ശാന്തരായ പാക്കിഡെർമുകളെ സംരക്ഷിക്കൽ
“ആ മനോജ്ഞമായ കുട്ടികളെ നോക്കുവിൻ! അവ എത്ര ആകർഷകങ്ങളാണ്! നമ്മുടെ അടുത്തേക്കു വരുന്ന ഏഴു മാസം പ്രായമുള്ള ലങ്ക എന്നു പേരുള്ള ആ കൂട്ടുകാരനെയാണോ നിങ്ങൾ അർത്ഥമാക്കുന്നത്? അവിടെ നിൽക്കുന്ന നാണം കുണുങ്ങിയായ കാഞ്ചനയ്ക്ക് എട്ടുമാസം പ്രായം മാത്രമേയുള്ളൂ? അവയെല്ലാം തങ്ങളുടെ മേലാസകലമുള്ള വഴങ്ങാത്ത, കൂർത്തുനിൽക്കുന്ന ഇളം രോമം സഹിതം വനത്തിൽനിന്നും പുറത്തുവരികയാണ്, അവ എന്തു ചെയ്യുകയാണ്? ഓ, അത്ഭുതപ്പെടാനില്ല, ഇതു തീററിസമയമാണ്! നിങ്ങൾ അവയ്ക്കു ദിവസം അഞ്ചുതവണ തീററികൊടുക്കുന്നു, ഓരോ പ്രാവശ്യവും ഏഴു കുപ്പി പാൽ നൽകുന്നു, ഓരോ കുപ്പിയിലും ഒരു പൂർണ്ണ ലിററർ കൊള്ളുന്നു. എന്തിന്, അതു 35 ലിറററാണ്, ഞാൻ ജീവിക്കുന്നിടത്ത് ഏകദേശം 10 ഗ്യാലനോളം! കുറെ മാസങ്ങൾ മാത്രമേ പ്രായം ഉള്ളുവെങ്കിലും ഓരോന്നിനും 90 കിലോഗ്രാം ഭാരമുള്ളതിൽ അതിശയിക്കാനില്ല!”
ശ്രീലങ്കയിലെ മുഖ്യപട്ടണമായ കൊളംബോയിൽനിന്നും 85 കിലോമീററർ അകലെയുള്ള ആനകളുടെ പിനവെല അനാഥമന്ദിരത്തിലാണ് ഞങ്ങൾ. വനത്തിൽ ഉപേക്ഷിക്കപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുമ്പോൾ ആനക്കുട്ടികളെ ഈ അനാഥാലയത്തിൽ കൊണ്ടുവന്നു വലുതാകുന്നതുവരെ വളർത്തുന്നു. ഞങ്ങൾ സന്ദർശിച്ചപ്പോൾ ഏതാണ്ട് പതിനഞ്ചെണ്ണം അവിടെ ഉണ്ടായിരുന്നു. സാധാരണയായി അവയെ മുതിർന്നവയോടൊപ്പം ഒരു തുറന്ന വനത്തിലെ വിശാലമായ പ്രദേശത്ത് വിടുന്നു. എന്നാൽ തീററിസമയത്ത് ഈ കുട്ടികളെ അവയുടെ പാൽവിഹിതത്തിനായി വിളിക്കുന്നു. ഈ അനാഥർ അവിടെയെത്തി പാൽനിറച്ച കുപ്പികളുമായി കാത്തുനിൽക്കുന്ന രണ്ടോ മൂന്നോ പരിചാരകരിൽ ഒരാളെ കണ്ടെത്തുന്നതിൽ സമയം പാഴാക്കുന്നില്ല.
