. സിംബാബ്വേയും കെനിയയും മോഷ്ടാക്കളെ കണ്ടാലുടനെ വെടിവെക്കാൻ അടുത്ത കാലത്ത് പാർക്ക് വാർഡൻമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്. മോഷ്ടാക്കൾ തിരിച്ചുവെടിവെക്കുന്നുവെന്നതാണു കുഴപ്പം—കൂടുതൽ ശക്തിയോടെ. അവർ വളരെ മനസ്സോടെ റേഞ്ചർമാരെയും പൗരൻമാരെയും കൊന്നിരിക്കുന്നു. 1988ന്റെ ശരൽക്കാലത്ത്, ഒരു കൂട്ടം മോഷ്ടാക്കൾ ഒരു ഗെയിം വാർഡന്റെ ഹെഡ്ക്വാർട്ടേഴ്സ് ആക്രമിക്കുകയും റേഞ്ചർമാരെ പിടിച്ചുകെട്ടി അടിക്കുകയും പിന്നീട് പാർക്കിലെ അഞ്ച് വെള്ള കാണ്ടാമൃഗങ്ങളെ കൊല്ലുകയുംചെയ്തു, കെനിയയിലെ പാർക്കുകളിൽ ആ വർഗ്ഗത്തിൽ അവശേഷിച്ചിരുന്ന അവസാനത്തേതായിരുന്നു അവ. തീർച്ചയായും, മോഷ്ടാക്കൾ കൊമ്പുകൾ മാത്രമേ എടുത്തുള്ളു. അവർ ആ അപൂർവ മൃഗങ്ങളുടെ കൂററൻ ഉടലുകൾ അഴുകാൻ വിട്ടിട്ടുപോയി.
ആനകളെ രക്ഷിക്കുന്നതെന്തിന്?
ആനകളെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ റേഞ്ചർമാർ മരിക്കുകയാണ്. അതേസമയം, ഈ നൂററാണ്ടവസാനിക്കുന്നതിനുമുമ്പ് ആനകൾക്കു നേരിടാവുന്ന വംശനാശത്തെ നീട്ടിവെക്കാൻ ഒരു അന്താരാഷ്ട്ര സംരക്ഷണശ്രമം നടന്നുവരുകയാണ്. ‘എന്നാൽ ആനകളെ പ്രതി ഈ ബഹളമെല്ലാമെന്തിന്?’ എന്ന് അനേകർ അതിശയിച്ചേക്കാം. ഏതായാലും ഈ ഗ്രഹത്തിൽ വംശനാശം പുത്തരിയല്ല. ഡൈനോസറുകൾ ഒരു ഉദാഹരണമാണ്. എന്നാൽ ആനകൾക്ക് വംശനാശംഭവിക്കുന്നതിനെക്കുറിച്ച് ഉൽക്കണ്ഠപ്പെടുന്നതെന്തിന്?
അനേകരെ സംബന്ധിച്ചിടത്തോളും ഈ മൃഗത്തിന്റെ പ്രതാപത്തിൽത്തന്നെയാണ് ഉത്തരം സ്ഥിതിചെയ്യുന്നത്. അത് വിദഗ്ദ്ധരൂപകല്പനയാണ്. കാട്ടിൽ ഒരു ആനക്കൂട്ടത്തെ നിരീക്ഷിച്ചിട്ടുള്ള ഏതൊരുവനും അവയുടെ വംശനാശത്തിന്റെ സാദ്ധ്യതയിൽ നഷ്ടവേദന അനുഭവപ്പെടും. അവ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന വിധം, അവയുടെ തുമ്പിക്കൈയുടെ അത്ഭുതാവഹമായ നിപുണത, അവയുടെ ഭയങ്കര വലിപ്പം, ഇതൊക്കെയും നിസ്തുലജ്ഞാനിയായ ഒരു രൂപസംവിധായകന്റെ തിളക്കമുള്ള തെളിവുകളാണ്.
