കുട്ടികൾക്കു യഥാർഥ പ്രത്യാശ
‘ജനിച്ച് കുറഞ്ഞൊരുനാൾ മാത്രം ജീവിക്കുന്ന ശിശു ഉണ്ടായിരിക്കയില്ല; അവർ പാഴ്വേലചെയ്യുകയോ വിപത്തിന്നായി സന്താനങ്ങളെ പ്രസവിക്കയോ ഇല്ല. കാരണം അവർ കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടവരായിരിക്കും.’—യെശയ്യാ 65:20, 23, ഓശാന ബൈബിൾ.
കാര്യങ്ങളെ മെച്ചപ്പെടുത്താനുള്ള മമനുഷ്യന്റെ പ്രശംസനീയമായ ശ്രമങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും ലക്ഷക്കണക്കിനു നവജാതശിശുക്കളുടെ പ്രയാണം ഇപ്പോഴും “വിപത്തി”ലേക്കുതന്നെ. അത് എപ്പോഴും അങ്ങനെ ആയിരിക്കുകയില്ല. യെശയ്യാവിന്റെ പ്രവചനം, ഓരോ കുട്ടിക്കും സുരക്ഷിതമായ ഒരു ഭാവി ഉണ്ടായിരിക്കുമെന്ന് ഉറപ്പു നൽകുക മാത്രമല്ല എങ്ങനെ അത്തരമൊരു ലക്ഷ്യം യാഥാർഥ്യമാകുമെന്നു വിശദമാക്കുകയും ചെയ്യുന്നു.
യെശയ്യാവു 65:17-ൽ ദൈവം ഇങ്ങനെ പറയുന്നു: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.” ലോകത്തിലെ കുട്ടികളെ നല്ലവണ്ണം പരിപാലിക്കുന്നതിന് “പുതിയ ആകാശവും പുതിയ ഭൂമിയും” ആവശ്യമാണ്.
ഈ “പുതിയ ഭൂമി,” യേശുക്രിസ്തു പഠിപ്പിച്ച തത്ത്വങ്ങളോടു പററിനിൽക്കുന്ന ആളുകളുടെ ഒരു പുതിയ സമൂഹമാണ്. ആ തത്ത്വങ്ങളിലൊന്ന്, “ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു” എന്നതാണെന്ന് യേശു വിശദീകരിച്ചു. (മർക്കൊസ് 9:37) ഓരോ ശിശുവിനോടും അവൻ ക്രിസ്തുതന്നെ ആയിരുന്നാലെന്നപോലെ ഇടപെടുന്ന ഒരു സമൂഹം തീർച്ചയായും “പുതിയ ഭൂമി” ആയിരിക്കും! ഇപ്പോൾത്തന്നെ, ലക്ഷക്കണക്കിനാളുകൾ അതു ചെയ്യാൻ കഠിനശ്രമം ചെയ്തുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ കുട്ടികളിൽ ചിലർക്കു പ്രത്യാശയേകുന്നതിൽ അവർ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ പ്രത്യാശയുള്ള കുട്ടികൾ
ററ്സേപ്പോ അവന്റെ മൂത്ത നാല് സഹോദരീസഹോദരൻമാരുമൊത്തു താമസിച്ചിരുന്നത് ദക്ഷിണാഫ്രിക്കയിലെ ഒരു ചേരിപ്പട്ടണത്തിലാണ്. ഒരു വർഷം പ്രായമുണ്ടായിരുന്നപ്പോൾ വേണ്ടത്ര ആഹാരം കിട്ടാത്ത ഒരു കുട്ടിയുടെ സഹജമായ വീർത്ത വയറ് അവനുണ്ടായിരുന്നു. തങ്ങളുടെ ദുഃഖങ്ങളകററാനുള്ള വ്യർഥമായ ഒരു ശ്രമത്തിൽ അവന്റെ മാതാപിതാക്കൾ തങ്ങളുടെ തുച്ഛമായ വരുമാനത്തിന്റെ നല്ലൊരു പങ്കും ബിയർ വാങ്ങി ധൂർത്തടിച്ചു. ററ്സേപ്പോ വിരളമായേ ചൂടോടെ ആഹാരം കഴിച്ചിരുന്നുള്ളൂ, വീടിനു ചുററും അലസമായി ചിതറിക്കിടക്കുന്ന ഒഴിഞ്ഞ ബിയർ കാനുകളുടെ ഇടയിലായിരുന്നു അവന്റെ കളിസ്ഥലം.