അവ തങ്ങളുടെ തുമ്പിക്കൈകൾ തലയ്ക്കുമീതെ വളച്ചുപിടിച്ച് വായ് മലർക്കെ തുറന്നു നിൽക്കുന്നു, പരിചാരകർ കുപ്പി തുറന്ന് ഒഴിച്ചുകൊടുക്കുമ്പോൾ തങ്ങൾക്കാവുന്നിടത്തോളം വേഗത്തിൽ അവ കുടിക്കുന്നു. കുപ്പികളിൽ നിപ്പിളുകൾ പിടിപ്പിക്കാൻ സമയമില്ല! പാൽ ചിലപ്പോൾ കുതിച്ചുചാടി അവയുടെ വായുടെ വശങ്ങളിൽ കൂടി കവിഞ്ഞൊഴുകുന്നു. ചെറിയവയ്ക്ക് ഒരവസരം കൊടുക്കാൻവേണ്ടി മററുള്ളവയെക്കാൾ വലിപ്പമുള്ള ഒരുത്തനെ ഒരു തൂണിനോടുചേർത്തു ചങ്ങലയിട്ടിരിക്കുന്നു. ഈ “വിവേചന”ത്താൽ വളരെ പ്രകോപിതനായ അവൻ ഓരോ വശത്തുനിന്നും കുലുക്കുന്നു, തുമ്പിക്കൈ ഉയർത്തി വായു നിറച്ച് അവൻ പ്രതിഷേധത്തിന്റെ ആക്രന്ദനമുയർത്തുന്നു. ഒരിക്കൽ ഈ കുട്ടികൾ തങ്ങൾക്കാവുന്നിടത്തോളം കുടിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ചുററും വന്നുകൂടി നിങ്ങളെ ചാരുകയും അവയുടെ തുമ്പിക്കൈ നിങ്ങളുടെ കാലിൽ ചുററിപ്പിടിച്ചു നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു.
ആനകളുടെ സ്നാനത്തൊട്ടി
പകൽ അവസാനിക്കുമ്പോൾ കുളിക്കാനുള്ള സമയമാണ്. എല്ലാ ആനകളെയും, വലിയവയെയും ചെറിയവയെയും, അരമൈൽ വഴിയിലൂടെ പററമായി നടത്തി മഹാ ഓയാ നദിയുടെ കരയ്ക്കൽ എത്തിക്കുന്നു. അത് ആഴംകുറഞ്ഞതും വിശാലവുമാണ്, വെള്ളത്തിൽനിന്നും വലിയ പരന്ന പാറകൾ ഉന്തിനിൽക്കുന്നു. മൂന്നു നാലു സ്ത്രീകൾ അവിടെ ചെളി ഇളക്കിക്കളയാനായി തുണികൾ പാറയിൽ അലക്കുന്നു. അതിനുശേഷം ഉണങ്ങാനായി അവ വിരിച്ചിടുന്നു. പാറമേൽ വിരിച്ചിട്ടിരിക്കുന്ന അവ കിടക്കകളുടെ മനോഹരമായ കവർപോലെ അകലെനിന്നും തോന്നിക്കുന്നു. ഓയോയുടെ അങ്ങേതീരം ഇടതൂർന്ന വനമാണ്. അത് ആനകളുടെ വലുതും മനോഹരവുമായ സ്നാനത്തൊട്ടിയെ നിർമ്മിക്കുന്നു.
അവ സമയം പാഴാക്കാതെ വെള്ളത്തിൽ ഇറങ്ങിനടക്കുന്നു, കുട്ടികൾ വഴിനയിക്കുന്നു. എന്നിരുന്നാലും എല്ലാത്തിനും കിടക്കാൻ മടിയാണ്. അതുകൊണ്ട് പരിചാരകർ അവയുടെ മേലേക്കു വെള്ളം തെറിപ്പിക്കുകയും നീളമുള്ള വടികൊണ്ട് അവയെ മുട്ടുകയും ചെയ്യുന്നു. ഈവിധം പ്രോത്സാഹനം ലഭിച്ച ആനകൾതന്നെ തണുത്ത ഒരു നിമജ്ജനത്തിനായി വെള്ളത്തിലേക്കു ഇറങ്ങുന്നു. ചില വലിയ ആനകൾ തലകൾ വെള്ളത്തിൽ മുക്കിപ്പിടിച്ചു കിടക്കുന്നു, എന്നാൽ അവയുടെ തുമ്പിക്കൈയുടെ അഗ്രം ശ്വസിക്കാനുള്ള കുഴലായി പ്രവർത്തിക്കുന്നതിന് ഉയർത്തിപ്പിടിച്ചിരിക്കുന്നു. വെയിലിനു ചൂടുണ്ടായിരുന്നു, അതുകൊണ്ടു വെള്ളം അവയുടെ കട്ടിയുള്ള തൊലിക്കു സുഖപ്രദമാണ്—പാക്കിഡെർമുകൾ എന്ന അവയുടെ പേരിന് “കനത്ത തൊലിയുള്ള” എന്നാണ് അർത്ഥം.