എന്നാൽ അതിലുമധികമുണ്ട്. ആനകൾ അവ ജീവിക്കുന്ന പരിസ്ഥിതിവ്യവസ്ഥയിൽ ഒരു നിർണ്ണായകപങ്കും വഹിക്കുന്നുണ്ട്. മനുഷ്യനൊഴിച്ചുള്ള മറേറതൊരു ജീവിയെക്കാളുമധികമായി ആന അതിന്റെ പരിസ്ഥിതിക്കു മാററം വരുത്തുകയും രൂപംകൊടുക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, മനുഷ്യനിൽനിന്നു വ്യത്യസ്തമായി ആനകൾ പരിസ്ഥിതിയെ സഹജീവികൾക്കു കൂടുതൽ ആവാസയോഗ്യമാക്കുന്നു. എങ്ങനെ? അവയുടെ അത്യാർത്തിയോടുകൂടിയ വിശപ്പിലാണ് താക്കോൽ സ്ഥിതിചെയ്യുന്നത്. ഒരു ആന ഓരോ ദിവസവും ഏതാണ്ട് 300 റാത്തൽ സസ്യങ്ങൾ തിന്നുന്നു!
ഇടതൂർന്നുവളരുന്ന വനങ്ങളിൽ ആനകൾ കൊമ്പുകളും ചെറുമരങ്ങളും ഒടിച്ചിടുകയും ഇലകൾ നിറഞ്ഞ ഇടതൂർന്ന വിതാനത്തിലൂടെ കൂടുതൽ വെളിച്ചം തുളച്ചിറങ്ങാൻ അനുവദിക്കുകയുംചെയ്യുന്നു. വെളിച്ചം നിലത്തോടടുത്തുള്ള സസ്യവളർച്ചക്ക് ഉത്തേജനം നൽകുകയും കാട്ടുപോത്തുകൾ മുതൽ ഗൊറില്ലാകളും കാട്ടുപന്നികളും വരെയുള്ള ചെറുമൃഗങ്ങൾക്ക് തീററി പ്രദാനംചെയ്യുകയും ചെയ്യുന്നു. വിശാലമായ ആഫ്രിക്കൻസമതലങ്ങളിൽ അഥവാ സാവന്നാകളിൽ ആനകൾ സമാനമായ ഒരു സേവനമനുഷ്ഠിക്കുന്നു: അവയുടെ തീററി പുൽമേടുകളുടെയും കാടുകളുടെയും ഒരു സങ്കലനവളർച്ചയെ പ്രോൽസാഹിപ്പിക്കുന്നു. അത് ജിറാഫുകളും സീബ്രാകളും മുതൽ ചെറുകലമാനും പുള്ളിമാനുകളും വരെ ചെടികൾ തിന്നുന്ന വിവിധയിനത്തിൽപ്പെട്ട ഒട്ടേറെ ജീവികളെ പോററുന്നു, മററു പ്രകാരത്തിൽ ഇവ ഇവിടെ ഇത്രത്തോളം പെരുകുമായിരുന്നില്ല.