അവന്റെ മാതാപിതാക്കളുടെ ചിന്താരീതിക്കു മാററം വരുത്തിയ ഒരു സംഭവമുണ്ടായി. അതുവരെ അവന്റെ ഭാവി ഇരുണ്ടതായി കാണപ്പെട്ടിരുന്നു. ജോർജ് എന്നു പേരുള്ള ഒരു അയൽക്കാരൻ അവർക്കു സൗജന്യമായ ഒരു ബൈബിൾ വിദ്യാഭ്യാസ പദ്ധതി ഏർപ്പെടുത്തി. ഫലങ്ങൾ മതിപ്പുളവാക്കുന്നതായിരുന്നു—മദ്യപാന പ്രശ്നം പരിഹരിക്കപ്പെട്ടു, വീടു വൃത്തിയുള്ളതായി, കുടുംബത്തിനു ചൂടുള്ള ആഹാരം ഓരോ ദിവസവും കിട്ടി. മാത്രമല്ല, ററ്സേപ്പോയും അവന്റെ സഹോദരീസഹോദരൻമാരും ശുചിത്വമുള്ളവരും നന്നായി വസ്ത്രം ധരിച്ചവരും സന്തുഷ്ടരുമായി കാണപ്പെടാൻ തുടങ്ങി.
ജോർജ് ററ്സേപ്പോയുടെ കുടുംബത്തെ സഹായിച്ചു. കാരണം യഹോവയുടെ സാക്ഷികളിൽ ഒരുവനെന്ന നിലയിൽ അദ്ദേഹത്തിന്, പാവങ്ങളും വിദ്യാഭ്യാസമില്ലാത്തവരും ഉൾപ്പെടെ എല്ലാവരോടും ഒരു ഉത്തരവാദിത്വം തോന്നുന്നു. തീർച്ചയായും, അവരുടെ ജീവിതരീതിക്കു മാററം വരുത്താനും ദൈവവചനത്തിൽ അടിസ്ഥാനപ്പെട്ട പുതിയ മൂല്യങ്ങൾ അവരെ പഠിപ്പിക്കാനും ആ കുടുംബത്തെ സഹായിക്കുന്നതിന് ധാരാളം സമയവും ക്ഷമയും വേണ്ടിവന്നു. എന്നാൽ, അതു ശ്രമത്തിനുതക്ക മൂല്യമുള്ളതായിരുന്നുവെന്ന് ജോർജ് വിചാരിക്കുന്നു, പ്രത്യേകിച്ചും അത് ആ കുട്ടികളിൽ വരുത്തിയ മാററം അദ്ദേഹം കാണുമ്പോൾ.
സാൻ സാൽവഡോർ ആൻറൻകോ എന്ന മെക്സിക്കൻ പട്ടണത്തിലാണ് ഹോസാ എന്നു പേരുള്ള ഒരു കർഷകൻ താമസിച്ചിരുന്നത്, അയാൾ ഒമ്പതു കുട്ടികളുടെ പിതാവായിരുന്നു. മുഴുക്കുടിയനായ അയാളെ മക്കൾ പേടിച്ചിരുന്നു, കാരണം കുടിച്ചിരിക്കുമ്പോൾ അയാൾ അക്രമാസക്തനായിരുന്നു. വീട് എപ്പോഴും വൃത്തിശൂന്യമായിരുന്നു. മുററമാണെങ്കിൽ വീട്ടിലുള്ള കഴുതകളും പന്നികളും നടന്നിരുന്ന വളപ്പും. അവ വീടിനുള്ളിലേക്ക് തോന്ന്യാസം കയറിവരികയും ചെയ്തിരുന്നു. തത്ഫലമായി, കുട്ടികൾക്ക് ഉദരസംബന്ധമായ രോഗങ്ങൾ ഉണ്ടായി, ചിലപ്പോൾ അവരുടെ ദേഹം പഴുത്ത വ്രണങ്ങൾകൊണ്ടു നിറഞ്ഞിരുന്നു.