ദേശീയ മൃഗശാലയുടെ ഡയറക്ടറായ ശ്രീ. ബ്രാഡ്ലി ഫെർണാൻഡോയാണ് ഈ അനാഥാലയത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. ഈ മൃഗശാലയുടെ ഉദ്ദേശ്യം അദ്ദേഹം ഉണരുക!യോടു വിശദീകരിക്കുന്നു: “ആദ്യംതന്നെ ഈ കുട്ടിയാനകളെ ജീവനോടെ നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനുശേഷം ഒരു സംവർദ്ധക കൂട്ടമായി വികസിപ്പിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു.”
എന്നിരുന്നാലും ഈ ശാന്തരായ ഏഷ്യൻ പാക്കിഡെർമുകൾക്കു സാധ്യതയുള്ള എതു ശത്രുക്കളാണുള്ളത്? തന്റെ അഫ്രിക്കൻ ബന്ധുവിനെക്കാൾ വളരെയധികം വലിപ്പം കുറവാണെങ്കിലും വളർച്ചയെത്തിയ ഒരു ശ്രീലങ്കൻ ആനയ്ക്കു നാലു ടണ്ണോ അതിലധികമോ ഭാരവും തോളിന്റെ ഭാഗത്തു മൂന്നു മീററർ ഉയരവുമുണ്ട്. മിക്ക ആക്രമകാരികളെയും പിന്തിരിപ്പിക്കാൻ ആ വലിപ്പംമാത്രം മതിയായതാണ്. മററു ദേശങ്ങളിലെ സിംഹങ്ങളെയും കടുവകളെയും പോലെതന്നെയുള്ള ശ്രീലങ്കൻ പുള്ളിപ്പുലി അവയിൽനിന്നും സുരക്ഷിതമായ അകലത്തിൽ മാറിനടക്കുന്നു.
അതുകൊണ്ട് സാധ്യതയുള്ള ശത്രു ആരാണ്? മനുഷ്യൻതന്നെ. ആനയ്ക്കു സ്ഥലം ആവശ്യമാണ്; മനുഷ്യൻ സ്ഥലം ആഗ്രഹിക്കുന്നു; അവൻ അതു നേടുന്നു. ശ്രീലങ്കൻ ആന വംശനാശം നേരിടുന്നു. ചുരുങ്ങിയപക്ഷം, ആ വിധത്തിലാണ് ഏഷ്യാവീക്ക് അതിനെ കാണുന്നത്:
“വന്യജീവികളെ സംരക്ഷിക്കുന്നത് ഒരു പാവന കർത്തവ്യമായി ശ്രീലങ്കയിലെ പുരാതന രാജാക്കൻമാർ കരുതിയിരുന്നു. അവർ പണികഴിപ്പിച്ച വിശാലമായ ജലസേചന തടാകങ്ങൾക്കു ചുററും വന്യജീവിസങ്കേതങ്ങൾ നിർമ്മിച്ചുകൊണ്ട് അവർ ശാസനങ്ങൾ പുറപ്പെടുവിച്ചു—ഒരുപക്ഷേ ലോകത്തിലെ ആദ്യത്തെ വനസംരക്ഷണനിയമങ്ങൾ തന്നെ. വേട്ടയാടൽ അനുവദിച്ചിരുന്നു, അതു മററു സ്ഥലങ്ങളിൽ നടത്തിയിരുന്നു. എന്നാൽ ഭക്ഷണത്തിനോ വിനോദത്തിനോവേണ്ടി ആനകളെ ഒരിക്കലും കൊന്നിരുന്നില്ല. ആ മൃഗത്തെ പിടിച്ചു രാജകീയവും മതപരവുമായ ഘോഷയാത്രകൾക്കു പരിശീലിപ്പിക്കുന്നതിനോ അല്ലെങ്കിൽ ഭാരം ചുമക്കുന്നതിനുള്ള വളർത്തുമൃഗങ്ങളായി ഉപയോഗിക്കുന്നതിനോ രാജാക്കൻമാർക്കു മാത്രമേ അധികാരമുണ്ടായിരുന്നുള്ളു. കോളനിവാഴ്ചക്കാലത്ത് അതിനെല്ലാം മാററംവന്നു. വേട്ടയാടിപ്പിടിച്ച ആനകളെ സമ്മാനമായി നൽകിയിരുന്നു.”