ഈ പരസ്പരാശ്രയത്തിന്റെ സങ്കീർണ്ണശൃംഖല ദുർബ്ബലമാണ്. ഒരു പ്രദേശത്ത് വളരെയധികം ആനകളെ നഷ്ടപ്പെടുമ്പോഴോ അല്ലെങ്കിൽ അവയിൽ വളരെയധികം എണ്ണം ഒരു പ്രദേശത്തു കേന്ദ്രീകരിക്കുമ്പോഴോ അതു പൊട്ടിപ്പോകാം. മനുഷ്യരാശി രണ്ടും ചെയ്യുന്നുണ്ട്—അത് പാർക്കുകൾക്കു വെളിയിൽ അവയെ കൊന്നുതീർക്കുകയും അവക്കുള്ളിൽ അവയുടെ അമിതവർദ്ധനവിനെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ആനകളുടെ ദുരവസ്ഥ മനുഷ്യൻ വരുത്തിക്കൂട്ടുന്ന വംശനാശങ്ങളുടെ വ്യത്യാസത്തെ ചിത്രീകരിക്കുന്നു: അവ ഒരു വലിയ ഉദ്ദേശ്യത്തിന്റെ അഥവാ ലക്ഷ്യത്തിന്റെ ഭാഗമല്ല. പകരം അവ പരിണതഫലങ്ങളോട് ഒട്ടും ആദരവില്ലാതെ സ്വാർത്ഥതമൂലമാണ് വരുത്തപ്പെടുന്നത്. അപൂർണ്ണനും സ്വാർത്ഥനുമായ മനുഷ്യന് ഈ ഗ്രഹത്തെ നയിക്കാൻ യോഗ്യതയില്ലെന്ന് അവ കൂടുതലായി പ്രകടമാക്കുന്നു.
അവയെ രക്ഷിക്കാനുള്ള പോരാട്ടം
സംഹാരത്തിന്റെ വേലിയേററത്തെ തടയാൻ പോരാടുന്നവരുണ്ട്. സംരക്ഷണസ്ഥാപനങ്ങളും ഒരു ഡസനോളം ഗവൺമെൻറുകളും ആനയെ രക്ഷിക്കാൻ അവസാനത്തെ ശ്രമങ്ങൾ നടത്തുകയാണ്. എന്നാൽ അത് എങ്ങനെ വേണമെന്നുള്ളതിൽ അവരെല്ലാം യോജിക്കുന്നില്ല. അന്താരാഷ്ട്ര ആനക്കൊമ്പുവ്യാപാരനിരോധനം ആ വ്യാപാരത്തെ ഒളിവിൽ വിടുകയും അതിനെ നിയന്ത്രിക്കുക കൂടുതൽ പ്രയാസകരമാക്കുകയും മാത്രമേ ചെയ്യുകയുള്ളുവെന്നു വിചാരിച്ചുകൊണ്ട് നിരോധനത്തിനു ശ്രമിക്കേണ്ടതില്ലെന്ന് ഒരു സംഘം തീരുമാനിച്ചിരിക്കുന്നു. ഏതായാലും കാണ്ടാമൃഗത്തിന്റെ കൊമ്പിന്റെ വ്യാപാരത്തിൽ ഏർപ്പെടുത്തിയ നിരോധനം വംശനാശത്തിലേക്കുള്ള അവയുടെ കുത്തനെയുള്ള പോക്കിനെ മന്ദീഭവിപ്പിക്കാൻ യാതൊന്നും ചെയ്തിട്ടില്ല. എന്നിരുന്നാലും, 1989 ജൂണിൽ പല സംരക്ഷണസംഘങ്ങൾ ആനക്കൊമ്പുവ്യാപാരത്തിന് അറുതിവരുത്താൻ ആവശ്യപ്പെട്ടു. മൂന്നു ദിവസംകഴിഞ്ഞ് യു. എസ്. പ്രസിഡണ്ട് ജോർജ്ജ് ബുഷ് ആനക്കൊമ്പിന്റെ ഇറക്കുമതി നിയമവിരുദ്ധമാക്കി. ആനക്കൊമ്പുവ്യാപാരത്തിന്റെ ഒരു ആഗോള നിരോധനം ആസന്നമാണെന്നു തോന്നുന്നു.