ഹോസാ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾക്കു മാററം വന്നു. അയാൾ മുഴുക്കുടി നിർത്തി. തന്റെ കുട്ടികൾക്ക് ഒരു യഥാർഥ പിതാവായിത്തീരുകയും ചെയ്തു. “ഇപ്പോൾ ഡാഡിയോടു കൂടെ ഞങ്ങൾക്കു കളിക്കുക പോലും ചെയ്യാം!” എന്ന് ഒരു ഇളയ കുട്ടി അഭിമാനപൂർവം പറയുന്നു. അവരുടെ വീട് ഇപ്പോൾ ഏററവും വൃത്തിശൂന്യമായ ഒന്നല്ല, പിന്നെയോ പട്ടണത്തിലെ ഏററവും വൃത്തിയുള്ള ഭവനങ്ങളിലൊന്നാണ്. പന്നികളെയും കഴുതകളെയും ഒരു വയലിലാക്കി. ആ കുടുംബം പതിവായി വെള്ളം തിളപ്പിച്ചു കുടിക്കുന്നു. മെച്ചപ്പെട്ട ശുചിത്വം ആ കുട്ടികളെ കൂടുതൽ ആരോഗ്യവാൻമാരും സന്തുഷ്ടരുമാക്കിത്തീർത്തിരിക്കുന്നു.
ഈ രണ്ട് ഉദാഹരണങ്ങളും പ്രകടമാക്കുന്നതുപോലെ, കുട്ടികളെ സഹായിക്കുന്നതിന്റെ താക്കോൽ മാതാപിതാക്കളെ സഹായിക്കുക എന്നതാണ്. “കുട്ടികളെ പോഷിപ്പിക്കാനും സംരക്ഷിക്കാനുമുള്ള പ്രാഥമികമായ ഉത്തരവാദിത്വം കുടുംബത്തിനാണുള്ളത്” എന്ന് കുട്ടികൾക്കായുള്ള ലോക ഉച്ചകോടി പ്രഖ്യാപനം അംഗീകരിച്ചു. മാത്രമല്ല, കുടുംബങ്ങൾ തങ്ങളുടെ കുട്ടികളെ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും വരുമാനത്തിൽ എന്നതുപോലെതന്നെ വിദ്യാഭ്യാസത്തിലും ആശ്രയിച്ചിരുന്നേക്കാം.
ഒരു തെരുവു കുട്ടിയെ മാററിയെടുക്കൽ
ബ്രസീലിലുള്ള ഡോമിംഗോസിന് അവന്റെ പിതാവു മരിക്കുമ്പോൾ വെറും ഒമ്പതു വയസ്സേ ഉണ്ടായിരുന്നുള്ളൂ. അമ്മ പുനർവിവാഹം ചെയ്തപ്പോൾ അവനെ ഒരു അനാഥാലയത്തിലേക്ക് പറഞ്ഞയച്ചു. അനാഥാലയത്തിൽ അവനു ലഭിച്ച കടുത്ത പെരുമാററം ഒളിച്ചോടാൻ പരിപാടിയിട്ട ഒരു സംഘത്തിൽ ചേരാൻ അവനെ പ്രേരിപ്പിച്ചു. അവന്റെ പദ്ധതികളെക്കുറിച്ചു കേട്ടപ്പോൾ അമ്മ അവനെ വീട്ടിലേക്കു കൊണ്ടുപോന്നു. എന്നാൽ രണ്ടാനച്ഛനിൽനിന്നു പൊതിരെ തല്ലുകൊണ്ട അവൻ വീടുവിട്ടുപോകാൻ തീരുമാനിച്ചു. ജീവിക്കാൻ വേണ്ടി ഷൂ പോളീഷു ചെയ്യുകയോ മിഠായി വിററുനടക്കുകയോ മയക്കുമരുന്നുകൾ എത്തിച്ചുകൊടുക്കുകയോ ചെയ്യുന്ന സവുംപവ്ലൂ തെരുവിലെ ആയിരക്കണക്കിനു കുട്ടികളിൽ ഒരുവനായിത്തീർന്നു അവനും.