നാഗരികത കുഴപ്പം വരുത്തിക്കൂട്ടുന്നു
മുൻകാലങ്ങളിൽ വിനോദത്തിനായി ആനകളെ കൊന്നിരുന്നില്ല, എന്നാൽ പാശ്ചാത്യ നാഗരികത എത്തിയപ്പോൾ—അതിനോടൊപ്പം കളിക്കാരനും—കാര്യങ്ങൾക്കു മാററം ഭവിച്ചു. ആനവേട്ടക്കാരനെ സംബന്ധിച്ചെന്ത്? ജെ. എമേഴ്സൺ ടെനൻറ് എഴുതിയ സിലോണിലെ പ്രകൃതി ചരിത്രത്തിന്റെ ബാഹ്യരേഖകൾ [Sketches of the Natural History of Ceylon] എന്ന പുസ്തകം ഇപ്രകാരം കുറിക്കൊള്ളുന്നു: “മേജർ റോജേഴ്സ് എന്ന ഉദ്യോഗസ്ഥൻ 1,400-റിലധികം എണ്ണത്തെ കൊന്നു; ക്യാപ്ററൻ ഗാൾവ എന്ന മറെറാരാൾക്ക് അതിന്റെ പകുതിയിലേറെയെണ്ണത്തെ കൊന്നതിന്റെ ബഹുമതിയുണ്ട്; പാതകളുടെ കമ്മീഷണറായ മേജർ സ്കിന്നർ അത്രത്തോളംതന്നെ എണ്ണത്തിനെ കൊന്നു; കുറഞ്ഞ ദുരാഗ്രഹമുള്ളവർ അത്രതന്നെ മുമ്പോട്ടു പോയില്ല.”
കൊളോണിയൽ ഗവൺമെൻറ് ഓരോ ആനയെയും കൊല്ലുന്നതിന് കുറെ പണം വാഗ്ദാനം ചെയ്തു എന്നു ടെനൻറ് കൂടുതലായി പ്രസ്താവിച്ചു—അവയെ കീടങ്ങളായി വീക്ഷിച്ചിരുന്നു. ചുരുക്കം ചില വർഷത്തെ സമയംകൊണ്ട് ഈ പ്രതിഫലത്തിനായി 5,500 എണ്ണത്തിനെ കൊന്നതായി അവകാശപ്പെട്ടു. ടെനൻറ് ഇങ്ങനെ ഉപസംഹരിക്കുന്നു: “ശവശരീരം ഉപയോഗപ്രദമായ ഒരു ഉദ്ദേശ്യത്തിനും ഉതകിയില്ല, മറിച്ച് അവ വിഘടിച്ചു വനത്തിലെ വായു മലിനമായിത്തീരത്തക്കവണ്ണം ഉപേക്ഷിച്ചുകളഞ്ഞതുകൊണ്ടു സിലോണിലെ (ഇപ്പോൾ ശ്രീലങ്ക) കളിക്കാർ നടത്തിയ ഈ തുടർച്ചയായ കൂട്ടക്കൊല നശീകരണ അവയവത്തിന്റെ സ്വാധീനത്തോടുള്ള കേവലം ഒരു കീഴ്പ്പെടൽ മാത്രമായിരുന്നു.” ആനക്കൊമ്പ് ശ്രീലങ്കയിൽ ഒരു മുഖ്യഘടകം ആയിരുന്നില്ല, എന്തെന്നാൽ “സിലോണിൽ നൂറിൽ ഒരാനയ്ക്കുപോലും കൊമ്പില്ല, അവയുള്ള ചുരുക്കം ചിലവതന്നെ തികച്ചും ആണാനകളാണ്.”