സംരക്ഷണത്തിന് ചുരുക്കംചില പ്രദേശങ്ങൾ എന്ന ലക്ഷ്യം വെച്ചുകൊണ്ട് 2,00,000മോ 3,00,000മോ മാത്രം ആനകളെ സംരക്ഷിക്കാൻ ഒരു സംരക്ഷണസംഘം പ്രത്യാശിക്കുന്നു. അത് മനുഷ്യരുടെ സ്വതാൽപ്പര്യത്തോടുള്ള അഭ്യർത്ഥനകളാൽ ആനക്കൊമ്പുവ്യാപാരത്തെ തടയാമെന്ന് ആശിക്കുകയും മോഷണം തടയപ്പെടുമ്പോൾ ആനകൾക്ക് ഒരു പ്രദേശത്തേക്ക് കൂടുതൽ പണം എത്തിക്കാൻ കഴിയുമെന്ന് തദ്ദേശവാസികളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു. ഈ പരിപാടി വിജയത്തിന്റെ ചില ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്.
എന്നാൽ ആനകളുടെ അതിജീവനം മനുഷ്യരുടെ സ്വതാൽപ്പര്യത്തെ ആശ്രയിച്ചാണിരിക്കുന്നതെങ്കിൽ, അവ എത്ര സുരക്ഷിതമാണ്? ഒന്നാമതുതന്നെ മനുഷ്യരെ ഭീഷണിപ്പെടുത്തുന്നത് മനുഷ്യരുടെ സ്വതാൽപ്പര്യമല്ലേ? ഏതായാലും ആനക്കൊമ്പുവ്യാപാരം തഴച്ചുവളരുന്നതിൽ തുടരുകയാണ്, ലോകത്തിന് മുദ്രകളും ചെറുആഭരണങ്ങളും അലങ്കാരസാധനങ്ങളും പ്രദാനംചെയ്യാൻ ഈ ഭീമാകാരമൃഗങ്ങളെ ബലിചെയ്തുകൊണ്ടുതന്നെ. കണക്കനുസരിച്ച് അവയിൽ 80 ശതമാനം നിയമവിരുദ്ധമായി കിട്ടുന്ന ആനക്കൊമ്പുകൊണ്ടാണ് നിർമ്മിക്കപ്പെടുന്നത്. ആരോപിക്കപ്പെട്ടപ്രകാരം ആ പണത്തിന്റെയെല്ലാം പ്രലോഭനത്തെ ചെറുത്തുനിൽക്കാനാവാതെ രഹസ്യമായി മോഷ്ടാക്കളോടു സഹകരിച്ച നാലു ഡസനോളം റേഞ്ചർമാരെയും മൃഗവാർഡൻമാരെയും കെനിയാഗവൺമെൻറിനു സസ്പെൻഡുചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്യേണ്ടിവന്നു. മനുഷ്യരാശി സ്വതാല്പര്യത്തിന്റെ പുതിയ ആഴങ്ങളിലെത്തുന്നത് ഈ തലമുറ കണ്ടിരിക്കുന്നുവെന്നതിനെ ആർ നിഷേധിക്കും? മനുഷ്യവർഗ്ഗം പൂർവാധികം വ്യാമോഹം വെച്ചുപുലർത്തുമ്പോൾ ലോകം എന്നും ഏറെ അരക്ഷിതമായിത്തീരുകയാണ്.
ബൈബിൾ നമ്മുടെ ഗ്രഹത്തിനും അതിലെ വന്യജീവികൾക്കും വളരെ മെച്ചമായ ഒരു പ്രത്യാശ വെച്ചുനീട്ടുന്നത് അനുഗ്രഹംതന്നെ. സ്രഷ്ടാവ് ആദിയിൽ ഭൂമിക്കുവേണ്ടി ഉദ്ദേശിച്ച അവസ്ഥയിൽതന്നെ—ഒരു ആഗോളപറുദീസയായി—അതിനെ പുനഃസ്ഥിതീകരിക്കുമെന്ന് അതു നമ്മോടു പറയുന്നു. അവിടെ സമാധാനം കളിയാടും. ഒടുവിൽ ആനകളോടുമാത്രമല്ല പരിസ്ഥിതിയിലെ സകല അത്ഭുതങ്ങളോടുമുള്ള മമനുഷ്യന്റെ യുദ്ധം അവസാനിക്കും.—യെശയ്യാവ് 11:6-9. (g89 11⁄22)