ഡോമിംഗോസ് ആദ്യമായി യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാളിൽ എത്തിയപ്പോൾ, അവൻ സാക്ഷികളെ വിശ്വസിക്കാൻ കഴിയാത്തവനും നല്ല പെരുമാററരീതികൾ ഇല്ലാത്തവനുമായിരുന്നു—അവന്റെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇതിൽ ആശ്ചര്യപ്പെടാനില്ല. എന്നിരുന്നാലും, പ്രായപൂർത്തിയായ സാക്ഷികൾ അവന്റെ വിശ്വാസമാർജിച്ചു. വ്യക്തിപരമായ ബൈബിളധ്യയനത്തിലൂടെ ഒരു പുതിയ മൂല്യസംഹിത നേടാൻ അവർ അവനെ സഹായിച്ചു. ഒടുവിൽ, തനിക്ക് ദൈവത്തിലും മററുള്ളവരിലും വിശ്വസിക്കാൻ കഴിയുമെന്ന് അവൻ മനസ്സിലാക്കി. ഒരു ജോലി നേടാൻ സാക്ഷികൾ അവനെ സഹായിച്ചു. ആദ്യം, ഇഷ്ടിക പിടിക്കുന്ന ഒരാളുടെ സഹായിയായും പിന്നീട് ഒരു ഓഫീസ് ബോയിയായും. അനേക വർഷങ്ങൾക്കുശേഷം ഇപ്പോൾ അവൻ ഒരു മുഴുസമയ ക്രിസ്തീയ ശുശ്രൂഷകനായി സേവിക്കുന്നു.
കരുതലുള്ള ഒരു ജനസമുദായത്തിനു ലോകത്തിലെ കുട്ടികളുടെ കഷ്ടപ്പാടുകൾ കുറെ ദൂരീകരിക്കാൻ കഴിയുമെന്ന് ഈ ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു. മനുഷ്യശ്രമങ്ങൾകൊണ്ട്, മോശമായ സാഹചര്യങ്ങൾക്കു പൂർണമായും പരിഹാരം കാണാൻ കഴിയില്ലെന്ന് യഹോവയുടെ സാക്ഷികൾ തീർച്ചയായും മനസ്സിലാക്കുന്നു. ലോകത്തിലെ കുട്ടികളുടെ പ്രശ്നങ്ങൾ സുനിശ്ചിതമായി പരിഹരിക്കുന്നതിനു മനുഷ്യാതീതമായ ശക്തിയും തീർന്നുപോകാത്ത വിഭവങ്ങളും ഗോളവ്യാപകമായ അധികാരവും ആവശ്യമാണ്.
ഒരു മെച്ചപ്പെട്ട ലോകത്തിനായി “പുതിയ ആകാശങ്ങൾ”
സമ്പൂർണമായ പരിഹാരം വരുത്താൻ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ. അതുകൊണ്ട്, “പുതിയ ഭൂമി”യോടൊപ്പം ‘പുതിയ ആകാശങ്ങൾ’ ഉണ്ടായിരിക്കുമെന്ന് യെശയ്യാവിന്റെ പ്രവചനം വിശദമാക്കുന്നു. ‘പുതിയ ആകാശം’ അഥവാ “പുതിയ ആകാശങ്ങൾ” സ്ഥാപിക്കപ്പെടുമെന്നു ബൈബിൾ അനവധി തവണ വാഗ്ദത്തം ചെയ്യുന്നു. (യെശയ്യാവു 65:17; 2 പത്രോസ് 3:13, NW; വെളിപ്പാടു 21:1) കഷ്ടപ്പാടു നീക്കം ചെയ്ത് ഭൂമിയിലേക്കു നീതി ആനയിക്കാനുള്ള പരമപ്രധാനമായ നടപടിയായി ഓരോ സന്ദർഭത്തിലും ഈ “പുതിയ ആകാശങ്ങ”ളുടെ സ്ഥാപിക്കൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. കൃത്യമായി ഈ “പുതിയ ആകാശങ്ങൾ” എന്താണ്?
