ആനയുടെ ദീർഘദൂര വിളികൾ
മൈലുകൾ അകലെയായിരിക്കുമ്പോൾ പരസ്പരം വേഗത്തിൽ കണ്ടുപിടിക്കുന്നതിനുള്ള ആനകളുടെ പ്രാപ്തി, ശാസ്ത്രജ്ഞൻമാരെ വർഷങ്ങളായി കുഴപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഈ ഏറ്റവും വലിപ്പമുള്ള കരജീവികളുടെ രഹസ്യം വെളിപ്പെടുത്തപ്പെട്ടതായി കാണപ്പെടുന്നു—അവ ഇൻഫ്രാസൗണ്ട് ഉപയോഗിക്കുന്നു! മനുഷ്യർക്കു കേൾക്കാൻ കഴിയാത്തവിധം അത്ര താഴ്ന്ന ഫ്രീക്വൻസിയുള്ള ശബ്ദമാണ് അത്.
ഇൻഫ്രാസൗണ്ടുകൊണ്ട് പരസ്പരം ബന്ധപ്പെടുന്നതായി കണ്ടെത്തപ്പെട്ട ആദ്യത്തെ, കരയിൽ ജീവിക്കുന്ന സസ്തന ജീവികൾ ആനകളാണെന്ന് വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ (യു. എസ്) ന്യൂസ് ലറ്ററായ ഫോക്കസ് പറയുന്നു. കോർണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ കാതറൈൻ പെയിൻ, ഒരു മൃഗശാലയിൽ ഏഷ്യൻ ആനകളെ നിരീക്ഷിച്ചപ്പോൾ ഏകദേശം മൂന്നു വർഷങ്ങൾക്കു മുമ്പ് ആനകളുടെ “രഹസ്യ” സംഭാഷണം കണ്ടുപിടിച്ചു. “ഒരു ഓർഗന്റെ ഏറ്റവും താഴ്ന്ന നാളിയിൽ” നിന്നു വരുന്നതിനോടു സമാനമായി, തനിക്കു ചുറ്റുമുള്ള സ്പന്ദനങ്ങൾ അവൾ ശ്രദ്ധിച്ചു. പിന്നീട്, ഏഷ്യൻ ആനകളെപ്പോലെ വലിയ ആഫ്രിക്കൻ ആനകളും ഇൻഫ്രാസോണിക് വിളികളുടെ ഒരു വിപുലമായ ശ്രേണി കൈമാറുന്നുവെന്ന് പ്രത്യേക റെക്കോർഡിംഗ് ഉപകരണം വെളിപ്പെടുത്തി. ഉയർന്ന ഫ്രീക്വൻസിയുള്ള ശബ്ദങ്ങളെക്കാൾ കൂടുതൽ ദൂരത്തിൽ താഴ്ന്ന ഫ്രീക്വൻസിയുള്ള ശബ്ദങ്ങൾ സഞ്ചരിക്കുന്നു എന്നുള്ളതുകൊണ്ട്, ആ കണ്ടുപിടുത്തത്തിന്, ആനകൾ എങ്ങനെ പരസ്പര സമ്പർക്കത്തിൽ കഴിയുന്നുവെന്നും അടുത്തുവളരുന്ന കുടുംബകൂട്ടങ്ങളായി പ്രവർത്തിക്കുന്നുവെന്നും വിവരിക്കാൻ കഴിഞ്ഞേക്കും.
അങ്ങനെയുള്ള ഒരു കൂട്ടത്തിൽ, പ്രായമുള്ള ഒരു പിടിയാന ആജ്ഞകൾ നൽകുന്നു. അവളുടെ സഹോദരിമാരും പെൺമക്കളും ഈ തറവാട്ടമ്മയെ ബഹുമാനപുരസരം ശ്രദ്ധിക്കുന്നു. എന്നാൽ കുട്ടിയാനകൾ ചിലപ്പോൾ ഇൻഫ്രാസോണിക് വിളികൾക്കും മറ്റുപ്രകാരത്തിലുള്ളതിനും ചെവി കൊടുക്കാതിരിക്കുന്നു. “പറ്റം മുന്നോട്ടു നീങ്ങുമ്പോൾപോലും, ഒരു ആനക്കുട്ടി അല്പം മയങ്ങാൻ ആഗ്രഹിച്ചാൽ മുമ്പോട്ടു നീങ്ങുന്നതിനുമുമ്പ് കുട്ടി ഉണരുന്നതുവരെ മുഴുകുടുംബവും നിൽക്കുകയും കാത്തിരിക്കുകയും ചെയ്യുന്നു” എന്ന് ഫോക്കസ് പറയുന്നു. 200 പൗണ്ട് (90 കി. ഗ്രാം) ഭാരമുള്ള ഈ കുട്ടികൾക്കുവേണ്ടിയുള്ള ഈ പൊതു പരിഗണനയിൽ പ്രായപൂർത്തിയായ കൊമ്പനാനകൾ പങ്കുപറ്റുന്നില്ല. അവർ അവരുടെ കാര്യം നോക്കുന്നു. എന്നാൽ “ഇണചേരുന്നതിനു സമ്മതമുള്ളപ്പോൾ അനേകം മൈലുകളോളം അകലങ്ങളിലുള്ള പിടിയാനകളെ വളരെ പെട്ടെന്ന് കണ്ടുപിടിക്കുന്നതിനുള്ള ഒരു പ്രകൃത്യായുള്ള പ്രാപ്തി” ഇൻഫ്രാസൗണ്ട്, കൊമ്പനാനകൾക്കു നൽകുന്നതായി കാണുന്നു എന്ന് ന്യൂസ് ലറ്റർ കൂട്ടിച്ചേർക്കുന്നു.
അതെ, ജന്തുലോകത്തു പ്രകടമാക്കപ്പെട്ടിരിക്കുന്നതുപോലുള്ള ഇൻഫ്രാസോണിക് ആശയവിനിയമം സ്രഷ്ടാവിന്റെ ജ്ഞാനത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ്.—സങ്കീർത്തനങ്ങൾ 104:24. (g87 6/8)