കോളനിവാഴ്ചക്കാലത്തും അതിനുശേഷവും ആനകളുടെ ഭാഗധേയം എങ്ങനെ അധികം വഷളായിരിക്കുന്നു എന്നതു സംബന്ധിച്ച് ഏഷ്യാവീക്ക് അതിന്റെ വിവരണം തുടരുന്നു: “മേലാൽ രാജകീയ ശാസനങ്ങളാൽ സംരക്ഷിക്കപ്പെടാത്ത വനസങ്കേതം തേയിലത്തോട്ടങ്ങൾക്കുവേണ്ടി വെട്ടിത്തെളിച്ചു. ഈ ദ്വീപിൽ 1800-ൽ ഏകദേശം 50,000 ആനകൾ ഉണ്ടായിരുന്നു. ആയിരത്തിതൊള്ളായിരത്തിൽ 12,000 എണ്ണം ഉണ്ടായിരുന്നു. ഇന്ന് 50 വർഷത്തെ കടുത്ത സംരക്ഷണനിയമങ്ങൾ ഉണ്ടായിരുന്നിട്ടും അതിന്റെ സംഖ്യ 3,000-ൽ താഴെയാണ്.” നൂറിനു ഒന്ന് എന്നതിനേക്കാൾ ഇരുപതിന് ഒന്ന് എന്ന അനുപാതം കാണിക്കുന്നുവെങ്കിലും പ്രമുഖഘടകം ആനക്കൊമ്പാണെന്നതിനെ ഏഷ്യാവീക്ക് തള്ളിക്കളയുന്നു. പിന്നീടു ശ്രീലങ്കൻ ആനകളുടെ വിപത്തിന്റെ യഥാർത്ഥ കാരണം അതു പരാമർശിക്കുന്നു: “യഥാർത്ഥ ഭീഷണി സ്ഥലത്തിനുവേണ്ടിയുള്ള മമനുഷ്യന്റെ അടങ്ങാത്ത ദാഹമാണ്. അവയുടെ സ്വാഭാവിക വാസസ്ഥലത്തോടു ചേർന്നുള്ള കൃഷി അതിനെ ആക്രമിക്കുന്തോറും ശ്രീലങ്കൻ ആനകൾ വംശനാശം നേരിടുന്നു.”
യാല ദേശീയ പാർക്ക്
ശ്രീലങ്കയിലെ വന്യജീവി പ്രകൃതിസംരക്ഷണ സൊസൈററിയുടെ പ്രസിഡണ്ടായ ഡോ. രെഞ്ചൻ ഉണരുക!യോട് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഞങ്ങളുടെ സൊസൈററിയുടെ വളരെയധികം പ്രവർത്തനങ്ങൾകൊണ്ട് ആദ്യത്തെ വന്യജീവിസംരക്ഷണമേഖലയെ 1898-ൽ വന്യജീവി സങ്കേതമായി സ്ഥാപിച്ചു. യാല 1938-ൽ ഞങ്ങളുടെ ആദ്യത്തെ ദേശീയ പാർക്കായിത്തീർന്നു. മററുള്ളവയും ചേർക്കപ്പെടുന്നു. ഈ പാർക്കുകളെ ഞങ്ങൾ ഒരു ദേശീയ സമ്പത്തായി കരുതുന്നു, ഞങ്ങളുടെ അമൂല്യമായ വന്യജീവികളുടെ ഒരു സംരക്ഷണമായി അവ തുടരുമെന്നും ഞങ്ങൾ ആശിക്കുന്നു.”
യാല ദേശീയ പാർക്കിലേക്കു ഞങ്ങൾ ഒരു യാത്ര പട്ടികപ്പെടുത്തിയിരുന്നു. അതിനെപ്പററിയുള്ള ഫെർണാൻഡോയുടെ പരാമർശം ഞങ്ങളുടെ താത്പര്യത്തെ വർദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളു. പിനവെലയിലെ ആനകളുടെ അനാഥാലയത്തിലെ പരിചാരകർ ഞങ്ങളോടു കാട്ടിയ ദയയ്ക്കും മര്യാദയ്ക്കും ഞങ്ങൾ നന്ദി പറഞ്ഞു, മഹാ ഓയായിലെ കുളി അപ്പോഴും ആസ്വദിച്ചുകൊണ്ടിരുന്ന അനാഥരും വളർച്ചയെത്തിയതുമായ ആനകളോട് കൈവീശി യാത്രപറഞ്ഞുകൊണ്ട് (അവ ശ്രദ്ധിച്ചോ എന്ന് എനിക്കുറപ്പില്ല) ഞങ്ങൾ യാല ദേശീയ പാർക്കിലേക്കു പുറപ്പെട്ടു.