ദൈവത്താലോ മനുഷ്യരാലോ ഉള്ള ഭരണം എന്നതിന്റെ ഒരു പര്യായപദമായി ബൈബിൾ മിക്കപ്പോഴും “ആകാശങ്ങൾ” എന്ന പദം ഉപയോഗിക്കുന്നു. (താരതമ്യം ചെയ്യുക: ദാനീയേൽ 4:25, 26.) ഈ പുതിയ ഗവൺമെൻറ് ദൈവരാജ്യമായ സ്വർഗീയ രാജ്യമാണ്. അതിനു വേണ്ടി പ്രാർഥിക്കാനാണു യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചത്. (മത്തായി 6:10) ലോകത്തിലെ കുട്ടികളെ ഭീഷണിപ്പെടുത്തിയേക്കാവുന്ന ഏതു മോശമായ അവസ്ഥയെയും ഉൻമൂലനം ചെയ്യാനുള്ള പ്രാപ്തി ദൈവരാജ്യത്തിനുണ്ടായിരിക്കും, അങ്ങനെ ചെയ്യാൻ ആ രാജ്യം ദൃഢതീരുമാനമെടുത്തിരിക്കും.
അതു സംബന്ധിച്ചു നമുക്കു വളരെ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ്? കാരണം ഒരു ഗവൺമെൻറ് അതിന്റെ ഭരണാധികാരികളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ട് ദൈവരാജ്യം ദൈവത്തിന്റെയും അവിടുത്തെ നിയുക്ത രാജാവായ യേശുക്രിസ്തുവിന്റെയും നിലവാരങ്ങൾക്കു ചേർച്ചയിൽ ഭരണം നടത്തും. അവർ രണ്ടുപേരും കുട്ടികളുടെ ക്ഷേമത്തിൽ ഊഷ്മളമായ താത്പര്യം പ്രകടമാക്കിയിട്ടുണ്ട്.—സങ്കീർത്തനം 10:14; 68:5; മർക്കൊസ് 10:14.
ഈ വാഗ്ദത്ത രാജ്യത്തിനു വേണ്ടി അഥവാ “പുതിയ ആകാശങ്ങൾ”ക്കു വേണ്ടി നാം അതീവ താത്പര്യത്തോടെ കാത്തിരിക്കവേ, നമ്മുടെ അയൽപക്കത്തുള്ള കുട്ടികളുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നമുക്കു പ്രവർത്തിക്കാനാകും. കുട്ടികൾക്കായുള്ള ലോക ഉച്ചകോടി ശരിയാംവിധം അഭിപ്രായപ്പെട്ടതുപോലെ, “ഓരോ കുട്ടിക്കും മെച്ചപ്പെട്ട ഭാവി കൊടുക്കുന്നതിനെക്കാൾ മഹത്തരമാർന്ന വേറെ യാതൊരു ജോലിയുമില്ല.”
[11-ാം പേജിലെ ചതുരം]
കുട്ടികളെ സഹായിക്കാനുള്ള ഒരു പ്രായോഗിക പരിപാടി
യഹോവയുടെ സാക്ഷികളുടെ വിദ്യാഭ്യാസപരമായ പ്രവർത്തനം പ്രായോഗികവും നിലനിൽക്കുന്നതുമായ സഹായം കുട്ടികൾക്കു നൽകുന്നു. പിൻവരുന്നവയാണ് ഈ പരിപാടിയുടെ ചില വശങ്ങൾ:
പ്രായപൂർത്തിയായവർക്കുള്ള വിദ്യാഭ്യാസം. ഇതിൽ ഉൾപ്പെടുന്നത് വായിക്കാനോ എഴുതാനോ അറിയില്ലാത്ത മാതാപിതാക്കൾക്കു വേണ്ടിയുള്ള ഒരു സാക്ഷരതാ പദ്ധതിയാണ്. ഒപ്പം കുട്ടികളെ ശരിയായി പരിപാലിക്കുന്നതിന് അനിവാര്യമായ തത്ത്വങ്ങൾ ഉൾക്കൊള്ളുന്നതിനുള്ള വ്യാപകമായ ബൈബിൾ പ്രബോധനവും.
കുടുംബ മാർഗനിർദേശം. ബന്ധുക്കളോടൊപ്പം കഴിയാൻ മക്കളിൽ ചിലരെ വിടുന്നതിനുപകരം തങ്ങളുടെ എല്ലാ കുട്ടികളെയും പരിപാലിക്കാൻ ബൈബിൾ മാതാപിതാക്കളെ—വളരെ ദരിദ്രരായ മാതാപിതാക്കളെ പോലും—ഉദ്ബോധിപ്പിക്കുന്നു. പ്രത്യേക പ്രശ്നങ്ങളുള്ള കുടുംബങ്ങളെ സഹായിക്കുന്നതിന് നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം ഉപയോഗപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്.a
കുട്ടിയുടെ ഉൾപ്പെടലും ക്രമപ്പെടുത്തലും. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ആരോഗ്യസംരക്ഷണം എന്നിവയിൽ കുട്ടികൾതന്നെ ഉൾപ്പെടുമ്പോൾ ഫലങ്ങൾ കൂടുതൽ മെച്ചമായിരിക്കും. എന്റെ ബൈബിൾ കഥാ പുസ്തകം, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്നിവ പോലുള്ള അനുയോജ്യമായ പുസ്തകങ്ങൾ ഉപയോഗിച്ച് സാക്ഷികൾ മിക്കപ്പോഴും കുട്ടികളോടൊത്തു പഠിക്കുന്നു. ഭവനത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും തങ്ങളുടെ വ്യക്തിപരമായ ശുചിത്വം മെച്ചപ്പെടുത്താനും ഇതു കുട്ടികളെ സഹായിക്കുന്നു.b
ശുചിത്വവും ആരോഗ്യപരിപാലനവും സംബന്ധിച്ച പ്രബോധനം. യഹോവയുടെ സാക്ഷികൾ 74 ഭാഷകളിൽ ഉണരുക! എന്ന പത്രിക പ്രസിദ്ധീകരിക്കുന്നു. ഈ മാസിക ക്രമമായി ആരോഗ്യപരിപാലനം സംബന്ധിച്ച ലേഖനങ്ങൾ വിശേഷവിധമായി അവതരിപ്പിക്കുന്നു.
ദുരിതാശ്വാസ പ്രവർത്തനം. അടിയന്തിര ഘട്ടങ്ങളിൽ, യഹോവയുടെ സാക്ഷികൾ ദുരിതാശ്വാസ ദൗത്യസംഘങ്ങൾ സംഘടിപ്പിക്കുന്നു. ഈ ദൗത്യസംഘങ്ങൾ വിപത്തുണ്ടായ സ്ഥലത്തു സഹായം നേരിട്ട് എത്തിച്ചുകൊടുക്കുന്നു.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചത്.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചത്.
[10-ാം പേജിലെ ചിത്രങ്ങൾ]
ലോകത്തിലെ കുട്ടികളുടെ പ്രശ്നങ്ങൾ സുനിശ്ചിതമായി പരിഹരിക്കുന്നതിനു മനുഷ്യാതീതമായ ശക്തി ആവശ്യമാണ്. അത്തരം പരിഹാരം കൈവരുത്താൻ ദൈവത്തിനു മാത്രമേ സാധിക്കുകയുള്ളൂ