സമുദ്രതീരത്തെ ഒരു ബംഗ്ലാവിൽ ഞങ്ങൾ മൂന്നു രാത്രികൾ ചെലവഴിച്ചു. മൃഗങ്ങളെ കാണാൻ ഒരു വഴികാട്ടി ഞങ്ങളെ ചുററുപാടും ഡ്രൈവുചെയ്തുകൊണ്ടുപോയി—കാറിൽനിന്നും പുറത്തിറങ്ങാൻ നിങ്ങൾക്കനുവാദമില്ല. ഞങ്ങൾ മാനുകളെയും കാട്ടുപന്നികളെയും ഉടുമ്പുകളെയും മനോഹരങ്ങളായ അനേകം പക്ഷികളെയും കണ്ടു. ഒരു ആൺമയിൽ തന്റെ പകിട്ടേറിയ വാൽ വിടർത്തി ഒരു ഇണചേരൽ നൃത്തമാടി, തൂങ്ങനാം കുരുവിയുടെ കൂടുകൾ വൃക്ഷങ്ങളിൽനിന്നും തൂങ്ങിക്കിടന്നിരുന്നു, മനോഹരങ്ങളായ കൊക്കുകളുടെ പ്രൗഢമായ അഴക് വളരെ ഹൃദയഹാരിയായിരുന്നു. പുള്ളിപ്പുലികൾ അവിടെ ഉണ്ടെങ്കിലും ഒന്നിനെപ്പോലും കാണാഞ്ഞതിൽ ഞങ്ങൾ നിരാശരായിരുന്നു. എന്നിരുന്നാലും ഞങ്ങളുടെ പഴയ കൂട്ടുകാരായ ഏഷ്യൻ ആനകളുടെ അനേകം കൂട്ടങ്ങളെ ഞങ്ങൾ കാണുകതന്നെ ചെയ്തു. അവ ശാന്തരും തങ്ങളുടെ സംരക്ഷിത ഉപവനപ്രദേശത്തു സംതൃപ്തരുമായി കാണപ്പെട്ടു.
ആനയ്ക്കു ധാരാളം സ്ഥലം ആവശ്യമാണ്. മമനുഷ്യന്റെ ജനസംഖ്യാ സ്ഫോടനത്തോടെ കൃഷിയോഗ്യമായ സ്ഥലം കുറഞ്ഞുവരികയാണ്, അതിന്റെ ആവശ്യം ഏറിയും. ആനകളുടെ അതിജീവനത്തിനുള്ള ഗവൺമെൻറിന്റെ പ്രതിബദ്ധത ദൃഢമായി എത്രകാലം നിലനിൽക്കുമെന്നു സംരക്ഷകർ വർദ്ധിച്ച ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. കാലത്തിനേ അതു പറയാൻ കഴിയൂ.—ഉണരുക!യുടെ ഒരു സ്ററാഫ് ലേഖകൻ. (g92 11/22)
[17-ാം പേജിലെ ചിത്രം]
കുളിക്കാനുള്ള സമയത്ത് ആനകളെ നയപൂർവ്വം വെള്ളത്തിൽ കിടത്തുന്നു, അവിടെ അവ തങ്ങളുടെ തുമ്പിക്കൈകൾ ശ്വസനോപകരണങ്ങളായി ഉപയോഗിക്കുന്നു
[18,19 പേജുകളിലെ ചിത്രങ്ങൾ]
വനത്തിൽ അനാഥരായ ആനക്കുട്ടികളെ പിനവെലയിൽ വളർച്ചയെത്തുന്നതുവരെ പരിപാലിക്കുന്നു